മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കുക
അടുത്തിടെ വാഹനാപകടത്തില്‍ മരണമടഞ്ഞ സഹപ്രവര്‍ത്തകന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനിടയായി. രാവിലെ അപകടത്തില്‍പെട്ട അദ്ദേഹം ഉച്ചയോടെ ആശുപത്രിയില്‍ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടവും മറ്റും കഴിഞ്ഞ് സന്ധ്യയോടടുത്ത സമയത്താണ് മൃതദേഹം വീട്ടിലെത്തുന്നത്. തൊട്ടടുത്തുള്ള സ്‌കൂളിലാണ് അന്ത്യദര്‍ശനത്തിന് സൗകര്യമൊരുക്കിയിരുന്നതെങ്കിലും ഭാര്യക്കും മക്കള്‍ക്കും വേണ്ടി വീട്ടിലേക്കാണ് മയ്യിത്ത് ആദ്യം കൊണ്ടുവന്നത്. അയല്‍വാസികളും നാട്ടുകാരുമടങ്ങുന്ന നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും അവിടെ തടിച്ചുകൂടിയിരുന്നു. തൊട്ടടുത്ത വീട്ടുമുറ്റത്താണ് മൃതദേഹം കൊണ്ടുവന്ന് വെച്ചത്. നാട്ടുകാരുടെ തള്ളിക്കയറ്റമായിരുന്നു ആദ്യം, ശിഷ്യരടങ്ങുന്ന വലിയൊരു ജനസഞ്ചയം സമയമെടുത്താണ് മയ്യിത്ത് സന്ദര്‍ശിച്ചത്. അവസാനമാണ് ഭാര്യക്കും മക്കള്‍ക്കും അവസരം കിട്ടിയത്. അപ്പോഴേക്കും പൊതുദര്‍ശനത്തിന് വെക്കാന്‍ തിടുക്കമായി സംഘാടകര്‍ക്ക്. പിതാവിന്റെ മരണവാര്‍ത്ത വളരെ വൈകി മാത്രമറിഞ്ഞ പെണ്‍മക്കള്‍ ആ വാര്‍ത്തയോട് പൊരുത്തപ്പെടുന്നതിനു മുമ്പ് മൃതദേഹമെത്തി. പിതാവിന്റെ ചേതനയറ്റ ശരീരമെങ്കിലും ശരിക്ക് കാണുന്നതിന് മുമ്പ് തുടങ്ങി സംഘാടകരുടെ തിടുക്കം കൂട്ടല്‍. മനുഷ്യസഹജമായ വൈകാരിക ഭാവങ്ങളെല്ലാം പുരുഷാരത്തിന്റെ മുന്നില്‍ പ്രകടിപ്പിക്കേണ്ട നിസ്സഹായാവസ്ഥയായിരുന്നു ഭാര്യക്കും മക്കള്‍ക്കും. സ്ത്രീകളുടെ നമസ്‌കാരം പോലും സംഘാടകരടങ്ങുന്ന പുരുഷന്മാരുടെ സാന്നിധ്യത്തിലും. കരച്ചിലടക്കാന്‍ പാടുപെടുന്നതിനിടയില്‍ നിര്‍ബന്ധ പ്രാര്‍ഥനകള്‍ പോലും മുറിഞ്ഞുപോകുന്ന തരത്തിലുള്ള വിതുമ്പല്‍. എന്തൊക്കെ കാരണങ്ങള്‍ ഉണ്ടെങ്കിലും മൃതശരീരത്തെ ഉറ്റവരില്‍നിന്ന് ഇവ്വിധം അകറ്റിനിര്‍ത്താന്‍ ദീനില്‍ ന്യായങ്ങളുണ്ടോ? ജനാസ സംസ്‌കരണ ചടങ്ങുകള്‍ സാമൂഹിക ബാധ്യതയാണെന്ന് (ഫര്‍ദ് കിഫായ) പറഞ്ഞാല്‍ കുടുംബത്തെ അവഗണിച്ച് നാട്ടുകാര്‍ മേല്‍ക്കൈ നേടണം എന്നാണോ മനസ്സിലാക്കേണ്ടത്? മരുമക്കളോ അവരുടെ ബന്ധുക്കളോ അല്ലെങ്കില്‍ സ്വയം പ്രഖ്യാപിത സംഘടനകളോ ആയിരിക്കും ഈ നാട്ടുകൂട്ടം. പരേതനുമായി ഇവര്‍ക്കുള്ള വൈകാരിക ബന്ധം ഊഹിക്കാവുന്നതേയുള്ളൂ. എത്രയും വേഗം പരിപാടി അറ്റന്റ് ചെയ്ത് സ്ഥലം വിടാനായിരിക്കും ചിലര്‍ക്ക് തിടുക്കം. അതിനിടയില്‍ ഉറ്റവരുടെയും ഉടയവരുടെയും മനോവ്യഥക്ക് എന്ത് പ്രസക്തി! മൃതദേഹം കാണേണ്ടവര്‍ക്ക് കാണാന്‍ കൊടുക്കാതെയും സാവകാശം നല്‍കാതെയുമുള്ള ഈ അനാവശ്യ ധൃതി മനുഷ്യാവകാശലംഘനമായി അനുഭവപ്പെടുന്നുണ്ട്. ദയവു ചെയ്ത് മൃതദേഹത്തെ അതിന്റെ അവകാശികള്‍ക്ക് വിട്ടുകൊടുക്കുക, ശേഷം പോരേ നാട്ടുകാരുടെ ബാധ്യത തീര്‍ക്കല്‍?
