കേണല്‍ ഹഫ്തര്‍ എന്ന നിഗൂഢത
ലിബിയയിലെ എണ്ണ തുറമുഖമായ സൂയ്തീനയില്‍ കഴിഞ്ഞ ജനുവരിയില്‍ ഒരു റഷ്യന്‍ യുദ്ധവിമാന വാഹിനിക്കപ്പല്‍ നങ്കൂരമിടുന്നു. കപ്പലിലേക്ക് കയറിവരുന്നത് റിട്ടയേര്‍ഡ് കേണല്‍ ഖലീഫ ബല്‍ഖാസിം ഹഫ്തര്‍. ആധുനിക ലിബിയയില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള അട്ടിമറികള്‍ക്കും അട്ടിമറിശ്രമങ്ങള്‍ക്കും പിന്നിലുള്ള ബുദ്ധികേന്ദ്രങ്ങളിലൊന്ന്. മറ്റൊരു മുഅമ്മര്‍ ഖദ്ദാഫിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഇപ്പോഴും ലിബിയയിലെ പിന്നാമ്പുറ കളികള്‍ക്ക് പിന്നിലുള്ളത് കേണല്‍ ഹഫ്തര്‍ തന്നെ. അറബ് സ്വേഛാധിപതികള്‍ ഉള്‍പ്പെടെ എല്ലാവരുടെയും സ്വന്തക്കാരന്‍. അയാളെ ഉപയോഗിച്ചാണ് തല്‍പര കക്ഷികള്‍ ലിബിയയിലെ ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കുന്നത്. അയാളുടെ നീക്കങ്ങളെല്ലാം നിഗൂഢം. ആദ്യം പറഞ്ഞ സൂയ്തീന തുറമുഖത്ത് വെച്ച് ഹഫ്തര്‍ ഒരു റഷ്യന്‍ ഓഫീസറുമായി സംഭാഷണം നടത്തി ചില കടലാസുകളില്‍ ഒപ്പിടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാര്യം എന്താണെന്ന് ആര്‍ക്കും ഇന്നുവരെ പിടികിട്ടിയിട്ടില്ല. ഒരു ഊഹം ഇങ്ങനെയാണ്: 2008-ല്‍ അന്നത്തെ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫി സൂയ്തീനാ തുറമുഖത്ത് ഒരു റഷ്യന്‍ നാവിക ആസ്ഥാനം പണിയാന്‍ അനുവാദം കൊടുത്തിരുന്നു. ഖദ്ദാഫി പുറത്താക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതോടെ അത് നടന്നില്ല. ആ പ്രോജക്ട് പൂര്‍ത്തീകരിക്കാന്‍ ഹഫ്തറിന്റെ സഹായം തേടിയതാകാം റഷ്യ.
ഹഫ്തറിന്റെ പ്രവൃത്തികള്‍ മാത്രമല്ല, കുടുംബ പശ്ചാത്തലം വരെ ദുരൂഹമാണ്. 1943-ല്‍ ലിബിയയിലെ അജ്ദാസിയയിലാണ് ഹഫ്തറിന്റെ ജനനം. ഫുര്‍ജാന്‍ ഗോത്രത്തിന്റെ ഉപവിഭാഗമായ ബൂആഇശയില്‍ പെട്ടയാളാണ് എന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. പിന്നെ കേട്ടു, ഒരു തുനീഷ്യന്‍ ഗോത്രത്തില്‍പെടുന്ന ആളാണെന്ന്. ഹഫ്തറിന്റെ കുടുംബ വേരുകള്‍ ഖദാദിഫ(മുഅമ്മര്‍ ഖദ്ദാഫിയുടെ ഗോത്രം)യില്‍ ചെന്ന് ചേരുന്നു എന്ന് പറയുന്നവരും കുറവല്ല. ഹഫ്തര്‍ എന്ന പേരു പോലും വിചിത്രമാണ്. ആ പേരുള്ളവര്‍ ഈ മേഖലയില്‍ വളരെ അപൂര്‍വമാണത്രെ.
ത്വുബ്‌റുഖിലെയും ബന്‍ഗാസിയിലെയും സൈനിക കോളേജുകളില്‍ പഠിച്ച ഹഫ്തര്‍ തുടര്‍ പഠനങ്ങള്‍ക്കായി ഇറാഖിലേക്കും റഷ്യയിലേക്കും പോയി. പിന്നെ ലിബിയയിലേക്ക് തിരിച്ചുവരുന്നത്, 1969-ല്‍ മുഅമ്മര്‍ ഖദ്ദാഫി രാജഭരണത്തെ അട്ടിമറിച്ചപ്പോള്‍ അതില്‍ പങ്കുചേരാനാണ്. ഈ അട്ടിമറിയില്‍ വലിയ റോളൊന്നും ഹഫ്തറിന് ഇല്ലായിരുന്നുവെങ്കിലും, പിന്നെ ഹഫ്തര്‍ ഖദ്ദാഫിയുടെ അടുത്ത ആളായി. രാജ്യദ്രോഹ കുറ്റം ചുമത്തി നിരവധി നേതാക്കളെയും സൈനിക ഓഫീസര്‍മാരെയും രണ്ടു വര്‍ഷത്തിനകം ഖദ്ദാഫി വധിക്കുകയുണ്ടായി. ഈ 'ശുദ്ധീകരണ'ത്തിന് ചുക്കാന്‍ പിടിച്ചവരിലൊരാള്‍ ഹഫ്തറായിരുന്നു.
