Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 21

2998

1438 റജബ് 24

നിയമാവിഷ്‌കാരത്തിന് നാല് സ്രോതസ്സുകള്‍ മാത്രമോ?

ഡോ. മുഹമ്മദ് ഹമീദുല്ല

നിയമത്തിന് മനുഷ്യസമൂഹത്തോളം തന്നെ പഴക്കമുണ്ട്. പക്ഷേ, പഴമക്കാര്‍ നിയമങ്ങള്‍ക്കപ്പുറമുള്ള ഒരു നിയമശാസ്ത്രത്തെക്കുറിച്ചോ തത്ത്വസംഹിതയെക്കുറിച്ചോ അധികമൊന്നും ചിന്തിച്ചിരുന്നില്ലെന്നത് വിചിത്രമായി തോന്നാം. നിയമചരിത്രത്തില്‍ ഒരു നിയമ തത്ത്വസംഹിത ആവിഷ്‌കരിച്ച് നീതിന്യായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന അവകാശവാദമുന്നയിക്കുന്നവര്‍ പൗരാണിക റോമക്കാരാണ്.

ഇസ്‌ലാമിക ചരിത്രത്തില്‍ നിയമശാസ്ത്രത്തിലെ ഏറ്റവും പഴക്കമുള്ള കൃതി ഇമാം ശാഫിഈ(ജ. 150/767) രചിച്ച രിസാല ആണ്. അദ്ദേഹത്തിന് മുമ്പും സൈദുബ്‌നു അലി, അബൂഹനീഫ, അല്‍ ഔസാഈ, മാലിക്, അബൂയൂസുഫ്, അശ്ശൈബാനി പോലുള്ള നിയമജ്ഞര്‍ ഉണ്ടായിരുന്നു. ഇസ്‌ലാമിക നിയമശാസ്ത്ര(ഉസ്വൂലുല്‍ ഫിഖ്ഹ്)ത്തില്‍ അവര്‍ കൃതികള്‍ രചിച്ചതായി ഇബ്‌നു ഖല്ലികാനും അബൂയൂസുഫും ചില അവ്യക്ത പരാമര്‍ശങ്ങള്‍ നടത്തിയിട്ടുമുണ്ട്. പക്ഷേ ആ കൃതികളൊന്നും നമുക്ക് ലഭിച്ചിട്ടില്ല. അവയുടെ ഉള്ളടക്കം എന്തായിരുന്നുവെന്നും നമുക്ക് തീര്‍ച്ചയില്ല. അതിനാല്‍ നിയമനിദാന ശാസ്ത്രത്തിലെ ആദ്യ കൃതിയായി ഇമാം ശാഫിഈയുടെ രിസാലയെ പരിഗണിക്കാനേ നമുക്ക് നിവൃത്തിയുള്ളൂ.

ഈ കൃതിയിലാണ് അദ്ദേഹം ഇസ്‌ലാമിക നിയമസ്രോതസ്സുകളെ നാലായി തിരിക്കുന്നത്. നാലാമത്തെ നിയമസ്രോതസ്സായ സാധര്‍മ്യ നിഗമന(ഖിയാസ്)ത്തെക്കുറിച്ച് പരാമര്‍ശിക്കവെ ഇമാം ശാഫിഈ എഴുതി: ''ആദ്യ മൂന്ന് സ്രോതസ്സുകളായ ഖുര്‍ആനിലോ നബിചര്യയിലോ പണ്ഡിതാഭിപ്രായ സമന്വയ(ഇജ്മാഅ്)ത്തിലോ വ്യക്തമായി പരാമര്‍ശിച്ചിട്ടില്ലാത്ത ഒരു പ്രശ്‌നത്തിന് സാധര്‍മ്യം (ഖിയാസ്) വഴി എങ്ങനെയാണ് പരിഹാരം കാണുക എന്ന് ആളുകള്‍ ചോദിക്കുന്നുണ്ട്'' (രിസാലയിലെ 'ഇജ്മാഅ്' എന്ന അധ്യായം). കുറച്ച് പേജുകള്‍ക്കു ശേഷം ഖിയാസ് എങ്ങനെ പ്രയോഗിക്കണമെന്ന് അദ്ദേഹം വിശദമാക്കുന്നുണ്ട്. ഖിയാസിനെ ഇനങ്ങളായി തിരിക്കുകയും ചെയ്യുന്നു. അവിടെ അദ്ദേഹം 'ഇജ്തിഹാദി'ന്റെ പ്രസക്തി അംഗീകരിക്കുന്നുണ്ട് ('ഇജ്തിഹാദി'ന് ഗവേഷണം എന്നാണ് അര്‍ഥം പറയാറുള്ളതെങ്കിലും ഒരു പ്രത്യേക തരം സാധര്‍മ്യ നിഗമനത്തിനാണ് അദ്ദേഹം ഈ സാങ്കേതിക സംജ്ഞ ഉപയോഗിക്കുന്നത്). ഒരേസമയം തന്റെ ഗുരുനാഥന്മാരും പ്രതിയോഗികളുമായിരുന്ന ഹനഫീ ചിന്താസരണിയില്‍പെട്ട പണ്ഡിതന്മാരുടെ 'ഇസ്തിഹ്‌സാന്‍' എന്ന സാങ്കേതിക സംജ്ഞയെ അദ്ദേഹം തള്ളിക്കളയുന്നുമുണ്ട് (ഇംഗ്ലീഷ് നിയമത്തില്‍ 'പൊതു നിയമ'(Common Law)ത്തോടൊപ്പം കുറേക്കൂടി അയവുള്ള, രാജാവോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ അനുവദിക്കുന്ന പ്രത്യേക നിയമങ്ങളും (Law of Equity) ഉണ്ട്. ഇതില്‍ എക്വിറ്റി നിയമവുമായി ഏറക്കുറെ സാദൃശ്യമുണ്ട് ഇസ്തിഹ്‌സാന് (അതേ കൃതിയിലെ 'ഇജ്തിഹാദും ഇസ്തിഹ്‌സാനും' എന്ന അധ്യായം കാണുക).

