വേദിയുടെ തെരെഞ്ഞെടുപ്പ്
മുഹമ്മദുന്‍ റസൂലുല്ലാഹ് -3
ഒരു പ്രസ്ഥാനം കേന്ദ്രത്തില്‍നിന്ന് തുടങ്ങുന്നതാവുമല്ലോ പ്രാന്തത്തില്‍നിന്ന് തുടങ്ങുന്നതിനേക്കാള്‍ പലപ്രദമാവുക. നാം നേരത്തേ വിശദീകരിച്ചതുപോലെ ലോകം ആ സമയത്ത് പുതിയൊരു ആവിഷ്‌കാരത്തിനും ദിശാബോധത്തിനും ചെവിയോര്‍ക്കുകയായിരുന്നു. എവിടെയായിരിക്കണം ഈ നവോത്ഥാന പ്രസ്ഥാനത്തിന്റെ മധ്യം, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ?
ആദ്യം ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ പരിശോധിക്കാം. ഭൂമിയെപ്പോലെ ഗോളാകൃതിയുള്ള ഒന്നിന്റെ ഏതു ബിന്ദുവെയും നമുക്ക് അതിന്റെ മധ്യം എന്ന് വിളിക്കാന്‍ പറ്റും. നാം ശ്രദ്ധിക്കേണ്ട ഒരു വസ്തുത, അന്ന് ഭൂമിയില്‍ എല്ലായിടത്തും ജനവാസമില്ല എന്നതാണ്. വലിയൊരു ഭാഗം കടലാണ്, പിന്നെ ചെങ്കുത്തായ പര്‍വതങ്ങളും മരം കോച്ചുന്ന തണുപ്പുള്ള മേഖലകളും. ബാക്കിയുള്ള ജനവാസ കേന്ദ്രങ്ങള്‍ രണ്ട് ഗോളാര്‍ധങ്ങളിലായി വ്യാപിച്ചുകിടക്കുകയാണ്. '
'പഴയ ലോകം' (Old World- ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ ഉള്‍ക്കൊള്ളുന്ന മേഖല) ആണ് കൂടുതല്‍ വിശാലവും ജനസാന്ദ്രവുമായിട്ടുള്ളത്. അതിനാല്‍ മധ്യം തീരുമാനിക്കേണ്ടിവരുമ്പോള്‍ നറുക്ക് വീഴുന്നത് ഈ മേഖലക്കാണ്.
ഗോളാര്‍ധം ഏതെന്ന് തീരുമാനമായിക്കഴിഞ്ഞാല്‍, ഈ മൂന്ന് ഭൂഖണ്ഡങ്ങളുടെ- യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ- മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സ്ഥലമേതെന്ന് നമുക്ക് ഭൂപടം നോക്കി നിശ്ചയിക്കാന്‍ പറ്റും. ഉടന്‍ നമ്മുടെ കണ്ണ് ഉടക്കുന്നത് അറേബ്യയിലാണ്. ഏഷ്യയിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഇവിടെനിന്ന് തുല്യ ദൂരമാണ്. ഇനി മനുഷ്യനാഗരികതകളില്‍ കാലാവസ്ഥ ചെലുത്തുന്ന സ്വാധീനം എന്ന നിലയില്‍ ചിന്തിക്കുകയാണെങ്കിലും ഈ മേഖലയില്‍ അടുത്തടുത്തു നില്‍ക്കുന്ന മൂന്ന് നഗരങ്ങളില്‍ അത്ഭുതകരമായ കാലാവസ്ഥാ വൈവിധ്യം നമുക്ക് കാണാന്‍ കഴിയും. മക്കയും ത്വാഇഫും മദീനയുമാണ് ആ നഗരത്രയം. മക്കയില്‍ ആഫ്രിക്കന്‍ മരുഭൂമികളിലെ കാലാവസ്ഥയാണ്. മദീനയില്‍ മിതശീതോഷ്ണ രാജ്യങ്ങളിലെ ഫലഭൂയിഷ്ഠത. ത്വാഇഫില്‍ തെക്കന്‍ യൂറോപ്പിലെ കാലാവസ്ഥയും. പ്രവാചകന്റെ ആഗമനത്തിനു മുമ്പ് തന്നെ ഈ മൂന്ന് നഗരങ്ങള്‍ തമ്മില്‍ വളരെയടുത്ത ബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. പ്രയോഗത്തില്‍, ഒരു കോണ്‍ഫഡറേഷന്‍ പോലെയായിരുന്നു അവ മൂന്നും. വാണിജ്യപരവും മറ്റുമായ താല്‍പര്യസംരക്ഷണത്തിന് ഓരോ നഗരത്തിനും അത് ആവശ്യവുമായിരുന്നു. വ്യാപാരത്തിന്റെയും മറ്റും സംഘാടന കേന്ദ്രം മക്കയും.
