നിയമദാതാവിന്റെ അവകാശങ്ങളും ഫഖീഹിന്റെ ഗവേഷണങ്ങളും
''ഏതൊരു സമൂഹത്തിന്റെയും നാഗരികതയുടെയും ഭദ്രതക്ക് രണ്ട് പ്രധാന കാര്യങ്ങള്‍ ആവശ്യമാണ്. ഒന്ന്, പ്രസ്തുത നാഗരികതയുടെ സവിശേഷ സ്വഭാവം പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ നിയമവ്യവസ്ഥ. രണ്ട്, പ്രസ്തുത നിയമത്തിന്റെ ആത്മാവിനോട് യോജിക്കുംവിധം അത് നടപ്പാക്കുന്ന ഭരണകൂടം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്ന് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇത് രണ്ടും നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍, മുസ്‌ലിംകളുടെ കൈയില്‍ ഗ്രന്ഥങ്ങളില്‍ എഴുതിവെച്ച ഒരു നിയമാവലിയുണ്ട്. ഇസ്‌ലാമിക സംസ്‌കാര നാഗരികതകളുടെ സ്വഭാവവുമായി തീര്‍ത്തും യോജിക്കുന്നതും സാമൂഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ഉള്‍ക്കൊള്ളുന്നതുമാണത്. പക്ഷേ പ്രായോഗികതലത്തില്‍ ഈ നിയമം ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നു. പകരം അവരുടെ സാമൂഹിക വ്യവഹാരങ്ങളില്‍ തീര്‍പ്പുകല്‍പിക്കുന്നത് മിക്ക വശങ്ങളിലും തീര്‍ത്തും അനിസ്‌ലാമികമായ ഒരു നിയമമാണ്. ഇസ്‌ലാമികമായി വല്ലതും അതിലുണ്ടെങ്കില്‍ തന്നെ അപൂര്‍ണവുമാണ്'' (ഇമാം അബുല്‍ അഅ്‌ലാ മൗദൂദി). ആദര്‍ശം(അഖീദഃ), ധാര്‍മികത(അഖ്‌ലാഖ്), നിയമങ്ങള്‍(അഹ്കാം) എന്നീ മൂന്ന് അടിത്തറകളില്‍ ജീവിതത്തെയും നാഗരികതയെയും കെട്ടിപ്പടുക്കണമെന്നാണ് ദൈവികശാസന. വിശ്വാസകാര്യങ്ങളെന്ന് വ്യവഹരിക്കുന്നവയാണ് ആദര്‍ശമെന്ന ഗണത്തില്‍പെടുക. ദൈവം, മനുഷ്യന്‍, പ്രപഞ്ചം, ജീവിതലക്ഷ്യം, മരണാനന്തര ജീവിതം തുടങ്ങിയവയെ കുറിച്ച ദൈവിക ശാസനകള്‍ തികഞ്ഞ ബോധ്യത്തോടെ ഉള്‍ക്കൊള്ളുകയാണ് ഒരു വിശ്വാസിയുടെ ആദര്‍ശബാധ്യത.
വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പുലര്‍ത്തേണ്ട മൂല്യങ്ങളാണ് ധാര്‍മികത. സത്യം, കാരുണ്യം, നീതി, സന്തുലിതത്വം, വൃത്തി, ലജ്ജ ഇവയാണ് ധാര്‍മികതയുടെ അടിത്തറകള്‍. ജീവിതത്തിന്റെ എല്ലാ തുറകളിലും പാലിക്കേണ്ട കര്‍മപരമായ നിയമങ്ങളാണ് 'അഹ്കാം' കൊണ്ടുള്ള ഉദ്ദേശ്യം. ശരീഅത്തും അവ സ്ഥലകാലാനുസൃതമായി നടപ്പാക്കാനാവശ്യമായ രീതിശാസ്ത്രവു(ഫിഖ്ഹ്)മാണ് അഹ്കാമിനെ പ്രതിനിധീകരിക്കുന്നത്.