തൊള്ളായിരത്തി എണ്‍പതുകളുടെ ആദ്യം വരെ മറക്ക് പിന്നിലായിരുന്നു ഹഫ്തര്‍. ആ സമയത്താണ് ലിബിയ അയല്‍നാടായ ഛാഢുമായി യുദ്ധത്തിലേര്‍പ്പെടുന്നത്. ഹഫ്തറിന് കേണല്‍ പദവി നല്‍കി യുദ്ധത്തിന്റെ ചുമതല ഏല്‍പിക്കുകയാണ് ഖദ്ദാഫി ചെയ്തത്. 1987-ല്‍ ലിബിയന്‍ സൈന്യം പരാജയപ്പെടുകയും ഛാഢ് സൈന്യം ഹഫ്തറിനെ തടവുകാരനായി പിടിക്കുകയും ചെയ്തു. ഖദ്ദാഫിയുമായി വേര്‍പിരിയുന്നത് ഇവിടെ വെച്ചാണ്. 'ലിബിയയെ രക്ഷിക്കാന്‍' ഖദ്ദാഫിക്കെതിരെ നടന്ന അട്ടിമറിശ്രമങ്ങള്‍ക്കെല്ലാം പിന്നില്‍ ഹഫ്തര്‍ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ചാഢില്‍ തടവുകാരനായി കഴിയുമ്പോഴാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എയുമായി ലോഹ്യത്തിലാവുന്നത്. സി.ഐ.എ ഹഫ്തറിനെയും കൂടെയുള്ള ലിബിയന്‍ സൈനിക ഉദ്യോഗസ്ഥരെയും ആദ്യം നൈജീരിയയിലേക്കും പിന്നെ സയറിലേക്കും കടത്തി; പിന്നെ അമേരിക്കയിലെ വെര്‍ജീനിയയിലേക്കും. 2011-ല്‍ ഖദ്ദാഫിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോള്‍ വെര്‍ജീനിയയില്‍നിന്നാണ് ഹഫ്തറും സംഘവും അതില്‍ പങ്കെടുക്കാന്‍ ലിബിയയില്‍ എത്തിയത്.
'അഭിമാനം വീണ്ടെടുക്കാന്‍ ഭീകരതക്കെതിരെ', ഇത് 2014-ല്‍ ഹഫ്തര്‍ ലിബിയയില്‍ തുടങ്ങിവെച്ച ഒരു സൈനിക ഓപറേഷന്റെ പേരാണ്. ഐ.എസ് എന്ന ഭീകരസംഘം ലിബിയയിലേക്ക് കളം മാറിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണ്. ആരും കരുതിപ്പോകും ഇത്, ഐ.എസിന് എതിരായ നീക്കമാണെന്ന്. പക്ഷേ, നാലുപാടുനിന്നും വളയപ്പെടുമ്പോള്‍ ഐ.എസ് മിലീഷ്യകള്‍ക്ക് രക്ഷാമാര്‍ഗം ഒരുക്കിക്കൊടുക്കുകയാണ് ഹഫ്തര്‍ ചെയ്തത്! 2016-ലെ ദര്‍ന സംഭവം ഉദാഹരണം. സഖ്യസേന ദര്‍നയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ നിരന്തരം ബോംബ് വര്‍ഷിച്ചു. ഈ ഓപറേഷനില്‍നിന്ന് ഹഫ്തറിന്റെ സൈനികര്‍ മാറിനില്‍ക്കുകയായിരുന്നു. ഒരിക്കല്‍ പോലും അവര്‍ ഐ.എസുമായി ഏറ്റുമുട്ടുകയുണ്ടായില്ല. ഗത്യന്തരമില്ലാതെ ഐ.എസ് ഭീകരര്‍ ദര്‍നയുടെ കിഴക്കുള്ള ഫതാഇഹ് മലനിരകളിലേക്ക് പിന്‍വാങ്ങി. ഹഫ്തറിന്റെ സൈന്യം തമ്പടിച്ചിരിക്കുന്ന ഉമ്മു റസമില്‍നിന്നും ഉമ്മു ഹഫീനില്‍നിന്നും ഇവിടേക്ക് ഏതാനും കിലോമീറ്ററുകളുടെ ദൂരമേയുള്ളൂ. ഐ.എസിന്റെ അവസാനത്തെയാളും രക്ഷപ്പെടുന്നതുവരെ ഹഫ്തര്‍ സൈന്യം അനങ്ങിയതേയില്ല. ഐ.എസുകാരെ രക്ഷപ്പെടാന്‍ സഹായിച്ച ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ ലിബിയന്‍ വ്യോമസേനയില്‍ കേണലായിരുന്ന ആദില്‍ അബ്ദുല്‍ കാഫി മാധ്യമങ്ങളോട് തുറന്നു പറഞ്ഞിട്ടുണ്ട്. അമേരിക്ക, റഷ്യ, ഐ.എസ്- ഈ മൂന്ന് വിരുദ്ധ ശക്തികളുമായി ഒരേസമയം ഹഫ്തര്‍ നിലനിര്‍ത്തുന്ന അടുപ്പത്തെ നാം എങ്ങനെയാണ് വ്യാഖ്യാനിക്കുക?
