Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 24

2994

1438 ജമാദുല്‍ ആഖിര്‍ 25

തെരെഞ്ഞടുപ്പു കഴിഞ്ഞുള്ള കിഞ്ചന വാര്‍ത്തമാനങ്ങള്‍

ഹസനുല്‍ ബന്ന

മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുകൂട്ടുന്ന പതിവു ദര്‍ബാറില്‍ ഒന്നര വര്‍ഷം മുമ്പ് തന്റെ ഉത്തര്‍പ്രദേശ് പര്യടനം പൂര്‍ത്തിയാക്കി വന്ന ശേഷമാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ  ഇത്തവണത്തെ പോരാട്ടം ബി.ജെ.പിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലാണെന്ന് ചൊല്ലിത്തന്നത്. അന്നുമുതലേ  മാധ്യമ പ്രവര്‍ത്തകരെല്ലാം അതേറ്റുചൊല്ലിത്തുടങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം മറികടക്കാന്‍ ആര്‍.എസ്.എസ് കേഡറുകളെ പോലെ ബി.എസ്.പിക്കാര്‍ മണ്ണിലിറങ്ങി പണിയെടുക്കുന്ന സമയമാണല്ലോ എന്ന് പലരും തിരിച്ചുചോദിച്ചുവെങ്കിലും അതൊന്നുമല്ലെന്ന അമിത് ഷായുടെ മറുപടിയോടെ എല്ലാം തീര്‍ന്നു. 

സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലൊരു സഖ്യസാധ്യത രൂപപ്പെടും മുമ്പായിരുന്നു അത്. മാധ്യമങ്ങളെന്നും പുറംതിരിഞ്ഞു നില്‍ക്കാറുള്ള മായാവതിയെയും ബി.എസ്.പിയെയും തെരഞ്ഞെടുപ്പ് ചിത്രത്തില്‍നിന്ന് പുറത്താക്കുക മാത്രമായിരുന്നില്ല അമിത് ഷായുടെ ഉദ്ദേശ്യം. ഭരണവിരുദ്ധ വികാരം നേരിടുന്ന അഖിലേഷ് യാദവ് സര്‍ക്കാറിനെ എളുപ്പത്തില്‍ മുട്ടുകുത്തിക്കാമെന്ന കണക്കുകൂട്ടലുമായിരുന്നില്ല. മറിച്ച് മായാവതി ആഗ്രഹിക്കുന്ന തരത്തില്‍ മുസ്‌ലിംവോട്ട് അവര്‍ക്ക് കിട്ടരുതെന്ന തന്ത്രമായിരുന്നു അമിത് ഷായുടേത്. 

എന്നാല്‍, വര്‍ഷമൊന്ന് കഴിഞ്ഞപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബകലഹത്തില്‍ ഭരണവിരുദ്ധ വികാരം മുങ്ങിപ്പോവുകയും തെരഞ്ഞെടുപ്പ് അടുത്തു വന്നപ്പോള്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും സഖ്യത്തിലാവുകയും ചെയ്തത് ബി.ജെ.പിയെ പരിഭ്രാന്തിയിലാക്കി. മുസ്‌ലിംവോട്ടുകള്‍ ഭൂരിഭാഗവും സഖ്യത്തില്‍ കേന്ദ്രീകരിക്കുമെന്ന് കണ്ടതോടെ തെരഞ്ഞെടുപ്പ് മുഹൂര്‍ത്തത്തില്‍ മാധ്യമങ്ങളെ വിളിച്ചുകൂട്ടി മത്സരം ബി.എസ്.പിയുമായിട്ടാണെന്ന് തിരിച്ചുപറഞ്ഞു. ആദ്യം മറിച്ചല്ലേ പറഞ്ഞതെന്ന് തിരിച്ചുചോദിക്കാതെ അമിത്ഷായുടെ വാക്കുകള്‍ അപ്പടി പകര്‍ത്താന്‍ നിയുക്തരായ മാധ്യമങ്ങള്‍ പിന്നീട് അതും ഏറ്റുപിടിച്ചു. മാധ്യമങ്ങളെ ഉപയോഗിച്ച് മുസ്‌ലിം വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ അമിത് ഷാ രണ്ട് വര്‍ഷമായി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ബൂത്ത് തലത്തിലിറക്കി മുസ്‌ലിംകള്‍ക്കും യാദവര്‍ക്കും ജാട്ടവര്‍ക്കുമെതിരെ, മറ്റു ജാതികളെ ചേര്‍ത്തുള്ള വിശാലമായ ഹിന്ദു ഐക്യമുന്നണി രൂപപ്പെടുത്താന്‍ പണിയെടുക്കുകയായിരുന്നു. 

