Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 21

2998

1438 റജബ് 24

സന്തുഷ്ട കുടുംബമാണ് സംതൃപ്ത സമൂഹത്തിന്റെ അടിത്തറ

എം.ഐ അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍)

ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹവും രാജ്യത്ത് നിയമപരമായി അംഗീകരിക്കപ്പെട്ട മുസ്‌ലിം വ്യക്തിനിയമവും എന്നും ചര്‍ച്ചാ വിഷയമാണ്. പലതരം ബാഹ്യസമ്മര്‍ദങ്ങളെ പലപ്പോഴും മുസ്‌ലിം സമൂഹത്തിന് അഭിമുഖീകരിക്കേണ്ടിവരാറുണ്ട്. ഫാഷിസ്റ്റുകളും മോഡേണിസ്റ്റുകളും ഉള്‍പ്പെടെയുള്ള ശരീഅത്ത്‌വിരുദ്ധ മുന്നണി വസ്തുതകളെ വക്രീകരിക്കുകയും മുസ്‌ലിം വ്യക്തിനിയമത്തെ വികൃതവും ഭീകരവുമായി അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് ഇതിലൊന്ന്. മീഡിയയും ഇതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യം അത്തരമൊരു വിവാദത്തെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.  

വ്യത്യസ്ത ജനവിഭാഗങ്ങള്‍ ഒരുമിച്ചുതാമസിക്കുന്ന ഒരു ബഹുസ്വരസമൂഹത്തില്‍ സ്വന്തം വ്യക്തിത്വവും സംസ്‌കാരവും ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ടത് മുസ്‌ലിം സമൂഹത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. വ്യക്തിനിയമങ്ങള്‍ക്കെതിരായ ഏതുതരം നീക്കവും തങ്ങളുടെ അസ്തിത്വത്തെ നിഷേധിക്കാനുള്ള ശ്രമമായി അവര്‍ മനസ്സിലാക്കുക സ്വാഭാവികമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം സമൂഹം ഒന്നിച്ചുനിന്ന് ഇങ്ങനെയുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിച്ചുവന്നിട്ടുണ്ട്. പ്രമാദമായ ശരീഅത്ത് വിവാദകാലത്ത്, പ്രബോധന സംസ്‌കാരത്തില്‍ അടിയുറച്ചു തന്നെ പ്രതിരോധത്തിന്റെ മുന്‍നിരയില്‍ നില്‍ക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് സാധിച്ച ചരിത്രം അഭിമാനകരമാണ്.  

എന്നാല്‍, ഇസ്‌ലാമിക ശരീഅത്തിനോടും ഇസ്‌ലാമിക ജീവിതത്തോടും തങ്ങള്‍ക്കുള്ള ബാധ്യത മുസ്‌ലിം വ്യക്തിനിയമങ്ങളുടെ സംരക്ഷണം മാത്രമാണെന്ന് സമുദായം തെറ്റിദ്ധരിക്കുന്ന സാഹചര്യമുണ്ട്. ഇസ്‌ലാമിക മൂല്യങ്ങളും നിയമങ്ങളും പകര്‍ത്തിയെടുത്ത ജീവിതത്തിന്റെ സൗന്ദര്യമാണ് ശരീഅത്ത് വിരുദ്ധതക്കെതിരായ ശക്തവും ഫലപ്രദവുമായ പ്രതിരോധമെന്ന യാഥാര്‍ഥ്യം മുസ്‌ലിംസമൂഹം തിരിച്ചറിയണം. ഇസ്‌ലാമിന്റെ വാഹകരുടെ ജീവിതത്തിലെ വൈകല്യങ്ങളും വൈരുധ്യങ്ങളുമാണ് പലപ്പോഴും എതിരാളികള്‍ക്ക് അവസരമൊരുക്കിക്കൊടുക്കുന്നതെന്ന വസ്തുത മുസ്‌ലിംസമുദായം മനസ്സിലാക്കേണ്ടതുണ്ട്. 

