കുടുംബ നിയമങ്ങളിലെ ശരീഅത്തിന്റെ പരിഗണനകള്‍
മനുഷ്യബന്ധങ്ങളുടെ സംസ്‌കരണമാണ് കുടുംബവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതോടൊപ്പം സ്ഥിരവും താല്‍ക്കാലികവുമായ നിരവധി ഉപലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും ഇത്തരം നിയമങ്ങള്‍ക്കുണ്ട്. നാലു തരം ബന്ധങ്ങള്‍ സംരക്ഷിക്കലും നിലനിര്‍ത്തലുമാണ് ഇസ്‌ലാമിക സംസ്‌കരണത്തിന്റെ അടിസ്ഥാനമെന്നാണ് പണ്ഡിത വീക്ഷണം. അല്ലാഹുവിനോടുള്ള ബന്ധം, സ്വന്തം ശരീരത്തോടും ആത്മാവിനോടുമുള്ള ബന്ധം, ചുറ്റുമുള്ള മനുഷ്യരോടുള്ള ബന്ധം, പരിസ്ഥിതിയോടും സകല ചരാചരങ്ങളോടുമുള്ള ബന്ധം. ഇത്തരം ബന്ധങ്ങളുടെ സംരക്ഷണം അടിസ്ഥാന ലക്ഷ്യമാക്കുന്ന ധാരാളം നിയമങ്ങളും വ്യവസ്ഥകളും ഇസ്‌ലാമിക ശരീഅത്തില്‍ കാണാനാകും. അവയില്‍ ചില വിധികള്‍ ഒരിക്കലും മാറാത്തതും ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്കെല്ലാം ഉപകാരപ്രദവും നന്മയുമായിരിക്കും/ അവരുടെ ജീവിതത്തിലെ ഉപദ്രവങ്ങളും പ്രയാസങ്ങളും തടയാനുതകുന്നതുമാകും (സാബിത്താത്). മറ്റു ചില നിയമങ്ങള്‍ നടപ്പിലാക്കുന്നതുകൊണ്ട് ശരീഅത്ത് ഉദ്ദേശിക്കുന്നത്, മനുഷ്യ ജീവിതത്തില്‍ ചില നന്മകളും ഉപകാരങ്ങളും കൈവരുത്താനും/ ഉപദ്രവങ്ങളും പ്രയാസങ്ങളും തടയാനുമായിരിക്കും. എന്നാല്‍ ഇത്തരം ഉപകാരങ്ങളും പ്രയാസങ്ങളും കാലദേശങ്ങള്‍ക്കനുസരിച്ച് മാറാന്‍ സാധ്യതയുള്ളവയാകും. അപ്പോള്‍ അത്തരം നിയമങ്ങളുടെ പ്രയോഗവത്കരണവും കാലദേശങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടും (മുതഗയ്യിറാത്ത്). ഈ ലക്ഷ്യങ്ങളെയും നന്മകളെയും അവയുടെ സ്വഭാവങ്ങളെ അടിസ്ഥാനമാക്കി അത്യാവശ്യങ്ങള്‍ (ളറൂറിയ്യാത്ത്), ആവശ്യങ്ങള്‍ (ഹാജിയ്യാത്ത്), സൗകര്യങ്ങള്‍ (തഹ്‌സീനിയ്യാത്ത്) എന്നിങ്ങനെയും പരിഗണിക്കാവുന്നതാണ്. ഒരു വിഷയത്തിലെ പൊതുനിയമം/പ്രത്യേക നിയമം (കുല്ലിയ്യ/ജുസ്ഇയ്യ), എല്ലാവരെയും ബാധിക്കുന്നത്/കുറച്ചാളുകളെ മാത്രം ബാധിക്കുന്നത് (ആമ്മ/ഖാസ്സ്വ) തുടങ്ങിയ വിഭജനങ്ങളും നിയമങ്ങളുടെ നടത്തിപ്പിലും പ്രയോഗത്തിലും പരിഗണിക്കേണ്ടതായിവരും. കുടുംബവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക ശരീഅത്തില്‍ നിയമമാക്കിയ വിധികളില്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുമ്പോഴാണ് ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുക.
കുടുംബ നിയമങ്ങളുടെ ഉദ്ദേശ്യങ്ങള്‍
കുടുംബ നിയമങ്ങളുടെ പൊതു ഉദ്ദേശ്യങ്ങളെയും ലക്ഷ്യങ്ങളെയും മുന്‍നിര്‍ത്തി മാവര്‍ദിയുടെ അഹ്കാമുസ്സുല്‍ത്വാനിയ്യയിലെ പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കി ഇബ്‌നു ആശൂര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ നാഗരികതയുടെയും സംഘബോധത്തിന്റെയും അടിസ്ഥാന ഘടകം കുടുംബ വ്യവസ്ഥയാണ്. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും പരിഗണിക്കുകയെന്നത് മനുഷ്യരുടെ മുഴുവന്‍ നന്മ ഉദ്ദേശിക്കുന്ന പൊതുലക്ഷ്യമായി ശരീഅത്ത് പരിഗണിക്കുന്നു. ദൈവിക വെളിപാടുകളുടെ അടിസ്ഥാനത്തില്‍ മനുഷ്യ നാഗരികതയെ നിര്‍മിക്കുന്നതില്‍ ഒന്നാമതായി പരിഗണിക്കപ്പെട്ട കാര്യവും ഇതാണ്. വംശപരമ്പരയിലും രക്തബന്ധങ്ങളിലും സംശയങ്ങളും സങ്കീര്‍ണതകളും ഇല്ലാതാക്കാനുള്ള നിയമങ്ങള്‍ നടപ്പാക്കി. അത് നാഗരികതയുടെ വളര്‍ച്ചക്കും വികാസത്തിനും അനിവാര്യമാണ്. മനുഷ്യബന്ധങ്ങളും വംശപരമ്പരകളും സംരക്ഷിക്കുന്നതിന് ശരീഅത്ത് വലിയ പരിഗണനകള്‍ നല്‍കുന്നു (മഖാസ്വിദുശ്ശരീഅ അല്‍ഇസ്‌ലാമിയ്യ- ത്വാഹിറുബ്‌നു ആശൂര്‍)
നാഗരികതയുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന കുടുംബ ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിനാണ് ഇസ്‌ലാം വിവാഹം നിയമമാക്കിയത്. വംശപരമ്പര നിലനിര്‍ത്തുക, രക്തബന്ധങ്ങളും ശാഖാ ബന്ധങ്ങളും സംരക്ഷിക്കുക തുടങ്ങിയ പ്രത്യേക ലക്ഷ്യങ്ങള്‍ക്കായുള്ള നിയമങ്ങള്‍ നടപ്പാക്കപ്പെടുന്നത് കുടുംബ ബന്ധങ്ങളുടെ സംരക്ഷണമെന്ന അടിസ്ഥാന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായാണ്. നേരിട്ടും വിവാഹം വഴിയും സ്ഥാപിതമാകുന്ന ബന്ധങ്ങള്‍, അവയില്‍ വിവാഹം ചെയ്യാന്‍ പാടില്ലാത്തവരും വിവാഹം കഴിക്കാവുന്നവരും നിര്‍ണയിക്കപ്പെടുന്നത് ഇവയെല്ലാം വംശ സംരക്ഷണത്തിനൊപ്പം ബന്ധങ്ങളിലെ പവിത്രതയും പരസ്പര ബഹുമാനവും നിലനിര്‍ത്താന്‍ കൂടിയാണ്. മാതൃത്വം, പിതൃത്വം, ഉത്തരവാദിത്തബോധമുള്ള സന്താനങ്ങള്‍, സഹോദര ബന്ധങ്ങള്‍ എല്ലാം രൂപപ്പെടുത്താനുതകുന്ന നിയമങ്ങള്‍ ശരീഅത്തിലു്. ഇവ നടപ്പിലാക്കുന്നത് അടിസ്ഥാനപരമായി കുടുംബമെന്ന കോട്ടയെ സുരക്ഷിതവും ശക്തവുമായി നിലനിര്‍ത്താനാണ്. പിതാവ്, പുത്രന്‍, സഹോദരന്‍ എന്നീ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ണിതാവകാശികളെയും(ഫറള) ശിഷ്ടാവകാശികളെയും (അസ്വബ) വേര്‍തിരിക്കുന്നതിലൂടെ കുടുംബത്തിലെ കൈകാര്യങ്ങളെ കുറിച്ച അടിസ്ഥാന ഉദ്ദേശ്യങ്ങള്‍കൂടി വ്യക്തമാക്കപ്പെടുന്നുണ്ട്.
കുടുംബ ബന്ധങ്ങളുടെ സംരക്ഷണത്തിനും നിലനില്‍പ്പിനും ശരീഅത്ത് നടപ്പിലാക്കിയ വിധികള്‍ ചില മേഖലകളില്‍ കേന്ദ്രീകൃതമാണെന്നു കാണാം. വിവാഹം, അതിലൂടെയുണ്ടാകുന്ന ബന്ധങ്ങള്‍ (ആസ്വിറതുന്നികാഹ്), വംശകുടുംബ പരമ്പരകള്‍, അവയിലൂടെ രൂപപ്പെടുന്ന ബന്ധങ്ങള്‍ (ആസ്വിറത്തുല്‍ ഖറാബ), ഇണയുടെ കുടുംബവുമായുള്ള ബന്ധങ്ങള്‍ (ആസ്വിറത്തുസ്വിഹ്ര്‍) എന്നീ മേഖലകളിലാണ് ഇവിടെ വിധികള്‍ കേന്ദ്രീകരിക്കപ്പെടുന്നത്. ഇത്തരം ബന്ധങ്ങളുടെ രൂപപ്പെടല്‍, നിലനില്‍പ്പ്, പിരിയല്‍, ഇവയില്‍ പാലിക്കേണ്ട മര്യാദകള്‍, പരിധികള്‍ എല്ലാമാണ് കുടുംബവുമായി ബന്ധപ്പെട്ട ശരീഅത്ത് വിധികള്‍. ഇത്തരം വിധികളില്‍ നിര്‍ബന്ധമായി കല്‍പ്പിക്കുന്നവ, അഭികാമ്യവും പ്രോത്സാഹിപ്പിക്കപ്പെട്ടതുമായവ, ധാര്‍മികവും സദാചാരപരവുമായവ, ആത്മീയവും മാനസികവുമായവ തുടങ്ങിയ കാര്യങ്ങളെല്ലാമുണ്ട്. ഇവയെല്ലാം അതിന്റേതായ തോതിലും സാഹചര്യങ്ങളിലും പരിഗണിക്കപ്പെടുമ്പോള്‍ മാത്രമേ കുടുംബജീവിതം കൊണ്ട് ഇസ്‌ലാമിക ശരീഅത്ത് ലക്ഷ്യമാക്കുന്ന കാര്യങ്ങള്‍ സഫലീകരിക്കാനാവൂ.
വിധികള്‍ നടപ്പിലാക്കുക മാത്രമല്ല അവയുടെ ധാര്‍മിക-സദാചാര-ആത്മീയ-മാനസിക പ്രയോജനങ്ങളും/ഉപദ്രവങ്ങള്‍ തടയലും കൂടി പരിഗണിക്കപ്പെടുമ്പോഴാണ് നിയമങ്ങളുടെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുക. ഉസ്താദ് മൗദൂദി 'പര്‍ദ' എന്ന പുസ്തകത്തിലും തഫ്ഹീമുല്‍ ഖുര്‍ആന്‍ സൂറത്തുന്നൂറിന്റെ വ്യാഖ്യാനത്തിലും ഈ യാഥാര്‍ഥ്യം ഊന്നിപ്പറഞ്ഞതായി കാണാം. സമൂഹത്തില്‍ കുടുംബവും അതിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകളും സംരക്ഷിക്കപ്പെടാന്‍ സ്ത്രീ-പുരുഷ ബന്ധത്തിലും ഇടപഴകലുകളിലും ചില മറകളും മര്യാദകളും ആവശ്യമുണ്ട്. അതാണ് 'പര്‍ദ.' അതിന് ചില പ്രത്യക്ഷ രൂപങ്ങളുണ്ട്. ദൃഷ്ടികളുടെ നിയന്ത്രണം (ഗള്ളുല്‍ ബസ്വര്‍), പരസ്പരം ആകര്‍ഷിക്കുന്ന സംസാരങ്ങളും കൊഞ്ചിക്കുഴയലുകളും ഇല്ലാതിരിക്കല്‍ (വലാ തഖഌഅ്‌ന ബില്‍ ഖൗല്‍), മാന്യമായ സംസാരം, വസ്ത്രങ്ങളിലും സൗന്ദര്യം വെളിവാക്കലിലുമുള്ള നിയന്ത്രണങ്ങള്‍ ഇവയെല്ലാം പ്രത്യക്ഷ രൂപങ്ങളാണ്. ഇതിനപ്പുറം, ഓരോ വിശ്വാസിയെയും വിശ്വാസിനിയെയും തങ്ങളുടെ വിശുദ്ധിയും സദാചാരവും സംരക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ആന്തരികമായ ഒരു മറയുണ്ട്. അതാണ് 'പര്‍ദ'യുടെ അടിസ്ഥാനരൂപം. ആത്മീയവും മാനസികവുമായ ഈയൊരു മറ വളര്‍ത്താനുതകുന്ന ധാരാളം നിയമങ്ങള്‍ ഇസ്‌ലാമിലുണ്ട്. ഇത്തരമൊരു മറ ഇല്ലാതാക്കപ്പെടുന്നത് എങ്ങനെയെന്ന് ഉര്‍ദു കലാ-സാഹിത്യ രംഗത്തെ അശ്ലീലതയുടെ കടന്നുവരവിനെയും മറ്റും ഉദാഹരിച്ചുകൊ് സയ്യിദ് മൗദൂദി സവിശദം വിവരിക്കുന്നുണ്ട്.