നോട്ടുനിരോധനം കൊണ്ട് പ്രയാസമനുഭവിക്കുന്ന മനുഷ്യരെ ഫാക്ടറികളിലും കൃഷിയിടങ്ങളിലും പോയി കണ്ടവര്‍ പോലും വ്യവസ്ഥാപിതമായി ബി.ജെ.പി അടിത്തട്ടില്‍ നടത്തുന്ന വര്‍ഗീയ പ്രചാരണത്തെ തുറന്നുകാണിച്ചില്ല. ബി.ജെ.പി കൂടി ആഗ്രഹിച്ചതായിരുന്നു അത്. തെരഞ്ഞെടുപ്പിന് വിളയിക്കാന്‍ പാകത്തില്‍ തങ്ങള്‍ മണ്ണിലെറിഞ്ഞ വിഷവിത്തുകള്‍ മാധ്യമങ്ങള്‍ നോട്ടുനിരോധനത്തിന്റെ മണ്ണിട്ടുമൂടുന്നത് ബി.ജെ.പിയെ അത്യധികം സന്തോഷിപ്പിക്കുന്നതായിരുന്നു. നോട്ടുനിരോധനത്തിലുള്ള വിരോധം മോദിയോട് തീര്‍ത്തോളുമെന്ന് മുസ്‌ലിംകളും യാദവരും ജാട്ടവരും വിശ്വസിക്കുന്നതോടെ ബി.ജെ.പിക്കെതിരെ അവര്‍ക്കിടയില്‍ ഒരു ധ്രുവീകരണമുണ്ടാകില്ലെന്ന കണക്കുകൂട്ടലായിരുന്നു ഈ സന്തോഷത്തിന് കാരണം. മുസ്‌ലിംകളെയും യാദവുകളെയും ജാട്ടവുകളെയും പരമാവധി പ്രകോപിപ്പിക്കാതെ നിര്‍ത്തുകയും മറുഭാഗത്ത് തങ്ങള്‍ക്കനുകൂലമായ ജാതി ധ്രുവീകരണം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന തന്ത്രം പയറ്റാന്‍ ബി.ജെ.പിയെ ഏറ്റവുമധികം സഹായിച്ചത് മാധ്യമങ്ങളായിരുന്നു. ഈ മൂന്ന് കൂട്ടരുടെയും വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി തന്ത്രത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഉപന്യസിക്കുന്നവരൊന്നും അതിനു മുമ്പ് എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന് നാം ചിന്തിക്കണം. മുസ്‌ലിംകള്‍ക്കും യാദവര്‍ക്കും ജാട്ടവര്‍ക്കും വീണ്ടുവിചാരമുണ്ടാകരുതെന്ന് അമിത്ഷായെ പോലെ തന്നെ മാധ്യമങ്ങളും ആഗ്രഹിച്ചുകാണുമല്ലോ. 

മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ വര്‍ഗീയധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ നിശ്ശബ്ദമായി നടത്തിയ മോദിയും അമിത് ഷായും നാലാം ഘട്ടം കൂടി കഴിഞ്ഞതോടെ കസബും ഖബ്ര്‍സ്ഥാനുമായി അങ്ങേയറ്റം തരം താണ വര്‍ഗീയ പ്രസ്താവനകളുമായി വന്ന് സംഘര്‍ഷാത്മകമായ തെരഞ്ഞെടുപ്പ് അന്തരീക്ഷം സൃഷ്ടിച്ചു. ബി.ജെ.പി ആഗ്രഹിച്ച തരത്തില്‍തന്നെ മാധ്യങ്ങള്‍ ആ പ്രസ്താവനകള്‍ക്കും വലിയ വാര്‍ത്താപ്രാധാന്യം നല്‍കി ധ്രുവീകരണത്തിന് പരമാവധി ഓളമുണ്ടാക്കിക്കൊടുത്തു. എല്ലാവരുടെയും ഹൃദയത്തില്‍ പതിഞ്ഞ ഈ പ്രസ്താവനകള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമ്പോഴാണ് അഞ്ച് നിയമസഭകളുടെ ഫലം വരുന്നതും ഉത്തര്‍പ്രദേശിലും ഉത്തരഖണ്ഡിലും ബി.ജെ.പി വന്‍ വിജയം നേടുന്നതും മണിപ്പൂരില്‍ ഇതാദ്യമായി മുന്നേറ്റം നടത്തിയതും. 