ഈ മൂന്ന് അടിത്തറകളും പരസ്പരപൂരകങ്ങളാണെന്നു മാത്രമല്ല, ഒരാളുടെ ഇസ്‌ലാമിക ജീവിതത്തിന് ഇവയുടെ സമ്മേളനം അനുപേക്ഷണീയവുമാണ്. അതിനാല്‍തന്നെ ധാര്‍മികമൂല്യങ്ങള്‍ പാലിക്കാത്തവന്റെ ആദര്‍ശവും നിയമവിധേയത്വവും ദീനില്‍ പരിഗണിക്കപ്പെടാത്തതുപോലെ നിയമങ്ങളനുസരിക്കാത്തവന്റെ ധാര്‍മികതയും ആദര്‍ശവും പരിഗണനീയമല്ല. ജീവിതത്തിന്റെ എല്ലായിടങ്ങളും ഈ അടിത്തറകളില്‍ തന്നെയാണ് കെട്ടിപ്പടുക്കപ്പെടേണ്ടത്. അവിടെ കുടുംബ ജീവിതമെന്നോ സാമൂഹിക ജീവിതമെന്നോ ആത്മീയ ജീവിതമെന്നോ ഉള്ള വേര്‍തിരിവുകള്‍ ഉണ്ടാവതല്ല. ഒരു ചെറുവാക്യത്തിലൂടെ അല്ലാഹു ഇതു ബോധ്യപ്പെടുത്തുന്നു:
''വിശ്വസിച്ചവരേ, നിങ്ങള്‍ പൂര്‍ണമായി ഇസ്ലാമില്‍ പ്രവേശിക്കുക. പിശാചിന്റെ കാല്‍പ്പാടുകളെ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്'' (2:208).
എല്ലാവരും ദീനില്‍ പ്രവേശിക്കണമെന്നല്ല, ദീനില്‍ വരുന്നവര്‍ സമ്പൂര്‍ണമായും വരുകയെന്നാണ് ഖുര്‍ആന്റെ നിര്‍ദേശം. മനുഷ്യകുലത്തിന് നല്‍കപ്പെട്ട ആദര്‍ശവും ധാര്‍മിക മൂല്യങ്ങളും എല്ലാ കാലത്തും ഒന്നുതന്നെയായിരുന്നു. ആദം നബി മുതല്‍ മനുഷ്യപരമ്പരയിലെ അവസാന മനുഷ്യന്‍ വരെ പാലിക്കേണ്ട ആദര്‍ശ ധാര്‍മിക ശാസനകള്‍ ഒന്നുതന്നെ. എന്നാല്‍ നിയമങ്ങള്‍ അങ്ങനെയല്ല. അവ സ്ഥലകാലബന്ധിയാണ്. ജീവിക്കുന്ന സ്ഥലത്തിനും ചുറ്റുപാടുകള്‍ക്കുമനുസരിച്ച് നിയമങ്ങള്‍ മാറിക്കൊണ്ടിരിക്കും. മനുഷ്യകുലത്തിന് നല്‍കപ്പെട്ട നിയമങ്ങള്‍ ഒന്നായിരുന്നില്ല. ജീവിത സാഹചര്യങ്ങളുടെ ഭിന്നതകള്‍ നിയമാവിഷ്‌കരണത്തില്‍ ദീക്ഷിക്കപ്പെട്ടിട്ടുണ്ട്. ''നിങ്ങളില്‍ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്‍മരീതിയും നിശ്ചയിച്ചുതന്നിട്ടുണ്ട്'' (5:48).
'മനുഷ്യനും ദൈവവും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലുമുള്ള എല്ലാ ബന്ധങ്ങളെയും നിയന്ത്രിച്ച് ചിട്ടപ്പെടുത്തി അതുമുഖേന മനുഷ്യര്‍ക്ക് വിജയവും സൗഭാഗ്യവും പ്രദാനം ചെയ്യാന്‍ വേണ്ടി അല്ലാഹു നല്‍കിയ നിയമനിര്‍ദേശങ്ങള്‍'- ശരീഅത്തിനെ ഏറ്റവും ലളിതമായി നിര്‍വചിക്കാന്‍ കഴിയുക ഇപ്രകാരമാണ്. മനുഷ്യന്റെ വിചാരം, സംസാരം, പ്രവൃത്തി എന്നിവ ഏതു മണ്ഡലത്തിലായാലും, പരസ്യമായാലും രഹസ്യമായാലും, വ്യക്തിയോടോ സമൂഹത്തോടോ പ്രപഞ്ചത്തോടോ ദൈവത്തോടോ ബന്ധപ്പെട്ടതായാലും അവയെക്കുറിച്ചെല്ലാം ശരീഅത്തില്‍ വിധിയുണ്ട്. നിര്‍ബന്ധം (വാജിബ്), അഭിലഷണീയം (മുസ്തഹബ്ബ്), അനുവദനീയം (മുബാഹ്), അനഭിലഷണീയം (കറാഹത്ത്), നിഷിദ്ധം (ഹറാം) എന്നിങ്ങനെ ഏതെങ്കിലും ഒരു ശരീഅത്ത് നിയമം ബാധകമല്ലാത്ത ഒരു കാര്യവും മനുഷ്യ ജീവിതത്തിലില്ല.
