വംശ വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി അമേരിക്കന്‍ പൗരാവലി
ട്രംപും അമേരിക്കന്‍ മുസ്‌ലിംകളും-4
ജനുവരി 21-ന്, ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റതിന്റെ അടുത്ത ദിവസം, അദ്ദേഹത്തിന് വേണ്ടി സംഘടിപ്പിച്ച വിവിധ മതപ്രതിനിധികളുടെ സംയുക്ത പ്രാര്‍ഥനായോഗത്തില്‍ പങ്കെടുക്കാന്‍ 'ഇസ്‌ന'യുടെ മുന്‍ പ്രസിഡന്റായ ഇമാം മുഹമ്മദ് മജീദിനെയും ക്ഷണിച്ചു. പരിപാടിയില്‍ ബാങ്ക് വിളിക്കാനാണ് സംഘാടകര്‍ താല്‍പര്യപ്പെട്ടതെങ്കിലും, ഖുര്‍ആനിലെ ഏതാനും വാക്യങ്ങള്‍ ഉദ്ധരിക്കുകയാണ് ഇമാം ചെയ്തത്.
''മനുഷ്യരേ, നിങ്ങളെ ഞാന്‍ ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് അന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്. തീര്‍ച്ച, അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു'' (ഖുര്‍ആന്‍ 49:13).
സൂറത്തു റൂമിലെ സൂക്തങ്ങളാണ് അദ്ദേഹം പിന്നീട് പാരായണം ചെയ്തത്: ''ആകാശഭൂമികളുടെ സൃഷ്ടിപ്പ്, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; ഇവയും അവന്റെ അടയാളങ്ങളില്‍ പെട്ടതാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്'' (30:22).
ട്രംപിന്റെ പ്രഥമ പ്രാര്‍ഥനായോഗത്തില്‍ ഇമാമിന്റെ സന്ദേശം എന്ന തലക്കെട്ടില്‍ സി.എന്‍.എന്നും മറ്റു മാധ്യമസ്ഥാപനങ്ങളും അത് വാര്‍ത്തയാക്കി. രണ്ട് കാര്യങ്ങളായിരിക്കും പണ്ഡിതനായ ഇമാമിന്റെ മനസ്സിലുണ്ടായിരുന്നിരിക്കുക. ഒന്ന്, രണ്ട് ബൈബിളുകളില്‍ കൈവെച്ച്, യു.എസ് ഭരണഘടന സംരക്ഷിക്കുമെന്ന് എടുത്ത പ്രതിജ്ഞ ട്രംപിനെ ഓര്‍മിപ്പിക്കുക. ര്, വൈവിധ്യം ഖുര്‍ആനിക വീക്ഷണത്തിന്റെ അനിവാര്യതത്വമാണെന്ന സന്ദേശം കൈമാറുക. അമേരിക്കയുടെ ആത്മാവ് തിരിച്ചുപിടിക്കാന്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ പ്രതിജ്ഞാബദ്ധരാണെന്ന സന്ദേശം മറ്റുള്ളവര്‍ക്ക് കൈമാറുക എന്നതും അദ്ദേഹത്തിന്റെ ഉദ്ദേശ്യമായിരുന്നിരിക്കാം.
രണ്ട് വ്യത്യസ്ത സ്വത്വങ്ങളുടെ പ്രതിനിധാനമാണ് ഇമാം മജീദും ഡൊണാള്‍ഡ് ട്രംപും. ബഹുസ്വര സ്വത്വത്തിന്റെ പ്രതിനിധാനമാണ് മജീദ്. അമേരിക്കയുടെ സ്ഥാപകനേതാക്കള്‍ തള്ളിയ ഹിംസാത്മക സ്വത്വത്തിന്റെ പ്രതിനിധാനമാണ് ട്രംപ്. ബഹുസ്വരത രാജ്യത്തിന്റെ സത്തയാവണമെന്നാണ് സ്ഥാപകനേതാക്കള്‍ ആഗ്രഹിച്ചത്. ഭരണഘടനയുടെ ആദ്യ ഭേദഗതിയില്‍ അടങ്ങിയ സന്ദേശം അതാണ്.
