Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 10

2988

1438 ജമാദുല്‍ അവ്വല്‍ 13

വിജയിക്കേണ്ട പ്രസ്ഥാനത്തിന് വേണ്ടത്

പി.പി അബ്ദുല്ലത്വീഫ്, പൂളപ്പൊയില്‍

മനുഷ്യരുടെ ഊഹങ്ങളെയും അറിവില്ലായ്മയെയും അതിജയിച്ച് മാനവികതക്കായി ഭൂമിയില്‍ സ്ഥാപിതമാകേണ്ടതാണ് ദൈവിക ആദര്‍ശ ജീവിത വ്യവസ്ഥ. ചരിത്രത്തിലുടനീളം ആഗതരായ പ്രവാചകന്മാരുടെ ദൗത്യം ആ ജീവിത വ്യവസ്ഥയിലേക്ക് ജനങ്ങളെ ക്ഷണിക്കുക എന്നതായിരുന്നു. ആ പ്രവാചകാധ്യാപനങ്ങള്‍ നെഞ്ചിലേറ്റി ഭൂമിയിലത് സ്ഥാപിക്കുവാന്‍ യത്‌നിക്കുക എന്നതാണ് അവരെ പിന്തുടരുന്ന ജനതയുടെയും ഉത്തരവാദിത്തം. 

''ആ അല്ലാഹു തന്നെയാകുന്നു സന്മാര്‍ഗവും സത്യദീനുമായി തന്റെ ദൂതനെ അയച്ചത്; സകല ദീനിന്മേലും അതിനെ വിജയിപ്പിക്കാന്‍. ഈ യാഥാര്‍ഥ്യത്തിന് അല്ലാഹുവിന്റെ സാക്ഷ്യം മതിയായതാകുന്നു'' (ഖുര്‍ആന്‍ 48:28).

''നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ നിന്നിലേക്കയച്ചിട്ടുള്ളതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ദീനിനെത്തന്നെ നിങ്ങള്‍ക്ക് നിയമിച്ചുതന്നിരിക്കുന്നു; ഈ ദീനിനെ നിലനിര്‍ത്തുവിന്‍, അതില്‍ ഭിന്നിക്കരുത് എന്ന താക്കീതോടുകൂടി'' (ഖുര്‍ആന്‍ 42:13). 

ഇതര മതങ്ങളെപ്പോലെ കേവലം ആചാരാനുഷ്ഠാനങ്ങളില്‍ പരിമിതമായ ഒരു മതമായി ഇസ്‌ലാമിനെയും പരിചയിച്ചുകൊണ്ടിരിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ മനുഷ്യജീവിതത്തെ സമൂലം നിര്‍വചിക്കുന്ന ഒരു ആദര്‍ശ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം. ആത്മീയത മുതല്‍, വ്യക്തി, കുടുംബം, രാഷ്ട്രീയം, സാമ്പത്തികം, പെരുമാറ്റം, സ്വഭാവം തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ടതെല്ലാം  എങ്ങിനെയായിരിക്കണമെന്നു നിര്‍വചിക്കുകയും, അതനുസരിച്ചു  ഭൂമിയിലെ മനുഷ്യ ജീവിതം ചിട്ടപ്പെടുത്തി സുന്ദരമായ ഒരു നാഗരികത പടുത്തുയര്‍ത്തുകയുമാണ് ലക്ഷ്യം. ഊഹങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അവസരം കൊടുക്കാതെ മനുഷ്യനു വേണ്ടതെന്തെന്ന് കൃത്യമായ അറിവുള്ള അവന്റെ, സ്രഷ്ടാവായ ദൈവത്തിന്റെ, വെളിപാടാണല്ലോ ഖുര്‍ആനികാധ്യാപനങ്ങള്‍. അന്ധകാരത്തിനും അജ്ഞതക്കും മേല്‍ അതിജയിക്കേണ്ട ഇസ്‌ലാമിക ജീവിത വ്യവസ്ഥ കേവലം ആചാരാനുഷ്ഠാനങ്ങളിലൂടെ ഭൂമിയില്‍ സാധ്യമാകുമോ? മുസ്‌ലിം സമുദായം തങ്ങളുടെ കൈയിലുള്ള വിശ്വാസത്തോട് എന്തു സമീപനമാണ് സ്വീകരിക്കേണ്ടത്?

ഭൂമിയില്‍ വിജയിക്കേണ്ട ഒരു ആദര്‍ശ പ്രസ്ഥാനത്തിന് താഴെ പറയുന്ന ആറ് കാര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്: 

1. ആദര്‍ശജീവിത വിശുദ്ധി 

2. ലക്ഷ്യനിര്‍ണയം

3. ആസൂത്രണം 

4. പ്രവര്‍ത്തനം 

5. അവലോകനം 

6. ആത്മവിശ്വാസം 

 

ആദര്‍ശജീവിത വിശുദ്ധി 

വിശുദ്ധമായ ഒരു ആദര്‍ശത്തിനു മാത്രമേ നിലനില്‍ക്കാനുള്ള അര്‍ഹത പ്രകൃതി നല്‍കുന്നുള്ളൂ. മനുഷ്യന്റെ ശുദ്ധപ്രകൃതിയോട് പൊരുത്തപ്പെട്ടു പോകാത്ത ഏത് ആദര്‍ശത്തിനും ചിന്താധാരക്കും അധികകാലം പിടിച്ചു നില്‍ക്കാനാവില്ല. സത്യത്തോടും, ധര്‍മത്തോടും, യുക്തിയോടും, നൈതികതയോടും അതിന് താദാത്മ്യപ്പെടാന്‍ കഴിയണം. മനുഷ്യന്റെ ഉപബോധമനസ്സിന് ആദര്‍ശത്തിന്റെ വിശുദ്ധി തിരിച്ചറിയാന്‍ കഴിയണം. ആദര്‍ശ വിശുദ്ധി കാത്തുസൂക്ഷിക്കാത്ത, മാനവികതയുടെ പക്ഷത്തു നില്‍ക്കാത്ത, സങ്കുചിത  നശീകരണ സ്വഭാവമുള്ള ഏതു കൂട്ടായ്മക്കും അധിക കാലം നിലനില്‍ക്കാന്‍ കഴിയില്ല. 

