Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 24

2994

1438 ജമാദുല്‍ ആഖിര്‍ 25

ശിശു പീഡനത്തിന്റെ സുവ്‌ശേഷവും ബ്രഹ്മചര്യത്തിന്റെ പാപഭാരവും

കെ.സി വര്‍ഗീസ്‌

'റാമയില്‍ ഒരു ശബ്ദം കേട്ടു കരച്ചിലും  വലിയ നിലവിളിയും തന്നെ. റാഹേല്‍ മക്കളെച്ചൊല്ലി കരഞ്ഞു അവര്‍ക്ക് ഇല്ലായ്കയില്‍ ആശ്വാസം കൈക്കൊള്‍വാന്‍ മനസ്സില്ലാതിരുന്നു'  എന്ന് യിരെമ്യാ പ്രവാചകന്‍ മുഖാന്തരം അരുളി ചെയ്ത് നിവൃത്തിയായി (ബൈബിള്‍: മത്തായി 2:17). 

യേശു ജനിച്ച കാലത്ത് അവിടെ ഭരണം നടത്തിയിരുന്ന ഹെരോദാവ് രണ്ടു വയസ്സും അതില്‍ താഴെയും പ്രായമുള്ള ആണ്‍കുട്ടികളെയൊക്കെയും ബത്‌ലഹേമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചതിന്റെ വിവരണമാണ് യിരെമ്യാ പ്രവാചകന്റെ ശീതം ഉദ്ധരിച്ചുകൊണ്ട് സുവിശേഷകാരനായ മത്തായി രേഖപ്പെടുത്തിയിരിക്കുന്നത്. ബത്‌ലഹേമിലെ കുഞ്ഞുങ്ങളെ ഹേരോദാവ് കൊല്ലിച്ചതിന്റെ പശ്ചാത്തലത്തില്‍ അവിടത്തെ അമ്മമാരുടെയും പെണ്‍കുട്ടികളുടെയും കരച്ചിലും നിലവിളിയും കേള്‍പ്പിച്ചുകൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. കേരളത്തിലെ അമ്മമാരുടെ കരച്ചിലും നിലവിളിയും അന്തരീക്ഷത്തില്‍ മുഴങ്ങുന്നതു കേട്ടുകൊണ്ടാണീ ലേഖനം എഴുതുന്നതും വായിക്കപ്പെടുന്നതും.

ഓരോ ശിശുവും ഈ ഭൂമിയിലേക്ക് വരുന്നത് ദൈവം മനുഷ്യനെക്കുറിച്ച് നിരാശനായിട്ടില്ലെന്ന സന്ദേശം നല്‍കിക്കൊാണെന്ന് ടാഗോര്‍ പറയുന്നു. ടാഗോറിന്റെ പിന്മുറക്കാരായ കവികള്‍ക്ക് പക്ഷേ, ഇത് തിരുത്തിപ്പറയേണ്ടിവന്നിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ ഭൂമിയിലേക്ക് വരുന്നതു മുതല്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ചൂഷണങ്ങളെയും പീഡനങ്ങളെയും സംബന്ധിച്ച ഭയം കൂടിക്കൂടി വരികയാണ്. ലൈംഗികബന്ധങ്ങള്‍, ഗര്‍ഭധാരണം, പ്രസവം എന്നിവയൊക്കെ പ്രകൃതി മനുഷ്യന് നല്‍കുന്ന വരദാനങ്ങളാണ്. ഇതൊക്കെ ഉത്തരവാദിത്തബോധത്തോടെ ചെയ്യുന്നു എന്നതാണ് മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. പക്ഷേ, ലൈംഗികതയുടെ കാര്യത്തില്‍ ഇന്ന് മനുഷ്യന്‍ വൈകൃതങ്ങളുടെയും ക്രൂരതകളുടെയും വഴിയിലാണ് സഞ്ചരിച്ചുകൊിരിക്കുന്നത്. മൃഗങ്ങള്‍ ലൈംഗിക വികാരങ്ങള്‍ക്കടിപ്പെട്ട് ക്രൂരത കാണിക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ മനുഷ്യര്‍ക്കിടയില്‍ ലൈംഗിക കുറ്റകൃത്യങ്ങളുടെ അളവ് ഭീതിജനകമാംവിധം പെരുകിക്കഴിഞ്ഞിരിക്കുന്നു.

പോയ ഒരു ദശകക്കാലത്ത് മലയാളി ഏറെ ചര്‍ച്ച ചെയ്തത് അവന്റെ അരക്കെട്ടിനു ചുറ്റും അറിയാതെ ആളിക്കത്തുന്ന തീയെക്കുറിച്ചാണെന്ന് തോന്നുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി മാധ്യമങ്ങളില്‍ കത്തിനില്‍ക്കുന്നതും ഈ വിഷയം തന്നെ. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ നമുക്ക് നമ്മുടെ വയറായിരുന്നു മുഖ്യവിഷയം. വിശപ്പിന്റെ വിളിയായിരുന്നു മുഖ്യ ശബ്ദം. പുരോഗമന സാഹിത്യകാരന്മാര്‍ ഇതേക്കുറിച്ച് നിരന്തരമായി എഴുതുന്നതും പ്രസംഗിക്കുന്നതും സഹിക്കാനാകാതെ സഞ്ജയന്‍ എന്ന ഹാസ്യസാഹിത്യപ്രതിഭ 'ഉത്തമാംഗം മനുഷ്യനു വയറെന്നു നിനച്ചവര്‍' എന്ന് കമ്യൂണിസ്റ്റുകാരെ കളിയാക്കുകയുായി. വയറിലും അരക്കെട്ടിലും മാത്രം കേന്ദ്രീകരിച്ചതു കാരണം മലയാളിയുടെ ചിന്ത ഒരിക്കലും അവന്റെ തലയ്ക്കുള്ളിലേക്ക് വ്യാപിക്കുന്നില്ലെന്നാണ് ഈ പരിഹാസോക്തി അര്‍ഥമാക്കിയത്. യഥാര്‍ഥത്തില്‍ ഏതു പ്രശ്‌നത്തിന്റെയും ആത്യന്തിക പരിഹാരം മനുഷ്യന്റെ തലക്കുള്ളില്‍നിന്നാണ് ഉരുത്തിരിഞ്ഞുവരേണ്ടത്. വന്നു വന്നു നമ്മുടെ തലകളാകെ ശൂന്യമായി എന്നു തോന്നുന്നു. കൃഷിയിറക്കാന്‍ കഴിയാത്ത നമ്മുടെ നെല്‍പ്പാടങ്ങള്‍ പോലെ മലയാളിയുടെ തലകളും വരണ്ടുണങ്ങി തുടങ്ങി. സോഷ്യല്‍ മീഡിയയിലെ ചുവരെഴുത്തുകള്‍ക്കോ മണിക്കൂറുകള്‍  ദീര്‍ഘിച്ച ചാനല്‍ ചര്‍ച്ചകള്‍ക്കോ മലയാളിയുടെ മസ്തിഷ്‌കത്തെ ഉഴുതുമറിക്കാനോ അവിടെ എന്തെങ്കിലും പുതിയ വിത്തുകള്‍ വിതയ്ക്കാനോ കഴിയുന്നില്ല എന്നതല്ലേ സത്യം? ജീര്‍ണതകള്‍ക്ക് പുരോഗമനത്തിന്റെയും ആദര്‍ശത്തിന്റെയും മുഖം നല്‍കുന്നേടത്തോളം പുതിയ ചര്‍ച്ചകള്‍ എത്തിക്കഴിഞ്ഞു. ജീര്‍ണതയെ ആദര്‍ശവത്കരിക്കുന്നത് രോഗാവസ്ഥയും ആരോഗ്യാവസ്ഥയും തമ്മിലുള്ള വ്യത്യാസം വേര്‍തിരിച്ചു ഗ്രഹിക്കാനാകാത്തതുപോലുള്ള ഒരു വൈതരണിയാണ്.

വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളോടൊപ്പം നഴ്‌സറി പ്രായം പിന്നിട്ട കുട്ടികള്‍ക്കു പോലും മനസ്സിലാകുന്ന വിധം ഒട്ടൊക്കെ ശാസ്ത്രീയവും അതിലേറെ അശാസ്ത്രീയവും ആയ തരത്തില്‍ ലൈംഗിക വിഷയങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ പൊതുസമൂഹം സന്നദ്ധരോ നിര്‍ബന്ധിതരോ ആയിരിക്കുന്നു. സ്‌കൂള്‍ പാഠ്യപദ്ധതിയിലെ ലൈംഗിക വിദ്യാഭ്യാസം പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാണെന്ന് ചിലര്‍ കരുതുന്നു. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും കുട്ടികളെയും മുതിര്‍ന്നവരെയും ഒരേ പോലെ 'മഞ്ഞ'യുടെ ലോകത്തേക്ക് ആനയിക്കുന്നു. അമര്‍ത്തിവെക്കുക, സ്വതന്ത്രമായി ആവിഷ്‌കരിക്കുക ഈ രണ്ടു ധ്രുവങ്ങളിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കപ്പെടുന്നത്. പാശ്ചാത്യ സമൂഹങ്ങളിലേതു പോലെ കുടുംബം തകര്‍ക്കുന്ന സ്വതന്ത്ര ലൈംഗികത അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളുടെ ഭ്രമമായി മാറിക്കൊിരിക്കുകയാണല്ലോ. നോവലുകളും കഥകളും സിനിമകളും ബുദ്ധിജീവികസര്‍ത്തുകളും ഒട്ടുമിക്കവാറും ഈ വഴിക്കാണ് നീങ്ങുന്നത്. ഫലമോ വേലിതന്നെ വിളവ് തിന്നുതുടങ്ങുന്നു. അഴിച്ചുവിട്ട ലൈംഗികത ഒരു രോഗം പോലെ പടര്‍ന്നുപിടിക്കുന്നു. സദാചാരവീഴ്ചക്കെതിരെ പുതുതലമുറയെ ബോധവത്കരിക്കാന്‍ ബാധ്യതപ്പെട്ട പുരോഹിതന്മാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍ ഇവരെല്ലാം തന്നെ ഒരു ഘട്ടം പിന്നിടുമ്പോള്‍ കുറ്റവാളികളെന്ന നിലയില്‍ പിടിക്കപ്പെടുന്നു. 'വണ്ടേ നീയും തുലയുന്നു, വിളക്കും കെടുത്തുന്നു' എന്ന അവസ്ഥ! ഇതിന്റെ അടയാളങ്ങളിലൊന്നാണ് ലൈംഗിക പീഡനകേസുകളില്‍ മതപുരോഹിതന്മാര്‍ തന്നെ പ്രതികളായ സംഭവങ്ങള്‍.

വിവാഹിത പൗരോഹിത്യവും ബൈബിളും

വിവാഹിത പൗരോഹിത്യത്തിന്റെ ഗുണദോഷങ്ങള്‍ ക്രൈസ്തവ സഭകള്‍ ഒറ്റക്കും കൂട്ടായും ഏറെക്കാലം ചര്‍ച്ച ചെയ്തതാണ്. ലോകത്തിലെ അനേകം ക്രൈസ്തവസഭകളില്‍ റോമന്‍ കത്തോലിക്കാ സഭയില്‍ മാത്രമാണ് പുരോഹിതന്മാര്‍ക്ക് അവിവാഹിതാവസ്ഥ നിര്‍ബന്ധമാക്കിയിരിക്കുന്നത്. കത്തോലിക്കാ സഭ മാത്രം എന്തിനു അവരുടെ പുരോഹിതന്മാരുടെ മേല്‍ ബ്രഹ്മചര്യത്തിന്റെ നുകം കെട്ടിവെക്കുന്നു? പുരോഹിതന്മാരുടെ വിവാഹജീവിതത്തിനെതിരായി പഴയ നിയമത്തിലോ പുതിയ നിയമത്തിലോ ഒരു പരാമര്‍ശവും ആര്‍ക്കും ചൂണ്ടിക്കാണിക്കാനാകില്ല. പഴയ നിയമകാലത്തെ പുരോഹിതന്മാരും പ്രവാചകരും എല്ലാം വിവാഹിതരായിരുന്നു, കുടുംബജീവിതം നയിച്ചിരുന്നു, മക്കളെ പോറ്റി വളര്‍ത്തിയിരുന്നു. പൗലോസ് അപ്പോസ്തലന്‍ അര്‍ഥശങ്കക്കിടയില്ലാതെ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: ''ഒരുവന്‍ അധ്യക്ഷ സ്ഥാനം കാംക്ഷിക്കുന്നു എങ്കില്‍ നല്ല വേല ആഗ്രഹിക്കുന്നു. എന്നാല്‍ അധ്യക്ഷന്‍ അപവാദം കേള്‍പ്പിക്കാത്തവനും  ഏക ഭാര്യയുടെ ഭര്‍ത്താവും വിനയമുള്ളവനും ജിതേന്ദ്രിയനും സദ്‌സ്വഭാവിയും അതിഥി സല്‍ക്കാരത്തില്‍ ഉത്സാഹിയും ഉപദേശിപ്പാന്‍ സമര്‍ഥനും ആയിരിക്കണം. ലഹരിപ്രിയനും ശണ്ഠക്കാരനുമായിരിക്കരുത്. ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹം ഇല്ലാത്തവനും മക്കളെ പൂര്‍ണ ഗൗരവത്തോടെ അനുസരണത്തില്‍ പാലിക്കുന്നവനും ആയിരിക്കേണം. സ്വന്തം കുടുംബത്തെ ഭരിക്കാന്‍ അറിയാത്തവര്‍ ദൈവത്തിന്റെ സഭയെ എങ്ങനെ പരിപാലിക്കും?'' (ബൈബിള്‍ 1. തീമോത്തി 3:1-5). പുരോഹിതന്മാരില്‍ എത്ര പേര്‍ക്ക് ഈവക ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വാസികള്‍ സ്വയം കണക്കെടുപ്പ് നടത്തുന്നത് നല്ലതായിരിക്കും.