318 മില്യന്‍ അമേരിക്കന്‍ പൗരന്മാരുടെ വിശ്വാസങ്ങളുടെയും ആദര്‍ശങ്ങളുടെയും വൈവിധ്യം അംഗീകരിച്ചാണ് ബഹുസ്വരത അമേരിക്കയുടെ വീക്ഷണമായി സ്ഥാപകനേതാക്കള്‍ സ്വീകരിച്ചത്. അമേരിക്കയില്‍ പതിനേഴാം നൂറ്റാണ്ടിലെത്തിയ വെള്ള കുടിയേറ്റക്കാരുടെ ഹിംസാത്മക സ്വത്വം രാജ്യത്തിന്റെ സ്വഭാവമായി സ്വീകരിച്ചിരുന്നെങ്കില്‍, ഒരു രാഷ്ട്രമെന്ന നിലയില്‍ അമേരിക്കക്ക് നിലനില്‍ക്കാനാവുമായിരുന്നില്ല.
അമേരിക്കന്‍ റിപ്പബ്ലിക്കിന്റെ രൂപീകരണകാലം മുതല്‍ ഈ രണ്ട് വിരുദ്ധ സ്വത്വങ്ങള്‍ക്കിടയിലെ സംഘര്‍ഷം സജീവമാണ്.
മുഹമ്മദ് അലിയുടെ തുടര്‍ച്ചയാണ് ഇമാം മജീദ്. മുഹമ്മദ് അലി അമേരിക്കയുടെ പ്രതീകമായിരുന്നു. അദ്ദേഹത്തിന്റെ അമേരിക്കന്‍ സ്വത്വത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകുമായിരുന്നില്ല. ഡൊണാള്‍ഡ് ട്രംപിന് പോലും അതിനായിട്ടില്ല. അമേരിക്കയിലേക്ക് ചങ്ങലയില്‍ ബന്ധിതരായി കൊണ്ടുവന്ന ആഫ്രിക്കന്‍ മുസ്‌ലിംകളുടെ പരമ്പരയില്‍ പെട്ടയാളായിരുന്നു മുഹമ്മദ് അലി. മനുഷ്യചരിത്രം കേട്ടിട്ടില്ലാത്ത ക്രൂരതകള്‍ അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ അനുഭവിച്ചു. ആ ത്യാഗങ്ങളുടെയും പോരാട്ടങ്ങളുടെയും ഫലമായാണ് വൈവിധ്യവും, മതസ്വാതന്ത്ര്യവും അമേരിക്കന്‍ ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട തത്ത്വമായി സ്വീകരിക്കാന്‍ അമേരിക്കയുടെ സ്ഥാപകനേതാക്കള്‍ തീരുമാനിച്ചത്.
എന്നാല്‍, എല്ലാ അമേരിക്കക്കാരും ഈ സ്വത്വത്തെ ഉള്‍ക്കൊണ്ടിരുന്നില്ല; വെള്ളക്കാരുടെ മേല്‍ക്കോയ്മയില്‍ വിശ്വസിക്കുന്ന ഏറെപേരുണ്ടായിരുന്നു എന്നതാണ് അതിനുകാരണം. വെള്ളക്കാരന്റെ അവകാശമാണ് അമേരിക്കയെന്ന് അവര്‍ വിശ്വസിച്ചു. മേല്‍ജാതി സമൂഹത്തിന്റെ അടിമകളാവാനാണ് മറ്റു വംശങ്ങളുടെയും ജാതികളുടെയും നിയോഗമെന്ന് അവര്‍ കരുതി. അടിമപ്പെടാന്‍ ഇതര ജനങ്ങള്‍ വിസമ്മതിച്ചാല്‍ അവരെ അടിച്ചമര്‍ത്താനും നിഷ്‌കാസനം ചെയ്യാനും വരെ അവകാശമുണ്ടെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു.
''ഞാന്‍ അമേരിക്കയാണ്. നിങ്ങള്‍ അംഗീകരിക്കാത്ത ഒരുവിഭാഗത്തിന്റെ ഭാഗമാണ് ഞാന്‍. എന്നാല്‍ എന്നെ അംഗീകരിച്ചേ പറ്റൂ. കറുത്തവന്‍, വിശ്വസ്തന്‍, ധിക്കാരി എന്ന പേരുകള്‍ എനിക്കുമാത്രം. നിനക്കില്ല. എന്റെ മതം, നിന്റേതല്ല. എന്റെ ലക്ഷ്യങ്ങള്‍, എന്റേത് മാത്രം. എന്നെ അംഗീകരിച്ചേ പറ്റൂ'' എന്ന മുഹമ്മദ് അലിയുടെ ഉറച്ച വാക്കുകളെയാണ് ഇമാം മജീദും ഓര്‍മിപ്പിച്ചത്.