മാത്രവുമല്ല, അക്കാലത്ത് യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും ചുവടുറപ്പിച്ച ശക്തികള്‍ക്കെല്ലാം അറേബ്യയില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ താല്‍പര്യങ്ങളുായിരുന്നു. ഉദാഹരണത്തിന് ബൈസാന്റിയക്കാരായിരുന്നു ഉത്തര അറേബ്യ ഭരിച്ചിരുന്നത്. അറേബ്യയുടെ കിഴക്കും വടക്കും പേര്‍ഷ്യക്കാരുടെ സാമന്ത നാടുകളുണ്ടായിരുന്നു; അതായത് ഉമാനിലും ബഹ്‌റൈനിലും (ഇന്നത്തെ അല്‍ അഹ്‌സ്വ) അറേബ്യന്‍ ഇറാഖിലും. യമന്‍ ഭരിച്ചിരുന്നതാകട്ടെ അബ്‌സീനിയക്കാരുമായിരുന്നു. മൂന്ന് ഭൂഖണ്ഡങ്ങളില്‍നിന്നുള്ളവരുടെ പ്രവര്‍ത്തനങ്ങളുടെയും അവയോടുള്ള പ്രതിപ്രവര്‍ത്തനങ്ങളുടെയും വേദി എന്ന നിലക്ക്, ഈ മൂന്ന് ഭൂഖണ്ഡങ്ങളിലെ ജനങ്ങളെയും അവരുടെ ജീവിതരീതികളെയും അറബികളോളം അടുത്തറിയുന്ന മറ്റൊരു ജനവിഭാഗമുണ്ടായിരുന്നില്ല. വെറുതെയല്ല പഴമക്കാര്‍ മക്കയെ 'ഭൂമിയുടെ പൊക്കിള്‍' എന്ന് വിളിച്ചിരുന്നത്.
സാമൂഹിക നിമിത്തങ്ങള്‍
ചരിത്രം പരിശോധിച്ചാല്‍ പലതരം കൗതുകങ്ങള്‍ നാം കാണുന്നുണ്ട്. അതിലൊന്ന് ഭൗതികമായി കാര്യമായ സന്നാഹങ്ങളൊന്നുമില്ലാതെ തന്നെ നാടോടികളായ ബര്‍ബേറിയന്‍ വിഭാഗങ്ങള്‍ വളരെ വികസിച്ച നാഗരിക രാഷ്ട്രങ്ങളെ കീഴ്‌പ്പെടുത്തിയിരുന്നു എന്നതാണ്. റോമക്കാരെ ജര്‍മാനിക് ഗോത്ര വര്‍ഗങ്ങളും ചൈനക്കാരെ മംഗോളിയക്കാരും കീഴ്‌പ്പെടുത്തിയിരുന്നല്ലോ. ഈ അപരിഷ്‌കൃത ജനവിഭാഗങ്ങള്‍ പിന്നീട് ക്രമേണ ഉയര്‍ന്ന നാഗരിക സ്വഭാവമാര്‍ജിക്കുന്നുമുണ്ട്. പ്രതിരോധത്തിനും സാഹസത്തിനും അവശ്യം വേണ്ട ഗുണങ്ങള്‍ നാഗരികതകളിലെ അലസജീവിതം അവിടത്തെ ജനങ്ങള്‍ക്ക് നഷ്ടപ്പെടുത്തിക്കളയുന്നു എന്നതാണ് ഇതിനു കാരണം. നാഗരിക ജനവിഭാഗങ്ങള്‍ക്ക് മരണപ്പേടി കൂടുതലായിരിക്കും.