കയ്‌റോയിലും വെര്‍ജീനിയയിലും കുടുംബാംഗങ്ങള്‍ക്ക് വേണ്ടി കൊട്ടാരസമാനമായ വീടുകള്‍ പണിതുകൊടുത്തിട്ടുണ്ട് ഈ കേണല്‍. അയാളുടെ രണ്ടാമത്തെ മകന്‍ സദ്ദാം ഇപ്പോള്‍ തന്നെ ലിബിയയില്‍ വേണ്ടതിലധികം കുഴപ്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അനന്തരാവകാശിയാണത്രെ. വിവിധ ശക്തികള്‍ ലിബിയയില്‍ ബലപരീക്ഷണം നടത്തുന്നത് ഹഫ്തറിനെ മുന്നില്‍ നിര്‍ത്തിയാണ് എന്നതിനാല്‍ ഇയാളുടെ നീക്കങ്ങള്‍ വളരെ കരുതലോടെ നിരീക്ഷിക്കേണ്ടതുണ്ട്, ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി പൊരുതുന്ന ലിബിയന്‍ പ്രതിപക്ഷ സഖ്യം.
പ്രചാരണ റാലികളെച്ചൊല്ലി തര്‍ക്കം മുറുകുന്നു
ഡച്ച്-തുര്‍ക്കി ഭരണകൂടങ്ങള്‍ തമ്മിലുള്ള വാക്‌പോര് തുടരുകയാണ്, ഇതെഴുതുമ്പോഴും. ഫ്രാന്‍സ് ഇടപെട്ട് ഇരുകൂട്ടരെയും സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല. തുര്‍ക്കിയില്‍ വരുന്ന ഏപ്രില്‍ 16-ന് നടക്കാനിരിക്കുന്ന വളരെ സുപ്രധാനമായ ജനഹിത പരിശോധനയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം തുടങ്ങിയത്. രാജ്യത്ത് നിലനില്‍ക്കുന്ന പാര്‍ലമെന്ററി സമ്പ്രദായം മാറ്റി പ്രസിഡന്‍ഷ്യല്‍ ഭരണരീതി കൊണ്ടുവരണോ എന്ന വിഷയത്തിലാണ് ജനഹിതം പരിശോധിക്കുന്നത്. ഭരണകക്ഷിയായ അക് പാര്‍ട്ടിയും പ്രതിപക്ഷത്തുള്ള നാഷ്‌നലിസ്റ്റ് പാര്‍ട്ടിയും പ്രസിഡന്‍ഷ്യല്‍ രീതിയെ അനുകൂലിക്കുമ്പോള്‍, പീപ്പ്ള്‍സ് പാര്‍ട്ടിയും കുര്‍ദ് അനുകൂല പാര്‍ട്ടികളും ആ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്. ജനഹിതം തങ്ങള്‍ക്ക് അനുകൂലമായിത്തീരാന്‍ ഇരു വിഭാഗങ്ങളും രംഗത്തിറങ്ങിക്കഴിഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി തുര്‍ക്കി വംശജര്‍ ധാരാളമുള്ള യൂറോപ്യന്‍ നാടുകളിലും അതിന്റെ അനുരണനങ്ങളുണ്ടാവുക സ്വാഭാവികം. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ തുര്‍ക്കി വംശജരുള്ളത് ഒരുപക്ഷേ ജര്‍മനിയിലായിരിക്കും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവിടെ നിന്ന് തുടങ്ങാമെന്ന് അക് പാര്‍ട്ടി തീരുമാനിച്ചുറച്ചിരിക്കെയാണ്, പ്രസിഡന്‍ഷ്യല്‍ രീതിക്ക് അനുകൂലമായ റാലികളോ പ്രകടനങ്ങളോ ജര്‍മനിയില്‍ നടത്താന്‍ സമ്മതിക്കില്ലെന്ന് ഭരണകൂടം ഉത്തരവിറക്കുന്നത്. ഇത് തുര്‍ക്കി-ജര്‍മനി ബന്ധം മോശമാകാനിടയാക്കി. ജര്‍മനിയില്‍ ഇപ്പോഴും നാസിസത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തുറന്നടിക്കുകയും ചെയ്തു.
