ഇസ്‌ലാമിക നിയമവും മനുഷ്യനിര്‍മിത നിയമവും വ്യത്യാസപ്പെടുന്നത്
ഇസ്‌ലാമിക നിയമവും മനുഷ്യനിര്‍മിത നിയമവും തമ്മിലുള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ആദ്യമായി, മനുഷ്യരുണ്ടാക്കിയ നിയമങ്ങള്‍ ഏതേത് ഘട്ടങ്ങള്‍ പിന്നിട്ടാണ് ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത് എന്ന് അറിഞ്ഞിരിക്കണം. എന്താണ് മനുഷ്യനിര്‍മിത നിയമങ്ങളുടെ ഉള്ളടക്കം? ശൈശവം തൊട്ട് ഇന്നൊരു സംസ്‌കാരവും നാഗരികതയുമായി വളര്‍ന്നെത്തുംവരെയുള്ള അതിന്റെ പ്രയാണത്തില്‍ ഏതൊക്കെ ഘടകങ്ങളാണ് പങ്കുവഹിച്ചിട്ടുള്ളത്? മറുവശത്ത് ഇസ്‌ലാമിക നിയമത്തെക്കുറിച്ചും ഇതുപോലുള്ള അന്വേഷണം ആവശ്യമാണ്. ഇസ്‌ലാമിക നിയമത്തിന്റെ ക്രമപ്രവൃദ്ധമായ വളര്‍ച്ച ഖുര്‍ആന്‍ എങ്ങനെയാണ് ചിത്രീകരിക്കുന്നത്? അതിന്റെ തുടക്കം എങ്ങനെയായിരുന്നു? അതിന്റെ പോഷണത്തിനും വളര്‍ച്ചക്കും എന്തൊക്കെ വിഭവങ്ങളാണ് ഉപയോഗപ്പെടത്തിയിട്ടുള്ളത്? എപ്പോഴാണത് പൂര്‍ണതയിലേക്കെത്തുന്നത്?
ഭൗതിക നിയമതത്ത്വങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് പ്രമുഖരായ ചരിത്രകാരന്മാരും നിയമഗവേഷകരും വിവരിച്ചിട്ടുണ്ട്. വിശദാംശങ്ങളിലെ ഭിന്നതകള്‍ മാറ്റിനിര്‍ത്തിയാല്‍ അതിന്റെ ഉത്ഭവത്തെക്കുറിച്ച് അവര്‍ മുന്നോട്ടുവെക്കുന്ന പൊതുവായ ആശയം, കുടുംബത്തിന്റെയും ഗോത്രത്തിന്റെയും ആവിര്‍ഭാവത്തോടെയാണ് അത്തരം നിയമങ്ങള്‍ ഉടലെടുത്തത് എന്നാണ്. കുടുംബത്തിലെ വ്യക്തികള്‍ സ്വര്‍ഥ താല്‍പര്യങ്ങളാല്‍ പ്രേരിതരായി മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ തുടങ്ങിയപ്പോള്‍, വ്യക്തികള്‍ക്കെല്ലാം ബാധകമായ ചില പൊതു നിയമങ്ങള്‍ ഓരോരുത്തരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അനിവാര്യമാണെന്ന തോന്നല്‍ ഉണ്ടായി. ഇത്തരം നിയമങ്ങള്‍ക്ക് അടിസ്ഥാനമായി വര്‍ത്തിച്ചത് ഗോത്രങ്ങളുടെയും കുടുംബങ്ങളുടെയും ആചാരങ്ങളും സമ്പ്രദായങ്ങളുമായിരുന്നു. ഈ സമ്പ്രദായങ്ങളില്‍ കുടുംബ/ഗോത്രത്തലവന്‍ അംഗീകരിക്കുന്നതേതോ അത് നിയമമായി അംഗീകരിക്കപ്പെട്ടു.
