Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 21

2998

1438 റജബ് 24

ശരീഅത്തിന്റെ യഥാര്‍ഥ്യവും ഫിഖ്ഹിന്റെ പുനര്‍വായനയും

ടി.കെ ഉബൈദ്

ഇസ്‌ലാമിനെ ഇതര മതങ്ങളില്‍നിന്ന് വ്യതിരിക്തമാക്കുന്ന ഏറ്റവും പ്രധാന ഘടകമാണ് അതിന്റെ ശരീഅത്ത്. എല്ലാ മതങ്ങള്‍ക്കും അവയുടേതായ ശരീഅത്തുകളുണ്ട്. മതത്തിന്റെ വിശ്വാസ പ്രമാണങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും സമുച്ചയമാണത്. ആത്മീയവും ഭൗതികവുമായ ജീവിതത്തെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളുന്നുവെന്നതാണ് ഇസ്‌ലാമിക ശരീഅത്തിന്റെ പ്രത്യേകത. വ്യക്തിജീവിതത്തിനും കുടുംബജീവിതത്തിനും സാമൂഹികജീവിതത്തിനും സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ കാര്യങ്ങള്‍ക്കുമെല്ലാം ശരീഅത്ത് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നു. ജനനം മുതല്‍ മരണം വരെയുള്ള മനുഷ്യജീവിതത്തിന്റെ ആത്മീയവും ഭൗതികവുമായ ഒരു ചലനവും ശരീഅത്തില്‍നിന്ന് ഒഴിവാകുന്നില്ല. ശരീഅത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജീവിക്കുമ്പോഴാണ് വിശ്വാസി യഥാര്‍ഥ മുഅ്മിനും മുസ്‌ലിമുമാകുന്നത്. ശരീഅത്തില്‍നിന്നുള്ള വ്യതിചലനം മതത്തില്‍നിന്നുതന്നെയുള്ള വ്യതിചലനമാണ്. അതിനാല്‍ ശരീഅത്ത് സംബന്ധിച്ച ചര്‍ച്ചകളും പഠനങ്ങളും എന്നും സജീവമാണ് മുസ്‌ലിം സമൂഹത്തില്‍. ഇസ്‌ലാമിക സാഹിത്യത്തില്‍ ദാര്‍ശനികവും ആദര്‍ശ(അഖാഇദ്)പരവുമായ ഗ്രന്ഥങ്ങളുടേതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് ശരീഅത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന ഗ്രന്ഥങ്ങളുടെ എണ്ണം.

ദീനും ശരീഅത്തും

ദീന്‍ എന്ന അറബി പദം മതം, ധര്‍മം, വിധേയത്വം, അടിസ്ഥാന സിദ്ധാന്തങ്ങള്‍, ആചാരക്രമം തുടങ്ങിയ ആശയങ്ങള്‍ വഹിക്കുന്നു. ഉന്നതമായ പരാശക്തിയാല്‍ അനുശാസിക്കപ്പെട്ടതും മനുഷ്യന്‍ നിര്‍ബന്ധമായും വിധേയപ്പെട്ടിരിക്കേണ്ടതുമായ ധര്‍മസംഹിത എന്ന അര്‍ഥത്തിലാണ് സാങ്കേതികമായി ദീന്‍ എന്നു പറയപ്പെടുന്നത്. മൗലികമായ ആദര്‍ശങ്ങളും ആ ആദര്‍ശങ്ങളുടെ പ്രയോഗവും അതുള്‍ക്കൊള്ളുന്നു. ഏകദൈവത്വം (തൗഹീദ്), പ്രവാചകത്വം(രിസാലത്ത്), പരലോകം (ആഖിറത്ത്) തുടങ്ങിയ വിഷയങ്ങളിലുള്ള വിശ്വാസമാണ് ആദര്‍ശഭാഗം. ഈ ആദര്‍ശത്തിന്റെ പ്രായോഗിക താല്‍പര്യങ്ങളായി അനുസരിക്കേണ്ട നിയമങ്ങളാണ് ശരീഅത്ത്. ജലസ്രോതസ്സിലേക്കുള്ള വഴിയാണ് മൗലികമായ അര്‍ഥത്തില്‍ ശരീഅത്ത്. മാര്‍ഗം, റോഡ് എന്ന അര്‍ഥത്തിലും നിയമവ്യവസ്ഥ എന്ന അര്‍ഥത്തിലും ഉപയോഗിക്കപ്പെടുന്നു. ജീവിതസാക്ഷാത്കാരത്തിന് ദാഹിക്കുന്ന മനുഷ്യന് അതിലേക്കെത്താന്‍ ദൈവം നിര്‍ദേശിച്ചുകൊടുത്ത മാര്‍ഗം-നിയമവ്യവസ്ഥ ആകുന്നു ഇസ്‌ലാമിക ശരീഅത്ത്. സത്യസാക്ഷ്യമൊഴി, നമസ്‌കാരം, സകാത്ത് തുടങ്ങിയ കാര്യങ്ങള്‍ ശരീഅത്തില്‍പെടുന്നു. വിശ്വാസ സത്യങ്ങളും കര്‍മകാണ്ഡവും പൊതുവില്‍ ഈമാന്‍ കാര്യങ്ങളെന്നും ഇസ്‌ലാം കാര്യങ്ങളെന്നും വ്യവഹരിക്കപ്പെടുന്നു. രണ്ടും ചേര്‍ന്നതാണ് ദീന്‍. ഈമാന്‍ കാര്യങ്ങളില്‍ ഉത്തമ ബോധ്യത്തോടെ ദൃഢമായി വിശ്വസിച്ചവന്‍ 'മുഅ്മിന്‍' ആയിരിക്കുന്നു എന്ന് പൂര്‍വിക പണ്ഡിതന്മാരില്‍ ഒരു വിഭാഗം സിദ്ധാന്തിച്ചിട്ടുണ്ട്. എങ്കിലും പരലോകത്ത് രക്ഷപ്പെടാന്‍ ഇസ്‌ലാം കാര്യങ്ങള്‍ അനുഷ്ഠിക്കുകതന്നെ വേണം. ആദര്‍ശപ്രമാണങ്ങളിലുള്ള വിശ്വാസത്തോടെ അതിന്റെ കര്‍മഭാഗമായ കാര്യങ്ങള്‍ കൂടി കൈക്കൊള്ളുന്നവരേ യഥാര്‍ഥ മുഅ്മിനുകള്‍ ആകൂ എന്നാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ സിദ്ധാന്തിച്ചിട്ടുള്ളത്. ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ വിശ്വാസം കല്‍പിച്ചതോടൊപ്പം സല്‍ക്കര്‍മവും കല്‍പിച്ചിരിക്കുന്നു. വിശ്വാസപൂര്‍വം സല്‍ക്കര്‍മങ്ങളാചരിച്ചവര്‍ക്കാണ് അത് നരകമുക്തിയും സ്വര്‍ഗലബ്ധിയും വാഗ്ദാനം ചെയ്യുന്നത്.

ഒരര്‍ഥത്തില്‍ ഇസ്‌ലാം കാര്യങ്ങളുടെ മറ്റൊരു പേരാണ് ശരീഅത്ത്. ഇസ്‌ലാമിന്റെ പ്രായോഗിക വ്യവസ്ഥ കൂടി സമഗ്രമായി ഉള്‍ക്കൊള്ളുന്ന പദമാണത്. അല്ലാഹുവില്‍ വിശ്വസിക്കുന്നത് ഈമാന്‍. നമസ്‌കാരം നിലനിര്‍ത്തുക (ഇഖാമത്തുസ്സ്വലാത്ത്) ഇസ്‌ലാം. നമസ്‌കാരം നിലനിര്‍ത്തുന്നതിന്റെ നിയമങ്ങളും നിബന്ധനകളും ശരീഅത്ത്. നിര്‍ദിഷ്ട നിയമ നിബന്ധനകള്‍ പാലിക്കാതെയുള്ള നമസ്‌കാരം അസാധുവാകുന്നു. ശരീഅത്തിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇസ്‌ലാം അസാധ്യമാണ്. ഇസ്‌ലാംകാര്യങ്ങളായി എണ്ണപ്പെട്ട അഞ്ചു കാര്യങ്ങളില്‍ മാത്രമല്ല ശരീഅത്ത് പ്രസക്തമാകുന്നത്. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, ജീവിതത്തിന്റെ എല്ലാ അനക്കങ്ങളിലും അടക്കങ്ങളിലും അത് പ്രസക്തമാകുന്നു. നമസ്‌കാരം ഇസ്‌ലാമികമാകാന്‍ അതിന്റെ നിയമങ്ങളും നിബന്ധനകളും പാലിക്കപ്പെടേണ്ടതുള്ളതുപോലെ കച്ചവടവും വിവാഹവും ഇസ്‌ലാമികമാകാന്‍ അവക്ക് നിര്‍ദേശിക്കപ്പെട്ട നിയമങ്ങളും നിബന്ധനകളും പാലിക്കപ്പെടേണ്ടതുണ്ട്. ഈ വിധം സകല ജീവിതതുറകളെയും ശരീഅത്ത്-ദൈവിക നിയമങ്ങളാല്‍ വ്യവസ്ഥപ്പെടുത്തുന്നതുകൊണ്ടാണ് ഇസ്‌ലാം സമഗ്രവും സമ്പൂര്‍ണവുമായ ജീവിതക്രമമാകുന്നത്.