നെതര്‍ലന്റ്‌സില്‍ പ്രശ്‌നം കുറേക്കൂടി രൂക്ഷമായി. ഇതേ ആവശ്യാര്‍ഥം നെതര്‍ലന്റ്‌സ് സന്ദര്‍ശിക്കാനിരുന്ന തുര്‍ക്കി വിദേശകാര്യമന്ത്രി മെവുല്‍ത് കവുസോഗ്‌ലുവിനെ, റാലി നടത്താന്‍ തീരുമാനിച്ചിരുന്ന ഡച്ച് നഗരമായ റൊട്ടര്‍ഡമില്‍ വിമാനമിറങ്ങാന്‍ സമ്മതിക്കില്ലെന്ന് ഡച്ച് അധികൃതര്‍ പ്രഖ്യാപിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് വിമാനം മുടക്കിയത്. റാലി മുടക്കുന്നത് നാസിസത്തിന്റെ രീതിയാണെന്ന് പ്രതികരിച്ച തുര്‍ക്കി, വ്യാപാര ഉപരോധമടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഇതേ സമയത്താണ് തുര്‍ക്കിയുടെ കുടുംബ-സാമൂഹിക ക്ഷേമ മന്ത്രി ഫാത്വിമ ബെതുല്‍ സയാന്‍ ഖായ റൊട്ടര്‍ഡമില്‍ എത്തുന്നത്. അവിടത്തെ തുര്‍ക്കി കോണ്‍സുലേറ്റ് സന്ദര്‍ശിക്കുകയും തുര്‍ക്കി വംശജരെ അഭിസംബോധന ചെയ്യുകയുമായിരുന്നു ലക്ഷ്യം. ഡച്ച് പോലീസ് അവരെ തടഞ്ഞുവെന്ന് മാത്രമല്ല, ജര്‍മനിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ജര്‍മനിയില്‍നിന്നാണ് ഫാത്വിമ നെതര്‍ലന്റില്‍ എത്തിയത്. ഇസ്തംബൂളില്‍ തിരിച്ചെത്തിയ അവര്‍, തന്നെ അപമാനിക്കുന്ന വിധത്തിലാണ് ഡച്ച് അധികൃതര്‍ പെരുമാറിയതെന്ന് രോഷം കൊണ്ടു. മന്ത്രിയെ തിരിച്ചയച്ചതിനെ ചൊല്ലി ഡച്ച് പോലീസും ആയിരത്തോളം തുര്‍ക്കി വംശജരും കോണ്‍സുലേറ്റ് പരിസരത്ത് ഏറ്റുമുട്ടിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പലതരം വിശകലനങ്ങള്‍ വരുന്നുണ്ട്. ഇസ്‌ലാമോഫോബിയയും വെള്ള വംശീയതയുമാണ് റാലി തടയാന്‍ ജര്‍മന്‍-ഡച്ച് ഭരണകൂടങ്ങള്‍ക്ക് പ്രേരണയായതെന്ന് അവരിലൊരു വിഭാഗം വാദിക്കുന്നു. പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് തുര്‍ക്കി മാറുന്നതോടെ ഉര്‍ദുഗാന്‍ കൂടുതല്‍ ശക്തനായിത്തീരുമെന്ന് യൂറോപ്പ് ഭയപ്പെടുന്നു. അതുകൊണ്ടാണ് ഈയടുത്ത് തുര്‍ക്കിയില്‍ അരങ്ങേറിയ പട്ടാള അട്ടിമറി ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഫത്ഹുല്ല ഗുലന്റെ അനുയായികള്‍ക്കും പീപ്പ്ള്‍സ് പാര്‍ട്ടി അനുഭാവികള്‍ക്കുമൊന്നും പ്രസിഡന്‍ഷ്യല്‍ രീതിക്കെതിരെ പ്രചാരണം നടത്താന്‍ യൂറോപ്യന്‍ നാടുകളില്‍ ഒരു വിലക്കുമില്ലാത്തത്. മറ്റൊരു രാഷ്ട്രത്തിന്റെ രാഷ്ട്രീയ പ്രചാരണ പരിപാടികള്‍ പാടില്ല എന്നാണ് നിയമമെങ്കില്‍, അത് ഇപ്പറഞ്ഞ കക്ഷികള്‍ക്കും ബാധകമാവേണ്ടതല്ലേ?
Comments