ആദര്‍ശം എത്രമാത്രം വിശുദ്ധമാണോ അത്രമേല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ആ ആദര്‍ശം പ്രചരിപ്പിക്കുന്നവരുടെ ജീവിത വിശുദ്ധിയും. പ്രചാരകരുടെ ജീവിത വിശുദ്ധിയാണ് ആദര്‍ശത്തിന്റെ പ്രായോഗിക ഭൂമിയില്‍ പ്രതിഫലിക്കുക. അക്രമത്തിലൂടെയും, ചതിയിലൂടെയും സ്ഥായിയായി നില്‍ക്കേണ്ട ഒരു ആദര്‍ശത്തെ സ്ഥാപിക്കാന്‍ കഴിയില്ല. ജീവിത വിശുദ്ധിയില്ലാത്ത പതിനായിരങ്ങള്‍ക്ക് സാധ്യമാകാത്തത് ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുന്ന വിരലിലെണ്ണാവുന്നവര്‍ക്ക് സാധ്യമാകും എന്നതിന് കാലം സാക്ഷിയാണ്. പുറത്തേക്കാള്‍ അകമാണ് വിശുദ്ധമാകേണ്ടത്. വിതച്ചതേ കൊയ്യൂ, വിശുദ്ധികൊണ്ടേ വിശുദ്ധി കൊയ്യാന്‍ കഴിയൂ. 

 

ലക്ഷ്യനിര്‍ണയം 

ഇസ്‌ലാമിക പ്രസ്ഥാനം എന്താണ് ആത്യന്തികമായി ലക്ഷ്യം വെക്കുന്നതെന്ന് കൃത്യമായി  ആദ്യമേ  നിര്‍ണയിക്കേണ്ടതുണ്ട്. സംഘടനയെയും കൂട്ടായ്മയെയും നിര്‍ണയിക്കുന്നത് ഈ ലക്ഷ്യമാണ്. ലക്ഷ്യത്തെക്കുറിച്ച കൃത്യമായ ധാരണയില്ലാത്തവര്‍ക്ക് സര്‍ഗാത്മകമായി മുന്നോട്ടു പോകാനോ കൂടെയുള്ളവരെ ഏകോപിപ്പിച്ച് ആ ലക്ഷ്യത്തിലേക്ക് പ്രചോദിപ്പിക്കാനോ കഴിയില്ല. ലക്ഷ്യത്തെക്കുറിച്ച് കൃത്യതയില്ലാത്തവര്‍ ഇടക്കു വെച്ച് ആശയക്കുഴപ്പത്തിലാവുകയും സംഘടനയുടെ  സ്ഥാപിത ലക്ഷ്യം മറന്ന് നിലനില്‍പ്പിനെ ന്യായീകരിക്കാനെന്നവണ്ണം പുതിയ ലക്ഷ്യങ്ങളന്വേഷിക്കുകയും ചെയ്യും.  ഇങ്ങനെ ലക്ഷ്യം മറന്നവരെ മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ വഴിതെറ്റിക്കാനാകും. അവര്‍ മറ്റുള്ളവരുടെ ഇരകളോ ചട്ടുകങ്ങളോ ആയിത്തീരാം. സമൂഹ നിര്‍മിതിയില്‍ മഹത്തായ സംഭാവന നല്‍കാന്‍ കഴിവുള്ള നിരവധി പേര്‍, ശത്രുവിന്റെ കെണിയില്‍ വീണുപോകുന്നത് കാണാം. ചിലര്‍ പരസ്യമായി ഇസ്‌ലാമിന്റെ ശത്രുക്കളായി മാറുന്നുവെങ്കില്‍ മറ്റു ചിലര്‍ പരോക്ഷമായി ഇസ്‌ലാമിന്റെ നാശത്തിനായി പ്രവര്‍ത്തിക്കുന്നു. അഥവാ തന്റെ കഴിവുകളെ ഇസ്‌ലാമിനും സമൂഹത്തിനും വേണ്ടി ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ അയാളുടെ മുന്നില്‍ നിര്‍ണയിക്കപ്പെട്ട ഒരു ലക്ഷ്യമില്ല എന്നത് നാം ഇന്നു കാണുന്ന വലിയ ഒരു ദുരന്തമാണ്. അങ്ങിനെ ജീവിത നിയോഗം മറന്നവര്‍ പലരുടെയും ചട്ടുകമാകേണ്ടി വരുന്നു.

ചെറിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി വലിയ ലക്ഷ്യത്തിലേക്ക് എത്താമെന്നു കരുതുന്നതിനേക്കാള്‍ നല്ലത് കൈവരിക്കേണ്ട വലിയ ലക്ഷ്യത്തെ കൃത്യമായി കാന്‍വാസില്‍ കാണുകയാണ്. എന്നിട്ട് കര്‍മങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിച്ച് ചെറു ലക്ഷ്യങ്ങള്‍ ഓരോന്നായി പൂര്‍ത്തീകരിച്ച് വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുക. ചെറിയ ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക്  സമൂഹത്തിന്റെയും കാലത്തിന്റെയും മാറ്റമനുസരിച്ചു പെട്ടെന്ന് മാറാനോ പ്രതികരിക്കാനോ കഴിയാതെ വരും. മാത്രമല്ല,  തങ്ങളുടെ ചെറിയ ലക്ഷ്യങ്ങള്‍ ചിലപ്പോള്‍ അപ്രസക്തമായിപ്പോവുകയും ചെയ്‌തേക്കാം. ചെറിയ ലക്ഷ്യങ്ങള്‍ നേടിക്കഴിഞ്ഞാല്‍തന്നെ അടുത്ത ലക്ഷ്യം നിര്‍ണയിക്കാന്‍ സംഘടന വീണ്ടും പുതിയ ലക്ഷ്യനിര്‍ണയം നടത്തേണ്ടിവരും. അപ്പോഴേക്കും  അടുത്ത ലക്ഷ്യത്തിനായി നിലവിലുള്ള സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളുടെ കൂടെ അതിന്റെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കഴിഞ്ഞിട്ടുമുണ്ടാകും. 