ദീന്‍ സ്ഥാപിക്കാന്‍ (ഇഖാമത്തുദ്ദീന്‍) ഖുര്‍ആന്‍ വിശ്വാസികളോടാവശ്യപ്പെട്ടിരിക്കുന്നു. ദീനും ശരീഅത്തും, ഈമാനും ഇസ്‌ലാമും തമ്മിലുള്ള അഭേദ്യമായ ബന്ധം പരിഗണിക്കുമ്പോള്‍ ദീനിന്റെ സംസ്ഥാപനം ശരീഅത്തിന്റെ സംസ്ഥാപനമാണെന്നു കാണാം. ഖുര്‍ആന്‍ പറയുന്നു: ''നാം നൂഹിനോടനുശാസിച്ചിരുന്നതും ഇപ്പോള്‍ നിനക്ക് ദിവ്യബോധനം നല്‍കിയിട്ടുള്ളതും ഇബ്‌റാഹീം, മൂസാ, ഈസാ തുടങ്ങിയ പ്രവാചകന്മാരോടനുശാസിച്ചിട്ടുള്ളതുമായ ദീന്‍ നിനക്കും നിയമമാക്കിത്തന്നിരിക്കുന്നു; ഈ ദീന്‍ സ്ഥാപിക്കുവിന്‍. അതില്‍ ഭിന്നിക്കരുത് എന്നാജ്ഞാപിച്ചുകൊണ്ട്'' (42:13). പൂര്‍വ പ്രവാചകന്മാര്‍ക്കെല്ലാം അല്ലാഹു നല്‍കിയ ദീന്‍ അടിസ്ഥാനപരമായി ഒന്നായിരുന്നു. ആ മൗലിക ദീന്‍ തന്നെയാണ് മുഹമ്മദ് നബി(സ)ക്കും നല്‍കിയിരിക്കുന്നത്. എന്നാല്‍ എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കിയ ദീനിന്റെ കര്‍മമാര്‍ഗം-ശരീഅത്ത്- ഒന്നായിരുന്നില്ല. ഓരോ പ്രവാചകന്നും നല്‍കിയത് അവരുടെ കാലത്തിനും സാഹചര്യത്തിനും ഇണങ്ങിയ ശരീഅത്തുകളായിരുന്നു. നമസ്‌കാരവും നോമ്പും മറ്റു വ്യാവഹാരിക നിയമങ്ങളുമെല്ലാം എല്ലാ പ്രവാചക ശരീഅത്തുകളിലുമുണ്ടായിരുന്നുവെങ്കിലും അവയുടെ അനുഷ്ഠാനക്രമവും നിയമനിബന്ധനകളും ഭിന്നമായിരുന്നു. താന്താങ്ങള്‍ക്ക് ലഭിച്ച ശരീഅത്ത് അനുസരിച്ച് ദീന്‍ നിലനിര്‍ത്താനാണ് ഓരോ പ്രവാചകനും കല്‍പിക്കപ്പെട്ടത്. ഖുര്‍ആന്‍ പറയുന്നു: ''പ്രവാചകാ, നാമിതാ ഈ സമ്പൂര്‍ണ വേദം സത്യത്തോടെ നിനക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു. ഇത് പൂര്‍വവേദത്തില്‍നിന്ന് അതിന്റെ മുന്നില്‍ അവശേഷിച്ചിട്ടുള്ളതിനെ സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാകുന്നു. ആകയാല്‍ അല്ലാഹു അവതരിപ്പിച്ചുതന്നിട്ടുള്ള നിയമമനുസരിച്ച് ജനത്തിന്റെ വ്യവഹാരങ്ങളില്‍ വിധികല്‍പിക്കുക. നിനക്ക് ലഭിച്ച സത്യസന്ദേശം കൈവിട്ട് ജനത്തിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിക്കൂടാ. നിങ്ങളില്‍ ഓരോ പ്രവാചക സമൂഹത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്‍മമാര്‍ഗവും നിശ്ചയിച്ചിട്ടുണ്ടായിരുന്നു'' (5:48). ''ഒടുവില്‍ നാമിതാ നിനക്ക് സവിശേഷമായ ഒരു ശരീഅത്ത് അവതരിപ്പിച്ചുതന്നിരിക്കുന്നു. നീ അനുധാവനം ചെയ്യേണ്ടത് അതിനെയാണ്. അറിവില്ലാത്തവരുടെ അഭിനിവേശങ്ങള്‍ക്ക് പിമ്പേ പോകാതിരിക്കുക'' (45:18).

