ചിന്തയെ ചങ്ങലക്കിടുന്ന അന്ധവിശ്വാസങ്ങള്‍
പുതിയ തലമുറയുടെ പ്രധാന ഹോബികളിലൊന്ന് ബുള്ളറ്റ് യാത്രകളാണ്. ഇടക്കാലത്ത് അധികം ആവശ്യക്കാരൊന്നുമില്ലാതിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍ ശക്തമായി തന്നെ ബിസിനസ് തിരിച്ചുപിടിച്ചിരിക്കുകയാണ്. മൊബൈല്‍ ക്യാമറകളും ഫോട്ടോ ഷെയറിംഗ് സൈറ്റുകളും വ്യാപകമായതോടെ ബുള്ളറ്റ് യാത്രികരുടെ എണ്ണവും വര്‍ധിച്ചിരിക്കുന്നു. ഇതോട് ചേര്‍ത്തുവായിക്കേണ്ട ഒന്നുണ്ട്. രാജസ്ഥാനിലെ ജോദ്പൂരിനടുത്തുള്ള ബുള്ളറ്റ് ബാബാ ക്ഷേത്രം. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് ഇവിടെ പ്രതിഷ്ഠ. സാധാരണ ക്ഷേത്രങ്ങള്‍ അവകാശപ്പെടുന്നതുപോലെ നൂറ്റാണ്ടുകളുടെ പാരമ്പര്യമൊന്നും ഏതായാലും ഈ ക്ഷേത്രത്തിന് അവകാശപ്പെടാന്‍ സാധിക്കില്ല. 1991-ലാണ് ബുള്ളറ്റ് ബാബാ ക്ഷേത്രം പണികഴിപ്പിക്കുന്നത്. യാത്രികര്‍, പ്രത്യേകിച്ചും ബൈക്ക് യാത്രക്കാരാണ് ഇവിടത്തെ സന്ദര്‍ശകര്‍. മറ്റേത് പ്രതിഷ്ഠയെയും പോലെ തന്നെ അവിശ്വസനീയമായ കഥകളും അനുഭവങ്ങളും ഇവിടത്തെ ബുള്ളറ്റിനെ ചുറ്റിപ്പറ്റിയുണ്ട്. ഏതെങ്കിലും ജനവിഭാഗങ്ങളുടെ വിശ്വാസത്തെ അവമതിക്കാനല്ല ഇതു പറഞ്ഞത്. മറിച്ച്, സാധാരണ ഗതിയില്‍ സാമാന്യയുക്തിക്ക് നിരക്കാത്ത അന്ധവിശ്വാസങ്ങളുടെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാകും. പാരമ്പര്യമായി ശീലിച്ചുപോരുന്നത് എന്ന ഒരു സാമൂഹിക ബലം കൂടി അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, അത്തരമൊരു അടിസ്ഥാനം പോലുമില്ലാതെ പുതിയ വിശ്വാസങ്ങള്‍ നിര്‍മിച്ചെടുക്കാനും അവ പ്രാബല്യത്തില്‍ കൊണ്ടുവരാനും ഇന്ന് സാധിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. അഥവാ, ജ്ഞാനോദയത്തിനു ശേഷം ശാസ്ത്രത്തിന് കൈവന്ന അപ്രമാദിത്വപരമായ സ്ഥാനം സമര്‍ഥമായി ഉപയോഗിച്ചുകൊണ്ട് വിശ്വാസങ്ങളെ കൂടി 'ശാസ്ത്രീയ'വത്കരിക്കാനും അതുവഴി ഏത് വിശ്വാസത്തെയും 'ശാസ്ത്രീയ'മായി മാര്‍ക്കറ്റ് ചെയ്യാനും ഇന്ന് സാധിക്കുന്നുണ്ട്.
