Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 24

2994

1438 ജമാദുല്‍ ആഖിര്‍ 25

തിരിച്ചറിവുകള്‍ നല്‍േകണ്ട തിരിച്ചടികള്‍

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേടിയ വന്‍ വിജയത്തെക്കുറിച്ചാണ് എങ്ങും ചര്‍ച്ച. അത് സ്വാഭാവികവുമാണ്. ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ അടിയൊഴുക്കുകളാണ് ദേശീയ രാഷ്ട്രീയത്തെ എന്നും ഗണ്യമായി സ്വാധീനിച്ചിട്ടുള്ളത്. അട്ടിമറി ജയവും തോല്‍വിയുമൊക്കെ യു.പിയുടെ ചരിത്രത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അത് കേന്ദ്ര ഭരണത്തെ വീഴ്ത്തുകയോ ശക്തിപ്പെടുത്തുകയോ ഒക്കെ ചെയ്തിട്ടുമുണ്ട്. പക്ഷേ, അതൊന്നും ഇന്ത്യ എന്ന ആശയത്തെ തകര്‍ക്കുന്നതായിരുന്നില്ല. മാറ്റം ജനാധിപത്യപരമാണ് എന്നതിനാല്‍ ആ ആശയത്തെ ശക്തിപ്പെടുത്തുന്നതുമായിരുന്നു. എന്നാല്‍, ബി.ജെ.പി ഇപ്പോള്‍ നേടിയ വിജയം ഇന്ത്യ അഭിമാനം കൊള്ളുന്ന ജനാധിപത്യ-സെക്യുലര്‍ രാഷ്ട്ര ഘടനക്ക് തന്നെ ഭീഷണിയായിത്തീരുമെന്ന ആശങ്കയാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ഈ സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളില്‍ ബി.ജെ.പി നേടിയത് 325. എസ്.പി-കോണ്‍ഗ്രസ് കൂട്ടുകെട്ടിന് 28 ശതമാനം വോട്ട് ലഭിച്ചെങ്കിലും 54 സീറ്റുകളേ നേടാനൊത്തുള്ളൂ. ഏറ്റവും ദയനീയമാണ് ബി.എസ്.പിയുടെ നില. 23 ശതമാനം വോട്ടുകള്‍ നേടിയിട്ടും ആ പാര്‍ട്ടിക്ക് ലഭിച്ചത് 19 സീറ്റുകള്‍ മാത്രം. ഇന്ത്യയിലെ ഏറ്റവും വലിയ ഈ ദലിത് പാര്‍ട്ടിയുടെ രാഷ്ട്രീയ മരണം പ്രവചിക്കുന്നവരും ഏറെ.

യു.പി രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വളരെ പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടുന്ന ഒന്നാണ് മുസ്‌ലിം ഫാക്ടര്‍. ഈ തെരഞ്ഞെടുപ്പില്‍ അതിന് പതിവില്‍ കവിഞ്ഞ പ്രാധാന്യം ലഭിച്ചു; ന്യായമായ കാരണങ്ങളാല്‍ തന്നെ. 20 ശതമാനത്തോളം മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനത്ത്, മുസ്‌ലിംകള്‍ക്ക് ഗണ്യമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പോലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിച്ചുകയറിയതോടെ, രോഷത്തില്‍നിന്നും നിരാശയില്‍നിന്നും ഉടലെടുത്ത അതിവൈകാരിക പ്രതികരണങ്ങളാണ് ഉര്‍ദു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുകാണുന്നത്. പരസ്പരം പഴിചാരുന്നതും കുറ്റപ്പെടുത്തുന്നതുമാണ് അവയില്‍ പലതും. യു.പിയിലെ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി നിന്നില്ലെന്നും ചില മുസ്‌ലിം സംഘടനകള്‍ ബി.ജെ.പിയുടെ ഏജന്റുമാരായെന്നുമാണ് ഒരു കുറ്റപ്പെടുത്തല്‍. ബിഹാര്‍ മുസ്‌ലിംകള്‍ കാണിച്ച ഐക്യബോധം യു.പിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നെന്നും ചിലര്‍ എഴുതി. മറ്റു ചിലരിതിനെ മധ്യകാലത്തെ സ്‌പെയിന്‍ മുസ്‌ലിംകളുടെ ദുരന്തവുമായി കൂട്ടിവായിക്കുന്നു. അവരുടെ വീക്ഷണത്തില്‍ ഇത് ദൈവശിക്ഷയില്‍ കുറഞ്ഞ ഒന്നുമല്ല. സമുദായത്തിലെ വിവാഹധൂര്‍ത്തിന് ദൈവം നല്‍കിയ ശിക്ഷയാണെന്ന് വിലയിരുത്തുന്ന മൗലാനമാരുമുണ്ട്.