എന്തുകൊണ്ട് ശരീഅത്ത്?
'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ആദര്‍ശവാക്യം പ്രസരിപ്പിക്കുന്ന തൗഹീദാണ് ഇസ്‌ലാമുമായി ബന്ധപ്പെട്ട എല്ലാ പ്രബോധനങ്ങളുടെയും കേന്ദ്രബിന്ദു. എന്നാല്‍ തൗഹീദിലൂടെ സ്ഥാപിക്കപ്പെടുന്ന അടിസ്ഥാനാശയമെന്താണ്?
വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിനെ അവന്റെ വിശേഷണങ്ങളി(സ്വിഫാത്ത്)ലൂടെ പരിചയപ്പെടുത്താന്‍ കൃത്യമായ ഒരു രീതി സ്വീകരിച്ചതായി കാണാം. അല്ലാഹു സൃഷ്ടികര്‍ത്താവാണെന്ന് സ്ഥാപിക്കുകയാണ് ആദ്യപടി. ''അല്ലാഹു സകല വസ്തുക്കളുടെയും സ്രഷ്ടാവാണ്. എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നവനും'' (39: 62).
സൃഷ്ടികര്‍മം നിര്‍വഹിച്ചവനേ സൃഷ്ടികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരിപാലിക്കാനാവൂ എന്നതിനാല്‍ അല്ലാഹു റബ്ബാണ് എന്ന് പഠിപ്പിക്കുകയാണ് തുടര്‍ന്ന്. ''അവന്‍ ആകാശഭൂമികളുടെ സംരക്ഷകനാണ്. അവക്കിടയിലുള്ളവയുടെയും. അതിനാല്‍ അവന്നു മാത്രം വഴിപ്പെടുക. അവനെ അനുസരിച്ച് കഴിയുന്നതില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുക. അവനോട് പേരൊത്ത ആരെയെങ്കിലും നിനക്കറിയാമോ?'' (19:65).
ആരാണോ സ്രഷ്ടാവും പരിപാലകനുമായിട്ടുള്ളവന്‍ അവന്‍ തന്നെയാണ് ഉടമസ്ഥന്‍ (മാലിക്). അവന്നു മാത്രമാണ് സകലതിന്റെയും ഉടമസ്ഥതയെന്ന് ബോധ്യപ്പെടുത്തുന്നു തുടര്‍ന്ന്. ''ആകാശഭൂമികളുടെയും അവക്കിടയിലുള്ളവയുടെയും ഉടമയായ അല്ലാഹു അനുഗ്രഹപൂര്‍ണനാണ്. അവന് മാത്രമേ അന്ത്യസമയത്തെ സംബന്ധിച്ച അറിവുള്ളൂ. നിങ്ങളെല്ലാം മടങ്ങിച്ചെല്ലേണ്ടത് അവങ്കലേക്കാണ്'' (43:85). സൂക്ഷ്മമായി പരിശോധിച്ചാല്‍ അല്ലാഹുവിന്റെ സൃഷ്ടികര്‍തൃത്വം, രക്ഷാകര്‍തൃത്വം, ഉടമസ്ഥാധികാരം ഇവ സ്ഥാപിക്കുന്നത് അല്ലാഹുവിന്റെ നിയമനിര്‍മാണാധികാരത്തെ (ഹാകിമിയ്യത്ത്) ഉറപ്പിക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാവും.
ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ആത്മീയ-ഭൗതിക ഭേദങ്ങളില്ലാതെ നിയമം (ഹുക്മ്) നല്‍കാനുള്ള പരമമായ അവകാശം അല്ലാഹുവിനാകുന്നു. ഈ അവകാശത്തെ നിഷേധിക്കുകയോ അതില്‍ പങ്കുചേര്‍ക്കുകയോ ചെയ്യുന്നവര്‍ യഥാക്രമം കാഫിര്‍ (സത്യനിഷേധി), ളാലിം (അക്രമി), ഫാസിഖ് (തെമ്മാടി), മുശ്‌രിക് (ബഹുദൈവ വിശ്വാസി) ആണെന്ന് വിശുദ്ധ ഖുര്‍ആന്‍ (അല്‍മാഇദ 44,45,47, അല്‍അന്‍ആം 121) വ്യക്തമാക്കുന്നു.
യൂസുഫ് നബി(അ) തനിക്ക് ജയിലില്‍ ലഭിച്ച സമയം സഹതടവുകാരെ തൗഹീദിന്റെ ഈ കേന്ദ്രാശയം ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. അദ്ദേഹം പറയുന്നു: ''അവനെ വിട്ട് നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയൊക്കെയും നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും വ്യാജമായി പടച്ചുണ്ടാക്കിയ ചില പേരുകളല്ലാതൊന്നുമല്ല. അല്ലാഹു അതിനൊന്നിനും ഒരു പ്രമാണവും ഇറക്കിത്തന്നിട്ടില്ല. വിധിക്കധികാരം അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ യാതൊന്നിനെയും നിങ്ങള്‍ വഴങ്ങരുതെന്ന് അവനാജ്ഞാപിച്ചിരിക്കുന്നു. ഏറ്റവും ശരിയായ ജീവിതക്രമം അതാണ്. എങ്കിലും ഏറെ മനുഷ്യരും അതറിയുന്നില്ല'' (2:40).
ളുഹ്ര്‍ നമസ്‌കാരത്തിലും അസ്വ്ര്‍ നമസ്‌കാരത്തിലും ഖുര്‍ആന്‍ ഉച്ചത്തില്‍ പാരായാണം ചെയ്യരുതെന്ന് തുടങ്ങി, ബിസ്മി ചൊല്ലി വലതു കൈ കൊണ്ട് ആഹരിക്കണമെന്നതു മുതല്‍ അനന്തരാവകാശത്തിലെ സ്ത്രീ-പുരുഷ ഓഹരി വ്യത്യാസം, മോഷ്ടാവിന്റെ കരഛേദം, കച്ചവട നിയമങ്ങള്‍ വരെ ജീവിതത്തിന്റെ നിഖില മേഖലകളിലും അല്ലാഹുവിന്റെ ഹാകിമിയ്യത്ത് അംഗീകരിച്ചു കൊടുക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. അപ്പോള്‍ മാത്രമേ ഒരുവന്‍ ശരിയായ മുവഹ്ഹിദ് (എകദൈവ വിശ്വാസി) ആവുകയുളളൂ.
അല്ലാഹുവിന് ഹാകിമിയ്യത്ത് അംഗീകരിച്ചുകൊടുക്കുകയെന്നതിന്റെ പ്രായോഗികതലമാണ് ശരീഅത്തിനെ പിന്തുടരുകയെന്നത്. മനുഷ്യബുദ്ധിയുടെയും അറിവിന്റെയും പരിമിതി, മനുഷ്യാഭിലാഷങ്ങളെ ഗ്രഹിക്കാനുള്ള മനുഷ്യ ധിഷണയുടെ കഴിവുകേട് തുടങ്ങിയ ന്യായങ്ങളൊക്കെയും ദൈവിക നിയമങ്ങളെ അനുസരിക്കാനുള്ള യുക്തിന്യായങ്ങളായി വരേണ്ടത് ഹാകിമിയ്യത്ത് എന്ന ദൈവാവകാശത്തെ അംഗീകരിച്ചതിനു ശേഷമാണ്.