ആ വ്യാഖ്യാനം ശരിയാണോ?
'അനേകം സൗരയൂഥങ്ങളടങ്ങിയ മഹാവ്യൂഹമാണ് ക്ഷീരപഥം. അത്തരം നിരവധി ക്ഷീരപഥങ്ങളുണ്ട്. ഇവയെല്ലാം മനുഷ്യന് സുഗമജീവിതം സാധ്യമാക്കുന്നതിനു വേണ്ടി സംവിധാനിച്ചതാണ്.'' ഖുര്‍ആന്‍ ബോധനം അല്‍ഫുര്‍ഖാന്‍ അധ്യായത്തിലെ 61-62 സൂക്തങ്ങളുടെ വിശദീകരണത്തിലെ വാചകമാണിത്.
അല്ലാഹു സൃഷ്ടിച്ച ക്ഷീരപഥങ്ങളെല്ലാം മനുഷ്യര്‍ക്ക് സുഗമജീവിതം സാധ്യമാക്കുന്നതിനു വേണ്ടിയാണെന്ന് ഈ ആയത്തുകളില്‍ പറയുന്നില്ലല്ലോ! അത്തരം സൂചനകള്‍ അടങ്ങിയ വല്ല ആയത്തുമുണ്ടെങ്കില്‍ അവ പരാമര്‍ശിച്ചിരുന്നുവെങ്കില്‍ വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമാകുമായിരുന്നു.
ഖുര്‍ആനിലെ ചില പ്രയോഗങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ ഭൂമിയിലെ മാത്രം പ്രതിനിധിയാണ്, അതോടൊപ്പം മനുഷ്യനെ കൂടാതെ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന ജിന്ന് എന്നൊരു സൃഷ്ടിയെ കൂടി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. അവകളുടെ വാസസ്ഥലം എവിടെയാണ് എന്ന് വിശദീകരിച്ചിട്ടില്ലതാനും. കൂടാതെ അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളായ മലക്കുകള്‍ എന്ന വിഭാഗവും ഖുര്‍ആനില്‍ കാണാം. അങ്ങനെവരുമ്പോള്‍ ക്ഷീരപഥങ്ങള്‍ മൊത്തം മനുഷ്യരുടെ സുഗമജീവിതത്തിന് എന്ന പ്രയോഗത്തിന് കൂടുതല്‍ തെളിവുകള്‍ വേണ്ടതായുണ്ട്.
ഇ.കെ അബ്ദുല്‍ ഖാദിര്‍ കണ്ണമംഗലം ജിദ്ദ
ദേശ് മേ മോദി, പ്രദേശ് മേ യോഗി
ഇതുവരെ മോദിക്ക് പകരക്കാരനില്ലായിരുന്നു. ഇപ്പോള്‍ പകരക്കാരന്‍ വന്നിരിക്കുന്നു, യോഗി ആദിത്യനാഥ്. ഇത് ദൈവത്തിന്റെ കാവ്യനീതിയാവാം. ഇനി മോദിയെ വെല്ലുവിളിക്കാനും ഈ പകരക്കാരന്‍ മടിക്കില്ല. അത് കാത്തിരുന്ന് കാണാം.
കഴിഞ്ഞ യു.പി തെരഞ്ഞെടുപ്പില്‍ അലയടിച്ച ഒരു മുദ്രാവാക്യമായിരുന്നു 'ദേശ് മേ മോദി, പ്രദേശ് മേ യോഗി' എന്നത്. 15 വര്‍ഷത്തെ ഇടവേളക്കു ശേഷം ബി.ജെ.പി അധികാരത്തിലേറുകയും ഈ മുദ്രാവാക്യം പുലരുകയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തു. ഒരര്‍ഥത്തില്‍ മോദിയെപ്പോലും ഞെട്ടിച്ചാണ് യോഗി കയറിയത്. മുന്നൂറിലധികം പേര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടും ഒരാള്‍ പോലും മുഖ്യമന്ത്രി പദത്തിലേക്ക് യോഗ്യനായിരുന്നില്ലേ? യോഗ്യതയില്ലാത്ത യോഗിയെതന്നെ വാഴിച്ചതില്‍ ആര്‍.എസ്.എസ്സാണ് വിജയിച്ചത്. ജനങ്ങളുടെ മാന്‍ഡേറ്റിനേക്കാള്‍ വലുത് തീവ്ര ഹിന്ദുത്വ നിലപാടാണെന്ന് ഇത് തെളിയിക്കുന്നു.