 

ന്യൂനപക്ഷ വോട്ടുബാങ്ക് എന്ന മിഥ്യ

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പോടെ മുസ്‌ലിംകള്‍ ഒരു വോട്ടുബാങ്ക് അല്ലാതായെന്ന തരത്തിലുള്ള പ്രചാരണം ശക്തമായിട്ടുണ്ട്. എന്നാല്‍ എത്രയോ വര്‍ഷങ്ങളായി ഒരു സംഘടിത വോട്ടുബാങ്ക് എന്ന നിലയില്‍ ഏതെങ്കിലും പാര്‍ട്ടികളെ പിന്തുണക്കുന്ന രീതി  ഉത്തര്‍പ്രദേശ് മുസ്‌ലിംകള്‍ക്ക് ഉായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ആ അര്‍ഥത്തില്‍ ഉത്തര്‍പ്രദേശില്‍ ഒരു മുസ്‌ലിം വോട്ടുബാങ്കില്ല. സമാജ്‌വാദി പാര്‍ട്ടിയിലും ബി.എസ്.പിയിലും കോണ്‍ഗ്രസിലുമായി മൂന്നായി വീതം വെക്കപ്പെട്ട വോട്ടുകളാണ് യു.പി മുസ്‌ലിംകളുടേത്. മൂന്ന് കൂട്ടര്‍ പിടിക്കുന്നത് കഴിച്ചുള്ള ഒരോഹരി മുസ്‌ലിം വോട്ട് ഡോ. മുഹമ്മദ് അയ്യൂബിന്റെ പീസ് പാര്‍ട്ടിക്കും വേണം. ഇതിനു പുറമെ മുസ്‌ലിംകള്‍ക്കിടയില്‍ 'ജാതീയ' വടംവലികള്‍ നിലനില്‍ക്കുന്നുണ്ടുതാനും. ആഗ്രയിലും മീറത്തിലുമെല്ലാം എല്ലാ തവണത്തെയും പോലെ ഇത്തവണയും കണ്ടു അന്‍സാരികളും ഖുറൈശികളും തമ്മിലുള്ള വൈരം. ഖുറൈശി സ്ഥാനാര്‍ഥിയാണെങ്കില്‍ അന്‍സാരി തോല്‍പിക്കാനിറങ്ങും, മറിച്ചും. ഇത്രയും പാര്‍ട്ടികളിലും വിഭാഗങ്ങളിലുമായി ചിതറിക്കിടക്കുന്ന മുസ്‌ലിം വോട്ടുകള്‍ ഹിന്ദുക്കള്‍ക്കെതിരെ വരുന്നെന്ന് കാണിച്ച് പേടിപ്പിച്ചാണ് ഹിന്ദുവോട്ടുകളുടെ ഏകീകരണം ബി.ജെ.പി സാധ്യമാക്കുന്നതെന്നാണ് വലിയ തമാശ. ഇതിനൊക്കെ പുറമെയാണ് അസദുദ്ദീന്‍ ഉവൈസിയും ഒരു കൈ നോക്കാന്‍ ഉത്തര്‍പ്രദേശിലിറങ്ങിയത്. സാംഭാലില്‍ രണ്ടാം സ്ഥാനം നേടിയതൊഴിച്ചാല്‍ മത്സരിച്ച 36 മണ്ഡലങ്ങളില്‍ മറ്റൊരിടത്തും നിര്‍ണായക മുന്നേറ്റം നടത്താന്‍ ഉവൈസിക്ക് സാധിച്ചില്ല. രണ്ട് ലക്ഷം വോട്ടാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ലഭിച്ചത്. മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന് കിട്ടിയ വോട്ടുകള്‍ എത്ര മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിച്ചു എന്നതല്ല, ഉവൈസിയുടെ പ്രസംഗങ്ങളും പ്രചാരണങ്ങളും എത്ര മണ്ഡലങ്ങളില്‍ ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണതിന് വഴിയൊരുക്കി എന്നതാണ് മര്‍മം. ഉവൈസിയുടെ സ്ഥാനാര്‍ഥികള്‍ മത്സരിച്ച 36 സീറ്റുകളില്‍ 22-ലും ബി.ജെ.പിയാണ് ജയിച്ചത്. ജമാഅത്തെ ഇസ്‌ലാമി അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ഉവൈസിയെ കുറിച്ച് പറഞ്ഞതാണിവിടെ അറം പറ്റിയത്. ഇത്രയും ശിഥിലമായിക്കിടക്കുന്ന വോട്ടായിട്ടും ഓരോ തെരഞ്ഞെടുപ്പിലും മുസ്‌ലിംവോട്ടുബാങ്ക് എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ഭൂരിപക്ഷ വോട്ടുബാങ്ക് മാത്രം ലക്ഷ്യമിടുന്ന ബി.ജെ.പിയാണ്.  പോളിംഗ് ബൂത്തുകളില്‍ താടിയും തൊപ്പിയും വെച്ചവരുടെയും പര്‍ദ ധരിച്ചവരുടെയും നീണ്ട നിര രാവിലെ മുതല്‍ ചൊല്‍പടിയിലുള്ള ചാനലുകളെക്കൊണ്ട് നിരന്തരം കാണിക്കുന്നതും ഭൂരിപക്ഷ വോട്ടുകള്‍ പരമാവധി ബി.ജെപിക്ക് അനുകൂലമായി പോള്‍ ചെയ്യിക്കാനാണ്, അതെല്ലാം ഒരു ചിഹ്നത്തിലേക്കല്ല പോകുന്നതെന്നറിഞ്ഞിട്ടും. എങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മതേതര കക്ഷികളൊന്നടങ്കം ഈ പ്രചാരണമേറ്റെടുത്ത് അവരുടെ തോല്‍വിയുടെ പഴിയും മുസ്‌ലിംകള്‍ക്കു മേല്‍ വെച്ചുകെട്ടും. കാര്യമറിയാതെ സമുദായത്തിലുള്ളവര്‍ പാപഭാരം സ്വയമേറ്റെടുത്ത് മാപ്പുസാക്ഷികളാവുകയും ചെയ്യും. 