ഒരു കാലത്ത് തത്ത്വശാസ്ത്രത്തിന് കൈവന്ന മൗലികസ്വഭാവമാണ് മതങ്ങളുടെ തത്ത്വചിന്താപരമായ ഉള്ളടക്കത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടുപോയത്. ഗ്രീക്ക് ഫിലോസഫി അടിസ്ഥാനപ്പെടുത്തി രൂപം കൊണ്ട പലതരം ഇസ്‌ലാമിക തത്ത്വചിന്തകളും തര്‍ക്കങ്ങളും മധ്യകാല ഇസ്‌ലാമിക ചരിത്രത്തിലെ സുദീര്‍ഘമായ അധ്യായങ്ങളാണ്. ഇല്‍മുല്‍ കലാം അതിന്റെ മൂര്‍ത്തമായ ഉദാഹരണമാണ്. മതവും ഫിലോസഫിയും ചേര്‍ന്നുള്ള ചര്‍ച്ചകള്‍ രണ്ട് അറ്റങ്ങളിലേക്കാണ് പോയത്. ഒന്ന്, തത്ത്വചിന്താപരമായി സ്ഥാപിക്കാന്‍ കഴിയാത്തതിനെയെല്ലാം മതത്തില്‍നിന്ന് പുറത്താക്കുന്ന സാഹചര്യം. മറ്റൊന്ന്, ചിന്തക്ക് യാതൊരു സ്ഥാനവും നല്‍കാത്ത വിധമുള്ള പ്രമാണവാദം. ഇസ്‌ലാം ഇതിന് രണ്ടിനുമിടയിലാണ് സ്ഥാനമുറപ്പിച്ചത്. മറ്റേത് വിഷയത്തിലുമെന്ന പോലെ മധ്യമദര്‍ശനം തന്നെയാണ് തത്ത്വചിന്തയുടെ കാര്യത്തിലും ഇസ്‌ലാമിനുള്ളത്. മുസ്‌ലിം ലോകത്ത് ചിന്താപരമായ ജൈവികത നിലനിര്‍ത്തുന്നതിലും ആഴമേറിയ ബൗദ്ധിക വിശകലനങ്ങള്‍ക്കും അത്തരം ചര്‍ച്ചകള്‍ കാരണമായിട്ടുണ്ട്. പിന്നീട് യൂറോപ്പിലുണ്ടായ വ്യാവസായിക വിപ്ലവവും ജ്ഞാനോദയവും കാരണം ശാസ്ത്രത്തിന് സവിശേഷ പ്രാധാന്യം നല്‍കുന്ന സ്ഥിതിയുണ്ടായി. നേരത്തേ തത്ത്വചിന്തയെയും മതത്തെയും വിരുദ്ധ ധ്രുവങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമമുണ്ടായ പോലെ മതത്തെയും ശാസ്ത്രത്തെയും വിരുദ്ധ ധ്രുവങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമമുണ്ടായി. തത്ത്വചിന്തയുടെ കാര്യത്തില്‍ സ്വീകരിച്ചിരുന്ന രണ്ടറ്റങ്ങളില്‍ നിലകൊള്ളുന്ന സാഹചര്യം ശാസ്ത്രത്തിന്റെ കാര്യത്തിലുമുണ്ടായി. ഒരു വിഭാഗം, പൂര്‍ണമായും പരീക്ഷണനിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ശാസ്ത്രീയകാര്യങ്ങളെ മാത്രം മതമായി കാണുകയും മറ്റുള്ളവയെ മതത്തിനു പുറത്ത് നിര്‍ത്തുകയും ചെയ്തപ്പോള്‍ മറ്റൊരു കൂട്ടര്‍, ശാസ്ത്രീയ ചിന്തകളെയും ദര്‍ശനങ്ങളെയും പാടേ ഉപേക്ഷിക്കുകയാണുണ്ടായത്. ഇവിടെയും രണ്ടറ്റങ്ങളിലുമല്ലാത്ത നിലപാടാണ് ഇസ്‌ലാമിനുള്ളത്. എന്നാല്‍ മതവും ശാസ്ത്രവും രണ്ട് സത്തകളാണെങ്കിലും പരസ്പരവിരുദ്ധമായ ധ്രുവങ്ങളില്‍ സ്ഥിതിചെയ്യുന്നവ അല്ലെന്ന് ബോധ്യപ്പെടുത്താന്‍ പണ്ഡിതന്മാര്‍ക്ക് സാധിച്ചു. മതം ശാസ്ത്രവിരുദ്ധമോ ശാസ്ത്രം മതവിരുദ്ധമോ അല്ല എന്ന് വിശദീകരിക്കപ്പെട്ടു. എന്നാല്‍ ഈ ചര്‍ച്ചയുടെ തുടര്‍ച്ച, മതപരമായ എല്ലാ കാര്യങ്ങള്‍ക്കും ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന അവസ്ഥയിലെത്തിച്ചു. മതത്തിന്റെ പേരില്‍ കെട്ടിയിറക്കപ്പെട്ട അന്ധവിശ്വാസങ്ങള്‍ക്കും ശാസ്ത്രീയമുഖം നല്‍കുന്നത് അങ്ങനെയാണ്.
