ബഹുഭാര്യത്വം, വിവാഹമോചനം ശരീഅത്തിന്റെ ശാസനകള്‍
താന്‍ ജീവിക്കുന്ന കാലഘട്ടത്തെയും സാഹചര്യങ്ങളെയും കുറിച്ച് പരിജ്ഞാനവും അവബോധവും ഉള്ളവനായിരിക്കണം വിശ്വാസിയെന്നും, പ്രസ്തുത അവബോധമാണ് അവയെ പ്രാമാണികമായി വിലയിരുത്താനും വിജയകരമായി മറികടക്കാനും അവനെ പ്രാപ്തനാക്കുന്നതെന്നുമുള്ള യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് വിവിധ സന്ദര്‍ഭങ്ങളും കാരണങ്ങളും മുന്‍നിര്‍ത്തിയുള്ള ഖുര്‍ആനിക വചനങ്ങളുടെ അവതരണങ്ങള്‍. മാനവസമൂഹം ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിച്ചേക്കാവുന്ന സര്‍വ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയെന്നോണം അവതീര്‍ണമായ ശരീഅത്ത് കൈയിലിരിക്കെ മുസ്‌ലിം ഉമ്മത്ത് പതിതരായി അവശേഷിക്കുന്നതിന്റെ മൂല കാരണം തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ച ഉപരിപ്ലവമായ വായന തന്നെയാണ്. ഭൗതിക മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി വിജയപരാജയങ്ങള്‍ നിശ്ചയിക്കുകയും, മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളെ അനുകരണീയ മാതൃകകളായി സങ്കല്‍പിക്കുകയും ചെയ്യുക വഴി സ്വയം അപകര്‍ഷതയനുഭവിക്കുകയെന്ന ആത്മപ്രതിസന്ധിയിലേക്കാണ് മുസ്‌ലിംകള്‍ നടന്നുകയറിയത്.
ശരീഅത്ത് നിയമങ്ങളെ -വിശിഷ്യാ സ്ത്രീകളുമായും ശിക്ഷാരീതികളുമായും ബന്ധപ്പെട്ടവയെ- പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും, പ്രാകൃതമായി മുദ്രകുത്തുകയും ചെയ്യുന്ന കാലത്ത് പടിഞ്ഞാറന്‍ സങ്കല്‍പങ്ങള്‍ക്കനുസരിച്ച് ശരീഅത്തിനെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഒരു വശത്തും, മുസ്‌ലിം സമൂഹങ്ങളില്‍ ഏറിയോ കുറഞ്ഞോ കാണപ്പെട്ട ശരീഅത്തിന്റെ വികലവും വികൃതവുമായ പ്രതിനിധാനം മറുവശത്തും മുസ്‌ലിം ഉമ്മത്തിനെ പ്രതിസന്ധിയിലകപ്പെടുത്തുകയാണുണ്ടായത്.
കര്‍മശാസ്ത്ര നിയമങ്ങളെ വൈകാരിക തലത്തില്‍നിന്നും തെറ്റായ പ്രതിനിധാനങ്ങളില്‍നിന്നും മാറ്റിനിര്‍ത്തി, ബുദ്ധിപരമായും വിവേകപൂര്‍വമായും വിലയിരുത്തുകയെന്നതാണ് അതേക്കുറിച്ച ശരിയായ ധാരണയിലെത്താനുള്ള ഏകമാര്‍ഗം. ബഹുഭാര്യത്വം, വിവാഹമോചനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനില്‍ക്കുന്ന വിവാദങ്ങളും അഭിപ്രായ ഭിന്നതകളും ചെന്നെത്തുന്നത് ശരീഅത്ത് നിയമങ്ങളേക്കാളുപരി, അവയുടെ തെറ്റായ പ്രയോഗങ്ങളിലേക്കാണ്.
ബഹുഭാര്യത്വം
കുടുംബഭദ്രത നിലനിര്‍ത്തുന്നതിനും ഊഷ്മളത കാത്തുസൂക്ഷിക്കുന്നതിനും ഉത്തമമെന്നതുകൊണ്ടുതന്നെ ഏകപത്‌നി സംവിധാനമാണ് കുടുംബ ഘടനയുടെ പ്രകൃതിപരമായ പ്രതിനിധാനം. ഒന്നിലേറെ വിവാഹം കഴിക്കല്‍ അനുവദനീയമാണെങ്കിലും ഒരു ഭാര്യയില്‍ പരിമിതപ്പെടുത്തുന്നതാണ് നല്ലതെന്ന് ഇമാം ശാഫിഈയില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു (അല്‍ബയാന്‍ ഫീ മദ്ഹബില്‍ ഇമാം ശാഫിഈ 11: 189).
എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ശാഫിഈ പണ്ഡിതനായിരുന്ന ജമാലുദ്ദീന്‍ അര്‍രീമി പറയുന്നു: ''ഇമാം ശാഫിഈയുടെയും മറ്റെല്ലാ പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം സ്വതന്ത്രനായ വ്യക്തിക്ക് നാല് സ്വതന്ത്ര സ്ത്രീകളെ വരെ വിവാഹം കഴിക്കാവുന്നതാണ്. നാലില്‍ കൂടുതല്‍ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഒന്നിലേറെ വിവാഹം കഴിക്കാതിരിക്കുന്നതാണ് ഉത്തമം; വിശിഷ്യാ നമ്മുടെ ഈ കാലഘട്ടത്തില്‍'' (അല്‍മആനി അല്‍ബദീഅഃ ഫീ മഅ്‌രിഫതി ഇഖ്തിലാഫി അഹ്‌ലിശ്ശരീഅഃ 2:195).
അതിനാല്‍തന്നെ ഏകഭാര്യത്വത്തില്‍നിന്ന് ബഹുഭാര്യത്വത്തിലേക്കുള്ള മാറ്റം വളരെ അനിവാര്യമായ സാമൂഹിക സാഹചര്യങ്ങളില്‍ മാത്രം കടന്നുവരുന്ന ഇളവാണെന്ന് ശരീഅത്ത് വ്യക്തമാക്കുന്നു. ബഹുഭാര്യത്വത്തെ അനുവദിച്ചുകൊണ്ട് അവതീര്‍ണമായ ദൈവികവചനം ഇപ്രകാരമാണ്: ''അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ത്രീകളില്‍നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ'' (അന്നിസാഅ് 3).