കത്തോലിക്കാസഭയിലെ മാര്‍പ്പാപ്പമാരും മെത്രാന്മാരും പുരോഹിതന്മാരുമെല്ലാം 11-ാം നൂറ്റാണ്ടുവരെയും വിവാഹജീവിതം നയിച്ചിരുന്നു. പുരോഹിതന്മാരുടെയും പ്രഭുക്കന്മാരുടെയും ഇടയില്‍ വര്‍ധിച്ചുവരുന്ന  ധനാര്‍ജന ത്വരക്കും ലൈംഗിക അഴിഞ്ഞാട്ടത്തിനും ഒരു പരിഹാരം എന്ന നിലയില്‍ ക്രി. 1079-ല്‍ പോപ്പ് ബോണിഫസ് എട്ടാമന്‍ ബ്രഹ്മചര്യത്തെ മഹത്വവത്കരിക്കുകയും വൈദികര്‍ക്ക് വിവാഹ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. അതുമുതല്‍ ബ്രഹ്മചര്യം, സന്ന്യാസി ജീവിതം തുടങ്ങിയവയെക്കുറിച്ച് ബൈബിളിലോ പൂര്‍വിക പാരമ്പര്യങ്ങളിലോ കേട്ടുകേള്‍വി പോലും ഇല്ലാത്ത പല നൂതനാശയങ്ങളും ആഗോള കത്തോലിക്കാസഭയില്‍ നട്ടു നനച്ചു വളര്‍ത്തി തുടങ്ങി. ആ വിത്തുകള്‍ ഒന്നിനു പത്തും പത്തിന് നൂറും ആയി വിളഞ്ഞു. പിശാച് തന്നെ അതിന്റെ വിളവെടുപ്പും തുടങ്ങിയിരിക്കുന്നു. അതിനെ പ്രതിരോധിക്കാന്‍ മഹാനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് എത്രമാത്രം കഴിയും എന്നറിയാനാണ് ലോകം കാത്തിരിക്കുന്നത്. 

സന്യാസം, ബ്രഹ്മചര്യം എന്നതിനൊക്കെ കത്തോലിക്കാ വൈദികന്‍ മനസ്സിലാക്കിയിരിക്കുന്നതില്‍നിന്ന് എത്രയോ വ്യത്യസ്തമായ അര്‍ഥമാണുള്ളത്. പുരുഷന്മാര്‍ സ്ത്രീകളില്‍നിന്നും, സ്ത്രീകള്‍ പുരുഷന്മാരില്‍നിന്നും അകന്നുനില്‍ക്കുന്നതല്ല സന്യാസം. പൗരസ്ത്യ ക്രിസ്തുമത  പാരമ്പര്യങ്ങളിലെന്നതു പോലെ ഭാരതീയ പാരമ്പര്യങ്ങളിലും വിപുലമായ അര്‍ഥതലങ്ങളാണ് സന്യാസത്തിന് നല്‍കപ്പെട്ടിട്ടുള്ളത്.