നിയമതത്ത്വശാസ്ത്രത്തില്‍ നിപുണരായ പണ്ഡിതന്മാര്‍ പറയുന്നത്, മനുഷ്യസമൂഹത്തിന്റെ ശൈശവദശയില്‍ ഇങ്ങനെയാണ് നിയമങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടുതുടങ്ങിയത് എന്നാണ്. അങ്ങനെ ഓരോരോ കുടുംബത്തിലും ഗോത്രത്തിലും വെവ്വേറെ നിയമസംഹിതകള്‍ രൂപപ്പെട്ടുകൊണ്ടിരുന്നു. പിന്നെപ്പിന്നെ ഈ ഗോത്രങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ ബോധം ശക്തിപ്പെടുകയും അതൊരു രാഷ്ട്രരൂപം കൈക്കൊള്ളുകയും ചെയ്തു. ഇതാണ് നിയമാവിഷ്‌കാരത്തിന്റെ രണ്ടാം ഘട്ടം. നിയമങ്ങള്‍ ഏകീകരിക്കപ്പെടുകയും എല്ലാവര്‍ക്കും ബാധകമാക്കുകയുമാണ് ഇവിടെ. ഓരോ ഗോത്രവും ആവിഷ്‌കരിച്ചത് വ്യത്യസ്ത നിയമ സംഹിതകളാണെങ്കിലും സുസ്ഥിതിയും സമാധാനവും നിര്‍ഭയത്വവുമുണ്ടാവണമെങ്കില്‍ ഭിന്നതകള്‍ മാറ്റിവെച്ച് പൊതു നിയമങ്ങള്‍ ആവിഷ്‌കരിക്കണമെന്ന ബോധ്യത്തിലേക്ക് അവര്‍ എത്തുകയാണ്. ഭൗതിക നിയമാവിഷ്‌കാരത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. വിവിധ ജനസമൂഹങ്ങള്‍ക്കിടയിലെ നിയമസംഹിതകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാക്കാനുള്ള ധൈഷണിക യത്‌നങ്ങള്‍ നാമിവിടെ കാണുന്നു. നിയമാവിഷ്‌കാരത്തിന് ആചാരങ്ങളെയും സമ്പ്രദായങ്ങളെയും അവലംബിക്കുന്ന രീതി ഒഴിവാക്കണമെന്ന ശക്തമായ ആവശ്യമുയരുന്നത് ഈ ഘട്ടത്തിലാണ്. നീതി, സമത്വം, സ്വാതന്ത്ര്യം, മനുഷ്യത്വം തുടങ്ങിയ സാര്‍വലൗകിക മൂല്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാവണം നിയമനിര്‍മാണം എന്ന ആശയമാണ് മുന്നോട്ടുവെക്കപ്പെട്ടത്.
ഇസ്‌ലാമിക നിയമത്തിന്റെ ആവിര്‍ഭാവം
ഭൂമിയില്‍ മനുഷ്യന്‍ എന്ന് കാലുകുത്തിയോ അന്നു മുതല്‍ ഇസ്‌ലാമിക നിയമവും ഇവിടെയുണ്ട്. ആദ്യത്തെ മനുഷ്യന്‍ ആദം(അ) ആയിരുന്നല്ലോ. അദ്ദേഹം എല്ലാ മനുഷ്യരുടെയും പിതാവ് മാത്രമല്ല, ദൈവത്തിന്റെ പ്രവാചകന്‍ കൂടിയാണ്. അന്നത്തെ കാലത്തേക്ക് ആവശ്യമുള്ള ഒരു ഇസ്‌ലാമിക നിയമസംഹിത അദ്ദേഹത്തിന് ദൈവം നല്‍കിയിട്ടുണ്ട്. അതിലെ മുഴുവന്‍ കാര്യങ്ങളും അദ്ദേഹം തന്റെ മക്കളെ പഠിപ്പിച്ചിട്ടുമുണ്ട്. ഇങ്ങനെയൊരു നിയമത്തിന്റെ യുക്തിയും അനിവാര്യതയും എന്തായിരുന്നു? മനുഷ്യന്റെ ഇഹപരമോക്ഷങ്ങള്‍ക്ക് ഇങ്ങനെയൊരു ദൈവിക നിയമസംഹിത കൂടാതെ കഴിയില്ല എന്നതാണ് ഖുര്‍ആന്‍ നല്‍കുന്ന ഉത്തരം. അത്തരമൊരു നിയമസംഹിതയുടെ അഭാവത്തില്‍ മനുഷ്യന് തന്റെ ശേഷികളെ ശരിയായ വിധത്തില്‍ വിനിയോഗിക്കാനോ പൂര്‍ണത കൈവരിക്കാനോ സാധ്യമല്ല. പ്രവാചകന്‍ ആദമിന് നല്‍കപ്പെട്ട നിയമസംഹിതയുടെ വിശദാംശങ്ങള്‍ ഖുര്‍ആനില്‍ ഇല്ല. ദൈവിക നിയമങ്ങളുടെ സമ്പൂര്‍ണ രൂപമായ വിശുദ്ധ ഖുര്‍ആന്‍ നമ്മുടെ കൈകളിലുള്ളപ്പോള്‍ അത്തരം വിശദാംശങ്ങള്‍ നല്‍കേണ്ട ആവശ്യവുമില്ല. വേദപരമ്പരയിലെ അവസാനത്തെ ഗ്രന്ഥം എന്ന നിലക്ക് ഇനി പിന്തുടരേണ്ടതും ഖുര്‍ആനിനെയാണല്ലോ. എങ്കിലും ഖുര്‍ആനില്‍ പലയിടങ്ങളിലായി ആദം തന്റെ മക്കളെ പഠിപ്പിച്ച ചില കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. അവ പരിശോധിക്കുമ്പോള്‍ നമുക്കൊരു കാര്യം വ്യക്തമാവും. ഇസ്‌ലാമികനിയമം തുടക്കം തൊട്ട് അതിന്റെ അവസാന പതിപ്പ് വരെ ഒരേ തരത്തിലുള്ളതും ഒരേ വര്‍ണത്തിലുള്ളതുമായിരുന്നു. അതിനാല്‍ ആ തുടര്‍ച്ചയുടെ ഒടുവില്‍ സമ്പൂര്‍ണമായ ഒരു നിയമസംഹിത സ്ഥാപിക്കുകയെന്നതും സ്വാഭാവികവും സാധ്യമാകുന്നതുമായിരുന്നു.
ഈ വിഷയകമായി വിശുദ്ധ ഖുര്‍ആനിലെ അല്‍ബഖറ അധ്യായത്തില്‍ 30 മുതല്‍ 38 വരെയുള്ള സൂക്തങ്ങള്‍ നമുക്ക് പരിശോധിക്കാം. ആ സൂക്തങ്ങളില്‍ ആദമിന് നല്‍കിയ നിയമനിര്‍ദേശങ്ങളുടെ സാരം ഇതാണ്:
ഒന്ന്, യാതൊരു നിയന്ത്രണവുമില്ലാതെ തോന്നിയപോലെ ജീവിക്കാനല്ല മനുഷ്യനെ ഭൂമുഖത്തേക്ക് അയച്ചിരിക്കുന്നത്. മനുഷ്യന്‍ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയാണ്. ഏത് മാര്‍ഗം തെരഞ്ഞെടുക്കണമെന്ന് മനുഷ്യന്‍ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കുകയല്ല വേണ്ടത്; ദൈവഹിതം എന്തോ അതിനനുസരിച്ചാവണം തെരഞ്ഞെടുപ്പ്. അല്ലാഹു നിശ്ചയിച്ച പരിധികള്‍ക്കകത്ത് വേണം മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യം ഉപയോഗിക്കാന്‍. അല്ലാത്ത പക്ഷം കുഴപ്പവും രക്തച്ചൊരിച്ചിലുമുണ്ടാകും.
രണ്ട്, ദൈവപ്രാതിനിധ്യം എങ്ങനെ ശരിയായി നിര്‍വഹിക്കാം എന്ന് പഠിപ്പിക്കാന്‍ ഓരോ കാലത്തും പ്രവാചകന്മാരെ അയച്ചുകൊണ്ടിരിക്കും. മൂന്ന്, ആദമിനും അവന്റെ സന്തതികള്‍ക്കും ഏറ്റവും വലിയ അപകടം വരാനിരിക്കുന്നത് ഇബ്‌ലീസി(പിശാച്)ല്‍നിന്നും അവന്റെ സന്തതികളില്‍നിന്നുമാണ്. ദൈവത്തിന്റെ ഒരു ആജ്ഞ ധിക്കരിക്കാന്‍ ഇബ്‌ലീസ് പ്രേരിപ്പിച്ചതുകൊണ്ടാണ് ആ കെണിയില്‍ കുടുങ്ങി ആദമിന് സ്വര്‍ഗത്തില്‍നിന്ന് പുറത്തുപോകേണ്ടിവന്നത്. ഇബ്‌ലീസിന്റെ മക്കളും ഇതേപോലെ ആദമിന്റെ മക്കളെ എങ്ങനെയെങ്കിലും സ്വര്‍ഗത്തില്‍നിന്ന് തടയാനാണ് ശ്രമിക്കുക. അതിനാല്‍ അസൂയയും പകയും നിറഞ്ഞ മനസ്സുമായി സമീപിക്കുന്ന പിശാചുക്കളെ മനുഷ്യര്‍ കരുതിയിരിക്കേണ്ടതുണ്ട്. ഇനിയെങ്ങാനും അവരുടെ വലയില്‍ വീണുപോയാല്‍ ആദം ചെയ്തതുപോലെ പശ്ചാത്തപിച്ച് തെറ്റുകളും വീഴ്ചകളും തിരുത്താന്‍ ശ്രമിക്കുക.