സ്ത്രീയവകാശങ്ങള്‍ക്കായി ശബ്ദിക്കുന്ന, 'സ്ത്രീ' എന്ന് നാമകരണം ചെയ്യപ്പെട്ട അധ്യായത്തിലെ മൂന്നാമത്തെ വചനം യഥേഷ്ടം രണ്ടും മൂന്നും നാലും സ്ത്രീകളെ വിവാഹം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് കരുതാനാവില്ല. മാത്രവുമല്ല പ്രസ്തുത കല്‍പനയുടെ മുമ്പും ശേഷവും അനാഥകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഖുര്‍ആന്‍ നടത്തുന്നത്. അതായത് പ്രസ്തുത വചനങ്ങളുടെ പ്രമേയം തന്നെ അനാഥകളുടെ സംരക്ഷണമാണ് എന്നര്‍ഥം. പിതാവ് നഷ്ടപ്പെട്ട് മാതാക്കളോടൊപ്പം ജീവിക്കുന്ന അനാഥകള്‍ മുസ്‌ലിം ഉമ്മത്ത് അഭിമുഖീകരിച്ചിരുന്ന സാമൂഹിക പ്രതിസന്ധിയായിരിക്കെ അതിനെ മറികടക്കാനുള്ള പ്രായോഗിക പരിഹാരം സമര്‍പ്പിക്കുകയാണ് ഖുര്‍ആന്‍ ഇവിടെ ചെയ്യുന്നത്. അനാഥ സംരക്ഷണം അനിവാര്യമായി നിര്‍വഹിക്കേണ്ട ഉത്തരവാദിത്തമായിരിക്കെ അവ നിര്‍വഹിക്കാനുള്ള മാര്‍ഗം ഖുര്‍ആന്‍ ഇവിടെ മുന്നില്‍ വെക്കുന്നു. അവരെ മാതാക്കളില്‍നിന്ന് വേര്‍പെടുത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരാനും, വിധവയായ സ്ത്രീയുള്ള വീട്ടില്‍ നിത്യസന്ദര്‍ശകനാകാനും സാധിക്കില്ലെന്നിരിക്കെ പ്രസ്തുത പ്രശ്‌നത്തിനുള്ള പരിഹാരമായാണ് യതീമുകളുടെ മാതാക്കളെ വിവാഹം കഴിക്കുക എന്ന ആശയം സമര്‍പ്പിച്ചിട്ടുള്ളത്.
ചുരുക്കത്തില്‍, ശരീഅത്ത് അനുവദിച്ച ബഹുഭാര്യത്വത്തിന് കൃത്യമായ സാമൂഹിക സാഹചര്യങ്ങളുണ്ടെന്നും, വിധവകളോ അവിവാഹിതകളോ ആയി സമൂഹത്തില്‍ അവശേഷിക്കുന്ന സ്ത്രീകള്‍ക്കുള്ള സംരക്ഷണവും അതുവഴി സാമൂഹിക സന്തുലിതത്വത്തിന്റെ പൂര്‍ത്തീകരണവുമാണ് അത് നിര്‍വഹിക്കുന്നതെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനാലാണ് ബഹുഭാര്യത്വത്തിന്റെ പേരില്‍ ഇസ്‌ലാമിനെ വിമര്‍ശിക്കുന്ന പടിഞ്ഞാറന്‍ ചിന്തകര്‍ പോലും ചില സന്ദര്‍ഭങ്ങളില്‍ അതിന്റെ അനിവാര്യത അംഗീകരിക്കുന്നത്.
ജര്‍മന്‍ തത്ത്വചിന്തകന്‍ ഷോപ്പനോവര്‍ 'സ്ത്രീകളെക്കുറിച്ച്' (On Women) എന്ന തന്റെ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു: ''നമ്മുടെ നാട്ടില്‍ ഏകഭാര്യത്വമാണ്. പുരുഷനും സ്ത്രീക്കുമിടയില്‍ തുല്യ അവകാശമാണ് അത് കല്‍പിക്കുന്നത്. ഒരൊറ്റ ഭാര്യയെ മാത്രമേ സ്വീകരിക്കാവൂ എന്ന് അത് നമ്മോട് കല്‍പിക്കുകയും, നമ്മുടെ പകുതി അവകാശം പാഴാക്കുകയും നമ്മുടെ ഉത്തരവാദിത്തം ഇരട്ടിയാക്കുകയും ചെയ്തിരിക്കുന്നു.''
തന്റെ വാക്കുകള്‍ അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ''ബഹുഭാര്യത്വം നിയമമാക്കപ്പെടുന്ന സമൂഹത്തില്‍ സ്ത്രീ ഒരിക്കലും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരികയില്ല. വിവാഹിതകളായ സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ കുറവാണ്. അവിവാഹിതകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ സാധിക്കാത്തവിധം അധികരിച്ചിരിക്കുന്നു. വലിയ കുടുംബങ്ങളില്‍നിന്നുള്ള കന്യകകള്‍ക്കു പോലും വരനെ ലഭിക്കാത്ത ദുരവസ്ഥയാണുള്ളത്. താഴെക്കിടയിലുള്ളവരുടെ കാര്യം ഇതിലും കഷ്ടമാണ്. പ്രയാസങ്ങള്‍ സഹിച്ച്, ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ വഹിച്ച് അവര്‍ ജീവിക്കുന്നു. അപമാനവും നിന്ദ്യതയുമേറ്റ് ജീവിതം കഴിച്ചുകൂട്ടാനാണ് അവരുടെ വിധി.'' ഷോപ്പനോവറിന്റെ കാലത്ത് ലണ്ടനില്‍ മാത്രം എണ്‍പതിനായിരം അവിവാഹിതകളുണ്ടായിരുന്നുവത്രെ! ഒരു ഭാര്യയെ മാത്രമെ വിവാഹം കഴിക്കാവൂ എന്ന നിബന്ധനയുടെ ഇരകളാണ് അവര്‍.
ശരീഅത്തിന്റെ അവതരണവേളയില്‍ വിവിധ സമൂഹങ്ങള്‍ അനിയന്ത്രിതമായി ദുരുപയോഗം ചെയ്തിരുന്ന സംവിധാനമായിരുന്നു വിവാഹം. എണ്ണമറ്റ വിവാഹങ്ങളിലേര്‍പ്പെടുകയും, ശേഷം ഭാര്യമാരുടെയും സന്താനങ്ങളുടെയും അവകാശങ്ങള്‍ പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്തിരുന്ന സാഹചര്യത്തില്‍ വിവാഹത്തിന് കൃത്യമായ പരിധിയും ഉപാധിയും നിശ്ചയിക്കുക വഴി ശരീഅത്ത് വന്‍ സാമൂഹിക വിപ്ലവം സൃഷ്ടിക്കുകയാണ് ചെയ്തത്.
ബഹുഭാര്യത്വ നിയമത്തെ അതിന്റെ അടിസ്ഥാനതലത്തില്‍നിന്ന് മാറ്റിനിര്‍ത്തി മറ്റു പല ന്യായങ്ങളിലേക്കും ചേര്‍ത്തുവെച്ചുവെന്നതാണ് നാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രതിസന്ധി. ഭര്‍ത്താവിന്റെ ലൈംഗിക ശേഷിയും ഭാര്യയുടെ ആര്‍ത്തവവും വന്ധ്യതയും രോഗവുമെല്ലാം ബഹുഭാര്യത്വത്തിന് ന്യായമായി ഉദ്ധരിക്കപ്പെട്ടു. രോഗവും വന്ധ്യതയും ലൈംഗിക ശേഷിക്കുറവും സ്ത്രീയെ മാത്രമല്ല, പുരുഷനെയും ബാധിക്കുമെന്നതും, അത്തരം ന്യായങ്ങള്‍ അവള്‍ക്ക് ബഹുഭര്‍തൃത്വം അനുവദിക്കുന്നില്ല എന്നതും സൗകര്യപൂര്‍വം വിസ്മരിക്കുകയും ചെയ്തു!