പൂര്‍വ പ്രവാചകന്മാര്‍ക്ക് ലഭിച്ച നിയമവ്യവസ്ഥകള്‍-ശരീഅത്തുകള്‍- വൈവിധ്യമാര്‍ന്നതായിരുന്നു. ഇബ്‌റാഹീം നബിക്ക് നല്‍കിയ ശരീഅത്തിന്റെ പരിഷ്‌കരിച്ച പതിപ്പായിരുന്നു മൂസാ(അ)ക്ക് നല്‍കിയത്. അത് വീണ്ടും പരിഷ്‌കരിച്ചതായിരുന്നു ദാവൂദ് നബിക്ക് നല്‍കിയ ശരീഅത്ത്. പിന്നെയും നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ തൗറാത്തിനെ അംഗീകരിച്ചുകൊണ്ടുതന്നെ ഈസാ(അ)ക്ക് പുതിയ വേദവും ശരീഅത്തും നല്‍കി. അനന്തരം തൗറാത്തില്‍നിന്നും ഇഞ്ചീലില്‍നിന്നും നിലനില്‍ക്കുന്ന പ്രമാണങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അല്‍കിതാബ്-ഖുര്‍ആന്‍- മുഹമ്മദീയ ശരീഅത്തും അവതരിപ്പിച്ചിരിക്കുകയാണ്. ഈ ശരീഅത്താണ് മുസ്‌ലിം സമൂഹത്തില്‍ സ്ഥാപിതമാകേണ്ടത്. മുകളിലുദ്ധരിച്ച രണ്ട് ഖുര്‍ആന്‍ സൂക്തങ്ങളും ആളുകളുടെ അഭിലാഷങ്ങള്‍ക്കൊത്ത് ശരീഅത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കാന്‍ താക്കീതു ചെയ്യുന്നത് ശ്രദ്ധേയമാകുന്നു. ദൈവികനിയമങ്ങളാണ് ശരീഅത്ത്. മനുഷ്യരെ അതില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ ചെകുത്താന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കും. ദൈവിക ദീനില്‍നിന്ന് ആളുകളെ അകറ്റാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗം അവരെ ശരീഅത്തില്‍നിന്ന് വ്യതിചലിപ്പിക്കുകയാണ്. ചെകുത്താന്റെ പ്രചോദനഫലമായി പല മതങ്ങളും ദൈവിക ശരീഅത്തില്‍നിന്ന് മുക്തമായി. പകരം പുരോഹിതന്മാര്‍ നിര്‍മിക്കുന്ന ഭൗതിക നിയമങ്ങള്‍ ദൈവത്തിന്റെ പേരില്‍ സ്ഥാപിതമായി. നരബലി പോലും ചില ശരീഅത്തുകളുടെ ഭാഗമായി. ജാതി വ്യവസ്ഥയും ഉഛനീചത്വവും അയിത്തവുമൊക്കെ ശരീഅത്തിന്റെ അടിത്തറയാക്കിയ മതങ്ങളുമുണ്ട്. ദൈവിക ശരീഅത്തില്‍നിന്ന് വ്യതിചലിക്കുന്ന മതസമൂഹങ്ങള്‍ ക്രമേണ അവരുടെ മതത്തിന്റെ മൗലിക സിദ്ധാന്തങ്ങളില്‍നിന്നും വ്യതിചലിക്കുന്നു. ഏകദൈവവിശ്വാസം ബഹുദൈവവിശ്വാസമായും ത്രിയേകത്വ വിശ്വാസമായും പ്രവാചക വിശ്വാസം അവതാര വിശ്വാസമായും പരലോക വിശ്വാസം പുനര്‍ജന്മ വിശ്വാസമായുമൊക്കെ പരിവര്‍ത്തിതമാകുന്നു. ദീനുല്‍ ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളും വിശ്വാസ സത്യങ്ങളും ആദിവിശുദ്ധിയിലും തനിമയിലും നിലനില്‍ക്കുന്നതിന്റെ പ്രധാന രഹസ്യം അതിന്റെ ശരീഅത്ത് പ്രയോഗത്തില്‍ ന്യൂനതകളുണ്ടെങ്കിലും ആശയതലത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതാണ്. ശരീഅത്തിന്റെ പ്രയോഗം വികലമാകുന്നിടത്തൊക്കെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്നു എന്നത് അനുഭവസത്യമാകുന്നു.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വെറുക്കുന്നവര്‍ ഇസ്‌ലാമിക ശരീഅത്തിനെയും വെറുക്കുക സ്വാഭാവികം. ശരീഅത്ത് പിന്തിരിപ്പനാണ്, യാഥാസ്ഥിതികമാണ്, മനുഷ്യനെ പീഡിപ്പിക്കുന്നതാണ്, പുതിയ കാലത്തിനു ചേരാത്തതാണ്, പുരോഗമനവിരുദ്ധമാണ് എന്നിങ്ങനെയുള്ള ആക്ഷേപങ്ങള്‍ അവരുന്നയിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിനെ അതിന്റെ ശരീഅത്തില്‍നിന്ന് വേര്‍പ്പെടുത്തി ഇതര മതങ്ങളെപ്പോലെ ഒരു ആചാരമതം മാത്രമാക്കി മാറ്റുകയാണതിന്റെ ലക്ഷ്യം. അധികാരം  കൈയാളുന്നവര്‍ അധികാരബലം പ്രയോഗിച്ച് മുസ്‌ലിംകള്‍ ശരീഅത്ത് നിയമങ്ങളനുസരിക്കുന്നത് നിരോധിക്കാന്‍ ശ്രമിക്കുന്നു. ഒരു മതത്തിലും താല്‍പര്യമില്ലാത്തവരുമുണ്ട് ശരീഅത്ത്‌വിരോധികളില്‍. ശരീഅത്ത് മതത്തിന്റെ ഭാഗമാകുന്നു എന്നതുകൊണ്ടുതന്നെ എതിര്‍ക്കപ്പെടേണ്ടതാണെന്നാണവരുടെ നിലപാട്. ഇസ്‌ലാമിക ശരീഅത്തിനെ നിശിതമായി പഠിച്ച് വര്‍ജ്യമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ല, അവര്‍ ശരീഅത്തിനെതിരെ സമരം നയിക്കുന്നത്. ഗഹനമായി പഠിക്കുകയും പരിശോധിക്കുകയും ചെയ്തിട്ടുള്ള അമുസ്‌ലിം പണ്ഡിതന്മാര്‍ അതിനെ അന്ധമായി എതിര്‍ക്കാന്‍ തയാറായിട്ടുമില്ല. സ്വന്തം മതേതരത്വ പ്രതിഛായയും പുരോഗമന വാഞ്ഛയും അംഗീകരിക്കപ്പെടാന്‍ ശരീഅത്തിനെ തള്ളിപ്പറയേണ്ടതാവശ്യമെന്നു കരുതുന്ന ചില മുസ്‌ലിം സഹോദരന്മാരുമുണ്ട്. ചിലര്‍ ഖുര്‍ആന്‍ കൊണ്ട് ദീനിനെ ശരീഅത്ത്മുക്തമാക്കാന്‍ ശ്രമിക്കുന്നു. നേരത്തേ ഉദ്ധരിച്ച 42:13 ഖുര്‍ആന്‍ സൂക്തമാണ് മുഖ്യ ആയുധം. അതില്‍ അന്ത്യപ്രവാചകനോടും പൂര്‍വ പ്രവാചകന്മാരോടും ആവശ്യപ്പെട്ടിട്ടുള്ളത് 'ദീന്‍' നിലനിര്‍ത്താനാണ്; ശരീഅത്ത് നിലനിര്‍ത്താനല്ല. എല്ലാ പ്രവാചകന്മാരുടെയും ശരീഅത്ത് ഒന്നായിരുന്നില്ല താനും. എല്ലാവരോടും നിലനിര്‍ത്താന്‍ ആവശ്യപ്പെടുന്നത് എല്ലാവര്‍ക്കും പൊതുവായിട്ടുള്ള ദീനാണ്. അതായത് തൗഹീദ്, രിസാലത്ത്, ആഖിറത്ത് തുടങ്ങിയ മൗലിക വിശ്വാസസത്യങ്ങള്‍. ഈ സത്യങ്ങള്‍ നിലനിര്‍ത്തലാണ് ദീന്‍ നിലനിര്‍ത്തല്‍. ശരീഅത്ത് ജീവിത സാഹചര്യങ്ങള്‍ പരിഗണിച്ച് വിശ്വാസികള്‍ക്ക് സ്വയം നിശ്ചയിക്കാം. അല്ലാഹു പ്രവാചകന്മാരോട് നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടത് ശരീഅത്തില്‍നിന്ന് അന്യമായ ദീനായിരുന്നില്ലെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ദീന്‍ നിലനിര്‍ത്താന്‍ കല്‍പിച്ചതിനു പുറമെ അല്ലാഹുതന്നെ ശരീഅത്ത് നിശ്ചയിച്ചുതന്നിട്ടുണ്ടെന്നും അത് പിന്തുടരണമെന്നും ആളുകളുടെ അഭിനിവേശങ്ങള്‍ക്ക് വഴങ്ങി അതില്‍നിന്ന് വ്യതിചലിക്കരുതെന്നും നേരത്തേ ഉദ്ധരിച്ച 5:48, 45:18 സൂക്തങ്ങളും വ്യക്തമാക്കിയിരിക്കുന്നു.

ഇസ്‌ലാമിന്റെ ആധികാരികപ്രമാണം ദൈവിക വേദമായ ഖുര്‍ആന്‍ ആകുന്നു. വിശ്വാസസത്യങ്ങളുടെ പ്രയോഗരൂപമായ കര്‍മകല്‍പനകള്‍ കൂടി ചേര്‍ന്നതിനെയാണ് ഖുര്‍ആന്‍ ശരിയായ ദീന്‍ (ദീനുല്‍ ഖയ്യിം) എന്ന് വിശേഷിപ്പിക്കുന്നത്. ''ദീന്‍ അല്ലാഹുവിനു മാത്രമാക്കിക്കൊണ്ട് അവന് വഴിപ്പെട്ട് നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനും തന്നെയാണ് അവര്‍ (വൈദിക മതവിഭാഗങ്ങളെല്ലാം) കല്‍പിക്കപ്പെട്ടിരുന്നത്. അതത്രെ ശരിയായ ദീന്‍'' (98:5). മാംസാഹാരത്തിലെ ഹിതാഹിതങ്ങള്‍ വിശദീകരിച്ച ശേഷം ഖുര്‍ആന്‍ പറയുന്നു: ''ഇന്നു ഞാന്‍ നിങ്ങളുടെ ദീന്‍ പൂര്‍ണമാക്കിത്തന്നിരിക്കുന്നു'' (5:3). വ്യഭിചാരികളെ നൂറു വീതം പ്രഹരിക്കാന്‍ കല്‍പിച്ചുകൊണ്ട് പറഞ്ഞു: ''അല്ലാഹുവിന്റെ ദീന്‍ നടപ്പിലാക്കുന്നതില്‍ പ്രതികളോടുള്ള ദാക്ഷിണ്യം നിങ്ങളെ ബാധിക്കാതിരിക്കട്ടെ'' (24:2). നമസ്‌കാരാദി ആരാധനാനുഷ്ഠാനങ്ങളും ആഹാര മര്യാദകളും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്നതുള്‍പ്പെടെ എല്ലാ ജീവിതവ്യവഹാരങ്ങളിലും നിര്‍ദേശിക്കപ്പെട്ട നിയമങ്ങളുടെ നിര്‍വഹണം കൂടി ചേര്‍ന്നതാണ് 'ദീന്‍' എന്ന് ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.