നാല്, മനുഷ്യവര്‍ഗത്തിന് ഭൂമി ഒരു പരീക്ഷണാലയമാണ്. സര്‍വലോക രക്ഷിതാവിന് വഴിപ്പെട്ടുകൊണ്ടാണ് മനുഷ്യന്‍ ഇവിടെ ജീവിക്കേണ്ടത്. അതേസമയം, മനുഷ്യനെ വഴിതെറ്റിക്കാന്‍ പിശാച് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. അത് അല്ലാഹു പിശാചിന് നല്‍കിയ അനുവാദമാണ്. ഈ പൈശാചിക ദുര്‍ബോധനങ്ങളെ അതിജീവിച്ച് സത്യമാര്‍ഗത്തില്‍ തുടരുന്നവനാരോ അവനാണ് വിജയി. അഞ്ച്, ഈ പരീക്ഷണാലയത്തില്‍ പിശാചിന്റെ കടന്നാക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി സകല പ്രതിസന്ധികളെയും മറികടന്ന് ദൈവിക നിയമങ്ങള്‍ പിന്തുടരുക എന്നതാണ്. അങ്ങനെ ചെയ്താല്‍ ആദം പുറത്താക്കപ്പെട്ട സ്വര്‍ഗത്തിന്റെ അനന്തരാവകാശികളായിത്തീരും അവര്‍. പിന്നെയവര്‍ക്ക് ആശങ്കപ്പെടേണ്ട, ദുഃഖിക്കേണ്ട യാതൊരു കാര്യവുമില്ല.
ദൈവികനിയമങ്ങള്‍ എങ്ങനെ പിന്‍പറ്റണം എന്നതിനെക്കുറിച്ച് ആദ്യ മനുഷ്യന് നല്‍കിയ അടിസ്ഥാന തത്ത്വങ്ങളുടെ സാരാംശമാണ് മേല്‍ കൊടുത്തത്. അല്‍മാഇദ അധ്യായത്തിലെ 27 മുതല്‍ 31 വരെയുള്ള സൂക്തങ്ങളില്‍ ആദമിന്റെ രണ്ട് മക്കളുടെ കഥ പറയുന്നുണ്ട്. അവിടെ വേറെയും ചില തത്ത്വങ്ങള്‍ ഊന്നിപ്പറയുന്നു. ഭക്തരില്‍നിന്ന് മാത്രമേ ദൈവം ബലികള്‍ സ്വീകരിക്കൂ എന്നാണ് അതിലൊന്ന്. ഒരാള്‍ മറ്റൊരാളെ കൊല്ലുന്നത് എത്ര വലിയ പാതകമാണെന്നും പഠിപ്പിക്കുന്നു. ഇതേ തത്ത്വങ്ങളും നിയമങ്ങളുമൊക്കെ തന്നെയാണ് പില്‍ക്കാലത്ത് വന്ന എല്ലാ പ്രവാചകന്മാരും പഠിപ്പിച്ചത് എന്ന് കാണാന്‍ കഴിയും. അതേസമയം കാലത്തിന്റെ മാറ്റങ്ങള്‍ക്കും സമൂഹത്തിന്റെ വളര്‍ച്ചക്കുമനുസരിച്ച് നിയമങ്ങളുടെ വിശദാംശങ്ങളില്‍ മാറ്റങ്ങളുമുണ്ടാവും. ഈ വികാസം കണക്കിലെടുത്താണ് മുന്‍കാലങ്ങളിലുണ്ടായിരുന്ന ഒരു നിയമം പില്‍ക്കാലത്ത് ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നത്. നിയമം വളരുകയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു മുഹമ്മദ് നബിയുടേത് വരെയുള്ള ചരിത്രഘട്ടങ്ങളില്‍. അന്ത്യ പ്രവാചകന്റെ ആഗമനത്തോടെ ഇസ്‌ലാമികനിയമം അതിന്റെ പൂര്‍ണതയിലെത്തി.
