നാല്‍പതു കഴിഞ്ഞവരുടെ ദാമ്പത്യജീവിതം
ദമ്പതികള്‍ക്ക് പുതിയ വെളിപാടുകള്‍ ഉണ്ടാവുന്നത് നാല്‍പതു വയസ്സ് കഴിഞ്ഞാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട പല ഘട്ടങ്ങളും കടന്നാണ് നാല്‍പതില്‍ എത്തുന്നത്. വിദ്യാഭ്യാസം, തൊഴില്‍, ദാമ്പത്യജീവിതത്തിന്റെ ആദ്യകാലം, വീടുണ്ടാക്കുന്നതിന്റെ ബദ്ധപ്പാടുകള്‍, കുട്ടികളെയും കുടുംബത്തെയും കുറിച്ച ആധികള്‍, മാതാപിതാക്കള്‍ വൃദ്ധരാണെങ്കില്‍ അവരുടെ പരിചരണം... അങ്ങനെ സംഭവ ബഹുലമായ ഘട്ടമാണ് പിന്നിടുന്നത്. ദാമ്പത്യജീവിതത്തിലെ സുസ്ഥിരത കൈവരുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെയാവാം ദമ്പതികളില്‍ ആരെങ്കിലും തൊഴിലില്‍നിന്ന് വിരമിക്കുന്നതും. നാല്‍പത് കഴിയുന്ന ഘട്ടത്തിലാണ് ജീവിതത്തിലെ വെല്ലുവിളികളുടെ സ്വഭാവം മാറുന്നത്. ദമ്പതികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യാവസ്ഥയില്‍ മാറ്റം വരുന്ന ഘട്ടവുമാണിത്. ഈ ഘട്ടത്തിലാണ് ദമ്പതിമാര്‍ അന്യോന്യം മനസ്സിലാക്കുകയും തിരിച്ചറിവുകള്‍ നേടുകയും ചെയ്യേണ്ടത്. പെണ്ണുകാണലിന്റെയും ആലോചനയുടെയും പഴയ കാലത്തെ പരിചയപ്പെടലും പരസ്പരം മനസ്സിലാക്കലും ഒന്നുകൂടി ആവശ്യമായിവരുന്ന സന്ദര്‍ഭമാണിത്.
നാല്‍പതുകഴിഞ്ഞ ദമ്പതികള്‍ പലപ്പോഴും പരസ്പരം നല്ല നിലയില്‍ പെരുമാറാറില്ല. ഇരുവര്‍ക്കുമുണ്ടായ മാറ്റങ്ങളെക്കുറിച്ച തിരിച്ചറിവില്ലായ്മയാണ് ഇതിന് മുഖ്യകാരണം. എന്റെയടുത്ത് വന്ന നിരവധി കേസുകള്‍ കൈകാര്യം ചെയ്തപ്പോള്‍ ബോധ്യമായ വസ്തുതയാണിത്. തങ്ങള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന പ്രായത്തിന്റെ പ്രകൃതിയെയും സ്വഭാവത്തെയും കുറിച്ച് അവര്‍ ബോധവാന്മാരായിട്ടില്ല. മിക്ക ദമ്പതികളുടെയും അഭിരുചികളും മാനസികാവസ്ഥയും മനോഭാവവും ചിന്താരീതിയും നാല്‍പതുകള്‍ക്കു ശേഷം മാറും. രണ്ടു ഭാഗത്തുനിന്നും പുതിയ തിരിച്ചറിവുകള്‍ ആവശ്യമായ ഘട്ടമാണിത്. ചില സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവിലായിരിക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുക. ചില സന്ദര്‍ഭങ്ങളില്‍ ഭാര്യക്കായിരിക്കും മാറ്റം വന്നിരിക്കുക. ജീവിതത്തിലെ സ്വാഭാവികവും ജൈവികവുമായ ഈ മാറ്റത്തിലൂടെ ഇരുവര്‍ക്കും കടന്നുപോകേണ്ടതുണ്ടല്ലോ. ഇരുവരും കഠിന പ്രയത്‌നം ചെയ്‌തെങ്കില്‍ മാത്രമേ ഹൃദയങ്ങള്‍ കീഴടക്കാന്‍ കഴിയൂ. ചിലര്‍ പഴയ ഹോബികളിലേക്ക് തിരിച്ചുപോകാന്‍ കൊതിക്കും. ചിലര്‍ തങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സിദ്ധികള്‍ പുറത്തെടുക്കും. ആദ്യത്തെ ഇരുപതു വര്‍ഷം വിദ്യാഭ്യാസത്തിനും രണ്ടാമത്തെ ഇരുപതു വര്‍ഷം കുടുംബജീവിതത്തിനും നീക്കിവെച്ചതായിരുന്നുവല്ലോ. ഇനി മൂന്നാമത്തെ ഇരുപതിനെക്കുറിച്ചാണ് ആലോചനയും ചിന്തയുമെല്ലാം. ഈ മൂന്നാമത്തെ ഇരുപതിന്റെ ഘട്ടത്തില്‍ എന്തു ചെയ്യണമെന്നറിയാത്തവരാണ് അധികവും.
