Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 24

2994

1438 ജമാദുല്‍ ആഖിര്‍ 25

നിര്‍ഭയത്വവും സുരക്ഷയും സര്‍വപ്രധാനം

ഡോ. മുഹമ്മദ് അലി അല്‍ഖൂലി

നിര്‍ഭയനായിരിക്കുക എന്നത്  ഏതൊരു മനുഷ്യന്റെയും പ്രാഥമികാവശ്യങ്ങളിലൊന്നാണ്.  മനശ്ശാസ്ത്രപരമായ ഒരു ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് സുരക്ഷാബോധം. വ്യക്തികള്‍ തമ്മില്‍ പരസ്പര പൊരുത്തവും താളക്രമവും ഉണ്ടാവാന്‍ സുരക്ഷാബോധം സഹായകമാണ്. മനുഷ്യാവശ്യങ്ങളെ നമുക്ക് പൊതുവെ രണ്ടായി തിരിക്കാം: ഭൗതികവും മാനസികവും.

വെള്ളം, ഭക്ഷണം, വസ്ത്രം തുടങ്ങിയവ ഭൗതികാവശ്യങ്ങളാണെങ്കില്‍ നിര്‍ഭയത്വം, സ്‌നേഹം തുടങ്ങിയവ മാനസികാവശ്യങ്ങളുടെ ഗണത്തിലാണുള്‍പ്പെടുക. ഭൗതികമായ നമ്മുടെ ഒരാവശ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അത് പൊതുവെ ശരീരത്തിനാണ് പ്രയാസം സൃഷ്ടിക്കുക. മാനസികമായ ആവശ്യം പൂര്‍ത്തീകരിച്ചില്ലെങ്കില്‍  അത്  മനസ്സിന്റെ താളം തെറ്റല്‍, അസന്തുഷ്ടി, നിരാശ, ഉല്‍കണ്ഠ എന്നിവയിലേക്കാണ് നയിക്കുക.

മാനസികവും ധാര്‍മികവും മൂല്യാധിഷ്ഠിതവുമായ വശങ്ങള്‍ക്കാണ് ഇസ്‌ലാം ഊന്നല്‍ നല്‍കുന്നത്. ആന്തരിക പൊരുത്തമാണ് മനുഷ്യന് ഏറെ അത്യന്താപേക്ഷിതമായിട്ടുള്ളതെന്നര്‍ഥം. സന്തോഷവാനായി ജീവിക്കാന്‍, ഒരുപക്ഷേ, ഭക്ഷണത്തേക്കാള്‍ നമുക്കത് ആവശ്യമാണ്. മനുഷ്യന്‍ എന്നാല്‍ ശരീരവും ആത്മാവും കൂടി ചേര്‍ന്നതാണല്ലോ. മനുഷ്യന്‍ കേവലം ശരീരമല്ലാത്തതുപോലെ കേവലം ആത്മാവുമല്ല. ഈ രണ്ട് ഘടകങ്ങളും ഉള്‍ച്ചേര്‍ന്ന ഒരു സത്തയാണ്. അതുകൊണ്ട് ഒരു മനുഷ്യന്‍ പൂര്‍ണനിര്‍ഭയനായിരിക്കാന്‍ ഈ രണ്ട് ഘടകങ്ങളെയും തൃപ്തിപ്പെടുത്തേണ്ടത് അനിവാര്യമായിത്തീരുന്നു. 

മരണം അന്ത്യമല്ല

മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് മരണത്തെയാണ്. എന്നാല്‍ മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മരണം ജീവിതത്തിലെ ഒരു ഘട്ടം മാത്രം.  മരണത്തിനു ശേഷം മറ്റൊരു ജീവിതമുണ്ട്. രണ്ട് ജീവിതങ്ങള്‍ക്കിടയിലെ പാലമാണ് മരണം എന്നു പറയാം. മരണം ഒരു വഴിത്തിരിവാണ്. അതൊരു അവസാന കേന്ദ്രമല്ല. മരണം മറ്റൊരു ജീവിതത്തിന്റെ ആരംഭമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം മനുഷ്യന് സുരക്ഷാബോധം നല്‍കുന്നുണ്ട്. മരണത്തോടെ ജീവിതം അവസാനിച്ചുവെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് സുരക്ഷാബോധം ഉണ്ടാവുക?