വിശ്വാസം; അന്ധവും യുക്തിഭദ്രവും
വിശ്വാസവും അന്ധവിശ്വാസവും വേര്‍തിരിക്കുന്നതിനുള്ള മാനദണ്ഡം ശാസ്ത്രമല്ല. പുതിയ നൂറ്റാണ്ടില്‍ ശാസ്ത്രത്തിന് കൈവന്ന അപ്രമാദിത്വ സ്വഭാവമാണ് അതൊരു മാനദണ്ഡമായി മാറുന്നതിന്റെ കാരണങ്ങളിലൊന്ന്. എന്നാല്‍ മതത്തിന്റെ പേരിലുള്ള അന്ധവിശ്വാസങ്ങള്‍ വേര്‍തിരിച്ചെടുക്കേണ്ടതും അതിര്‍ത്തി നിശ്ചയിക്കേണ്ടതും മതപ്രമാണങ്ങളാണ്. മുമ്പ് ശാസ്ത്രത്തിന്റെ പേരില്‍ പല അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു. എയിഡ്‌സ് പകരുന്നത് സംബന്ധിച്ച തെറ്റിദ്ധാരണകള്‍ അതിലൊന്നായിരുന്നു. കേരളത്തില്‍ തന്നെയുള്ള അക്ഷരയുടെയും അനന്തുവിന്റെയും അനുഭവം നമ്മുടെ മുന്നിലുണ്ട്. എയിഡ്‌സ് ബാധിത മാതാപിതാക്കള്‍ക്ക് ജനിച്ചുവെന്നതായിരുന്നു അവരുടെ 'കുറ്റം'. അവരില്‍നിന്ന് തങ്ങളുടെ മക്കളിലേക്ക് രോഗം പകരുമെന്ന തെറ്റായ ഭീതി കാരണം അവരുടെ കൂടെ മക്കളെ സ്‌കൂളില്‍ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയാറായില്ല. രോഗം പകരുന്നത് സംബന്ധിച്ച തെറ്റായ വിശ്വാസങ്ങളെ ബോധവത്കരണത്തിലൂടെ മാറ്റിയെടുത്തതിന്റെ ശേഷമാണ് അവര്‍ക്ക് പഠനം തുടരാനായത്. എയിഡ്‌സ് രോഗം പകരുന്നത് സംബന്ധിച്ച ശരിയായ ശാസ്ത്രീയബോധം ഉണ്ടാക്കിയെടുത്തുകൊണ്ടാണ് ശാസ്ത്രത്തെ സംബന്ധിച്ച ഒരു തെറ്റായ വിശ്വാസം ഇല്ലാതാക്കിയത്. അതുപോലെ, കാന്‍സര്‍ രോഗം പകരുന്നതു സംബന്ധിച്ചും തെറ്റായ വിശ്വാസങ്ങളുണ്ടായിരുന്നു. മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്ര, വൈജ്ഞാനിക മേഖലകളിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് അമേരിക്കന്‍ എഴുത്തുകാരനായ ജോണ്‍ സ്‌റ്റോസല്‍ ഒരു പുസ്തകം (Myths, Lies and Downright Stupidity) തയാറാക്കിയിരുന്നു. സുഊദിയിലെ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍, ഖുറാഫാത്ത് വ അകാദീബ് (അന്ധവിശ്വാസങ്ങളും കളവുകളും) എന്ന തലക്കെട്ടില്‍ അതിന്റെ അറബി പതിപ്പ് പുറത്തിറക്കിയിരുന്നു. പ്രസ്തുത പുസ്തകത്തില്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വിവിധ ശാസ്ത്ര മേഖലകളിലെ തെറ്റായ വിശ്വാസങ്ങളെ തുറന്നുകാണിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ കാര്യത്തില്‍ നാം 'തെറ്റിദ്ധാരണകള്‍' എന്നുവിളിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് മതത്തിന്റെ വിഷയത്തിലുമുള്ളത്. മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് അതിന്റെ പേരില്‍ പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളെല്ലാം തന്നെ. ഇസ്‌ലാമിനെയും അതിന്റെ പ്രമാണങ്ങളെയും, പ്രമാണങ്ങളില്‍നിന്ന് മതവിധികള്‍ നിര്‍ധാരണം ചെയ്യുന്നതിനെയും കുറിച്ചുള്ള ശരിയായ അറിവ് നല്‍കുകയാണ് അന്ധവിശ്വാസങ്ങളില്‍നിന്ന് മോചിപ്പിക്കാനുള്ള ഒരു വഴി.