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈനി പറഞ്ഞതുപോലെ, ഇത്തരം അതിവൈകാരിക പ്രകടനങ്ങള്‍ക്കുള്ള സന്ദര്‍ഭമല്ല ഇത്. 2014-ല്‍ വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലേറിയപ്പോഴും ഇതുപോലുള്ള പ്രതികരണങ്ങളാണ് കാണാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം അനുസ്മരിക്കുന്നു. സാധാരണക്കാര്‍ മാത്രമല്ല, പണ്ഡിതന്മാരും നേതാക്കളും സമുദായ പത്രങ്ങളും വരെ വൈകാരികതകളുടെ പിന്നാലെയാണ്. ദക്ഷിണേന്ത്യയിലേക്കാളേറെ ഉത്തരേന്ത്യയിലാണ് ഈ സ്ഥിതിവിശേഷം കൂടുതലുള്ളത്. ഇത്തരം ഘട്ടങ്ങളില്‍ തിരിച്ചടികളുടെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തി സമുദായത്തിന് ദിശാബോധം നല്‍കുകയാണ് പണ്ഡിതന്മാരും നേതാക്കളുമൊക്കെ ചെയ്യേണ്ടത്. 'പടച്ചവനേ, കാര്യങ്ങള്‍ യഥാതഥമായി നീ എനിക്ക് കാണിച്ചുതരണമേ' (അല്ലാഹുമ്മ അരിനല്‍ അശ്‌യാഅ കമാ ഹിയ) എന്നൊരു പ്രാര്‍ഥന തന്നെയുണ്ടല്ലോ.

വിശകലനം വസ്തുനിഷ്ഠമാകുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ പലതും സത്യമല്ലെന്ന് ബോധ്യമാകും. ബിഹാറില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യമുണ്ടായി, യു.പിയില്‍ അതുണ്ടായില്ല എന്ന ആരോപണം ഉദാഹരണം. ബിഹാറില്‍ മുസ്‌ലിംകള്‍ക്കിടയിലെ ഐക്യമല്ല, സെക്യുലര്‍ പാര്‍ട്ടികളുടെ ഐക്യമാണ് ബി.ജെ.പിയുടെ പരാജയത്തിന് നിദാനമായി വര്‍ത്തിച്ചത്. യു.പിയില്‍ അതുണ്ടായില്ല എന്നതാണ് അവരുടെ വിജയത്തിന് കാരണവും. അതിനാല്‍ മുസ്‌ലിംകള്‍ ഈ പാപഭാരമെല്ലാം സ്വയം ചുമലിലേറ്റേണ്ടതില്ല. അതേസമയം യു.പിയിലെ പല മുസ്‌ലിം രാഷ്ട്രീയ കൂട്ടായ്മകളും സെക്യുലര്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി മത്സരംഗത്തു നിന്ന് പിന്‍വാങ്ങിയിട്ടിണ്ട്. വാശിപിടിച്ച് മത്സരിച്ചവരെ വോട്ട് നല്‍കാതെ സമുദായം തള്ളിക്കളഞ്ഞിട്ടുമുണ്ട്. എന്നിട്ടും മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാതെ ഏകോപനമുണ്ടാക്കാന്‍ ഏതെങ്കിലും സംഘടനയോ സംഘടനാ കൂട്ടായ്മകളോ രംഗത്തിറങ്ങിട്ടില്ലെന്നത് ആശ്ചര്യമുളവാക്കുന്നു. രംഗത്തിറങ്ങിയിരുന്നുവെങ്കില്‍ ഒരു സമ്മര്‍ദശക്തിയായി നിലകൊണ്ട് സെക്യുലര്‍ കക്ഷികളെയും ഒരുപക്ഷേ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുമായിരുന്നു.

വിശുദ്ധ ഖുര്‍ആന്‍, പ്രവാചകനും അനുയായികളും ജയിച്ച യുദ്ധങ്ങളെക്കുറിച്ചല്ല, തോറ്റ യുദ്ധങ്ങളെക്കുറിച്ചാവും കൂടുതല്‍ പറഞ്ഞിട്ടുണ്ടാവുക.  ഹുനൈന്‍ പ്രവാചകനും അനുയായികളും ജയിച്ച യുദ്ധമാണ്. പക്ഷേ, യുദ്ധത്തിന്റെ തുടക്കത്തില്‍ മുസ്‌ലിംകള്‍ക്കേറ്റ തിരിച്ചടിയുടെ കാരണങ്ങളെക്കുറിച്ച് മാത്രമാണ് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. പരാജയങ്ങളും തിരിച്ചടികളും ഏതൊരു സമൂഹത്തിന്റെ പ്രയാണപഥത്തിലും കടന്നുവരും. അവയുടെ കാരണങ്ങള്‍, ഖുര്‍ആന്‍ വ്യക്തമാക്കുന്നതുപോലെ, ബാഹ്യമെന്നതിനേക്കാളുപരി ആന്തരികമായിരിക്കും. ആ ആഭ്യന്തര കാരണങ്ങള്‍ കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ ആരായുക എന്നതാണ് ഏതൊരു സമൂഹത്തിന്റെയും പ്രാഥമിക ചുമതല. തിരിച്ചടികളെ വൈകാരികവത്കരിക്കുന്നത് ബുദ്ധിശൂന്യത മാത്രമല്ല; ആപത്കരവുമാണ്. ഈയൊരു തിരിച്ചറിവിന് സഹായകമാവുമെങ്കില്‍ തിരിച്ചടികള്‍ അനുഗ്രഹവുമായേക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (23 - 31)
എ.വൈ.ആര്‍