ഇസ്‌ലാമിക നിയമങ്ങള്‍ക്ക് നിദാനമായ നാല് സ്രോതസ്സുകളെ ആദ്യമായി കണ്ടെത്തിയ മുസ്‌ലിം നിയമജ്ഞനല്ല ഇമാം ശാഫിഈ. ഇമാം ശാഫിഈയുടെ ഗുരുനാഥന്മാരായ ഇമാം അബൂയൂസുഫും ശൈബാനിയും അവരുടെ തന്നെ ഗുരുനാഥനായ ഇമാം അബൂഹനീഫയും അദ്ദേഹത്തിനും മുമ്പ് ഒരുപക്ഷേ ഹമ്മാമുബ്‌നു മുനബ്ബഹിനെപ്പോലുള്ളവരും ഇതിനെക്കുറിച്ചൊക്കെ നല്ല ധാരണയുള്ളവര്‍ തന്നെയായിരുന്നു. ആ വിഷയത്തില്‍ അവര്‍ ഒരുപാട് ചിന്തിച്ചിരിക്കാനും വഴിയുണ്ട്. അതേസമയം നിയമങ്ങള്‍ക്ക് ശാസ്ത്രീയമായ ഒരു നിദാനശാസ്ത്രം (ഉസ്വൂലുല്‍ ഫിഖ്ഹ്) വികസിപ്പിച്ചെടുക്കുന്നത് ഇമാം ശാഫിഈയാണ് ('ഉസ്വൂലുല്‍ ഹിഖ്ഹി'ന് 'നിയമത്തിന്റെ മൂലവേരുകള്‍' എന്നാണ് അര്‍ഥം. നിയമനിദാന ശാസ്ത്രം ഈ പേരിലാണ് മുസ്‌ലിംകള്‍ക്കിടയില്‍ അറിയപ്പെടുന്നത്). അതിനു ശേഷം നൂറുകണക്കിന് കൃതികള്‍ 'ഉസ്വൂലുല്‍ ഫിഖ്ഹി'ല്‍ എഴുതപ്പെട്ടിട്ടുണ്ട്. അറബി, പാര്‍സി, ഉര്‍ദു, ടര്‍ക്കിഷ് തുടങ്ങി പ്രമുഖ ലോക ഭാഷകളില്‍ വിരചിതമായ അത്തരം കൃതികളൊന്നും തന്നെ, അവ സുന്നികളുടേതോ ശീഈകളുടേതോ ആവട്ടെ, പൊതുവെ 'നാല്' നിയമസ്രോതസ്സുകള്‍ക്ക് അപ്പുറം പോകാറില്ല. എന്നാല്‍ ഇതേ ഗ്രന്ഥകര്‍ത്താക്കളുടെ കൃതികള്‍ സൂക്ഷ്മ പരിശോധന നടത്തിയാല്‍ ഖുര്‍ആന്‍, ഹദീസ്,  ഇജ്മാഅ്, ഖിയാസ് എന്നീ നാല് സ്രോതസ്സുകളെ മാത്രമല്ല, മറ്റു വൈവിധ്യമാര്‍ന്ന പലതിനെയും അവര്‍ സ്രോതസ്സുകളായി സ്വീകരിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ കഴിയും. അതേക്കുറിച്ചാണ് ഈ ലേഖനത്തിലെ ചര്‍ച്ച.