'ഹാകിമിയ്യത്തുല്ലാഹ്' (അല്ലാഹുവിന്റെ നിയമനിര്‍മാണാധികാരം) എന്ന തൗഹീദിന്റെ മര്‍മം ആദ്യം ചോദ്യം ചെയ്യുന്നത് മനുഷ്യനാവശ്യമായ നിയമം നിര്‍മിക്കാനും ഹലാല്‍- ഹറാമുകളെ (അനുവദനീയതയും നിഷിദ്ധതയും) തീരുമാനിക്കാനുമുള്ള അധികാരം മനുഷ്യബുദ്ധിക്കാണെന്ന ആധുനികതയുടെ യുക്തിയെയാണ്. മനുഷ്യയുക്തിയെ നിയമദാതാവ് ആക്കുന്നവനും അല്ലാഹുവെ നിയമദാതാവ് ആക്കുന്നവനും തമ്മിലുള്ള അന്തരമാണ്, ശരീഅത്ത് പിന്തുടരുന്നവനും ആധുനികതയുടെ ഭക്തനും തമ്മിലുള്ളത്.
ശര്‍ഈ നിയമങ്ങള്‍ യുക്തിരഹിതമാണന്നോ, മനുഷ്യധിഷണയെ ശരീഅത്ത് അവഗണിക്കുന്നുവെന്നോ ഇപ്പറഞ്ഞതിനര്‍ഥമില്ല. എന്നല്ല, ശരീഅത്ത് നിയമങ്ങള്‍ യുക്തി പൂര്‍ണമാണന്നും മനുഷ്യ നന്മ(മസ്വ്‌ലഹത്ത്)യാണ് അതിന്റെ കേന്ദ്ര പ്രമേയമെന്നും കാണാന്‍ പ്രയാസമില്ല. ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ''ശരീഅത്തിന്റെ അടിസ്ഥാനം യുക്തിയും അടിമകളുടെ ഇഹപര ക്ഷേമവുമാകുന്നു. അത് പൂര്‍ണമായും നീതിയും കാരുണ്യവും യുക്തിയും നന്മകളുമാകുന്നു. അതിനാല്‍ നീതിയില്‍നിന്ന് അനീതിയിലേക്കോ നന്മയില്‍നിന്ന് കുഴപ്പത്തിലേക്കോ യുക്തിയില്‍നിന്ന് യുക്തിരാഹിത്യത്തിലേക്കോ വഴിമാറിയ ഒന്നും ശരീഅത്തില്‍പെട്ടതല്ല.''
അതേസമയം, മനുഷ്യയുക്തിക്ക് ബോധ്യപ്പെടുന്നതേ അംഗീകരിക്കുകയുള്ളൂവെന്ന ആധുനികന്റെ ധാര്‍ഷ്ട്യത്തെ ഇസ്‌ലാം പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുന്നു. ശര്‍ഈ നിയമങ്ങളെ യുക്തിയുടെ അളവുകോല്‍ വെച്ച് മാത്രം അളന്ന് തന്റെ യുക്തിക്ക് വിരുദ്ധമായതിനെ തിരസ്‌കരിക്കാനുള്ള ആധുനികതാഭ്രമം ബാധിച്ചവന്റെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ഹാകിമിയ്യത്ത് അല്ലാഹുവിന്റെ അവകാശമാണ്, യുക്തിയുടെ അവകാശമല്ല എന്ന തിരിച്ചറിവ് ശിര്‍ക് എന്ന വന്‍പാപത്തില്‍നിന്നാണ് വിശ്വാസിയെ രക്ഷപ്പെടുത്തുന്നത്.
അല്ലാഹു കൊന്നതിനെ അഥവാ ശവത്തെ തിന്നരുതെന്ന് വിലക്കുകയും മനുഷ്യന്‍ കൊന്നതിനെ ആഹരിക്കാന്‍ അനുമതി നല്‍കുകയും ചെയ്യുന്ന ശരീഅത്ത് നിയമത്തിന്റെ യുക്തിയെ ചോദ്യം ചെയ്തവര്‍ക്കുള്ള ഖുര്‍ആന്റെ മറുപടി ഇത്തരം ജല്‍പനങ്ങള്‍ പിശാചിന്റെ ദുര്‍ബോധനങ്ങളും ശിര്‍ക്കിന്റെ നടപടിയുമാണ് എന്നാണ്: ''അല്ലാഹുവിന്റെ നാമത്തില്‍ അറുക്കാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നരുത്. അത് അധര്‍മമാണ്; തീര്‍ച്ച. നിങ്ങളോട് തര്‍ക്കിക്കാനായി പിശാചുക്കള്‍ തങ്ങളുടെ കൂട്ടാളികള്‍ക്ക് ചില ദുര്‍ബോധനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളും ദൈവത്തില്‍ പങ്കുചേര്‍ത്തവരായിത്തീരും'' (6:121).
