Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 24

2994

1438 ജമാദുല്‍ ആഖിര്‍ 25

ഗവര്‍ണറുടെ പുത്രന് ചാട്ടവാറടി

പി.കെ.ജെ

ഉമര്‍ സ്മൃതികള്‍

അനസ് (റ) ഓര്‍ക്കുന്നു: ഞങ്ങള്‍ ഉമറിന്റെ സന്നിധിയില്‍ ഇരിക്കുമ്പോള്‍ ഈജിപ്തില്‍നിന്ന് വന്ന ഒരാള്‍: 'പരാതിയുമായി അങ്ങയെത്തേടി വന്നിരിക്കുകയാണ്.'' 

ഉമര്‍: ''എന്താണ് പരാതി? കേള്‍ക്കട്ടെ.''

അയാള്‍: ''ഈജിപ്തിലെ ഗവര്‍ണവര്‍ അംറുബ്‌നുല്‍ ആസ്വ് (റ) കുതിരപ്പന്തയം നടത്തിയപ്പോള്‍ എന്റെ കുതിരയാണ് മുന്നിലെത്തിയത്. ഇതുകണ്ട ജനങ്ങളെ നോക്കി അംറുബ്‌നുല്‍ ആസ്വിന്റെ പുത്രന്‍ മുഹമ്മദ് ഉറക്കെ: 'പടച്ചവനാണ് സത്യം, അത് എന്റെ കുതിരയാണ്.' 

ക്ഷുഭിതനായി എന്റെ അടുത്തേക്ക് ആഞ്ഞു വന്ന അയാളോട് ഞാന്‍ പറഞ്ഞു: 'പടച്ചവനാണ് സത്യം, അത് എന്റെ കുതിരയാണ്.'

തുടര്‍ന്ന് കൈയില്‍ ഇരുന്ന ചമ്മട്ടികൊണ്ട് എന്നെ ആഞ്ഞടിച്ചിട്ട് അയാള്‍ ആക്രോശിച്ചു: 'പിടിച്ചോ. മഹാന്റെ മകനാണ് ഞാന്‍.'

ഉമര്‍: ''ശരി. നിങ്ങള്‍ ഇരിക്കൂ''

ഉമര്‍ അംറുബ്‌നുല്‍ ആസ്വിന് എഴുതി: 'എന്റെ കത്ത് കിട്ടിയാല്‍ ഇവിടെ വരണം. മകനെയും കൂട്ടണം.''

പരാതിയുമായി വന്ന ഈജിപ്തുകാരനോട് ഉമര്‍ പറഞ്ഞു: 'അവര്‍ വരുന്നതുവരെ നിങ്ങള്‍ ഇവിടെ തങ്ങുക.'' 

മകനെ വിളിച്ച് അംറ്: 'എന്തെങ്കിലും ഉണ്ടായോ? നീ വല്ല കുറ്റവും ചെയ്‌തോ?'' 

''ഇല്ല.''

''പിന്നെ എന്തിനാണ് ഉമര്‍ നമ്മള്‍ രണ്ടു പേരോടും ചെല്ലാന്‍ ആവശ്യപ്പെട്ടത്?'' 

പിതാവും പുത്രനും മദീനയിലേക്ക് യാത്ര തിരിച്ചു. 

അനസ് ഓര്‍മയുടെ ചുരുളഴിച്ചു: ഞങ്ങള്‍ ഉമറിന്റെ അടുത്തുണ്ട്. തുണിയും തട്ടവുമാണ് അംറുബ്‌നുല്‍ ആസ്വിന്റെ വേഷം. പിതാവിന്റെ പിറകില്‍ പാത്തും പതുങ്ങിയും നില്‍ക്കുന്ന പുത്രന്‍ ഉമറിന്റെ ശ്രദ്ധില്‍പെട്ടു. 

ഉമര്‍: 'എവിടെ പരാതിക്കാരന്‍ ഈജിപ്തുകാരന്‍?''

അയാള്‍: 'ഞാനിതാ ഇവിടെയുണ്ട്.''

ഉമര്‍: 'ഇതാ ചാട്ടവാര്‍. ഈ ചാട്ടവാര്‍ കൊണ്ട് ഈ മഹാന്റെ മകനെ അടിക്കുക.'' 

അയാള്‍ നല്ല അടി അടിച്ചു. ഞങ്ങളുടെ മനസ്സിലുമുണ്ട് അവന് രണ്ടെണ്ണം കിട്ടട്ടെയെന്ന്. ഇനി മതിയെന്ന് തോന്നുന്നതുവരെ പൊതിരെ തല്ലി. 

ഉമര്‍: 'മഹാന്റെ മകനെ നന്നായി തല്ലിക്കൊള്ളൂ. ഒരടി പിതാവ് അംറിനും കൊടുക്കൂ. നിന്നെ അയാളുടെ മകന്‍ തല്ലിയത് പിതാവിന്റെ അധികാരം വെച്ചല്ലേ?''

ഈജിപ്തുകാരന്‍: 'അമീറുല്‍ മുഅ്മിനീന്‍! മതി. എനിക്ക് സമാധാനമായി. എന്നെ അടിച്ചവനെ ഞാന്‍ അടിച്ചല്ലോ.''

ഉമര്‍: 'നീ ആ പിതാവിനെ പ്രഹരിച്ചാല്‍ നീ സ്വയം നിര്‍ത്തുവോളം ഞാന്‍ അതില്‍ ഇടപെടുമായിരുന്നില്ല.'' 

പിന്നെ അംറിന്റെ നേരെ തിരിഞ്ഞ്: 'അംറേ, നിങ്ങള്‍ എപ്പോള്‍ മുതല്‍ക്കാണ് ജനങ്ങളെ അടിമകളാക്കിത്തുടങ്ങിയത്. അവരുടെ മാതാക്കള്‍ അവരെ സ്വതന്ത്രരായാണല്ലോ പ്രസവിച്ചത്.''

മാപ്പപേക്ഷിച്ച് അംറ്: 'അമീറുല്‍ മുഅ്മിനീന്‍, ഞാന്‍ ഇതറിഞ്ഞില്ല.'' 

പരാതിക്കാരനായ ഈജിപ്തുകാരനു നേരെ തിരിഞ്ഞ് ഉമര്‍ പറഞ്ഞു: ''സന്തോഷത്തോടെ പോയ്‌ക്കൊള്ളൂ. ഇനിയും വല്ല പ്രശ്‌നവുമുണ്ടായാല്‍ എനിക്കെഴുതുക.'' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (23 - 31)
എ.വൈ.ആര്‍