ഒരു നാഗരിക രാഷ്ട്രത്തിന് പുതുരക്തം സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍, അത് പുറമെനിന്നുള്ള ബര്‍ബേറിയന്മാരുടേതായാലും മതി, ആ നാഗരികതക്ക് പുതുക്കലോ നവീകരണമോ സാധ്യമാവുകയില്ല. അറേബ്യന്‍ ജീവിതത്തിന്റെ ഒരു പ്രത്യേകത നമുക്കിവിടെ വ്യക്തമാകും. മരുഭൂമികളാല്‍ ചുറ്റപ്പെട്ട നഗരങ്ങളും അവിടത്തെ നഗരവാസികളും നാടോടികളുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു എന്നതാണത്.
മധ്യേഷ്യയില്‍നിന്ന് മധ്യ യൂറോപ്പിലേക്ക് കുടിയേറ്റക്കാരുടെ വന്‍ പ്രവാഹങ്ങളുണ്ടായതായി നമുക്കറിയാം. ഇക്കാര്യത്തില്‍ അറേബ്യയും ഒട്ടും പിറകിലായിരുന്നില്ല. പൗരാണിക അറബികള്‍ സമര്‍ഖന്ദ് വരെ പോയിരുന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ ചരിത്രമാണോ ഐതിഹ്യമാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ നിവൃത്തിയില്ലെങ്കിലും, അറബികള്‍ വളരെ അകലെയുള്ള ഹലബി (അലപ്പോ)ല്‍ പോലും കോളനികള്‍ മാത്രമല്ല, ഭരണകൂടങ്ങള്‍ വരെ സ്ഥാപിച്ചിരുന്നു എന്നത് വസ്തുതയാണ്. മനുഷ്യാരംഭം എവിടെയാണ്, സെമിറ്റിക് ജനവിഭാഗങ്ങള്‍ക്ക് എത്ര പഴക്കമുണ്ട് തുടങ്ങിയ ചര്‍ച്ചകളൊന്നും നമ്മുടെ പഠനത്തിന്റെ ഭാഗമല്ലെങ്കിലും, ഇന്നും ജീവിക്കുന്ന ഏറ്റവും പൗരാണിക ജനവിഭാഗങ്ങളിലൊന്നാണ് അറബികള്‍ എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഉദാഹരണത്തിന്, ഹീബ്രു പോലുള്ള മറ്റു പൗരാണിക സെമിറ്റിക് ഭാഷകളില്‍ കാണുന്ന ഘടനാ ഭ്രംശങ്ങളും മറ്റു പ്രശ്‌നങ്ങളും അറബിഭാഷാ നിയമങ്ങള്‍ വെച്ച് നമുക്കിന്ന് വിശദീകരിക്കാന്‍ കഴിയുന്നുണ്ട്. എന്റെ അഭിപ്രായത്തില്‍ ഇതിനുള്ള കാരണങ്ങള്‍ രണ്ടാണ്. ഒന്ന്, ഏറ്റവും പൗരാണികരായ സെമിറ്റിക്കുകള്‍ പോലെ പൗരാണികരാണ് അറബികളും. രണ്ട്, അറബികള്‍ നൂറ്റാണ്ടുകളിലൂടെ തങ്ങളുടെ ഭാഷ കലര്‍പ്പുകളില്ലാതെ പവിത്രമായി സൂക്ഷിച്ചു. ഇന്ന് നോക്കൂ, പതിനഞ്ച് നൂറ്റാണ്ടിലധികം കഴിഞ്ഞിട്ടും അറബിഭാഷയിലെ ഗദ്യമോ പദ്യമോ പ്രവാചകന്റെ കാലത്തേതില്‍നിന്ന് വ്യത്യാസപ്പെട്ടല്ല നില്‍ക്കുന്നത്. രൂപഘടനയിലോ പദസഞ്ചയത്തിലോ വ്യാകരണത്തിലോ ഈ രണ്ട് കാലഘട്ടവും തമ്മില്‍ ഒരു മാറ്റവുമില്ല.
