അട്ടിമറിക്കും അഭയാര്‍ഥി പ്രവാഹത്തിനും ശേഷമുള്ള തുര്‍ക്കി
പാശ്ചാത്യലോകത്തെയും എഷ്യയെയും കൂട്ടിച്ചേര്‍ക്കുന്ന 'കരപ്പാലം' (Land Bridge) ആയതുകൊണ്ടുതന്നെ ഈ രണ്ട് ഭൂഖണ്ഡത്തിന്റെയും സാമൂഹിക രാഷ്ട്രീയ സംവിധാനത്തില്‍ ഒരു രാഷ്ട്രമെന്ന നിലക്ക് തുര്‍ക്കിക്ക് വലിയ പ്രാധാന്യമുണ്ട്. അതോടൊപ്പം തൊട്ടടുത്തുള്ള ബാള്‍ക്കന്‍ മേഖലയിലെ മധ്യേഷ്യയിലെയും ശക്തമായ സൈനിക സാന്നിധ്യം കൂടിയായ തുര്‍ക്കി ഈ ഭൂമിശാസ്ത്ര പരിധിയിലെ രാഷ്ട്രീയ സംവിധാനത്തില്‍ നിര്‍ണായക പങ്കാളി കൂടിയാണ്. ഇതിന്റെ പ്രതിഫലനങ്ങള്‍ പലപ്പോഴും തുര്‍ക്കിയുടെ സാമൂഹിക ജീവിതത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കാറുണ്ട്. സിറിയയിലെ അരക്ഷിതാവസ്ഥ തുര്‍ക്കിയുടെ സാമൂഹിക ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ അത്തരത്തില്‍ വായിക്കാവുന്നതാണ്. ഇതോടൊപ്പം കഴിഞ്ഞ ജൂലൈ 15-ന് നടന്ന പട്ടാള അട്ടിമറി ശ്രമവും തുര്‍ക്കിയുടെ സാമൂഹിക-രാഷ്ട്രീയ-മത ജീവിതത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
2001-ല്‍ പഠനാവശ്യാര്‍ഥം തുര്‍ക്കിയിലെത്തിയ ശേഷം ഒരു വര്‍ഷത്തോളം ഞാന്‍ ഇസ്തംബൂളില്‍ താമസിക്കുകയുണ്ടായി. തുര്‍ക്കിയെയും തുര്‍ക്കിയിലെ ജനങ്ങളെയും അടുത്തറിയാന്‍ ഇത് വളരെ സഹായകമായി. അതിനു ശേഷം കഴിഞ്ഞ ഡിസംബറില്‍ സകറിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു അകാദമിക് കോണ്‍ഫറന്‍സിനു ക്ഷണം ലഭിച്ചതിനാ
ല്‍ പത്തു ദിവസത്തോളം അവിടെ താമസിച്ചു. കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനിടയില്‍, പ്രത്യേകിച്ച് ഈയടുത്തു നടന്ന പട്ടാള അട്ടിമറിശ്രമവും സിറിയന്‍ പ്രതിസന്ധിയും തുര്‍ക്കിയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ വലിയ രീതിയില്‍ തുര്‍ക്കിയില്‍ പ്രതിഫലിക്കുന്നുണ്ട്. ചെറിയ ഇടവേളകളില്‍ സംഭവിക്കുന്ന ബോംബ് സ്‌ഫോടനങ്ങള്‍ ആളുകളില്‍ ഭീതിയും അരക്ഷിതത്വവും സൃഷ്ടിക്കുന്നു. സിറിയന്‍ അഭയാര്‍ഥികളും അവരുടെ സാമൂഹിക ജീവിതത്തില്‍ വ്യതിയാനങ്ങളുണ്ടാക്കുന്നുണ്ട്. 'സിറിയന്‍ യുവതികള്‍ ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ കട്ടെടുക്കുന്നു'വെന്ന് കോണ്‍ഫറന്‍സില്‍ ഒരു വിഷയാവതാരകക്കു നേരെ വന്ന ആവലാതി സിറിയന്‍ പ്രശ്‌നം ഏതൊക്കെ രീതിയിലാണ് തുര്‍ക്കിയെ ബാധിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കിത്തരുന്നതായിരുന്നു.