യുക്തിഭദ്രമല്ലാത്ത വിശ്വാസവും വിശ്വാസമില്ലാത്ത യുക്തിയും ഒരുപോലെ പ്രതിലോമകരമാണ്. മനസ്സില്‍ മാലിന്യമടിഞ്ഞുകൂടുന്നതിനെ സംബന്ധിച്ചും അല്ലാഹുവിന്റെ നിന്ദ്യത വന്നുഭവിക്കുന്നതിനെക്കുറിച്ചും ഖുര്‍ആനില്‍ പ്രതിപാദിക്കുന്നുണ്ട്. സൂറഃ അല്‍ അന്‍ആമിലും (6:125) സൂറഃ യൂനുസിലും (10:100) നിന്ദ്യതയുണ്ടാവുന്ന രണ്ട് വിഭാഗങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. ഈ രണ്ട് ആയത്തിലും നിന്ദ്യത, ശിക്ഷ, നികൃഷ്ടത എന്നൊക്കെ അര്‍ഥം വരുന്ന രിജ്‌സ് എന്ന ഒരേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ആയത്തിലും കാരണമായി സൂചിപ്പിച്ചിരിക്കുന്നത് രണ്ട് കാര്യങ്ങളുമാണ്. സൂറഃ അന്‍ആമില്‍ വിശ്വാസമില്ലാത്തതും സൂറഃ യൂനുസില്‍ ചിന്തിക്കാത്തതുമാണ് രിജ്‌സിനുള്ള കാരണങ്ങളായി പരിചയപ്പെടുത്തുന്നത്. അഥവാ ചിന്ത കൊണ്ട് ഭദ്രമാക്കപ്പെട്ട വിശ്വാസവും വിശ്വാസം കൊണ്ട് പൂര്‍ണത കൈവന്ന ചിന്തയുമാണ് ഇസ്‌ലാമിക ദര്‍ശനങ്ങളിലെല്ലാമുള്ളത്. ബുദ്ധി ഉപയോഗിക്കാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന നിരവധി വചനങ്ങള്‍ കാണാന്‍ സാധിക്കും (2:164, 5:58, 13:4, 16:12). ഈ വചനങ്ങളിലെല്ലാം തന്നെ ബുദ്ധി എന്ന അര്‍ഥത്തിലുള്ള അഖ്ല്‍ എന്ന പദത്തിന്റെ ബഹുവചന രൂപമാണ് ഉപയോഗിച്ചിരിക്കുന്നത്. ഖൗമുന്‍ യഅ്ഖിലൂന/ ലാ യഅ്ഖിലൂന (ചിന്തിക്കുന്ന സമൂഹം/ചിന്തിക്കാത്ത സമൂഹം) എന്നാണുപയോഗിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് ഡോ. ഇബ്‌റാഹീം കലിന്‍ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: ബുദ്ധിയെ ഖുര്‍ആന്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് കേവല വൈയക്തിക വ്യവഹാരങ്ങളിലല്ല, മറിച്ച് വിശാലമായ ഒരു പ്രകരണത്തിലാണ്. അതുകൊണ്ടാണ് ചിന്തിക്കുന്ന സമൂഹം എന്ന അര്‍ഥത്തിലുള്ള ബഹുവചന രൂപം (ജംഅ്) ഉപയോഗിച്ചിരിക്കുന്നത്. ഖുര്‍ആനിന്റെ ഭാഷയിലെ ബുദ്ധിയെ A Non Subjectivist Ontology of Reason എന്നാണ് കലിന്‍ പരിചയപ്പെടുത്തുന്നത് (Reason and Rationaltiy in the Qur’an, Dr Ibrahim Kalin). ആത്മനിഷ്ഠമല്ലാത്ത അസ്തിത്വാനേഷണ മാര്‍ഗം എന്ന നിലയില്‍ ബൃഹദ് പദ്ധതിയായാണ് ബുദ്ധിയെ ഇസ്‌ലാം ഫ്രെയിം ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് 'നിങ്ങള്‍ ചിന്തിക്കുന്നില്ലേ' എന്ന് ഖുര്‍ആന്‍ ഇടക്കിടെ ആവര്‍ത്തിക്കുന്നത്. അതീന്ദ്രിയ ജ്ഞാനങ്ങള്‍ കൊണ്ടാണ് യുക്തിഭദ്രത കൈവരുന്നത്. വെളിപാടുകള്‍ എങ്ങനെയാണ് യുക്തിഭദ്രതക്ക് കാരണമാവുന്നത് എന്നത് അഗാധതല സ്പര്‍ശിയായ ഒരു