ഒറ്റവാക്കില്‍ പറഞ്ഞാല്‍, അറബികള്‍ തങ്ങളുടെ ഊര്‍ജവും ശേഷിയും പൗരാണിക കാലത്തെല്ലാം കാത്തുപോന്നു. സെന്റ് ഹെലിനയില്‍ നാടുകടത്തപ്പെട്ടു കഴിയുമ്പോള്‍ നെപ്പോളിയന്‍ തയാറാക്കിയ ആത്മകഥയില്‍ ഇസ്‌ലാമിനെക്കുറിച്ച് ഒരു ചിന്ത കടന്നുവരുന്നുണ്ട്: ''ചില യാദൃഛിക സാഹചര്യങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാറുണ്ട് ലോകത്ത്. ഇസ്‌ലാമിനെക്കുറിച്ചും അത് ശരിയായിരിക്കാം. പക്ഷേ, ഇസ്‌ലാം ലബ്ധപ്രതിഷ്ഠ നേടിയതിന് അതിലപ്പുറവും ചില കാരണങ്ങള്‍ ഉണ്ടാവേണ്ടതാണ്. നമുക്ക് അതേക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാവും. ക്രിസ്ത്യന്‍ ലോകത്തെയാകെ വിറപ്പിച്ച സംഭവമാണല്ലോ. അപ്പോള്‍ നമ്മില്‍നിന്ന് ഇപ്പോഴും മറഞ്ഞുനില്‍ക്കുന്ന ചില ആദികാരണങ്ങള്‍ ആ മുന്നേറ്റത്തിന് ഉണ്ടായേ പറ്റൂ. മരുഭൂമികളുടെ അപാരതകളില്‍നിന്ന് പെട്ടെന്ന് ഉയര്‍ന്നുപൊങ്ങിയ, വളരെക്കാലമായി പരസ്പരം പോരടിച്ചുകൊണ്ടിരുന്ന ഈ ജനവിഭാഗം വളരെ വിശിഷ്ടമായ ചില സ്വഭാവഗുണങ്ങളും ശേഷികളും തടുക്കാനാവാത്ത ചില ഉള്‍പ്രേരണകളും അതുപോലുള്ള മറ്റെന്തെല്ലാമോ ഒക്കെ ആര്‍ജിച്ചിട്ടുണ്ടാവണം.''1
ഹിജാസ്2 എന്ന ഭൂപ്രദേശത്തിന് പൗരാണിക ചരിത്രത്തില്‍, പ്രവാചകന്‍ ഇസ്മാഈലിനു ശേഷം ഒരു പരിഷ്‌കര്‍ത്താവോ ജേതാവോ ഉണ്ടായിട്ടില്ല. ഈ ഭൂപ്രദേശത്ത് നിവസിക്കുന്ന ജനങ്ങളുടെ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ചില പവിത്ര ലക്ഷ്യങ്ങള്‍ക്കു വേണ്ടി വഴിതിരിച്ചുവിടുകയാണ് ഇസ്‌ലാം ചെയ്തത്. ഒട്ടും ഭയമില്ലായ്മ, ഇസ്‌ലാമിനു വേണ്ടി ജീവന്‍ വെടിയാനുള്ള ഉല്‍ക്കടമായ ആഗ്രഹം, മറ്റുള്ളവരുടെ (അത് ശത്രുക്കളുടേതാണെങ്കില്‍ പോലും) രക്തം ചിന്താതിരിക്കാനും അതിന് പവിത്രത കല്‍പിക്കാനുമുള്ള ജാഗ്രത- ഇതൊക്കെയാണ് ഇസ്‌ലാം അറബികളെ പഠിപ്പിച്ചത്. പ്രവാചകന്റെ കാലത്തും അദ്ദേഹത്തിന്റെ അനുയായികളായ ഖലീഫമാരുടെ കാലത്തും രാഷ്ട്രത്തിന്റെ വ്യാപ്തി വര്‍ധിച്ചത് രക്തപങ്കിലമായ യുദ്ധങ്ങള്‍ കൊണ്ടായിരുന്നില്ല. ഓറിയന്റലിസ്റ്റ് ചരിത്രകാരന്‍ ഹെന്‍ട്രി ലമന്‍സിന്റെ അഭിപ്രായത്തില്‍, വടക്കന്‍ സിറിയയിലും ഫിനീഷ്യന്‍ തീരപ്രദേശങ്ങളിലുമൊക്കെ എതിര്‍പ്പുകളില്ലാത്ത അനായാസ സൈനിക വിജയം (ങശഹശമേൃ്യ ണമഹസീ്‌ലൃ) ആണ് ഉണ്ടായിട്ടുള്ളത്.3
