Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 24

2994

1438 ജമാദുല്‍ ആഖിര്‍ 25

സാമൂഹിക യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്ന അനുഷ്ഠാനമതം

അബ്ദുല്‍ഹകീം നദ്‌വി

ഇത് ആത്മീയ ഉത്സവങ്ങളുടെ പെരുമഴക്കാലം. തെരുവോരങ്ങള്‍ ആത്മീയ പ്രഭാഷണങ്ങളുടെയും ഉത്സവങ്ങളുടെയും ബഹുവര്‍ണ പോസ്റ്ററുകളാലും ഫഌക്‌സ്‌ ബോര്‍ഡുകളാലും സമ്പന്നമാണ്. ഒരു സമുദായമെന്ന നിലയില്‍ മുസ്‌ലിംകളും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല, ബഹുദൂരം മുന്നിലാണ്. പ്രാര്‍ഥനാ സദസ്സുകള്‍, ദിക്ര്‍ മജ്‌ലിസുകള്‍, ദുആ സമ്മേളനങ്ങള്‍, ആത്മീയ പ്രഭാഷണങ്ങള്‍, നേര്‍ച്ച, ഉറൂസ്, ചന്ദനക്കുടങ്ങള്‍ തുടങ്ങി വൈവിധ്യപൂര്‍ണമായ ആത്മീയ പരിപാടികള്‍ കൊണ്ട് സമൃദ്ധമാണ് മുസ്‌ലിം സമുദായത്തിന്റെ മതപ്രവര്‍ത്തനങ്ങള്‍. മാനുഷികതയുടെ നനവും  പ്രകൃതി ബന്ധങ്ങളുടെ പ്രസരിപ്പും കടപ്പാടുകളുടെ ഉള്‍വിളിയുമില്ലാത്ത വികലമായ ആത്മീയതയുടെ ലഹരി ബാധിച്ച പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുസ്‌ലിം സമുദായം ഇതര മതവിഭാഗങ്ങളെ അപേക്ഷിച്ച് അതിവേഗം ബഹുദൂരം മുന്നേറുക തന്നെയാണ്. ഇതിനെല്ലാം പുറമെ, നവോത്ഥാനത്തിന്റെ നേരവകാശികള്‍ എന്നവകാശപ്പെടുന്ന ചിലര്‍ പോലും ജിന്നും പിശാചും സിഹ്‌റും മന്ത്രവും മാരണവും സംവാദ വേദികളിലെ മുഖ്യ ചര്‍ച്ചാ വിഷയമാക്കി മുസ്‌ലിം സമുദായത്തെ മനുഷ്യരുടേതല്ലാത്ത ലോകത്തേക്ക് വഴി തിരിച്ചുവിടുകയാണ്.

സംഭവലോകത്ത് ഇസ്‌ലാം നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളും മുസ്‌ലിം സമൂഹം അനുഭവിക്കുന്ന ഭീഷണികളും മുഖ്യധാരാ മുസ്‌ലിം സംഘടനകളുടെ അജണ്ടയിലെവിടെയും കടന്നുവരുന്നേയില്ല എന്നത് എത്രമാത്രം ആശങ്കാജനകമല്ല?! അന്ധമായ സംഘടനാ പക്ഷപാതിത്വങ്ങള്‍ പ്രകടമാക്കുന്നതും ആഭ്യന്തര ശൈഥില്യങ്ങള്‍ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചിഴക്കുന്നതും അനുഷ്ഠാന മതത്തിന്റെ ബഹുമുഖ പരിപാടികള്‍ പരസ്യപ്പെടുത്തുന്നതുമായ വര്‍ണപോസ്റ്ററുകളും ഫഌക്‌സ് ബോര്‍ഡുകളും പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിനെയും മുസ്‌ലിം സമുദായത്തെയുമാണ്  പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് തെരുവോരങ്ങളില്‍ കാണാന്‍ കഴിയുക. ആത്മീയ ഉത്സവങ്ങളും ആഭ്യന്തര വാദപ്രതിവാദങ്ങളും മുസ്‌ലിം സംഘടനകളുടെ കാര്യപരിപാടികളായി മാറിയ കാലത്ത് ഇസ്‌ലാമും മുസ്‌ലിം സമൂഹവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന യാഥാര്‍ഥ്യബോധം ഒട്ടുമില്ലാത്തവരാണ് മുസ്‌ലിം സമുദായത്തിലെ വലിയൊരു വിഭാഗവുമെന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിളിച്ചോതുന്നു. സ്വന്തം പ്രസ്ഥാനവും അതിന്റെ നേതാക്കളും വരെ ഭരണകൂട ഭീകരതയുടെ നേര്‍ക്കുനേരെയുള്ള ഇരകളായി മാറുമ്പോഴും അതിനെതിരെ പ്രതികരിക്കാന്‍ മെനക്കെടാതെ ജിന്ന്-പിശാചുകളുടെ ലോകത്തും മന്ത്രങ്ങളുടെയും മാരണങ്ങളുടെയും ചര്‍ച്ചകളിലും അഭിരമിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. 