താനാണ് യഥാര്‍ഥ അമേരിക്കക്കാരനെന്നും, അമേരിക്കക്ക് അവരുടെ സങ്കല്‍പമൂല്യങ്ങള്‍ അനുസരിച്ച് ജീവിക്കണമെങ്കില്‍, അത് അംഗീകരിച്ചേ പറ്റൂ എന്നുമാണ് അലി ഓര്‍മിപ്പിച്ചത്.
ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ ഒരു തിരിച്ചുപോക്കാണ്. വംശീയവാദികളെയും, വിദ്വേഷപ്രചാരകരെയും അത് പ്രചോദിപ്പിച്ചു. ഹിംസാത്മക സ്വത്വങ്ങളെ പ്രതിനിധാനം ചെയ്യുന്ന നിരവധി വെളുത്ത വംശീയവാദികളുണ്ട്. അവരില്‍ ഏറ്റവും കുത്സിത വിഭാഗമാണ് കു ക്ലക്‌സ് ക്ലാന്‍. അതിന്റെ ഒരു പതിഞ്ഞ പതിപ്പാണ് ആള്‍ട്ട്-റൈറ്റ്. വൈറ്റ്ഹൗസ് തലവനായി ട്രംപ് നിയോഗിച്ച സ്റ്റീവ് ബാനന്‍ ആള്‍ട്ട്-റൈറ്റ് നേതാവാണ്.
വിദ്വേഷപ്രചാരകരും, ഇസ്‌ലാമോഫോബുകളുമാണ് ട്രംപ് പ്രധാനസ്ഥാനങ്ങളിലേക്ക് നിയോഗിച്ചവരെല്ലാം. ''ഇസ്‌ലാം ഭീതിയുടെ വികാരം പങ്കുവെച്ച ഏഴു പേരെ ട്രംപ് ഉദ്യോഗസ്ഥരായി നിയമിച്ചു'' എന്നൊരു ലേഖനം ദി ഇന്‍ഡിപെന്‍ഡന്റ് പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി.
''ഇസ്‌ലാം നമ്മെ വെറുക്കുന്നു'' എന്ന ട്രംപിന്റെ വാക്കുകളാണ് അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും പങ്കുവെക്കുന്നത്. നിയുക്ത ദേശീയ സുരക്ഷ ഉപദേഷ്ടാവ് കെറ്റ് മക്ഫര്‍ലാന്‍ഡ് ആണ് അവരിലൊരാള്‍. ''ഒരു യുദ്ധം ആരംഭിച്ചിരിക്കുന്നു. പശ്ചാത്യ നാഗരികതക്കെതിരെയാണ് ആ യുദ്ധം. റാഡിക്കല്‍ ഇസ്‌ലാമിന്റെ സ്രോതസ്സുകള്‍ തകര്‍ത്തില്ലെങ്കില്‍, അത് പാശ്ചാത്യ നാഗരികതയെ തകര്‍ക്കും'' എന്നാണ് ഫര്‍ലാന്‍ഡ് ഒരിക്കല്‍ പ്രസംഗിച്ചത്.
മുസ്‌ലിംഭീതി യുക്തിഭദ്രവും ന്യായവുമാണെന്ന് പറഞ്ഞ ലഫ്റ്റനന്റ് ജനറല്‍ മൈക്കല്‍ ഫഌന്നിനെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്. സെനറ്റര്‍ ജെഫ് സെഷന്‍സിനെയാണ് ട്രംപ് അറ്റോര്‍ണി ജനറലായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. മുസ്‌ലിംകളെ രാജ്യത്തേക്ക് കടക്കുന്നത് തടയണമെന്ന ട്രംപിന്റെ നിര്‍ദ്ദേശം ഭരണഘടനാപരമാണെന്നാണ് ജെഫ് സെഷന്‍സിന്റെ വാദം. അദ്ദേഹമാണ് അമേരിക്കയുടെ ഉന്നതസ്ഥാനങ്ങളിലൊന്നില്‍ ഇരിക്കുന്നത്. 'നാഗരിക ജിഹാദ്' എന്ന പേരില്‍ അമേരിക്കയെ മൊത്തം കീഴ്‌പ്പെടുത്താനുള്ള ഒരു മുസ്‌ലിം പദ്ധതിയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായി പ്രഖ്യാപിച്ച ബെന്‍ കാഴ്‌സണ്‍ ആണ് പുതിയ യു.എസ് ഹൗസിങ്ങ് ആന്‍ഡ് അര്‍ബന്‍ ഡവലപ്‌മെന്റ് സെക്രട്ടറി.