 

അംഗീകൃതം, പക്ഷേ അറിയപ്പെടാത്തത്

ഒന്ന്: നേരത്തേ പറഞ്ഞ നാല് സ്രോതസ്സുകള്‍ക്ക് പുറത്തുള്ള ആദ്യത്തെ സ്രോതസ്സ് പ്രവാചകന്റെ കാലം മുതല്‍ക്കേ ഉള്ളതാണ്. പ്രവാചകന്‍ മദീനാ നഗരത്തില്‍ പലായനം ചെയ്‌തെത്തുമ്പോള്‍ അവിടെ ഒരുതരത്തിലുള്ള രാഷ്ട്ര സംവിധാനവും നിലനില്‍ക്കുന്നുണ്ടായിരുന്നില്ല. ഒരു രാഷ്ട്ര രൂപം ആദ്യമായി നല്‍കുന്നത് പ്രവാചകനാണ്. അതും ഒരു ഭരണഘടന എഴുതിയുണ്ടാക്കിത്തന്നെ. ഭാഗ്യവശാല്‍ ആ ലിഖിത ഭരണഘടന ഇന്നും അതിന്റെ  പൂര്‍ണതയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരു തരം ഫെഡറല്‍ സ്വഭാവമാണ് അതിനുായിരുന്നത്. മേഖലയിലെ മുസ്‌ലിംകളെ (മക്കന്‍ അഭയാര്‍ഥികളും മദീനയിലെ അറബികളും ഉള്‍പ്പെടെ) മാത്രമല്ല, അവിടെയുള്ള ജൂതന്മാരെയും ഇസ്‌ലാം സ്വീകരിക്കാത്ത മറ്റു അറബികളെയുമെല്ലാം പ്രവാചകന്‍ അതിനു കീഴില്‍ ഒരുമിച്ചു നിര്‍ത്തി. ആ ഭരണഘടനയിലെ 25-ാം വകുപ്പ് ഇപ്രകാരമാണ്: ''ബനൂ ഔഫ് വിഭാഗം ജൂതന്മാര്‍ വിശ്വാസികളോടൊപ്പമുള്ള ഒരു രാഷ്ട്രീയ സമുദായമാണ് (ഉമ്മത്തുന്‍ മഅല്‍ മുഅ്മിനീന്‍). ജൂതന്മാര്‍ക്ക് അവരുടെ മതമനുസരിച്ചാണ് കാര്യങ്ങള്‍; വിശ്വാസികള്‍ക്ക് അവരുടെ മതമനുസരിച്ചും.'' ഇബ്‌നു ഇസ്ഹാഖ് (ഇബ്‌നു ഹിശാമും) റിപ്പോര്‍ട്ട് ചെയ്തതാണിത്. 'മുസ്‌ലിംകളുമായി സഖ്യത്തിലേര്‍പ്പെട്ട സമുദായം' എന്നാണ് മേല്‍പ്രയോഗത്തിന് വ്യാഖ്യാനം നല്‍കപ്പെട്ടിരിക്കുന്നത്. എന്നാല്‍ അബൂഉബൈദ് വഴി (അദ്ദേഹത്തിന്റെ കിതാബുല്‍ അംവാല്‍- പേജ് 512- എന്ന കൃതിയില്‍) നമുക്ക് ലഭിച്ചിട്ടുള്ള മദീനാ ഭരണഘടനയുടെ പാഠത്തില്‍, 'വിശ്വാസികളില്‍നിന്നുള്ള ഒരു വിഭാഗം' (ഉമ്മത്തുന്‍ മിനല്‍ മുഅ്മിനീന്‍) എന്ന് തന്നെ വിശേഷിപ്പിച്ചു കാണുന്നു. ഇത് തീര്‍ച്ചയായും ഒരു രാഷ്ട്രീയ നയരേഖയാണ്. ഒരു അന്തര്‍ദേശീയ ഉഭയകക്ഷി കരാര്‍ നാമിതില്‍ കാണുന്നുണ്ട്. മതകാര്യങ്ങളല്ല അതില്‍ ചര്‍ച്ച ചെയ്യുന്നത്; ഭൗതിക കാര്യങ്ങളാണ്.

ഒരു വിശ്വാസി ഒരിക്കലും മറ്റൊരു വിശ്വാസിക്ക് ഹാനികരമാകുന്ന വിധത്തില്‍ ഒന്നും ചെയ്യാന്‍ പാടില്ലെന്നത് ഒരു പൊതു തത്ത്വമാണ്. പക്ഷേ, പ്രവാചകന്റെ തന്നെ കാലത്ത് നടന്ന ഹുദൈബിയ്യ സന്ധിയില്‍ സംഭവിച്ചത് എന്താണ്? അതില്‍ ഇങ്ങനെയൊരു പരാമര്‍ശമുണ്ട്: ''ഖുറൈശി ഗോത്രത്തില്‍നിന്ന് ആരെങ്കിലും കുടുംബനാഥന്റെ (വലിയ്യ്) സമ്മതമില്ലാതെ മദീനയില്‍ വന്നാല്‍ അദ്ദേഹം (പ്രവാചകന്‍) അയാളെ (അഭയാര്‍ഥിയെ) മക്കയിലേക്ക് തന്നെ തിരിച്ചയക്കണം. ഇനി മുഹമ്മദിന്റെ സഹപ്രവര്‍ത്തകരില്‍നിന്നാരെങ്കിലും ഖുറൈശികളുടെ അടുത്തേക്ക് വന്നാല്‍ അവര്‍ അവനെ തിരിച്ചയക്കുകയുമില്ല'' (ഈ കരാറിന്റെ ടെക്സ്റ്റ് ഞാന്‍ എന്റെ 'അല്‍വസാഇഖ് അസ്സിയാസിയ്യ' എന്ന പുസ്തകത്തില്‍ എടുത്ത് ചേര്‍ത്തിട്ടുണ്ട്).