അല്ലാഹു പ്രവാചകന്മാര്‍ക്ക് വേദങ്ങള്‍ അവതരിപ്പിച്ചുകൊടുത്തതിന്റെ ലക്ഷ്യം ജനങ്ങളില്‍ നീതി നടപ്പിലാവുകയാണ്. ''തെളിഞ്ഞ മാര്‍ഗദര്‍ശക പ്രമാണങ്ങളുമായി നാം ദൈവദൂതന്മാരെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അവരോടൊപ്പം വേദവും ത്രാസും ഇറക്കിയിരുന്നു; മനുഷ്യര്‍ നീതിയില്‍ നിലകൊള്ളാന്‍'' (57:25). ''അന്ത്യപ്രവാചകാ, നാമിതാ ഈ വേദം (ഖുര്‍ആന്‍) സത്യത്തോടെ നിനക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു; അല്ലാഹു കാണിച്ചുതന്ന പ്രകാരം നീ ജനങ്ങള്‍ക്കിടയില്‍ നീതി വിധിക്കാന്‍'' (4:105). മനുഷ്യര്‍ പാലിക്കേണ്ട നൈതിക- ധാര്‍മിക നിയമങ്ങളാണ് ഖുര്‍ആന്റെ വിഷയം. ആ നിയമങ്ങള്‍ ദൈവം നിര്‍ദേശിച്ചവിധം ജനജീവിതത്തില്‍ പ്രയോഗവത്കരിച്ചു കാണിക്കുകയാണ് പ്രവാചകന്റെ ദൗത്യം. ഖുര്‍ആന്‍ നമസ്‌കരിക്കാനും സകാത്ത് കൊടുക്കാനും കല്‍പിക്കുന്നു. ആ കര്‍മങ്ങളുടെ പ്രായോഗികരൂപം എപ്രകാരമാണെന്ന് പ്രവാചകന്‍ കാണിച്ചുതരുന്നു. ഖുര്‍ആന്‍ പെരുമാറ്റങ്ങളിലും ഇടപാടുകളിലും, നീതിയും സത്യസന്ധതയും കല്‍പിക്കുന്നു. സത്യസന്ധവും നീതിപൂര്‍വകവുമായ പെരുമാറ്റങ്ങളുടെയും ഇടപാടുകളുടെയും നിയമങ്ങള്‍ എന്തൊക്കെയാണെന്ന് പ്രവാചകന്‍ വിശദീകരിച്ചുതരുന്നു. ഇതാണ് ശരീഅത്ത്. പ്രവാചകന്റെ വിശദീകരണം സ്വേഛാനുസാരമല്ല; അല്ലാഹുവിന്റെ നിര്‍ദേശപ്രകാരമാണ്. വേദ വിശദീകരണം പ്രവാചകന്റെ ദൗത്യമാണ്. 'പ്രവാചകാ, നാം ഈ ഉദ്‌ബോധനം നിനക്കവതരിപ്പിച്ചുതന്നിരിക്കുന്നത് ജനങ്ങള്‍ക്കു വേണ്ടി അവതരിപ്പിക്കപ്പെട്ടതിനെ നീ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കേണ്ടതിനാകുന്നു'' (16:44). ''പ്രവാചകാ, ഈ വേദം നിനക്ക് അവതരിപ്പിച്ചിരിക്കുന്നത് ജനം ഭിന്നിക്കുന്ന വിഷയങ്ങള്‍ നീ അവര്‍ക്ക് വിശദീകരിച്ചു കൊടുക്കേതിനാകുന്നു'' (16:64).

പ്രവാചകന്റെ ജീവിതചര്യ ഖുര്‍ആനിന്റെ ആധികാരിക വ്യാഖ്യാനവും നിയമ നടപടിയുമാകുന്നു. പ്രവാചകന്‍ നല്‍കിയ നിയമങ്ങള്‍ അനുസരിക്കുകയാണ് ശരീഅത്ത് നടപ്പിലാക്കല്‍. പ്രവാചകനെ അനുസരിക്കുമ്പോള്‍, യഥാര്‍ഥത്തില്‍ അനുസരിക്കുന്നത് ഖുര്‍ആനെയും അതുവഴി അല്ലാഹുവിനെയുമാകുന്നു. ''ദൈവദൂതനെ അനുസരിക്കുന്നവന്‍ തീര്‍ച്ചയായും അല്ലാഹുവിനെ അനുസരിച്ചിരിക്കുന്നു'' (4:80). അല്ലാഹുവില്‍ വിശ്വസിക്കാനും അവന്റെ വിധിവിലക്കുകള്‍ സൂക്ഷിക്കാനും ഉദ്‌ബോധിപ്പിക്കുന്നതോടൊപ്പം ഓരോ പ്രവാചകനും 'എന്നെ അനുസരിക്കുവിന്‍' എന്നു കൂടി ഉദ്‌ബോധിപ്പിക്കാറുണ്ടായിരുന്നു. ഉദാ: ''അല്ലാഹുവില്‍ തഖ്‌വയുള്ളവരായിരിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍'' (26:151). ''അല്ലാഹുവിന്റെ അനുമതി പ്രകാരം അനുസരിക്കപ്പെടാനല്ലാതെ നാം ഒരു പ്രവാചകനെയും അയച്ചിട്ടില്ല'' (4:64). പ്രവാചകന്റെ നിയമനിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് ദീനീജീവിതം അസാധ്യമാണ്.  പ്രവാചകന്‍ പ്രബോധനം ചെയ്ത ആത്മീയ സത്യങ്ങളില്‍ വിശ്വസിക്കുന്നതോടൊപ്പം അതിന്റെ താല്‍പര്യങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ കര്‍മരൂപത്തില്‍ സ്ഥാപിക്കുകയും ചെയ്യുകയാണ് ഇഖാമത്തുദ്ദീന്‍. ശരീഅത്തിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഇഖാമത്തുദ്ദീന്‍ നിരര്‍ഥകമാകുന്നു. ദീനിന്റെ ശരീഅത്താണ് വിശ്വാസി ഈ ലോകത്ത് സ്ഥാപിക്കേണ്ടത്. ശരീഅത്തില്ലെങ്കില്‍ പിന്നെ ദീനില്‍ അവശേഷിക്കുന്നത് ചില സനാതന വിശ്വാസ സത്യങ്ങള്‍ മാത്രമാണ്. മനുഷ്യന്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അത് നിലനില്‍ക്കും. ദീന്‍ നിലനിര്‍ത്തുക എന്നാല്‍ അല്ലാഹു അവന്റെ വേദത്തിലൂടെ അനുശാസിച്ച നിയമങ്ങളനുസരിച്ച് മനുഷ്യരുടെ വ്യവഹാരങ്ങള്‍ വിധിക്കുകയാണ്. അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് വിധിക്കാത്തവര്‍ സത്യനിഷേധികളാണെന്ന് ഖുര്‍ആന്‍ 5:44-ലും അധര്‍മകാരികളാണെന്ന് 5:45-ലും പാപികളാണെന്ന് 5:47-ലും പ്രസ്താവിച്ചിട്ടുണ്ട്.

ശരീഅത്തും ഫിഖ്ഹും

വിശുദ്ധ ഖുര്‍ആന്‍ നേരിട്ട് അനുശാസിച്ചതും അന്ത്യപ്രവാചകന്‍ പ്രാവര്‍ത്തികമാക്കി കാണിച്ചതുമായ വിധിവിലക്കുകളാണ് ശരീഅത്ത്. അത് ശാശ്വതവും ഭേദഗതികള്‍ക്കതീതവുമാകുന്നു. പ്രവാചകന്‍ (സ) 23 കൊല്ലക്കാലം മാത്രമാണ് പ്രവാചകനായി ഈ ലോകത്ത് പ്രവര്‍ത്തിച്ചത്. ഈ കാലയളവില്‍ കുടുംബാംഗം, അനാഥന്‍, മര്‍ദിതന്‍, ദരിദ്രന്‍, വ്യാപാരി, ഭരണാധികാരി, ജേതാവ്, സമാധാന പ്രവര്‍ത്തകന്‍, യുദ്ധനായകന്‍, ഭര്‍ത്താവ്, അധ്യാപകന്‍, ന്യായാധിപന്‍, പ്രബോധകന്‍ എന്നിങ്ങനെ മനുഷ്യജീവിതം നേരിടാവുന്ന ഏതാണ്ടെല്ലാ അവസ്ഥകളിലൂടെയും അദ്ദേഹം കടന്നുപോന്നിട്ടുണ്ട്. ഈ മനുഷ്യാവസ്ഥകളെയെല്ലാം ശരിയായ വിധത്തില്‍ അഭിമുഖീകരിക്കുന്നതിനുള്ള അടിസ്ഥാന തത്ത്വങ്ങളും രീതിശാസ്ത്രവും അല്ലാഹു അദ്ദേഹത്തെ പഠിപ്പിക്കുകയായിരുന്നു, വിശുദ്ധ ഖുര്‍ആനിന്റെ ഇരുപത്തിമൂന്നു കൊല്ലക്കാലം നീണ്ട അവതരണത്തിലൂടെ. അതുകൊണ്ട് അക്കാലത്ത് ഏതെങ്കിലും വിഷയത്തിലെ ശര്‍ഈ നിയമത്തെക്കുറിച്ച് പ്രവാചകന്നോ വിശ്വാസികള്‍ക്കോ അവ്യക്തതക്കും ആശയക്കുഴപ്പത്തിനും ഇടമുണ്ടായിരുന്നില്ല. പ്രവാചക ശിഷ്യന്മാര്‍(സ്വഹാബത്ത്) ശരീഅത്ത് പ്രവാചകനില്‍നിന്ന് നേരിട്ട് പഠിക്കുകയും പകര്‍ത്തുകയുമായിരുന്നു.