ഉപാധികളോടുകൂടി ശരീഅത്ത് അനുവദിച്ച ബഹുഭാര്യത്വം എന്ന ഇളവ് സ്വീകരിക്കാന്‍ തയാറായ പൊതുമുസ്‌ലിം സമൂഹം പ്രസ്തുത നിയമത്തിന് മുമ്പും ശേഷവും ഖുര്‍ആന്‍ മുന്നോട്ടുവെച്ച ഉപാധികള്‍ ഉപേക്ഷിക്കുകയോ ബോധപൂര്‍വം അവഗണിക്കുകയോ ആണ് ചെയ്തത്. വിധവകളും അനാഥകളും അവിവാഹിതകളും മിക്കവാറും സമൂഹങ്ങളിലെല്ലാം ഉണ്ടായിരിക്കുമെന്നിരിക്കെ ബഹുഭാര്യത്വ നിയമത്തിന് പ്രസക്തിയില്ലെന്ന് വാദിക്കുന്നത് അര്‍ഥരഹിതമാണ്. എന്നാല്‍ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ഈ അടിസ്ഥാന പ്രതലത്തില്‍നിന്ന് മാറി, മറ്റു ന്യായങ്ങളിലേക്ക് ബഹുഭാര്യത്വത്തെ വലിച്ചിഴക്കുന്നതും, പ്രസ്തുത നിയമത്തെ ദുരുപയോഗപ്പെടുത്തുക വഴി പല കുടുംബങ്ങളും അനാഥമാകുന്നതും ഒരുപോലെ ശരീഅത്ത് ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഭാര്യമാര്‍ക്കിടയില്‍ നീതി പുലര്‍ത്താന്‍ കഴിയില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരൊറ്റ വിവാഹമേ കഴിക്കാവൂ എന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി പ്രസ്താവിച്ചിരിക്കെ, ഒന്നിലേറെ വിവാഹം കഴിച്ച് നാഥനില്ലാത്ത കുടുംബങ്ങളെ സൃഷ്ടിക്കുന്നതിന് ബഹുഭാര്യത്വം കാരണമാവാന്‍ പാടില്ലാത്തതാണ്. മാത്രവുമല്ല, ഭാര്യമാര്‍ക്കിടയിലെ നീതി പുലര്‍ത്തുക, ചെലവ് നല്‍കുക തുടങ്ങിയ ഉപാധികള്‍ ഒന്നിലേറെ വിവാഹം കഴിക്കുന്നതിനുള്ള ഉപാധിയായി മിക്കവാറും എല്ലാ കര്‍മശാസ്ത്ര പണ്ഡിതന്മാരും എണ്ണിയിരിക്കെ അതിനു വിരുദ്ധമായ വിവാഹബന്ധങ്ങള്‍ക്ക് ഇസ്‌ലാമികമായ പിന്‍ബലമില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ശൈഖ് യൂസുഫുല്‍ ഖറദാവി കുറിക്കുന്നു: ''പണ്ഡിതന്മാര്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: തന്റെ ചാരിത്ര്യവിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഒരു ഭാര്യ മതിയെങ്കില്‍ രണ്ടാമത് വിവാഹം കഴിക്കുന്നത് കറാഹത്താണ്. കാരണം സ്വന്തത്തെ ഹറാമിലേക്ക് വലിച്ചിഴക്കാന്‍ അത് കാരണമായേക്കും. അല്ലാഹു അരുള്‍ ചെയ്തത് ഇപ്രകാരമാണ്: 'നിങ്ങളെത്ര ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാനാവില്ല. അതിനാല്‍ നിങ്ങള്‍ ഒരുവളിലേക്ക് പൂര്‍ണമായി ചാഞ്ഞ് മറ്റവളെ കെട്ടിയിടപ്പെട്ട നിലയില്‍ കൈയൊഴിക്കരുത്' (അന്നിസാഅ് 129). തിരുദൂതര്‍(സ) അരുള്‍ ചെയ്തിരിക്കുന്നു: 'ഒരാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടായിരിക്കുകയും, അവര്‍ക്കിടയില്‍ നീതി പുലര്‍ത്താതിരിക്കുകയും ചെയ്താല്‍ ഒരു വശം തൂങ്ങിയാണ് അയാള്‍ പരലോകത്ത് കടന്നുവരിക'. രണ്ടാം ഭാര്യക്ക് ചെലവിന് കൊടുക്കാന്‍ കഴിയാത്തവനും, ഭാര്യമാര്‍ക്കിടയില്‍ നീതിപുലര്‍ത്താന്‍ കഴിയില്ലെന്ന് ആശങ്കിക്കുന്നവനും മറ്റൊരു വിവാഹം കഴിക്കുക നിഷിദ്ധമാണ്. അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: ''എന്നാല്‍ അവര്‍ക്കിടയില്‍ നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ'' (ബഹുഭാര്യത്വം - യൂസുഫുല്‍ ഖറദാവി).
ശരീഅത്ത് ബഹുഭാര്യത്വം അനുവദിച്ചത് വൈയക്തികമെന്നതിനേക്കാളുപരി സാമൂഹികമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും, അത്തരമൊരു നിയമം ഒരുനിലക്കും മുസ്‌ലിം ഉമ്മത്തിന് മുന്നില്‍ മറ്റൊരു സാമൂഹിക പ്രതിസന്ധിയും സൃഷ്ടിക്കുന്നതിന് കാരണമായിക്കൂടെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.
വിവാഹമോചനം
ബഹുഭാര്യത്വ നിയമത്തെ പ്രയോഗവല്‍ക്കരിച്ചതിനേക്കാള്‍ അപകടകരമായാണ് സാമാന്യ മുസ്‌ലിം സമൂഹം വിവാഹമോചനത്തെ കൈകാര്യം ചെയ്തത്. ഇരുവ്യക്തികള്‍ക്കിടയില്‍ ബന്ധം രൂപപ്പെടുത്തുകയും, അവകാശങ്ങളും ബാധ്യതകളും നിര്‍ണയിക്കുകയും ചെയ്യുന്ന അതീവ ഗൗരവമേറിയ കരാറാണ് വിവാഹം. ശരീഅത്തിലെ മുആമലാത്ത് അഥവാ ഇടപാടുകള്‍ എന്ന വിഭാഗത്തില്‍ അനുവദനീയമായ മറ്റെല്ലാ കരാറുകളും കേവലം ഭൗതികവും വസ്തുവകകളുടെ കൈമാറ്റം, വീതംവെപ്പ്, പ്രയോജനമെടുക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതുമാണ്. രണ്ടാളുകള്‍ക്കിടയില്‍ മുമ്പില്ലാത്ത വിധം നിയമപരമായ അവകാശങ്ങള്‍ സ്ഥാപിക്കുന്ന ഒരേയൊരു കരാറാണ് നികാഹ് എന്നര്‍ഥം. അതിനാലായിരിക്കാം 'ഉലുല്‍ അസ്മി'ല്‍പെട്ട പ്രവാചകന്മാരില്‍നിന്നും (അല്‍അഹ്‌സാബ് 7), പ്രവാചകന്മാരുടെ സമൂഹങ്ങളില്‍നിന്നും (അന്നിസാഅ് 154) അല്ലാഹു നേരിട്ട് സ്വീകരിച്ച 'അതിഗൗരവാര്‍ഹമായ കരാറി'നെ കുറിക്കാന്‍ പ്രയോഗിച്ച പദം (മീസാഖുന്‍ ഗലീള്) തന്നെയാണ് രണ്ട് പേര്‍ക്കിടയിലെ വിവാഹത്തെക്കുറിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ചത്.
