Prabodhanm Weekly

Pages

Search

2017 ഏപ്രില്‍ 21

2998

1438 റജബ് 24

മുസ്‌ലിം വ്യക്തിനിയമം: പൊതുസമൂഹം അറിയേണ്ടതും മുസ്‌ലിം സമൂഹം സൂക്ഷിക്കേണ്ടതും

എ.ആര്‍

ഇസ്‌ലാമോഫോബിയ എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസമാണ് ആഗോളതലത്തില്‍ മുഖ്യ ചര്‍ച്ചാവിഷയമെങ്കിലും ഇസ്‌ലാമിക ശരീഅത്ത് ഇന്ത്യയിലേതിനോളം ചര്‍ച്ച ചെയ്യപ്പെടുകയോ വിവാദപരമായി മാറുകയോ ചെയ്യുന്ന മറ്റൊരു രാജ്യവും ഇല്ലെന്നു പറയാം.  ശരീഅത്ത് നിയമപരമായി പ്രാബല്യത്തിലുള്ളതോ ഇല്ലാത്തതോ ആയ ഒരു മുസ്‌ലിം രാജ്യത്തും ഇന്നത് സജീവ പരിഗണനാ വിഷയമല്ല.

വിശ്വാസം അഥവാ ആദര്‍ശം, അചഞ്ചലമായി ജീവിതാവസാനം വരെ നിലനിര്‍ത്താനും അതിന്റെ അനിവാര്യ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനും ദൈവപ്രോക്തമായ നിയമസംഹിതയാണ് ശരീഅത്ത്. ഇവ രണ്ടും ചേര്‍ന്നതാണ് ഇസ്‌ലാമിക ജീവിതക്രമം. ഇസ്‌ലാമിന്റെ അഞ്ച് അടിസ്ഥാന കാര്യങ്ങളില്‍ നാലും ശരീഅത്തിന്റെ ഭാഗമാണ്. അഞ്ച് നേര നമസ്‌കാരം, റമദാനിലെ വ്രതം, സകാത്ത് (നിര്‍ബന്ധ ദാനം), ഹജ്ജ് തീര്‍ഥാടനം എന്നിവയാണവ. കൂടാതെ പ്രവാചകചര്യയിലെ സല്‍ക്കര്‍മങ്ങളത്രയും ശരീഅത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആനും പ്രവാചകനും നിരോധിച്ച കൊലപാതകം, വ്യഭിചാരം, വ്യാജസാക്ഷ്യം, ധനാപഹരണം, അപവാദപ്രചാരണം, പലിശ, ലഹരി ഉപഭോഗം തുടങ്ങിയ ദുഷ്‌കൃത്യങ്ങളെല്ലാം ശരീഅത്തിന്റെ വിലക്കുകളില്‍ പെടുന്നു. വിവാഹം, വിവാഹമോചനം, വിവാഹ ഭഞ്ജനം, ശിശുസംരക്ഷണം, അനന്തരാവകാശ ഓഹരിവെപ്പ്, വസ്വിയ്യത്ത്, വഖ്ഫ്, മാതാപിതാക്കള്‍ക്കും ഭാര്യാ സന്തതികള്‍ക്കും നല്‍കേണ്ട ജീവനാംശം, ധനമിടപാടുകള്‍ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളെ സ്പര്‍ശിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ശരീഅത്തിലു്. വിശ്വാസകാര്യങ്ങള്‍ മാത്രമേ മതം ഉള്‍ക്കൊള്ളൂ എന്നും ഭൗതിക ജീവിത വ്യവഹാരങ്ങളാസകലം മതത്തിന്റെ പുറത്താണെന്നും അതിനാല്‍ അക്കാര്യങ്ങളിലൊക്കെ മനുഷ്യര്‍ക്ക് യഥേഷ്ടം നിയമനിര്‍മാണമാവാമെന്നും വാദിക്കുന്നത് വിവരക്കേടും ഇസ്‌ലാമിക വിരുദ്ധവും അസ്വീകാര്യവുമാണ്. മനുഷ്യത്വം, കാരുണ്യം, സാമൂഹിക നീതി, ലിംഗനീതി, ജീവധന മാനാദികളുടെ സുരക്ഷ തുടങ്ങിയ അടിസ്ഥാന ലക്ഷ്യങ്ങളില്‍ കെട്ടിപ്പടുത്ത ശരീഅത്തിനെ ആ ലക്ഷ്യങ്ങളുടെ സാഫല്യത്തിനായി കാലികമായ ഭേദഗതിക്ക് വിധേയമാക്കാമെന്ന വാദത്തെ എക്കാലത്തെയും ആധികാരിക പണ്ഡിതന്മാര്‍ നിരാകരിക്കുകയാണ് ചെയ്തിരിക്കുന്നത്.  