പ്രവാചകന്റെ കാലം കഴിഞ്ഞുപോയി. ഇസ്‌ലാമിക സമൂഹം വളര്‍ന്നു വികസിച്ചുകൊണ്ടേയിരുന്നു. അവരുടെ ജീവിതസാഹചര്യങ്ങള്‍ മാറി. ആവശ്യങ്ങള്‍ വര്‍ധിച്ചു. പുതിയ പുതിയ നൈതിക-ധാര്‍മിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. പ്രവാചകന്റെ അഭാവത്തില്‍ അവയുടെയൊക്കെ ശര്‍ഈ വിധികള്‍ എങ്ങനെ നിര്‍ണയിക്കും? ഖുര്‍ആനിനെയും സുന്നത്തിനെയും ആധാരമാക്കി ഗവേഷണ നിരീക്ഷണങ്ങളിലൂടെ ശരീഅത്തിനെ കാലോചിതമായി വികസിപ്പിക്കുകയായിരുന്നു അതിനു പൂര്‍വസൂരികള്‍ കണ്ടെത്തിയ  പരിഹാരം. ഈ പ്രക്രിയയാണ് ഫിഖ്ഹ്, അഥവാ കര്‍മശാസ്ത്രം. ശരീഅത്തിന്റെ കാലികമായ പ്രായോഗിക രൂപമാണ് ഫിഖ്ഹ് എന്നു പറയാം. ഒരര്‍ഥത്തില്‍ ഫിഖ്ഹ് ശരീഅത്തുതന്നെ; ശരീഅത്ത് ദീന്‍ ആകുന്നതുപോലെ. ദീനിന്റെ താത്ത്വികവും മൗലികവുമായ പ്രയോഗമാണല്ലോ ശരീഅത്ത്. ശരീഅത്തിന്റെ ആനുകാലികവും വിശദവുമായ പ്രയോഗമാണ് ഫിഖ്ഹ്. ശരീഅത്ത് അല്ലാഹുവിങ്കല്‍നിന്ന് അനുശാസിക്കപ്പെട്ട സ്ഥായിയും ഭേദഗതികള്‍ക്കതീതവുമായ മൗലിക നിയമങ്ങളാണ്. ഫിഖ്ഹ് മനുഷ്യനിര്‍മിതവും പരിവര്‍ത്തനക്ഷമവുമാണ്. ഒരുകാലത്ത് ഒരു പണ്ഡിതന്‍ നിര്‍ധാരണം ചെയ്ത നിയമം സമകാലികനോ പില്‍ക്കാലക്കാരനോ ആയ മറ്റൊരു പണ്ഡിതന്‍ തള്ളിക്കളഞ്ഞെന്നുവരാം. ഒരിക്കല്‍ ഒരു പണ്ഡിതന്‍ നിര്‍ധാരണം ചെയ്ത നിയമത്തെ സ്ഥലകാലങ്ങള്‍ മാറുമ്പോള്‍ ആ പണ്ഡിതന്‍തന്നെ ഭേദപ്പെടുത്തിയെന്ന് വരാം. അങ്ങനെയാണ് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ടായതും വ്യത്യസ്ത മദ്ഹബുകള്‍ രൂപം കൊണ്ടതും.

ഹിജ്‌റ 2-4 നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിക പണ്ഡിതന്മാരുടെ ഗവേഷണ നിരീക്ഷണങ്ങളിലൂടെ ഫിഖ്ഹിന്റെ-കര്‍മശാസ്ത്രത്തിന്റെ ആ കാലത്തിനു യോജിച്ച പ്രയോഗരൂപങ്ങള്‍ ക്രോഡീകൃതമായി. ഇസ്‌ലാമിക വിജ്ഞാന മണ്ഡലത്തിനു ലഭിച്ച അമൂല്യ സംഭാവനകളാണ് ആ ഗ്രന്ഥങ്ങള്‍. പ്രബോധനത്തെയും പ്രയോഗത്തെയും കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാംവണ്ണം സംവിധാനിക്കുന്നതിനുള്ള മാതൃകയും മാര്‍ഗദീപവുമാണവ. പക്ഷേ, മുജ്തഹിദുകളായ പണ്ഡിതന്മാര്‍ എത്തിച്ചേര്‍ന്നിടത്തുനിന്ന് മുന്നോട്ടുപോകാന്‍ പിന്നീട് വന്ന പണ്ഡിതന്മാര്‍ തയാറായില്ല. ഇജ്തിഹാദിന്റെ കവാടം കൊട്ടിയടച്ച് അവര്‍ അനുകരണത്തിന്റെ ഇടുങ്ങിയ മുറിയില്‍ ചടഞ്ഞുകൂടി. നിയമ വിഷയങ്ങളിലുള്ള ഗവേഷണം - ഇജ്തിഹാദ്- വിലക്കപ്പെട്ടു. ദീനീവിജ്ഞാന മേഖല മുരടിച്ചു. പുതിയ ലോകങ്ങളില്‍നിന്നും കാലങ്ങളില്‍നിന്നും ഇസ്‌ലാമിക ശരീഅത്ത് ബഹുദൂരം അകന്നുപോയി. ശരീഅത്തിന്റെ മൗലിക സ്രോതസ്സായ ഖുര്‍ആനും സുന്നത്തും അവഗണിക്കപ്പെട്ടു. ആ സ്ഥാനത്ത് മദ്ഹബ് ഇമാമുകളുടെ കൃതികളും അവരുടെ ശിഷ്യന്മാര്‍ അവക്ക് തയാറാക്കിയ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമായി കനത്ത കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ അവരോധിക്കപ്പെട്ടു. ഇജ്തിഹാദിന്റെ സ്ഥാനം അനുകരണം (തഖ്‌ലീദ്) ഏറ്റെടുത്തു. കാലാന്തരത്തില്‍ ശരീഅത്തും ഫിഖ്ഹും തമ്മിലുള്ള അന്തരം വിസ്മൃതമായി. ശരീഅത്ത് ഫിഖ്ഹിന്റെ പര്യായം മാത്രമാണെന്ന ധാരണ സാര്‍വത്രികമായി. മനുഷ്യര്‍- അവര്‍ എത്ര വലിയ പണ്ഡിതന്മാരും മഹാന്മാരും ആയിരുന്നാലും ശരി- അവരുടെ ജീവിത സാഹചര്യത്തിനും അറിവിനുമനുസരിച്ച് നിര്‍മിച്ച നിയമങ്ങളെ അല്ലാഹു അവന്റെ വേദത്തിലൂടെയും പ്രവാചകനിലൂടെയും അവതരിപ്പിച്ച ശാശ്വതവും മാറ്റമില്ലാത്തതുമായ ശരീഅത്തിനു തുല്യമാക്കുക എന്ന ഭീമാബദ്ധമാണ് ഇതുവഴി വന്നുകൂടിയത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമന്വേഷിക്കാനും ഫത്‌വകള്‍ നല്‍കാനും ഖുര്‍ആനിലേക്കും സുന്നത്തിലേക്കും നോക്കുന്നതിനു പകരം മധ്യ നൂറ്റാണ്ടുകളിലെഴുതപ്പെട്ട കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലേക്ക് മാത്രം നോക്കുന്ന സമ്പ്രദായം സംജാതമായത് അങ്ങനെയാണ്. ഇത് സൃഷ്ടിക്കുന്ന കെടുതിയുടെ വ്യക്തമായ ഉദാഹരണമാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്ന മുത്ത്വലാഖ് ചര്‍ച്ച. ഖുര്‍ആനും സുന്നത്തും സൂക്ഷ്മമായി പരിശോധിച്ചാല്‍ അനായാസം പരിഹാരം കാണാവുന്ന പ്രശ്‌നമാണിത്. പക്ഷേ സമുദായത്തിന്റെ മദ്ഹബ് പക്ഷപാതിത്വം അതിന് അനുവദിക്കുന്നില്ല. ഖുര്‍ആനും സുന്നത്തും അവഗണിക്കപ്പെടുന്നതില്‍ അവര്‍ക്ക് യാതൊരു വേവലാതിയുമില്ല. പക്ഷേ ഒരു കാരണവശാലും മദ്ഹബ് ഇമാമുകളുടെ അഭിപ്രായങ്ങള്‍ ഭേദപ്പെടുത്തിക്കൂടാ. ഖുര്‍ആനും സുന്നത്തും ധിക്കരിക്കപ്പെട്ടാല്‍ ഒന്നുമില്ല, മദ്ഹബീ നിയമങ്ങള്‍ മറികടന്നാല്‍ ദീന്‍ തകര്‍ന്നുപോകും എന്ന മട്ട്! തങ്ങള്‍ നിര്‍ധാരണം ചെയ്യുന്നത് ഒരിക്കലും മാറാന്‍ പാടില്ലാത്ത ശാശ്വതനിയമങ്ങളാണെന്ന് മദ്ഹബിന്റെ ഇമാമുകള്‍ ആരും അവകാശപ്പെട്ടിരുന്നില്ല എന്നത് മറ്റൊരു സത്യമാകുന്നു.