നിസ്സാരമോ താല്‍ക്കാലികമോ ആയ പ്രശ്‌നങ്ങളുടെ പേരിലോ, പ്രത്യേകിച്ച് ന്യായമൊന്നും ഇല്ലാതെയോ ഒരൊറ്റയിരിപ്പിന് ത്വലാഖ് എന്ന വാക്ക് മൂന്ന് തവണ ആവര്‍ത്തിച്ചുച്ചരിച്ച് പിരിച്ചുവിടാവുന്ന ഇടപാടല്ല വിവാഹമെന്നാണ് മേല്‍പ്രയോഗത്തിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ദാമ്പത്യജീവിതത്തില്‍ ഇണയും തുണയും പല വിട്ടുവീഴ്ചകള്‍ക്കും തയാറാവുകയും, പരസ്പരം ന•കള്‍ കറിയുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച പ്രഖ്യാപനമാണ് 'നിങ്ങള്‍ അവരോട് മാന്യമായി സഹവസിക്കുക. അഥവാ, നിങ്ങളവരെ വെറുക്കുന്നുവെങ്കില്‍ അറിയുക: നിങ്ങള്‍ വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം ന• ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവാം' (അന്നിസാഅ് 19) എന്ന വചനത്തില്‍ അല്ലാഹു നടത്തിയിട്ടുള്ളത്.
വികാരപൂര്‍ത്തീകരണം, സന്താനോല്‍പാദനവും പരിചരണവും, ഭദ്രമായ കുടുംബ വ്യവസ്ഥയും അതേതുടര്‍ന്ന് രൂപപ്പെടുന്ന കുറ്റമറ്റ സാമൂഹിക ക്രമവും തുടങ്ങി വ്യക്തിതലത്തില്‍ നിന്ന് തുടങ്ങി സാമൂഹികമേഖലയെ ആകമാനം ചൂഴ്ന്നു നില്‍ക്കുന്ന എണ്ണമറ്റ സല്‍ഫലങ്ങള്‍ നല്‍കുന്ന മഹത്തായ വൃക്ഷമാണ് ദാമ്പത്യം. അതിനാലാവണം അതിനേല്‍ക്കുന്ന പുഴുക്കുത്തുകളോ, അതി•േല്‍ പടര്‍ന്നുകയറാവുന്ന ഇത്തിള്‍കണ്ണികളോ അതിന്റെ തണലിനെ മുറിച്ചു മാറ്റാനോ, ഫലത്തെ നശിപ്പിക്കാനോ കാരണമാവരുതെന്ന് ഇസ്‌ലാം പഠിപ്പിച്ചത്. വിവാഹബന്ധം ഇരുവ്യക്തികള്‍ക്കിടയിലെ ആജീവനാന്ത കരാറാണെന്നും, താല്‍ക്കാലികമെന്ന ഉപാധിയോടെ അതിലേര്‍പെടുന്നത് സ്വീകാര്യമല്ലെന്നുമാണ് ഇസ്‌ലാമിക കര്‍മശാസ്ത്രം മുന്നോട്ടുവെക്കുന്ന അടിസ്ഥാന സങ്കല്‍പം.
എന്നാല്‍ സ്‌നേഹം, കരുണ, ദയ തുടങ്ങിയ ലോലവികാരങ്ങളാല്‍ തീര്‍ത്ത ദാമ്പത്യജീവിതത്തില്‍ പലപ്പോഴും വിള്ളല്‍ സംഭവിക്കാറുണ്ട്. പരസ്പരം ഇണങ്ങിയ, ചേര്‍ന്നുനിന്ന ഹൃദയങ്ങള്‍ ഒരു നിമിഷം കൊണ്ട് വെറുപ്പിലേക്കും അകല്‍ച്ചയിലേക്കും വഴിമാറുകയും ചെയ്‌തേക്കാം. അത്തരം സാഹചര്യങ്ങളെ ബുദ്ധിപൂര്‍വം അവധാനതയോടെ കൈകാര്യം ചെയ്യണമെന്നും (അന്നിസാഅ് 34), വൈകാരികമായി എടുത്തുചാടി തീരുമാനമെടുക്കരുതെന്നും, വേര്‍പിരിയല്‍ അനിവാര്യമായ ഘട്ടത്തില്‍ പോലും ഒരു വെട്ടിന് മുറിച്ചുകളയേണ്ടതല്ല വൈവാഹിക ബന്ധമെന്നും ത്വലാഖിന് വിവിധ ഘട്ടങ്ങള്‍ നിശ്ചയിക്കുക വഴി (അല്‍ബഖറ 229) ശരീഅത്ത് പഠിപ്പിച്ചിരിക്കുന്നു.
ശരീഅത്ത് നിഷ്‌കര്‍ഷിച്ച പ്രായോഗിക പരിഹാരങ്ങള്‍ ഫലം ചെയ്യാതെ വരുന്ന നിര്‍ബന്ധിത വേളയില്‍ പരസ്പര സംതൃപ്തിയോടുകൂടി ഒപ്പുവെച്ച വിവാഹക്കരാര്‍, അതേ മാനസികാവസ്ഥയില്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ റദ്ദാക്കാന്‍ (ത്വലാഖ്) ശരീഅത്ത് അനുവദിച്ചിട്ടുണ്ട്.
ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങളുടെ പ്രാഥമിക പരിഹാരമായല്ല, അവസാനത്തെ അനിവാര്യതയായാണ് ഖുര്‍ആന്‍ ത്വലാഖിനെ കാണുന്നത്. ഉപദേശവും ചര്‍ച്ചയുമെല്ലാം പരാജയപ്പെട്ട് മറ്റു മാര്‍ഗങ്ങളില്ലാതെ വരുമ്പോള്‍ മാത്രമാണ് ത്വലാഖ് അനുവദനീയമാകുന്നത് എന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ദാമ്പത്യത്തിന്റെ ഊഷ്മളതയും സന്തോഷവും നല്‍കാത്ത വിവാഹബന്ധങ്ങള്‍ മരണം വരെ ചുമന്നുനടക്കണമെന്ന് ശഠിക്കുന്നതില്‍ ന്യായമില്ല. പരസ്പരം വെറുപ്പും വിദ്വേഷവും പുലര്‍ത്തുന്നവരെ ഒന്നിച്ചു ജീവിക്കാന്‍ നിര്‍ബന്ധിക്കുന്ന പക്ഷം തങ്ങള്‍ക്ക് ലഭ്യമായ പഴുതുകളിലൂടെ രക്ഷപ്പെടാനാണ് ഇരുവരും ശ്രമിക്കുക. എന്നല്ല, ദമ്പതികളെ വഴികേടിലേക്ക് നയിക്കാനും, കൂടുതല്‍ അപകടകരമായ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാനുമെല്ലാം ഇത് വഴിവെച്ചേക്കും.