സൈനബി(റ)നെ പ്രവാചകന്‍ വിവാഹം ചെയ്ത സംഭവം പ്രതിപാദിക്കുന്ന സൂറത്തുല്‍ അഹ്‌സാബിനെയും പ്രവാചക പത്‌നി ആഇശക്കെതിരെയുണ്ടായ 'ഇഫ്ക്' സംഭവം പരാമര്‍ശിക്കുന്ന സൂറത്തുന്നൂറിനെയും മുന്നില്‍ വെച്ച് ഉസ്താദ് മൗദൂദി നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. സൂറത്തുന്നൂറിന്റെ ആമുഖത്തില്‍ അദ്ദേഹം പറയുന്നു: ''മുസ്‌ലിംകളെ അവര്‍ മികച്ചുനിന്നിരുന്ന ധാര്‍മികരംഗത്ത് പരാജിതരാക്കാനായിരുന്നു കപടവിശ്വാസികളുടെ ശ്രമം. ധാര്‍മികരംഗത്തെ അവരുടെ ഈ ആക്രമണങ്ങള്‍ക്കെതിരെ ക്ഷോഭജനകമായ ഒരു പ്രഭാഷണം അവതരിപ്പിക്കുകയോ, മുസ്‌ലിംകളെ പ്രത്യാക്രമണത്തിന് പ്രേരിപ്പിക്കുകയോ അല്ല അല്ലാഹു ചെയ്തത്; പ്രത്യുത, തങ്ങളുടെ സദാചാരനിരയില്‍ എവിടെയൊക്കെ വിടവുകളുണ്ടോ അവ നികത്താനും ആ നിരയെ കൂടുതല്‍ ഭദ്രമാക്കാനും ഉപദേശിക്കുകയാണ്്.'' തുടര്‍ന്ന് ഈ രണ്ട് സൂറകളുടെയും അവതരണപശ്ചാത്തലവും അതിലൂടെ കുടുംബവുമായും ബന്ധങ്ങളുമായും വിശ്വാസികളിലുണ്ടാകണമെന്ന് അല്ലാഹു ആഗ്രഹിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്. അഹ്‌സാബ് അധ്യായത്തില്‍ സൈനബ് വിഷയത്തില്‍ അതിന് മറുപടിയെന്നതിലുപരി പ്രവാചക പത്‌നിമാരുമായി ബന്ധപ്പെട്ട് പുലര്‍ത്തേണ്ട ചില ധാര്‍മിക കാര്യങ്ങളാണ് ഉണര്‍ത്തുന്നത്. പ്രവാചക പത്‌നിമാര്‍ വീടുകളില്‍നിന്ന് പുറത്തുപോകുമ്പോഴും ആളുകളോട് സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും പുലര്‍ത്തേണ്ട മര്യാദകള്‍, സ്വഹാബികളും മറ്റും അവരോട് ഇടപഴകുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍, പര്‍ദ ധരിക്കുന്നതുമായി ബന്ധപ്പെട്ട അധ്യാപനങ്ങള്‍ ഇവയെല്ലാമാണ് ഇവിടെ വിവരിക്കുന്നത്.
സൂറത്തുന്നൂറില്‍ ഹസ്രത്ത് ആഇശക്കെതിരായ ആരോപണങ്ങളും മറ്റുമാണല്ലോ പ്രതിപാദ്യം. വ്യഭിചാരം, വിവാഹബന്ധത്തില്‍ ദുര്‍നടപ്പുകാരായ സ്ത്രീപുരുഷന്മാരോട് സ്വീകരിക്കേണ്ട നിലപാടുകള്‍, വ്യഭിചാരാരോപണം, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ സാക്ഷികളില്ലാത്ത വ്യഭിചാരാരോപണം (ലിആന്‍), സദ്‌വൃത്തരെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ പുലര്‍ത്തേണ്ട സൂക്ഷ്മത, പരസ്പരം സദ്വിചാരം പുലര്‍ത്തല്‍, സമൂഹത്തില്‍ അശ്ലീലതയും അധാര്‍മികതയും പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കല്‍, വീടുകളില്‍ പ്രവേശിക്കുമ്പോഴുള്ള മര്യാദകള്‍, സ്ത്രീപുരുഷന്മാരുടെ ദൃഷ്ടി നിയന്ത്രണം, അലങ്കാരപ്രദര്‍ശനത്തിന്റെ നിയമങ്ങള്‍, പുറത്തിറങ്ങുമ്പോള്‍ പൊതുവില്‍ പാലിക്കേണ്ട ചട്ടങ്ങള്‍, വിവാഹത്തെ പ്രോത്സാഹിപ്പിക്കല്‍, അവിവാഹിതരെ സഹായിക്കാനുള്ള പ്രേരണ, അടിമ സ്ത്രീകളുമായി ബന്ധപ്പെട്ട വിധികള്‍, വീട്ടില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ വീട്ടിലുള്ളവര്‍തന്നെ പരസ്പരം സ്വകാര്യതയും മറകളും പാലിക്കല്‍, മറ്റു വീടുകളില്‍നിന്നുള്ള ഭോജനം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ വിവരിക്കപ്പെടുന്നത്.