താരതമ്യം
ഇസ്‌ലാമിക നിയമത്തെയും ഭൗതിക നിയമത്തെയും താരതമ്യം ചെയ്താല്‍ ഏതൊരാളും താഴെ പറയുന്ന യാഥാര്‍ഥ്യങ്ങളിലാണ് എത്തിച്ചേരുക എന്ന് ഞാന്‍ കരുതുന്നു.
ഒന്ന്: മനുഷ്യനിര്‍മിതമായ ഏതും നിയമമായി മാറാന്‍ അതിന് ഗോത്രത്തിന്റെയോ ഗോത്ര കാരണവന്മാരുടെയോ കോടതിയുടെയോ ഭരണകൂടത്തിന്റെയോ ഒക്കെ അംഗീകാരമുണ്ടായാല്‍ മതി. അംഗീകാരം കിട്ടിയില്ലെങ്കില്‍ അതിന് നിയമസാധുതയും ഉണ്ടാകില്ല (ജോണ്‍ സാല്‍മണ്ടിന്റെ ഖൗൃശ െജൃൗറലിരല, പേജ് 41- എന്ന കൃതി കാണുക). ഇസ്‌ലാമിക നിയമത്തിന്റെ സാധുതക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. ഭരണകൂടങ്ങളും കോടതികളും മറ്റു സംവിധാനങ്ങളും അംഗീകരിച്ചാലും ഇല്ലെങ്കിലും അത് നിയമം തന്നെയാണ്. കാരണമത് യഥാര്‍ഥ പ്രപഞ്ചനാഥന്റെ നിയമമാണ്. ഭരണകൂടമോ കോടതിയോ അംഗീകരിക്കുന്നതും അംഗീകരിക്കാതിരിക്കുന്നതും അതിന്റെ നിയമസാധുതയെ ബാധിക്കില്ല. ആ നിയമം അംഗീകരിക്കാതിരിക്കുന്നത് ധിക്കാരമാണെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (അല്‍മാഇദ 47). ഈ നിയമത്തെ 'കിതാബ്' (മാ കതബഹുല്ലാഹു ലനാ) എന്നും 'സുന്നത്ത്' (ബിമാ സന്നഹുന്നബിയ്യു ലനാ) എന്നും 'ശരീഅത്ത്' (മാ ശറഅഹുല്ലാഹു ലനാ) എന്നും പല പേരില്‍ ഇസ്‌ലാം വ്യവഹരിച്ചിരിക്കുന്നു.
രണ്ട്: മനുഷ്യനിയമങ്ങള്‍ക്ക് പ്രത്യേകിച്ച് പവിത്രതയോ പാവനത്വമോ അവകാശപ്പെടാനാവില്ല. അത് മനുഷ്യന്റെ വിശ്വാസത്തിന്റെ ഭാഗവുമല്ല. ഈ നിയമങ്ങള്‍ ആളുകള്‍ അനുസരിക്കുന്നുണ്ടോ ഇല്ലേ എന്ന് നിയമദാതാക്കള്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്ന ധാരണ ആര്‍ക്കുമില്ല. നിയമങ്ങള്‍ അനുസരിച്ചാല്‍ സ്വര്‍ഗം ലഭിക്കുമെന്നും ധിക്കരിച്ചാല്‍ നരകശിക്ഷ അനുഭവിക്കേണ്ടിവരുമെന്നുമുള്ള വിശ്വാസവും നിലനില്‍ക്കുന്നില്ല. ഇതിനു വിരുദ്ധമായി, ദൈവികം എന്നതിനാല്‍ വളരെയേറെ പവിത്രത കല്‍പിക്കപ്പെടുന്നതാണ് ഇസ്‌ലാമിക നിയമം. അത് ഒരു വിശ്വാസിയുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അത് ഇല്ലാതെ വിശ്വാസം പൂര്‍ണമാവുകയില്ല. ആ നിയമദാതാവിനെ സംബന്ധിച്ചേടത്തോളം മുസ്‌ലിംകളുടെ വിശ്വാസം, മനസ്സിന്റെ സൂക്ഷ്മ സ്പന്ദനങ്ങള്‍ പോലും അറിയുന്നവനാണ് എന്നതാണ്. നിയമങ്ങള്‍ പരസ്യമായി ധിക്കരിച്ചാല്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ട് മനസ്സിലുണ്ടാവുന്ന നേരിയ വ്യതിചലനങ്ങള്‍ പോലും നിയമദാതാവ് അറിയും. ഈ നിയമങ്ങള്‍ അനുസരിക്കാതെ ദൈവത്തിന്റെ തൃപ്തി നേടാനാവില്ലെന്നും വിശ്വാസിക്ക് ബോധ്യമുണ്ട്. ഭൂമിയിലെ നന്മയും പരലോകത്തെ മോക്ഷവും ആ നിയമങ്ങള്‍ അനുധാവനം ചെയ്യുന്നതിലാണ്.
