ടി.എം അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍
ചെറുപ്പം മുതലേ ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി സമയവും അധ്വാനവും നീക്കിവെച്ച, കര്‍മനിരതനായിരിക്കെത്തന്നെ വിടപറഞ്ഞ പ്രവര്‍ത്തകനായിരുന്നു ആലപ്പുഴ പാണാവള്ളി തെക്കേ അരേശേരില്‍ ടി.എം അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ (63). ജീവിതനൊമ്പരങ്ങള്‍ മറച്ചുവെച്ച് സേവനപാതയില്‍ മായ്ക്കാനാകാത്ത അടയാളങ്ങള്‍ അവശേഷിപ്പിച്ചാണ് നാട്ടുകാരുടെ ഖാദര്‍ സര്‍ യാത്രയായത്. കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി അധ്വാനിക്കുന്നതില്‍ അദ്ദേഹം നിര്‍വൃതി കണ്ടെത്തി. ശാരീരികാവശതകള്‍ക്കിടയിലും ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ ഊര്‍ജസ്വലതയോടെ നിലയുറപ്പിച്ചു. പ്രദേശത്ത് ജാതിമതഭേദമന്യേ ഓരോ വീട്ടിലും എന്തു കാര്യത്തിനും അദ്ദേഹമുണ്ടായിരുന്നു. സഹോദര സമുദായാംഗങ്ങള്‍ അദ്ദേഹത്തോട് ഏറെ സ്‌നേഹവായ്‌പോടെ ഇടപഴകി. മലര്‍വാടി, ടീന്‍ ഇന്ത്യ, എസ്.ഐ.ഒ, ജി.ഐ.ഒ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെയും വിദ്യാര്‍ഥികളെയും സംഘടിപ്പിക്കുന്നതില്‍ പ്രത്യേക കഴിവുണ്ടായിരുന്നു. അധ്യാപക ജീവിതത്തിനു ശേഷം ധാരാളം മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. പള്ളിക്കു വേണ്ടി സ്വന്തം സ്ഥലം നല്‍കി. ഇസ്‌ലാമിക പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ സ്വയം ഉള്‍ക്കൊള്ളാനുള്ള നിര്‍ബന്ധ ബുദ്ധി കാത്തുസൂക്ഷിച്ചതോടൊപ്പം സമൂഹത്തില്‍ അത് സാധ്യമാകുന്ന അളവില്‍ യാഥാര്‍ഥ്യമാക്കുന്നതിനും ശ്രമിച്ചു. വ്യക്തിപരമായി ഒട്ടേറെ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും പ്രതിസന്ധികളില്‍ അദ്ദേഹം പതറിയില്ല. ഒന്നിലധികം തവണ തൃച്ചാറ്റുകുളം യൂനിറ്റ് സാരഥിയായി. പുഞ്ചിരിയോടെയും സൗമ്യതയോടെയും ആളുകളോട് ഇടപഴകാറുള്ള അദ്ദേഹം വിപുലമായ സുഹൃദ് വലയത്തിനുടമയായിരുന്നു. ഇടപാടുകളില്‍ സൂക്ഷ്മത പുലര്‍ത്തി. പ്രബോധനം വാരികയുടെ ഏജന്റായിരുന്ന അദ്ദേഹം വാരിക വീടുകളിലെത്തിച്ചുകൊടുക്കുന്നതില്‍ ഏറെ താല്‍പര്യം കാണിച്ചു. തന്റെ വീട്ടുമുറ്റത്ത് വിപുലമായ രീതിയില്‍ അലങ്കാര-ഔഷധ സസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തിരുന്നു. ഭാര്യ: ബിസ്‌റിയ. മക്കള്‍: നബീല്‍ (മാധ്യമം കോഴിക്കോട്), നസീഫ് അഹ്മദ് (മാധ്യമം കോട്ടയം), ഡോ. നുസൈഫ് അഹ്മദ്. മരുമക്കള്‍: നാദിയ (മാധ്യമം കൊച്ചി), സഫിന, നാസിഫ സ്വാലിഹ.