ഇക്കാര്യങ്ങള്‍ വിവരിച്ച ശേഷം മൗലാനാ മൗദൂദി തുടരുന്നു: ''ഈ സമൂഹത്തില്‍ യഥാര്‍ഥ സത്യവിശ്വാസികള്‍ ആരെന്നും കപടവിശ്വാസികള്‍ ആരെന്നും ഓരോ മുസല്‍മാനും അറിയത്തക്ക രൂപത്തില്‍ ഇരുവിഭാഗത്തിന്റെയും പ്രത്യക്ഷ അടയാളങ്ങളെല്ലാം ആ നിര്‍ദേശങ്ങളോടൊപ്പം വ്യക്തമാക്കപ്പെട്ടു. മറുവശത്ത് മുസ്‌ലിംകളുടെ സംഘടനാവ്യവസ്ഥയെ, അഥവാ ഏതൊരു ശക്തിയോടുള്ള വിദ്വേഷം കാരണമായി സത്യനിഷേധികളും കപടവിശ്വാസികളും കുഴപ്പങ്ങള്‍ കുത്തിപ്പൊക്കിക്കൊണ്ടിരുന്നുവോ ആ ശക്തിയെ കൂടുതല്‍ സുദൃഢവും സുശക്തവുമാക്കാനുതകുന്ന ചില നിയമചട്ടങ്ങള്‍ ആവിഷ്‌കരിക്കപ്പെടുകയും ചെയ്തു. അടിസ്ഥാനരഹിതവും ലജ്ജാവഹവുമായ ആരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോഴുണ്ടാകാറുള്ള കാര്‍ക്കശ്യം സൂറത്തുന്നൂറിലൊരിടത്തും കാണപ്പെടുന്നില്ല എന്നതാണ് പ്രതിപാദനത്തിലുടനീളം പ്രകടമായിക്കാണുന്ന സവിശേഷത....
''ഈ അധ്യായം അവതരിച്ച പശ്ചാത്തലത്തെക്കുറിച്ച് ഒന്നാലോചിക്കുക; അതേയവസരം, അധ്യായത്തിന്റെ ഉള്ളടക്കവും ആഖ്യാനരീതിയും നോക്കുക. ഇത്രയും ക്ഷോഭജനകമായ അന്തരീക്ഷത്തില്‍ പോലും എത്ര സമചിത്തതയോടെയാണ് നിയമനിര്‍മാണം നടത്തുന്നത്; സംസ്‌കരണ ശാസനകളും താത്ത്വിക നിര്‍ദേശങ്ങളും ശിക്ഷണോപദേശങ്ങളും നല്‍കുന്നത്! അത്യന്തം വിക്ഷുബ്ധമായ ഘട്ടങ്ങളില്‍ പോലും കുഴപ്പങ്ങളെ നേരിടുന്നതില്‍ ആത്മനിയന്ത്രണവും സമചിത്തതയും യുക്തിദീക്ഷയും മാന്യതയും പാലിക്കണമെന്ന പാഠം മാത്രമല്ല ഇതില്‍നിന്ന് ലഭിക്കുന്നത്.........'' (തഫ്ഹീമുല്‍ ഖുര്‍ആന്‍- സൂറത്തുന്നൂര്‍ ആമുഖം)
കുടുംബവുമായി ബന്ധപ്പെട്ട ധാര്‍മികവും സദാചാരപരവുമായ വിധികള്‍ നല്‍കുമ്പോള്‍ ഖുര്‍ആന്‍ പ്രത്യേകമായി ഊന്നുന്ന കാര്യമാണ് സമൂഹത്തില്‍ അശ്ലീലതകളും മ്ലേഛതകളും പരത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നത്. കാരണം തെറ്റുകളോടുള്ള അകല്‍ച്ച ഇല്ലാതാക്കുന്ന തരത്തില്‍ തെറ്റുകളും കുറ്റങ്ങളും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് സദാചാരത്തിന്റെ മറ പൊളിക്കാന്‍ കാരണമാക്കും. തെറ്റിലേക്കുള്ള മാര്‍ഗങ്ങള്‍ തടയുന്നത് ശരീഅത്തിന്റെ ഒരു അടിസ്ഥാനമായി വരാനുള്ള കാരണവുമിതാണ്. ഇഫ്ക് സംഭവത്തെ കുറിച്ച വിവരണം അല്ലാഹു അവസാനിപ്പിക്കുന്നത് ഈ യാഥാര്‍ഥ്യം പരാമര്‍ശിച്ചുകൊണ്ടാണ്: ''സത്യവിശ്വാസികളുടെ സമാജത്തില്‍ അശ്ലീലം പരത്താനാഗ്രഹിക്കുന്നവര്‍ ഇഹത്തിലും പരത്തിലും നോവേറിയ ശിക്ഷക്കര്‍ഹരാകുന്നു'' (അന്നൂര്‍ 19). ഇത്തരം കാര്യങ്ങള്‍ പറഞ്ഞുപരത്തുന്നവര്‍ ശരീഅത്ത് വിധികളെ അവഗണിക്കുക മാത്രമല്ല, തങ്ങളുടെ അധാര്‍മികതയോടുള്ള ആഭിമുഖ്യം വെളിപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. ഇഫ്ക് സംഭവത്തിന്റെ വിശദീകരണത്തിനിടെ മൗലാനാ മൗദൂദി ഇക്കാര്യം എടുത്തു പറയുന്നു്: ''ഇവിടെ ഒരു കാര്യം സൂക്ഷ്മമായി മനസ്സിലാക്കേണ്ടതുണ്ട്. ആഇശ(റ)യുടെ നിരപരാധിത്വം തെളിയിക്കുന്നതിനു മുമ്പ് ഒരു ഖണ്ഡിക മുഴുവന്‍ വ്യഭിചാരത്തിന്റെയും വ്യാജാരോപണത്തിന്റെയും ശാപപ്രാര്‍ഥനയുടെയും വിധികള്‍ വിവരിച്ചുകൊണ്ട്, വ്യഭിചാരാരോപണം സദസ്സില്‍വെച്ച് വെടിപറയാനുള്ള ഒരു വിനോദോപാധിയല്ല എന്ന യാഥാര്‍ഥ്യമാണ് തെര്യപ്പെടുത്തുന്നത്. ഈ സൂക്ഷ്മമായ വസ്തുത ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. വ്യഭിചാരാരോപണം അത്യന്തം ഗുരുതരമായ വിഷയമാണ്. ആരോപകന്റെ ആരോപണം സത്യമാണെങ്കില്‍ അവന്‍ സാക്ഷികളെ ഹാജരാക്കണം. വ്യഭിചാരിക്കും വ്യഭിചാരിണിക്കും അങ്ങേയറ്റം ഭയാനകമായ ശിക്ഷ നല്‍കപ്പെടും. ഇനി അത് വ്യാജമാണെങ്കില്‍ ആരോപകന്റെ മുതുകില്‍ എണ്‍പത് അടി വീഴുന്നതാണ്. മേലില്‍ അവന്‍ മാത്രമല്ല, മറ്റാരുംതന്നെ അതിന് ധൈര്യപ്പെടാതിരിക്കാന്‍. ഭര്‍ത്താവാണ് ആരോപിക്കുന്നതെങ്കില്‍ കോടതിയില്‍ ലിആന്‍ ചെയ്തുകൊണ്ട് പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. ഈ വിഷയം പറഞ്ഞുകൊണ്ട് ആര്‍ക്കും സുഖമായിട്ടിരിക്കാന്‍ കഴിയില്ല. കാരണം, ലോകത്ത് നന്മ നിലനിര്‍ത്താന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട മുസ്‌ലിം സമൂഹമാണിത്. അതില്‍ വ്യഭിചാരകര്‍മം ഒരു ലീലാവിലാസമല്ല; അത് വെടിവെട്ടത്തിന് ഹരംപകരേണ്ട വിഷയവുമല്ല'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, സൂറത്തുന്നൂര്‍-വ്യാഖ്യാനക്കുറിപ്പ് 8).