ആഴത്തില്‍ അറിയലാണ് ഭാഷയില്‍ ഫിഖ്ഹ്. പ്രത്യക്ഷമായതിന്റെ അറിവില്‍നിന്ന് പരോക്ഷമായതിന്റെ അറിവിലേക്കെത്തുക എന്ന് ഭാഷാഭിജ്ഞര്‍ അതിനെ നിര്‍വചിച്ചിരിക്കുന്നു. മതിലിനപ്പുറത്ത് കാണുന്ന മങ്ങല്‍ മഞ്ഞാണോ, പുകയാണോ എന്ന് തിരിച്ചറിയുക പ്രത്യക്ഷമായതിന്റെ അറിവാണ്. പുകയാണെന്ന് തിരിച്ചറിഞ്ഞാല്‍ അതിനു താഴെ തീയു് എന്ന് മനസ്സിലാക്കുക പരോക്ഷമായതിന്റെ അറിവ്- ഫിഖ്ഹ്- ആണ്. ഇതുപോലെ ശരീഅത്ത് പരസ്യമാക്കിയ കാര്യങ്ങളില്‍നിന്ന് അതിനപ്പുറമുള്ള പരസ്യമായി പറയാത്ത കാര്യങ്ങള്‍ ഗ്രഹിക്കുന്നത് ഫിഖ്ഹ് ആണ്. ശരീഅത്തിന്റെ വിശദമായ പ്രമാണങ്ങളില്‍നിന്ന് വിധികള്‍ കണ്ടെത്തുക എന്നാണ് ഫിഖ്ഹിന്റെ സാങ്കേതിക നിര്‍വചനം. ഫിഖ്ഹ് ദൈവികമല്ല, മാനുഷികമാണെന്ന് ഈ നിര്‍വചനത്തില്‍നിന്ന് സ്പഷ്ടമാകുന്നു. മാനുഷികമായതൊന്നും ശാശ്വതമോ മാറ്റങ്ങള്‍ക്കതീതമോ അല്ല. തന്റെ അറിവിന്റെയും യുക്തിബോധത്തിന്റെയും ജീവിത പശ്ചാത്തലത്തിന്റെയും പരിധിയില്‍നിന്നുകൊണ്ട് ശരീഅത്തിനെ വ്യാഖ്യാനിക്കാനും വ്യവസ്ഥപ്പെടുത്താനും ശ്രമിക്കുകയാണ് ഓരോ ഫഖീഹും ചെയ്യുന്നത്. അറിവിന്റെ ചക്രവാളങ്ങളും മനുഷ്യധിഷണയും കൂടുതല്‍ വികസിക്കുകയും ജീവിതസാഹചര്യങ്ങള്‍ മാറുകയും ചെയ്യുമ്പോള്‍ ശരീഅത്തിന്റെ പ്രയോഗരൂപം മാത്രം മാറ്റമില്ലാതെ നിലനില്‍ക്കും എന്നു കരുതുന്നത് നിരര്‍ഥകമാണ്. മാറ്റമില്ലാതെ നിലനില്‍ക്കുന്നത് യഥാര്‍ഥ ശരീഅത്ത്-ഖുര്‍ആനും സുന്നത്തും- മാത്രമാകുന്നു. പ്രവാചകനു ശേഷം ഇന്നുവരെ ഖുര്‍ആനിന് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടായിക്കൊണ്ടിരുന്നു. ഇപ്പോഴും പുതിയ പുതിയ തഫ്‌സീറുകള്‍ ഉണ്ടാകുന്നുണ്ട്. പുതിയ പണ്ഡിതന്മാര്‍ പല സൂക്തങ്ങളുടെയും പഴയ വ്യാഖ്യാനങ്ങള്‍ തള്ളിക്കളഞ്ഞ് പുതിയ വ്യാഖ്യാനങ്ങളവതരിപ്പിക്കുന്നു. കാലഘട്ടത്തിന്റെ താല്‍പര്യമാണത്. ഈ വ്യാഖ്യാനഭേദം നിയമനിര്‍ധാരണത്തില്‍ പാടില്ല എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? മാനുഷികമായ ഫിഖ്ഹിനെ ദൈവികമായ ശരീഅത്തായി കരുതുന്നതിന്റെ ഫലമാണിത്. 'ഫിഖ്ഹ്' എന്ന പദത്തിന് വലിയ അര്‍ഥലോപം സംഭവിച്ചിരിക്കുകയാണിവിടെ. പ്രത്യക്ഷമായ അറിവില്‍നിന്ന് പരോക്ഷമായ അറിവിലേക്കെത്തുക എന്നതിനു പകരം പൂര്‍വപണ്ഡിതന്മാര്‍ കണ്ടെത്തി എഴുതിവെച്ച് പ്രത്യക്ഷമാക്കിയ അറിവുകള്‍ വായിച്ചറിയുക മാത്രമാണ്  ഇക്കാലത്ത് ഫിഖ്ഹ്. അങ്ങനെ വായിച്ചു പഠിച്ചവന്‍ ഫഖീഹ്. പൂര്‍വ പണ്ഡിതന്മാര്‍ എഴുതിവെച്ച 'ഇബാറത്തു'കള്‍ പകര്‍ത്തലാണ് അവരുടെ ഫത്‌വകളും 'മസ്അല' 'ഹല്ലു' ചെയ്യലും. അതുവഴി ഇസ്‌ലാമിക ശരീഅത്ത് കാലഹരണപ്പെട്ടിരിക്കുന്നു, പിന്തിരിപ്പനും യാഥാസ്ഥിതികവുമാണ് എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ സാധൂകരിക്കപ്പെടുന്നു.

പൂര്‍വ പണ്ഡിതന്മാരെയും അവരുടെ ഗ്രന്ഥങ്ങളെയും തള്ളിക്കളയണമെന്നല്ല പറഞ്ഞുവരുന്നത്. മഹാന്മാരായ പൂര്‍വികര്‍ പില്‍ക്കാലക്കാര്‍ക്കായി അര്‍പ്പിച്ച സംഭാവനകള്‍ തീര്‍ച്ചയായും വിലമതിക്കാനാവാത്തതും ആദരണീയവുമാണ്. പില്‍ക്കാലക്കാര്‍ക്കുള്ള മാതൃകയും ദിശാസൂചനകളുമാണവ. അവയെ ആധാരമാക്കിയാണ് പില്‍ക്കാലക്കാര്‍ അവരുടെ പ്രവര്‍ത്തനം സംവിധാനിക്കേണ്ടത്. ഇന്നലെയുടെ തുടര്‍ച്ചയായല്ലാതെ ഇന്ന് നിലനില്‍ക്കാനും നാളെയെ പണിയാനും കഴിയില്ല. പൂര്‍വികരെ മാതൃകയാക്കുക എന്നാല്‍ അവര്‍ പറഞ്ഞതുമാത്രം പറയുകയും അവര്‍ ചെയ്തതു മാത്രം ചെയ്യുകയുമല്ല. അവര്‍ പറയുകയും ചെയ്യുകയും ചെയ്തതിന്റെ ആന്തരാര്‍ഥങ്ങള്‍ ഗ്രഹിച്ച് അതിനപ്പുറം പറയേണ്ടത് പറയുകയും ചെയ്യേണ്ടത് ചെയ്യുകയുമാണ്. പൂര്‍വപണ്ഡിതന്മാരുടെ കാലത്തോടെ ലോകം അവസാനിച്ചിട്ടില്ല, ഫിഖ്ഹും. ലോകാവസാനം വരെയുള്ള ദീര്‍ഘയാത്രയാണ് ഫിഖ്ഹ്. ഇന്നലത്തെ ഫുഖഹാക്കള്‍ക്ക് നാളത്തെ യാത്ര നടത്താനാവില്ല. നാലാം നൂറ്റാണ്ടിലെ പണ്ഡിതന്മാര്‍ തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു വേണ്ടതൊക്കെ എഴുതിവെച്ചിരിക്കുന്നു എന്നു പറയുന്നവര്‍ ഈ ലളിതയുക്തിയെ പരിഹസിക്കുകയാണ്. പൂര്‍വ പണ്ഡിതന്മാര്‍ നടന്നെത്തിയേടത്തുനിന്ന് മുന്നോട്ടു നടക്കുകയാണ് ആധുനിക പണ്ഡിതന്മാരുടെ കടമ. അവരെത്തിയേടത്തുതന്നെ നില്‍ക്കുകയോ ആ കാല്‍പാടുകളിലൂടെ പിന്നോട്ടു നടക്കുകയോ ചെയ്താല്‍ ഇസ്‌ലാമിക ശരീഅത്ത് മുത്ത്വലാഖ് പോലുള്ള ക്ഷുദ്രവിവാദങ്ങളില്‍ കെട്ടുപിണഞ്ഞു കിടക്കും. അതിന്റെ മഹത്വവും നന്മയും സമുദായത്തിനകത്തും പുറത്തും മനസ്സിലാക്കപ്പെടുകയോ പ്രയോജനപ്പെടുകയോ ഇല്ല.