അഗസ്റ്റിന്റെ മാതൃക

പാശ്ചാത്യ കത്തോലിക്കാ സഭ അതിന്റെ സന്യാസ സങ്കല്‍പങ്ങളുടെ സൈദ്ധാന്തികാചര്യനായി അംഗീകരിച്ചിരിക്കുന്നത് വിശുദ്ധ അഗസ്ത്യനെയാണ്. ജന്മം കൊണ്ട് ആഫ്രിക്കക്കാരനായിരുന്ന ഇദ്ദേഹത്തെ സഭാചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചിട്ടുള്ളത് ഇരുണ്ട ഭൂഖണ്ഡത്തില്‍നിന്ന് ഉയര്‍ന്നുവന്ന ദാര്‍ശനിക പര്‍വതം  എന്നായിരുന്നു. അഗസ്റ്റിന്‍ നാട്ടിയ കുറ്റിയിലാണ് പിന്നീടങ്ങോട്ടുള്ള എല്ലാ പാശ്ചാത്യ ദൈവാശാസ്ത്ര ചിന്തകളും ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നത്. ഗ്രീക്ക്-ലാറ്റിന്‍ ഭാഷകളില്‍ അവഗാഹ പാണ്ഡിത്യം സിദ്ധിച്ചിരുന്ന അഗസ്റ്റിന്‍ കാര്‍ത്തേജിലും മിലാനിലും റോമിലും ഉന്നത വിദ്യാപീഠങ്ങളില്‍ അധ്യാപകനായി പേരെടുത്തു. ക്രി. 385-ലാണ് അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചത്. ക്രി. 391-ല്‍ പുരോഹിതനായി, പിന്നീട് ഹിപ്പോയിലെ മെത്രാനായി. മധ്യയുഗം മുതല്‍ വിശുദ്ധനായി അറിയപ്പെട്ടുതുടങ്ങി. ക്രിസ്ത്യാനിയാകുന്നതിനു മുമ്പ് ഈ വിശുദ്ധന്‍ നയിച്ചിരുന്ന കുത്തഴിഞ്ഞ ജീവിതത്തിന്റെ വിശദാംശങ്ങള്‍ പല ചരിത്രകാരന്മാരും വിശദീകരിക്കുന്നുണ്ട്. മറ്റാരുടെയും സാക്ഷിപത്രം കൂടാതെ തന്നെ അദ്ദേഹം രചിച്ച 'കുറ്റസമ്മതം'  എന്ന ആത്മകഥ അത് വിവരിക്കുന്നുണ്ട്. മദ്യപാനം, ചൂതാട്ടം, പരസ്ത്രീ ബന്ധം എന്നു വേണ്ട മനുഷ്യമനസ്സിന് ആസ്വദിക്കാന്‍ കഴിയുന്ന എല്ലാ ഇഹലോക സുഖഭോഗങ്ങളും ആസ്വദിച്ചു മടുത്തപ്പോഴാണ് അദ്ദേഹം സന്യാസജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അദ്ദേഹം തന്നെയാണ് കത്തോലിക്കാ സഭയിലെ സന്യാസ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഇന്നും മാര്‍ഗദര്‍ശിയായിരിക്കുന്നത്. ചില വൈദിക സുഹൃത്തുക്കള്‍ സ്വകാര്യ സല്ലാപങ്ങളില്‍ പകുതി തമാശയും പകുതി കാര്യമായും പറയാറുണ്ട്: ''അഗസ്റ്റിന്‍ എല്ലാവിധ സുഖസൗകര്യങ്ങളും മതിവരുവോളം ആസ്വദിച്ച് മടുത്തിട്ട് സന്യാസ ജീവിതം സ്വീകരിച്ചു. നമ്മളോ അറിവുറയ്ക്കാത്ത പ്രായത്തിലെ ആവേശം മൂലം സന്യാസത്തിലേക്ക് വന്നു.'' അഗസ്റ്റിന്‍ അടിത്തറയിട്ട സന്യാസത്തിന്റെ ഭിത്തികളും മേല്‍ക്കൂരയും ഒക്കെ തയാറാക്കിയത് വി. ജറോം, വിശുദ്ധ അത്തനോഷ്യോസ്, വിശുദ്ധ കാസ്സിയാന്റെ, വിശുദ്ധ ബനിഡക്റ്റ്, വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി തുടങ്ങിയ പ്രഗത്ഭമതികളായിരുന്നു. ആഴമേറിയ ആത്മീയതയുടെയും ദാര്‍ശനിക ഉള്‍ക്കാഴ്ചകളുടെയും കരുത്ത് പ്രകടമാക്കിയവരായിരുന്നു. പക്ഷേ, പിന്നീടങ്ങോട്ട് പാശ്ചാത്യ സന്യാസസഭകള്‍ ജീര്‍ണതയുടെ പടുകുഴിയില്‍ പതിച്ചു എന്നുതന്നെ പറയാം. ഡൊമിനിക്കന്‍സ്, കര്‍മലൈറ്റ് തുടങ്ങി ജസ്യൂട്ടു വരെയുള്ള വിവിധ സന്യാസസഭകള്‍ യൂറോപ്പിലെ രാഷ്ട്രീയാധികാരികളെപ്പോലും കൈവെള്ളയിലിട്ട് അമ്മാനമാടി കൊളോണിയലിസത്തിന്റെ മുന്നണിപ്പടയാളികളായി വെള്ളക്കാരനു വേണ്ടി ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ചു. ഒരു കൈയില്‍ ബൈബിളും മറുകൈയില്‍ തോക്കുമായി വന്ന അവര്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും തദ്ദേശീയ സമൂഹങ്ങളെ മതപരിവര്‍ത്തനം ചെയ്യിച്ച് ക്രിസ്ത്യാനികളാക്കി.  ഒടുവില്‍ തദ്ദേശീയ ജനത തിരിച്ചറിയുന്നു; അവരുടെ ബൈബിള്‍ ഞങ്ങള്‍ക്കു കിട്ടി, പകരം ഞങ്ങളുടെ ഭൂമി അവര്‍ സ്വന്തമാക്കി.