മൂന്ന്: മനുഷ്യനിയമങ്ങള്‍ക്ക് പിന്നില്‍ ഒരുതരം നിഷേധാത്മകതയുണ്ട്. ഇത് ഞാന്‍ പറയുന്നതല്ല, നിയമവിദഗ്ധര്‍ തന്നെ പറയുന്നതാണ്. ഒരാള്‍ മറ്റൊരാള്‍ക്കെതിരില്‍ ഏതെങ്കിലും തരത്തിലുള്ള അതിക്രമമോ കൈയേറ്റമോ നടത്തുന്നത് തടയാനാണ് ഇത്തരം ഭൗതിക നിയമങ്ങള്‍ രൂപപ്പെടുത്തുന്നത്. മനുഷ്യമനസ്സില്‍ തിന്മയോട് ആഭിമുഖ്യമില്ലെങ്കില്‍ നിയമത്തെക്കുറിച്ച് ചിന്തിക്കേണ്ടിവരില്ല എന്നര്‍ഥം. പക്ഷേ, ഇസ്‌ലാമിക നിയമം ഒരിക്കലും മനുഷ്യനില്‍നിന്ന് ഉണ്ടായേക്കാവുന്ന ഏതെങ്കിലും തിന്മകളെ ചെറുക്കാന്‍ മാത്രമുള്ളതല്ല. മനുഷ്യന് വഴികാട്ടുക എന്ന നിര്‍മാണാത്മക ദൗത്യമാണ് അത് മുഖ്യമായും നിറവേറ്റുന്നത്. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന്, അവന്റെ നാഗരികതക്ക്, സംസ്‌കാരത്തിന് ഈ മാര്‍ഗദര്‍ശനം കൂടാതെ കഴിയില്ല എന്നാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആശയം. ഓരോ മനുഷ്യന്റെയും കഴിവുകള്‍ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിനും ഒരു ദൈവിക നിയമസംഹിത അനിവാര്യമാണ്.
ഇസ്‌ലാമില്‍ സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ മാത്രമല്ല ഉള്ളത്. വൃത്തിക്കും ആരാധനാനുഷ്ഠാനങ്ങള്‍ക്കും പ്രത്യേക നിയമസംഹിതയുണ്ട്. സ്വഭാവ രൂപവത്കരണത്തിനും മനഃസംസ്‌കരണത്തിനും പ്രത്യേകം നിയമാവലികളുണ്ട്. സംസ്‌കാരവും നാഗരികതയും എങ്ങനെ കെട്ടിപ്പടുക്കുമെന്നതിനും കൃത്യമായ വ്യവസ്ഥകളുണ്ട്. ഇത്തരം നിയമാവലികള്‍ നിങ്ങള്‍ മനുഷ്യനിര്‍മിത നിയമ വ്യവസ്ഥകളില്‍ കാണുന്നുണ്ടെങ്കില്‍ അവ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് മനസ്സിലാക്കണം. അവയുടെ അടിസ്ഥാന പ്രകൃതത്തില്‍ അത്തരം നിയമങ്ങളൊന്നും സംഗതമല്ല. എന്നാല്‍ ഇസ്‌ലാമിലാകട്ടെ ഇത്തരം നിയമങ്ങളൊക്കെ അതിന്റെ മൗലിക പ്രകൃതത്തിന്റെ തന്നെ ഭാഗവും തേട്ടവുമാണ്. ജീവിത സംസ്‌കാരത്തില്‍ അത് നിര്‍വഹിക്കുന്ന റോള്‍ നിഷേധാത്മകമല്ല, തീര്‍ത്തും സൃഷ്ടിപരമാണ്.