ഇനിയൊരു ജീവിതം കൂടി ഉറപ്പുവരുത്തുകയാണ് ഇസ്‌ലാം. മരണത്തിനു ശേഷം നാം പുതിയ പാന്ഥാവിലായിരിക്കും. ഈ വിശ്വാസം വ്യക്തിയെ സമാധാനചിത്തനാക്കുന്നു. ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം മരണം അവനെ ഭയപ്പെടുത്തേണ്ടതില്ല, ഭയപ്പെടുത്തുകയുമില്ല. കാരണം അതൊരു പരിവര്‍ത്തന ഘട്ടം മാത്രമാണെന്നും ജീവിതത്തിന്റെ അന്ത്യമല്ലെന്നും അവന്‍ ഉറച്ചുവിശ്വസിക്കുന്നു. 

ഒരാള്‍ വരാനിരിക്കുന്ന മറ്റൊരു ജീവിതത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍  അയാള്‍ മരണത്തെ സദാ ഭയപ്പെട്ടുകൊണ്ടേയിരിക്കും. സ്വാഭാവികമായും അയാള്‍ പണത്തിനും വികാരപൂര്‍ത്തീകരണത്തിനുമായി ഓടിക്കൊണ്ടിരിക്കും. കാരണം ഈ ജീവിതം മാത്രമാണവനുള്ളതെന്നും ഇത് തന്റെ അവസാന അവസരമാണെന്നും അവന്‍ ചിന്തിക്കുകയാണ്. ഈ സമ്മര്‍ദം അവന്റെ ആന്തരികമായ സന്തുലിതത്വവും സുരക്ഷാബോധവും നഷ്ടപ്പെടുത്തും. 

ഒരു മുസ്‌ലിം പാരത്രിക ജീവിതത്തില്‍ വിശ്വസിക്കുന്നു എന്നതാണ്, അവനെ സ്വയം സംതൃപ്തനും നിര്‍ഭയനുമാക്കുന്നത്. തന്റെ ജീവിതത്തിന് നൈരന്തര്യമുണ്ടെന്നത് അയാളില്‍ സുരക്ഷിത ബോധമുളവാക്കുന്നു. ഈ ജീവിതത്തിലെ അവന്റെ പ്രവര്‍ത്തനങ്ങളില്‍ അവന് സുരക്ഷിതത്വം അനുഭവപ്പെടുന്നു. കാരണം തന്റെ സല്‍പ്രവര്‍ത്തനങ്ങള്‍ക്ക്, തന്റെ സദ്‌സ്വഭാവത്തിന്, തന്റെ ത്യാഗങ്ങള്‍ക്ക് എല്ലാം തനിക്ക് പ്രതിഫലം ലഭിക്കുമെന്ന് അവന്‍ അറിയുന്നു. അല്ലാഹുവിന്റെ നീതിയിലും ജീവിതത്തിന്റെ നൈരന്തര്യത്തിലും അവന്‍ സമാധാനചിത്തനാണ്. ഈ ബോധം മനുഷ്യരില്‍നിന്ന് നിരാശ, അരക്ഷിത ബോധം, ഉത്കണ്ഠ തുടങ്ങിയ മനോവിഭ്രാന്തികളെ പിഴുതെറിയുകയും അവനെ കൂടുതല്‍ പ്രതീക്ഷയുള്ളവനും ആത്മവിശ്വാസമുള്ളവനും കര്‍മകുശലനുമാക്കി മാറ്റുകയും ചെയ്യുന്നു. 