കത്തോലിക്കാ സഭയിലെ തീവ്രവാദികള്‍

സന്യാസപ്രസ്ഥാനങ്ങള്‍ വളര്‍ന്നു വളര്‍ന്ന് ഒപ്പസ്‌ദേയി പോലുള്ള നിഗൂഢ സംഘങ്ങള്‍ വരെ റോമന്‍ കത്തോലിക്കാ സഭാ വിശ്വാസത്തിന്റെ കാവലാളുകളായി ലോകമാകെ വ്യാപിച്ചു. അടുത്തകാലത്ത് ഏറെ ചര്‍ച്ചാ വിഷയമായ ഡാന്‍ ബ്രൗണിന്റെ 'ഡാവിഞ്ചി കോഡ്' എന്ന നോവലും അതിന്റെ ചലച്ചിത്രാവിഷ്‌കാരവും വഴിയാണ് ഒപ്പസ്‌ദേയി ലോകമെങ്ങുമുള്ള സാധാരണ മനുഷ്യര്‍ക്കു കൂടുതല്‍ പരിചിതമായത്. ജോസ് മരിയ എസ്‌ക്രീവ എന്ന കത്തോലിക്കാ വൈദികന്‍ 1928-ലാണ് ഒപ്പസ്‌ദേയി സ്ഥാപിക്കുന്നത്. ഇതൊരു നിഗൂഢ സംഘമാണ്. ഇവരുടെ സംഘടനയില്‍ ഒരിക്കല്‍പെട്ടുപോയാല്‍ പിന്നീട് പുറത്തു കടക്കുക അപകടകരമായിരിക്കും. സംഘാംഗങ്ങള്‍ അവര്‍ക്ക് മാത്രം തിരിച്ചറിയാന്‍ കഴിയുന്ന കോഡുകള്‍ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്.  കത്തോലിക്കാ സഭയുടെ സമ്പൂര്‍ണ സുവിശേഷവത്കരണമാണ് അവര്‍ തങ്ങളുടെ ലക്ഷ്യമായി പറയുന്നത്. വൈദികര്‍ക്കു മാത്രമല്ല, അവൈദികര്‍ക്കും വിശുദ്ധ പദവി ലഭിക്കണമെന്നത് ഇവരുടെ ഒരാവശ്യമാണ്. ഈ പ്രസ്ഥാനത്തില്‍ അംഗമായി ചേരുന്നവര്‍ കത്തോലിക്കാ വിശ്വാസസംഹിതകള്‍ വരവണ്ണം തെറ്റിക്കാതെ പാലിച്ചുകൊള്ളാമെന്ന പ്രതിജ്ഞ എടുക്കേണ്ടതുണ്ട്. പോപ്പ് പോള്‍ ജോണ്‍ രണ്ടാമന്‍ ഈ പ്രസ്ഥാനത്തില്‍ അംഗമായിരുന്നു എന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു ഈ പ്രസ്ഥാനത്തിന് സാര്‍വത്രികമായ പ്രോത്സാഹനം ലഭിച്ചിരുന്നത്. പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ജോസ് മരിയ എസ്‌ക്രീവായെ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ 2002-ല്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്തി.   കത്തോലിക്കാസഭയുടെ വിശ്വാസാചാരങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് ആരു തന്നെ ആയാലും അവരെ ശത്രുവായി കരുതി നേരിടുക തന്നെ വേണം എന്നാണ് ഈ പ്രസ്ഥാനം ലക്ഷ്യമാക്കുന്നത്. പല മെത്രാന്മാരും എന്തിനു മാര്‍പ്പാപ്പമാര്‍ പോലും വിശ്വാസാചാരങ്ങളില്‍  അയവു വരുത്തി എന്നതിന്റെ പേരില്‍ കത്തോലിക്കാസഭയുടെ ഇത്തരം സ്വയം പ്രഖ്യാപിത പട്ടാളക്കാരാല്‍ ആക്രമിക്കപ്പെടുകയോ, ജീവഹാനി തന്നെ സംഭവിക്കുകയോ ചെയ്തതായി ആരോപണമുണ്ട്.

എതിര്‍ ലിംഗത്തില്‍ പെട്ടവരുമായുള്ള അടുപ്പം ഒഴിവാക്കപ്പെടേണ്ട തിന്മയായി ഇവര്‍ കരുതുന്നു. സ്ത്രീകളെ മൂലപാപത്തിന്റെ കാരണക്കാരികളെന്ന നിലയില്‍ അകറ്റിനിര്‍ത്തുകയും പ്രസ്ഥാനത്തിലെ അംഗത്വം നിഷേധിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ അരക്കെട്ടിനു താഴെയാണ് പിശാച് താവളമാക്കിയിരിക്കുന്നതെന്നും അതിനാല്‍ അരയില്‍ മുള്ള് പതിപ്പിച്ച് അരപ്പട്ട കെട്ടുക, സ്വയം ചാട്ടവാറടി ഏല്‍പ്പിച്ച് പിശാചിനെ അകറ്റിനിര്‍ത്തുക, സ്വന്തം ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പിക്കുക തുടങ്ങി മനശ്ശാസ്ത്രജ്ഞന്മാര്‍ മാസോക്കിസം (ആത്മപീഡാരതി) എന്ന് പറയുന്ന സര്‍വ വൈകൃതങ്ങളെയും മഹത്വവത്കരിക്കുകയും ചെയ്യുന്നു. ഭക്തി, ലളിത ജീവിതം, സൗമ്യമായ പെരുമാറ്റം, ഉപരിപ്ലവമായ പാണ്ഡിത്യം, ബാഹ്യമായ സന്മാര്‍ഗനിഷ്ഠ, അന്യരെ പ്രത്യേകിച്ച് അവശരും ആലംബഹീനരുമായവരെ സഹായിക്കാനുള്ള സന്നദ്ധത ഇങ്ങനെ ആരിലും പെട്ടെന്ന് മതിപ്പുളവാക്കുന്ന ക്രൈസ്തവ സന്യാസ വൈദികരുടെ ജീവിതശൈലി പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്നത് പലപ്പോഴും തെറ്റായ മാതൃകകളാണെന്ന് ഇതിനകം തെളിഞ്ഞിട്ടുള്ളതാണ്. പല സന്യസ്തവൈദികരും അവരുടെ അനുഭവത്തില്‍നിന്നുതന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇവര്‍ പുറമെയെങ്കിലും പ്രചരിപ്പിക്കുന്ന സ്ത്രീവിരുദ്ധത പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. സ്ത്രീയെ മാനിക്കുന്നു, ആദരിക്കുന്നു എന്നൊക്കെ പറയുമെങ്കിലും അവരുടെ കാഴ്ചപ്പാടില്‍ പുരുഷാധിപത്യവാഴ്ചക്കു കീഴ്‌പ്പെട്ടിരിക്കുന്ന സ്ത്രീയാണ് ഉത്തമ സ്ത്രീ. സ്വകാര്യ സ്വത്തിനെ തിരസ്‌കരിക്കുന്നു എന്നൊക്കെ ഭാവിക്കുമെങ്കിലും മിക്ക ആശ്രമങ്ങളും ഭീമമായ സ്വത്തുക്കളുടെ ഉടമസ്ഥരാണ്. ഇതില്‍ അളവറ്റ ഭൂസ്വത്തുക്കള്‍, ബാങ്കു നിക്ഷേപങ്ങള്‍, സ്വകാര്യ സ്വാശ്രയ വിദ്യാലയങ്ങള്‍ എല്ലാം പെടും. സ്വത്തുസമ്പാദിക്കുന്നതില്‍ ഇവര്‍ക്കിടയില്‍ ഒരു മത്സരം തന്നെ പ്രകടമാണ്. ചെറിയ പ്രായത്തില്‍ തന്നെ ഭക്തി ഒരു രോഗമായി ആവേശിച്ച സ്ത്രീകളും കുട്ടികളുമാണ് ഇവരിലേക്ക് മുഖ്യമായും ആകര്‍ഷിക്കപ്പെടുന്നത്.