ട്രംപും സംഘാംഗങ്ങളും നടത്തുന്ന ഈ വംശീയവിരുദ്ധ പ്രസ്താവനകളില്‍ ആര്‍ക്കും അത്ഭുതം തോന്നാനിടയില്ല. ഇത് ഒരൊറ്റ ദിനം കൊണ്ട് സംഭവിച്ചതല്ല. ദശാബ്ദങ്ങളായി പതഞ്ഞുകൊണ്ടിരിക്കുന്ന ഒരു വികാരമാണത്. രാഷ്ട്രീയ നിരീക്ഷകരെല്ലാം പറഞ്ഞിട്ടുള്ളത് പോലെ, ഇസ്‌ലാം ഭീതി ദശാബ്ദങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സെപ്തംബര്‍ 11-ന് ശേഷമുണ്ടായ ഭീകരതക്കെതിരായ യുദ്ധം എന്ന പ്രഖ്യാപനം ആ ഭീതിയെ പരകോടിയിലെത്തിച്ചു. ജോര്‍ജ് ബുഷ് അത് പരമാവധി പ്രോത്സാഹിപ്പിച്ചു. ഡ്രോണ്‍ ആക്രമണവും സ്വകാര്യത കവര്‍ന്നുള്ള ഭരണകൂട നിരീക്ഷണങ്ങളും, നിയമബാഹ്യ ഏറ്റുമുട്ടല്‍ കൊലകളും ഒബാമ ഭരണകൂടത്തിന് കീഴില്‍ കുറയുമെന്ന് കണക്കുകൂട്ടി.
'ഭീകരതക്കെതിരായ യുദ്ധ'ത്തില്‍ ദശലക്ഷക്കണക്കിന് ഡോളറുകളാണ് ചെലവഴിക്കപ്പെട്ടത്. യുക്തിയെ വെല്ലുന്ന കൃത്യങ്ങളായിരുന്നു ഇതെല്ലാം. വസ്തുതകള്‍ അക്കാര്യം അടിവരയിടുന്നു. 2001 സെപ്തംബര്‍ 11-ന് ശേഷം അമേരിക്കന്‍ മണ്ണില്‍ മുസ്ലിം ഭീകരര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവരാല്‍ കൊല്ലപ്പെട്ടത് 45 പേരാണ്. അതായത് പ്രതിവര്‍ഷം 3 പേര്‍. അതേസമയം, തോക്ക് പ്രയോഗത്തിലൂടെ അമേരിക്കയില്‍ 2015ല്‍ മാത്രം കൊല്ലപ്പെട്ടത് 11000 പേര്‍. ഇസ്‌ലാം ഭീതിയുടെ പേരില്‍ എഴുന്നള്ളിക്കുന്ന പദ്ധതികളുടെ അന്തസ്സാരശൂന്യത കാണിക്കുന്ന ഈ കണക്കുകള്‍ ഫരീദ് സക്കരിയ്യ എന്ന മതേതര മുസ്ലിം സി.എന്‍.എന്നിന്റെ പ്രമുഖ വിദേശകാര്യ പരിപാടിയില്‍ എടുത്തുകാട്ടുകയുണ്ടായി.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് ഭരണകൂടങ്ങളും മാധ്യമങ്ങളും കാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ മുതലെടുക്കുകയാണ് ട്രംപും അദ്ദേഹത്തിന്റെ ഗൂഢാലോചകരായ അനുയായികളും. കുരിശുയുദ്ധ ചരിത്രത്തോളം പഴക്കമുണ്ട് ഈ ഇസ്‌ലാംഭീതി പ്രചാരണത്തിന്. ഓറിയന്റലിസം അക്കാദമിക രംഗത്ത് ഈ ഭീതിയെ ഉറപ്പിച്ചുനിര്‍ത്തി. ഇസ്‌ലാമിനെ കുറിച്ച് പഠിച്ച പല