പുരുഷലോകത്തെക്കുറിച്ച് സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട ചില യാഥാര്‍ഥ്യങ്ങളുണ്ട്. പുരുഷന്‍ പൊതുവില്‍ ഈ പ്രായത്തില്‍ മാറ്റവും വൈവിധ്യവും ആഗ്രഹിക്കുന്നവനാണ്. കുറേ ത്യാഗം ചെയ്ത തനിക്ക് ആദ്യഘട്ടങ്ങളില്‍ നിഷേധിക്കപ്പെട്ട പല സുഖങ്ങളും സൗകര്യങ്ങളും അനുഭവിക്കാനുള്ള സന്ദര്‍ഭമാണിതെന്ന് അയാള്‍ കരുതുന്നു. ഈ ആവശ്യങ്ങള്‍ വിവേകത്തോടും യുക്തിയോടും കൂടി നിറവേറ്റാന്‍ ചിലര്‍ക്ക് സാധിക്കും. ഇത് നന്നായി കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍ വ്യക്തിപരമായി തകരും, കുടുംബം നശിക്കും.
മറ്റൊരു കാര്യം, ഭര്‍ത്താവ് ഭാര്യയുടെ സംസാരമോ വേഷമോ ശ്രദ്ധിക്കാതിരിക്കുകയോ അവളുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ അത് ദാമ്പത്യജീവിതത്തിലെ മടുപ്പിന്റെ സൂചനയാണെന്നറിയണം. സ്ത്രീ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. അയാളുടെ പുതിയ ആവശ്യങ്ങളും അഭിരുചികളും എന്തെന്ന് തിരിച്ചറിഞ്ഞ് സന്തോഷപൂര്‍വം അവ നിറവേറ്റിക്കൊടുക്കാന്‍ അവള്‍ ശ്രദ്ധിക്കണം. ഒരു സ്ത്രീയില്‍ ഭര്‍ത്താവിന് വേണ്ട നിരവധി സ്ത്രീകള്‍ പരകായപ്രവേശം നടത്തുന്ന വിദ്യ അവള്‍ അറിഞ്ഞുവെക്കണം. ഈ ഘട്ടത്തില്‍ സുഹൃത്തായ സ്ത്രീയെയാണ് ഭര്‍ത്താവ് തേടുന്നത്; എന്തിനും ഏതിനും തന്നെ പിടിച്ചുനിര്‍ത്തി വിചാരണ ചെയ്യുന്ന സ്ത്രീയെയല്ല. കാരണം അയാള്‍ ഇപ്പോള്‍ തന്നെ കാണുന്നത് പക്വമതിയും വിവേകശാലിയുമായ പുരുഷനായാണ്. ആരും തന്നെ വിചാരണ ചെയ്യുന്നത് അയാള്‍ ഇഷ്ടപ്പെടുന്നില്ല. സ്ത്രീ തന്റെ സൗഹൃദവും ചങ്ങാത്തവും ഭര്‍ത്താവിന് ബോധ്യപ്പെടുന്ന രൂപത്തിലാവണം പെരുമാറേണ്ടത്; അയാളുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിചാരണ ചെയ്യുന്ന രൂപത്തിലല്ല.