അത്താതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറത്തേക്കിറങ്ങുന്ന വഴികളില്‍ തന്നെ മുമ്പൊന്നും കണ്ടിട്ടില്ലാത്ത പല മാറ്റങ്ങളും കാണാന്‍ സാധിച്ചു. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ജൂലൈ 15-ന് നടന്ന പട്ടാള അട്ടിമറിയെ സൂചിപ്പിച്ചുകൊണ്ടുള്ള ഫഌക്‌സ് ബോര്‍ഡുകളായിരുന്നു. വിഫല അട്ടിമറിശ്രമത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുന്നവ. ജൂലൈ 15 തുര്‍ക്കിയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ദിവസമായും എഴുതിവെച്ചിരുന്നു. ആ രാത്രി കൊല്ലപ്പെട്ടവരെ ശഹീദുകളായാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. വിമാനത്താവളത്തില്‍നിന്നുമിറങ്ങി അത്താതുര്‍ക്ക് മെട്രോ സ്‌റ്റേഷനിലെത്തിയപ്പോഴും തുടര്‍ന്ന് യെനികപ് മെട്രോ സ്‌റ്റേഷനിലും (Yenikapi Metro Station), ഉസ്‌കുദാര്‍മെട്രോ സ്‌റ്റേഷനിലും(Uskudar Metro Station) എത്തിയപ്പോഴും ഇതേ കാഴ്ചകള്‍ കണ്ടു. കൊല്ലപ്പെട്ട ഓരോ വ്യക്തിയുടെയും ഫോട്ടോ സഹിതമായിരുന്നു ബോര്‍ഡുകള്‍.
വിഫല അട്ടിമറിശ്രമവും ഭീകരാക്രമണങ്ങളും ജനങ്ങളുടെ മനസ്സില്‍ ഒരു കാളരാത്രിയുടെ പ്രതീതിയോടെ സജീവമാക്കി നിലനിര്‍ത്തുന്നതിന്റെ ഭാഗമാണിത്. ജനങ്ങളാണ് തുര്‍ക്കിയുടെ ശക്തിയെന്നും അതിനെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്നും അവ പ്രഖ്യാപിക്കുന്നുണ്ട്. 'ഞങ്ങളൊരൊറ്റ ജനതയാണ്. തുര്‍ക്കിയില്‍ ഒരട്ടിമറിയെയും ഭീകര പ്രവര്‍ത്തനത്തെയും ഞങ്ങള്‍ അനുവദിക്കില്ല'-മെട്രോ സ്‌റ്റേഷനില്‍ കണ്ട ഒരു ബോര്‍ഡ് ഇപ്രകാരമായിരുന്നു. പ്രധാന പാതയോരങ്ങളിലും ബസ് സ്‌റ്റേഷനുകളിലും പൊതുയിടങ്ങളിലും ഇത്തരം പോസ്റ്ററുകളും ബോര്‍ഡുകളും ധാരാളമുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റികളിലെ കഫെ, കാന്റീന്‍ തുടങ്ങി വിദ്യാര്‍ഥികള്‍ കൂടുന്ന ഇടങ്ങളിലും അട്ടിമറി ദിനത്തില്‍ ടാങ്കറുകളുടെ മുകളില്‍ നിലയുറപ്പിച്ച പൊതുജനത്തിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രദര്‍ശിപ്പിച്ചിരുന്നു. ഇസ്താംബൂള്‍ യൂനിവേഴ്‌സിറ്റിയിലും സകറിയ യൂനിവേഴ്‌സിറ്റിയിലും അങ്കാറ യൂനിവേഴ്‌സിറ്റിയിലും അങ്കാറയിലെ പ്രസിദ്ധമായ യെദിതെപെ യൂനിവേഴ്‌സിറ്റിയിലുമുണ്ട് ഇത്തരം പോസ്റ്ററുകളും ബോര്‍ഡുകളും.