വിഷയമാണ്. ഇന്ദ്രിയഗോചരമാകുന്ന ഈ ലോകത്തെ എല്ലാ കാര്യങ്ങളും ആരോഹണ/അവരോഹണക്രമത്തില്‍ ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. ഒരു ഇനത്തിന്റെ അവസാന ഘട്ടം തൊട്ടടുത്തുള്ള ഘട്ടത്തിന്റെ ആദ്യ ഇനത്തോട് വിചിത്രമായ രീതിയില്‍ ചേര്‍ന്നുനില്‍ക്കുന്നുണ്ട്. ഗണിത ശാസ്ത്രത്തില്‍, തിയറി ഓഫ് മാത്തമാറ്റിക്കല്‍ കണ്ട്യൂനിറ്റി കൊണ്ടാണ് അത് വിശദീകരിക്കാറുള്ളത്. മറ്റുള്ളവയെ പോലെ തന്നെ മനുഷ്യന്റെ ആത്മാവിനും ക്രമാനുഗതികത്വം അനുസരിച്ച് അടുത്ത ഘട്ടവുമായി ബന്ധപ്പെടാന്‍ സാധിക്കും. രണ്ട് ഭാഗങ്ങളിലേക്കാണ് അതിന് ബന്ധപ്പെടാനുള്ളത്. ഒന്ന്, താഴേക്ക് മനുഷ്യശരീരത്തോട്. അതിലൂടെ പഞ്ചേന്ദ്രിയസിദ്ധമായ അറിവുകള്‍ കരഗതമാക്കാനും ബുദ്ധിയെ വികസിപ്പിക്കാനും സാധിക്കും. രണ്ട്, അതിന് മുകളിലേക്ക് ദിവ്യവെളിപാടുകളുടെ ലോകത്തേക്ക് ബന്ധപ്പെടാനും മനുഷ്യാത്മാവിന് സാധിക്കും. ആ ദൗത്യമാണ് പ്രവാചകന്മാര്‍ മുഖേന അല്ലാഹു സാധിപ്പിച്ചത്. സ്ഥലകാലങ്ങളുടെ ആപേക്ഷികതയില്‍ മനുഷ്യബുദ്ധി തടഞ്ഞുപോവുന്നതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കാലത്തിന് അതീതമായി നിലകൊള്ളാനും ദിവ്യ വെളിപാടുകള്‍ക്ക് സാധിക്കുന്നു. പ്രവാചകത്വത്തിന്റെ ഈ പ്രസക്തിയെക്കുറിച്ച് ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമയില്‍ വിശദീകരിക്കുന്നുണ്ട്. ഇതാണ് പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത മതം. എന്നാല്‍ യുക്തിഭദ്രമല്ലാത്ത, അന്ധവിശ്വാസങ്ങളുടെ ലോകമാണ് പൗരോഹിത്യ മതം. പ്രവാചക മതത്തെയും പൗരോഹിത്യ മതത്തെയും രണ്ടായി ഗണിച്ചുകൊണ്ട് മതം മതത്തിനെതിരെ നില്‍ക്കുന്ന സാഹചര്യത്തെക്കുറിച്ച് അലി ശരീഅത്തി സംസാരിക്കുന്നുണ്ട്.
ചിന്ത കടന്നുചെന്നിട്ടുള്ള ഒരു സമൂഹത്തിലും അന്ധവിശ്വാസങ്ങള്‍ വേരുറക്കില്ല എന്നതൊരു യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ പൗരോഹിത്യം അന്ധവിശ്വാസ വിപണനത്തിന് വേണ്ടി ആദ്യമായി ചങ്ങലക്കിട്ടത് ചിന്തയെയാണ്. പ്രമാണങ്ങളെ വരെ ഇഷ്ടത്തിനൊത്ത് വളച്ചൊടിക്കണമെങ്കില്‍ ചിന്തയെ പൂട്ടിയിടുക അനിവാര്യമാണ്. മതവും യുക്തിയും വിരുദ്ധ ധ്രുവങ്ങളിലാണെന്ന് സ്ഥാപിക്കേണ്ടത് യൂറോപ്യന്‍ ജ്ഞാനോദയ പ്രോജക്ടിന്റെ താല്‍പ്പര്യമാണ്. ഇസ്‌ലാമിക വ്യവഹാരങ്ങളില്‍നിന്ന് ചിന്തയെ പാടേ മാറ്റിനിര്‍ത്തുന്നതിലൂടെ വിജയിക്കുന്നത് പൗരോഹിത്യത്തിന്റെ ഇഷ്ടങ്ങളാണ്. ശരിയായ വിശ്വാസം പകര്‍ന്നുനല്‍കുകയും ജീര്‍ണതക്കും മതനിഷേധത്തിനും മധ്യേ നിലകൊള്ളുകയും ചെയ്യുകയാണ് അന്ധവിശ്വാസമുക്തമായ ഒരു സമൂഹ സൃഷ്ടിയുടെ ആദ്യപടി.