ഖുര്‍ആനില്‍ കുടുംബവുമായി ബന്ധപ്പെട്ട് വന്ന വിധികളിലെ ചില പ്രയോഗങ്ങളെ മുന്‍നിര്‍ത്തി ആധുനിക പണ്ഡിതന്മാര്‍ വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങളെ വിശദമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ദാമ്പത്യം കൊണ്ടും ദാമ്പത്യബന്ധങ്ങള്‍ കൊണ്ടും ഇസ്‌ലാം മനുഷ്യജീവിതത്തില്‍ ഉണ്ടാകണമെന്നാഗ്രഹിക്കുന്ന അടിസ്ഥാനലക്ഷ്യങ്ങളും നന്മകളും ഈ പ്രയോഗങ്ങള്‍ മനസ്സിലാക്കുന്നതിലൂടെ ഗ്രഹിക്കാനാകും.
ഇഹ്‌സ്വാന്‍, ഇഫ്ഫത്ത്
വിശുദ്ധ ഖുര്‍ആനില്‍ വിവാഹവുമായി ബന്ധപ്പെട്ട വിധികളും നിയമങ്ങളും പറയുന്ന ആയത്തുകളില്‍ പ്രയോഗിക്കുന്ന ഒരു വാക്കാണ് 'ഇഹ്‌സ്വാന്‍'. സുരക്ഷിതത്വം, സംരക്ഷണം എന്നെല്ലാമാണ് ഇതിന്റെ വാക്കര്‍ഥം. സദാചാരനിഷ്ഠ എന്നും അര്‍ഥം പറയാം. മനുഷ്യന്റെ സദാചാര സംരക്ഷണം, തെറ്റുകളില്‍നിന്നുള്ള സംരക്ഷണം എന്നിവ വിവാഹത്തിലൂടെ ശരീഅത്ത് ലക്ഷ്യമാക്കുന്നുവെന്നാണ് ഈ പദം വിവാഹത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതിലൂടെ അര്‍ഥമാക്കുന്നത്. പരിശുദ്ധി എന്ന് അര്‍ഥം പറയാവുന്ന 'ഇഫ്ഫത്ത്' എന്ന പദവും സമാന അര്‍ഥത്തില്‍ ഉപയോഗിക്കാറുണ്ട് (മുഫ്‌റദാത്തു അല്‍ഫാളില്‍ ഖുര്‍ആന്‍- റാഗിബ്). വിവാഹം കഴിക്കുന്നതിലൂടെ പരിശുദ്ധി നേടിയെടുക്കാം. പല കാരണങ്ങളാല്‍ വിവാഹം കഴിക്കാന്‍ സാധിക്കാത്തവര്‍ തഖ്‌വ കൊണ്ടും നോമ്പു കൊണ്ടുമെല്ലാം 'ഇഫ്ഫത്ത്' സംരക്ഷിക്കാന്‍ ശ്രമിക്കണമെന്ന് അല്ലാഹുവും അവന്റെ പ്രവാചകനും ഓര്‍മിപ്പിക്കുന്നുണ്ട്. ''വിവാഹം കഴിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്തവര്‍, അല്ലാഹു അവന്റെ ഔദാര്യത്താല്‍ ക്ഷേമം നല്‍കുന്നതുവരെ സദാചാരം സംരക്ഷിച്ചു ജീവിക്കേണ്ടതാകുന്നു'' (അന്നൂര്‍ 33). ഇവിടെ വിശ്വാസികള്‍ക്ക് തങ്ങളുടെ സദാചാരവും പാതിവ്രത്യവും സൂക്ഷിക്കാനാവുക എന്നതാണ് വിവാഹത്തിലൂടെ അല്ലാഹു ലക്ഷ്യം വെക്കുന്നതെന്ന് മനസ്സിലാക്കാം.
'ഇഹ്‌സ്വാന്‍' എന്നതിന് കോട്ട എന്ന അര്‍ഥമുണ്ട്. സുരക്ഷയും പരസ്പര പരിരക്ഷയുമെല്ലാം കോട്ട എന്ന വാക്കില്‍ അന്തര്‍ലീനമാണ്. ഇതിലൂടെ വിവാഹത്തിനും കുടുംബ നിയമങ്ങള്‍ക്കും സമൂഹത്തിന്റെ സുരക്ഷ, നിലനില്‍പ്പ് എന്നീ ലക്ഷ്യങ്ങള്‍ കൂടിയുണ്ടെന്ന് മനസ്സിലാക്കാം. മനുഷ്യവംശത്തിന്റെ നിലനില്‍പ്പും ഇവിടെ ഉദ്ദേശ്യമാണ്. സ്ത്രീപുരുഷ ബന്ധത്തെ കുറിച്ച് പറയുന്ന സന്ദര്‍ഭത്തില്‍ 'നിങ്ങള്‍ നിങ്ങളുടെ ഭാവിയെ കുറിച്ച് ചിന്തിക്കണം' (അല്‍ബഖറ 223) എന്ന് പറയുന്നത് മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെ സൂചിപ്പിച്ചുകൊണ്ടാണെന്ന് ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കുടുംബസംസ്‌കരണവും സന്താനങ്ങളുടെയും ബന്ധുക്കളുടെയും സംസ്‌കരണവുമൊക്കെ കുടുംബ നിയമങ്ങളുടെ ലക്ഷ്യമാണെന്ന കാര്യവും 'ഇഹ്‌സ്വാന്‍' എന്നതിന്റെ വിശാലാര്‍ഥത്തില്‍ വരുന്നു. തങ്ങളെയും തങ്ങളുടെ കുടുംബങ്ങളെയും നരകത്തില്‍നിന്ന് രക്ഷിക്കല്‍ വിശ്വാസികളുടെ കടമയാണെന്ന അധ്യാപനം ഇവിടെയാണ് വരുന്നത്. ഈ ലോകത്തും പരലോകത്തുമുള്ള സുരക്ഷയാണല്ലോ വിശ്വാസികളുടെ സുരക്ഷ (ഇഹ്‌സ്വാന്‍). ''വിശ്വസിച്ചവരേ, നിങ്ങളെയും കുടുംബാദികളെയും നരകാഗ്നിയില്‍നിന്ന് രക്ഷിക്കുവിന്‍. അതിന്റെ വിറക് മനുഷ്യരും കല്ലുകളുമാകുന്നു'' (അത്തഹ്‌രിം 6).