ഇസ്‌ലാം മനുഷ്യജീവിതത്തെ സമൂലം നിര്‍വചിക്കുന്ന ഒരു ആദര്‍ശ ജീവിത വ്യവസ്ഥയാണെന്ന വലിയ ചിത്രം പ്രസ്ഥാന പ്രവര്‍ത്തകരുടെ മുന്നിലുണ്ടാവണം. വ്യക്തി, കുടുംബം, രാഷ്ട്രീയം, സാമ്പത്തികം, കൊള്ളക്കൊടുക്കകള്‍, പെരുമാറ്റം, സ്വഭാവം തുടങ്ങി എല്ലാ മേഖലകളിലുമുള്ള മുഴുവന്‍ ഇസ്‌ലാമിക അധ്യാപനങ്ങളും വ്യക്തിയിലും, സമൂഹത്തിലും സാക്ഷാത്കരിക്കുക എന്ന വലിയ ലക്ഷ്യത്തെയാണ് മുന്നില്‍ കാണേണ്ടത്. അങ്ങനെയുള്ള വലിയ ലക്ഷ്യസാക്ഷാല്‍കാരത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ മനുഷ്യ നന്മയില്‍ വിശ്വസിക്കുന്ന എല്ലാവരേയും സഹകരിപ്പിക്കാനും അവരുടെതായ കഴിവുകളെ പ്രയോജനപ്പെടുത്തുവാനും കഴിയും. 

 

ലക്ഷ്യവും മാര്‍ഗവും 

ഭൗതികവാദികള്‍ പറയും പോലെ, ഇസ്‌ലാമില്‍ ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കില്ല. ലക്ഷ്യം എത്രമാത്രം മാനവികവും നിര്‍മലവുമാണോ അതുപോലെ ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗവും സംശുദ്ധമായിരിക്കണം. അതുകൊണ്ട് ലക്ഷ്യത്തിലെത്താന്‍ കുറുക്കുവഴികളോ, അക്രമമോ, അനീതിയോ, അട്ടിമറിയോ ഒന്നും അനുവദനീയമല്ല. പൂര്‍വികര്‍ കാണിച്ചു തന്ന അതിന്റെ വഴി ക്ഷമയുടെയും സഹനത്തിന്റെയും, സമര്‍പ്പണത്തിന്റെയും ആത്മബലിയുടേതുമാണ്. ആ വഴി പ്രയാസമേറിയതും, പരീക്ഷണങ്ങള്‍ നിറഞ്ഞതുമായിരിക്കും. ഭരണകൂടത്തിന്റെയും, അജ്ഞതയെ പുല്‍കിയ സമൂഹത്തിന്റെയും ക്രൂര വേട്ടക്ക് അവര്‍ വിധേയമായേക്കാം. 

നബി തിരുമേനി മക്കയില്‍ ഇസ്‌ലാമിക പ്രബോധനം ആരംഭിച്ചപ്പോള്‍ അതിലേക്ക് ആദ്യം കടന്നുവന്നത് ഭൗതികമായ എല്ലാ അര്‍ഥത്തിലും ദുര്‍ബലരായവരായിരുന്നു. അവര്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായി. 20 വയസ്സ് പൂര്‍ത്തിയാകാത്ത ഖബ്ബാബ് (റ) ആയിരുന്നു അതില്‍ മക്കയിലെ പ്രമാണിമാരുടെ അതിക്രൂര പീഡനത്തിനു ഇരയായ ഒരു വിശ്വാസി. മുഹമ്മദ് നബിയില്‍ ഖബ്ബാബ് വിശ്വസിച്ചു എന്നറിഞ്ഞ യജമാനത്തി ഉലയില്‍നിന്നും പഴുപ്പിച്ച ഇരുമ്പു ദണ്ഡ് മുതുകിലും തലയിലും വെച്ച് വിശ്വാസത്തില്‍നിന്ന് പിന്മാറാന്‍ കല്‍പിച്ചെങ്കിലും അദ്ദേഹം തയാറായില്ല. തീയിലിട്ട ഖബ്ബാബിന്റെ ശരീരത്തില്‍നിന്ന് ഉരുകിയൊലിച്ച നീരാണ് ആ തീ കെടുത്തിയത്. കേവലം വിശ്വസിച്ചു എന്നതിന്റെ പേരില്‍ ഇത്രയും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതില്‍ ആവലാതി പറയാന്‍ ഖബ്ബാബിന്റെ നേതൃത്വത്തില്‍ ആ കൊച്ചു മര്‍ദിത സംഘം നബി തിരുമേനിയെ തേടിയിറങ്ങി. 

നബി തിരുമേനി കഅ്ബയുടെ തണലില്‍ തന്റെ തലപ്പാവ് ചുരുട്ടി തലയിണയാക്കി അതില്‍ വിശ്രമിക്കുകയായിരുന്നു. ഖബ്ബാബ് (റ) പറഞ്ഞു: ''പീഡിതരായ ഞങ്ങള്‍ക്കുവേണ്ടി അങ്ങ് അല്ലാഹുവിനോട് സഹായം  തേടില്ലേ തിരുദൂതരെ? ഞങ്ങള്‍ക്കുവേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കില്ലേ നബിയെ?'' നിരാലംബരും ദുര്‍ബലരുമായ ആ സംഘത്തിന്റെ തീര്‍ത്തും ന്യായമായ ആ ആവശ്യം കേട്ടപ്പോള്‍ തിരുമേനി പ്രതിവചിച്ചത്, 'കുഴി കുഴിച്ച് അതില്‍ ഇറക്കി നിര്‍ത്തി മൂര്‍ദ്ധാവ് വാളുകൊണ്ട് ഈര്‍ന്ന് രണ്ടു ഭാഗമാക്കപ്പെട്ടവര്‍ നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്, എന്നിട്ടും അതവരെ അവരുടെ വിശ്വാസത്തില്‍നിന്നും തടഞ്ഞില്ല. ഇരുമ്പ് ചീര്‍പ്പുകള്‍ കൊണ്ടു ശരീരത്തിലെ മാംസം അവരുടെ എല്ലുകളില്‍നിന്ന് ചീകിയെടുത്തിട്ടുണ്ട്. എന്നിട്ടും അതവരെ അവരുടെ വിശ്വാസത്തില്‍നിന്നും തടഞ്ഞില്ല. അല്ലാഹുവാണ സത്യം, ഈ കാര്യം പൂര്‍ത്തീകരിക്കപ്പെടുക തന്നെ ചെയ്യും. അങ്ങനെ 'സന്‍ആ' മുതല്‍ 'ഹദറ മൗത്' വരെ ഒരു യാത്രക്കാരന് അല്ലാഹുവിനെയും തന്റെ ആടിനെ പിടിക്കുന്ന ചെന്നായയെയുമല്ലാതെ മറ്റൊന്നിനെയും പേടിക്കേണ്ടതില്ലാത്ത ഒരു കാലം വരും. പക്ഷേ നിങ്ങള്‍ ധൃതികൂട്ടുകയാണ്' എന്നാണ്. അഥവാ കൈവരിക്കേണ്ട ലക്ഷ്യത്തെക്കുറിച്ചും ആ വഴി തെരഞ്ഞെടുത്തവര്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളെക്കുറിച്ചും നബി തിരുമേനിയുടെ  അടുക്കല്‍ വ്യക്തമായ ചിത്രമുണ്ടായിരുന്നു. കേവലം പ്രാര്‍ഥിച്ച് ആശ്വസിപ്പിക്കുന്നതിനു പകരം പീഡനങ്ങളും പ്രയാസങ്ങളും താണ്ടി എത്തിച്ചേരേണ്ട ലക്ഷ്യത്തെയാണ് തിരുമേനി അനുയായികള്‍ക്ക് ഈ പരീക്ഷണ ഘട്ടത്തില്‍ പരിചയപ്പെടുത്തിയത്. 