ശരീഅത്തും ഫിഖ്ഹും
ശരീഅത്തിനെ സംബന്ധിച്ച ചര്‍ച്ചയില്‍ ഫിഖ്ഹും ശരീഅത്തും തമ്മിലുള്ള മൗലികമായ അന്തരം മനസ്സിലാക്കല്‍ അനിവാര്യമത്രെ. ഇവ രണ്ടും ഒന്നായി മനസ്സിലാക്കുന്നവരാണ് പലരും. അതിനാല്‍, ശരീഅത്തിന്റെയും ഫിഖ്ഹിന്റെയും സവിശേഷ സ്വഭാവങ്ങള്‍ മനസ്സിലാക്കാതെ ഫിഖ്ഹിലെ അഭിപ്രായാന്തരങ്ങളെ അടിസ്ഥാനമാക്കി ശരീഅത്തില്‍ ഇഛാനുസാരം കൈകടത്താമെന്ന വാദഗതി സ്വാഭാവികമായും ഉയരും.
എന്താണ് ശരീഅത്തും ഫിഖ്ഹും തമ്മിലുള്ള അന്തരം? സയ്യിദ് ഖുത്വ്ബ് എഴുതുന്നു: ''ജീവിതത്തിന്റെ അവശ്യ ലക്ഷ്യങ്ങള്‍ക്കും എന്നത്തെയും മനുഷ്യരാശിക്കുമായി, സുസ്ഥിരമായ ചില പൊതു അടിസ്ഥാനങ്ങള്‍ ശരീഅത്തില്‍ നിശ്ചയിച്ചിട്ടുണ്ട്. ആ സുസ്ഥിര ശരീഅത്തിന്റെ വിശാലമായ വരുതിക്കുള്ളില്‍നിന്നുകൊണ്ട്, ഫിഖ്ഹിന് പുതുതായിവരുന്ന ആവശ്യങ്ങളെയും പരിതഃസ്ഥിതികളെയും നേരിടാവുന്നതേയുള്ളൂ. അപ്പോള്‍ ഇസ്‌ലാമിക ശരീഅത്ത് സുസ്ഥിരമാണ്, മാറ്റത്തിന് വിധേയമല്ല. കാരണം എല്ലാ പരിവര്‍ത്തനങ്ങളെയും ചൂഴ്ന്നുനില്‍ക്കുമാറ് സമഗ്രവും വിശാലവുമായൊരു വൃത്തം അത് വരച്ചുവെക്കുന്നു. എന്നാല്‍ ഇസ്‌ലാമിക ഫിഖ്ഹ് മാറ്റത്തിന് വിധേയമാണ്. കാരണം ജീവിതത്തിന്റെ നിരന്തര പരിവര്‍ത്തനം, ബന്ധങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, നവംനവങ്ങളായ ആവശ്യങ്ങള്‍ എന്നിവയില്‍നിന്ന് ഉടലെടുക്കുന്ന പുതിയ പ്രശ്‌നങ്ങളിലും പരിതഃസ്ഥിതികളിലും ആ മൗലികതത്ത്വങ്ങളെ പ്രയോഗവല്‍ക്കരിക്കുന്നതിനോടാണ് ഫിഖ്ഹ് ബന്ധപ്പെട്ടിരിക്കുന്നത്. ശരീഅത്ത് ദൈവിക പ്രോക്തമാണ്, ഖുര്‍ആനും സുന്നത്തുമാണതിന്റെ പ്രമാണങ്ങള്‍. ഫിഖ്ഹാകട്ടെ, മനുഷ്യനിര്‍മിതമത്രെ. ശരീഅത്തിനെ കുറിച്ചുള്ള തങ്ങളുടേതായ വിചിന്തനത്തില്‍നിന്നും വ്യാഖ്യാത്തില്‍നിന്നുമാണവര്‍ അതിന് നിയമം രൂപം നല്‍കിയത്. അത് നടപ്പിലാക്കിയതാവട്ടെ അവരുടേതായ പരിതഃസ്ഥിതികളില്‍ അവരുടേതായ ആവശ്യങ്ങളുടെ പൂരകമായും.'' മനുഷ്യ ജീവിതത്തിനുള്ള ദൈവിക സരണിയാണ് ശരീഅത്ത്. അല്ലാഹു അവതരിപ്പിച്ച ശരീഅത്തില്‍നിന്ന് മനുഷ്യരായ കര്‍മശാസ്ത്ര പണ്ഡിതര്‍ ഉരുത്തിരിച്ചെടുക്കുന്ന ആശയങ്ങളും പ്രായോഗിക നിയമങ്ങളുമാണ് ഫിഖ്ഹ്. അഥവാ ശരീഅത്തിന്റ മനുഷ്യ വായനയാണ് ഫിഖ്ഹ്.