ഇഹ്‌സ്വാന്‍ എന്ന പ്രയോഗത്തില്‍ ആരോഗ്യകരമായ ലൈംഗിക ബന്ധം, രോഗങ്ങളില്‍നിന്നുള്ള മുക്തി എന്നീ ആശയങ്ങളും ഉള്‍പ്പെടുന്നുണ്ട്. മനുഷ്യന്റെ ജൈവിക വികാരങ്ങളെ നിയമവിധേയമാക്കണമെന്നാണ് ഇസ്‌ലാമിക ശരീഅത്ത് ഉദ്ദേശിക്കുന്നത്. അപ്പോള്‍ ആരോഗ്യകരമായ ലൈംഗികതയും ഇസ്‌ലാമിലെ കുടുംബ നിയമങ്ങളുടെ ലക്ഷ്യമായി നിര്‍ണയിക്കപ്പെടുന്നു.
സുകൂന്‍
അല്ലാഹു മനുഷ്യരെ ഇണകളായി സൃഷ്ടിച്ചത് അവര്‍ പരസ്പരം താങ്ങും തണലുമായി 'സുകൂനോ'ടുകൂടി കഴിയാനാണെന്ന് പറയുന്നുണ്ട് ഖുര്‍ആന്‍ (അര്‍റൂം 21). ഇവിടെ 'സുകൂന്‍' മനഃശാന്തിയെയും സമാധാനത്തെയുമാണ് സൂചിപ്പിക്കുന്നത്. ഈ വാക്കില്‍നിന്ന് നിഷ്പന്നമായ ഒരു വാക്ക് (മസ്‌കന്‍) അറബിയില്‍ വീടിന് പ്രയോഗിക്കുന്നത്, ആളുകള്‍ക്ക് സമാധാനവും ശാന്തിയും ആശ്വാസവും നല്‍കുന്ന ഇടം എന്ന അര്‍ഥത്തിലാണ്. ഇതെല്ലാം കുടുംബം, ഇണയാക്കല്‍ എന്നീ പ്രക്രിയകളില്‍ ശരീഅത്ത് ലക്ഷ്യമാക്കിയിട്ടുണ്ടെന്നാണ് ഈ വാക്യം സൂചിപ്പിക്കുന്നത്. മൗലാനാ മൗദൂദി ഈ വാക്യത്തെ വിശദീകരിക്കുന്നു: ''ഈ സംവിധാനം കേവലം ഉദ്ദേശ്യരഹിതമായി, യാദൃഛികമായി ഉണ്ടായതല്ല; പുരുഷന്റെ പ്രകൃതിപരമായ താല്‍പര്യങ്ങള്‍ സ്ത്രീയിലൂടെയും സ്ത്രീയുടെ പ്രകൃതിപരമായ ആവശ്യങ്ങള്‍ പുരുഷനിലൂടെയും നിവര്‍ത്തിക്കപ്പെടുകയും ഇരുകൂട്ടരും ബന്ധപ്പെട്ട് ശാന്തി തേടുകയും ചെയ്യണം എന്ന ലക്ഷ്യത്തോടെ നിര്‍മാതാവ് ഉദ്ദേശ്യപൂര്‍വം ഉണ്ടാക്കിയതാണ്. ഇതേ യുക്തിബന്ധുരമായ പദ്ധതിയാണ് സ്രഷ്ടാവ് ഒരുവശത്ത് മനുഷ്യവംശത്തിന്റെ നിലനില്‍പിന്റെയും മറുവശത്ത് മനുഷ്യസംസ്‌കാരത്തിന്റെയും നാഗരികതകളുടെയും ഉപാധികളായും വിവരിച്ചിട്ടുള്ളത്. ഈ രണ്ട് വര്‍ഗങ്ങളും വെവ്വേറെ ഡിസൈനുകളില്‍ നിര്‍മിക്കപ്പെടുകയും അവയ്ക്കിടയില്‍ പരസ്പരം ചേരാനും ബന്ധപ്പെടാനുമുള്ള പ്രവണത നിഷേധിക്കപ്പെടാതിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ മനുഷ്യന്റെ വംശവര്‍ധനവ് കേവലം കാലികളെപ്പോലെ തുടര്‍ന്നുവരുമായിരുന്നെങ്കിലും വല്ലവിധത്തിലുമുള്ള സംസ്‌കാരവും നാഗരികതയും വളര്‍ന്നുവരാന്‍ ഒരു സാധ്യതയും ഉണ്ടാകുമായിരുന്നില്ല. അതായത്, സ്രഷ്ടാവ് തന്റെ യുക്തിയിലൂടെ പുരുഷനിലും സ്ത്രീയിലും പരസ്പരം ആകര്‍ഷണവും ഒരു വര്‍ഗത്തില്‍ മറ്റേ വര്‍ഗത്തോട് ചേരാനുള്ള ദാഹവും നിക്ഷേപിക്കുകയും, ആകര്‍ഷണവും ദാഹവും പൂര്‍ത്തീകരിക്കപ്പെട്ടുകൊണ്ട് പരസ്പരം ഇണകളായി വര്‍ത്തിച്ചില്ലെങ്കില്‍ ശാന്തി നേടുക അസാധ്യമാകുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു എന്നതുതന്നെയാണ് ഇതര ജീവികളില്‍നിന്ന് ഭിന്നമായി മനുഷ്യനില്‍ സംസ്‌കാരവും നാഗരികതയും ഉടലെടുക്കാനുള്ള അടിസ്ഥാനപരമായ കാരണം. സമാധാനത്തിനു വേണ്ടിയുള്ള ഈ ദാഹം അവരെ കൂടിച്ചേര്‍ന്ന് 'വീടുണ്ടാക്കാന്‍' നിര്‍ബന്ധിച്ചു. അതുവഴി കുടുംബങ്ങളും ഗോത്രങ്ങളും നിലവില്‍വന്നു. അങ്ങനെ മനുഷ്യജീവിതത്തില്‍ നാഗരികത വളര്‍ന്നു. ഈ വളര്‍ച്ചയെ അവന്റെ ധൈഷണിക യോഗ്യതകള്‍ തീര്‍ച്ചയായും സഹായിച്ചിട്ടുണ്ട്. എങ്കിലും അതിന്റെ മൗലിക ചാലകം അതല്ല. മൗലിക ചാലകം, സ്ത്രീയുടെയും പുരുഷന്റെയും അസ്തിത്വത്തില്‍ നിക്ഷിപ്തമായ, അവരെ വീടുണ്ടാക്കാന്‍ നിര്‍ബന്ധിച്ച ആ നൈസര്‍ഗികമായ സുരക്ഷാദാഹമാണ്'' (തഫ്ഹീമുല്‍ ഖുര്‍ആന്‍).