 

വര്‍ഗീയ പ്രചാരകര്‍ വികസന നായകര്‍

തെരഞ്ഞെടുപ്പു ഫലം വന്നുകൊണ്ടിരിക്കുമ്പോഴും അന്തരീക്ഷത്തില്‍ മൂടിക്കെട്ടിനിന്ന വര്‍ഗീയ വിഷധൂളികളെ  വിജയാഘോഷത്തിന്റെ പെരും മഴയില്‍ കഴുകിക്കളഞ്ഞ് വികസനത്തിന്റെ വിശുദ്ധ പശുക്കളാകാനായിരുന്നു അമിത് ഷായും മോദിയും പിന്നീട് നോക്കിയത്. കസബും ഖബ്ര്‍സ്ഥാനും ആഘോഷിച്ച അതേ മാധ്യമങ്ങള്‍ ഒരു നാണവുമില്ലാതെ അതുമേറ്റെടുത്തു. മോദിയുടെ വികസന ഗാഥകളില്‍ പുതിയ ഇന്ത്യ പിറക്കുകയാണെന്ന് തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് അവര്‍ വ്യാഖ്യാനം ചമച്ചു. അതും കടന്ന് മോദിയെ പാവപ്പെട്ടവരുടെ നായകനാക്കി പ്രതിഷ്ഠിക്കുന്നതാണ് പുതിയ വിശകലനങ്ങള്‍. ഇതേ മാധ്യമങ്ങളുടെ ഭാഷയില്‍ അഖിലേഷ് നടത്തിയ വികസനവും നല്‍കിയ സൗജന്യവും തിരിച്ചറിയാന്‍ ബോധമില്ലാത്തവരാണ് ഉത്തര്‍പ്രദേശിലെ ദരിദ്രവോട്ടര്‍മാര്‍. എന്നാല്‍ മോദി സൗജന്യമായി കൊടുത്ത ഗ്യാസ് സിലിണ്ടറില്‍ വീണ് വോട്ടുചെയ്‌തെന്ന് അവര്‍ എഴുതിപ്പിടിപ്പിച്ചു. നോട്ടുനിരോധനത്താല്‍ മാസങ്ങളായി പണിയില്ലാതെയും പണിയെടുത്താലും ശമ്പളമില്ലാതെയും നടക്കുന്നവര്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടപ്പോഴേക്കും മോദിവിരോധം മറന്നുപോയത്രെ. അവിടെയും നിന്നില്ല മാധ്യമങ്ങളുടെ വ്യാഖ്യാനക്കസര്‍ത്ത്. മുത്ത്വലാഖ് കൊണ്ട് പൊറുതിമുട്ടിയ ഉത്തര്‍പ്രദേശിലെ മുസ്‌ലിം വനിതകളൊന്നാകെ ബി.ജെ.പിക്ക് വോട്ടു ചെയ്തുവെന്നും ഇവരൊക്കെയും കാച്ചിവിട്ടു. മുത്ത്വലാഖ് പറിമരുന്നല്ല എന്നറിഞ്ഞതോടെ മോദിയുടെ ഗ്യാസ് സിലിണ്ടര്‍ മുസ്‌ലിംകള്‍ക്കും കിട്ടിക്കാണണമല്ലോ എന്നായി. ഗോവയിലും മണിപ്പൂരിലും ക്രിസ്ത്യാനികളായ വോട്ടര്‍മാരും ബി.ജെ.പിയെ തുണച്ചുവെന്ന കഥ കൂടിയായതോടെ നരേന്ദ്ര മോദി ഒരു പാന്‍ ഇന്ത്യന്‍ നേതാവായെന്ന് ചിദംബരം വരെ പ്രസ്താവന നടത്തിക്കളഞ്ഞു. 