അങ്ങനെ പരീക്ഷണങ്ങളും പ്രതിസന്ധികളും താണ്ടി കരുത്തും വിശുദ്ധിയും, നിലനില്‍ക്കാനുള്ള അര്‍ഹതയും നേടിയ കറകളഞ്ഞ പ്രവര്‍ത്തകര്‍ക്കു മാത്രമേ ഇസ്‌ലാം പോലുള്ള ഒരു ആദര്‍ശ പ്രസ്ഥാനത്തെ ഭൂമിയില്‍ സംസ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. 13 വര്‍ഷത്തെ കൊടുംപീഡനങ്ങള്‍ സഹിച്ച് പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും അതിജയിച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കൂടെ നില്‍ക്കാന്‍ അര്‍ഹരായ ആ കൊച്ചുസംഘമാണ് തങ്ങളേക്കാള്‍ അംഗബലത്തിലും ആയുധബലത്തിലും സാമ്പത്തിക ബലത്തിലും കായികബലത്തിലും രാഷ്ട്രീയ ബലത്തിലും ശക്തരായ ശത്രുക്കളെ ബദ്ര്‍ യുദ്ധത്തില്‍ പരാജയപ്പെടുത്തിയത്. 

 

സ്വര്‍ഗമെന്ന പരമ ലക്ഷ്യം

ഭൂമിയിലെ ലക്ഷ്യം കൈവരിക്കാനുള്ള പരിശ്രമങ്ങളിലൂടെ വിശ്വാസി ആത്യന്തികമായി ലക്ഷ്യംവെക്കുന്നത് പരലോക വിജയവും സ്വര്‍ഗപ്രവേശവുമാണ്. അതുകൊണ്ട് അവന്റെ ജീവിതനിയോഗം പരലോകവിജയവുമായി അഗാധമായി ബന്ധിതമാണ്. തന്റെ ത്യാഗപരിശ്രമങ്ങള്‍ക്കും താന്‍ താി

യ പരീക്ഷണങ്ങള്‍ക്കും പ്രതിഫലം സ്രഷ്ടാവായ അല്ലാഹുവില്‍നിന്ന് മാത്രം പ്രതീക്ഷിച്ചു കൊണ്ടാണ് ഓരോ വിശ്വാസിയും ജീവിക്കുന്നത്. ഭൗതികമായ പ്രലോഭനങ്ങളെ അതിജയിക്കാന്‍ കാഴിയാത്തവന് നാളെ അനശ്വരമായ മരണാനന്തര ജീവിതത്തില്‍ സ്വര്‍ഗം പ്രതീക്ഷിക്കാനില്ല.

''മത്സരിച്ചു മുന്നേറുവിന്‍, നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും വാനഭുവനങ്ങളോളം വിശാലമായ സ്വര്‍ഗത്തിലേക്കും. അത് അല്ലാഹുവിന്റെ ഔദാര്യമാകുന്നു. അവനിഛിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു മഹത്തായ ഔദാര്യമുടയവനല്ലോ'' (ഖുര്‍ആന്‍ 57:21). 

ഭൂമിയില്‍ ഏല്‍പ്പിക്കപ്പെട്ട ജീവിത നിയോഗത്തിനായി അധ്വാന പരിശ്രമങ്ങള്‍ നടത്താതെയും ആ വഴിയില്‍ പ്രതിസന്ധികളും പ്രയാസങ്ങളും അഭിമുഖീകരിക്കാതെയും ശരീരത്തില്‍ വിയര്‍പ്പ് പൊടിയാതെയും പൊടിപുരളാതെയും സ്വര്‍ഗപ്രവേശം അത്ര എളുപ്പമല്ല എന്ന് ഖുര്‍ആന്‍ വിശ്വാസികളെ ഉണര്‍ത്തുന്നു. ''അല്ല, നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് പ്രവേശിച്ചുകളയാമെന്നു വിചാരിക്കുകയാണോ; നിങ്ങളുടെ മുന്‍ഗാമികളായ സത്യവാഹകരെ ബാധിച്ചതൊന്നും നിങ്ങളെ ബാധിച്ചിട്ടില്ലാതിരിക്കെ? പീഡകളും വിപത്തുകളും അവരെ ബാധിച്ചു. അതതുകാലത്തെ ദൈവദൂതനും കൂടെയുള്ള വിശ്വാസികളും 'ദൈവസഹായം എപ്പോഴാണ് വന്നെത്തുക' എന്ന് വിലപിക്കുവോളം അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. (തല്‍സമയം അവര്‍ക്ക് സാന്ത്വനമരുളപ്പെട്ടു:) അറിയുക, അല്ലാഹുവിന്റെ സഹായം ആസന്നമായിരിക്കുന്നു'' (ഖുര്‍ആന്‍ 4:214).