അതേസമയം കാലോചിതമായ നിയമപരിഷ്‌കാരങ്ങള്‍ ആവാമെന്നവര്‍ ചൂികാട്ടുന്നു. ഉദാഹരണത്തിന് മഹാ പാപങ്ങളിലൊന്നായി ഖുര്‍ആനും സുന്നത്തും എണ്ണിയ പലിശ, ബാങ്ക് പലിശയെക്കുറിച്ചല്ലെന്ന വാദം തീര്‍ത്തും അസ്വീകാര്യമാണ്. എന്നാല്‍, ശരീഅത്തിനെ അടിസ്ഥാനമാക്കിത്തന്നെ പലിശരഹിത ബാങ്കിംഗ് സാധ്യമാണു താനും. ആദായ നികുതി ദായകന്‍ സകാത്ത് വേറെ നല്‍കേണ്ടതില്ല എന്ന വാദവും തഥൈവ. അനിവാര്യ സന്ദര്‍ഭങ്ങളില്‍ മൂന്ന് ഘട്ടങ്ങളായി നടത്താമെന്ന് ഖുര്‍ആന്‍ നിര്‍ദേശിച്ച ത്വലാഖിനെ, ഒറ്റയിരിപ്പില്‍ മുത്ത്വലാഖാക്കിയ അനാചാരത്തെ മൂന്നാം ഖലീഫ ഉമര്‍ ദുര്‍വിനിയോഗം തടയാന്‍ അന്തിമ വിവാഹമോചനമായി പ്രഖ്യാപിക്കുകയുണ്ടായി. ക്ഷാമകാലത്ത് പട്ടിണി മൂലം ഈത്തപ്പഴം മോഷ്ടിച്ചു തിന്നയാളെ ശരീഅത്ത് പ്രകാരമുള്ള കരഛേദത്തില്‍നിന്ന് അദ്ദേഹം ഒഴിവാക്കി. യുദ്ധത്തില്‍ മുസ്‌ലിം സൈന്യം പിടിച്ചെടുത്ത ശത്രുസ്വത്തുക്കള്‍ പട്ടാളക്കാര്‍ക്കിടെ ഓഹരി വെക്കുക എന്ന നിയമത്തിന്റെ പരിധിയില്‍നിന്ന് കാര്‍ഷിക ഭൂമി ഒഴിവാക്കിയതും അദ്ദേഹത്തിന്റെ മാതൃകയാണ്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ പൊതു താല്‍പര്യത്തിനു വേണ്ടി അയാളുടെ സമ്മതമില്ലാതെ കനാല്‍ കീറാന്‍ അനുവദിച്ചതാണ് മറ്റൊരു ഉദാഹരണം. ഇതുപോലുള്ള സംഭവങ്ങളില്‍ ശരീഅത്തിന്റെ അക്ഷരങ്ങളേക്കാള്‍ അതിന്റെ ചൈതന്യവും ലക്ഷ്യവുമാണ് പരിഗണാനര്‍ഹമെന്ന് വ്യക്തമാവുന്നു. സ്വകാര്യ ഭൂമി ഉടമാവകാശത്തിന് ഭൂരഹിതരുടെയും കൃഷിക്കാരുടെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പരിധി നിര്‍ണയിക്കുന്നത് ശരീഅത്തിന് വിരുദ്ധമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇക്കാരണത്താലാണ്. സ്ത്രീ ഭര്‍ത്താവിനോടോ രക്തബന്ധുക്കളോടോ കൂടെയല്ലാതെ ദീര്‍ഘയാത്ര ചെയ്യരുതെന്ന വിലക്ക് എക്കാലത്തും പ്രസക്തമായിരിക്കെത്തന്നെ, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പോലുള്ള ആവശ്യങ്ങള്‍ക്ക് മതിയായ സുരക്ഷാ സംവിധാനത്തോടെ ബന്ധുക്കളുടെ കൂടെയല്ലാതെയും യാത്ര ചെയ്യാമെന്ന പണ്ഡിതന്മാരുടെ ഇളവ്, വിലക്കിന്റെ സ്പിരിറ്റ് കണക്കിലെടുത്തുള്ളതാണ്. അവയവ ദാനം, കൃത്രിമ ഗര്‍ഭോല്‍പാദനം തുടങ്ങിയ പ്രശ്‌നങ്ങളിലും അക്ഷരങ്ങളല്ല, ശരീഅത്തിന്റെ ചൈതന്യമാണ് കണക്കിലെടുക്കപ്പെടുന്നത്. അപ്പോഴും ശരീഅത്തിന്റെ മതപരമായ പദവിയും അപ്രമാദിത്വവും ബാക്കിനില്‍ക്കുന്നു.