ഇജ്തിഹാദ്

കര്‍മശാസ്ത്ര വികസനത്തിന് പൂര്‍വികര്‍ മൂന്ന് അടിസ്ഥാന സ്തംഭങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇജ്തിഹാദ്, മഖാസ്വിദുശ്ശരീഅ, ഉസ്വൂലുല്‍ ഫിഖ്ഹ്. നിലവിലുള്ള നിയമങ്ങളിലും അതിന്റെ പ്രമാണങ്ങളിലും ബുദ്ധിയെ വ്യാപരിപ്പിച്ച് പുതിയ പ്രശ്‌നങ്ങളുടെ നിയമം കണ്ടെത്തുന്ന ഗവേഷണ പ്രവര്‍ത്തനമാണ് ഇജ്തിഹാദ്. മുജ്തഹിദിന് ഖുര്‍ആനിലും സുന്നത്തിലും സാമാന്യത്തിലധികം അവഗാഹമുണ്ടായിരിക്കണം, അറബിഭാഷാഭിജ്ഞനായിരിക്കണം. സര്‍വോപരി കലവറയില്ലാത്ത ഈമാനും, നിസ്വാര്‍ഥവും നിഷ്‌കളങ്കവുമായ സത്യാന്വേഷണ ബോധവും സൂക്ഷ്മതയുമുണ്ടായിരിക്കണം. ഇതൊന്നുമില്ലാത്തവര്‍ ഇജ്തിഹാദിനര്‍ഹരല്ല. അവരുടെ ഇജ്തിഹാദ് സ്വീകാര്യവുമല്ല. പൂര്‍വികര്‍ മുജ്തഹിദില്‍ ചുമത്തിയ ഈ നിബന്ധനകള്‍ പൂര്‍ണമായി സ്വീകരിക്കേണ്ടതാണ്. അതോടൊപ്പം ഇക്കാലത്തെ മുജ്തഹിദിന് ഈ യോഗ്യതകള്‍ മാത്രം മതിയോ എന്നു പരിശോധിക്കേണ്ടതുമുണ്ട്. മനുഷ്യജ്ഞാനം ശാസ്ത്രീയമായും സാങ്കേതികമായും സാമ്പത്തികമായും ആരോഗ്യപരമായും ദാര്‍ശനികമായും പ്രത്യയശാസ്ത്രപരമായുമൊക്കെ ഏറെ വികസിച്ചുകഴിഞ്ഞിരിക്കുന്നു. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട ഇജ്തിഹാദുകള്‍ക്ക് ഈ വിജ്ഞാനീയങ്ങളില്‍ കൂടി അവഗാഹം വേണ്ടതല്ലേ? ഒരാള്‍ക്ക് ഒരേസമയം പ്രഗത്ഭനായ ഫഖീഹും ശാസ്ത്രജ്ഞനും ആകാന്‍ സാധിച്ചെന്നുവരില്ല. പക്ഷേ, ശാസ്ത്ര വിഷയങ്ങളില്‍ ഇജ്തിഹാദ് ചെയ്യുന്ന ഫഖീഹിന് ശാസ്ത്രജ്ഞന്മാരുടെ സഹായം തേടാന്‍ സാധ്യമാകും. മറ്റു വിജ്ഞാനീയങ്ങളുടെ കാര്യവും ഇപ്രകാരം തന്നെ.

വ്യക്തിപരമായ ഇജ്തിഹാദുകള്‍ ചിലപ്പോള്‍ പ്രശ്‌നം കൂടുതല്‍ അവ്യക്തവും സംശയാസ്പദവുമാകാന്‍ ഇടയാകും. ഇന്നത്തെ സാഹചര്യത്തില്‍ മുജ്തഹിദുകള്‍ക്ക് പരസ്പരം ബന്ധപ്പെടാനും ആശയവിനിമയം നടത്താനും ധാരാളം മാധ്യമങ്ങളുണ്ട്. മുസ്‌ലിംകളുള്ള മിക്ക രാജ്യങ്ങളിലും ഫത്‌വാ ബോര്‍ഡുകളും ഫിഖ്ഹ് അക്കാദമികളും രൂപം കൊണ്ടിട്ടുള്ളത് ആശാവഹമാണ്.

മഖാസ്വിദുശ്ശരീഅ

ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളാണ് മഖാസ്വിദുശ്ശരീഅ. ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചായിരിക്കണം കര്‍മശാസ്ത്രത്തെ വികസിപ്പിക്കേണ്ടത്. ആത്മരക്ഷ, മതരക്ഷ, വംശരക്ഷ, ധനരക്ഷ, അഭിമാന രക്ഷ എന്നിങ്ങനെ അഞ്ചു ലക്ഷ്യങ്ങളാണ് പൂര്‍വികര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ശരീഅത്തിന്റെ ഏതു നിയമമെടുത്തു പരിശോധിച്ചാലും അതിന്റെ താല്‍പര്യങ്ങളായി ഈ പഞ്ച ലക്ഷ്യങ്ങളിലൊന്ന് വരുന്നതായി കാണാം. ഈ ലക്ഷ്യങ്ങള്‍ കണ്ടെത്തിയ പൂര്‍വസൂരികളുടെ ധിഷണാവൈഭവം ആദരണീയമാകുന്നു. അന്നെന്നപോലെ ഇന്നും ആര്‍ക്കും അവയെ ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ ഈ പഞ്ച ലക്ഷ്യങ്ങളുടെ ആധുനിക പരിപ്രേക്ഷ്യം അവയുടെ ഒരു പുനഃസംവിധാനം ആവശ്യപ്പെടുന്നുവെന്ന കാര്യം നിഷേധിച്ചുകൂടാ. സമത്വം, സ്വാതന്ത്ര്യം, നീതി, മനുഷ്യാവകാശങ്ങള്‍, ലിംഗനീതി തുടങ്ങിയ മൂല്യങ്ങള്‍ ആധുനിക പുരോഗമനാത്മക നിയമ സംവിധാനങ്ങള്‍ ലക്ഷ്യമായി സ്വീകരിച്ചുവരുന്നുണ്ട്. അവയെ കൂടി ഉള്‍ക്കൊള്ളുംവിധം മഖാസ്വിദുശ്ശരീഅ പുനഃസംവിധാനിക്കേണ്ടതാണ്. ശരീഅത്തില്‍നിന്ന് മനുഷ്യര്‍ കണ്ടെത്തിയതാണ് മഖാസ്വിദുശ്ശരീഅ. അവ മാറ്റത്തിനതീതമാകുന്നില്ല. കൂടാതെ ഈ പഞ്ചലക്ഷ്യങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ പുതുതായി പ്രചാരം നേടിയ മൂല്യങ്ങള്‍ അവയിലും അന്തര്‍ഭവിച്ചിട്ടുള്ളതായി കാണാം. പ്രഗത്ഭരായ ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഇവ്വിഷയകമായി ഗൗരവമായി ചിന്തിക്കുകയും പഠനഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഉസ്വൂലുല്‍ ഫിഖ്ഹ്