നാല്: മനുഷ്യനിയമങ്ങളുടെ അടിത്തറ, നേരത്തേ പറഞ്ഞപോലെ, ആചാരങ്ങളിലും സമ്പ്രദായങ്ങളിലും മാമൂലുകളിലും അധിഷ്ഠിതമാണ്. ഗോത്രാചാരങ്ങളാണ് പിന്നീട് അനിവാര്യ സാഹചര്യങ്ങളില്‍ നിയമങ്ങളായി മാറുന്നത്. പക്ഷേ, പില്‍ക്കാലത്ത് നിയമാവിഷ്‌കാര തത്ത്വചിന്ത വളരെയേറെ വികസിക്കുകയും വലിയ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് എന്നത് സത്യമാണ്. എന്നു മാത്രമല്ല, പതിനെട്ടാം നൂറ്റാണ്ടിനു ശേഷം കാരുണ്യം, നീതി, സമത്വം, മനുഷ്യത്വം തുടങ്ങിയ സാര്‍വലൗകിക മൂല്യങ്ങളില്‍ ഊന്നിയാണ് മനുഷ്യ നിര്‍മിത നിയമതത്ത്വസംഹിത നിലയുറപ്പിക്കുന്നത് എന്നും വാദിക്കാവുന്നതാണ്. അതിന്റെ അര്‍ഥമെന്താണ്? മനുഷ്യ നിര്‍മിതമായ പൗരാണിക നിയമങ്ങളും പുതിയ നിയമങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല എന്നുതന്നെ. ഇനി ഭാവിയില്‍ ഇത് എന്തായിത്തീരുമെന്ന് നമുക്ക് പറയാനും കഴിയില്ല.
എന്നാല്‍, മനുഷ്യാരംഭം മുതല്‍ക്കേയുള്ള ഇസ്‌ലാമിക നിയമത്തിന്റെ പ്രത്യേകത അത് ദൈവത്താല്‍ നല്‍കപ്പെട്ടു എന്നതാണ്. ഗോത്രപക്ഷപാതിത്വങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ മാമൂലുകള്‍ക്കോ അതില്‍ ഒരു സ്ഥാനവുമില്ല. ഇനി ആചാരങ്ങള്‍ക്കോ സമ്പ്രദായങ്ങള്‍ക്കോ ഇസ്‌ലാമിക നിയമത്തില്‍ ഇടം നല്‍കിയിട്ടുണ്ടെങ്കില്‍, അത് ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് വിരുദ്ധമാവാത്തവക്ക് മാത്രമായിരിക്കും. ഇസ്‌ലാമിക നിയമത്തിന്റെ എത്ര പൗരാണിക ഭൂതകാലമായാലും അതിന് വര്‍ത്തമാനകാല ഇസ്‌ലാമിക നിയമവുമായി അത്യഗാധ ബന്ധം ഉണ്ടാവുന്നത് അതുകൊണ്ടാണ്. ഭാവിയില്‍ രൂപപ്പെടാനിരിക്കുന്ന ഇസ്‌ലാമിക നിയമസംഹിതക്കും ആ ബന്ധം ഉണ്ടാവുമെന്നുറപ്പ്. കാരുണ്യം, നീതി, സമത്വം തുടങ്ങിയ സാര്‍വലൗകിക മൂല്യങ്ങളില്‍ മനുഷ്യനിര്‍മിത നിയമം എത്തിച്ചേര്‍ന്നു എന്നു പറയുന്നുണ്ടല്ലോ. എന്നാല്‍ ഇസ്‌ലാമിക നിയമമാകട്ടെ എക്കാലത്തും അതിന്റെ ആദ്യ ചുവടുവെപ്പു തന്നെ ഇത്തരം പൊതു മാനുഷിക മൂല്യങ്ങളില്‍ ഊന്നിനിന്നുകൊണ്ടായിരുന്നു.
അഞ്ച്: ഏതൊരു നിയമസംവിധാനത്തിനകത്തും ഒരുമയും യോജിപ്പും വേണം. അതിന്റെ അഭാവത്തില്‍ നിയമത്തിന്റെ അടിസ്ഥാനമായി മനസ്സിലാക്കപ്പെടുന്ന നീതിനിര്‍വഹണം സാധ്യമാവാതെ വരും. നേരത്തേ നാം വിശദീകരിച്ചതുപോലെ, മനുഷ്യനിര്‍മിത നിയമത്തില്‍ ഈ പൊരുത്തം നാം കാണുന്നില്ല. മുമ്പുണ്ടായിരുന്നതുമായി യാതൊരു ബന്ധവുമില്ലാത്തതാണ് പിന്നെ വരുന്നത്.