മറ്റൊരു കാരണം പരിശോധിക്കാം. ജനങ്ങള്‍ കര്‍ഷകരാണെങ്കില്‍ അവര്‍ക്ക് മണ്ണുമായി വല്ലാത്ത അടുപ്പമായിരിക്കും. സ്വന്തം നാടു വിട്ട് ദൂരെ മറ്റൊരിടത്തേക്ക് സാഹസിക യാത്ര നടത്താനുള്ള ആവേശം അവരില്‍ കുറവായിരിക്കും. സാഹസികതയോട് ഈയൊരു ആവേശം ഉണ്ടാവുക എന്നത് വലിയ വിജയങ്ങള്‍ നേടുന്നതിന്റെ മുന്നുപാധിയാണ്. വ്യാവസായിക സംരംഭങ്ങളില്‍ മുഴുകിയ ആളുകളാണെങ്കിലും നിന്നേടത്തു നില്‍ക്കാനാണ് അവര്‍ക്കും താല്‍പര്യമുണ്ടാവുക. കച്ചവടക്കാരും കച്ചവട യാത്രാ സംഘങ്ങളുമൊക്കെയാണ് നാടുവിട്ടുള്ള ദീര്‍ഘ യാത്രകള്‍ക്ക് സന്നദ്ധരാവുക. അവരത് വളരെയധികം പരിചയിച്ചിട്ടുള്ളതുമാണ്. ഇസ്‌ലാമിന്റെ കളിത്തൊട്ടിലായ മക്ക ഖുര്‍ആന്റെ ഭാഷയില്‍ 'കൃഷിയൊന്നുമില്ലാത്ത താഴ്‌വര'4 ആയിരുന്നു. അത്തരമൊരു ചുറ്റുപാടില്‍ വ്യവസായത്തിനും നിലനില്‍പ്പുണ്ടാവില്ല. മക്കക്കാര്‍ നാടോടികളായിരുന്നില്ല. രണ്ടായിരം വര്‍ഷമെങ്കിലുമായി അവര്‍ ഒരിടത്ത് താമസിക്കുന്നവര്‍ തന്നെയായിരുന്നു. കച്ചവട യാത്രകളായിരുന്നു അവരുടെ പൊതുവെന്ന് പറയാവുന്ന തൊഴില്‍. അക്കാലത്ത് യൂറോപ്പും ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരങ്ങള്‍ അറേബ്യ വഴിയാണ് നടന്നിരുന്നത്. ഇസ്‌ലാംപൂര്‍വ അറേബ്യയിലെ അന്താരാഷ്ട്ര വ്യാപാര കൂട്ടായ്മകള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് മക്കയിലെ ഖുറൈശി ഗോത്രമായിരുന്നു. അബ്‌സീനിയയിലെ നേഗസുമായും യമനിലെ കിന്ദി രാജാവുമായും അവര്‍ കച്ചവടക്കരാറുകള്‍ ഉണ്ടാക്കിയിരുന്നു. വര്‍ഷാവര്‍ഷം മക്കക്കാര്‍ സിറിയ, ഈജിപ്ത്, ഇറാഖ്, യമന്‍, അബ്‌സീനിയ എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കാറുണ്ടായിരുന്നു. ഇസ്‌ലാമിന്റെ രാഷ്ട്രീയ വിജയമുണ്ടാവുന്നതിനു മുമ്പ് തന്നെ ഈ നാടുകളിലെ ജീവിതരീതികളൊക്കെ അവര്‍ക്ക് നന്നായി അറിയാമായിരുന്നു; അങ്ങോട്ടുള്ള സഞ്ചാരപാതകളും.
വിജയം നേടുന്നതും രാഷ്ട്രവിപുലനം സാധ്യമാക്കുന്നതും എളുപ്പത്തില്‍ ചലിക്കാന്‍ സാധിക്കുന്നവരാണ്. അക്കാലത്ത് യുദ്ധത്തിനും ഗതാഗതത്തിനും ഏറ്റവും മികച്ച മാര്‍ഗങ്ങള്‍ കുതിരയും ഒട്ടകവുമായിരുന്നു. നമുക്കറിയാവുന്നതുപോലെ ഒട്ടകങ്ങളാല്‍ സമൃദ്ധമായിരുന്നു അറേബ്യ. അറേബ്യന്‍ കുതിരകള്‍ ലോകപ്രശസ്തവുമായിരുന്നല്ലോ.