 

ആസൂത്രണം 

മൂന്നാമതായുണ്ടാകേണ്ടത് ലക്ഷ്യം നേടാനുള്ള ആസൂത്രണമാണ്. ഇസ്‌ലാം ഈ ഭൂമിയില്‍ മുന്‍കാലങ്ങളില്‍ എങ്ങനെയാണോ സ്ഥാപിതമായത് അതുപോലെ ഐശ്വര്യസമൃദ്ധമായ ഒരു ക്ഷേമരാഷ്ട്രം സ്ഥാപിതമാകണമെന്ന് ഒരു വിശ്വാസി ലക്ഷ്യം വെക്കുന്നുവെങ്കില്‍ ആ ലക്ഷ്യം നേടാനുള്ള ആസൂത്രണവും അയാള്‍ നടത്തേണ്ടതുണ്ട്. ആസൂത്രണമില്ലാത്ത ലക്ഷ്യം കേവലം ആഗ്രഹം മാത്രമാണ്. ദീന്‍ ഭൂമിയില്‍ പുലരണമെന്ന് വിശ്വാസി ആഗ്രഹിക്കുന്നു. എന്നാല്‍ അതിനുവേണ്ട വല്ല ആസൂത്രണവും കൈയിലുണ്ടോ എന്ന ചോദ്യത്തിനു കൂടി വിശ്വാസിക്ക് ഉത്തരമുണ്ടാകണം. 

വിശ്വാസിയില്‍ ഏല്‍പ്പിക്കപ്പെട്ട ലക്ഷ്യം മാറ്റത്തിന് വിധേയമല്ല. എന്നാല്‍ ആ ലക്ഷ്യം നേടാനുള്ള ആസൂത്രണം കാലികമായും പ്രാദേശികമായും മാറ്റത്തിന് വിധേയമാകാം. ലക്ഷ്യം ദൈവികമാണെങ്കില്‍ ആസൂത്രണങ്ങള്‍ മാനുഷികമാണ്. ആസൂത്രണങ്ങളില്‍ പിഴവുകള്‍ സംഭവിച്ചേക്കാം. പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലം കാണാതെ പോയാല്‍ ലക്ഷ്യത്തിലൂന്നി ആസൂത്രണത്തില്‍ വീണ്ടും വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രവര്‍ത്തനപഥത്തില്‍ സജീവമാകണം. 

 

പ്രവര്‍ത്തനം

ആദര്‍ശത്തിനും, ലക്ഷ്യനിര്‍ണയത്തിനും ആസൂത്രണത്തിനും ശേഷം നെഞ്ചിലേറ്റിയ ആദര്‍ശത്തെ മാനവര്‍ക്ക് പരിചയപ്പെടുത്താനും അത് സ്വജീവിതത്തിലും സാമൂഹിക ചുറ്റുപാടിലും സ്ഥാപിതമാക്കുവാനുമുള്ള പ്രവര്‍ത്തന പഥത്തിലേക്ക് ഇറങ്ങുകയാണ് വേണ്ടത്. ഖുര്‍ആന്‍ വിശ്വാസി സമൂഹത്തോട് ചോദിക്കുന്നു: ''അല്ല; എളുപ്പത്തില്‍ നിങ്ങള്‍ക്കങ്ങ് സ്വര്‍ഗത്തില്‍ കടന്നുകളയാമെന്ന് കരുതുന്നുണ്ടോ, നിങ്ങളില്‍നിന്ന് ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരെയും ക്ഷമയവലംബിക്കുന്നവരെയും തിരിച്ചറിഞ്ഞിട്ടല്ലാതെ?''(ഖുര്‍ആന്‍ 3:142). 

തന്റെ വിശ്വാസത്തിനായി പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിന് ചരിത്രത്തിലുടനീളം നിരവധി പേര്‍ ഭരണകൂടത്തിന്റെ വേട്ടക്കും അതിക്രൂരമായ പീഡനത്തിനും ഇരകളായിട്ടുണ്ട്. ഇപ്പോഴും ഇരകളായിക്കൊണ്ടിരിക്കുന്നു. അധര്‍മത്തിന്റെ പിന്നാമ്പുറ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടങ്ങള്‍ ഇസ്‌ലാമിക കൂട്ടായ്മകളെയും അതിന്റെ പ്രവര്‍ത്തകരെയും ഉന്മൂലനം ചെയ്യുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടേയിരിക്കുന്നു. ധര്‍മബോധനം നടത്തുന്നവരെ ഒന്നുകില്‍ പ്രലോഭിപ്പിച്ച് തങ്ങളുടെ പക്ഷത്തു ചേര്‍ക്കുന്നു അല്ലെങ്കില്‍ പ്രകോപിപ്പിച്ച് തങ്ങളുടെ ദൗത്യനിര്‍വഹണത്തില്‍നിന്നും പിന്തിരിപ്പിക്കുന്നു. അതിനും കഴിയാത്തവരെ ഉന്മൂലനം ചെയ്യുന്നു. 

ഖുര്‍ആന്‍ സത്യവിശ്വാസികളെ ഉണര്‍ത്തുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ടവിധം സമരം ചെയ്യുക. അവന്‍ നിങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ ഒരു മാര്‍ഗതടസ്സവും അവന്‍ നിങ്ങള്‍ക്കുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ പാത പിന്തുടരുക. പണ്ടേതന്നെ അല്ലാഹു നിങ്ങളെ മുസ്‌ലിംകളെന്ന് വിളിച്ചിരിക്കുന്നു. ഈ ഖുര്‍ആനിലും അതുതന്നെയാണ് വിളിപ്പേര്. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനാണിത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാനും. അതിനാല്‍ നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിനെ മുറുകെ പിടിക്കുക. അവനാണ് നിങ്ങളുടെ രക്ഷകന്‍. എത്ര നല്ല രക്ഷകന്‍! എത്ര നല്ല സഹായി'' (ഖുര്‍ആന്‍ 42:78). 