രണ്ടു കൊല്ലം അമിത് ഷായും ആര്‍.എസ്.എസുമൊക്കെ അടിത്തട്ടിലെടുത്ത പണി കാണരുതെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നതും അമിത് ഷാ ആയിരിക്കണം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്താനാണിത്. അതുവരെ മോദിയുടെ വികസന ഗാഥകള്‍ അന്തരീക്ഷത്തില്‍ പാറിനടന്നാല്‍ ഇപ്പോള്‍ ചെയ്തതുപോലെ ധ്രുവീകരണത്തിനുള്ള പണി അടുത്ത രണ്ടു വര്‍ഷം നിശ്ശബ്ദമായെടുക്കാം. ഈ വിജയത്തിന്റെ ആരവങ്ങളടങ്ങുമ്പോള്‍ ബിഹാര്‍ മോഡല്‍ വിശാല സഖ്യം വന്നേക്കുമോ എന്ന നെഞ്ചിടിപ്പ് ഏറ്റവും കൂടുതലുണ്ടാവുക അമിത് ഷാക്കായിരിക്കും. ആശയക്കുഴപ്പം സൃഷ്ടിച്ച് അത് തടയാനായിരിക്കും അവരുടെ തന്ത്രം. അമിത് ഷാക്കും ബി.ജെ.പിക്കും ഇനിയുമിങ്ങനെ ഒരു ഭീതിയുണ്ടാകുമോ എന്ന് തിരിച്ചു ചോദിക്കുന്നവരുണ്ടെങ്കില്‍ അവര്‍ ഈ തെരഞ്ഞെടുപ്പു ഫലങ്ങളിലേക്കൊന്ന് നോക്കണം. 