അല്ലാഹുവിന്റെ കാരുണ്യം

അല്ലാഹു ഏറ്റവും കാരുണ്യവാനാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹുവിന്റെ കാരുണ്യം വിശ്വാസിയെ രണ്ട് വിധത്തില്‍ സ്വാധീനിക്കുന്നു. സ്വയം മാതൃക സൃഷ്ടിച്ചും മറ്റുള്ളവരോട് വിട്ടുവീഴ്ചാ മനോഭാവം പുലര്‍ത്തിയും. അല്ലാഹു കാരുണ്യവാനാണെങ്കില്‍ മനുഷ്യനും കാരുണ്യവാനായേ പറ്റൂ. സഹജീവികളോട്, ബന്ധുക്കളോട്, അടുത്തവരോട്, അകന്നവരോട്, അപരിചിതരോട്, രക്ഷിതാക്കളോട്, കുട്ടികളോട് എല്ലാ ജീവജാലങ്ങളോടും അവന്‍ കാരുണ്യവാനായിരിക്കണം.

ഈ കാരുണ്യഭാവങ്ങള്‍ മനുഷ്യന് സുരക്ഷാബോധം നല്‍കുന്ന മറ്റൊരു ഘടകമാണ്. കാരണം കാരുണ്യമെന്നു പറയുന്നത് നമ്മള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതും മറ്റുള്ളവര്‍ നമുക്ക് നല്‍കുന്നതുമാണ്. ഓരോരുത്തരും അവനവന്റെ മേഖലയില്‍ കാരുണ്യവാനായാല്‍, ആ കാരുണ്യം ഓരോരുത്തരും ആസ്വദിക്കുകയും തന്റെ ജീവന്‍, അഭിമാനം, അവകാശം, സമൃദ്ധി എന്നിവയെക്കുറിച്ചെല്ലാം നിര്‍ഭയത്വം അനുഭവിക്കുകയും ചെയ്യും. 

അല്ലാഹുവിന്റെ കാരുണ്യം മറ്റൊരു വഴിക്കാണ് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ പാപം ചെയ്തുകൊണ്ടേയിരിക്കുകയാണെങ്കില്‍ അയാള്‍ എന്നന്നേക്കുമായി അല്ലാഹുവിന്റെ കാരുണ്യത്തില്‍നിന്ന് അകന്നുപോകുന്നില്ല. മറിച്ച് പാപം ചെയ്തയാള്‍ ആത്മാര്‍ഥമായി പാശ്ചാത്തപിക്കുകയാണെങ്കില്‍ അല്ലാഹു മാപ്പുതരുന്നു. പാപം ചെയ്യുന്നവര്‍ക്ക് അല്ലാഹു മാപ്പിന്റെ കവാടം തുറന്നിട്ടിരിക്കുകയാണ്. ഇസ്‌ലാമിലെ കാരുണ്യത്തെക്കുറിച്ച ഈ ഫോര്‍മുല, മുസ്‌ലിംകളില്‍ അല്ലാഹുവിനെക്കുറിച്ച നിര്‍ഭയത്വം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. 

ഇസ്‌ലാം അല്ലാഹുവിന്റെ കാരുണ്യത്തിനും മനുഷ്യര്‍ പരസ്പരമുള്ള കാരുണ്യത്തിനും ഊന്നല്‍ നല്‍കിയിട്ടുണ്ട്. മുസ്‌ലിംകള്‍ ഭക്ഷണം കഴിക്കുമ്പോള്‍ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമം കൊണ്ടാണ് ആരംഭിക്കുന്നത്. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും അല്ലാഹുവിന്റെ കാരുണ്യം പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് ആരംഭിക്കുന്നത്. മുസ്‌ലിംകള്‍ നിത്യേന നിര്‍വഹിക്കുന്ന നമസ്‌കാരങ്ങളിലും അനേകം തവണ അല്ലാഹുവിന്റെ കാരുണ്യം ഓര്‍മിക്കപ്പെടുന്നു. 