ഇന്ന് പൊതുവെ സന്ന്യാസത്തിനുള്ള ദൈവവിളി പുരുഷന്മാരിലേതു പോലെ തന്നെ സ്ത്രീകളിലും കുറഞ്ഞു വരുന്നതിന്റെ കാരണം ദൈവം ഇവരുടെ ചെയ്തികളില്‍  മടുത്തതുകൊണ്ടുതന്നെ ആയിരിക്കണം. യൂറോപ്പിലെ മിക്ക സന്ന്യാസാശ്രമങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇടവക വൈദികരുടെ എണ്ണം കുറഞ്ഞുവരികയാണ്. ആശ്രമവാസികളായ സന്യസ്തവൈദികരാണ് ഇന്ന് ആ ഒഴിവു നികത്തുന്നത്. അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ അതിരൂക്ഷമായ ഇന്ത്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ നാടുകള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസം മാത്രം പൂര്‍ത്തിയാക്കിയ യുവതീയുവാക്കള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ കോവേന്തകളിലേക്കും  കോണ്‍വെന്റുകളിലേക്കും ആകര്‍ഷിക്കപ്പെടുന്നുണ്ട്  എന്നത് വസ്തുതയാണ്. അവരില്‍നിന്നും ഒരു സമര്‍പ്പിത ജീവിതം സഭ പ്രതീക്ഷിക്കുന്നുണ്ടെന്ന് പറയാന്‍ കഴിയില്ല. മറ്റേതൊരു ജോലിയും പോലെ സഭാപ്രവര്‍ത്തനത്തെയും ഒരു വരുമാന സ്രോതസ്സായി കണക്കാക്കുന്നവരുടെ എണ്ണം കേരളത്തിലും വര്‍ധിച്ചുവരുന്നതിന്റെ സൂചനയാണ് ഫാദര്‍ റോബിനില്‍നിന്നും തേരകത്തില്‍നിന്നും ഡോ. ബെറ്റി ജോസിനെ പോലുള്ള കന്യാസ്ത്രീകളില്‍നിന്നും നമുക്കിപ്പോള്‍  ലഭിച്ചുകൊണ്ടിരിക്കുന്നത്.

വത്തിക്കാനില്‍നിന്നുള്ള വാര്‍ത്തകള്‍

എന്തു കുറ്റം ചെയ്താലും വൈദികരും കന്യാസ്ത്രീകളും ശിക്ഷിക്കപ്പെട്ടുകൂടാ എന്ന ശാഠ്യം സഭാധികാരികളും  വിശ്വാസികളും ഉപേക്ഷിക്കുക തന്നെ വേണം. ഈ കാര്യത്തില്‍ എന്തുകൊണ്ടിവര്‍ക്കു കത്തോലിക്കാസഭയുടെ ന്യൂയോര്‍ക്ക് അതിരൂപതയെ മാതൃകയാക്കിക്കൂടാ? 2017 മാര്‍ച്ച് 3-ന്റെ ഹിന്ദു പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം വൈദികരാല്‍ പീഡിപ്പിക്കപ്പെട്ട, ഇരകളായ കുട്ടികള്‍ക്ക് കോടതി ഉത്തരവു പ്രകാരം നഷ്ടപരിഹാരം നല്‍കുന്നതിന് പത്തുകോടി ഡോളര്‍ സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുവഹകള്‍ ഈടുകൊടുത്തുകൊണ്ട് തവണകളായി അടച്ചുതീര്‍ക്കാവുന്ന വായ്പയെടുക്കാന്‍ ന്യൂയോര്‍ക്ക് ബാങ്കുകളെ സമീപിച്ചിരിക്കുകയാണ്. 19-ാം നൂറ്റാണ്ടു മുതല്‍ കത്തോലിക്കാസഭ സമ്പാദിച്ചുകൂട്ടിയ ഒട്ടേറെ സ്വത്തുക്കള്‍ ഒറ്റയൊറ്റയായി വിറ്റിട്ടാണ്  പല രൂപതകളും കോടതികള്‍ ഇരകള്‍ക്കു വിധിച്ച നഷ്ടപരിഹാരം കൊടുത്തുപോന്നിരുന്നത്. ഈ പോക്കു പോയാല്‍ ഇനി വില്‍ക്കാന്‍ ബാക്കിയൊന്നും ഉണ്ടാവുകയില്ലെന്ന ഭീതിയില്‍നിന്നാണ് ഇങ്ങനെ പ്രതിമാസ തവണകളായി അടച്ചുതീര്‍ക്കാവുന്ന ബാങ്കുവായ്പ എടുത്തുപോലും സ്വന്തം പുരോഹിതന്മാരുടെ പാപത്തിന് പ്രായശ്ചിത്തം ചെയ്തുകളയാമെന്നു രൂപത തീരുമാനിച്ചത്. നിര്‍ദിഷ്ട നഷ്ടപരിഹാരത്തുക കൃത്യമായി കൊടുത്തുതീര്‍ക്കുക മാത്രമല്ല കൂടുതല്‍ നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് മേല്‍കോടതിയില്‍ അപ്പീല്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോടതിച്ചെലവിനുള്ള പണം പോലും നല്‍കാന്‍ യൂറോപ്പിലെയും അമേരിക്കയിലെയും രൂപതാധികാരികള്‍ തയാറാകുന്നതായാണ് റിപ്പോര്‍ട്ട്. കോടതിക്കു പുറത്തു വെച്ച് ന്യായമായ ഒത്തുതീര്‍പ്പിന് സന്നദ്ധരാകുന്നവര്‍ക്കും അവരാവശ്യപ്പെടുന്ന ന്യായമായ നഷ്ടപരിഹാരത്തുക നല്‍കാന്‍ അതിരൂപതാ കേന്ദ്രങ്ങള്‍ തയാറാവുകയുണ്ടായി. പോയ ഒരു വര്‍ഷത്തിനുള്ളില്‍ ന്യൂയോര്‍ക്ക് അതിരൂപതയില്‍ മാത്രം 144 പരാതികളാണ് വൈദികര്‍ക്കെതിരെ ലഭിച്ചിരിക്കുന്നത്. ഇതില്‍ 44 പേര്‍ കോടതിവിധി പ്രകാരമുള്ള നഷ്ടപരിഹാരത്തുക രൂപതാധികാരികളില്‍നിന്നും സ്വീകരിച്ചുകഴിഞ്ഞു. മറ്റുള്ള 64 പേര്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ അതിരൂപതാധികാരികള്‍ക്കും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഈ മാതൃക പിന്തുടരാവുന്നതാണ്. മറ്റു പല കാര്യങ്ങള്‍ക്കും ധനസമാഹരണം നടത്തുന്ന കൂട്ടത്തില്‍ വൈദികര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി നടത്തുന്ന അതിക്രമങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഒരു സഞ്ചിതനിധി സ്വരൂപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചാലോചിക്കണം. സഭാധികാരികളുടെ മൂക്കുകയറിനാല്‍ മാത്രം നിയന്ത്രിക്കപ്പെടുന്ന  ഈ കാളക്കൂറ്റന്മാര്‍ എത്രകാലമാണ് അരമന വളപ്പുകളിലെ തവിടും പിണ്ണാക്കും മാത്രം ഭക്ഷിച്ച് ജീവിക്കുക? ഏതു ജീവിക്കും ഉള്ള പ്രാഥമിക മനുഷ്യാവകാശങ്ങള്‍ അറിവില്ലാത്ത പ്രായത്തില്‍ വൈദികന്റെ അല്ലെങ്കില്‍ കന്യാസ്ത്രീയുടെ കുപ്പായം ഇട്ടുപോയതുകൊണ്ട് മാത്രം നിഷേധിക്കുന്നതില്‍ അപാകതയില്ലേ? ഇഷ്ടമില്ലാത്തവര്‍ക്ക് ഊരിക്കളഞ്ഞിട്ടുപൊയ്ക്കൂടെ എന്നു ചോദിക്കാന്‍ എളുപ്പമാണ്. ഒരു പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ പുറത്തുവരുന്നവരുടെ പുനരധിവാസം നമ്മുടെ സമൂഹത്തില്‍ അത്രയൊന്നും എളുപ്പമല്ല. കത്തോലിക്കാ പുരോഹിതരിലും കന്യാസ്ത്രീകളിലും വിവാഹജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് അന്തസ്സായി അതു ചെയ്യാനും അവര്‍ ചെയ്തുപോന്നിരുന്ന സേവനരംഗങ്ങളില്‍ തുടരാനുമുള്ള സൗകര്യം സംജാതമാക്കുന്നത് സഭയില്‍ പരിവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിച്ചുകൊണ്ടിരിക്കുന്ന അഭിവന്ദ്യ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പരിഗണനയില്‍ ഇപ്പോള്‍ തന്നെയുണ്ടെന്നാണ് വത്തിക്കാനില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക തലത്തിലുള്ള ഇത്തരം നീക്കങ്ങളെ മാതൃകയാക്കുകയാണ് കുറ്റവാളികളായ പുരോഹിതന്മാരുടെയും ഇരകളുടെയും കാര്യത്തില്‍ കേരളത്തിലെ സഭാ നേതൃത്വം ചെയ്യേത്. പക്ഷേ, സമീപകാലത്ത് ഉയര്‍ന്നുവന്ന, പുരോഹിതന്മാര്‍ പ്രതികളായ കേസുകളില്‍ സഭയുടെ നിലപാട് എന്താണ്? പല കാരണങ്ങളാല്‍ തിരുവസ്ത്രം അഴിക്കാന്‍ തീരുമാനിച്ചവരോടും മറുചോദ്യങ്ങള്‍ ഉന്നയിച്ചവരോടുമുള്ള സമീപനമെന്താണ്?