പ്രായോഗിക കാരണങ്ങള്‍
മക്ക, ത്വാഇഫ്, മദീന നഗരത്രയത്തെക്കുറിച്ച് നാം പറഞ്ഞു. അവയെ കുറേക്കൂടി ആഴത്തില്‍ നാം പഠിക്കേണ്ടതുണ്ട്. ഇസ്‌ലാംപൂര്‍വ മക്കയിലെ ഭരണ സംവിധാനത്തെക്കുറിച്ച് നാം പിന്നീട് ചര്‍ച്ച ചെയ്യുന്നുണ്ട്. ഇവിടെ ചില സൂചനകള്‍ മാത്രം നല്‍കാം. ഈ മൂന്ന് നഗരങ്ങളിലും അവിടത്തെ പൗരന്മാരും വിദേശങ്ങളില്‍നിന്ന് അവിടെ വന്ന് താമസിക്കുന്നവരും തമ്മില്‍ തുല്യതയുടെ അടിസ്ഥാനത്തിലുള്ള ഒരുതരം ജനാധിപത്യ ക്രമം നിലനിന്നിരുന്നു. അവിടെ ജാതിയോ കീഴാളര്‍ -മേലാളര്‍ തരംതിരിവോ പൊതുവെ കാണാറുണ്ടായിരുന്നില്ല. നേതാവ് പോലും 'തുല്യരില്‍ ആദ്യത്തെയാള്‍' (Primus inter Pares) ആയിരുന്നു. നിറമോ വംശമോ പ്രതിബന്ധങ്ങള്‍ തീര്‍ത്തിരുന്നില്ല. ആഗോളതലത്തില്‍ സ്വാധീനമോ പ്രാധാന്യമോ ഇല്ലാതിരുന്നതിനാല്‍, മറ്റുള്ളവരുമായി സമത്വഭാവനയോടെ പെരുമാറാന്‍ അവര്‍ക്ക് എളുപ്പത്തില്‍ കഴിഞ്ഞിരുന്നു. അറബികള്‍ ചൈനക്കാരെപ്പോലെ 'തങ്ങള്‍ ദൈവത്തിന്റെ മക്കള്‍' ആണെന്നോ, ജൂതന്മാരെപ്പോലെ 'ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍' ആണെന്നോ അവകാശപ്പെട്ടിരുന്നില്ല. 'മറ്റെല്ലാവരും തങ്ങള്‍ക്ക് അടിമപ്പെടുംവിധം പ്രകൃതി തന്നെ തങ്ങളെ യജമാനന്മാരാക്കിയിരിക്കുന്നു' എന്ന ഗ്രീക്ക് അവകാശവാദ6വും അവര്‍ക്കുണ്ടായിരുന്നില്ല. മറിച്ച്, വ്യക്തികളുടെ കഴിവുകളിലാണ് അവര്‍ വിശ്വാസമര്‍പ്പിച്ചിരുന്നത്.
മനശ്ശാസ്ത്ര കാരണങ്ങള്‍
തീരപ്രദേശങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അറേബ്യന്‍ ഉപദ്വീപിന്റെ മക്ക ഉള്‍പ്പെടെയുള്ള വലിയൊരു ഭാഗവും ചരിത്രത്തിലുടനീളം സ്വതന്ത്രമായാണ് നിലനിന്നുപോന്നിട്ടുള്ളത്. റോമക്കാരും ബൈസാന്റിയക്കാരും പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരും മറ്റുള്ളവരും പലതവണ ശ്രമിച്ചിട്ടും അറേബ്യയുടെ ഹൃദയഭൂമി വൈദേശിക ശക്തികള്‍ക്ക് കീഴടക്കാനായിട്ടില്ല. പ്രവാചകന്‍ ജനിച്ച വര്‍ഷത്തില്‍ 'ആനക്കാരുടെ' (അബ്‌സീനിയക്കാരുടെ) അധിനിവേശശ്രമം മക്കയുടെ പടിവാതില്‍ക്കല്‍ തട്ടിത്തകര്‍ന്നു. പ്രവാചകന്റെ ആഗമനകാലത്തോടടുപ്പിച്ച് ഏതാനും ചില അറബ് ഗോത്രങ്ങള്‍ അറേബ്യയുടെ വടക്കു കിഴക്കുള്ള ദുല്‍ഖാറില്‍ വെച്ച് ശക്തരായ പേര്‍ഷ്യന്‍ സൈന്യത്തെ തുരത്തിവിട്ടിട്ടുണ്ട്. ഇത് അറേബ്യയിലുടനീളം ആവേശത്തരംഗമുണ്ടാക്കി. ഏത് വിദേശികളെയും നേരിടാമെന്ന ചങ്കൂറ്റം അവരില്‍ സൃഷ്ടിച്ചു. അക്കാലത്ത് അറബികള്‍ക്ക് മിലിട്ടറി യൂനിഫോം ഉണ്ടായിരുന്നില്ല. യുദ്ധം കൊടുമ്പിരികൊള്ളുമ്പോള്‍ സ്വന്തം സൈനികരെയും ശത്രുക്കളെയും തിരിച്ചറിയാനായി അവര്‍ ചില കോഡ് വാക്കുകള്‍ ഉച്ചത്തില്‍ പറയുമായിരുന്നു. ദുല്‍ഖാര്‍ യുദ്ധത്തില്‍ അവര്‍ ഉപയോഗിച്ച കോഡ് വാക്ക് 'ഓ, മുഹമ്മദ്' എന്നായിരുന്നത്രെ. അതിന്റെ കാരണം നമുക്ക് അറിഞ്ഞുകൂടാ. മുഹമ്മദ് നബിയുടെ ആഗമനത്തിനു മുമ്പ് തന്നെ ഒരു പ്രവാചകന്‍ വരാനുണ്ടെന്നും അദ്ദേഹത്തിന്റെ പേര് മുഹമ്മദ് ആയിരിക്കുമെന്നും ചില ഗോത്രങ്ങള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്. അതുകൊണ്ടാവാം കിനാനഃ, സുലൈം, ജുഅ്ഫി, തമീം പോലെ മദീനയില്‍ വസിക്കുന്ന ഗോത്രങ്ങള്‍ക്കിടയില്‍ മുഹമ്മദ് എന്ന പേര് പ്രചുരപ്രചാരം നേടിയത്. പ്രവാചകന്‍ വരാനുണ്ടെന്ന വൃത്താന്തം ജൂത-ക്രൈസ്തവ വിഭാഗങ്ങളില്‍നിന്ന് തമീം ഗോത്രത്തിനാവണം ലഭിച്ചിട്ടുണ്ടാവുക. അവരായിരിക്കും ഇങ്ങനെയൊരു അഭ്യൂഹം പ്രചരിപ്പിച്ചിട്ടുണ്ടാവുക (cf.lbn Habib Muhabbar, p. 130). എങ്കില്‍ പിന്നെ യുദ്ധത്തിന്റെ നിര്‍ണായക നിമിഷങ്ങളില്‍ തങ്ങള്‍ വളരെക്കാലമായി കാത്തുകൊണ്ടിരിക്കുന്ന ആ വിമോചകന്റെ പേരല്ലാതെ മറ്റെന്താണ് അവര്‍ കോഡ് വാക്കായി ഉപയോഗിക്കുക!8
ഭാഷാപരമായ കാരണങ്ങള്‍
മനുഷ്യരാശിക്കുള്ള ഒടുവിലത്തെ ദിവ്യബോധനം വഹിക്കുന്ന ഭാഷ അറബിയാണ്. തീര്‍ച്ചയായും ആ ഭാഷക്ക് ചില പ്രത്യേകതകള്‍ ഉള്ളതുകൊണ്ടുതന്നെയാണിത്. താളം, വാക്കുകളുടെ നിര്‍മിതി, സംയോജനം, ഉച്ചാരണം തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ മറ്റെല്ലാ ഭാഷകളില്‍നിന്നും വേറിട്ടുനില്‍ക്കുന്ന ഒന്നാണ് അറബി. വളരെ ചുരുങ്ങിയ വാക്കുകളിലൂടെ ആശയം കൃത്യമായി പ്രതിഫലിപ്പിക്കാന്‍ കഴിയും ആ ഭാഷക്ക്. സര്‍വനാമങ്ങളില്‍ മാത്രമല്ല ക്രിയകളില്‍ വരെ സ്ത്രീലിംഗ-പുല്ലിംഗ വ്യത്യാസമുണ്ട്. പദനിര്‍മിതിയുടെ സാധ്യതകള്‍ വളരെക്കൂടുതല്‍. പദാവലിയാകട്ടെ അവിശ്വസനീയമാംവിധം സമ്പന്നവും. വാക്കുകളുടെ അര്‍ഥം മാത്രമല്ല അവയുടെ പൊരുളുകളും വളരെ സൂക്ഷ്മമായി പ്രതിഫലിപ്പിക്കാന്‍ ഇതുവഴി സാധ്യമാവുന്നു.