മുകളില്‍ പറഞ്ഞത് പ്രവാചകന്റെ കാലത്ത് നടന്ന രണ്ട് കരാറുകളെക്കുറിച്ചാണ്. ഒന്ന്, മദീനാ ഭരണഘടനയില്‍ എഴുതിവെച്ചതും, മറ്റേത് ഹുദൈബിയ്യ സന്ധിവ്യവസ്ഥകളില്‍ ഉള്ളതും. അവയിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ക്ക് എത്തിച്ചേരാവുന്ന ഒരു നിഗമനം, 'അനിവാര്യതക്ക് നിയമം അറിയുകയില്ല' (Necessity Knoweth no Law) എന്നതാണ്. അപ്പോള്‍ വിട്ടുവീഴ്ചകളാണ് വേണ്ടിവരിക എന്നര്‍ഥം. വലിയ തിന്മകള്‍ ഒഴിവാക്കാന്‍ ചെറിയ തിന്മകളെ സ്വീകരിക്കുക എന്ന് മറ്റൊരു വാക്കില്‍ പറയാം. സന്ധിവ്യവസ്ഥകളിലെ അഭികാമ്യമല്ലാത്ത ഒരു കാര്യം സ്വീകരിക്കുകയാണ്. സന്ധി വ്യവസ്ഥകളാകട്ടെ വളരെ വിശ്വസ്തയോടു കൂടി പരിപാലിക്കപ്പെടേണ്ടതുമാണ്. പ്രവാചകന്റെ കാലത്ത് മാത്രമല്ല പിന്നീടുള്ള കാലങ്ങളിലുമെല്ലാം ഇത്തരം അന്താരാഷ്ട്ര കരാറുകളില്‍ മുസ്‌ലിം സ്റ്റേറ്റുകള്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മഹാനിയമജ്ഞനായ ശൈബാനി തന്റെ സിയറുല്‍ കബീറില്‍ ഇതു സംബന്ധമായി എഴുതാന്‍ നിരവധി പേജുകള്‍ തന്നെ നീക്കിവെച്ചിരിക്കുന്നു. സാദാ നിയമങ്ങളേക്കാള്‍ സാധുതയും പ്രാധാന്യവും കൂടുതലുണ്ട് ഇത്തരം ലിഖിത ഉടമ്പടികള്‍ക്ക് എന്ന് അദ്ദേഹം സമര്‍ഥിക്കുകയും ചെയ്യുന്നു.

രണ്ട്: കീഴടക്കപ്പെട്ട രാജ്യങ്ങളിലെ മുഴുവന്‍ നിയമസംവിധാനങ്ങളും, ഏറ്റവും ചുരുങ്ങിയത് ഭൂവരുമാനത്തെക്കുറിച്ചുള്ളതെങ്കിലും നഷ്ടപ്പെടാതെ സൂക്ഷിച്ചുവെക്കണമെന്ന് ഖലീഫ ഉമര്‍(റ) തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായി കാണാം; ഇറാഖ് കീഴടക്കപ്പെട്ടപ്പോള്‍ പ്രത്യേകിച്ചും. സാസാനി റവന്യൂ നിയമം ഒരൊറ്റ ഉത്തരവ് കൊണ്ട് രാഷ്ട്രത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും 'മുസ്‌ലിം നിയമം' ആയി മാറിയിട്ടുണ്ട്. ആ സാസാനി റവന്യൂ നിയമസംഹിതയില്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായത് ഉണ്ടായിരുന്നിരിക്കില്ല എന്നും നമുക്ക് അനുമാനിക്കാം. ഏതായാലും അന്നത്തെ മുസ്‌ലിം ഭരണകൂടത്തിന് ഇക്കാര്യങ്ങളിലൊക്കെ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഞാനിവിടെ ഊന്നിപ്പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം, ഭൂമിസംബന്ധവും മറ്റുമായ വൈദേശികമായ, മുസ്‌ലിം പാരമ്പര്യത്തില്‍ ഇല്ലാത്ത നിയമങ്ങള്‍ കൊള്ളുമെങ്കില്‍ അവ സ്വീകരിക്കാന്‍ ഉമറി(റ)ന്റെ ഭരണകൂടം മടിച്ചിരുന്നില്ല എന്നാണ്. ഞാനിവിടെ 'നിയമ സ്രോതസ്സ്' എന്നതുകൊണ്ട് ഉദ്ദേശിച്ചത്, നമുക്ക് ഒരു നിയമത്തെക്കുറിച്ച് ആദ്യ വിവരം ലഭിക്കുന്ന സ്ഥലം എന്ന അര്‍ഥത്തിലാണ്. മുസ്‌ലിം നിയമജ്ഞര്‍ ഒരു പടികൂടി കടന്ന് ഏകകണ്ഠമായി ഇങ്ങനെയൊരു തത്ത്വവും ആവിഷ്‌കരിക്കുകയുണ്ടായി: ''നിരോധിക്കപ്പെടാത്തത് - ഖുര്‍ആനിലും സുന്നത്തിലും- എന്തും അനുവദനീയമാണ്'' (അല്‍ അസ്വ്‌ലു അല്‍ ഇബാഹഃ). ഈയൊരു തത്ത്വം ഏതൊരു നിയമസംവിധാനത്തിനും നല്‍കുന്ന വിപുലനസാധ്യത ആലോചിച്ചുനോക്കൂ. മറ്റു സംസ്‌കാരങ്ങളില്‍ നിലനില്‍ക്കുന്ന, നന്മയെന്ന് മുസ്‌ലിം നിയമജ്ഞര്‍ വിലയിരുത്തുന്ന രീതികളും സമ്പ്രദായങ്ങളും സ്വായത്തമാക്കാനുള്ള അനുവാദം നല്‍കപ്പെടുകയാണ് ഇതിലൂടെ. 