ഇന്ത്യയില്‍ സംഘ്പരിവാര്‍ ഭരണകൂട ടൂളുകള്‍ ഉപയോഗിച്ച് മുസ്‌ലിം സമുദായത്തെയും അവരുടെ ചിഹ്നങ്ങളെയും അടയാളങ്ങളെയും ഉന്നംവെച്ച് ആസൂത്രിത നീക്കങ്ങള്‍ നടത്തുമ്പോഴും ഇരകളാക്കപ്പെടുന്നവര്‍ വരണ്ട ആത്മീയതയുടെ മതലോകത്ത് കാലം കഴിക്കുകയാണ്. നജീബ് അഹ്മദ് എന്ന ജെ.എന്‍.യു വിദ്യാര്‍ഥിയുടെ തിരോധാനവും അദ്ദേഹത്തിന്റെ മാതാവും സഹോദരിയും നാല് മാസമായി നടത്തുന്ന നീതിക്ക് വേണ്ടിയുള്ള മുറവിളികളും സമുദായത്തിന്റെ അജണ്ടകളെ ഒരുനിലക്കും സ്വാധീനിക്കുന്നില്ല. വര്‍ഷങ്ങളോളം ജയിലറകളില്‍ നരകയാതനകളനുഭവിച്ച് അവസാനം നിരപരാധികളെന്ന് കണ്ട് വിട്ടയക്കപ്പെടുന്ന മുസ്‌ലിം ചെറുപ്പക്കാരുടെ ഞെട്ടിക്കുന്ന ജയിലനുഭവങ്ങള്‍ മുസ്‌ലിം സംഘടനകളുടെ കര്‍ണപുടങ്ങളില്‍ ഒരു മുഴക്കവും സൃഷ്ടിക്കുന്നില്ല. അധികാര സിംഹാസനങ്ങള്‍ സംരക്ഷിക്കാനും പുതിയവ വെട്ടിപ്പിടിക്കാനും ഫാഷിസ്റ്റുകള്‍ നടത്തുന്ന നെറികെട്ട രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒച്ചവെക്കാന്‍ സമുദായ നേതൃത്വത്തിനോ സംഘടനകള്‍ക്കോ സമയം ലഭിക്കുന്നില്ല. കേരളത്തിന്റെ കാമ്പസുകളും തെരുവുകളും അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ കൈയേറുമ്പോള്‍ മുസ്‌ലിം വിദ്യാര്‍ഥി സംഘടനകള്‍ പോലും നിശ്ശബ്ദരാണ്. വരണ്ടുണങ്ങിയ കാടും വയലും, കുടിനീരിനായി നെട്ടോട്ടമോടുന്ന നാടും നഗരവും ദയാരഹിതമായ വികസന കെട്ടുകാഴ്ചകളുടെ ഇരകളാവുമ്പോഴും മുസ്‌ലിം സംഘടനകളുടെ കാര്യപരിപാടികളില്‍ ഇതൊന്നും ഇടം നേടുന്നില്ല. ആഗോള തലത്തില്‍ മുസ്‌ലിം വിരുദ്ധ നിലപാടുമായി രംഗത്തുവന്ന ഡോണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ അവരോധിക്കപ്പെട്ടതും ഇസ്‌ലാമിനെ ടാര്‍ഗറ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതും നമ്മുടെ സംഘടനാ പരിപാടികളില്‍ ചര്‍ച്ചയാവാത്തതെന്തുകൊണ്ട് എന്ന ചോദ്യം എവിടെയും ഉയര്‍ന്നു കേള്‍ക്കുന്നില്ല. എന്തിനേറെ ഇസ്‌ലാമിക ശരീഅത്ത് വന്‍തോതില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലും നമ്മുടെ മത സാമൂഹിക ബോധത്തിന് ഉണര്‍വുണ്ടാകുന്നില്ല. അഥവാ, അനുഷ്ഠാന മതം തളിര്‍ക്കുകയും ദൈവിക മതം തളരുകയും ചെയ്യുന്ന വൈരുധ്യമാണ് എവിടെയും. മതം അരാഷ്ട്രീയമായിരിക്കണമെന്ന സങ്കല്‍പം മുസ്‌ലിം സംഘടനകളെയും ആഴത്തില്‍ സ്വാധീനിക്കുന്നുവെന്നു വേണം കരുതാന്‍. 

മതം അരാഷ്ട്രീയമായിരിക്കണം എന്നത് എക്കാലത്തെയും രാഷ്ട്രീയക്കാരുടെ തിട്ടൂരമാണ്. കപട രാഷ്ട്രീയത കക്ഷത്തു വെച്ച് ജനങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുകയും അതുവഴി അധികാര കേന്ദ്രങ്ങള്‍ സ്ഥാപിച്ച് സംരക്ഷിക്കുകയും ചെയ്യുന്നവരുടെ സ്ഥാപിത താല്‍പര്യങ്ങളാണ് ഈ തിട്ടൂരത്തിന് പിന്നിലെ ചാലകശക്തി. യഥാര്‍ഥ ദൈവിക ബോധ്യങ്ങളില്‍നിന്ന് പ്രസരിക്കുന്ന മതാഹ്വാനങ്ങള്‍ കപട രാഷ്ട്രീയ ഹുങ്കുകള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിട്ടുള്ളത്. നംറൂദിന്റെ രാഷ്ട്രീയ ആഢ്യതക്ക് ആസറിന്റെ പൗരോഹിത്യ മതം തണല്‍ വിരിച്ചപ്പോള്‍ ഇബ്‌റാഹീം പ്രവാചകന്റെ ദൈവിക മതം ഏല്‍പ്പിച്ച പരിക്ക് കനത്തതായിരുന്നു. ഫറവോന്‍, ഹാമാന്‍, ഖാറൂന്‍ കൂട്ടുകെട്ടുകള്‍ തീര്‍ത്ത രാഷ്ട്രീയ ഭീകരതയുടെ വന്‍മതിലുകള്‍ തകര്‍ത്തുകളഞ്ഞത് രാഷ്ട്രീയ സാമൂഹിക ഉള്ളടക്കമുള്ള മൂസാ പ്രവാചകന്റെ മതബോധ്യങ്ങളായിരുന്നു. ചരിത്രത്തിലെ പ്രവാചകന്‍മാരും നവോത്ഥാന നായകരും പ്രതിനിധീകരിച്ച മതം അനുഷ്ഠാന മതമായിരുന്നില്ലെന്നും സാമൂഹിക യാഥാര്‍ഥ്യങ്ങളോട് ക്രിയാത്മകമായി സംവദിക്കുന്ന സോഷ്യോ പൊളിറ്റിക്കല്‍ ഉള്ളടക്കമുള്ള ദൈവിക മതമായിരുന്നുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. 