മൗലികമായിത്തന്നെ മാറിയതുകൊണ്ടാണിങ്ങനെ ബന്ധമില്ലാതായിപ്പോയത് എന്നാണ് വാദമെങ്കില്‍, ആ നിയമത്തിന്റെ മൗലിക പ്രകൃതത്തില്‍ (പൗരാണിക കാലത്തും മറ്റും) സാര്‍വലൗകിക മൂല്യങ്ങളൊന്നും ഇല്ലായിരുന്നെന്നും സാഹചര്യത്തിന്റെ സമ്മര്‍ദത്താല്‍ പിന്നീടവ കൃത്രിമമായി കൂട്ടിച്ചേര്‍ക്കേണ്ടിവന്നതാണെന്നും സമ്മതിക്കേണ്ടിവരില്ലേ?
ഇസ്‌ലാമിക ശരീഅത്തില്‍ ഇത്തരം കെട്ടിക്കുടുക്കുകളൊന്നുമില്ല. മനുഷ്യാരംഭം മുതലേ അത് ഏകനായ ദൈവത്തില്‍നിന്നുള്ള നിയമശാസനകളാണ്. ഗോത്രാചാരങ്ങളൊന്നും അതില്‍ സ്വീകാര്യമല്ല. അതിനാല്‍ ഒത്തൊരുമയും യോജിപ്പുമുണ്ടാവുക എന്നത് ഇസ്‌ലാമിക നിയമത്തിന്റെ സഹജ സവിശേഷതയാണ്. എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കിയ നിയമതത്ത്വത്തിന്റെ അടിസ്ഥാനം ഒന്നാണ്. നിയമങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് ബാഹ്യത്തില്‍ മാത്രമാണ്. നിരവധി പ്രവാചകന്മാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് (അശ്ശൂറ 13)
ഇസ്‌ലാമിക നിയമത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കാണുന്നുണ്ടെങ്കില്‍, അതിന്റെ സഹജപ്രകൃതം അങ്ങനെയായതുകൊണ്ടാണ് എന്ന് മനസ്സിലാക്കരുത്. വിദ്വേഷവും വെറുപ്പും വിഭാഗീയ ചിന്തയും ഉള്ളില്‍ പേറുന്ന, സ്വന്തം സങ്കുചിത ചിന്തകളുടെ തടവറകളില്‍ കഴിയുന്ന ജനവിഭാഗങ്ങള്‍ ഇസ്‌ലാമിക ശരീഅത്ത് കൈകാര്യം ചെയ്യുമ്പോഴുള്ള പ്രശ്‌നമാണിത്. കുഴപ്പം ശരീഅത്തിന്റേതല്ല, ജനങ്ങളുടേതാണ്. ശരീഅത്തിനൊപ്പം അതിന്റെ ഉയര്‍ന്ന വിതാനത്തില്‍ സഞ്ചരിക്കാനുള്ള യോഗ്യത അവര്‍ ആര്‍ജിച്ചിട്ടില്ല. അറേബ്യയിലെ ബഹുദൈവാരാധകരും ജൂത-ക്രൈസ്തവ വിഭാഗങ്ങളും മുഹമ്മദ് നബിയെ അംഗീകരിക്കാതിരിക്കുന്നത് ഖുര്‍ആന്റെ വീക്ഷണത്തില്‍ അവരുടെ 'ബഗ്‌യ്' (ശത്രുതയും പക്ഷപാതചിന്തയും) കാരണമാണ്. ഈ പക്ഷപാത ചിന്തയില്ലായിരുന്നെങ്കില്‍, മറ്റു പ്രവാചകന്മാരെ അംഗീകരിക്കുന്ന പോലെ അവര്‍ മുഹമ്മദ് നബിയെയും അംഗീകരിക്കുമായിരുന്നു.
(ജദീദ് ഇസ്‌ലാമി രിയാസത്ത് മേം ഖാനൂന്‍ സാസി ഔര്‍ മസാഇല്‍ എന്ന പുസ്തകത്തില്‍നിന്ന്)
Comments