കര്‍മശാസ്ത്ര നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള നിദാന തത്ത്വങ്ങളാണ് ഉസ്വൂലുല്‍ ഫിഖ്ഹ്. ഉസ്വൂല്‍ എന്നാല്‍ മൂലതത്ത്വങ്ങള്‍. ഉസ്വൂലുകളും പണ്ഡിതന്മാര്‍ കണ്ടെത്തുന്നതാണ്. വ്യത്യസ്ത പണ്ഡിതന്മാര്‍ വ്യത്യസ്ത ഉസ്വൂലുകള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാവരും ഏകോപിക്കുന്നത് രണ്ട് ഉസ്വൂലുകളിലാണ്. ഖുര്‍ആനും സുന്നത്തുമാണത്. ഇതല്ലാത്ത ഉസ്വൂലുകളില്‍ പണ്ഡിതന്മാര്‍ തമ്മിലും മദ്ഹബുകള്‍ തമ്മിലും ഭിന്നതയുണ്ട്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ നാലു ഉസ്വൂലുകളാണ് ശാഫിഈ മദ്ഹബ് അംഗീകരിച്ചിട്ടുള്ളത്. ഇതില്‍ ഇജ്മാഅ് സമൂഹത്തിന്റെ പൊതുസമ്മതി എന്ന സാമാന്യാര്‍ഥത്തിലേ നിലനില്‍ക്കുന്നുള്ളൂ. ഒരുകാലത്തെ എല്ലാ പണ്ഡിതന്മാരും ഏകകണ്ഠമായി അംഗീകരിച്ച വിധി എന്ന സാങ്കേതികാര്‍ഥത്തില്‍ ഇജ്മാഅ് സാങ്കല്‍പികമാണ്. പഴയകാലത്ത് അങ്ങനെയൊരു ഏകോപനം സാധ്യമായിരുന്നില്ല എന്നതാണ് വാസ്തവം. എങ്കിലും പല വിഷയങ്ങളിലും ഇജ്മാഅ് ഉള്ളതായി പണ്ഡിതന്മാര്‍ പറയാറുണ്ട്. ഇജ്മാഇനെ ധിക്കരിക്കുന്നത് കുഫ്‌റോളമെത്തുന്ന കുറ്റമായും പറയപ്പെടുന്നു.

ന്യായാധികരണമാണ് ഖിയാസ്. ഒരു വിഷയത്തില്‍ ശരീഅത്ത് നല്‍കിയ നിയമത്തിന്റെ കാരണം മനസ്സിലാക്കി അതേ കാരണമുള്ള മറ്റു കാര്യങ്ങള്‍ക്കും ആ നിയമം ബാധകമാക്കുകയാണിത്. മദ്യം നിരോധിച്ചതിന്റെ കാരണം അത് മനുഷ്യരെ ഉന്മത്തരാക്കുകയും സുബോധം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ്. ഈ കാരണങ്ങളുള്ള മയക്കുമരുന്നുകള്‍ക്കും ധൂമങ്ങള്‍ക്കും ഈ നിരോധം നിലനില്‍ക്കുന്നു. മദ്യത്തിന്റെ കാര്യത്തില്‍ ഖിയാസ് ശരിയാകുന്നു എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, എല്ലാ ശരീഅത്ത് നിയമങ്ങള്‍ക്കും പണ്ഡിതന്മാര്‍ കത്തെുന്ന കാരണം നിയമശാസനയുടെ യഥാര്‍ഥ കാരണമാകണമെന്നില്ല. മയക്കുമരുന്നുകള്‍ക്ക് മദ്യത്തിന്റെ വിധി നല്‍കുന്നത് ഖിയാസിനെ അവലംബിച്ചല്ല; 'ബുദ്ധിയെ മറക്കുന്നതെല്ലാം മദ്യമാകുന്നു' എന്ന പ്രവാചകവചനം ആധാരമാക്കിയാണ്. ഇമാം ഇബ്‌നു ഹസ്മിനെപ്പോലുള്ള പൂര്‍വ പണ്ഡിതന്മാര്‍ ഖിയാസിനെ അവലംബിച്ചുള്ള നിയമനിര്‍ധാരണം അസാധുവാണെന്ന് ശക്തമായി സമര്‍ഥിച്ചിട്ടുണ്ട്.

ഇസ്തിഹ്‌സാന്‍, ഇസ്തിഹ്‌സ്വാല്‍, മസ്വാലിഹുല്‍ മുര്‍സല തുടങ്ങി ഉര്‍ഫ് (നാട്ടുസമ്പ്രദായം), പൂര്‍വ ശരീഅത്ത് വരെ അനേകം ഉസ്വൂലുകള്‍ ഇതര മദ്ഹബുകളും പണ്ഡിതന്മാരും സ്വീകരിച്ചിട്ടുണ്ട്. ശരീഅത്ത് ഖണ്ഡിതമായ നിയമം നിര്‍ദേശിച്ചിട്ടില്ലാത്ത വിഷയങ്ങളില്‍ ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മാനിച്ചുകൊണ്ട് സമൂഹത്തിന്റെ പൊതു താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ സ്വീകരിക്കുക എന്നതാണ് അവയുടെയെല്ലാം കാതലായ ആശയം. ഖിയാസിനെ എന്ന പോലെ മറ്റു ഉസ്വൂലുകളെയും അതിന്റെ വക്താക്കളല്ലാത്തവര്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇസ്തിഹ്‌സാന്‍ അവലംബിച്ച് നിയമനിര്‍ധാരണം ചെയ്യുന്നവര്‍ സ്വയം ശരീഅത്തുാക്കുന്നു എന്നാണ് ഇമാം ശാഫിഈ പറഞ്ഞത്. ഉസ്വൂലുകളിലുള്ള ഭിന്നത അവ ശാശ്വതങ്ങളോ മാറ്റങ്ങള്‍ക്കതീതമോ അല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഫിഖ്ഹിന്റെ കാലോചിതമായ വികാസത്തിന് മഖാസ്വിദുശ്ശരീഅ പോലെ ഉസ്വൂലുല്‍ ഫിഖ്ഹും ആധുനിക യുഗത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ പുനഃസംവിധാനിക്കേണ്ടതുണ്ട്. നാലാം നൂറ്റാണ്ടില്‍ നിര്‍മിതമായ അടിത്തറയില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിനാവശ്യമായ കെട്ടിടം പണിയാനാവില്ലല്ലോ.

പഴയ ഉസ്വൂല്‍ പാടേ തള്ളിക്കളയുകയല്ല പുനഃസംവിധാനം കൊണ്ടുദ്ദേശ്യം. മറിച്ച് വികസിപ്പിക്കേണ്ടത് വികസിപ്പിക്കുക, പരിമിതപ്പെടുത്തേണ്ടത് പരിമിതപ്പെടുത്തുക, ഭിന്നതകളെ സമരസപ്പെടുത്തുക, പുതുതായി കൂട്ടിച്ചേര്‍ക്കേണ്ടവ കൂട്ടിച്ചേര്‍ക്കുക തുടങ്ങിയ കാര്യങ്ങളാണ്. ഇതൊക്കെ ചെയ്യേണ്ടത് വ്യക്തികള്‍ അവരവരുടെ മൂലകളിലിരുന്നല്ല. ലോക ഇസ്‌ലാമിക പണ്ഡിതന്മാര്‍ സംഘടിച്ച് സഗൗരവം ചര്‍ച്ച ചെയ്ത് സംയുക്തമായി തീരുമാനിക്കേണ്ട വിഷയമാണിത്. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങളോ വിഭാഗീയ താല്‍പര്യങ്ങളോ കക്ഷിഭേദമോ സാമ്പത്തിക താല്‍പര്യങ്ങളോ അനുകരണഭ്രമമോ ഈ സംരംഭത്തെ സ്വാധീനിച്ചുകൂടാ. ഇത്തരം സ്വാധീനങ്ങള്‍ക്കതീതമായി ലോകത്തെങ്ങുമുള്ള  ഫത്‌വാ ബോര്‍ഡുകളും ഫിഖ്ഹ് അക്കാദമികളും ഒരുമിച്ചു ശ്രമിച്ചാല്‍ ഇതൊന്നും അസാധ്യമല്ല. അതിനു തയാറായാല്‍ മുസ്‌ലിം ലോകത്തിനു മാത്രമല്ല മുഴുവന്‍ മനുഷ്യര്‍ക്കും ഏറ്റവും വിശിഷ്ടവും പ്രയോജനകരവുമായ ഒരു ദൈവിക നിയമസരണി-ശരീഅത്തിന്റെ കാലികമായ പ്രായോഗികക്രമം/ ഫിഖ്ഹ്- രൂപപ്പെടുമെന്നതില്‍ സംശയമില്ല. അല്ലെങ്കില്‍ മുത്ത്വലാഖ് പോലുള്ള തര്‍ക്കങ്ങളില്‍ അഭിരമിച്ചുതന്നെ കാലം കഴിക്കാം.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (54 - 62)
എ.വൈ.ആര്‍

ഹദീസ്‌

ആരാണ് സമര്‍ഥന്‍?
കെ.സി ജലീല്‍ പുളിക്കല്‍