ഇസ്‌ലാമിന്റെ മൗലികമായ ഭാവങ്ങളെ തകര്‍ക്കാന്‍ അകത്തുനിന്നുതന്നെ നിശ്ശബ്ദമായി അതിനെ കാര്‍ന്നുതിന്നുന്ന ചിതല്‍പ്പുറ്റുകള്‍ പണിയുന്ന തന്ത്രങ്ങള്‍ക്ക് ഇസ്‌ലാമിനോളം പഴക്കമുണ്ട്. സാമൂഹിക ഉള്ളടക്കമുള്ള ഇസ്‌ലാമിനെ ഭയക്കുന്നവര്‍ ത്വരീഖത്ത് ഇസ്‌ലാമിനെ കൊണ്ടാടുകയാണ്. കോഴിക്കോട്ടെ ഒരു പ്രമുഖ ഇസ്‌ലാമിക പ്രസിദ്ധീകരണാലയത്തില്‍ ചെന്നപ്പോള്‍ നീണ്ട താടിയും ഞെരിയാണിക്കു മേല്‍ പാന്റ്‌സുമുള്ള രണ്ട് ചെറുപ്പക്കാരെ കണ്ടുമുട്ടി. സൂഫിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ തെരയുന്നതിനിടയില്‍ മുല്ലപ്പൂ വിപ്ലവവുമായി ബന്ധപ്പെട്ട ഒരു പുസ്തകം ശ്രദ്ധയില്‍പെട്ട അവരിലൊരാള്‍ സുഹൃത്തിനോട് ചോദിക്കുന്നത് കേട്ടു; 'ഈ മുല്ലപ്പൂ വിപ്ലവം നടന്നത് ഫ്രാന്‍സിലായിരുന്നോ' എന്ന്. അതിന് രണ്ടാമന് മൗനമല്ലാതെ വിശേഷിച്ച് മറുപടിയൊന്നുമുണ്ടായില്ല. പ്രസ്തുത പുസ്തകം പതിയെ ഷെല്‍ഫില്‍ തന്നെ ഒതുക്കിവെച്ച് അദ്ദേഹം വീണ്ടും സൂഫിസം വിഷയമായ  പുസ്തകങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. രാഷ്ട്രീയ ഉള്ളടക്കമില്ലാത്ത, സാമൂഹിക യാഥാര്‍ഥ്യങ്ങളോട് മുഖം തിരിക്കുന്ന അനുഷ്ഠാന മതം അതിന്റെ വക്താക്കളെ എത്രമേല്‍ അരാഷ്ട്രീയവല്‍ക്കരിക്കുന്നുണ്ടെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നുണ്ട്.

 

അനുഷ്ഠാനമതത്തില്‍നിന്ന് ദൈവിക മതത്തിലേക്കുള്ള ദൂരം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കഥയാണിത്. പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞയുടന്‍ ഇമാം വിളിച്ചുപറഞ്ഞു; 

''ആരും പോകരുത്. പള്ളി മിമ്പര്‍ പുതുക്കിപ്പണിയാന്‍ നമ്മുടെ മഹല്ലിലെ പ്രവാസി സുഹൃത്ത് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ബിസിനസില്‍ ബറകത്തുണ്ടാകാന്‍ വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.'' സംഭാവന നല്‍കിയ വ്യക്തിയുടെ പേര് പറഞ്ഞ് ഉസ്താദ് പ്രാര്‍ഥന തുടങ്ങിയതോടെ എഴുന്നേറ്റു പോകാന്‍ ശ്രമിച്ച സുഹൃത്തിനോട് അടുത്തിരുന്നയാള്‍ ചോദിച്ചു; ''നിങ്ങളുടെ ബന്ധു കൂടിയായ അവനു വേണ്ടി ദുആ ചെയ്യുമ്പോള്‍ നിങ്ങള്‍ ഇറങ്ങിപ്പോവുകയാണോ?'' അദ്ദേഹം പുഛത്തോടെ പ്രതികരിച്ചത് ഇപ്രകാരമായിന്നു; ''അവന്റെ പെങ്ങളുടെ ഭര്‍ത്താവ് സുഖമില്ലാതെ വീട്ടില്‍ കിടന്ന് നരകിക്കുകയാണ്. പെങ്ങളും കുട്ടികളും മുഴുപ്പട്ടിണിയിലും. അപ്പോഴാ അവന്റെ ഒരു മിമ്പര്‍ പണി. ഇവനു വേണ്ടി ദുആ ചെയ്താല്‍ പടച്ചവന്‍ പൊറുക്കൂല..'' 

സാമൂഹിക ഉള്ളടക്കമുള്ള മതം അരികുവല്‍ക്കരിക്കപ്പെടുകയും അനുഷ്ഠാന മതം ആധിപത്യം നേടുകയും ചെയ്യുന്ന പുതിയ കാലത്തെ 'മതബോധം' എന്താണെന്ന് വ്യക്തമാക്കുന്നതാണ് ഈ സോഷ്യല്‍ മീഡിയാ കഥ. സ്വന്തം കുടുംബത്തിലും അയല്‍പക്കത്തും നാട്ടിലും രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ഞെട്ടലുളവാക്കുന്നതോ ഭീതിയിലാഴ്ത്തുന്നതോ ആയ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടക്കുന്നവര്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് മത പ്രഭാഷണ വേദികളും ആത്മീയ സദസ്സുകളും ദുആ സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിലും പള്ളി മദ്‌റസകള്‍ മോടി പിടിപ്പിക്കുന്നതിലും ഹരം കണ്ടെത്തുന്നു. ആത്മാവില്ലാത്ത ആത്മീയ പ്രവര്‍ത്തനങ്ങളാണ് പൊതുവെ നടക്കുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടുകളും ഒരു വശത്തും സംഘ്പരിവാര്‍ ഭീഷണികളും ഫാഷിസ്റ്റ് താണ്ഡവങ്ങളും മറുവശത്തും വരിഞ്ഞുമുറുക്കുന്ന വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‌ലിം സംഘടനകളുടെ അജണ്ടകള്‍ മുന്‍ഗണനാ ക്രമം തെറ്റിക്കുന്നതും സന്തുലിതത്വം നഷ്ടപ്പെട്ടതുമാണെന്ന് പറയാതിരിക്കാന്‍ വയ്യ. 