കൊട്ടിയൂരിലെ കത്തോലിക്കാ വൈദികന്റെ മര്യാദയില്ലാത്ത പെരുമാറ്റ വൈകൃതത്തിന്റെ പേരില്‍ കത്തോലിക്കാ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ആകെ തലയില്‍ മുണ്ടിട്ടു നടക്കേണ്ടിവരുന്നതിലാണ്, ചിലര്‍ക്ക് സങ്കടം. കത്തോലിക്കാ സഭയെ നശിപ്പിക്കാന്‍ ചില മാധ്യമങ്ങള്‍ ആരില്‍നിന്നോ കരാറെടുത്തിരിക്കുന്നു എന്നുവരെ പറഞ്ഞുകളഞ്ഞു ഒരു സഭാവക്താവ്. ഇതൊക്കെ സഹിക്കാം. സണ്‍ഡേ ശാലോം എന്ന പ്രതിവാര പത്രം വൈദിക പീഡനത്തിനിരയായ കൊട്ടിയൂരിലെ 14 വയസ്സുകാരിക്ക് നല്‍കിയ ഉപദേശമാണ് അസഹനീയം: ''മോളേ, ആ വൈദികന്‍ നിന്റെ ദേഹത്തു സ്പര്‍ശിച്ചപ്പോള്‍ നീ എന്തേ അദ്ദേഹത്തിന്റെ കൈ തട്ടി മാറ്റിയില്ല, നിനക്ക് എതിര്‍ക്കാമായിരുന്നില്ലേ? ഇലമുള്ളേല്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലക്കാണ് മകളേ. അതുകൊണ്ട് ഇലകള്‍ ജാഗ്രത പാലിക്കുക. മുള്ളിനു യഥേഷ്ടം ഏത് ഇലമേലും ചെന്നുവീഴാം.'' ഇത്തരം ലോക തത്ത്വങ്ങളുരുവിട്ട് ലൈംഗിക പീഡനങ്ങളില്‍ പുരുഷന്റെ പക്ഷം ചേരുകയും സ്ത്രീകളെ അപലപിക്കുകയും ചെയ്യുന്ന പച്ചവെള്ളം ചവച്ചു കുടിക്കുന്ന കുറേ ശുദ്ധാത്മക്കള്‍ നമ്മുടെ നാട്ടിലുണ്ട്. നമുക്കവരെ അവരുടെ പാട്ടിനു വിടാം.