നാല്‍പതു വയസ്സിന് ശേഷമുള്ള മൗനം സൂചിപ്പിക്കുന്നത് വിവാഹത്തിന്റെ ആദ്യഘട്ടത്തിലുള്ള സംഭാഷണവും വര്‍ത്തമാനവും ആശയവിനിമയവും നല്ല വിധത്തില്‍ ആയിരുന്നില്ല എന്നാണ്. അല്ലെങ്കില്‍ സംസാരശൈലിയില്‍ ഇരുവരും സംതൃപ്തരായിരുന്നില്ലെന്നാണ്. ഈ ഘട്ടത്തില്‍ സ്ത്രീ ശ്രദ്ധിക്കേണ്ട മൂന്നാമത്തെ കാര്യം തന്റെ അഴകിലും ശരീരസൗന്ദര്യത്തിലും വേഷവിധാനത്തിലും പ്രത്യേകം ശ്രദ്ധയൂന്നണം എന്നതാണ്. എന്തിനധികം പറയുന്നു, മുടിയുടെ കാര്യത്തില്‍ പോലും വേണം പ്രത്യേക ശ്രദ്ധ. കാരണം മുടി സ്ത്രീയെ സംബന്ധിച്ചേടത്തോളം അഴകിന്റെയും സൗന്ദര്യത്തിന്റെയും കിരീടമാണ്. താന്‍ നേരത്തേ കണ്ടു പഴകിയ പെണ്ണില്‍നിന്നും രൂപത്തിലും ഭാവത്തിലും ആകൃതിയിലും തികച്ചും വ്യത്യസ്തയായ ഒരു പെണ്ണിനെ തന്റെ ഭാര്യയില്‍ കാണുമ്പോള്‍ ആ ഭര്‍ത്താവ് സന്തോഷവാനാകും. നാല്‍പതിനു ശേഷം സംഭവിക്കുന്ന അഭിരുചികളിലെ വ്യതിയാനങ്ങളെ തൃപ്തിപ്പെടുത്തും ഈ അവസ്ഥാവിശേഷം.
സത്രീയെക്കുറിച്ച് പുരുഷന്‍ മനസ്സിലാക്കിവെക്കേണ്ട ചില വസ്തുതകളുണ്ട്. നാല്‍പതു കഴിഞ്ഞ സ്ത്രീ പ്രതീക്ഷിക്കുന്നത് ഭര്‍ത്താവ് തനിക്കുവേണ്ടി മുഴുസമയം ഒഴിഞ്ഞിരിക്കണമെന്നാണ്. ദാമ്പത്യത്തിന്റെ ആദ്യത്തെ ഇരുപതില്‍ വീട്, ഗാര്‍ഹിക പ്രശ്‌നങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ജോലി, പുതിയ സംരംഭങ്ങള്‍ തുടങ്ങി നൂറുകൂട്ടം കാര്യങ്ങളില്‍ വ്യാപൃതനായിരുന്നുവല്ലോ. ഇനിയും അതേ നില തുടര്‍ന്നാല്‍ ജീവിതം തന്റെ പ്രതീക്ഷക്ക് ഒത്തായില്ലല്ലോ എന്നോര്‍ത്ത് അവള്‍ മോഹഭംഗത്തിനടിപ്പെടും. നാല്‍പതു പിന്നിട്ട ഭാര്യയുടെ പ്രീതിയാര്‍ജിക്കാന്‍ ഭര്‍ത്താവ് ബോധപൂര്‍വം ചില ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. കഴിഞ്ഞുപോയ ഇരുപതു വര്‍ഷങ്ങളില്‍ അവള്‍ക്കുണ്ടായ നഷ്ടങ്ങള്‍ നികത്തുന്ന ചില നടപടികള്‍. ഉദാഹരണമായി, എന്തെങ്കിലും ഒരു സമ്മാനം, സാമ്പത്തിക ഞെരുക്കം കൊണ്ടോ സമയം കിട്ടായ്കയാലോ കഴിഞ്ഞ കാലത്ത് നിറവേറ്റിക്കൊടുക്കാന്‍ കഴിയാതിരുന്ന അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പൂര്‍ത്തീകരിച്ചുകൊടുക്കല്‍, ഒന്നിച്ചൊരു യാത്ര, നടത്തം, ഒപ്പം