ആഗോളവല്‍ക്കരണ കാലത്ത് സാമൂഹിക നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞ മൂലധന ശക്തികള്‍ സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കുമെതിരെ അനുഷ്ഠാന മതം നിശ്ശബ്ദത പാലിക്കുകയാണ്. മലകളും പുഴകളും കൃഷിഭൂമികളും എണ്ണപ്പാടങ്ങളും ഖനികളും കല്‍ക്കരിപ്പാടങ്ങളും മൂലധന ശക്തികള്‍ക്ക് ചുളുവിലക്ക് തീറെഴുതുമ്പോള്‍ വഴിയാധാരമാക്കപ്പെടുന്നവരുടെ ജീവന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പുരോഹിത മതത്തിന് സാധിക്കുന്നില്ല.

അനുഷ്ഠാന മതവും പൗരോഹിത്യവും ആത്മീയ മേഖലകളില്‍ നടത്തുന്ന തട്ടിപ്പുകളും ചൂഷണങ്ങളും നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സമുദായ നേതൃത്വമോ അനുയായികളോ രംഗത്തുവരുന്നില്ല. കാരണം സംഘടനാ നേതൃത്വങ്ങളും അനുഷ്ഠാന മതത്തിന്റെ വക്താക്കളും അതി സങ്കീര്‍ണമായ പൂട്ടുകളും കൊളുത്തുകളുമുള്ള കാണാചരടുകളില്‍ വിശ്വാസിസമൂഹത്തെ തളച്ചിട്ടിരിക്കുകയാണ്. സാമൂഹിക വ്യക്തിത്വമായി വികസിക്കേണ്ട വിശ്വാസിയെ അനുഷ്ഠാന മതത്തില്‍ തളച്ചിടുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. പാരമ്പര്യ സമുദായത്തിനകത്ത് അടിഞ്ഞുകൂടിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് ഇഴതീര്‍ത്ത ചിലന്തിവലയായി സമുദായ സംഘടനകള്‍ പരിണമിക്കുകയാണ്. പൊടിപിടിച്ചുകിടന്നിരുന്നതും കാലയവനികക്കുള്ളില്‍ മറഞ്ഞതുമായ പലവിധ അനുഷ്ഠാനങ്ങളും അത്യാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇന്ന് മുഖ്യ മതപ്രവര്‍ത്തനമായി മാറിയിരിക്കുന്നു. മജ്‌ലിസുന്നൂര്‍ മുതല്‍ സ്വലാത്ത് സമ്മേളനം വരെ പ്രസരിപ്പിക്കുന്നത് ഇസ്‌ലാമിന്റെ പ്രകൃതത്തിനിണങ്ങാത്ത അത്യാചാരങ്ങളും അനുഷ്ഠാന കലകളുമാണ്. യാതൊരു ത്യാഗവും മുതല്‍മുടക്കും ആവശ്യമില്ലാത്ത, ഒട്ടും മനുഷ്യ ഗന്ധിയല്ലാത്ത അനുഷ്ഠാന മതത്തെ പ്രമോട്ട് ചെയ്ത് വന്‍ സാമ്പത്തിക സാധ്യതകള്‍ ആരായുകയാണ് ചില സംഘടനകള്‍. 

 

അനുഷ്ഠാന മതവും ഭരണകൂടങ്ങളും

അനുഷ്ഠാന മതത്തിന്റെ വക്താക്കളും പ്രയോക്താക്കളും അധികാര ശക്തികള്‍ക്ക് അനന്തമായ സാധ്യതകളാണ് എക്കാലത്തും തുറന്നുവെച്ചത്. ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ എളുപ്പത്തില്‍ സമൂഹത്തെ നിയന്ത്രിച്ചുനിര്‍ത്താമെന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മനുഷ്യ ചരിത്രത്തിന്റെ ഉത്ഥാന പതനങ്ങള്‍ അടയാളപ്പെടുത്തിയ ഏതധ്യായങ്ങളിലും അധികാരസ്വരൂപങ്ങള്‍ അനുഷ്ഠാന മതത്തെ ആശ്രയിക്കുകയും അതിനെ പ്രീണിപ്പിക്കുകയും ചെയ്തായി കാണാം. അധികാരവും സമ്പത്തും കൈയാളുന്നവരും അനുഷ്ഠാനമതത്തെ നിയന്ത്രിക്കുന്ന പൗരോഹിത്യവും തമ്മില്‍ തന്ത്രപരമായ ബാന്ധവമാണ് എക്കാലത്തും നിലനിര്‍ത്തിപ്പോന്നത്. അധികാരത്തിന്റെ തന്ത്രങ്ങള്‍ക്കും കൗശലങ്ങള്‍ക്കും അനുഷ്ഠാന മതം എന്നും താങ്ങും തണലുമായി നിന്നതാണ് ചരിത്രം. 