മൂന്ന്: മഹാനായ ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലത്തെ മറ്റൊരു സംഭവം നമുക്ക് ഓര്‍മിക്കാം. ഇമാം അബൂയൂസുഫിന്റെ അല്‍ഖറാജ് എന്ന കൃതിയില്‍ അത് പരാമര്‍ശിച്ചിട്ടുണ്ട്. വ്യാപാരാവശ്യാര്‍ഥം ഇസ്‌ലാമിക രാഷ്ട്രത്തിലെത്തുന്ന വിദേശ രാജ്യങ്ങളിലെ കച്ചവടക്കാരോടുള്ള സമീപനം എന്തായിരിക്കണം എന്ന് ഒരു അതിര്‍ത്തി പ്രദേശത്തുള്ള കസ്റ്റംസ് ഉദ്യോഗസ്ഥന്മാര്‍ ഉമറിനോട് അഭിപ്രായം ആരാഞ്ഞു. മന്‍ബിജിലെ (ഏഷ്യാ മൈനറിലെ ബൈസന്റിയന്‍ അതിര്‍ത്തിയിലായിരുന്നു ഈ പ്രദേശം) ആ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഉമര്‍(റ) നല്‍കിയ മറുപടി ചരിത്രത്തില്‍ ഇങ്ങനെ രേഖപ്പെട്ടുകിടക്കുന്നുണ്ട്: ''മുസ്‌ലിം രാഷ്ട്രത്തിലെ കച്ചവടക്കാര്‍ ഈ വിദേശ കച്ചവടക്കാരുടെ നാട്ടില്‍ ചെല്ലുമ്പോള്‍ അവിടത്തെ ഭരണകൂടം എങ്ങനെയാണോ അവരോട് പെരുമാറുന്നത് അതുപോലെ ഇവരോടും പെരുമാറുക. നമ്മുടെ പൗരന്മാര്‍ക്ക് മേല്‍ അവര്‍ ചുമത്തുന്ന അതേ നികുതികള്‍ ഇവര്‍ക്കും ചുമത്തുക. ഇനി അവര്‍ ചുമത്തുന്ന നികുതിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍, കച്ചവടച്ചരക്കുകളുടെ മൂല്യം കണക്കാക്കി പത്തു ശതമാനം നികുതി ചുമത്തുക.'' പകരത്തിന് പകരം (Receprocity) എന്നത് ഇവിടെ ഇസ്‌ലാമിക നിയമാവിഷ്‌കാരത്തിന്റെ ഒരു മാനദണ്ഡമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഏതൊരു ചരിത്രഘട്ടത്തിലെയും മുസ്‌ലിം ഭരണകൂടങ്ങള്‍ക്ക് ഒരു ഏകീകൃത നിയമവ്യവസ്ഥ ഉണ്ടാകാമെങ്കിലും, ചില കാര്യങ്ങളില്‍ ഈ തത്ത്വം സ്വീകരിക്കുന്നതില്‍ തടസ്സമില്ല എന്നര്‍ഥം.

നാല്: എല്ലാ കാലത്തും മേലുദ്യോഗസ്ഥന്മാര്‍ കീഴുദ്യോഗസ്ഥന്മാര്‍ക്ക് ഭരണകാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുമല്ലോ. അതത് മേഖലയുമായി ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന ഉത്തരവുകള്‍ താഴെ തട്ടില്‍ നിര്‍ബന്ധമായും പാലിക്കപ്പെടുകയും ചെയ്യും. ഇത്തരം ഉത്തരവുകളെയും ഇസ്‌ലാമിക നിയമത്തിന്റെ സാധുവായ ഒരു സ്രോതസ്സായി കാണാവുന്നതാണ്; അത്തരം ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധമുയരാതിരിക്കുകയും അവ റദ്ദാക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. നേരത്തേപ്പറഞ്ഞ അന്താരാഷ്ട്ര കരാറുകളും പകരത്തിനു പകരം സംവിധാനവും ഇതും തമ്മില്‍ വ്യത്യാസമുണ്ട്. കാരണം കീഴുദ്യോഗസ്ഥന്മാരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി എന്ന നിലക്ക് മാത്രമായിരിക്കില്ല ഇത്തരം ഉത്തരവുകള്‍ ഇറങ്ങുന്നത്. നിലവിലുള്ള അവസ്ഥകള്‍ മെച്ചപ്പെടുത്താനുള്ള ഒരു പൊതു പോളിസിയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഉത്തരവുകളായിരിക്കും.