നൂറ്റാണ്ടുകളിലൂടെ കടന്നുപോയിട്ടും അറബി ഭാഷക്ക് മാറേണ്ട ആവശ്യം വന്നിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കുക. പതിനഞ്ച് നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള അതേ ഗദ്യവും പദ്യവും തന്നെയാണ് ഇപ്പോഴും. അതായത് അവയുടെ വ്യാകരണത്തിലോ പദാവലിയിലോ ഉച്ചാരണത്തില്‍ പോലുമോ മാറ്റമില്ല. തൂനിസില്‍നിന്നും ദമസ്‌കസില്‍നിന്നും കയ്‌റോയില്‍നിന്നും ബഗ്ദാദില്‍നിന്നും റേഡിയോ നിലയങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന അറബി, പ്രവാചകന്‍ തന്റെ അനുയായികളോട് സംസാരിച്ച അറബി തന്നെയാണ്. കവിതയെക്കുറിച്ചും ഇതുതന്നെ പറയാവുന്നതാണ്.
പ്രവാചകന്റെ ആദ്യ അഭിസംബോധിതര്‍ക്ക് പ്രവാചകവചനങ്ങള്‍ എങ്ങനെ മനസ്സിലായോ അതുപോലെ ഇന്ന് അറബിഭാഷ സംസാരിക്കുന്ന ഏതൊരാള്‍ക്കും അവ മനസ്സിലാകും. പ്രമാണങ്ങളുടെയൊക്കെ ഒറിജിനല്‍ ടെക്സ്റ്റ് തന്നെയാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ വചനങ്ങള്‍ സംരക്ഷിക്കാന്‍ അടിയുറപ്പില്ലാത്ത ഒരു ഭാഷ മതിയാവില്ലെന്ന് ഉറപ്പാണല്ലോ; ഇനിയൊരു ദിവ്യബോധനമോ പ്രവാചകനോ വരാനില്ലാത്ത സ്ഥിതിക്ക് വിശേഷിച്ചും.
(തുടരും)
അവലംബം
1. Memorial de Sainte Helene, Volume III, 183 quoted by Desvergers, I' Arabic, P 131, Footnote
2. Qura'an 34:44
3. CF Encyclopaedia of Islam, S.V Sham
4. Qura’an 14:40
5. See my article on al-ilaf in Melanges Massignon, II 293-311; also, infra, chapter Economy 1584-1611
6. Aristotle, Politics, book 1, chapter 7
8. അല്‍ മസ്ഊദി (തന്‍ബീഹ്, പേജ് 241-242) ഈ സംഭവം മറ്റൊരു തരത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ യുദ്ധം ആസന്നമായ സമയത്ത് ബക്‌റു ബ്‌നു വാഇല്‍ വിഭാഗത്തിലെ ഒരു സംഘം മക്കയില്‍ തീര്‍ഥാടനത്തിന് വന്നു. പ്രവാചകന്‍ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ''പേര്‍ഷ്യക്കാര്‍ക്കെതിരെ ദൈവം ഞങ്ങള്‍ക്ക് വിജയം സമ്മാനിച്ചാല്‍ ഞങ്ങള്‍ താങ്കളുടെ മതം സ്വീകരിക്കാം.'' അവര്‍ക്കു വേണ്ടി പ്രവാചകന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. പേര്‍ഷ്യക്കാര്‍ക്കെതിരെ അറബ് ഗോത്രങ്ങള്‍ക്ക് വിജയമുണ്ടായ വാര്‍ത്ത ലഭിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''പേര്‍ഷ്യക്കാര്‍ക്കെതിരെ അറബികളുടെ ആദ്യ വിജയമാണിത്. ഞാന്‍ മുഖേനയാണ് ദൈവം അവരെ സഹായിച്ചത്.''
Comments