ഫ്യൂഡലിസത്തിന്റെയും കൊളോണിയലിസത്തിന്റെയും കാലത്ത് ശക്തവും ദൃഢവുമായിരുന്ന പുരോഹിത മതവും ഭരണകൂടവും തമ്മിലെ ഇഴയടുപ്പം ഉത്തരാധുനിക, മുതലാളിത്ത, ജനാധിപത്യ കാലത്തും അഭംഗുരം തുടരുന്നുവെന്ന് മാത്രമല്ല കൂടുതല്‍ ശക്തി പ്രാപിക്കുകയുമാണ്. പുരോഹിത മതം നിരക്ഷരരും നിരാലംബരും പട്ടിണിപ്പാവങ്ങളുമായ ദരിദ്ര ജനകോടികള്‍ക്ക് ഒരിക്കലും സുരക്ഷയൊരുക്കിയിട്ടില്ല. മറിച്ച് അനുയായികളുടെ അന്ധമായ അനുസരണ മനോഭാവത്തെ ചൂഷണം ചെയ്തും മത ദൈവ വിശ്വാസബോധ്യങ്ങളെ തുറുപ്പുചീട്ടാക്കിയും അധികാര കേന്ദ്രങ്ങള്‍ സംരക്ഷിക്കുകയും അതുവഴി തങ്ങള്‍ക്ക് കിട്ടുന്ന സാമ്പത്തിക അധികാര സംരക്ഷണം ഉറപ്പുവരുത്തുകയുമായിരുന്നു അവര്‍ ചെയ്തത്. അനുഷ്ഠാന മതകച്ചവടക്കാര്‍ ആഘോഷപൂര്‍വം നടത്തുന്ന രോഗ ശ്രുശ്രൂഷകളും ജനസേവന പ്രവര്‍ത്തനങ്ങളും നല്‍കിവരുന്ന സൗജന്യങ്ങളും പലപ്പോഴും തങ്ങളുടെ അനധികൃത സമ്പാദ്യങ്ങളും അവിഹിത ബന്ധങ്ങളും സുരക്ഷിതമാക്കാന്‍ വേണ്ടിയുള്ള അടവുകളാണെന്നതാണ് സത്യം.  

സാമൂഹിക വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും ജനങ്ങളിലൊരാളായി ജീവിക്കുകയും സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്ത പ്രവാചകനോട് പാരമ്പര്യ അനുഷ്ഠാന മതത്തിന്റെ വക്താക്കള്‍ ഉയര്‍ത്തിയ ചോദ്യവും അതിന് അല്ലാഹു നല്‍കുന്ന ഉത്തരവും വിശുദ്ധ ഖുര്‍ആന്‍ മനോഹരമായി വരച്ചിടുന്നുണ്ട്; ''ഇവര്‍ പറയുന്നു; അന്നം തിന്നുകയും അങ്ങാടിയില്‍ നടക്കുകയും ചെയ്യുന്നയാള്‍ എന്തു ദൈവദൂതന്‍!'' (അല്‍ഫുര്‍ഖാന്‍: 7). ഇതിന് ഖുര്‍ആന്‍ നല്‍കുന്ന മറുപടി ഇപ്രകാരമാണ്; ''പ്രവാചകരേ, താങ്കള്‍ക്കു മുമ്പ് നാം അയച്ച ദൈവദൂതന്‍മാരൊക്കെയും അന്നം തിന്നുന്നവരും അങ്ങാടിയില്‍ നടക്കുന്നവരും തന്നെയായിരുന്നു'' (അല്‍ഫുര്‍ഖാന്‍: 20). അഥവാ കേവല അനുഷ്ഠാന കലകളില്‍ ആത്മീയമായി അഭിരമിക്കുന്ന പ്രത്യേക സൃഷ്ടിവിഭാഗമായിരുന്നില്ല പ്രവാചകന്‍മാര്‍. 

സാമൂഹിക ജീവിതത്തില്‍നിന്ന് ഒളിച്ചോടി, ആചാരാനുഷ്ഠാനങ്ങളുടെ ഉരുക്കുകോട്ടകള്‍ക്കകത്ത് ഭജനമിരിക്കുന്നവര്‍ പ്രവാചകനോട് ഉന്നയിക്കുന്ന ചില ആവശ്യങ്ങളും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഭൂമി പിളര്‍ന്ന് ഒരു ഉറവ ഞങ്ങള്‍ക്ക് നല്‍കുക, സമൃദ്ധമായ തോട്ടവും അതിനു താഴെ ഒഴുകുന്ന നദിയും ഉണ്ടാക്കിത്തരിക, ആകാശത്തെ കഷ്ണങ്ങളാക്കി ഞങ്ങളുടെ മേല്‍ വീഴ്ത്തുക, ദൈവവും മലക്കുകളും ഞങ്ങള്‍ക്കു മുന്നില്‍ നേരിട്ട് പ്രത്യക്ഷപ്പെടുക, ഒരു കനകക്കൊട്ടാരം നിനക്കുണ്ടാവുക, ആകാശാരോഹണം നടത്തി ഗ്രന്ഥവുമായി ഞങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരിക....  ഇങ്ങനെയൊക്കെ ചെയ്താലേ തങ്ങള്‍ വിശ്വസിക്കൂ എന്ന് പറഞ്ഞ ജനത്തോട് അല്ലാഹു ഇപ്രകാരം പറയാനാണ് ദൈവദൂതനോട് ആവശ്യപ്പെട്ടത്; ''എന്റെ നാഥന്‍ പരിശുദ്ധനത്രെ. ഞാനാകട്ടെ, സന്ദേശവാഹകനായ ഒരു മനുഷ്യന്‍ മാത്രമാകുന്നു. അല്ലാഹു മനുഷ്യനെ ദൂതനായി നിശ്ചയിച്ചുവെന്നതാണ് ജനങ്ങള്‍ക്ക് സന്‍മാര്‍ഗം സമാഗതമായിട്ടും അതില്‍ വിശ്വസിക്കുന്നതില്‍നിന്ന് അവരെ തടയുന്നത്. ഭൂമിയില്‍ ശാന്തരായി ചരിക്കുന്ന മലക്കുകളാണുള്ളതെങ്കില്‍ നാം ആകാശത്തുനിന്ന് മലക്കിനെ തന്നെ ദൈവദൂതനായി അവര്‍ക്ക് അയക്കുമായിരുന്നു'' (അല്‍ ഇസ്‌റാഅ്: 90-95). ഈ ചോദ്യോത്തരങ്ങളില്‍നിന്ന് ഇസ്‌ലാമിന്റെ കനമുള്ള സാമൂഹിക ഉള്ളടക്കം വായിച്ചെടുക്കാനാവും. 