ഇതിന് അഞ്ച് ലക്ഷ്യങ്ങളുള്ളതായി മനസ്സിലാക്കാം. ഒന്ന്, അട്ടിമറിക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ജന മനസ്സില്‍ ജാഗ്രത വളര്‍ത്തുക. ഇതിന്റെ ഭാഗമായാണ് തലസ്ഥാന നഗരിയായ അങ്കാറയില്‍ അട്ടിമറിയില്‍ പങ്കുചേര്‍ന്ന ടാങ്കറുകള്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലങ്ങള്‍ ഒരു പ്രതീകമായി പ്രത്യേകം പരിരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത്. ഈ ശ്രമം വിജയകരമാണെന്നതിന്റെ ഉദാഹരണമാണ് സെല്‍ജൂക്കുകളുടെ തലസ്ഥാനമായിരുന്ന, ജലാലുദ്ദീന്‍ റൂമിയുടെ ജന്മനാടായ കൊനിയയില്‍ (Konya) വെച്ച് സിറ്റിയുടെ മധ്യത്തിലെ വിശാലമായ ഒരു ചത്വരം ചൂണ്ടിക്കാട്ടി എന്റെ കൊനിയക്കാരനായ സുഹൃത്ത് യൂസുഫ് പറഞ്ഞത് 'ഇവിടെയായിരുന്നു ആ രാത്രി ഞങ്ങള്‍ ചെലവഴിച്ചത്. ഇവിടെയാണ് ഞങ്ങളന്ന് പ്രഭാത നമസ്‌കാരം നിര്‍വഹിച്ചത്.' രണ്ട്, ജനങ്ങളുടെ സഹായത്തോടെ അട്ടിമറിശ്രമങ്ങളെ അതിജയിച്ചതോടെ ഈ ഗവണ്‍മെന്റ് ജനങ്ങളുടേതാണെന്നും അതിനെ നിലനിര്‍ത്തല്‍ ഈ രാഷ്ട്രത്തിന്റെ ആവശ്യമാണെന്നും ജനങ്ങളെ നിരന്തരം ഓര്‍മപ്പെടുത്തല്‍. മൂന്ന്, നിലവിലെ ഗവണ്‍മെന്റിന്റെ രാഷ്ട്രീയ മുന്നേറ്റമായി അതിനെ ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കുക. പ്രദേശങ്ങളുടെയും പാലങ്ങളുടെയും റോഡുകളുടെയും പുനര്‍നാമകരണം ഇതിന്റെ ഭാഗമായി കാണാം. അട്ടിമറിശ്രമത്തിന്റെ ഭാഗമായി കാര്യമായ സൈനിക പ്രകടനം നടന്നത് ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഇസ്താംബൂളിലെ പ്രസിദ്ധമായ ബോസ്പറസ് ബ്രിഡ്ജിലായിരുന്നു. ടാങ്കറുകളില്‍ അധികവും ഈ പാലത്തിനു മുകളിലാണ് നിലയുറപ്പിച്ചിരുന്നത്. അട്ടിമറിക്കാര്‍ ആദ്യമായി പാലം വഴിയുള്ള ഗതാഗതം സ്തംഭിപ്പിക്കുകയാണ് ചെയ്തത്. ഈ പാലം ഇന്ന് 'ജൂലൈ 15 രക്തസാക്ഷി പാലം' (15 Temmuz Sehitler Köprüsü) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. നാല്, പ്രസിഡഷ്യല്‍ ഭരണരീതിക്കു വേണ്ടി ശ്രമിക്കുന്ന ഉര്‍ദുഗാന്‍ ഗവണ്‍മെന്റിന് കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുക. ഇത് രാഷ്ട്രത്തിന്റെ കൂടി അത്യാവശ്യമാണെന്നൊരു ധാരണ സൃഷ്ടിക്കുക. അഞ്ച്, ഓരോ 30 ഓഫീസര്‍മാരിലും ഒരാള്‍ ഗുലന്റെ ആളായിരുന്നു എന്നാണു പറയപ്പെടുന്നത്. അത്രമാത്രം ശക്തമായ സംഘടന ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കുകയെന്നത് അപ്രാപ്യമാണെന്നിരിക്കെ ജനമനസ്സില്‍ അവരെക്കുറിച്ച വെറുപ്പ് നിലനിര്‍ത്തുക.