പുതുകാല അന്ധവിശ്വാസങ്ങള്‍
ഏതു കാലത്തെ അന്ധവിശ്വാസങ്ങളാണെങ്കിലും അവക്കെല്ലാമുള്ള പൊതു സവിശേഷത അത് ദുര്‍ബല വിശ്വാസികളെ ചൂഷണം ചെയ്യുന്നുവെന്നതാണ്. എല്ലാ മതവിശ്വാസികള്‍ക്കിടയിലും ഇത്തരം പൗരോഹിത്യ പ്രവണതകള്‍ ശക്തമാണ്. മുസ്‌ലിംകളും അതില്‍നിന്ന് ഒഴിവാകുന്നില്ല. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ഒരു ക്ഷേത്രം ഈ പരീക്ഷാകാലത്ത് അവതരിപ്പിച്ച ഒന്നായിരുന്നു പരീക്ഷ ജയിക്കാനുള്ള പേന. രണ്ടായിരം രൂപയുടെ അടുത്ത് വില വരുന്ന പേന ഉപയോഗിച്ച് പരീക്ഷ എഴുതിയാല്‍ വിജയം ഉറപ്പാണത്രെ. പരാജയപ്പെട്ടാല്‍ പണം തിരികെ നല്‍കുമെന്നും വാഗ്ദാനമുണ്ട്. പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികളെ ചൂഷണം ചെയ്യാന്‍ വളരെ എളുപ്പത്തില്‍ സാധിക്കും. ഏറെ ചര്‍ച്ചയായ ബോളിവുഡ് ചിത്രമായ 'പി.കെ' ഈ പരീക്ഷാ കേന്ദ്രീകൃത ചൂഷണത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്നുണ്ട്. ഗുജറാത്തിലേക്ക് പോകേണ്ടതില്ല, നമ്മുടെ കേരളത്തില്‍തന്നെ മന്ത്രിച്ചൂതിയ പരീക്ഷാ കിറ്റ് വില്‍പ്പന നടത്തിയത് മുസ്‌ലിം പണ്ഡിതരെ വാര്‍ത്തെടുക്കാന്‍ നിയുക്തമാക്കപ്പെട്ട കലാലയങ്ങളില്‍നിന്നാണ്. അത്തരം കലാലയങ്ങളില്‍ പഠിക്കുന്നവര്‍, ബിരുദം നേടാന്‍ കിതാബ് പഠിച്ച് ബുദ്ധിമുട്ടേണ്ടതില്ല, മറിച്ച് മന്ത്രിച്ചൂതിയ പേന കൈവശപ്പെടുത്തിയാല്‍ മതിയെന്നാണോ അത് നല്‍കുന്ന സന്ദേശം?! പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ഥികളെയാണ് പലപ്പോഴും ഈ ചൂഷകര്‍ ലക്ഷ്യമിടുന്നത്. കരിയറിന് പ്രാധാന്യം നല്‍കുന്ന ഒരു തലമുറയെ അന്ധവിശ്വാസത്തിലേക്ക് നയിക്കാന്‍ കിട്ടാവുന്ന വഴികള്‍ ഉപയോഗപ്പെടുത്തുന്നു എന്നു മാത്രം. മനുഷ്യമനസ്സിന്റെ ആകാംക്ഷയും നിസ്സഹായതയും ഭയവുമാണ് ചൂഷകര്‍ക്കുള്ള മുതല്‍ക്കൂട്ട്. അതുകൊണ്ടുതന്നെ നിര്‍ഭയത്വമുള്ള വിശ്വാസം നല്‍കുക മാത്രമാണ് വഴി. ഈമാന്‍ എന്ന് പറഞ്ഞാല്‍ തന്നെ അതാണല്ലോ.