അഞ്ച്: ഇമാം മാലികിനെ സംബന്ധിച്ചേടത്തോളം മദീനാ നഗരനിവാസികളുടെ ജീവിത രീതികള്‍(ഉര്‍ഫുല്‍ മദീന)ക്ക് ഉയര്‍ന്ന നിയമപ്രാബല്യം ഉണ്ട്. എല്ലാവരും അംഗീകരിക്കുന്ന തത്ത്വമൊന്നുമല്ല ഇത്. പക്ഷേ, റോമന്‍ നിയമത്തില്‍ റോം നഗരവാസികളുടെ ആചാരങ്ങള്‍ (Consueludo Populi Romani)ക്ക് നല്‍കപ്പെടുന്ന പ്രാധാന്യവുമായി നമുക്കിതിനെ ചേര്‍ത്തുവായിക്കാവുന്നതാണ്. മാലികീ ചിന്താസരണിയനുസരിച്ച്, ഖുര്‍ആനിലും ഹദീസിലും വ്യക്തമായി പറഞ്ഞിട്ടില്ലാത്ത ഒരു വിഷയത്തില്‍ ഉത്തരം കാണാന്‍ സാധര്‍മ്യ നിഗമന(ഖിയാസ്)ത്തേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് മദീനക്കാരുടെ പ്രവൃത്തികള്‍ക്കും ജീവിത രീതികള്‍ക്കുമാണ്. മദീനക്കാരുടെ ഏതൊരു രീതിയും പ്രവാചകന്റെ കാലത്ത് തുടങ്ങിവെച്ചതും അദ്ദേഹത്തിന്റെ അംഗീകാരമുള്ളതുമാണ് എന്നാണ് ഇമാം മാലികിന്റെ ന്യായം (ഹി. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം മാലിക് തന്റെ കാലത്ത് മദീനയിലുണ്ടായിരുന്ന സമ്പ്രദായങ്ങളെക്കുറിച്ചാണ് പറയുന്നത്. നബിയെ നേരില്‍ കണ്ട ഏതാനും അനുയായികളെങ്കിലും അന്ന് ജീവിച്ചിരിപ്പുമുണ്ട്. പ്രവാചകാധ്യാപനങ്ങള്‍ പിന്തുടരുന്നതില്‍ രണ്ടാം തലമുറ- താബിഊന്‍- വളരെ കണിശത പുലര്‍ത്തുന്ന കാലവുമാണ്).

ആറ്: മദീനാ നഗരിക്ക് പുറത്ത് രൂപീകൃതമായ ഹനഫി, ശാഫിഈ, ഹമ്പലീ ചിന്താസരണികള്‍ മാത്രമല്ല, ശീഈ ചിന്താസരണികള്‍ പോലും മാലികീ മദ്ഹബ് ഉയര്‍ത്തിപ്പിടിക്കുന്ന മദീനാചാരങ്ങളുടെ പ്രാമുഖ്യം അംഗീകരിക്കുന്നില്ലെങ്കിലും, ആ ഓരോ ചിന്താസരണിയും അതത് പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന രീതികളെയും സമ്പ്രദായങ്ങളെയും ഒരു പരിധിവരെ ഇസ്‌ലാമിക നിയമാവിഷ്‌കാരത്തിനുള്ള സ്രോതസ്സുകളായി ഉപയോഗിക്കുന്നതിന് മടി കാണിക്കുന്നില്ല എന്നതാണ് സത്യം. ഉര്‍ഫ്, ആദത്ത്, മഅ്മൂല്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന അത്തരം സമ്പ്രദായങ്ങള്‍ക്കാണ് യാഥാസ്ഥിതിക പണ്ഡിതന്മാരില്‍ പലരും ഖിയാസിനേക്കാള്‍ പ്രാമുഖ്യം നല്‍കുന്നത്. ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍, 'ഈ വിഷയത്തിലുള്ള ഖിയാസ് ഇതാണെങ്കിലും, ജനങ്ങളുടെ സമ്പ്രദായം അങ്ങനെയല്ല, ഇങ്ങനെയാണ്' തുടങ്ങിയ പരാമര്‍ശങ്ങള്‍ ധാരാളമായി കാണാന്‍ കഴിയും. സമ്പ്രദായങ്ങള്‍ സ്ഥലവും കാലവും മാറുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്നതും വ്യക്തം. സര്‍ഖശി പോലുള്ള പൗരാണികരുടെയും ഹസ്വ്കഫി, ശാമി പോലുള്ള പില്‍ക്കാലക്കാരുടെയും കൃതികള്‍ താരതമ്യം ചെയ്താല്‍ ഇത് വ്യക്തമാവും.