ശാരിഅ്, ഫഖീഹ്
ശരീഅത്ത് കല്‍പിച്ചുനല്‍കിയവനും (ശാരിഅ്) കര്‍മശാസ്ത്ര പണ്ഡിതനും തമ്മില്‍ വലിയ അന്തരമുണ്ട്. ശാരിഅ് അല്ലാഹുവാണ്, ഫഖീഹ് മനുഷ്യനും. ഇസ്‌ലാമിക ശരീഅത്തിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന കര്‍മശാസ്ത്ര പണ്ഡിതന്‍ അല്ലാഹുവിന്റെയും പ്രവാചകന്റെയും എത്രയോ താഴെയാണ്. അല്ലാഹു ഫഖീഹാണെന്ന് പറയാവതല്ലെന്ന് നിദാനശാസ്ത്രകാരന്മാര്‍ പറയാന്‍ കാരണമിതാണ്. ഫഖീഹ് അപൂര്‍ണതയുടെ വിശേഷണമാണ്, പൂര്‍ണതയുടെ വിശേഷണങ്ങള്‍ മാത്രമേ അല്ലാഹുവിനു ചേരൂ. ഫഖീഹിന് തെറ്റുപറ്റും, സ്ഥലകാലങ്ങളുടെ മാറ്റം കാരണമോ പുതിയ തെളിവുകള്‍ ലഭിച്ചതിനാലോ അഭിപ്രായങ്ങള്‍ മാറ്റിയെന്നും വരാം. ഇതൊന്നും അല്ലാഹുവിന് സംഭവ്യമല്ലല്ലോ.
ശരീഅത്തും ഫിഖ്ഹും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം:
ഒന്ന്, ശരീഅത്ത് സമ്പൂര്‍ണവും സമഗ്രവും സ്ഥിരവുമാണ്. ലോകാവസാനം വരെയുള്ള മനുഷ്യരാശിക്ക് ജീവിതത്തിനാവശ്യമായ അടിസ്ഥാനങ്ങളും പൊതു തത്ത്വങ്ങളുമാണ് അതുള്‍ക്കൊള്ളുന്നത്. എന്നാല്‍, ഫിഖ്ഹ് മാറ്റത്തിനു വിധേയമാണ്. സ്ഥലകാലങ്ങള്‍ക്കനുസരിച്ച് ശരീഅത്തിലെ വിധികളെ വായിക്കാനും പ്രയോഗവത്കരിക്കാനുമുള്ള മനുഷ്യശ്രമമാണ് ഫിഖ്ഹ് .
രണ്ട്, ശരീഅത്ത് മനുഷ്യരാശിയെ സ്ഥലകാല ഭേദമന്യേ സംബോധന ചെയ്യുന്നു. ഫിഖ്ഹില്‍ സ്ഥലകാല ഭേദങ്ങള്‍ മുഖ്യമായ പരിഗണനയര്‍ഹിക്കുന്നു.
മൂന്ന്, ശരീഅത്തിനെ പിന്തുടരല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഏതെങ്കിലുമൊരു ഫഖീഹിനെ പിന്തുടരല്‍ നിര്‍ബന്ധമല്ല.
ഇവിടെ ഒരു ചോദ്യം ഉത്ഭവിക്കാം. ഫിഖ്ഹ് മനുഷ്യ വായനയും മാറ്റത്തിനു വിധേയവുമാണങ്കില്‍ ഫിഖ്ഹ് നിയമങ്ങള്‍ക്കുള്ള സ്ഥാനമെന്ത്?