പിണക്കം മൂര്‍ഛിക്കുകയും അനുരജ്ഞന ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തതിനു ശേഷവും ഇണയെ പാടേ ഉപേക്ഷിക്കുന്നതിനു പകരം സാക്ഷികളുടെ സാന്നിധ്യത്തില്‍ 'തിരിച്ചെടുക്കാന്‍ കഴിയുന്ന ത്വലാഖ്' ചൊല്ലുകയാണ് വേണ്ടതെന്ന് ശരീഅത്ത് നിര്‍ദേശിക്കുന്നു. വിവാഹമോചന പ്രക്രിയ മൂന്ന് ഘട്ടങ്ങളായി പൂര്‍ത്തീകരിക്കപ്പെടണമെന്നാണ് ഖുര്‍ആന്‍ കല്‍പിച്ചിരിക്കുന്നത്. ''ത്വലാഖ് രണ്ട് പ്രാവശ്യമാണ്. അതിനാല്‍ ന• പുലര്‍ത്തി പിടിച്ചുവെക്കുകയോ, ഉത്തമമായ വിധത്തില്‍ പിരിച്ചയക്കുകയോ ചെയ്യുക'' (അല്‍ബഖറ 229).
ആര്‍ത്തവവേളയില്‍ വിവാഹമോചനം പാടില്ലെന്നതാണ് ഇതുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഉപാധി. ആര്‍ത്തവകാലത്ത് സ്ത്രീക്ക് മാനസികവും ശാരീരികവുമായ അസ്ഥിരതയും അസ്വസ്ഥതയും ഉണ്ടാവുക സ്വാഭാവികമാണ്. ആ സന്ദര്‍ഭത്തില്‍ അവള്‍ക്കുണ്ടാകുന്ന അരിശവും അകല്‍ച്ചയും താല്‍ക്കാലികമായിരിക്കും. ഏതാനും ദിവസങ്ങള്‍ കഴിയുന്നതോടെ അവ ഇല്ലാതാവാനും പരസ്പരം യോജിക്കാനും സാധ്യതയുണ്ട്. അതിനാലാണ് വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പറഞ്ഞത്: ''വിശ്വസിച്ചവരേ, നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുന്നുവെങ്കില്‍ ശുദ്ധികാലത്ത് ചെയ്യുക''(അത്ത്വലാഖ് 1). ഇബ്‌നു ഉമര്‍(റ) തന്റെ ഭാര്യയെ ആര്‍ത്തവകാലത്ത് വിവാഹമോചനം ചെയ്തതറിഞ്ഞ നബി(സ) അദ്ദേഹത്തോട് അവരെ തിരിച്ചെടുക്കാന്‍ കല്‍പിക്കുകയുണ്ടായി (സ്വഹീഹുല്‍ ബുഖാരി).
ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പെട്ട ശുദ്ധി കാലത്തോ, അതിന് മുമ്പും ശേഷവുമുള്ള ആര്‍ത്തവ കാലത്തോ വിവാഹമോചനം നടത്താവതല്ല എന്നതാണ് അതുമായി ബന്ധപ്പെട്ട മൂന്നാമത്തെ നിര്‍ദേശം. ചുരുക്കത്തില്‍, പുരുഷന്‍ സ്ത്രീയെ ആഗ്രഹിക്കുന്ന കാലത്തായിരിക്കണം വിവാഹമോചന തീരുമാനമെടുക്കേണ്ടതെന്ന ശരീഅത്ത് കല്‍പന ത്വലാഖിന്റെ സാധ്യത നേര്‍പ്പിക്കുകയാണ് ചെയ്യുക. പ്രസ്തുത സന്ദര്‍ഭത്തിലും പിരിയാന്‍ തീരുമാനിക്കുന്നുവെങ്കില്‍ ദമ്പതികള്‍ക്കിടയില്‍ ഒത്തുപോവാന്‍ കഴിയാത്തവിധം അകല്‍ച്ചയുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്.
തിരിച്ചെടുക്കാവുന്ന ആദ്യ രണ്ട് ത്വലാഖ് വേളകളില്‍ ഭര്‍തൃവീട്ടില്‍തന്നെ ഇദ്ദയിരിക്കണമെന്നും (അത്ത്വലാഖ് 1), ഇണയെ ആകര്‍ഷിക്കുന്ന വിധത്തില്‍ അണിഞ്ഞൊരുങ്ങണമെന്നും ശരീഅത്ത് നിഷ്‌കര്‍ഷിക്കുന്നത് ദമ്പതികള്‍ക്കിടയില്‍ മഞ്ഞുരുക്കമുണ്ടാക്കുന്നതിനു വേണ്ടിയാണ്. പ്രസ്തുത ഇദ്ദാവേളയില്‍ ഇണയോട് മോശമായി വര്‍ത്തിക്കാനോ, അവളെ പ്രയാസപ്പെടുത്താനോ പാടില്ലെന്നും ഖുര്‍ആന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ഗൗരവാര്‍ഹമായ കരാറിന്റെ കാര്യത്തില്‍ താനെടുത്ത തീരുമാനത്തെ കുറിച്ച് വീണ്ടും വീണ്ടും പുനരാലോചന നടത്താന്‍ പ്രേരിപ്പിക്കുകയാണ് ഇണയെ ഭര്‍ത്താവിന്റെ വീട്ടില്‍, അദ്ദേഹത്തിന്റെ ചെലവില്‍ ഇദ്ദയിരുത്തുക വഴി ശരീഅത്ത് ചെയ്തിട്ടുള്ളത്.
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വളരെ വ്യക്തമായി പരാമര്‍ശിച്ച ഉപാധികളാണിവ. ഇവ പാലിച്ച് നടത്തുന്ന വിവാഹമോചനത്തെയാണ് കര്‍മശാസ്ത്ര പണ്ഡിതര്‍ 'അത്ത്വലാഖുസ്സുന്നിയ്യ്' അഥവാ പ്രവാചക മാതൃകയിലുള്ള വിവാഹമോചനം എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍, പരസ്പരം ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നതിനു മുമ്പാണ് വിവാഹമോചനമെങ്കില്‍ മേല്‍പറഞ്ഞ നടപടിക്രമങ്ങളോ, ഇദ്ദയോ ആവശ്യമില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ (അല്‍അഹ്‌സാബ് 49) വ്യക്തമാക്കിയിരിക്കുന്നു.
മേല്‍പറഞ്ഞ നടപടിക്രമങ്ങള്‍ പാലിച്ച് നടത്തുന്ന വിവാഹമോചനത്തിനു മേല്‍ ദൈവാനുഗ്രഹമുണ്ടാവുമെന്നും, പരസ്പരം യോജിച്ചുപോവാന്‍ ദമ്പതികള്‍ നടത്തിയ ആത്മാര്‍ഥമായ ശ്രമങ്ങള്‍ക്ക് അല്ലാഹു കരുണ ചെയ്യുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പരസ്പരം വെറുപ്പും വിദ്വേഷവും പുലര്‍ത്തി നരകീയ ജീവിതം നയിക്കുന്നതിനു പകരം, സംതൃപ്തിയോടെ വേര്‍പിരിഞ്ഞ് മറ്റൊരു വിവാഹം വഴി സന്തോഷകരമായ ദാമ്പത്യം തിരിച്ചുപിടിക്കാനുള്ള അവസരം നല്‍കുകയാണ് ഇതുവഴി ശരീഅത്ത് ചെയ്തിട്ടുള്ളത്. ''അഥവാ, അവരിരുവരും വേര്‍പിരിയുകയാണെങ്കില്‍ അല്ലാഹു തന്റെ അതിരില്ലാത്ത അനുഗ്രഹത്താല്‍ ഇരുവരെയും സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പുറ്റവരാക്കും. അല്ലാഹു ഏറെ വിശാലതയുള്ളവനും യുക്തിമാനുമാകുന്നു'' (അന്നിസാഅ് 130).