മവദ്ദത്ത്, റഹ്മത്ത്
മുകളില്‍ പരാമര്‍ശിച്ച ആയത്തില്‍ (അര്‍റൂം 21) സമാധാനത്തോടെ വസിക്കുന്ന സംവിധാനമുണ്ടാകാന്‍ അല്ലാഹു മനുഷ്യരില്‍ നിക്ഷേപിച്ച രണ്ട് പ്രധാന ഗുണങ്ങളാണ് മവദ്ദത്ത് (സ്‌നേഹം), റഹ്മത്ത് (കാരുണ്യം) എന്നിവ. ഇത് പ്രസ്തുത ആയത്തില്‍തന്നെ തുടര്‍ന്ന് സൂചിപ്പിക്കുന്നുണ്ട്. ഉന്നത ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമായാണ് ഇവിടെ ഈ രണ്ട് ഗുണങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നത്. സ്‌നേഹം, കാരുണ്യം എന്നിവ ഇണകള്‍ക്കിടയിലുണ്ടാവുകയെന്നത് ദാമ്പത്യത്തിന്റെ ഉപലക്ഷ്യങ്ങളാണ് എന്നും പറയാവുന്നതാണ്. കാരണം ചില കാര്യങ്ങള്‍ ഉന്നത ലക്ഷ്യത്തിലേക്കുള്ള മാര്‍ഗങ്ങളായിരിക്കെത്തന്നെ സ്വയം ലക്ഷ്യമായും പരിഗണിക്കപ്പെടാറുണ്ട്. തത്ത്വശാസ്ത്രപരമായി തന്നെ അതിന് ന്യായങ്ങളുണ്ട് (വിശ്വാസിയുടെ ജീവിതലക്ഷ്യം-ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി).
ഇവിടെ ഊന്നിപ്പറയുന്ന സ്‌നേഹം, കാരുണ്യം എന്നീ ഗുണങ്ങള്‍ കുടുംബവുമായി ബന്ധപ്പെട്ട് ഇസ്‌ലാം നിയമമാക്കിയിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാന ലക്ഷ്യമായികൂടി മനസ്സിലാക്കാവുന്നതാണ്. ജീവിതത്തിന്റെ മുന്നോട്ടുപോക്കിന് ഈ രണ്ട് ഗുണങ്ങളും അനിവാര്യമാണ്. തുടക്കത്തില്‍ സ്‌നേഹവും പ്രേമവും മുന്തിനില്‍ക്കുകയും അതിനനുസരിച്ച് പരസ്പരം ഇണകള്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യും. എന്നാല്‍ കാരുണ്യമെന്ന ഗുണം അവരെ മറ്റൊരു തരത്തില്‍ പരസ്പരം ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇണകള്‍ തമ്മിലുള്ള കാരുണ്യമാണ് വാര്‍ധക്യത്തിലും പരസ്പരബന്ധം ഹൃദ്യമായി നിലനിര്‍ത്തുന്നത്.
ഇവിടെ 'മവദ്ദത്ത്' കൊണ്ടുദ്ദേശിച്ചിട്ടുള്ളത് ലൈംഗികാകര്‍ഷണമാണ്. അതാണ് സ്ത്രീയിലും പുരുഷനിലും വികാരത്തിന്റെയും പരസ്പര ദാഹത്തിന്റെയും പ്രഥമ ചലനം സൃഷ്ടിക്കുന്നതും പിന്നെ ഇരുവരെയും പരസ്പരം ചേര്‍ക്കുന്നതും. ദാമ്പത്യജീവിതത്തില്‍ ക്രമേണ വളര്‍ന്നുവരുന്ന ആത്മബന്ധമാണ് 'കാരുണ്യം'. അതുവഴിയാണ് ദമ്പതികള്‍ പരസ്പരം ഗുണകാംക്ഷയുള്ളവരും സഹാനുഭൂതിയുള്ളവരും സുഖദുഃഖങ്ങളില്‍ തുല്യപങ്കാളികളും ആയിത്തീരുന്നത്. ഇവിടം മുതല്‍ ദമ്പതികള്‍ക്കിടയില്‍ ലൈംഗികസ്‌നേഹത്തെ പിന്നോട്ടുതള്ളുന്ന ഒരു നില കൈവരുന്നു. വാര്‍ധക്യത്തില്‍ ജീവിതപങ്കാളികള്‍ യുവത്വത്തിലുണ്ടായിരുന്നതിനേക്കാള്‍ പരസ്പര കനിവും കരുണയുമുള്ളവരായിത്തീരുന്നു. നേരത്തേ പറഞ്ഞപോലെ, ആ പ്രാഥമിക ദാഹത്തിന്റെ സഹായത്താല്‍ സ്രഷ്ടാവ് മനുഷ്യന്റെ അന്തരംഗത്ത് സൃഷ്ടിച്ച രണ്ട് വികാരങ്ങളാണിത്. ആ ദാഹം കേവലം ശാന്തിക്കു വേണ്ടിയുള്ളതാണ്. അതിന്റെ അന്വേഷണം പുരുഷനെ സ്ത്രീയിലേക്കും, സ്ത്രീയെ പുരുഷനിലേക്കും എത്തിക്കുന്നു. ഇത് പിന്നീട് അവര്‍ക്കിടയില്‍ സുസ്ഥിരമായ കനിവിന്റെയും സഖിത്വത്തിന്റെയും ബന്ധം സൃഷ്ടിക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്നുവന്ന രണ്ട് വ്യക്തികളെ കൂട്ടിച്ചേര്‍ത്ത്, ജീവിതം മുഴുവന്‍ ഒരാളുടെ നൗക അപരന്റേതുമായി കൂട്ടിക്കെട്ടി തുഴഞ്ഞുപോകുന്ന തരത്തിലുള്ള ബന്ധം സൃഷ്ടിക്കുന്നു (തഫ്ഹീമുല്‍ ഖുര്‍ആന്‍, സൂറത്തുര്‍റൂം വ്യാഖ്യാനക്കുറിപ്പ് 30).