ഇതുപക്ഷേ ഭരണഘടന നിലവിലുള്ള ഇസ്‌ലാമിക രാജ്യത്തേ പ്രായോഗികമാവൂ. വിവിധ മതസ്ഥര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന സെക്യുലര്‍ സ്റ്റേറ്റുകളില്‍ പരിമിതമായ മതസ്വാതന്ത്ര്യം അനുവദിക്കുമെന്നല്ലാതെ സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ബാധകമായതും മതേതരവുമായിരിക്കും. ഇന്ത്യയില്‍ ചരിത്രപരമായ കാരണങ്ങളാല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, വസ്വിയ്യത്ത്, വഖ്ഫ്, സിവില്‍ വ്യവഹാരങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക ശരീഅത്ത് പിന്തുടരാനുള്ള അവകാശവും സ്വാതന്ത്ര്യവും നിലനില്‍ക്കുന്നു. വിവാഹം, വിവാഹമോചനം എന്നീ വിഷയങ്ങളില്‍ ഇതര മതസ്ഥര്‍ക്കും ആചാരങ്ങള്‍ പിന്തുടരാനുള്ള അനുവാദമുണ്ട്. ഏകദേശം എട്ട് നൂറ്റാണ്ടുകാലം ഇന്ത്യയുടെ സിംഹഭാഗവും ഭരിച്ചിരുന്ന മുസ്‌ലിം രാജാക്കന്മാരുടെ കാലത്ത് ശരീഅത്ത് നിയമങ്ങള്‍ ഭാഗികമായി പ്രാബല്യത്തിലിരുന്നു.  മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് ആലംഗീര്‍ അന്നത്തെ മതപണ്ഡിതന്മാരെ ശരീഅത്ത് നിയമങ്ങള്‍ ക്രോഡീകരിക്കാന്‍ ചുമതലപ്പെടുത്തി. അവര്‍ ക്രോഡീകരിച്ച മതവിധികളുടെ സമാഹാരമാണ് ഇന്നും ഹനഫീ കര്‍മശാസ്ത്രപ്രകാരമുള്ള നിയമങ്ങള്‍ക്കവലംബമായ 'ഫതാവാ ആലംഗീരി.' മുഗളരില്‍നിന്ന് ഇന്ത്യയുടെ ഭരണം പിടിച്ചുപറ്റിയ ബ്രിട്ടീഷുകാര്‍ മതനിയമങ്ങള്‍ റദ്ദാക്കി. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ എല്ലാ മതസ്ഥര്‍ക്കും വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ സ്വകാര്യ ജീവിതപ്രശ്‌നങ്ങളില്‍ സ്വന്തം ആചാരപ്രകാരം തുടരാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. പിന്നീട് മുസ്‌ലിംകള്‍ക്ക് പ്രത്യേകമായി 1937-ലെ ശരീഅത്ത് ആക്ട് എന്ന് വിളിക്കപ്പെട്ട The Muslim Personal Law (Shariat) Application Act കൊണ്ടുവന്നു. വിവാഹം, വിവാഹമോചനം, മഹ്‌റ്, രക്ഷാകര്‍തൃത്വം, പരിരക്ഷണം, പിന്തുടര്‍ച്ചാവകാശം, വഖ്ഫ്, വസ്വിയ്യത്ത് എന്നീ വിഷയങ്ങളെയാണ് ശരീഅത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ശരീഅത്തിന്റെ മൂലപ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനെയും പ്രവാചക ചര്യയെയും മുഖ്യാവലംബമാക്കി ശരീഅത്ത് നിയമങ്ങള്‍ ക്രോഡീകരിച്ചല്ല മുഹമ്മദന്‍ ലോ അഥവാ മുസ്‌ലിം പേഴ്‌സണല്‍ ലോ ആക്ട് കൊണ്ടുവന്നത് എന്ന അടിസ്ഥാനപരമായ ന്യൂനത അതിനുണ്ട്. എല്ലാ അഭിഭാഷകരും കോടതികളും അവലംബമാക്കേണ്ട റഫറന്‍സ് ഗ്രന്ഥങ്ങള്‍ താഴെ പറയും പ്രകാരം നിശ്ചയിച്ചു:

1. ഹനഫീ മദ്ഹബുകാര്‍ക്ക് അല്‍ ഹിദായ ഫില്‍ ഫുറൂഅ് - ശൈഖ് ബുര്‍ഹാനുദ്ദീന്‍ അലി (ഹാമില്‍ടന്റെ പരിഭാഷ), ശൈഖ് നിളാം ബഹാര്‍പൂരിയുടെ ഫതാവാ ആലംഗീരി ണണ(ബെയ്‌ലിയുടെ പരിഭാഷ).

2. ശാഫിഈ മദ്ഹബുകാര്‍ക്ക് ഇമാം നവവിയുടെ മിന്‍ഹാജുത്ത്വാലിബീന്‍ (ഹാമില്‍ടന്‍).

3. ശീഈകള്‍ക്ക് നജ്മുദ്ദീന്‍ ജഅ്ഫറിന്റെ ശറാഇഉല്‍ ഇസ്‌ലാം (ഹാമില്‍ടന്‍).

ഇവക്കെതിരെ ഖുര്‍ആനിക നിര്‍ദേശമോ പ്രവാചക ചര്യയോ ഉണ്ടെന്ന് തെളിഞ്ഞാലും അതുപ്രകാരം വിധി പുറപ്പെടുവിക്കാന്‍ കോടതികള്‍ക്ക് പാടില്ലെന്നാണ് പ്രിവി കൗണ്‍സില്‍ വിധിച്ചത്. 