അമിത് ഷായും ബി.ജെ.പിയുടെ മീഡിയാ മാനേജര്‍മാരും ഉരുവിട്ടുകൊടുക്കുന്നത് മാത്രം വാര്‍ത്തകളും അവലോകനങ്ങളുമായി വരുന്നതാണ് വര്‍ഗീയതയോട് വിരോധമുള്ള രാജ്യത്തെ വലിയൊരു വിഭാഗത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു ശേഷം നിരാശരാക്കുന്നത്. ആ നിരാശ പരമാവധി വളര്‍ത്തുകയെന്ന മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമാണ് ഗോവയിലും മണിപ്പൂരിലും ക്രിസ്ത്യാനികളും ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകളും വോട്ടു ചെയ്തുവെന്ന അവകാശവാദം. കണക്കുകളുമായി പൊരുത്തപ്പെടുന്നതല്ല ഈ പ്രചാരണവും. ഗോവയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ തോറ്റു കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ച ജനവിധിയാണുണ്ടായത്. ക്രിസ്ത്യന്‍ സമൂഹത്തിന് ബി.ജെ.പി ഭരണത്തോടുള്ള കടുത്ത എതിര്‍പ്പ് പ്രകടമാക്കിയ ഫലമാണിത്. പുറത്തുവന്ന ഫലത്തിന്റെ വിശ്വാസ്യത സംബന്ധിച്ച സംശയങ്ങള്‍ക്കിടയിലും മണിപ്പൂരിലാണ് ഹിന്ദുത്വത്തിന്റെ അപ്രതീക്ഷിതമായ വര്‍ധനവ് വോട്ടിംഗില്‍ കണാനുള്ളത്. അതാകട്ടെ ഹാട്രിക് ഭരണം തികച്ച കോണ്‍ഗ്രസിനോടുള്ള വിരുദ്ധവികാരം ഉപയോഗപ്പെടുത്താന്‍ ശക്തമായ പ്രാദേശിക ശക്തിയില്ലാത്തതിന്റെ ഫലമായിരുന്നു താനും. ക്രിസ്ത്യന്‍ വിഭാഗത്തിന് സ്വാധീനമുണ്ടെങ്കിലും ഗോവ പോലെയല്ല മണിപ്പൂര്‍. ഭൂരിപക്ഷം ഹിന്ദുക്കളുള്ള മണിപ്പൂരില്‍ വംശീയ സംഘര്‍ഷമാണ് രാഷ്ട്രീയം നിയന്ത്രിക്കുന്നത്. വംശീയ സംഘര്‍ഷത്തില്‍ ഒരു പക്ഷം ചേര്‍ന്നാണ് ബി.ജെ.പി മണിപ്പൂരില്‍ വേരിറക്കുന്നത്. ഉത്തര്‍പ്രദേശിലും ഉത്തരഖണ്ഡിലുമേറ്റ തോല്‍വിയുടെ ആഘാതത്തിലാണ്ട കോണ്‍ഗ്രസിന്റെ മെല്ലെപ്പോക്ക് മാത്രമാണ് മണിപ്പൂരിലെയും ഗോവയിലെയും ഭരണം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുത്തിയത്. കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കായിരുന്നു മണിപ്പൂരിന്റെ ചുമതലയെങ്കില്‍ കേരളത്തില്‍നിന്നു തന്നെയുള്ള കെ.സി വേണുഗോപാലിനെയാണ് ഗോവ ഏല്‍പിച്ചിരുന്നത്. ഫലം വന്ന ശേഷം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും പുതിയ സര്‍ക്കാറിനുള്ള നീക്കങ്ങള്‍ നടത്തുന്നതില്‍ കേരളത്തില്‍നിന്നുള്ള ഈ രണ്ട് നേതാക്കളും പരാജയപ്പെട്ടു. ചെറുപാര്‍ട്ടികളെ കോണ്‍ഗ്രസുമായി ഇണക്കുന്നതിനു പകരം പാര്‍ട്ടിക്കുള്ളിലെ മുഖ്യമന്ത്രി സ്ഥാനം തീര്‍പ്പാക്കാനാണ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് അടക്കമുള്ളവര്‍ അടിയന്തര ശ്രദ്ധ പതിപ്പിച്ചത്. ഫലമറിഞ്ഞതിന്റെ പിറ്റേന്നുതന്നെ പ്രതിരോധ മന്ത്രി പദം രാജിവെപ്പിച്ച് മനോഹര്‍ പരീക്കറെ ഗോവയിലിറക്കി ഭൂരിപക്ഷത്തിനുള്ള എം.എല്‍.എമാരെ ബി.ജെ.പി പിടിക്കുന്നത് നോക്കിനില്‍ക്കാനേ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളൂ. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ പിടിച്ചുമാറ്റി, എം.എല്‍.എമാരെ ചാക്കിട്ടു പിടിച്ച് മണിപ്പൂരിലും ഗോവയിലും ഭരണം പിടിച്ചതില്‍ ബി.ജെ.പിക്ക് അസ്‌ക്യതയൊട്ടുമില്ല. 'ദേവഭൂമി'യെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തരഖണ്ഡ് ഇത്തവണ ബി.ജെ.പിക്കാകുമെന്ന് ഏറക്കുറെ ഉറപ്പിച്ചതായിരുന്നു. എത്തിപ്പെട്ട പ്രതിസന്ധിക്കിടയിലും സ്വീകാര്യതയുള്ള ഒരു നേതാവിനെയിറക്കിയാല്‍ നഷ്ടപ്പെട്ട പല സംസ്ഥാനങ്ങളും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയാണ് പഞ്ചാബ് കോണ്‍ഗ്രസിന് നല്‍കുന്നത്. ക്യാപ്റ്റന്‍ അമരീന്ദറിനെ തിരിച്ചുവിളിച്ചതിലൂടെ ശക്തമായ പോരാട്ടം കാഴ്ചവെച്ച കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി ഭിന്നിപ്പിച്ച വോട്ടുകള്‍ മറികടന്നാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. 