അടിസ്ഥാനപരമായി യോഗി ആര്‍.എസ്.എസ്സുകാരന്‍ പോലുമല്ല. എന്നിട്ടും എന്തുകൊണ്ടദ്ദേഹം മുഖ്യമന്ത്രിയായി? എന്തുകൊണ്ട് ആര്‍.എസ്.എസ് തന്നെ അതിന് ചരട് വലിച്ചു? കഴിഞ്ഞ 20 വര്‍ഷങ്ങള്‍ തീവ്ര ന്യൂനപക്ഷവിരോധം പരസ്യമായി വിളിച്ചുപറഞ്ഞ് കൈയടി വാങ്ങിയ ആളാണ് താന്‍. ഹിന്ദുക്കളെ ഏകോപിപ്പിക്കാനും മറ്റുള്ളവര്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിച്ച് ഹിന്ദുത്വ നടപ്പില്‍ വരുത്താനും തന്നെപ്പോലെ യോഗ്യന്‍ മറ്റാരുമില്ലെന്ന് അദ്ദേഹം സ്വയം തെളിയിക്കുകയായിരുന്നു.
ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ഈ പൂജാരി വെറുമൊരു സാദാ പൂജാരിയല്ല. വര്‍ഗീയവിഷം ചീറ്റുന്നതിനായി 'ഹിന്ദു യുവ വാഹിനി' എന്ന ഒരു സംഘടനക്ക് തന്നെ അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. ഇനി കാത്തിരുന്നു കാണുകയേ ഇന്ത്യന്‍ ജനതക്ക് നിവൃത്തിയുള്ളൂ. യു.പിയിലെ മതേതര ചേരിക്ക് ഇപ്പോഴും വെളിപാടുണ്ടായതിന്റെ ലക്ഷണങ്ങളൊന്നും കാണാനില്ല.
കെ.വി ഖയ്യൂം പുളിക്കല്‍
മനുഷ്യത്വമില്ലാത്ത മതസങ്കല്‍പം?
മനുഷ്യനെ പരിഗണിക്കാത്ത, മനുഷ്യത്വമില്ലാത്ത അനുഷ്ഠാന മതസങ്കല്‍പം എല്ലാ സമൂഹങ്ങളിലും വ്യാപിക്കുകയാണ്. വിശിഷ്യാ മുസ്‌ലിംകള്‍ക്കിടയില്‍. ദിക്ര്‍ ഹല്‍ഖകള്‍, സ്വലാത്ത് സമ്മേളനങ്ങള്‍, ദുആ സമ്മേളനങ്ങള്‍ തുടങ്ങിയവ വലിയ ശബ്ദകോലാഹലത്തോടെ നടന്നുവരുന്നു. രോഗികളെയോ പ്രായമായവരെയോ കുട്ടികളെയോ ഒന്നും ഇത്തരക്കാര്‍ ഗൗനിക്കാറില്ല.
അയല്‍വാസികളിലും ബന്ധുക്കളിലും രോഗവും ദാരിദ്ര്യവും മൂലം വലയുന്നവരുണ്ടെങ്കിലും നാട്ടിലൊക്കെ കുടിവെള്ളക്ഷാമമുണ്ടെങ്കിലും അതൊന്നും ഇത്തരക്കാരെ ആകുലപ്പെടുത്താറില്ല. നേരായ വഴി കാണിക്കേണ്ട പണ്ഡിതന്മാര്‍ ഭൗതികപ്രമത്തരായി ഈ വൈകൃതങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചൂഷണം ചെയ്യുകയും കൂടി ചെയ്യുമ്പോള്‍ ദൈവിക ദീനിന് ഇടമില്ലാത്ത അവസ്ഥ സംജാതമാവുകയാണ്. മനുഷ്യനെ അഭിമുഖീകരിക്കാത്ത, അവന്റെ നീറുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാത്ത ഇത്തരം ഉറവ വറ്റിയ ഗോഷ്ടികള്‍ക്ക് ദൈവിക ദീനില്‍ സ്ഥാനമില്ലാ എന്ന് വളരെ വിശദമായി വിശകലനം ചെയ്ത പ്രബോധനം വാരികക്ക് (2017 മാര്‍ച്ച് 24) നന്ദി.
അബ്ദുര്‍റസാഖ് മുന്നിയൂര്‍
Comments