മുസ്‌ലിം വ്യക്തിനിയമം പൂര്‍ണമായും മദ്ഹബുകളെ അടിസ്ഥാനപ്പെടുത്തിയതായതുകൊണ്ട് ചില പ്രശ്‌നങ്ങള്‍ ഉത്ഭവിച്ചു. വിവാഹിതകള്‍ക്ക് ആവശ്യഘട്ടങ്ങളില്‍ ഫസ്ഖ് (Marriage Dissolution)  ഹനഫീ മദ്ഹബില്‍ അങ്ങേയറ്റം ദുഷ്‌കരമായതിനാല്‍ വിവാഹക്കുരുക്കില്‍ അകപ്പെട്ട സ്ത്രീകള്‍ക്ക് മോചനമാര്‍ഗം ഇല്ലാതെ വന്നു. പോംവഴി അന്വേഷിച്ചു ചെന്ന സ്ത്രീകള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ചില മുഫ്തിമാര്‍ നല്‍കിയ ഉപദേശം മതത്തില്‍നിന്ന് പുറത്തുപോവാനായിരുന്നു (മതഭ്രഷ്ട് സ്വമേധയാ വിവാഹമുക്തിക്ക് കാരണമാണെന്നാണ് വിധി). വിവാഹം വേര്‍പ്പെട്ടുകഴിഞ്ഞാല്‍ ഇസ്‌ലാമിലേക്ക് പുനഃപ്രവേശനം തേടി, പുതിയ വിവാഹബന്ധത്തിലേര്‍പ്പെടാം. കാര്യം ഇത്രത്തോളം വഷളായപ്പോള്‍ അന്നത്തെ പ്രമുഖ മത പണ്ഡിതന്മാര്‍ ശരീഅത്ത് അനുവദിക്കുന്ന വിവാഹം റദ്ദാക്കല്‍ (ഫസ്ഖ്) വ്യവസ്ഥകള്‍ വിവിധ മദ്ഹബുകളുടെതന്നെ അടിസ്ഥാനത്തില്‍ ക്രോഡീകരിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ചു. അങ്ങനെയാണ് 1939-ലെ വിവാഹം റദ്ദാക്കല്‍ നിയമം (Marriage Dissolution Act) നിലവില്‍ വന്നത്. അതു പ്രകാരം ഭര്‍ത്താവിന്റെ സുദീര്‍ഘമായ തിരോധാനം, ജീവനാംശ നിഷേധം, പീഡനം, സുദീര്‍ഘ തടവുശിക്ഷ, ലൈംഗിക ശേഷിക്കുറവ്, മാറാ രോഗം തുടങ്ങിയ കാരണങ്ങളാല്‍ കോടതി മുഖേന വിവാഹബന്ധം റദ്ദാക്കാന്‍ മുസ്‌ലിം സ്ത്രീക്ക് നിയമപരമായ വഴി തുറന്നു (പത്രങ്ങളില്‍ കൊടുക്കുന്ന ഫസ്ഖ് പരസ്യത്തിലൂടെ മാത്രം നിയമപരമായി വിവാഹം സ്ത്രീക്ക് റദ്ദാക്കാനാവില്ല. കോടതിക്കാണ് ഫസ്ഖ് കാര്യത്തില്‍ തീരുമാനാധികാരം).

മുസ്‌ലിം വ്യക്തിനിയമത്തില്‍ പിന്നീടൊരു ഭേദഗതി വരുന്നത് സ്വതന്ത്ര ഇന്ത്യയില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പാര്‍ലമെന്റ് പാസ്സാക്കിയ മുസ്‌ലിം സ്ത്രീ (വിവാഹമുക്ത) ആക്‌ടോടു കൂടിയാണ്. ഭോപ്പാലുകാരനായ മുഹമ്മദ് അഹ്മദ് ഖാന്‍ 1932-ല്‍ ശാബാനു ബീഗത്തെ വിവാഹം ചെയ്തു. അഞ്ച് മക്കളായ ശേഷം 1978 നവംബര്‍ ആറിന് മൊഴി ചൊല്ലിയപ്പോള്‍ CRPC 125ാം വകുപ്പ് പ്രകാരമുള്ള ജീവനാംശാവകാശത്തിനു വേണ്ടി ശാബാനു ബീഗം കോടതിയെ സമീപിച്ചു. വിധി അവര്‍ക്കനുകൂലമായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെയും ഒടുവില്‍ സുപ്രീം കോടതിയെയും സമീപിച്ച മഹ്മൂദ് അഹ്മദ് ഖാന് എല്ലാ വിധികളും എതിരായിവന്നു. 1985 ഏപ്രില്‍ 23-ന് വിധി പുറപ്പെടുവിച്ച സുപ്രീം കോടതി മുന്‍ഭാര്യ മരണപ്പെടുകയോ പുനര്‍വിവാഹിതയാവുകയോ ചെയ്യുന്നതുവരെ 125-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്ത ജീവനാംശം നല്‍കാന്‍ മുസ്‌ലിം പുരുഷനും ബാധ്യസ്ഥനാണെന്ന് വ്യക്തമാക്കുകയുണ്ടായി. വിവാഹമുക്തയായ മുസ്‌ലിം ഭാര്യക്ക് മതാഅ് നല്‍കാന്‍ വിവാഹമോചനം ചെയ്ത ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് പ്രതിപാദിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ 2:241 നമ്പര്‍ സൂക്തമാണ് കോടതി തെളിവായി ചൂണ്ടിക്കാട്ടിയത്. കൂട്ടത്തില്‍ രാജ്യത്ത് സിവില്‍ കോഡ് ഏകീകരണത്തിന് സമയമായെന്നും പരമോന്നത കോടതി അഭിപ്രായപ്പെട്ടു. ഇത് മുസ്‌ലിം സമൂഹത്തിലും സംഘടനകള്‍ക്കിടയിലും പണ്ഡിതന്മാരിലും വ്യാപകമായ പ്രതിഷേധത്തിനും എതിര്‍പ്പിനും വഴിയൊരുക്കി. മതാഅ് എന്ന പദത്തിന്റെ വിവക്ഷ ജീവനാംശം അല്ലെന്നും വിവാഹമോചനവേളയില്‍ ഭര്‍ത്താവ് ഭാര്യക്ക് നല്‍കുന്ന പാരിതോഷികമെന്നോ നഷ്ടപരിഹാരമെന്നോ പറയാവുന്ന സംഖ്യയാണെന്നും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിലെ പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടി. കോടതി സ്വേഛയാ ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ പാടില്ലെന്ന വാദവും അവര്‍ ഉയര്‍ത്തി. ഏക സിവില്‍ കോഡിന് സമയമായെന്ന കോടതിയുടെ നിരീക്ഷണമാണ് മുസ്‌ലിംകളെ കൂടുതല്‍ പ്രകോപിപ്പിച്ചത്. അപകടം മണത്തറിഞ്ഞ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബദല്‍ നിര്‍ദേശം അവതരിപ്പിക്കാന്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനോടാവശ്യപ്പെട്ടു. ഇത് തീവ്ര മതേതരവാദികളുടെ പ്രതിഷേധത്തിനിടവരുത്തിയെങ്കിലും മുസ്‌ലിം പണ്ഡിതന്മാര്‍ ഏകകണ്ഠമായി സമര്‍പ്പിച്ച കരട് രേഖയെ അടിസ്ഥാനപ്പെടുത്തി 1986-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസ്സാക്കിയ ഭേദഗതി നിയമമാണ് മുസ്‌ലിം സ്ത്രീ(വിവാഹമുക്ത) ആക്ട്. അതുപ്രകാരം വിവാഹമോചനം ചെയ്യുന്ന പുരുഷന്‍ ഭാര്യക്ക് മഹ്‌റിനും ഇദ്ദാ കാലത്തെ ജീവനാംശത്തിനും പുറമെ സാമ്പത്തിക ശേഷിക്കനുസൃതമായ ഒരു തുക മതാഅ് ആയി നല്‍കാന്‍ ബാധ്യസ്ഥനാണ്. ഇന്നും ചില മതേതര ബുദ്ധിജീവികള്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ന്യൂനപക്ഷ പ്രീണനത്തിന്റെ ഉദാഹരണമായും മുസ്‌ലിം സ്ത്രീയുടെ നീതിനിഷേധത്തിന് തെളിവായും  പ്രസ്തുത നിയമനിര്‍മാണത്തെ വിമര്‍ശിക്കാറുണ്ടെങ്കിലും കോടതികള്‍ വിവാഹമുക്തകള്‍ക്ക് വന്‍തുക മതാഅ് വിധിക്കുന്നതു മൂലം, അമുസ്‌ലിം സ്ത്രീകളുടെ ജീവനാംശത്തേക്കാള്‍ 'ലാഭകര'മാണെന്നത്, വിവാഹമോചന സംഭവങ്ങള്‍ കുറക്കാന്‍ അതിടവരുത്തിയിട്ടുണ്ടെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സമീപകാലത്ത് ബഹുഭാര്യത്വത്തിനും മുത്ത്വലാഖിനുമെതിരെ മുറവിളികള്‍ ഉയരുന്നുണ്ടെങ്കിലും ജീവനാംശം ഇഷ്യൂ അല്ലാതായിത്തീര്‍ന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