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് തനിക്കെന്തു സംഭാവന ചെയ്യാന്‍ പറ്റും എന്നതായിരിക്കണം ഒരോ പ്രവര്‍ത്തകന്റെയും ചിന്ത.

ഓരോ വ്യക്തിയും മറ്റു വ്യക്തികളേക്കാള്‍ വ്യത്യസ്തമായ കഴിവുകളുമായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. പ്രവര്‍ത്തനം, സംഘാടനം, നേതൃത്വ പാടവം, സമ്പത്ത് ആര്‍ജിക്കല്‍, ചിന്ത, ഗവേഷണം, എഴുത്ത്, പ്രസംഗം, കല, കായികം, സാഹിത്യം തുടങ്ങിയ മേഖലകളില്‍ ഓരോ വ്യക്തിയും തന്റെ ഇടം കണ്ടെത്തി അവിടെ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് വേണ്ടത്. അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ട അമാനത്താണ് തന്റെ കഴിവുകളോരോന്നുമെന്ന് വിശ്വാസിക്ക് ബോധമുണ്ടായിരിക്കണം. തന്റെ കഴിവുകളെ കേന്ദ്രീകരിക്കാതെ മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്റെ  വ്യക്തിത്വത്തെ അതു നശിപ്പിച്ചുകളയുകയും തന്നിലുള്ള കഴിവ് ഉപയോഗപ്പെടുത്താനാകാതെ വരികയുമായിരിക്കും ഫലം. ഇന്ന് അധികപേരും താന്‍ ജീവിക്കുന്ന സമൂഹം വരച്ചുതന്ന കളത്തിനകത്തു ഒതുങ്ങി സമൂഹത്തിന്റെ സാമ്പ്രദായിക ജീവിതത്തെ അതുപോലെ അനുകരിക്കുകയാണ്. സമൂഹം വരച്ച കളത്തിനു വെളിയിലേക്ക് തന്റെ ചിന്തകളെ കൊണ്ടുപോവുകയും സദാചാര-ധാര്‍മിക അതിര്‍വരമ്പുകളെ മാനിച്ചുകൊണ്ടുതന്നെ വളയത്തിനു പുറത്തുള്ള തന്റെ അതുല്യതയെ കണ്ടെത്തുകയും വേണം. അവിടെയാണ് അവന്റെ ക്രിയാത്മകതയും സര്‍ഗാത്മകതയും വെളിപ്പെടേണ്ടത്.

തന്റെ അതുല്യമായ കഴിവില്‍ വിശ്വസിക്കുകയും മുന്നില്‍ തെളിഞ്ഞുകാണുന്ന മഹാ ലക്ഷ്യത്തിലേക്ക് പാദങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുമ്പോഴാണ് ഒരു മനുഷ്യന്‍ തന്റെ ജന്മനിയോഗത്തിലേക്ക് പ്രവേശിക്കുന്നത്. ആദ്യത്തെ ആ കാല്‍വെപ്പാണ് വിജയത്തിന്റെ താക്കോല്‍. ആദ്യത്തെ ആ ചുവട് പലരിലും പലപ്പോഴും പക്വമോ പരിപൂര്‍ണമോ അന്യൂനമോ ആയിക്കൊള്ളണമെന്നില്ല. എങ്കിലും ചുവടുവെക്കാനുള്ള തയാറില്ലായ്മയില്‍നിന്നും കിട്ടുന്ന സ്വാസ്ഥ്യത്തെക്കാള്‍ എത്രയോ മഹത്തരമാണ് അപൂര്‍ണവും ന്യൂനതയുള്ളതുമായ വലിയ വിജയത്തിലേക്കുള്ള ആ ചെറിയ കാല്‍വെപ്പ്. അങ്ങനെ തന്റെ ആദര്‍ശത്തില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് കര്‍മപഥത്തിലേക്ക് ഇറങ്ങിയവര്‍ക്ക് അല്ലാഹു വിജയം വാഗ്ദാനം ചെയ്യുന്നു.

''നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവന്‍ അവരെ ഭൂമിയിലെ പ്രതിനിധികളാക്കും. അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയപോലെത്തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ അവരുടെ ജീവിത വ്യവസ്ഥ സ്ഥാപിച്ചുകൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കുപകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കിക്കൊടുക്കും'' (ഖുര്‍ആന്‍ 24:55). 

 

അവലോകനം 

പ്രവര്‍ത്തനപഥത്തിലിറങ്ങിക്കഴിഞ്ഞാല്‍ സമയബന്ധിതമായി പ്രവര്‍ത്തന പുരോഗതി വിലയിരുത്തപ്പെടേണ്ടതുണ്ട്. അവലോകനത്തില്‍ പരാജയം അല്ലെങ്കില്‍ വിജയം എന്നിങ്ങനെ രണ്ടിലൊരു ഉത്തരമാണ് സാധാരണഗതിയില്‍ ലഭിക്കുക. പരാജയമാണുത്തരമെങ്കില്‍ മൂന്നു തരത്തിലുള്ള സമീപനങ്ങള്‍ സ്വീകരിക്കാം.

1. വിമര്‍ശനം, ആക്ഷേപം, പ്രവര്‍ത്തനപഥത്തില്‍ നിന്നും പിന്‍മാറല്‍. 

2. ചെയ്തത് അതുപോലെ ഒരുമാറ്റവും കൂടാതെ ചെയ്തു കൊണ്ടിരിക്കല്‍. 

3. അവലോകനത്തിനു ശേഷം നയനിലപാടുകളില്‍ ആവശ്യമായ മാറ്റം വരുത്തല്‍. 

ജയവും പരാജയവും ഏതു പ്രവര്‍ത്തനത്തിലും സ്വാഭാവികമാണെന്നും പരാജയത്തില്‍നിന്നുള്ള പാഠം ലക്ഷ്യത്തിലേക്കുള്ള പാതയില്‍ കൂടുതല്‍ സൂക്ഷ്മതയോടെ മുന്നേറാനുള്ള അവബോധമാണ് നല്‍കുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്. ലക്ഷ്യത്തെക്കുറിച്ച കൃത്യമായ ബോധ്യമില്ലാതിരിക്കുകയും താണ്ടേണ്ട വഴിയെക്കുറിച്ച ധാരണയില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ പരീക്ഷണങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരുമ്പോള്‍ പ്രവര്‍ത്തകര്‍ പതറിപ്പോകും. 