ശരീഅത്ത് നിയമങ്ങള്‍ രണ്ടു വിധമാണ്. ഒന്ന്, വിശുദ്ധ ഖുര്‍ആനിലെയും സുന്നത്തിലെയും ഖണ്ഡിത പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട നിയമങ്ങള്‍. മോഷണത്തിനുള്ള ശിക്ഷ, പലിശയുടെ നിഷിദ്ധത പോലുള്ളവ ഉദാഹരണം.
രണ്ട്, ഖണ്ഡിത പ്രമാണങ്ങള്‍ വന്നിട്ടില്ലാത്തതും വ്യാഖ്യാനഭേദങ്ങള്‍ക്ക് സാധുതയുള്ളതുമായ നിയമങ്ങള്‍. മനുഷ്യബുദ്ധി ഖുര്‍ആനിലെയും സുന്നത്തിലെയും വ്യാഖ്യാനങ്ങള്‍ക്ക് പഴുതുള്ള തെളിവുകളില്‍നിന്ന് നിര്‍ധാരണം ചെയ്‌തെടുത്തതോ, പ്രമാണങ്ങളേ വന്നിട്ടില്ലാത്ത വിഷയങ്ങളില്‍ മൗലിക പ്രമാണങ്ങളെ അടിസ്ഥാനമാക്കി ഗവേഷണം ചെയ്‌തെടുത്തതോ ആയ നിയമങ്ങളാണിവ.
ഗവേഷണത്തിന് (ഇജ്തിഹാദ്) വഴങ്ങുന്ന രണ്ടാം ഗണത്തില്‍ പരാമര്‍ശിച്ച നിയമങ്ങളാണ് ഫിഖ്ഹിന്റെ പരിധിയില്‍ വരിക.
ഫഖീഹ് നിയമം നിര്‍മിക്കുന്നവനല്ല. ഖണ്ഡിത നിയമം ഇല്ലാത്ത വിഷയങ്ങളില്‍ ശരീഅത്തിന്റെ ആത്മാവുള്‍ക്കൊണ്ട് മൗലിക പ്രമാണങ്ങളില്‍നിന്ന് വിധികള്‍ നിര്‍ധാരണം ചെയ്യാന്‍ ശ്രമിക്കുകയാണ് ഫഖീഹ്.
സൂക്ഷ്മാര്‍ഥത്തില്‍ ശരീഅത്തിന് ഒരൊറ്റ ഉറവിടമേയുള്ളൂ. അത് വഹ്‌യ് ആണ്. വഹ്‌യ് രണ്ടു തരമുണ്ട്. ഒന്ന്, ഖുര്‍ആന്‍. രണ്ട്, പ്രവാചകചര്യ. അതിനാലാണ് ശരീഅത്തിന്റെ ഉറവിടം ഖുര്‍ആനും സുന്നത്തുമാണെന്ന് പറയുന്നത്. എന്നാല്‍ ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കിത്തന്നെ ഉരുത്തിരിച്ചെടുത്ത മറ്റു ചില ഗവേഷണ മാധ്യമങ്ങളുണ്ട്. ഖിയാസ്, ഇജ്മാഅ് പോലെ എല്ലാ മദ്ഹബുകളും അംഗീകരിക്കുന്നതും ഇസ്തിഹ്‌സാന്‍, ഉര്‍ഫ്, ഇസ്തിസ്വ്ഹാബ്, ശര്‍ഉ മന്‍ഖബ്‌ലനാ, അഖ്‌വാലുസ്സ്വഹാബ, മസ്വാലിഹു മുര്‍സല തുടങ്ങിയ ഭിന്നാഭിപ്രായങ്ങളുള്ളവയും. ഈ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ശരീഅത്തിന്റെ വിധി കണ്ടെത്താനുള്ള ശ്രമമാണ് ഫഖീഹ് നടത്തുന്നത്. അതിനാല്‍ ഫിഖ്ഹീ നിയമങ്ങളെ ശരീഅത്തിന്റെ ഭാഗമായി കാണാമെങ്കിലും ശരീഅത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ക്കുള്ള സ്ഥിരതയും ശാശ്വതികത്വവും ഫിഖ്ഹീ നിയമങ്ങള്‍ക്ക് ഉണ്ടാകാവതല്ല.
Comments