മൊത്തത്തില്‍ ഇന്ത്യയില്‍ നിലവിലുള്ള ശരീഅത്ത്, അഥവാ മുസ്‌ലിം വ്യക്തി നിയമങ്ങള്‍ പഠനവിധേയമാകുമ്പോള്‍ തെളിയുന്ന വസ്തുതകള്‍ ഇപ്രകാരം സംഗ്രഹിക്കാം:

ഒന്ന്: പ്രാമാണികമായും ആധികാരികമായും ക്രോഡീകൃതമല്ലാത്തതിനാല്‍ തിരുത്തപ്പെടേണ്ടതും പരിഷ്‌കരിക്കേണ്ടതുമായ വശങ്ങളും വ്യക്തിനിയമങ്ങളിലുണ്ട്. സ്ത്രീക്കും പുരുഷന്നും ഒരുപോലെ ശരീഅത്ത് ഉറപ്പു വരുത്തിയ നീതി നിലവിലെ നിയമങ്ങളില്‍ പ്രതിഫലിക്കുന്നില്ല.

രണ്ട്: കഴിഞ്ഞ കാലത്ത് ആധികാരിക പണ്ഡിതന്മാര്‍ നിര്‍ദേശിച്ച രണ്ട് ഭേദഗതികളും മൂലപ്രമാണങ്ങളുടെയും മദ്ഹബുകളുടെയും വെളിച്ചത്തിലായിരുന്നു. അതിനാല്‍ നീതിയുക്തവും ഒപ്പം ശരീഅത്തിന്റെ ചൈതന്യം പ്രതിഫലിക്കുന്നതുമായി.

മൂന്ന്: ശരീഅത്തിനെക്കുറിച്ച ദയനീയമായ അജ്ഞത നിയമജ്ഞരിലും ന്യായാധിപന്മാരിലും മുസ്‌ലിം ജനസാമാന്യത്തിലും വ്യാപകമായി നിലനില്‍ക്കുന്നു. അതാണ് താനും ശരീഅത്ത് തെറ്റിദ്ധരിക്കപ്പെടാനും എതിര്‍ക്കപ്പെടാനുമുള്ള ഒരു മുഖ്യ കാരണം. ശക്തവും ഫലപ്രദവുമായ ബോധവത്കരണമാണ് ഇത് ദൂരീകരിക്കാനുള്ള വഴി. 

നാല്: വ്യക്തിനിയമങ്ങളുടെ ദുരുപയോഗം തടയപ്പെടുക തന്നെ വേണം. ബഹുഭാര്യത്വത്തിന്റെയും മുത്ത്വലാഖിന്റെയും പേരില്‍ ഇസ്‌ലാമും സമുദായവും പഴികേള്‍ക്കേണ്ടിവരുന്നത് തന്മൂലമാണ്. മതപണ്ഡിതന്മാരും മതസംഘടനകളും മഹല്ലുകളും സംസ്‌കരണത്തിന് തയാറായാല്‍ ഈ ദുരുപയോഗം വലിയ അളവില്‍ തടയാനാവും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (54 - 62)
എ.വൈ.ആര്‍

ഹദീസ്‌

ആരാണ് സമര്‍ഥന്‍?
കെ.സി ജലീല്‍ പുളിക്കല്‍