പാശ്ചാത്യ ചിന്തകരും അതിനെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും, സയണിസ്റ്റ് ബുദ്ധിജീവികളും ഇസ്ലാമിക് സ്റ്റഡീസ് പ്രഫസറായ ബെര്‍ണാര്‍ഡ് ലൂയിസും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയില്‍ പെട്ട സ്റ്റീവന്‍ എമേഴ്‌സണ്‍, മാര്‍ക് സ്‌റ്റൈന്‍, റോബര്‍ട്ട് സ്‌പെന്‍സര്‍, ഡാനിയല്‍ പൈപ്‌സ്, ഡേവിഡ് ഹൊറോവിറ്റ്‌സ്, ഫ്രാങ്ക് ഗാഫ്‌നി, അയാന്‍ ഹിര്‍സി അലി തുടങ്ങി ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും 'വിദഗ്ധര്‍' ചമഞ്ഞവരുമെല്ലാം ആ ഭീതിയെ നിരന്തരം പോഷിപ്പിച്ചുകൊണ്ടിരുന്നു.
ഇസ്‌ലാം ഭീതി ഉല്‍പാദിപ്പിക്കുന്ന സംവിധാനങ്ങള്‍ക്ക് സഹായം ചെയ്യുന്ന ഫൗണ്ടേഷനുകളും ശതകോടീശ്വരന്മാരും നിരവധിയാണ്. ഇസ്‌ലാം സമം ഭീകരത എന്ന സമവാക്യത്തിലൂന്നിയ നിറംപിടിപ്പിച്ച നുണകള്‍ പടച്ചുണ്ടാക്കി ഈ സ്ഥാപനങ്ങള്‍ അവ മാധ്യമങ്ങള്‍ക്ക് വിറ്റു.
ഡൊണാള്‍ഡ് ട്രംപ് അതുകൊണ്ടുതന്നെ ഒരു പുതുപ്രതിഭാസമല്ല. എന്നാല്‍, മുസ്‌ലിംകളെയും ഇതര ന്യൂനപക്ഷങ്ങളെയും ലക്ഷ്യം വെച്ചുള്ള നിലപാടുകള്‍ തിരിച്ചടിയാവുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഖുര്‍ആന്റെ പ്രവചനം ഓര്‍മയിലെത്തുന്നു: ''പ്രഖ്യാപിക്കുക: സത്യം വന്നു. മിഥ്യ തകര്‍ന്നു, മിഥ്യ തകരാനുള്ളതു തന്നെ.''
പ്രസിഡന്റ് ട്രംപിനെതിരായ പ്രതിഷേധങ്ങള്‍ അനുദിനം കരുത്താര്‍ജിക്കുകയാണ്. അദ്ദേഹം അധികാരമേറ്റെടുത്ത ഒന്നാം ദിവസം മുതല്‍ അതു തുടങ്ങി. രാജ്യത്തെങ്ങും ദശലക്ഷകണക്കിനാളുകള്‍ പ്രതിഷേധവുമായി ഇറങ്ങി. അവരില്‍ മിക്കവരും മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. യു.എസില്‍ പ്രവേശിക്കുന്ന മുസ്‌ലിംകള്‍ക്ക് പ്രത്യേക പട്ടിക തയാറാക്കുമെന്ന ട്രംപിന്റെ നിലപാടിനെ അവര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. പട്ടിക തയാറാക്കാന്‍ ട്രംപ് തുനിഞ്ഞാല്‍, എല്ലാവരും മുസ്‌ലിംകളായി രജിസ്റ്റര്‍ ചെയ്യുമെന്ന പ്രഖ്യാപനം പ്രതിഷേധക്കാര്‍ മുഴക്കി.