ജനജീവിതത്തിന്റെ വ്യത്യസ്ത ഇടങ്ങളില്‍ ഇടപെടലുകള്‍ നടത്തിയവരും സമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെ പ്രതിനിധീകരിച്ചവരുമായിരുന്നു മുഴുവന്‍ പ്രവാചകന്‍മാരും. എന്നാല്‍ പരലോക വിജയത്തോടൊപ്പം സംഭവലോകത്തെ വിജയം കൂടി വാഗ്ദാനം ചെയ്യുന്ന ദൈവികമതത്തെ പൗരോഹിത്യ മതത്തിന്റെ വക്താക്കള്‍ എന്നും ഒളിപ്പിച്ചുവെക്കാനാണ് ശ്രമിച്ചത്. ഭരണകൂട അനീതിക്കെതിരെ പൊരുതുകയും പാര്‍ശ്വവല്‍കൃത ജനവിഭാഗത്തിന്റെ കൂടെ നില്‍ക്കുകയും ചെയ്യുന്ന ദൈവികമതത്തിനെതിരെ  തന്ത്രങ്ങള്‍ മെനയുകയും അതിനെ മറികടക്കാനുള്ള അടവുകളും സൂത്രങ്ങളും രൂപപ്പെടുത്തുകയുമായിരുന്നു അവര്‍. ആസറും സാമിരിയും നേതൃത്വം നല്‍കിയ അനുഷ്ഠാന പുരോഹിത മതം ഇതിന്റെ മികച്ച ഉദാഹരണമായി ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.  

പൗരോഹിത്യത്തിന്റെ സുഖഭോഗങ്ങള്‍ക്കും കൊട്ടാരതുല്യമായ ജീവിത സൗകര്യങ്ങള്‍ക്കും സ്ഥാപിത താല്‍പര്യങ്ങള്‍ക്കും വേണ്ടി പാവം വിശ്വാസികളെ ചൂഷണം ചെയ്യുകയാണ് ആടിയും പാടിയും ആലസ്യത്തിന്റെ മാസ്മരിക ലോകത്തേക്കാനയിക്കുന്ന കള്‍ട്ടുകളും അനുഷ്ഠാന മതങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. മൂലധനത്തിന്റെയും അധികാരത്തിന്റെയും വിപണിയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്ക് തണല്‍ വിരിക്കാനും വെമ്പല്‍ കൊള്ളുന്ന പുരോഹിത മതം സമൂഹത്തിന് ഒരുപകാരവും ചെയ്തിട്ടില്ല. വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതും പ്രവാചകന്‍മാര്‍ പ്രതിനിധീകരിച്ചതുമായ ദൈവിക മതം സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ളതാണ്. സാമൂഹിക തിന്‍മകള്‍ക്കെതിരെ നിശ്ശബ്ദമാകാനോ ഭരണകൂട ഭീകരതകള്‍ക്കനുകൂലമായി കൈയൊപ്പ് ചാര്‍ത്താനോ നീതിനിഷേധങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാതിരിക്കാനോ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി പൊരുതാതിരിക്കാനോ ന്യായമില്ലാത്ത ജീവിത ദര്‍ശനമാണ് ദൈവിക മതം. അല്ലാഹു ചോദിക്കുന്നു: ''പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? ആ ജനമോ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു; നാഥാ, മര്‍ദകരായ നിവാസികളുടെ ഈ നാട്ടില്‍നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ, നിന്റെ പക്കല്‍നിന്നും ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിയോഗിച്ചുതരേണമേ, നീ ഞങ്ങള്‍ക്ക് ഒരു സഹായിയെ നിയോഗിച്ചുതരേണമേ'' (അന്നിസാഅ്:75). ഭരണകൂട അനീതികള്‍ക്ക് മുമ്പില്‍ മൗനം പാലിക്കുകയും അനുഷ്ഠാന തീവ്രതയില്‍ അഭിരമിക്കുകയും ചെയ്യുന്ന പുരോഹിത മതത്തിന്റെ വക്താക്കളുടെ ചെകിടത്തേല്‍ക്കുന്ന കനത്ത പ്രഹരമാണ് മൂര്‍ച്ചയേറിയ ഈ ചോദ്യം. 

 

എല്ലാം കച്ചവടമാക്കുന്ന അനുഷ്ഠാന മതം

ആത്മീയ കച്ചവടത്തിന്റെ ലാഭവും അതിന്റെ സൗകര്യങ്ങളും ബോധ്യപ്പെട്ട ഒരാള്‍ പ്രവാസി സുഹൃത്തിന്റെ സഹായത്തോടെ ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തുകയും ശേഷം മദീനയിലെത്തി റൗദാ ശരീഫും ജന്നത്തുല്‍ ബഖീഉം സന്ദര്‍ശിക്കുകയും ചെയ്ത ശേഷം നെടുവീര്‍പ്പോടെ പറഞ്ഞുവത്രെ; എത്ര കോടികളുടെ മുതലാണ് ഒരുപയോഗവുമില്ലാതെ വെറുതെ കിടക്കുന്നത്! നാട്ടിലാണെങ്കില്‍ വന്‍സാധ്യതയുള്ള ഉല്‍പന്നങ്ങളാണല്ലോ ഈ കാണുന്നതെല്ലാം. നബിയുടേതെന്ന പേരില്‍ മുടിയും പാത്രവും ഏറ്റവുമൊടുവില്‍ പ്രവാചകന്റെ ചെരിപ്പ് തുടച്ച തുണിയെന്ന വ്യാജേന ഏതോ ഒരു പാദരക്ഷയുടെ ചിത്രം ഉല്ലേഖനം ചെയ്ത തുണിക്കഷ്ണം വരെ തട്ടിപ്പിന്റെ ഉപകരണങ്ങളായി മാറുന്ന ആത്മീയ വാണിജ്യത്തിന്റെ നേര്‍ചിത്രം വരച്ചിടുന്നതാണ് ഈ ഫലിതം. പരീക്ഷ, വിവാഹം, വിവാഹ മോചനം, കച്ചവടം, ജോലി, രോഗം എന്നുവേണ്ട കുടുംബ ബന്ധങ്ങളും കുടുംബ കലഹങ്ങളും വരെ ഇത്തരക്കാരുടെ ചൂഷണോപാധികളാണ്. പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ പ്രത്യേക മന്ത്രം ജപിച്ച പേന, വിവാഹ മോചിതകള്‍ക്ക് പുനര്‍വിവാഹം എളുപ്പമാകാന്‍ അരയില്‍ കെട്ടാനുള്ള ഏലസ്സ്, രോഗം മാറാനും ജോലി ലഭിക്കാനും സഹായകമായ പ്രത്യേക മന്ത്രങ്ങള്‍ തുടങ്ങി ആത്മീയ മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്ന ഐറ്റങ്ങള്‍ എണ്ണമറ്റതാണ്. 