അന്ധവിശ്വാസങ്ങള്‍ക്ക് അറബിഭാഷയില്‍ ഖുറാഫാത്ത് എന്ന പദമാണ് ഉപയോഗിക്കാറ്. 'ഖുറാഫത്ത്' എന്ന പദോല്‍പ്പത്തിയെ സംബന്ധിച്ച് ലിസാനുല്‍ അറബില്‍ ഒരു കഥ പറയുന്നുണ്ട്. ബനൂ ഉദ്‌റ ഗോത്രക്കാരനായ ഖുറാഫത്ത് എന്ന പേരുള്ള വ്യക്തിയെ ജിന്ന് തട്ടിക്കൊണ്ടുപോവുകയും അദ്ദേഹം മടങ്ങിവന്നതിനു ശേഷം വിചിത്രമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തുവെന്നതാണ് കഥ. അതിനു ശേഷം കളവ് പറഞ്ഞുനടക്കുന്നവരെക്കുറിച്ച് ഖുറാഫത്തിന്റെ സംസാരം എന്നായിരുന്നു ആ ഗോത്രക്കാര്‍ വിളിച്ചിരുന്നത്. അതില്‍നിന്നാണ് യുക്തിഹീനമായ ഇത്തരം അന്ധവിശ്വാസങ്ങളെ പരിചയപ്പെടുത്താന്‍ ഖുറാഫത്ത് എന്ന പദം ഉപയോഗിച്ചു തുടങ്ങിയതെന്ന് ലിസാനുല്‍ അറബ് രേഖപ്പെടുത്തുന്നു. അഥവാ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളുടെയും ആണിക്കല്ല്, ജിന്ന് പല കോലത്തില്‍ പ്രത്യക്ഷപ്പെടുമെന്നും അത് മനുഷ്യശരീരത്തില്‍ പ്രവേശിച്ചുകൊണ്ട് തോന്നിയതുപോലെ പ്രവര്‍ത്തിക്കുമെന്നുമുള്ള തെറ്റിദ്ധാരണയാണ്. അതിനെ തിരുത്തിക്കൊണ്ട് മാത്രമേ അന്ധവിശ്വാസങ്ങളെ ചെറുക്കാനാകൂ.
ജിന്ന്ബാധ, അടിച്ചിറക്കല്‍ തുടങ്ങിയ അന്ധവിശ്വാസാനാചാരങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ ഏതാണ്ട് അവസാനിച്ചിരുന്നു. പകരം, നിര്‍ഭയത്വമുള്ള വിശ്വാസം കൈവരിക്കുകയാണുണ്ടായിരുന്നത്. എന്നാല്‍ ഇടക്കാലത്തുണ്ടായ ജിന്ന് ചികിത്സയും മരണങ്ങളും അന്ധവിശ്വാസങ്ങളുടെ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്. അദൃശ്യലോകത്തുള്ള ജീവിതങ്ങളെ അവലംബമാക്കിയാണ് ഈ അന്ധവിശ്വാസങ്ങളെല്ലാം തന്നെ ശക്തിപ്പെടുന്നത്. മാരണം, ആഭിചാരം, ക്ഷുദ്രക്രിയ തുടങ്ങിയ പ്രവൃത്തികര്‍ ചെയ്യുന്നവരും അവകാശപ്പെടുന്നത് തങ്ങള്‍ ജിന്നിനെ കീഴ്‌പ്പെടുത്തിക്കൊണ്ട് കാര്യങ്ങള്‍ സാധിക്കുന്നുവെന്നാണ്. അസ്മാഅ്, തല്‍സമാത്ത് തുടങ്ങിയ പേരുകളില്‍ വിവിധ ഉപകാരങ്ങള്‍ ചെയ്തുകൊടുക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഈയിടെ ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയുണ്ടായി. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം സ്‌നേഹമുണ്ടാകാന്‍, സന്താന സൗഭാഗ്യത്തിന്, ജോലി ലഭിക്കാന്‍, പരദൂഷണം പറഞ്ഞ് നടക്കുന്നവരുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാന്‍, സിഹ്ര്‍ ബാത്വിലാക്കാന്‍, ദാരിദ്ര്യം മാറാന്‍, കളവ് പോയ സാധനം തിരിച്ചു കിട്ടാന്‍, പറമ്പ് വിറ്റുപോവാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി തല്‍സമാത്തിന്റെയും അസ്മാഇന്റെയും പണി ആവശ്യമുള്ളവര്‍ സമീപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റര്‍. ഒരു അന്ധവിശ്വാസം സ്ഥാപിക്കുകയും അതിന് മുകളില്‍ മറ്റ് അന്ധവിശ്വാസങ്ങള്‍ സമര്‍ഥമായി വിറ്റഴിക്കുകയുമാണിവിടെ ചെയ്യുന്നത്. ജിന്ന് വര്‍ഗത്തെ സ്വാധീനിച്ച് ഈ കാര്യങ്ങളൊക്കെ നേടിയെടുക്കുമെന്നാണ് അവകാശവാദം. ഈ ക്ഷുദ്രക്രിയകള്‍ ചെയ്യുന്നത് ദൃശ്യവും ഭൗതികവുമായ ഒരു പ്രതിഭാസത്തെ സ്വാധീനിച്ചുകൊണ്ടാണ് എന്ന് അവര്‍ അവകാശപ്പെടില്ല. അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടാണ് ഈ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാക്കുന്നത് എന്നും അവര്‍ അവകാശപ്പെടില്ല. കാരണം, അല്ലാഹു സമീപസ്ഥനാണെന്നും നിങ്ങള്‍ എന്നോട് നേരിട്ട് ചോദിച്ചോളൂ എന്നും ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ടല്ലോ. അതുകൊണ്ട് അത് എല്ലാവര്‍ക്കും സാധ്യമായ കാര്യമാണ്. എന്നാല്‍ എല്ലാവര്‍ക്കും സാധ്യമാകാത്ത വിധം, അല്ലാഹുവിന്റെ തന്നെ മറ്റു സൃഷ്ടികളെ ഉപയോഗപ്പെടുത്താന്‍ ചിലര്‍ക്ക് കഴിയുമെന്ന അന്ധവിശ്വാസത്തിലാണ് പ്രശ്‌നത്തിന്റെ കാതല്‍. അതായത്, ജിന്നിനെ കീഴ്‌പ്പെടുത്താനും സ്വാധീനിക്കാനും അതുവഴി മറ്റു മനുഷ്യരുടെ കാര്യങ്ങളില്‍ ഇടപെടാനും സാധിക്കുമെന്ന അന്ധവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് മേല്‍പറഞ്ഞ ചൂഷണങ്ങളെല്ലാം നിലകൊള്ളുന്നത്. ഇന്ന്, നവോത്ഥാന പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ചിലരെങ്കിലും ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പ്രാമാണികമായ തെളിവുണ്ടാക്കാന്‍ ഓടിനടക്കുന്നുവെന്നത് സാഹചര്യത്തിന്റെ ഗൗരവം കൂടുതല്‍ ബോധ്യപ്പെടുത്തുന്നു. പാരമ്പര്യമായി കേരള മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന സമാനസ്വഭാവത്തിലുള്ള നിരവധി അന്ധവിശ്വാസങ്ങളെ പ്രാമാണികമായും യുക്തിപരമായും നേരിട്ടാണ്, അതിന് വ്യാപനം ഇല്ലാതാക്കിയത്. നിര്‍ഭയത്വം പ്രദാനം ചെയ്യുന്നതും യുക്തിഭദ്രവുമായ വിശ്വാസം കൊണ്ട് മാത്രമേ അന്ധവിശ്വാസങ്ങളെ തടയാനാവൂ.
അതോടൊപ്പം, അന്ധവിശ്വാസങ്ങളുടെ ചുവടുപിടിച്ച് നടക്കുന്ന ജീവഹാനി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറെ ഗൗരവത്തോടെ സമീപിക്കേണ്ട ഒന്നാണ്. ജിന്ന് ചികിത്സയുടെ ഫലമായി ജീവന്‍ നഷ്ടപ്പെട്ട ഒന്നിലധികം സംഭവങ്ങളെയും നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തെയും കേരളത്തിലെ ഒട്ടുമിക്ക മുസ്‌ലിം സംഘടനകളും ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. എന്നിട്ടും ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് എങ്ങനെ കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ വേരോട്ടമുണ്ടാകുന്നുവെന്നത് ആലോചിക്കേണ്ടതുണ്ട്. ആത്മീയ വാണിഭ കേന്ദ്രങ്ങളിലേക്കും ജിന്ന് ചികിത്സാ കേന്ദ്രങ്ങളിലേക്കും മുസ്‌ലിംകളെ എത്തിക്കുന്നതില്‍ നിര്‍ഭയത്വമില്ലാത്ത വിശ്വാസത്തിന് വലിയ പങ്കുണ്ട്. ഈയൊരു സാഹചര്യത്തിലാണ് പൗരന്മാരുടെ ജീവന്‍, അഭിമാനം, സ്വത്ത് എന്നിവക്ക് ഭീഷണിയായ അന്ധവിശ്വാസ ചൂഷണങ്ങളെയും അതിന്റെ മാര്‍ഗങ്ങളെയും നിയമം മൂലം നിരോധിക്കണമെന്ന ആവശ്യം പ്രസക്തമാകുന്നത്.
Comments