ശൈഖ് ഖയ്യാല്‍ ലോകത്തോളം നീണ്ട സഹായ ഹസ്തം
യു.എ.ഇയിലെ ഷാര്‍ജ ചാരിറ്റി ഹൗസ് സ്ഥാപകനും ചെയര്‍മാനുമായിരുന്ന ശൈഖ് മുഹമ്മദ് അബ്ദുല്ലാ അല്‍ ഖയ്യാല്‍ ഫെബ്രുവരി 22-ന് ലണ്ടനില്‍ നിര്യാതനായി. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോകപ്രശസ്തനായ വ്യക്തിത്വമായിരുന്നു ഖയ്യാല്‍. 1937-ല്‍ ഷാര്‍ജയില്‍ ജനിച്ച ഖയ്യാല്‍ വിദ്യാഭ്യാസം നേടാനാവാതെ ജീവിത പ്രാരാബ്ധങ്ങളുമായി വളരെ സാധാരണക്കാരനായി കഴിഞ്ഞുകൂടുകയും കഠിനാധ്വാനത്തിലൂടെ കച്ചവട രംഗത്തെത്തിപ്പെടുകയും പിന്നീട് യു.എ.ഇയിലെ ബിസിനസ് പ്രമുഖനായി മാറുകയുമായിരുന്നു.
തന്റെ കച്ചവടത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹം യു.എ.ഇക്ക് അകത്തും പുറത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നീക്കിവെച്ചു. ബംഗ്ലാദേശ്, യമന്‍, ഫിലിപ്പൈന്‍സ്, ആഫ്രിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി ലോകത്തെല്ലായിടത്തേക്കും അദ്ദേഹത്തിന്റെ സഹായഹസ്തം നീണ്ടു. പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ട ശേഷം അവയുടെ പ്രാധാന്യം അനുസരിച്ച് സഹായങ്ങള്‍ അനുവദിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തനിക്ക് വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ലെങ്കിലും, വിദ്യാഭ്യാസ പദ്ധതികള്‍ക്കാണ് ഖയ്യാല്‍ എന്നും മുന്‍ഗണന നല്‍കിയത്. ലോകത്തെങ്ങുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെയും അനാഥകളുടെയും അഗതികളുടെയും വിധവകളുടെയും പിതാവായിരുന്നു അക്ഷരാര്‍ഥത്തില്‍ മുഹമ്മദ് അബ്ദുല്ലാ അല്‍ ഖയ്യാല്‍. ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താനുല്‍ ഖാസിമി മുതല്‍ താഴെ തട്ടിലുള്ള സാധാരണക്കാര്‍ വരെ അദ്ദേഹത്തിന്റെ ജനാസയില്‍ പങ്കെടുത്തത് ആ വ്യക്തിത്വത്തോടുള്ള അവരുടെ അഗാധമായ ബന്ധത്തിന്റെ തെളിവാണ്. ഇന്ത്യക്കാരോട്, വിശിഷ്യാ മലയാളികളോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ജീവനക്കാരും മലയാളികളായിരുന്നു. തന്റെ ബിസിനസ് വളര്‍ച്ചയില്‍ അവര്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം നന്ദിപൂര്‍വം അനുസ്മരിക്കുകയും കേരളത്തില്‍ പലപ്പോഴും സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
സവിശേഷമായ വ്യക്തിത്വമായിരുന്നു ഖയ്യാലിന്റേത്. ഉദാരമതിയായിരുന്ന അദ്ദേഹം അതേയവസരം ഒാരോ പൈസയും ചെലവഴിച്ചിരുന്നത് വലിയ സൂക്ഷ്മതയോടെയാണ്. സ്വന്തം വിഷയങ്ങളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും പരമാവധി ചെലവു ചുരുക്കിയേ ഏതു കാര്യവും ചെയ്യുകയുള്ളൂ. താന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അതിന്റെ സംഘാടകര്‍ സാമ്പത്തികമായി പങ്കുവഹിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിലൂടെ തനിക്ക് കഴിയുന്ന പത്ത് പ്രോജക്റ്റുകള്‍ പതിനഞ്ചാക്കി ഉയര്‍ത്തുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. പുറത്ത് വളരെ കാര്‍ക്കശ്യം, എന്നാല്‍ മനസ്സ് വളരെ ലോലം. ദാരുണമായ കാഴ്ചകള്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല. സന്ദര്‍ശനങ്ങളില്‍ അത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ അദ്ദേഹം വല്ലാതെ അസ്വസ്ഥനാകും. ചിലപ്പോള്‍ നിശ്ശബ്ദമായി കരയുന്നതു കാണാം. മക്കളോട് വലിയ സ്‌നേഹമായിരുന്നു. എന്നാല്‍ അവരെക്കൊണ്ട് പരമാവധി പണിയെടുപ്പിക്കും. എല്ലാ കാര്യങ്ങളും വ്യവസ്ഥാപിതമായി ചെയ്യാന്‍ പഠിപ്പിക്കും. അലംഭാവങ്ങളുണ്ടായാല്‍ ക്ഷോഭിക്കും. പ്രായമായ മക്കളോടും ചെറിയ കുട്ടികളെപ്പോലെത്തന്നെയാണ് പെരുമാറുക. യു.എ.ഇയില്‍ ഉണ്ടെങ്കില്‍ എല്ലാ വെള്ളിയാഴ്ചയും ഉച്ചഭക്ഷണത്തിന് മക്കളും പേരമക്കളും തന്റെ കൂടെ ഉണ്ടാകണമെന്ന് നിര്‍ബന്ധമായിരുന്നു.
ആദ്യകാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്തമായി നടത്തിയിരുന്ന ഖയ്യാല്‍ 1996-ല്‍ ഷാര്‍ജ ഭരണാധികാരിയുമായി കൂടിയാലോചിച്ച് ഷാര്‍ജ ചാരിറ്റി ഹൗസ് എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിക്കുകയും പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുകയും ചെയ്തു. മരണം വരെ അദ്ദേഹം തന്നെയായിരുന്നു അതിന്റെ ചെയര്‍മാന്‍. മരണ ശേഷവും ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയും വിധം തന്റെ പ്രധാന കെട്ടിടങ്ങളില്‍ ചിലത് വഖ്ഫ് ചെയ്തുെവച്ചു എന്നതും അദ്ദേഹത്തിന്റെ മഹാ മനസ്‌കതക്ക് തെളിവാണ്.
സര്‍വശക്തനായ അല്ലാഹു ശൈഖ് ഖയ്യാലിന്റെ എല്ലാ സല്‍ക്കര്‍മങ്ങളും സ്വീകരിക്കുകയും വീഴ്ചകള്‍ പൊറുത്തു കൊടുക്കുകയും ചെയ്യുമാറാകട്ടെ.
Comments