ഈ കല്‍പനകള്‍ക്ക് വിരുദ്ധമായ വിവാഹമോചന രീതികള്‍ മുഖേന ത്വലാഖ് സംഭവിക്കുകയില്ലെന്നാണ് ഒരുപറ്റം പണ്ഡിതന്മാരുടെ വീക്ഷണം. ളാഹിരീ പണ്ഡിതന്‍ ഇബ്‌നു ഹസമിന്റേതായാണ് ഈ അഭിപ്രായം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്. ഖുര്‍ആനും സുന്നത്തും പഠിപ്പിച്ച വഴിയിലൂടെയുള്ള ത്വലാഖ് മാത്രമേ സാധുവാകുകയുള്ളൂ എന്നാണ് ഇവരുടെ പക്ഷം. വിവാഹമോചനം നടത്താന്‍ അല്ലാഹു നല്‍കിയ അനുവാദം ഉപാധികളോടു കൂടിയുള്ളതാണ്. ഉപാധികള്‍ മാറ്റിവെച്ച് ത്വലാഖ് ചൊല്ലാന്‍ അല്ലാഹു അനുവാദം നല്‍കിയിട്ടില്ലെന്ന് സാരം. അതിനാല്‍തന്നെ അല്ലാഹു നിര്‍ദേശിച്ച മൂന്ന് ഘട്ടങ്ങള്‍ ഒന്നിച്ചെടുത്ത് ഒറ്റയടിക്ക് വിവാഹമോചനം ചെയ്യുന്നത് ഇസ്‌ലാമികമല്ല. ആദ്യ ത്വലാഖ് കഴിഞ്ഞ് അതിന്റെ ഇദ്ദാ കാലം അവസാനിക്കുന്നതുവരെ കാത്തിരിക്കുകയും, ശേഷം തിരിച്ചെടുക്കുകയോ, തുടരാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുന്ന പക്ഷം നിലപാടില്‍ ഉറച്ചുനില്‍ക്കുകയോ ആണ് വേണ്ടത്. ത്വലാഖ് ചൊല്ലാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ രണ്ടാമത്തെ ഇദ്ദ അവസാനിക്കുന്നതുവരെ കാത്തിരിക്കുകയും ശേഷം അവസാന ത്വലാഖ് തീരുമാനിക്കുകയുമാണ് വേണ്ടത്. മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലിയാല്‍ ഒരു ത്വലാഖായി മാത്രമേ പരിഗണിക്കൂവെന്നാണ് ഇബ്‌നു തൈമിയ്യയും (ഫതാവാ ഇബ്‌നു തൈമിയ്യഃ 3: 19) ശിഷ്യന്‍ ഇബ്‌നുല്‍ ഖയ്യിമും അഭിപ്രായപ്പെടുന്നത്. എന്നാല്‍ മുത്ത്വലാഖ് വഴി മൂന്നും സംഭവിക്കുമെന്നാണ് ഭൂരിപക്ഷ മദ്ഹബീ ഇമാമുമാരുടെ അഭിപ്രായം. ഈ നിരീക്ഷണമാവട്ടെ ഖുര്‍ആനിക നിയമത്തെ ലാഘവത്തോടെ കൈകാര്യം ചെയ്തതിന് ഉമര്‍(റ) നല്‍കിയ ശിക്ഷാനടപടിയില്‍ (ഫത്ഹുല്‍ ബാരി 9: 262, ശറഹ് മുസ്‌ലിം 10: 103) നിന്ന് ഉരുത്തിരിഞ്ഞുണ്ടായതുമാണ്(ബിദായതുല്‍ മുജ്തഹിദ് - ഇബ്‌നുറുശ്ദ്).
ഒരു പ്രത്യേക കാലഘട്ടത്തില്‍ ഇസ്‌ലാമിക രാഷ്ട്രത്തിലെ ഖലീഫ നടപ്പാക്കിയ ശിക്ഷാരീതി മറ്റ് സമൂഹങ്ങളില്‍ സര്‍വസമ്മതമായ കര്‍മശാസ്ത്ര വിധിയായി സ്വീകരിക്കപ്പെടുകയും, ഖുര്‍ആനിക നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായ നടപടിക്രമങ്ങള്‍ ശാശ്വത നിയമമായി മാറുകയും ചെയ്യുകയെന്നത് അംഗീകരിക്കാനാവില്ല. ഖുര്‍ആന്‍ വ്യവസ്ഥപ്പെടുത്തിയ വിവാഹമോചന രീതിയെ പരിഹാസ്യമാക്കുന്നവിധം അതിനെ ലാഘവത്തോടെ കൈകാര്യം ചെയ്ത ജനതയെ യഥാര്‍ഥ ഖുര്‍ആനിക നിയമത്തിലേക്ക് തിരികെയെത്തിക്കുന്നതിനു വേണ്ടി ഉമര്‍(റ) സ്വീകരിച്ച ശരീഅത് അധിഷ്ഠിത രാഷ്ട്രീയ നയ(അസ്സിയാസഃ അശ്ശര്‍ഇയ്യ)മായിരുന്നു അത്. എന്നാല്‍, പ്രസ്തുത ഉമരിയന്‍ നയത്തെ ശരീഅത്ത് കല്‍പനകള്‍ക്കപ്പുറം സുസമ്മതമായ നിയമമായി വിലയിരുത്തുകയും, ഇക്കാര്യത്തില്‍ മദ്ഹബീ ഇമാമുകള്‍ക്കിടയില്‍ ഇജ്മാഉണ്ടെന്ന് വാദിക്കുകയുമാണ് മദ്ഹബുകള്‍ക്കു കീഴില്‍ രൂപപ്പെട്ട പില്‍ക്കാല മുസ്‌ലിം സമൂഹങ്ങള്‍ ചെയ്തത്. വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായ ഭാഷയില്‍ പരാമര്‍ശിച്ച വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കപ്പെടേണ്ട ത്വലാഖിന് വിരുദ്ധമായി ഒരു സദസ്സില്‍വെച്ച് മൂന്ന് ത്വലാഖ് വഴി വിവാഹമോചനം പൂര്‍ത്തീകരിക്കപ്പെടുമെന്ന 'ഇജ്മാഇ'ന് എന്തുവിലയാണുള്ളത്? മുത്ത്വലാഖുമായി ബന്ധപ്പെട്ട മദ്ഹബീ അഭിപ്രായങ്ങളെ നിരാകരിച്ചതിന്റെ പേരില്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യക്ക് നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും ഓര്‍ക്കണം.