ബദ്‌റില്‍ ജയിച്ചെങ്കില്‍ അതിനേക്കാള്‍ അംഗബലമുണ്ടായിരിക്കെ ഉഹ്ദിലെന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് ഖുര്‍ആന്‍ അവലോകനം ചെയ്യുന്നുണ്ട്. ഹുനൈനില്‍ ശത്രുക്കള്‍ പതിഞ്ഞിരുന്നാക്രമിച്ചപ്പോള്‍ കാലിടറുകയും ഭീഷണമായ പരാജയത്തിന്റെ വക്കിലെത്തുകയും ചെയ്തതും ഖുര്‍ആന്‍ നിരൂപണം ചെയ്യുന്നുണ്ട്. നബിയുടെ സാന്നിധ്യമുണ്ടായിട്ടും മറ്റെല്ലാ മുന്നേറ്റങ്ങളിലും വിജയം വരിച്ചെങ്കിലും ഇവിടങ്ങളില്‍ എന്തുകൊണ്ട് മുസ്‌ലിംകള്‍ പരാജയത്തിന്റെ രുചി അറിയേണ്ടിവന്നു എന്ന ചോദ്യത്തിന്, വിജയിക്കേണ്ട ഒരു പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അതൊക്കെ അത്യന്താപേക്ഷിതമാണ് എന്നാണ് ഉത്തരം. പരാജയത്തില്‍നിന്ന് 

ഉള്‍ക്കൊ പാഠങ്ങളാണ് ഭാവിയെ കൂടുതല്‍ സുരക്ഷിതമാക്കുന്നത്. മാത്രമല്ല വിജയത്തിലുണ്ടായേക്കാവുന്ന അഹങ്കാരത്തിന്റെ കണികപോലും ഇല്ലാതാക്കി അച്ചടക്കത്തോടെ പ്രവര്‍ത്തകനെ സജ്ജമാക്കാനും ഏതു സമയവും പൊട്ടിവീഴാവുന്ന പരീക്ഷണങ്ങള്‍ സഹായിക്കും. 

അല്ലാഹു പറയുന്നു: ''ജനങ്ങള്‍ ധരിച്ചുവെച്ചിരിക്കയാണോ, 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്നു പറഞ്ഞതുകൊണ്ടുമാത്രം അവര്‍ വിട്ടയക്കപ്പെടുമെന്നും പരീക്ഷണ വിധേയരാവുകയില്ലെന്നും? എന്നാല്‍ അവര്‍ക്കുമുമ്പ് കഴിഞ്ഞുപോയ സകല ജനങ്ങളെയും നാം പരീക്ഷിച്ചിട്ടുണ്ട്. സത്യവാന്മാരാരെന്നും വ്യാജന്മാരാരെന്നും അല്ലാഹുവിന് തീര്‍ച്ചയായും കണ്ടറിയേണ്ടതുണ്ട്'' (ഖുര്‍ആന്‍ 29:2). 

പരാജയമുണ്ടാകുമ്പോള്‍ വിമര്‍ശനവും ആക്ഷേപവുമായി രംഗത്ത് വരികയും പ്രവര്‍ത്തനപഥത്തില്‍നിന്നും മാറിനില്‍ക്കുകയും ചെയ്യുന്നവരുണ്ടാകും. പക്ഷേ അവര്‍ കാര്യത്തിന്റെ ഗൗരവമറിയാത്തവരാണ്. ദൈവിക പാതയില്‍ പരീക്ഷണവും പരാജയവും അഭിമുഖീകരിക്കേണ്ടിവന്നതിനാല്‍ പിന്മാറാന്‍ ഒരുങ്ങുന്നവരോട് അല്ലാഹു പറയുന്നു: ''ഓരത്തുനിന്ന് അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന ചില ജനങ്ങളുമുണ്ട്. ഗുണം സിദ്ധിക്കുകയാണെങ്കില്‍ സംതൃപ്തരായി. വല്ല ദോഷവും ബാധിച്ചാലോ, അപ്പോള്‍ തിരിഞ്ഞുകളയുന്നു. അവന്ന് ഇഹവും പരവും നഷ്ടപ്പെട്ടിരിക്കുന്നു. അതത്രെ തെളിഞ്ഞ നഷ്ടം'' (ഖുര്‍ആന്‍ 22:11). 

അതേസമയം, ജയമായാലും പരാജയമായാലും പണ്ട് പഠിച്ചതും ശീലിച്ചതും മാത്രം വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നവരും ഉണ്ട്. ഇവര്‍ക്കും ആഗ്രഹിച്ച വിജയത്തിലേക്കെത്താന്‍ കഴിയില്ല. പരാജയത്തില്‍നിന്നുള്ള പാഠമുള്‍ക്കൊണ്ട് ശൈലിയിലും പ്ലാനിങ്ങിലും മാറ്റം വരുത്തുന്നവനാണ് വിജയിക്കാന്‍ കഴിയുക. ലക്ഷ്യം മാറ്റാതെ മാര്‍ഗത്തെയാണ് മാറ്റേണ്ടത്.

 

ആത്മവിശ്വാസം 

കൃത്യമായ ലക്ഷ്യവും, പ്രവര്‍ത്തനപഥത്തിലെ അനുഭവ പരിചയവുമുള്ളവന് ഏതു പ്രതികൂല സാഹചര്യത്തിലും ആത്മവിശ്വാസിയാകാന്‍ സാധിക്കും. ആത്മവിശ്വാസം കര്‍മഭൂമിയിലെ ജീവവായുവാണ്. എത്രയെത്ര ചെറുസംഘങ്ങളാണ് വലിയ വലിയ സംഘങ്ങളെ അതിജയിച്ച് ചരിത്രം രചിച്ചത്.  ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ദൈവിക സഹായം കൂടെയുണ്ടാകും എന്നതിനേക്കാള്‍ വലിയ ഒരു ആത്മവിശ്വാസമില്ല. അതിനേക്കാള്‍ വലിയ ഒരു ഭൗതിക സഹായവും അവന്‍ പ്രതീക്ഷിക്കുന്നില്ല.