അനാവശ്യ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ദുഷ്പ്രവണതകളില്‍നിന്ന് സമുദായം സ്വയം ശുദ്ധീകരിച്ചേ മതിയാവൂ. നികാഹും മഹ്‌റും ത്വലാഖും അനന്തരാവകാശവുമെല്ലാം ശരീഅത്ത് വിധികള്‍ക്കനുസരിച്ച് നിര്‍വഹിക്കപ്പെടണം. കുടുംബ പ്രശ്‌നങ്ങള്‍ മഹല്ലുകളുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ പരിഹരിക്കണം. സമുദായത്തിന്റെ പുറംമോടിയില്‍ മാത്രം നമ്മുടെ ആലോചനകള്‍ പരിമിതപ്പെടുത്താനാവില്ല. ആന്തരികരംഗം ശുദ്ധീകരിക്കപ്പെടണമെന്നത് എല്ലാ അര്‍ഥത്തിലും നമ്മുടെ അടിയന്തരാവശ്യമാണ്. സമുദായം സ്വയം സംസ്‌കരണത്തിന് സന്നദ്ധമായാല്‍ മാത്രമേ ഈ മാറ്റങ്ങള്‍ സാധ്യമാവുകയുള്ളൂ. സ്ത്രീകള്‍ക്കുനേരെയുള്ള അനീതികള്‍ നിലനിര്‍ത്തിയും കുടുംബങ്ങള്‍ക്കകത്ത് അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താതെയും ശരീഅത്തിനെക്കുറിച്ച് സംസാരിക്കാന്‍ നമുക്കാവില്ല. സ്ത്രീകള്‍ക്ക് അന്തസ്സും കുഞ്ഞുങ്ങള്‍ക്ക് സുരക്ഷയും ദുര്‍ബലര്‍ക്ക് ആത്മവിശ്വാസവും ഉറപ്പുവരുത്തിയാല്‍ മാത്രമേ ശരീഅത്ത് വിരുദ്ധതക്കെതിരെ മുന്നേറ്റം നടത്താന്‍ നമുക്ക് സാധിക്കൂ. ശരീഅത്ത് സംരക്ഷിക്കപ്പെടേണ്ടത് ഒന്നാമതായി മുസ്‌ലിം സമൂഹത്തിന്റെ ജീവിതത്തില്‍ തന്നെയാണ് എന്നര്‍ഥം.

മനുഷ്യജീവിതത്തെ പല തട്ടുകളായി വിഭജിക്കാതെ ഒരു ഏകകമായി കാണുന്ന ദര്‍ശനമാണ് ഇസ്‌ലാം. വ്യക്തി, കുടുംബം, സമൂഹം, ലോകം എന്ന ക്രമത്തില്‍ പ്രയോഗവല്‍ക്കരിക്കാവുന്ന മാര്‍ഗദര്‍ശനങ്ങളും നിയമനിര്‍ദേശങ്ങളുമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ഉത്തമ വ്യക്തികളെ വളര്‍ത്തിയെടുക്കുന്ന കുടുംബം ഇസ്‌ലാം വിഭാവന ചെയ്യുന്ന സാമൂഹിക സംവിധാനത്തില്‍ സുപ്രധാനമാണ്. നന്മയുടെ സൗരഭ്യമുള്ള സമൂഹ നിര്‍മിതിയില്‍ പ്രധാന പങ്ക് കുടുംബത്തിനത്രെ. അതിനാവശ്യമായ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമാണ് കുടുംബവ്യവസ്ഥയെ സംബന്ധിച്ച് ഇസ്‌ലാം നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇസ്‌ലാമിക ശരീഅത്തിനെ സംബന്ധിച്ച ചില വിമര്‍ശനങ്ങള്‍ വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം, സ്ത്രീയുടെ പദവി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഉയരാറുള്ളത്. 

ഈ പശ്ചാത്തലത്തിലാണ്, മുസ്‌ലിം സമൂഹത്തിനകത്ത് ശരീഅത്തിലെ കുടുംബനിയങ്ങളെ സംബന്ധിച്ച് ശരിയായ അവബോധം വളര്‍ത്തുകയെന്ന മുഖ്യലക്ഷ്യത്തോടെ 2017 ഏപ്രില്‍ 23 മുതല്‍ മെയ് 7 വരെ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാതലത്തില്‍ ബോധവല്‍ക്കരണ കാമ്പയിന്‍ തീരുമാനിച്ചിരിക്കുന്നത്. 'സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്' എന്നതാണ്  ഈ കാമ്പയിന്റെ തലക്കെട്ടായി നിശ്ചയിച്ചിട്ടുള്ളത്. പ്രസ്ഥാനപ്രവര്‍ത്തകര്‍ സമകാലികമായ വലിയ ദൗത്യമായി ഈ കാമ്പയിന്‍ ഏറ്റെടുക്കണം. സമുദായത്തിലെ എല്ലാ വിഭാഗങ്ങളുമായും സഹകരണം വളര്‍ത്തിയാണ് കാമ്പയിന്‍ വിജയിപ്പിക്കേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (54 - 62)
എ.വൈ.ആര്‍

ഹദീസ്‌

ആരാണ് സമര്‍ഥന്‍?
കെ.സി ജലീല്‍ പുളിക്കല്‍