എന്നാല്‍ മുത്ത്വലാഖ് മൂന്നായി പരിഗണിക്കപ്പെടുമെന്ന് അഭിപ്രായപ്പെടുമ്പോള്‍തന്നെ, അത് ഖുര്‍ആനിക വിരുദ്ധമാണെന്നും ബിദ്അത്താണെന്നും മദ്ഹബുകള്‍ക്ക് ഉള്ളില്‍നിന്ന് തന്നെ മുന്‍കാല പണ്ഡിതന്മാര്‍ കുറിച്ചിരിക്കുന്നു. ഹനഫീ പണ്ഡിതനായ ഇമാം കാസാനി 'അത്ത്വലാഖുല്‍ ബിദ്ഈ' വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ''ലൈംഗിക ബന്ധത്തിലേര്‍പെടാത്ത ഒരു ശുദ്ധികാലത്ത് തന്നെ രണ്ടോ മൂന്നോ തവണ ത്വലാഖ് ഒന്നിച്ചോ, വെവ്വേറെയോ ചൊല്ലുന്നത് ഇതിനുദാഹരണമാണ്. മൂന്ന് ശുദ്ധികാലത്ത് മൂന്ന് ത്വലാഖുകള്‍ എന്നാണ് ഖുര്‍ആന്‍ (അത്ത്വലാഖ് 1) പഠിപ്പിക്കുന്നത്. പ്രവാചകന്‍ പഠിപ്പിച്ചതും അപ്രകാരം തന്നെയാണ്. വെവ്വേറെ ത്വലാഖ് ചൊല്ലണമെന്ന കല്‍പന മുത്ത്വലാഖിനെ നിരോധിക്കുകയാണ് ചെയ്യുന്നത്. പ്രവാചക കല്‍പന നിര്‍ബന്ധത്തെക്കുറിക്കുന്നതാണെങ്കില്‍ അതിന് വിരുദ്ധം ചെയ്യുന്നത് നിഷിദ്ധമാണ്. അതല്ല പ്രസ്തുത കല്‍പനയുടെ തലം ഐഛികമാണെങ്കില്‍ അതിന് വിരുദ്ധം ചെയ്യുന്നത് വെറുക്കപ്പെട്ടതും(കറാഹത്ത്) ആണ്. ഇവയില്‍ ഏതു ചെയ്താലും ഗുണകരമല്ല എന്നര്‍ഥം'' (ബദാഇഉസ്സ്വനാഇഅ് ഫീ തര്‍തീബിശ്ശറാഇഅ് 3: 93).
മറ്റൊരു ഹനഫീ പണ്ഡിതന്‍ ഇമാം സര്‍ഖസി കുറിക്കുന്നു: ''മൂന്ന് ശുദ്ധികാലത്താണ് മൂന്ന് ത്വലാഖുകള്‍ നടക്കേണ്ടത് എന്നതിനാല്‍തന്നെ മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലുന്നത് ബിദ്അത്താണെന്ന് ഞങ്ങളുടെ പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു'' (അല്‍മബ്‌സൂത്വ് 4:6).
മുത്ത്വലാഖിനെ പിന്തുണക്കുന്ന ശാഫിഈ മദ്ഹബിന്റെ അഭിപ്രായം ഉദ്ധരിച്ചതിനു ശേഷം ഖുര്‍ആനും സുന്നത്തും ഉദ്ധരിച്ച് അത് ഹറാമാണെന്ന് സവിസ്തരം അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. മാത്രവുമല്ല, അലി, ഉമര്‍, ഇബ്‌നു മസ്ഊദ്, ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമര്‍, അബൂഹുറയ്‌റ, ഇംറാന്‍ ബിന്‍ ഹുസൈന്‍ തുടങ്ങിയവരെല്ലാം മുത്ത്വലാഖ് കറാഹത്താണെന്ന് അഭിപ്രായപ്പെട്ടിരുന്നതായും സര്‍ഖസി രേഖപ്പെടുത്തിയിരിക്കുന്നു.
ഇമാം മാലിക് മുത്ത്വലാഖിനെ കൂടുതല്‍ വെറുക്കപ്പെട്ട കാര്യമായാണ് കണ്ടിരുന്നതെന്ന് അല്‍മുദവ്വന(2:66)യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് മാലികീ പണ്ഡിതനായ അബുല്‍ വലീദ് അല്‍ബാജിയുടെയും അഭിപ്രായം. ഖുര്‍ആന്‍ പറഞ്ഞ രീതിയില്‍ മാത്രമേ ത്വലാഖ് ചൊല്ലാവൂ എന്നും, അതിന് വിരുദ്ധമായത് സുന്നത്തിനും എതിരാണെന്നും 'മുവത്വ'ക്ക് അദ്ദേഹമെഴുതിയ വ്യാഖ്യാനമായ 'അല്‍മുന്‍തഖ'യില്‍ ഖുര്‍ആനിക പ്രയോഗത്തിന്റെ ഭാഷാപരമായ വായനയിലൂടെ സമര്‍ഥിക്കുന്നുണ്ട് (അല്‍മുന്‍തഖാ 3: 4).
സമാനമായ അഭിപ്രായം തന്നെയാണ് ഹമ്പലീ പണ്ഡിതന്മാര്‍ക്കുമുള്ളത്. ഇബ്‌നു ഖുദാമയുടെ അഭിപ്രായത്തില്‍ മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലുന്നത് ഹറാമും ബിദ്അത്തുമാണ് (അല്‍മുഗ്നി 8: 241). ഓരോ ത്വലാഖ് കൊണ്ടും ശരീഅത്ത് ഉദ്ദേശിക്കുന്ന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെന്നും, ഭൂരിപക്ഷം സ്വഹാബാക്കളും താബിഉകളും അതിനെ എതിര്‍ക്കുന്നുവെന്നും ഹമ്പലീ മദ്ഹബ് വിശദീകരിക്കുന്നു.
മുത്ത്വലാഖ് ഹറാമോ ബിദ്അത്തോ അല്ലെങ്കിലും, അതുവഴി ശ്രേഷ്ഠമായതിനെ ഉപേക്ഷിക്കുകയാണ് (തര്‍കുല്‍ അഫ്ദല്‍) ചെയ്യുന്നതെന്ന് ശാഫിഈ മദ്ഹബ് അഭിപ്രായപ്പെടുന്നു. വിവാഹമോചനത്തിന്റെ മര്യാദകള്‍ വിശദീകരിച്ച് ഇമാം ഗസാലി കുറിക്കുന്നു: ''മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലാതെ ഒന്നില്‍ പരിമിതപ്പെടുത്തുകയാണ് വേണ്ടത്. കാരണം ഒരൊറ്റ ത്വലാഖ് തന്നെയും ഇദ്ദാ കാലം കഴിയുന്നതോടെ അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതും, ഇദ്ദാകാലത്ത് ഖേദം തോന്നിയാല്‍ തിരിച്ചെടുക്കാനും, ഇദ്ദാ കാലത്തിനു ശേഷമാണെങ്കില്‍ നികാഹ് പുതുക്കാനും സഹായിക്കുന്നതാണ്. എന്നാല്‍ മൂന്നും ഒന്നിച്ച് ചൊല്ലുന്ന പക്ഷം അയാള്‍ക്ക് ഖേദം തോന്നുകയും, മറ്റൊരാള്‍ അവളെ വിവാഹം കഴിക്കുന്നതു വരെ കാത്തിരിക്കുകയും ചെയ്യേണ്ട സാഹചര്യമുണ്ടാവുകയും ചെയ്‌തേക്കാവുന്നതാണ്'' (ഇഹ്‌യാ ഉലൂമിദ്ദീന്‍ 2: 55).