മാഡിലിന്‍ അല്‍ബ്രൈറ്റിനെ പോലുള്ള യുദ്ധവെറിയന്മാരായ ചിലരും ട്രംപിനെതിരെ രംഗത്തുവന്നുവെന്നത് ഒരു വൈരുധ്യം തന്നെയാണ്. താനും മുസ്‌ലിമായി രജിസ്റ്റര്‍ ചെയ്യുമെന്ന് മാഡിലിനും പ്രഖ്യാപിച്ചു. ഇറാഖ് യുദ്ധത്തിന്റെ ആസൂത്രകരില്‍ ഒരാളായ ഡിക് ചെനി പറഞ്ഞു: ''നാം വിശ്വസിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും വിരുദ്ധമാണ് മുസ്‌ലിംകള്‍ക്ക് മാത്രമായി വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആശയം.''
ഡിക് ചെനി ഒരിക്കലും മുസ്‌ലിം അനുഭാവമുള്ളയാളല്ല. അദ്ദേഹത്തില്‍നിന്നും അത് പ്രതീക്ഷിക്കുക വയ്യ. എന്നാല്‍, പല ഡെമോക്രാറ്റുകളെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളെയും പോലെ, ട്രംപ് അമേരിക്കയുടെ ആത്മാവിനെ അട്ടിമറിക്കുകയാണെന്ന് ഡിക് ചെനിയും തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് മനസിലാക്കാം.
അതുകൊണ്ടുതന്നെ, ഇമാം മജീദും, മുഹമ്മദ് അലിയും, കരീം അബ്ദുല്‍ ജബ്ബാറും വരച്ചുകാട്ടിയതാണ് മുസ്‌ലിംകള്‍ക്ക് നിര്‍വഹിക്കാനുള്ള ജോലി. അമേരിക്കന്‍ ഭരണഘടനയുടെ ആധാരതത്ത്വങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്കന്‍ ജനതയോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പോരാടുക എന്നതാണത്.
ഏകശിലാത്മകമല്ല, അമേരിക്കയിലെ മുസ്‌ലിംകള്‍. ലോകത്തെ ഏറ്റവും ബഹുസ്വരമായ സമൂഹങ്ങളില്‍ ഒന്നാണ് അവര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ അവരിലുണ്ട്. നോര്‍വെയിലെയും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലെയും മുസ്‌ലിം സമൂഹങ്ങളില്‍നിന്ന് വ്യത്യസ്തമായി അമേരിക്കയോട് ഇഴചേര്‍ന്ന സമൂഹമാണ് അത്. അഥവാ, മുസ്‌ലിം എന്ന സ്വത്വത്തിലെന്ന പോലെ, അമേരിക്കക്കാരന്‍ എന്ന പൗരത്വത്തിലും അഭിമാനം കൊള്ളുന്നവരാണവര്‍.
അതുകൊണ്ടുതന്നെ, എല്ലാ പശ്ചാത്തലത്തില്‍നിന്നുമുള്ള മുസ്‌ലിംകള്‍ ട്രംപിനെതിരെ എഴുന്നേറ്റുനില്‍ക്കുന്നതില്‍ അത്ഭുതമില്ല. ഫരീദ് സക്കരിയ, റെസ അസ്‌ലാന്‍, കൊമേഡിയനായ അസീസ് അന്‍സാരി തുടങ്ങിയ മതേതരരായ മുസ്‌ലിം പണ്ഡിതന്മാര്‍ അവരില്‍പെടുന്നു. മുസ്‌ലിം ആക്ടിവിസ്റ്റുകളും കലാകാരന്മാരും അവരോടൊപ്പം ചേരുന്നു. നിര്‍മാതാവും മാധ്യമപ്രവര്‍ത്തകയുമായ ഫലസ്തീന്‍ വംശജ ദിന തക്രൂരി, ട്രംപിന്റെ അധികാരാരോഹണത്തിന് പിന്നാലെ, ജനുവരി 21-ന് നടന്ന സ്ത്രീകളുടെ മാര്‍ച്ചിന്റെ സംഘാടകരില്‍ പ്രധാനിയായ ഫലസ്തീന്‍ വംശജ തന്നെയായ ലിന്‍ഡ സര്‍സൂര്‍ എന്നിവര്‍ അവരില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.