ആത്മീയതയുടെ വാണിജ്യസാധ്യതകളും സാമ്പത്തിക താല്‍പര്യങ്ങളും തിരിച്ചറിഞ്ഞവരാണ് അരാഷ്ട്രീയ മതത്തിന്റെ വക്താക്കളായി രംഗപ്രവേശം ചെയ്യുന്നത്. പുതുപുത്തന്‍ അനുഷ്ഠാന കലകളും ആരാധനാ രൂപങ്ങളും മുതല്‍ വിചിത്രമായ വിശ്വാസ സങ്കല്‍പ്പങ്ങള്‍ വരെ തട്ടിക്കൂട്ടിയാണ് ഈ രംഗത്തെ കച്ചവടം പൊടിപൊടിക്കുന്നത്. അനുഷ്ഠാന മതം എന്നത് മതങ്ങളെ പറ്റിയുള്ള പൊതുവായ വിലയിരുത്തലാണ്. ഇസ്‌ലാമിനോട് ഒരു നിലക്കും ചേര്‍ത്തുവെക്കാന്‍ സാധിക്കാത്ത പ്രയോഗമാണിത്. എന്നാല്‍, അനുഷ്ഠാന പുരോഹിത മതങ്ങളുടെ കൂട്ടത്തില്‍ ഒന്നാമത് ഇസ്‌ലാമാണെന്ന് തോന്നിക്കുംവിധം തെരുവില്‍ പ്രതിഫലിക്കുന്നത് സാമൂഹിക ഉള്ളടക്കമില്ലാത്ത അരാഷ്ട്രീയ ദീനിന്റെ പ്രതിബിംബങ്ങളാണ്. ആള്‍ദൈവങ്ങളും കള്‍ട്ടുകളും എല്ലാ മതങ്ങളിലുമെന്ന പോലെ മുസ്‌ലിം സമുദായത്തിലും വന്‍ സ്വാധീനം ചെലുത്തുന്നു. മുസ്‌ലിം സമുദായത്തില്‍ മുളച്ചുപൊന്തുന്ന കള്‍ട്ടുകളെ പരിചയപ്പെടുത്തുന്ന ധാരാളം പരസ്യ ബോര്‍ഡുകളാല്‍ തെരുവോരങ്ങള്‍ നിറഞ്ഞിരിക്കുന്നു. 'അമ്മ തിരുവനന്തപുരത്ത്' എന്ന പരസ്യ ബോര്‍ഡ് പോലെയാണ് അവയിലേറെയും. പൗരോഹിത്യ ദുഃസ്വാധീനങ്ങളില്‍നിന്ന് മുക്തമാകേണ്ട ഇസ്‌ലാം പുരോഹിതന്‍മാരുടെ കൈകടത്തലുകള്‍ക്ക് വലിയ തോതില്‍ വിധേയമാകുന്നു എന്നതിന്റെ സൂചനകളാണ് ഇത്തരം പുത്തന്‍ പ്രവണതകള്‍. 

പണ്ഡിത പുരോഹിതന്‍മാരില്‍ അധികമാളുകളും ജനങ്ങളുടെ ധനം അന്യായ മാര്‍ഗങ്ങളിലൂടെ തിന്നുവീര്‍ക്കുന്നവരാണെന്ന ഖുര്‍ആനിക പരാമര്‍ശം നമുക്ക് ഒരുവിധ അപരിചത്വവും തോന്നിക്കുന്നില്ല. കാരണം നാട്ടിന്‍പുറങ്ങളെന്നോ നഗരപ്രദേശങ്ങളെന്നോ വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലും ആത്മീയ തട്ടിപ്പുകേന്ദ്രങ്ങള്‍ പെരുകിവരികയും അതുവഴി വന്‍ സാമ്രാജ്യങ്ങള്‍ വളര്‍ന്നുവരികയുമാണ്. കൊലപാതകങ്ങള്‍, പിടിച്ചുപറികള്‍, സ്ത്രീപീഡനങ്ങള്‍, മയക്കുമരുന്ന് വിപണനം തുടങ്ങി പലവിധ കുറ്റകൃത്യങ്ങളും ഇത്തരം കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി നടന്നുകൊണ്ടിരിക്കുന്നു. അനുഷ്ഠാന മതം വളരുന്നതോടൊപ്പം കുറ്റകൃത്യങ്ങളും സ്വഭാവ വൈകൃതങ്ങളും പെരുകുന്നതും അതുകൊണ്ടാണ്. കച്ചവടവല്‍ക്കരിക്കപ്പെടുന്ന ആത്മീയതയുടെ ഉല്‍പന്നമാണ് ഈ കുറ്റകൃത്യങ്ങള്‍. 