തൗഫീഖ് അസ്‌ലം, വടുതല
വി.പി അബ്ദുസ്സമദ് എടയൂര്‍
എടയൂരിലെ ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകനായ വി.പി കുഞ്ഞയമു സാഹിബിന്റെ മകന്‍ വി.പി അബ്ദുസ്സമദിന്റെ വിയോഗം പെട്ടെന്നായിരുന്നു. പ്രസ്ഥാന കുടുംബത്തില്‍ ജനിച്ച ഈ സഹോദരന്‍ ജീവിതത്തിലുടനീളം ഇസ്‌ലാമിക പ്രസ്ഥാനത്തോടൊപ്പം സഞ്ചരിക്കുകയുണ്ടായി. ചെറുപ്രായം മുതല്‍ ജനസേവനരംഗത്ത് താല്‍പര്യപൂര്‍വം പ്രവര്‍ത്തിക്കുകയും അതിനായി സുഹൃത്തുക്കളെ സംഘടിപ്പിക്കുകയും ചെയ്തു.
'ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റി' (ഐ.എസ്.എസ്) എന്ന പേരില്‍ എടയൂരില്‍ കുറച്ചു യുവാക്കള്‍ ചേര്‍ന്ന് പ്രവര്‍ത്തനരംഗത്തിറങ്ങിയപ്പോള്‍ അതിന്റെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. രോഗികള്‍ക്ക് സഹായമെത്തിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് പഠനോപാധികള്‍ വിതരണം ചെയ്യുന്നതിനും മറ്റും അദ്ദേഹം നേതൃത്വം നല്‍കി.
ശാന്തപുരം ഇസ്‌ലാമിയ കോളേജിലെ വിദ്യാഭ്യാസം ഇടക്കുവെച്ച് നിര്‍ത്തിയത് പിതാവിനെ കച്ചവടത്തില്‍ സഹായിക്കാനായിരുന്നു. പിന്നീട് സ്ഥലത്തെ സ്‌കൂളില്‍ അറബി അധ്യാപകനായി. സ്‌കൂളിലെ ജോലി ഉപേക്ഷിച്ചാണ് കുവൈത്തിലേക്ക് പോയത്. 20 വര്‍ഷത്തോളം നീണ്ട കുവൈത്ത് ജീവിതത്തില്‍ കെ.ഐ.ജിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ആകസ്മികമായി കുവൈത്തില്‍ വെച്ച് രോഗബാധിതനായി. മസ്തിഷ്‌കത്തിലെ രക്തസ്രാവം ശരീരമാകെ തളര്‍ത്തി. ഗള്‍ഫ് ജീവിതം ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തിയ ശേഷം വിദഗ്ധ ചികിത്സ നടത്തി നോക്കിയെങ്കിലും ശാരീരികാരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാനായില്ല. പ്രകടമായ വൈകല്യം കാരണം വളരെ പ്രയാസത്തോടു കൂടിയാണ് കഴിഞ്ഞ ഏഴെട്ടു വര്‍ഷം ജീവിച്ചത്. പക്ഷേ, ഇക്കാലമത്രയും തന്റെ മനോവീര്യവും കര്‍മോത്സുകതയും അദ്ദേഹം തളരാതെ സൂക്ഷിച്ചു. അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയുടെ നടത്തിപ്പില്‍ ശ്രദ്ധപുലര്‍ത്തി. പ്രസ്ഥാന സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പ്രയാസങ്ങള്‍ വകവെക്കാതെ അദ്ദേഹം എത്തിച്ചേരുമായിരുന്നു.
മര്‍ഹൂം അബ്ദുല്‍ ഹയ്യ് എടയൂര്‍ നേതൃത്വം നല്‍കി അവതരിപ്പിച്ചിരുന്ന ഇസ്‌ലാമിക കഥാപ്രസംഗ പരിപാടിയിലെ കാഥികന്‍ ഒരു കാലത്ത് അബ്ദുസ്സമദായിരുന്നു. നല്ലൊരു ഗായകന്‍ കൂടിയായിരുന്ന അദ്ദേഹം അക്കാലത്ത് പല സ്ഥലങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഭാര്യ: ഖദീജ. മക്കള്‍: മുര്‍ശിദ്, ശഫീഖ്, സുമയ്യ, സമീറ
പി. മുഹമ്മദ് മുസ്തഫ, എടയൂര്‍
Comments