ട്രംപിന്റെ നയങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുസ്‌ലിംകള്‍ക്കെതിരെ ട്രംപ് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അവര്‍ ശക്തമായി രംഗത്തുവന്നു. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്ക് രാജ്യത്തേക്ക് പ്രവേശനം വിലക്കാനാണ് ട്രംപിന്റെ തീരുമാനം. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയനെ പ്രതിനിധാനം ചെയ്ത് നൂറുകണക്കിന് അഭിഭാഷകര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് സഹായവുമായി രംഗത്തത്തെി. അവര്‍ ഹരജികള്‍ ഫയല്‍ ചെയ്യുകയും നാല് സംസ്ഥാനങ്ങളിലെ കോടതികളിലെങ്കിലും ട്രംപിന്റെ തീരുമാനത്തിനെതിരെ വിധി സമ്പാദിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.
ട്രംപിന്റെ വിവേചന നയങ്ങള്‍ക്കെതിരെ പ്രതിരോധം സംഘടിപ്പിക്കുന്ന അനേകം സംഘങ്ങളില്‍ ഒന്നാണ് എ.സി.എല്‍.യു. കിങ്ങ് കണ്‍ട്രി സിവില്‍ റൈറ്റ്‌സ് കമീഷന്‍, കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് സിയാറ്റില്‍, മുസ്‌ലിം അഡ്വക്കേറ്റ്‌സ്, ബ്ലാക് ലൈവ്‌സ് മാറ്റര്‍ സിയാറ്റില്‍, ഇന്റര്‍നാഷനല്‍ റെഫ്യൂജി അസിസ്റ്റന്‍സ് പ്രോജക്ട്, ആന്റി ഡിഫേമഷന്‍ ലീഗ്, സെന്റര്‍ ഫോര്‍ ഓപണ്‍ പൊലീസിങ്ങ്, സ്റ്റാന്‍ഡിങ്ങ് റോക് അഗൈന്‍സ്റ്റ് ഡി.എ.പി.എല്‍, സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ എന്നിവയെല്ലാം ആ നീളുന്ന പട്ടികയില്‍ ചിലതുമാത്രം.
ട്രംപിന്റെ വിവേചന നയങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ഗവര്‍ണര്‍മാരും മേയര്‍മാരും ഈ സംഘങ്ങളുടെ ഭാഗമാണ്. കുടിയേറ്റക്കാര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരായ അടിച്ചമര്‍ത്തല്‍ നയങ്ങളെ പ്രതിരോധിക്കാന്‍ ന്യൂയോര്‍ക്, സിയാറ്റില്‍, ബോസ്റ്റണ്‍, വാഷിംഗ്ടണ്‍ തുടങ്ങിയ നഗരമേയര്‍മാര്‍ 'സാങ്ച്വറി നഗരങ്ങളായി' അവരുടെ നഗരങ്ങളെ പ്രഖ്യാപിച്ചു. അമേരിക്കന്‍ മൂല്യങ്ങള്‍ അട്ടിമറിക്കുന്ന ട്രംപിന്റെ ചെയ്തികളില്‍ നടുക്കം പുലര്‍ത്തുന്ന, എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്ന ഒരു വിഭാഗത്തിന്റെ ഭാഗമാണ് ഈ ഗവര്‍ണര്‍മാരും ആക്ടിവിസ്റ്റുകളും. അവരുടെ ശ്രമങ്ങള്‍ ഫലം കാണുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു അഭിപ്രായ സര്‍വേ കാണിക്കുന്നത്, തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചെങ്കിലും, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് അമേരിക്കന്‍ ജനതുടെ വ്യാപക പിന്തുണയില്ലെന്നാണ്. തെരഞ്ഞെടുപ്പ് നടന്ന വര്‍ഷത്തിലുണ്ടായ സംഭവങ്ങള്‍ വെച്ച് വിശദീകരിക്കാനാവാത്ത ഒന്നാണിത്. 2015-ല്‍ മുസ്‌ലിംകളോട് അനുഭാവമുള്ളവരുടെ ശതമാനം 53 ആയിരുന്നത് 2016-ല്‍ 70 ആയി ഉയര്‍ന്നിരുന്നു.
റെസിസ്റ്റന്‍സ് മൂവ്‌മെന്റിന്റെ സജീവസംഘാടകരില്‍ ഒരാളാണ് മൈക്കല്‍ മൂര്‍. ദശലക്ഷകണക്കിന് പ്രതിഷേധക്കാരെ സാക്ഷിയാക്കി മൂര്‍ പറഞ്ഞു: ''ട്രംപിനെ അട്ടിമറിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പഴയനേതാക്കളെ മാറ്റണം.'' കീത് എല്ലിസണിനെ പാര്‍ട്ടിയുടെ നേതൃത്വം ഏല്‍പ്പിക്കണമെന്നും മൂര്‍ ആവശ്യപ്പെട്ടു. 2007-ല്‍ യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം അംഗമാണ് കീത് എല്ലിസണ്‍. തോമസ് ജെഫേഴ്‌സണിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഖുര്‍ആനിന്റെ പതിപ്പില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചയാളാണ് കീത്. മതപ്രതീകമായല്ല കീതിനെ മൈക്കല്‍ മൂര്‍ പിന്തുണക്കുന്നത്, യു.എസ് കോണ്‍ഗ്രസിലെ അദ്ദേഹത്തിന്റെ പ്രകടനത്തിലെ മികവുകൊണ്ടാണ്. ഒരു മുസ്‌ലിം യു.എസ് പ്രസിഡന്റാവുമെന്ന് പ്രതീക്ഷിക്കാന്‍ ഇപ്പോള്‍ സമയമായിട്ടില്ല. എന്നാല്‍, ഏറെ മുസ്‌ലിംകള്‍ ഇന്ന് ജനപ്രതിനിധികളായിട്ടുണ്ട്. അടുത്തിടെയാണ് മിനെസോട്ടയില്‍നിന്നും സൊമാലിയന്‍ അമേരിക്കക്കാരിയായ ഇല്‍ഹാന്‍ ഒമര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
അമേരിക്കയുടെ രൂപവത്കരണത്തില്‍ മുസ്‌ലിംകള്‍ വഹിച്ച സുപ്രധാന പങ്കിനെ ആര്‍ക്കും നിഷേധിക്കാനാവില്ല. 'അമേരിക്കയെ രൂപപ്പെടുത്തിയ മുസ്‌ലിംകള്‍: സര്‍ജന്മാര്‍ മുതല്‍ സംഗീതജ്ഞര്‍ വരെ' എന്ന തലക്കെട്ടില്‍ ദ ഗാര്‍ഡിയന്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ന്യൂയോര്‍ക്കിലെ ട്വിന്‍ ടവേഴ്‌സ്, സിയേഴ്‌സ് ടവര്‍ എന്നിവ നിര്‍മിച്ച, സ്ട്രക്ചറല്‍ എന്‍ജിനീയറിംഗിലെ ഐന്‍സ്റ്റീന്‍ എന്നറിയപ്പെട്ട ഫസ്‌ലുര്‍റഹ്മാന്‍ ഖാന്‍, പാകിസ്താന്‍ വംശജനായ ന്യൂറോസര്‍ജന്‍ അയൂബ് ഉമയ്യ, ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി, കരീം അബ്ദുല്‍ ജബ്ബാര്‍, മാല്‍കം എക്‌സ്, നിരവധി ഹിപ്‌ഹോപ് സംഗീതജ്ഞര്‍ എന്നിങ്ങനെ ഒരുപാട് പേരെ ആ ലേഖനം പരാമര്‍ശിക്കുന്നു.
ഇസ്‌ലാമും മുസ്‌ലിംകളും അമേരിക്കയില്‍ അതിജീവിച്ചേ പറ്റൂ. ട്രംപിന്റെ ഭരണകാലയളവില്‍ അവര്‍ നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമെന്ന് തീര്‍ച്ച. കറുത്തവരും, ജപ്പാന്‍കാരായ അമേരിക്കകാരും, ജൂതരും, കത്തോലിക്കരും അഭിമുഖീകരിക്കുന്ന വിചാരണകള്‍, മുസ്‌ലിംകളും നേരിട്ടേക്കാം. എന്തൊക്കെ തന്നെയായാലും, ഫീനിക്‌സ് പക്ഷിയെ പോലെ ഇസ്‌ലാം ചാരത്തില്‍നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കും. പടച്ചവന്റെ വചനങ്ങള്‍ സത്യമായി പുലരും: ''അല്ലാഹു തന്റെ തീരുമാനം കൃത്യമായി നടത്തുക തന്നെ ചെയ്യും. എങ്കിലും മനുഷ്യരിലേറെപ്പേരും അതറിയുന്നില്ല'' (12:21).
(അവസാനിച്ചു)
Comments