 

ഫലം വിലയിരുത്തുന്നതിലെ പരിമിതി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ മായാവതിയും ലാലുപ്രസാദ് യാദവും അരവിന്ദ് കെജ്‌രിവാളും അജയ് മാക്കനുമെല്ലാം വോട്ടിംഗ് യന്ത്രത്തിനെതിരെ പരസ്യമായി രംഗത്തുവന്നതിന് കാരണം വിവിധ മണ്ഡലങ്ങളിലെ സംശയാസ്പദമായ വോട്ടിംഗ് പാറ്റേണാണ്. കിട്ടിയ വോട്ടുകള്‍ അടിസ്ഥാനമാക്കി ഫലവും വിലയിരുത്തി അങ്ങനെയങ്ങ് പൊടി തട്ടി പോകാന്‍ കഴിയുന്നതല്ല ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് മനസ്സിലാക്കാന്‍ ഉത്തര്‍പ്രദേശിലെ മൂന്ന് മണ്ഡലങ്ങളിലേക്കൊന്ന് നോക്കിയാല്‍ മതി. ബാബരി ധ്വംസനം അരങ്ങേറിയ അയോധ്യയാണ് അതിലൊന്നാമത്തേത്. രാജ്യത്ത് വളരെ കാര്യക്ഷമതയോടെയും കൃത്യതയോടെയും സുരക്ഷാ സംവിധാനങ്ങളോടെയുമാണ് തെരഞ്ഞെടുപ്പു പ്രക്രിയ എന്നാണ് വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറിയുണ്ടെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ മറുപടി. ആ കമീഷന്‍ ഓരോ ബൂത്തിലെയും ഏജന്റുമാരും യന്ത്രവും നല്‍കുന്ന കണക്കുകള്‍ രണ്ടാവൃത്തി നോക്കി പ്രഖ്യാപിച്ചതു പ്രകാരം അയോധ്യാ നിയമസഭാ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത് 1,90,033 വോട്ടാണ്. അതായത് 60 ശതമാനം. എന്നാല്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കിട്ടിയത് 2,17,488 വോട്ടും. കമീഷന്റെ പക്കലുള്ള കണക്കിനേക്കള്‍ 8.66 ശതമാനം അഥവാ 27,455 വോട്ടാണ് യന്ത്രത്തില്‍ കൂടുതല്‍. രുദൗലി മണ്ഡലത്തില്‍ കമീഷന്‍ പറഞ്ഞതിലും 18,463 വോട്ടാണ് എണ്ണിക്കഴിഞ്ഞപ്പോള്‍ കൂടിയത്. 

മുസ്‌ലിംകളും ജാട്ടവുകളും ചേര്‍ന്നാലും മുസ്‌ലിംകളും യാദവരും ചേര്‍ന്നാലും മഹാഭൂരിപക്ഷമാകുന്ന മണ്ഡലങ്ങളുടെ വോട്ടുകളുടെ എണ്ണത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് മറച്ചുവെക്കാന്‍ ബി.ജെ.പി നടത്തുന്ന കരണംമറിച്ചില്‍ കണ്ടാല്‍ അമ്പരന്നുപോകും. തങ്ങള്‍ ആര്‍ക്കെതിരെയാണോ ധ്രുവീകരണമുണ്ടാക്കിയത് ആ മൂന്നു കൂട്ടരും (മുസ്‌ലിംകളും യാദവുകളും ദലിതരും) അവരുടെ സ്വന്തം സമുദായത്തിലുള്ളവരെ പോലും അവഗണിച്ച് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തിട്ടുണ്ടെന്നാണ് ബി.ജെ.പി പറയുന്നത്. വര്‍ഗീയദാഹത്തില്‍നിന്നല്ല, വികസന ദാഹത്തില്‍നിന്നാണ് മോദിക്ക് ലഭിച്ച വോട്ടെന്ന് അതിന് വിശ്വസനീയമല്ലാത്ത ന്യായം പറയുകയും ചെയ്യുന്നു. ഓരോ മണ്ഡലത്തിലെയും ജാതി തിരിച്ചുള്ള വോട്ടുകള്‍ നോക്കുമ്പോള്‍ ബി.ജെ.പി നിരത്തുന്ന  മുസ്‌ലിം-യാദവ- ജാട്ടവവിരുദ്ധ വോട്ടുകളുടെ കണക്കല്ല ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ലഭ്യമായ വോട്ടുകണക്ക് അടിസ്ഥാനമാക്കി വേണം അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പു ഫലത്തെ വിലയിരുത്താന്‍. 