അങ്ങനെ മുസ്‌ലിംകള്‍ ദിനേന നിരവധി തവണ കാരുണ്യത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ടേയിരിക്കുന്നു. ശാരീരികവും മാനസികവുമായ കാരുണ്യത്തിന്റെ ഒരു അന്തരീക്ഷത്തിലാണ് അവര്‍ സദാ ജീവിച്ചുകൊണ്ടിരിക്കുന്നത്. ദൈവം കാരുണ്യവാനാണ്, തന്റെ സഹോദരങ്ങള്‍ കാരുണ്യവന്മാരാണ് എന്ന കാഴ്ചപ്പാടിലേക്കാണ് ഇതെല്ലാം അവരെ നയിക്കുന്നത്. അല്ലാഹുവുമായും മനുഷ്യരുമായുമുള്ള ഒരു വ്യക്തിയുടെ ബന്ധം കാരുണ്യം കൊണ്ടാണ് നിയന്ത്രിക്കപ്പെടുന്നതെങ്കില്‍, അതവനില്‍ ഇന്നിനെയും നാളെയെയും കുറിച്ച വലിയ നിര്‍ഭയത്വമാണ് ഉണ്ടാക്കുന്നത്.

അല്ലാഹുവിലുള്ള വിശ്വാസം

ഒരു വിശ്വാസിക്ക് നിര്‍ഭയത്വവും സുരക്ഷാബോധവും നല്‍കുന്ന മറ്റൊരു ഘടകമാണ് അല്ലാഹുവിലുള്ള വിശ്വാസം. അല്ലാഹുവില്‍ ഒരാള്‍ക്ക് വിശ്വാസമില്ലെങ്കില്‍ എങ്ങനെയാണ് സുരക്ഷാബോധം ഉണ്ടാവുക? മാനസിക അസ്വസ്ഥത ഏറ്റവും കൂടുതല്‍ പ്രകടമായി കാണുന്നത് അവിശ്വാസികളിലാണെന്ന് പഠന ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്. ഒരു അവിശ്വാസിക്ക് എല്ലാറ്റിനെക്കുറിച്ചും സന്ദേഹവും സംശയവുമാണ്. ഒന്നിനെ കുറിച്ചും ഒരുറപ്പുമില്ല. അവന്റെ ആരംഭത്തെക്കുറിച്ചോ പര്യവസാനത്തെക്കുറിച്ചോ അവന്റെ ലക്ഷ്യത്തെക്കുറിച്ചോ യാതൊരു ഉറപ്പും അവനില്ല. തന്റെ മൂല്യങ്ങള്‍, ആശയങ്ങള്‍, ശരി, തെറ്റ്, നന്മ, തിന്മ-ഒന്നിനെക്കുറിച്ചും അവിശ്വാസിക്ക് ഒരു തീര്‍പ്പുമില്ല. ദൈവവിശ്വാസിയല്ലാത്തവര്‍ പൊതുവെ നാസ്തികന്‍, സന്ദേഹവാദി, അരാജകവാദി തുടങ്ങിയ ഗണത്തില്‍പ്പെട്ടവരായിരിക്കും.

മറിച്ച് ഒരു മുസ്‌ലിമിന് അവന്റെ ആരംഭത്തെക്കുറിച്ചും അന്ത്യത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. ഏതാണ് ശരി, ഏതാണ് തെറ്റ്, ഏതാണ് നല്ലത്, ഏതാണ് മ്ലേച്ചമായത് എന്നതിനെക്കുറിച്ചെല്ലാം അവന് വ്യക്തമായ ബോധ്യമുണ്ട്. തന്നെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും പ്രപഞ്ചത്തെ ക്കുറിച്ചും തന്റെ സാമൂഹിക ബന്ധങ്ങളെക്കുറിച്ചും അവകാശ-ബാധ്യതകളെക്കുറിച്ചുമെല്ലാം അവന് വ്യക്തമായറിയാം. തന്റെ മൂല്യങ്ങളെ കുറിച്ചും ആശയങ്ങളെ കുറിച്ചും വ്യക്തമായ ധാരണയും അവനുണ്ടായിരിക്കും. 

 

വിവ: ഇബ്‌റാഹീം ശംനാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (23 - 31)
എ.വൈ.ആര്‍