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച അദ്ദേഹം സമാഹരിക്കുന്നത് ഇപ്രകാരമാണ്: ''മുത്ത്വലാഖ് ഹറാമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഈ അര്‍ഥങ്ങളില്‍ അവ വെറുക്കപ്പെട്ടതാണ്'' (2: 56). ചുരുക്കത്തില്‍, മുത്ത്വലാഖിനെ എതിര്‍ക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് അവ മൂന്നായി പരിഗണിക്കുമെന്ന അഭിപ്രായം സ്വീകരിച്ച മദ്ഹബുകളുടെ ഭൂരിപക്ഷ പണ്ഡിതന്മാരും സ്വീകരിച്ചിട്ടുള്ളത്.
ജാഹിലിയ്യാ കാലത്ത് പുരുഷന്‍ യഥേഷ്ടം കൈകാര്യം ചെയ്തിരുന്ന, എല്ലാ അര്‍ഥത്തിലും സ്ത്രീയെ ദോഷകരമായി ബാധിച്ചിരുന്ന ആചാരമായിരുന്നു ത്വലാഖ്. കൃത്യമായ എണ്ണമോ സമയമോ നിശ്ചയിക്കാതെ ഭാര്യയെ എത്ര വേണമെങ്കിലും ത്വലാഖ് ചൊല്ലിയിരുന്ന അറബികള്‍ തോന്നുമ്പോള്‍ അവരെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു (തഫ്‌സീറുല്‍ ഖുര്‍ത്വുബി 3: 126). പ്രസ്തുത ജാഹിലിയ്യാ സംവിധാനത്തെ തിരുത്തുകയും പരിഷ്‌കരിക്കുകയുമാണ് ഇസ്‌ലാം ചെയ്തത്. കെട്ടഴിക്കുക, അഴിച്ചുവിടുക തുടങ്ങിയ അര്‍ഥങ്ങളാണ് ത്വലാഖ് എന്ന പദത്തിന് ഭാഷയിലുള്ളത്. വ്യക്തമോ സൂചനാത്മകമോ ആയ പ്രയോഗങ്ങളിലൂടെ ദമ്പതികള്‍ തമ്മില്‍ വേര്‍പിരിയുകയെന്നതാണ് ത്വലാഖിന്റെ സാങ്കേതികമായ വിവക്ഷ.
ദമ്പതികളില്‍ ഇരുവര്‍ക്കും കൃത്യമായ പരിഗണന നല്‍കുന്നതാണ് ഇസ്‌ലാമിലെ ത്വലാഖ്. ത്വലാഖിനെ തോന്നിയതുപോലെ യഥേഷ്ടം കൈകാര്യം ചെയ്യാനുള്ള അവകാശം പുരുഷന്നോ സ്ത്രീക്കോ ഇസ്‌ലാം നല്‍കിയിട്ടില്ല. ത്വലാഖ് നടത്താനുള്ള അവകാശം ഉപാധികളോടെ പുരുഷന് നല്‍കിയ ശരീഅത്ത്, തന്റെ താല്‍പര്യത്തിന് പോറലേല്‍ക്കുന്ന പക്ഷം കോടതിയെ സമീപിച്ച് ത്വലാഖ് ആവശ്യപ്പെടാന്‍ (ഫസ്ഖ്) സ്ത്രീക്കും അനുവാദം നല്‍കിയിരിക്കുന്നു.
ദമ്പതികളില്‍ ഒരാളുടെ മാത്രം ആഗ്രഹത്താല്‍ നടക്കുന്ന വിവാഹമോചനമാണിത്. ഭര്‍ത്താവ് വിവാഹമോചനം തീരുമാനിക്കുകയും ഭാര്യ അതില്‍ തൃപ്തയല്ലാതിരിക്കുകയും ചെയ്യുന്നതും, നേര്‍വിപരീതം സംഭവിക്കുന്നതും ഇതിന്റെ ഭാഗമാണ്. ഭര്‍ത്താവിനാണ് ത്വലാഖ് വേണ്ടതെങ്കില്‍ നല്‍കിയ മഹ്‌റ് തിരിച്ചെടുക്കാന്‍ പാടില്ലെന്ന ഉപാധിയോടെ ഇസ്‌ലാമിക ശരീഅത്ത് അതിന് അനുവാദം നല്‍കിയിരിക്കുന്നു. മാത്രവുമല്ല, ഖാദി (കോടതി) നിശ്ചയിക്കുന്ന മതാഅ് അഥവാ വിവാഹമോചനമൂല്യവും ഇദ്ദാവേളയിലെ ചെലവും വഹിക്കാന്‍ ഭര്‍ത്താവിന് ബാധ്യതയുണ്ട്. എന്നാല്‍ ഭാര്യ വിവാഹമോചനം ആഗ്രഹിക്കുകയും ഭര്‍ത്താവ് അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്തിമവിധി പറയേണ്ടത് കോടതിയാണ്. സ്ത്രീ ഉന്നയിക്കുന്ന കാരണങ്ങള്‍ പരിശോധിച്ച് ന്യായമാണെന്ന് ബോധ്യപ്പെടുന്നപക്ഷം മഹ്‌റ് പോലും തിരിച്ചുകൊടുക്കാതെ വിവാഹമോചനം നടത്താന്‍ അവള്‍ക്ക് കോടതി അവകാശം നല്‍കുകയും ചെയ്യും. സ്ത്രീയുടെ ആവശ്യപ്രകാരം, മഹ്‌റിന്റെ നിശ്ചിത ഭാഗം തിരിച്ചുകൊടുത്ത് ദമ്പതികളില്‍ ഇരുവരും പരസ്പര ധാരണയോടെ ബന്ധം വേര്‍പെടുത്തുന്നതാണ് മറ്റൊരു രീതി. ഇതിനെ ഖുല്‍അ് എന്നാണ് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വ്യവഹരിക്കുന്നത്.
ചുരുക്കത്തില്‍ ബഹുഭാര്യത്വം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്നത് അവയെ വികലമാക്കിയോ, സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയോ പ്രയോഗിക്കുന്ന സാമാന്യ മുസ്‌ലിം ജനസമൂഹം മാത്രമാണ്. മുസ്‌ലിം ഉമ്മത്ത് അഭിമുഖീകരിച്ചേക്കാവുന്ന സാമൂഹിക പ്രതിസന്ധിക്ക് പരിഹാരമായി സമര്‍പ്പിച്ച ബഹുഭാര്യത്വം സ്വയം തന്നെ കടുത്ത പ്രതിസന്ധിയായി രൂപപ്പെട്ടതും, ത്വലാഖിനോട് നിരുത്തരവാദപൂര്‍വം വര്‍ത്തിച്ചവര്‍ക്ക് ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബ് നല്‍കിയ ശിക്ഷ 'ശാശ്വതനിയമ'മായി കൈകാര്യം ചെയ്യപ്പെട്ടതും ശരീഅത്തിന്റെ പിടിപ്പുകേട് കൊണ്ടല്ലെന്ന് വ്യക്തമാണല്ലോ. ശരീഅത്ത് നിയമങ്ങളെ ദുരുപയോഗപ്പെടുത്തുന്നവര്‍ക്ക് ഉമര്‍(റ) നല്‍കിയ ശിക്ഷ മാതൃകയാക്കി മഹല്ല് കമ്മിറ്റികളും സംഘടനാനേതൃത്വങ്ങളും ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയുമാണ് വേണ്ടത്.
Comments