ഒരു ഭക്ഷണം, വര്‍ത്തമാനം, അവളുടെ അഭിപ്രായം ആരായല്‍ തുടങ്ങി പലവിധത്തിലാവാം ഇതിനു പരിഹാരം. നാല്‍പതു കഴിഞ്ഞ സ്ത്രീകള്‍ കൊതിക്കുന്ന കാര്യങ്ങളാണിവയൊക്കെ. തന്റെ ഭര്‍ത്താവാണെന്നിരിക്കിലും സുഹൃത്തിനെപ്പോലെ പെരുമാറുകയും തന്നോട് സംസാരിക്കുകയും തന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും ചെയ്യുന്ന വേറിട്ട ഒരു വ്യക്തിയെയാണ് ഉള്ളിന്റെയുള്ളില്‍ അവര്‍ ആഗ്രഹിക്കുന്നത്. ദമ്പതികള്‍ക്ക് കൊച്ചുകുട്ടികളുണ്ടെങ്കില്‍ അവരോടൊപ്പം സമയം ചെലവിട്ടും അവരെ സ്‌കൂളിലേക്ക് കൊണ്ടുപോയും സായാഹ്നങ്ങളില്‍ അവരെ പഠിപ്പിച്ചും അവരെ വളര്‍ത്തുന്നതില്‍ പങ്കുവഹിച്ചും വിനോദങ്ങളില്‍ ഏര്‍പ്പെട്ടും ഭര്‍ത്താവ് സമയം ചെലവിടുന്നത് ഭാര്യയില്‍ ഗുണാത്മകഫലങ്ങള്‍ ഉളവാക്കും. പ്രായത്തിന്റെ ഈ ഘട്ടത്തില്‍ ഒന്നിച്ചാസ്വദിക്കാവുന്ന വേറെയും നിരവധി പരിപാടികളുണ്ട്. ഒന്നിച്ചു നമസ്‌കാരം, വൈജ്ഞാനിക പരിപാടികളില്‍ ഒന്നിച്ചു പങ്കെടുക്കല്‍, സമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം അങ്ങനെ പലതും.
ഈ പറഞ്ഞതെല്ലാം നാല്‍പതു കഴിഞ്ഞ ദമ്പതികളുടെ കാര്യമാണ്. ഇരുപതു വര്‍ഷം പിന്നിട്ട കുടുംബങ്ങളെ മൂന്നായി വിഭജിക്കാം:
ഒന്ന്, ജീവിക്കുന്ന ഘട്ടത്തെയോ സാഹചര്യങ്ങളെയോ വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരില്‍ വിവാഹമോചനത്തിലൂടെ വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നവര്‍.
രണ്ട്, മക്കളെയും കുടുംബത്തെയും ഓര്‍ത്ത് നിശ്ശബ്ദരായി ജീവിച്ചുപോകുന്നവര്‍. ദമ്പതികള്‍ ഇരുവര്‍ക്കും ഉണ്ടാകും സ്വതന്ത്രമായ ജീവിതവും കാഴ്ചപ്പാടും. ഇരുവരും പരസ്പരം ബാധ്യതയാവാതെ നോക്കും.
മൂന്ന്, നാല്‍പതു കഴിഞ്ഞും അദമ്യമായ സ്‌നേഹവായ്‌പോടും പ്രേമത്തോടും പരസ്പരം ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നവര്‍.
ഒന്നാമത്തെയും രണ്ടാമത്തെയും വിഭാഗത്തിലെ ദമ്പതികള്‍ക്ക് ഈ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടും. മൂന്നാമത്തെ ഗണത്തില്‍പെടുന്ന ദമ്പതികള്‍ക്ക് തങ്ങളുടെ ബന്ധം കൂടുതല്‍ ഈടുറ്റതാക്കാനും ഉപകരിക്കും.
വിവ: പി.കെ ജമാല്‍
Comments