''അവരോട് ജനം പറഞ്ഞു: 'നിങ്ങള്‍ക്കെതിരെ വന്‍ സൈന്യങ്ങള്‍ സംഘടിച്ചിരിക്കുന്നു, സൂക്ഷിക്കുവിന്‍.' അതുകേട്ട് അവരില്‍ സത്യവിശ്വാസം വര്‍ധിക്കുകയാണുണ്ടായത്. അവര്‍ മറുപടി പറഞ്ഞു: 'ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍തന്നെയാകുന്നു'' (ഖുര്‍ആന്‍ 2:173). 

ഇങ്ങനെ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊണ്ട് പ്രവര്‍ത്തനപഥത്തില്‍ സജീവമായിരിക്കുന്നവരെ സഹായിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. ''നിനക്കുമുമ്പ് നാം പല ദൈവദൂതന്മാരെ അവരവരുടെ സമുദായങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്. അവര്‍ തെളിഞ്ഞ ദൃഷ്ടാന്തങ്ങളുമായി ആ ജനങ്ങളില്‍ ചെന്നു. പിന്നെ, ധിക്കാരം കാണിച്ചവരോടു നാം പ്രതികാരം ചെയ്തു. അവ്വിധം, സത്യവിശ്വാസികളെ സഹായിക്കുക നമ്മുടെ ബാധ്യതയായിരുന്നു.''

എപ്പോഴാണ് ദൈവിക സഹായത്തിന് നാം അര്‍ഹരാവുക?

ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം മനസ്സാ ഏറ്റെടുക്കുകയും അതിന്റെ വിജയത്തിനായി പ്രവര്‍ത്തനപഥത്തില്‍ സമയവും സമ്പത്തും ബുദ്ധിയും ഊര്‍ജവും ആശയവുമെല്ലാം ഒട്ടും പിശുക്കാതെ, ഉപേക്ഷ വരുത്താതെ സമര്‍പ്പിക്കുകയും, ശിഷ്ടം അല്ലാഹുവിന്റെ കരങ്ങളിലേല്‍പ്പിക്കുകയും ചെയ്യാന്‍ എപ്പോള്‍ ഒരു വിശ്വാസിക്കാകുന്നുവോ അപ്പോഴേ ദൈവ സഹായം അയാള്‍ക്ക് പ്രതീക്ഷിക്കാനാകൂ. 

ബനൂഇസ്‌റാഈല്‍ സമുദായത്തെ ഫറോവയുടെ സ്വേഛാധിപത്യത്തില്‍നിന്നും അടിമത്വത്തില്‍നിന്നും മോചിപ്പിക്കാനായി കഠിന പ്രയത്‌നം നടത്തിയ മൂസാ നബി(അ)യോട് അല്ലാഹുവിന്റെ അവസാന കല്‍പന ബനൂഇസ്‌റാഈല്യരേയുംകൊണ്ട് ഈജിപ്ത് വിടാനായിരുന്നു. കല്‍പന പ്രകാരം അതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും മൂസാ നബി (അ) ചെയ്തു. നിരായുധരായിരുന്ന ബനൂഇസ്‌റാഈല്യരേയുംകൊണ്ട് ചെങ്കടലിനടുത്തെത്താറായപ്പോഴാണ്, ഫറോവയുടെ കൂറ്റന്‍ സൈന്യം തങ്ങളെ പിന്തുടര്‍ന്നുവരുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടത്. മരണ ഭീതി ആ സമൂഹത്തെ വിഴുങ്ങി. മുന്നില്‍ കടലും പിന്നില്‍ സൈന്യവും. നിരാശയോടെ ചിലര്‍ വിളിച്ചു പറഞ്ഞു: ''ഞങ്ങളെ ഇങ്ങനെ ഒരു ദുരന്തത്തിലേക്കായിരുന്നോ താങ്കള്‍ക്ക് ആനയിക്കാനുണ്ടായിരുന്നത്?'' എന്നാല്‍ തനിക്കു ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടുണ്ടെന്ന ബോധ്യമുള്ള മൂസാ നബി(അ)യുടെ ഉത്തരം കൃത്യമായിരുന്നു: ''ഒരിക്കലുമല്ല. എന്നോടൊപ്പം എന്റെ റബ്ബുണ്ട്. അവന്‍ തീര്‍ച്ചയായും വഴി കാണിച്ചുതരും.'' മൂസാ നബി(അ)ക്ക് അതുവരെയും എന്താണ് ചെയ്യേണ്ടതെന്ന അറിവില്ലായിരുന്നു. ഇതു പറഞ്ഞതിനു ശേഷമാണ് വടി കൊണ്ട് കടലില്‍ അടിക്കാനുള്ള കല്‍പനയുണ്ടാകുന്നതും അങ്ങനെ ചെങ്കടല്‍ പിളര്‍ന്ന് അതിലൂടെ ഇസ്‌റാഈല്‍ സമുദായം രക്ഷപ്പെടുന്നതും. 

ദൈവ സഹായം ലഭ്യമാകണമെങ്കില്‍ ലക്ഷ്യം എത്രമാത്രം വിശുദ്ധമാണോ അതുപോലെ ജീവിതവും വിശുദ്ധമായിരിക്കണം. ആ വിശുദ്ധര്‍ക്ക് മാത്രമേ മാനവികതക്കായി അവതീര്‍ണമായ ദൈവിക ജീവിത ചിട്ട  അവതരിപ്പിക്കാനും വിജയം നേടാനും കഴിയൂ. അവരുടെ കൈകളിലൂടെ ആ വിജയം ഈ ഭൂമിയില്‍ സംഭവിക്കുക തന്നെ ചെയ്യും. ആ വിജയത്തില്‍ താനെന്തു സംഭാവന ചെയ്തു എന്നതായിരിക്കണം ഓരോ വിശ്വാസിയും ചോദിക്കേണ്ട ചോദ്യം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (70-73)
എ.വൈ.ആര്‍

ഹദീസ്‌

പ്രതിസന്ധികളെ മറികടക്കാന്‍
അബ്ദുസ്സമദ് കൂട്ടിലങ്ങാടി