ജീവിത കാലത്ത് ലഭിക്കാതെ പോയ സ്വര്‍ഗം മരണാനന്തരം ലഭിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നവനാണ് യഥാര്‍ഥ വിശ്വാസി. അല്ലാഹു സ്വര്‍ഗം വാഗ്ദാനം നല്‍കുന്നത് സാമൂഹിക തിന്‍മകള്‍ക്കെതിരെ വന്‍മതില്‍ പണിയുകയും നന്‍മയുടെ തണല്‍മരങ്ങള്‍ നട്ടുവളര്‍ത്തുകയും ചെയ്യുന്നവര്‍ക്കാണ്. മതം അനുശാസിക്കുന്ന ആരാധനകളും അനുഷ്ഠാനങ്ങളും ഈ പോരാട്ടവഴി എളുപ്പമാക്കുന്നതിനും കനല്‍വഴികള്‍ ആര്‍ജവത്തോടെ താണ്ടാനുള്ള കരുത്താര്‍ജിക്കുന്നതിനുമാണ്. 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നടത്തുന്ന സമരത്തില്‍ ജീവാര്‍പ്പണം ചെയ്യുന്നവരാരെന്നും അവനു വേണ്ടി ക്ഷമിക്കുന്നവരാരെന്നും അല്ലാഹു ഇനിയും കണ്ടുകഴിഞ്ഞില്ലെന്നിരിക്കെ, എളുപ്പത്തില്‍ നിങ്ങള്‍ക്ക് സ്വര്‍ഗസ്ഥരാകാമെന്ന് വിചാരിക്കുന്നുണ്ടോ?' (ആലുഇംറാന്‍: 142) എന്ന ചോദ്യം സ്വര്‍ഗം ലഭിക്കുന്നവര്‍ ആരായിരിക്കുമെന്ന് സംശയലേശമന്യേ ബോധ്യപ്പെടുത്തുന്നുണ്ട്. ആരാധനകള്‍ക്കൊപ്പം ജീവിതത്തിന്റെ നാനാതുറകളിലും അനുശാസിക്കപ്പെടുന്ന ദൈവിക കല്‍പനകള്‍ മനസ്സിലാക്കിയ ഒരാള്‍ക്ക് ഒളിച്ചോട്ട മതത്തിന്റെ വക്താവാകാന്‍ സാധ്യമല്ല. ആയതിനാല്‍ അനുഷ്ഠാന മതം ചങ്ങലക്കിട്ട അന്ധത ബാധിച്ച അനുയായികളായി നാം മാറാതിരിക്കുക. സമൂഹത്തിന്റെ നാനാതുറകളില്‍ നീതിനിഷേധങ്ങള്‍ക്കും ഭരണകൂട ഭീകരതകള്‍ക്കും സാമൂഹിക അസമത്വങ്ങള്‍ക്കും ഇരകളായി ജീവിതം തള്ളിനീക്കേണ്ടിവരുന്ന ജനങ്ങളുടെ സാമൂഹിക ബോധം വളര്‍ത്താനും അവരനുഭവിക്കുന്ന ദുരിതങ്ങളകറ്റാനും പോരാടുക. മനുഷ്യ സമൂഹത്തിന്റെ കര്‍മോ•ുഖതയെ ഉണര്‍ത്തുകയാണ് നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്തം. ദൈവിക മതം ജനങ്ങളെ ദുരിതങ്ങള്‍ സഹിക്കാന്‍ പരിശീലിപ്പിക്കുകയല്ല, അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തുറക്കാന്‍ വേണ്ടി പൊരുതാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. പോരാട്ട വഴിയില്‍ സ്വയം സഹിക്കാനും ക്ഷമിക്കാനും കഴിയുന്നവനാണ് യഥാര്‍ഥ ദൈവിക മതത്തെ പ്രതിനിധീകരിക്കുന്നവന്‍.

ആത്മീയ സദസ്സുകളിലും അനുഷ്ഠാന കലകള്‍ അഭ്യസിക്കുന്ന കേന്ദ്രങ്ങളിലും നിര്‍വികാരനായി തലകുനിഞ്ഞിരിക്കാതെ അങ്ങാടികളിലേക്കും അധികാര കേന്ദ്രങ്ങളിലേക്കും കാമ്പസുകളിലേക്കും അയല്‍പ്പക്കങ്ങളിലേക്കും ചുറ്റുപാടുകളിലേക്കും നാം തലയുയര്‍ത്തി നോക്കുക. നമ്മെ അസ്വസ്ഥപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതും നമ്മുടെ നീതിബോധത്തെ പിടിച്ചുലക്കുന്നതുമായ ദുരന്തങ്ങള്‍ക്കാണ് നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജീവനും ജീവിതവും അല്ലാഹു നല്‍കിയ വരദാനമാണെങ്കില്‍ അത് അല്ലാഹുവിന് ഇഷ്ടപ്പെട്ട വഴിയില്‍ സമര്‍പ്പിക്കാന്‍ സാധിക്കുമ്പോഴാണ് ജീവിതം അര്‍ഥവത്താകുന്നത്. അനുയായികളുടെ പണം പിഴിഞ്ഞ് സംഘടിപ്പിക്കുന്ന മത ചടങ്ങുകളും ആത്മീയ പരിപാടികളും വിപണിയുടെ ആഘോഷമാക്കി മാറ്റുന്നതിന് പകരം സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നൈരന്തര്യമുള്ളതും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്താന്‍ മുസ്‌ലിം സമുദായത്തിന് സാധിക്കണം. ഇരകള്‍ക്കു വേണ്ടി ശബ്ദിക്കാനും വേട്ടക്കാര്‍ക്കെതിരെ പെരുവിരല്‍ ചൂണ്ടാനും കഴിയണം. ആവശ്യത്തിനും അനാവശ്യത്തിനും പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നവരെ തിരുത്താന്‍ സാധിക്കണം. ജീവന്‍ നിലനിര്‍ത്താന്‍ അന്നവും തലചായ്ക്കാന്‍ കൂരയും ചികിത്സിക്കാന്‍ മരുന്നും അക്ഷരാഭ്യാസം നേടാന്‍ പള്ളിക്കൂടവും ഇല്ലാത്ത ഒരു സമൂഹത്തില്‍ ലക്ഷങ്ങളും കോടികളും പൊടിച്ച് ആത്മീയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ദൈവകോപത്തിന് കാരണമാകുന്ന വന്‍ അപരാധമാണെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (23 - 31)
എ.വൈ.ആര്‍