ഏഴ്: 'ഉമൂമുല്‍ ബല്‍വാ' എന്ന സിദ്ധാന്തം വേറെത്തന്നെ പറയേണ്ട ഒന്നാണ്. അഭികാമ്യമല്ലാത്ത, അനിഷ്ടകരമായ ഒരു സമ്പ്രദായം. പക്ഷേ, കാലക്രമത്തില്‍ ജനം ആ സമ്പ്രദായത്തെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അത്തരമൊരു സമ്പ്രദായം നിയമാവിഷ്‌കാരത്തിന്റെ സ്രോതസ്സാകാമോ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയൊന്നുമില്ല. ഗൗരവപ്പെട്ട വിഷയങ്ങളിലൊന്നും ഇതൊരു അടിസ്ഥാനമായി സ്വീകരിക്കരുതെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. നിസ്സാര കാര്യങ്ങളിലൊക്കെ ആവാമെന്നേ അവര്‍ക്ക് അഭിപ്രായമുള്ളൂ. നാല് സ്രോതസ്സുകളല്ലാതെയും ഇസ്‌ലാമിക നിയമാവിഷ്‌കാരത്തിന് സ്രോതസ്സുകളുണ്ട് എന്ന വാദം സ്ഥാപിക്കാന്‍ ഇങ്ങനെയൊന്ന് ചൂണ്ടിക്കാട്ടുന്നതുകൊണ്ട് തകരാറില്ലെന്നാണ് എന്റെ അഭിപ്രായം.

എട്ട്: അഭിപ്രായങ്ങളെയും നിഗമനങ്ങളെയും കുറിക്കാന്‍ ക്ലാസിക്കല്‍ നിയമജ്ഞര്‍ പ്രയോഗിക്കുന്ന ഇസ്തിഹ്‌സാന്‍, ഇസ്തിസ്വ്ഹാബ്, മസ്വാലിഹ് മുര്‍സല, ഇജ്തിഹാദ് (മറ്റുള്ളവര്‍ ഉദ്ദേശിക്കുന്ന അര്‍ഥത്തിലല്ല ഇമാം ശാഫിഈ ഇജ്തിഹാദ് പ്രയോഗിച്ചിട്ടുള്ളത് എന്ന് നാം നേരത്തേ സൂചിപ്പിച്ചു) തുടങ്ങിയ സാങ്കേതിക ശബ്ദങ്ങളെയും ഞാനിവിടെ ആനുഷംഗികമായി പരാമര്‍ശിക്കുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതുവില്‍ പണ്ഡിതന്മാര്‍ നിയമത്തിന്റെ കര്‍ശന യുക്തികള്‍ പിന്തുടരുന്നതിനു പകരം, പൊതുജന ക്ഷേമം (Salus Populi) ആണ് മുമ്പില്‍ വെക്കുക. ഗ്രന്ഥകാരന്മാര്‍ ഇതൊക്കെ 'ഖിയാസ്' എന്ന തലക്കെട്ടിലാണ് പരാമര്‍ശിക്കാറുള്ളതെങ്കിലും ഒരര്‍ഥത്തില്‍ ഖിയാസിനെ റദ്ദ് ചെയ്യുന്ന ഒരു തലം കൂടി ഈ സാങ്കേതിക സംജ്ഞകള്‍ക്കുണ്ട്. 