ഇഹ്‌സാന്‍
കുടുംബ ജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരാമര്‍ശിക്കുന്നിടത്ത് ഉപയോഗിക്കുന്ന മറ്റൊരു വാക്കാണ് 'ഇഹ്‌സാന്‍'. മാതാപിതാക്കളോടുള്ള ബന്ധത്തിലാണ് ചില സ്ഥലങ്ങളില്‍ ഈ പദം കാണുക. അവരോടുള്ള ബന്ധത്തില്‍ പുലരണമെന്ന് ശരീഅത്ത് ആഗ്രഹിക്കുന്ന ഒരു ഗുണമാണ് ഇഹ്‌സാന്‍, അഥവാ നന്മയും ഉപകാരവും. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കണമെന്ന് ഉപദേശിക്കുമ്പോഴും, കുടുംബങ്ങളോടും മറ്റു ബന്ധുക്കളോടും നന്മയില്‍ വര്‍ത്തിക്കണമെന്ന് പറയുന്നിടത്തും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്.
ത്വലാഖിനെ പരാമര്‍ശിക്കുമ്പോഴും ഇഹ്‌സാന്‍ എന്ന വാക്ക് കടന്നുവരുന്നു. ''ത്വലാഖ് രണ്ടു വട്ടമാകുന്നു. അനന്തരം ഭാര്യയെ ന്യായമായ രീതിയില്‍ നിലനിര്‍ത്തുകയോ ഭംഗിയായി പിരിച്ചയക്കുകയോ ചെയ്യേണ്ടതാകുന്നു'' (അല്‍ബഖറ-229). ദാമ്പത്യത്തില്‍ മാത്രമല്ല, പിരിയുമ്പോള്‍ പോലും പരസ്പര ബഹുമാനവും നന്മയും പരിഗണനകളുമുണ്ടാകണമെന്ന് ഉണര്‍ത്തുകയാണ്. മാത്രമല്ല, കൂടുതല്‍ നന്മയിലേക്ക് എത്തുകയെന്നതാണ് ത്വലാഖ് നിയമമാക്കുന്നതിന്റെ ലക്ഷ്യമെന്നുകൂടി ഇവിടെ വ്യക്തമാക്കുന്നുണ്ട്.
മഅ്‌റൂഫ്
ഇഹ്‌സാന്‍ എന്ന വാക്കിനോട് സമാന അര്‍ഥമുള്ള വാക്കാണ് 'മഅ്‌റൂഫ്'. നേരത്തേ ത്വലാഖിനെ കുറിച്ച് പറഞ്ഞ ആയത്തില്‍ ദാമ്പത്യം നിലനിര്‍ത്തുന്നത് സൂചിപ്പിക്കാന്‍ ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല 'മുആശറത്തു ബില്‍ മഅ്‌റൂഫ്' എന്നത് കുടുംബ നിയമങ്ങളുടെ ഒരു പ്രധാന ലക്ഷ്യമാക്കി ശരീഅത്ത് നശ്ചയിച്ചിരിക്കുന്നു. ഈ വാക്ക് പ്രയോഗിച്ചിരിക്കുന്നത്, ചെറിയ സംശയമോ മുഷിപ്പോ ഉണ്ടാകുമ്പോഴേക്ക് ഭാര്യമാരെ ഒഴിവാക്കരുതെന്ന് താക്കീത് ചെയ്യാനാണ്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ അവരോട് മാന്യമായി സഹവര്‍ത്തിക്കേണ്ടതാകുന്നു'' (അന്നിസാഅ് 19). തന്റെ കുടുംബത്തോടും ബന്ധുക്കളോടും നന്നായി പെരുമാറുക, അവരെ പരിഗണിക്കുക എന്നിവയെല്ലാം മഅ്‌റൂഫ് എന്നതിന്റെ പരിധിയില്‍ വരും.
മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളില്‍ നന്മയും ഉപകാരങ്ങളും സംജാതമാക്കുകയെന്നതും പ്രയാസങ്ങള്‍ ഇല്ലാതാക്കുകയെന്നതുമാണ് ഇസ്‌ലാമിക നിയമങ്ങളുടെ അന്തസ്സത്ത. വിവാഹം, അതിലൂടെ സ്ഥാപിതമാകുന്ന രക്തബന്ധങ്ങളും കെട്ടുബന്ധങ്ങളും, ഇത്തരം ബന്ധങ്ങളുടെ ചേര്‍ക്കലും പിരിക്കലും എല്ലാം മനുഷ്യജീവിതത്തിലെ ഉപകാരങ്ങളെയും ഉപദ്രവങ്ങളെയും പരിഗണിച്ചാണ് ഉണ്ടാകുന്നത്. അല്ലാഹുവിന്റെ വിധികളും വിലക്കുകളും മാറ്റങ്ങളില്ലാത്തതാണ്. അവയുടെ ഉദ്ദേശ്യവും ലക്ഷ്യവുമെല്ലാം യഥാര്‍ഥ രീതിയില്‍ അല്ലാഹുവിനേ അറിയൂ. മനുഷ്യര്‍ക്ക് അവ പിടികിട്ടണമെന്നില്ല. അതിനാല്‍ ചില കാര്യങ്ങള്‍ നമുക്ക് പ്രശ്‌നമായി തോന്നാമെങ്കിലും അതിനപ്പുറമുള്ള ലക്ഷ്യങ്ങള്‍ അല്ലാഹു നിര്‍ണയിച്ചിട്ടുണ്ടാവും എന്ന് മനസ്സിലാക്കണം. ''ഒരു കാര്യം നിങ്ങള്‍ വെറുക്കുന്നുവെങ്കിലും അല്ലാഹു അതില്‍ ധാരാളം നന്മകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വരാം'' (അന്നിസാഅ് 19).
Comments