ഉപേക്ഷിക്കപ്പെടുന്ന ശിശുക്കളുടെ കണ്ണീരൊപ്പാനാണ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഗവണ്‍മെന്റ് മേല്‍നോട്ടത്തിലും ശിശുക്ഷേമസമിതിയുടെ ഉത്തരവാദിത്തത്തിലും ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വെളുക്കാന്‍ തേച്ചത് പാണ്ടാവുകയാണ്. ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ ശിശുപീഡന കേന്ദ്രങ്ങളാകുന്നു. അമ്മമാരുടെ മാനത്തിനാരും ഒരു വിലയും കല്‍പിക്കുന്നില്ല. പണവും സ്വാധീനവും ഉണ്ടെങ്കില്‍ പെണ്‍കുട്ടിയുടെ സ്വന്തം പിതാവിനെക്കൊണ്ട് പോലും സ്വന്തം മകളുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുപ്പിക്കാന്‍ കഴിയുമെന്നു വന്നിരിക്കുന്നു. അനാഥ ശിശുക്കളെ സംരക്ഷിക്കുക, ഒപ്പം അവരെ അനാഥരാക്കിയ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക ഇതൊക്കെയായിരുന്നു നമ്മള്‍ ശിശുക്ഷേമസമിതികളില്‍നിന്ന് പ്രതീക്ഷിച്ചിരുന്നതെങ്കില്‍ അവിടെ നടക്കുന്നത് അതൊന്നുമല്ലെന്നു തെളിഞ്ഞിരിക്കുന്നു. കണ്ണൂരിലെ കുട്ടിയെ വയനാട്ടിലേക്ക് മാറ്റുക, ആലപ്പുഴയിലെ കുട്ടിയെ കോഴിക്കോട്ടേക്ക് മാറ്റുക! യഥാര്‍ഥ പിതൃത്വം ഡി.എന്‍.എ ടെസ്റ്റുകള്‍ വഴി ഭാവിയില്‍ തെളിയിക്കപ്പെടാതിരിക്കാനല്ലേ ഇത്തരം തിരിമറികള്‍ ഒക്കെ നടത്തുന്നതെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു! എന്തിനാണീ ഒളിക്കലും ഒളിപ്പിക്കലും ഒളിച്ചോട്ടവുമൊക്കെ?  ഇപ്രാവശ്യം കാര്യങ്ങള്‍ കൈവിട്ടു, ഭരിക്കുന്നത് കോണ്‍ഗ്രസ്സല്ല. പോലീസിനെ സ്വാധീനിക്കാന്‍ പണ്ട് പ്രയോഗിച്ചിരുന്ന പിടിവള്ളികളൊക്കെ പ്രതിപക്ഷത്തായിപ്പോയി. കുറ്റവാളികളെ രക്ഷിക്കാന്‍ സഭ നിരന്തരമായി അവലംബിച്ചുപോന്നിരുന്ന അടവുകളൊന്നും ഫലിച്ചില്ല. കുഞ്ഞാടുകളുടെ കരച്ചില്‍ വെറും കരച്ചിലല്ല, ഗര്‍ജനം തന്നെയാണോ എന്ന സംശയം രൂപതാ കേന്ദ്രങ്ങളെ പിടിച്ചുലച്ചു. പത്രങ്ങളിലും ചാനലുകളിലുമൊക്കെ എന്നും ഏറാന്മൂളികളായിക്കഴിയുന്നവരുടെ കാലം കഴിഞ്ഞു. ഒരിടത്ത്, അല്ലെങ്കില്‍ മറ്റൊരിടത്ത് ആത്മാഭിമാനത്തോടെ ജോലി ചെയ്യാന്‍ മാത്രം പത്രങ്ങളുടെയും ചാനലുകളുടെയും എണ്ണം വര്‍ധിച്ചിരിക്കുന്നു എന്ന് ചെറുപ്പക്കാര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിനാല്‍ അരമനകളില്‍നിന്ന് പത്രം ഓഫീസുകളിലേക്കുള്ള ഫോണ്‍ വിളികള്‍ അവഗണിക്കപ്പെട്ടു. കഷ്ടിച്ച് സഭക്കു നാണം മറയ്ക്കാന്‍ ഒരേയൊരു പത്രം മാത്രം അവശേഷിച്ചു. ആ പത്രത്തെപ്പോലും കച്ചവടം ചെയ്യുകയായിരുന്നല്ലോ.

രൂപതാ കേന്ദ്രങ്ങളിലെ രൂപക്കൂടുകളില്‍ വണക്കത്തിന് വെച്ചിരിക്കുന്ന തിരുസ്വരൂപങ്ങളുടെ സ്ഥാനമാണ് രൂപതാ അധ്യക്ഷന്മാരായ പിതാക്കന്മാര്‍ക്ക്. അവര്‍ക്ക് വേണ്ടി കാര്യങ്ങളത്രയും നടത്തുന്നത് വിത്തുകാളകളെന്ന് മഹാനായ സാഹിത്യകാരന്‍ അന്തരിച്ച പൊന്‍കുന്നം വര്‍ക്കി വിശേഷിപ്പിച്ച ഒരുപറ്റമാണ്. ഇത്തരം കാര്യനിര്‍വാഹക വിദഗ്ധരില്‍ അച്ചന്മാര്‍ മാത്രമല്ല കന്യാസ്ത്രീകളും ഉള്‍പ്പെടും. രൂപതാ ഭരണക്കാര്‍ക്കു രാജ്യത്തും വിദേശത്തും വിപുലമായ സ്വാധീനമുണ്ട്. വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ കണ്ണുംനട്ടു കഴിയുന്ന ഇവിടത്തെ രാഷ്ട്രീയ കക്ഷികള്‍ക്കും ഇവര്‍ പ്രിയപ്പെട്ടവരാണ്. വോട്ടു വേണ്ടവര്‍ക്ക് വോട്ട്, ഫണ്ട് വേണ്ടവര്‍ക്ക് ഫണ്ട്. എല്ലാം ക്ഷിപ്രസാധ്യമായ സ്വര്‍ഗദൂതന്മാരാണിവര്‍. അതല്ലേ സ്വന്തം പാപഭാരം പാവപ്പെട്ട ഒരു കുട്ടിയുടെ പിതാവില്‍ തന്നെ കെട്ടിവെച്ച് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചത്. ഒരുപക്ഷേ കുറേ കഴിഞ്ഞാല്‍ ഈ പെണ്‍കുട്ടിയുടെ പിതാവ് തന്നെ രംഗത്തു വന്ന് ഫാദര്‍ റോബിനെ ന്യായീകരിച്ചെന്നും വരാം. കേരളമല്ലേ നാട്! അതും അതിലപ്പുറവും സംഭവിച്ചുകൂടായ്കയില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (23 - 31)
എ.വൈ.ആര്‍