ഒമ്പത്: ചില ഇസ്‌ലാം പൂര്‍വ നിയമങ്ങളെ ('സുനനു മന്‍കാന ഖബ്‌ലകും') സംബന്ധിച്ച ചര്‍ച്ചയും ഇവിടെ പ്രസക്തമാണ്. മുമ്പ് വേദം നല്‍കപ്പെട്ട ജനവിഭാഗങ്ങളുടെ നിയമങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആദം മുതല്‍ യേശു ക്രിസ്തു വരെയുള്ള പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ട നിയമങ്ങള്‍ പ്രസക്തമാണ്-അവയെ പില്‍ക്കാല പ്രവാചകന്മാര്‍ കൊണ്ടുവന്ന നിയമസംഹിത (പ്രത്യേകിച്ച് മുഹമ്മദ് നബി കൊണ്ടുവന്നത്) റദ്ദാക്കിയില്ലെങ്കില്‍. ഇതാണ് ഇസ്‌ലാമിന്റെ നിലപാട്. ഇതു സംബന്ധമായി വന്ന പ്രവാചകവചനങ്ങള്‍ ബുഖാരിയും തിര്‍മിദിയുമൊക്കെ ഉദ്ധരിച്ചിട്ടുണ്ട്. ഖുര്‍ആനിലും വ്യക്തമായ സൂചനകള്‍ കാണാം. വ്യക്തമായ നിര്‍ദേശങ്ങള്‍ വന്നിട്ടില്ലാത്ത വിഷയങ്ങളില്‍ തന്റെ സ്വന്തക്കാരായ അറബികളുടെ സമ്പ്രദായങ്ങളേക്കാള്‍ മുഹമ്മദ് നബി(സ) മുന്‍ഗണന നല്‍കിയിരുന്നത് ജൂത-ക്രൈസ്തവ സമ്പ്രദായങ്ങള്‍ക്കായിരുന്നുവെന്ന് ഹദീസുകളില്‍നിന്ന് വ്യക്തമാണ്. പതിനഞ്ച് പ്രവാചകന്മാരെ എണ്ണിപ്പറഞ്ഞ ശേഷം ഖുര്‍ആന്‍ 'അവരുടെ മാര്‍ഗം പിന്‍പറ്റൂ' (ഫബി ഹുദാഹുമുഖ്തദിഹ്, 6:90) എന്ന് മുഹമ്മദ് നബിയെയും അനുചരന്മാരെയും ഉണര്‍ത്തുന്നുണ്ടല്ലോ. പൂര്‍വ പ്രവാചകന്മാരുടെ നിയമങ്ങള്‍ എങ്ങനെ നിര്‍ണയിക്കും എന്ന ഒരു പ്രശ്‌നമുണ്ട്. ആ നിയമങ്ങളും അധ്യാപനങ്ങളും കൈകടത്തലുകള്‍ക്ക് വിധേയമായതായി ഖുര്‍ആന്‍ തന്നെ പ റയുന്നുമുണ്ടല്ലോ. ഇങ്ങനെ വികലമാക്കപ്പെട്ട ദൈവികാധ്യാപനങ്ങള്‍ക്ക് അവയുടെ ആദിമവിശുദ്ധി തിരിച്ചുനല്‍കുകയാണ് ഖുര്‍ആന്‍ അവതരണത്തിലൂടെ സംഭവിച്ചിട്ടുള്ളതും. വിവിധ ചരിത്രഘട്ടങ്ങളില്‍ ഉണ്ടായ അത്യന്തം വിനാശകരമായ യുദ്ധങ്ങളില്‍ വിശുദ്ധ വേദങ്ങള്‍ ചുട്ടെരിക്കപ്പെടുകയോ അവ പല കാരണങ്ങളാല്‍ വിസ്മൃതമാവുകയോ ഒക്കെ ചെയ്തിട്ടുണ്ട്. ആയതിനാല്‍, മുന്‍ പ്രവാചകന്മാരുടെ അധ്യാപനങ്ങളെക്കുറിച്ച് നമുക്കിപ്പോള്‍ ഉറപ്പുപറയാവുന്നത്, അതു സംബന്ധമായി ഖുര്‍ആനിലും ഹദീസിലും വന്ന വിവരണങ്ങള്‍ മാത്രമാണ്. ഉദാഹരണത്തിന് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന (5:45) 'മോസസിന്റെ നിയമങ്ങള്‍' (Lex Talionis)  റദ്ദാക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനില്‍ വന്നിട്ടില്ലാത്തതുകൊണ്ട്, ഈ നിയമതത്ത്വങ്ങള്‍ ഇസ്‌ലാമിക നിയമസംഹിതയിലേക്ക് ഉള്‍ച്ചേര്‍ന്നതായി മനസ്സിലാക്കാവുന്നതാണ്.

ഈ കുറിപ്പില്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത്, സാധാരണ പറയപ്പെടാറുള്ള നാല് സ്രോതസ്സുകള്‍ക്കു പുറമെ വേറെയും നിരവധി സ്രോതസ്സുകള്‍ ഇസ്‌ലാമിക നിയമാവിഷ്‌കാരത്തിനുണ്ട് എന്നതാണ്. മുന്‍കാല പണ്ഡിതന്മാര്‍ അവയെയൊക്കെ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്; അവരക്കാര്യം തെളിച്ചു പറഞ്ഞിട്ടില്ലെങ്കിലും. ഈ വിഷയത്തില്‍ ആദ്യരചന നടത്തിയത് ഇമാം ശാഫിഈ തന്നെ. മുസ്‌ലിം നിയമസംഹിത അതിനദ്ദേഹത്തോട് കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. ലോക പൊതു നിയമശാസ്ത്രത്തിന് പുതിയൊരു നിയമനിദാന തത്ത്വശാസ്ത്രം നല്‍കിയതിന്റെ പേരിലും അദ്ദേഹം ഓര്‍മിക്കപ്പെടും. ഈ കടപ്പാടും ആദരവും കാരണം, ഇസ്‌ലാമിക നിയമാവിഷ്‌കാരത്തിന്റെ സ്രോതസ്സ് നാലേ ഉള്ളൂ എന്ന് നാമൊരിക്കലും പറഞ്ഞുകൂടാത്തതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (54 - 62)
എ.വൈ.ആര്‍

ഹദീസ്‌

ആരാണ് സമര്‍ഥന്‍?
കെ.സി ജലീല്‍ പുളിക്കല്‍