കണക്കുകള്‍ തന്നെ പരിശോധിക്കുക. മുസ്‌ലിംകളും യാദവരും ജാട്ടവരുമല്ലാത്ത വിശാലമായ ഐക്യമുന്നണിയുണ്ടാക്കിയപ്പോള്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബി.ജെ.പിക്ക് ഉത്തര്‍പ്രദേശില്‍ കിട്ടിയത് മൂന്നര കോടിയില്‍ താഴെ വോട്ടാണ്. അധികാരത്തിന്റെ തണലില്‍ ഇത്രയും കാടിളക്കി വര്‍ഗീയത പ്രചരിപ്പിച്ചിട്ടും ബൂത്തിലെത്തിയ വോട്ടര്‍മാരില്‍ 60 ശതമാനവും ബി.ജെ.പിക്കല്ല വോട്ടുചെയ്തിരിക്കുന്നത്. ഗോവയില്‍ 32.5 ശതമാനം നേടി വോട്ടുവിഹിതത്തില്‍ ബി.ജെ.പിയാണ് മുന്നില്‍. കോണ്‍ഗ്രസിന് ലഭിച്ചത് 28.4 ശതമാനം. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിക്ക് 11.3 ശതമാനം വോട്ടുണ്ട്. പഞ്ചാബില്‍ 38.5 ശതമാനം കോണ്‍ഗ്രസിനും 25.2 ശതമാനം ശിരോമണി അകാലിദളിനും 23.7 ശതമാനം ആം ആദ്മി പാര്‍ട്ടിക്കും വോട്ടുവിഹിതം ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് 5.4 ശതമാനമാണ്. ഉത്തരഖണ്ഡില്‍ 46.5 ശതമാനം ബി.ജെ.പിക്കും 33.5 ശതമാനം കോണ്‍ഗ്രസിനും ഏഴ് ശതമാനം ബി.എസ്.പിക്കും വോട്ടുവിഹിതം ലഭിച്ചു. മണിപ്പൂരില്‍ ബി.ജെ.പിക്ക് 36.3 ശതമാനവും കോണ്‍ഗ്രസിന് 35.1 ശതമാനവുമാണ്.  ഒരു സംസ്ഥാനത്തും പോള്‍ ചെയ്ത വോട്ടിന്റെ പകുതി പേരുടെ അംഗീകാരം ഹിന്ദുത്വ വര്‍ഗീയതക്ക് ലഭിച്ചിട്ടില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാകും. ഭൂരിഭാഗം പേരും ബി.ജെ.പിക്ക് വോട്ടുചെയ്തിട്ടില്ലെന്നിരിക്കെ ബിഹാറുകാരെ പോലെയല്ല ഉത്തര്‍പ്രദേശുകാര്‍ എന്നു പറഞ്ഞ് ചീത്ത വിളിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? ബിഹാറില്‍ ബി.ജെ.പിക്കൊപ്പം കഴിഞ്ഞിരുന്ന ജനതാദള്‍ യൂവിനെപോലെ അഖിലേഷും രാഹുലും വിളിച്ച സഖ്യത്തിലേക്ക് മായാവതി കൂടി വന്നിരുന്നുവെങ്കില്‍ ബിഹാര്‍ തന്നെയാകുമായിരുന്നു യു.പിയും. ജന്മമെടുത്തതുമുതല്‍ സഖ്യമില്ലാതെ മത്സരിക്കുമെന്ന പിടിവാശി ഉപേക്ഷിക്കാന്‍ മായാവതി തയറായാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് പ്രയാസകരമാകുമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (23 - 31)
എ.വൈ.ആര്‍