വിഫല അട്ടിമറിശ്രമത്തോടെ ദേശീയ ബോധം വളരെ ശക്തമായി വീണ്ടും ജനങ്ങളില്‍ ഉറപ്പിക്കപ്പെട്ടു. പൊതുവേ തന്നെ തുര്‍ക്കികള്‍ ദേശീയവാദികളാണ്. നിര്‍ഭാഗ്യവശാല്‍, തുര്‍ക്കിയിലെ മതസംഘങ്ങളെയും അതിന്റെ മതവക്താക്കളെയും സംശയക്കണ്ണോടെ കാണാന്‍ ഇത് ഇടവരുത്തിയിട്ടുണ്ട്. അട്ടിമറി ശ്രമത്തിനു ചുക്കാന്‍ പിടിച്ചുവെന്ന് പറയപ്പെടുന്ന 'ഗുലന്‍ മൂവ്‌മെന്റ്' മാത്രമല്ല, മൊത്തം ജമാഅത്തുകളും സംശയത്തിന്റെ നിഴലിലാണ്.
അട്ടിമറിയില്‍ ഗുലന്റേതല്ലാത്ത മറ്റൊരു നാമവും തുര്‍ക്കിയില്‍നിന്ന് ഉയര്‍ന്നുകേട്ടിരുന്നില്ല. അതിനെക്കുറിച്ച് സംസാരിക്കാന്‍ ഒരു സമയത്ത് അതിന്റെ വക്താക്കളായിരുന്നവര്‍ പോലും തയാറാവുന്നില്ല. മറ്റുള്ളവരാകട്ടെ, ഗുലന്റെ സംരംഭങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെ 'ഗുലനിസ്റ്റ്' എന്ന് സംശയിക്കുന്നു. എസ്‌കി ശെഹിറില്‍ ഒരു സുഹൃത്തിന്റെ വീട്ടിലെ രാത്രിഭക്ഷണ സല്‍ക്കാരത്തില്‍ ഗുലന്റെ അടച്ചുപൂട്ടപ്പെട്ട 'സമാന്‍' പത്രത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഗൃഹനാഥന്‍ അപ്രതീക്ഷിതമായി ഒരു ചോദ്യം ചോദിച്ചു: 'നീയും ഗുലന്റെ ആളാണോ?' അട്ടിമറി ശ്രമവും തുടര്‍ന്നു ള്ള സാമൂഹിക രാഷ്ട്രീയ പരിതസ്ഥിതികളും ആളുകള്‍ക്കിടയില്‍ അപരവല്‍ക്കരണവും അപരനെക്കുറിച്ച സംശയവും ഭയവും സൃഷ്ടിക്കാനിടവന്നിട്ടുണ്ട്. തുര്‍ക്കിയിലേക്ക് ഒരു കോണ്‍ഫറന്‍സിനായി വരുന്നുവെന്നു സാമൂഹിക മാധ്യമത്തില്‍ വിവരം കൊടുത്തപ്പോള്‍ അപരിചിതനായ ഒരാളില്‍ നിന്നും 'നീ ഗുലെന്റെ വിദ്യാര്‍ഥി ആണോ?' എന്നു ഒരു സ്വകാര്യ സന്ദേശം വന്നിരുന്നു. അട്ടിമറി ശ്രമത്തിനു ശേഷം തുര്‍ക്കിയിലുണ്ടായ പല സ്‌ഫോടനങ്ങളിലും ഉയര്‍ന്നു കേട്ട നാമമായിരുന്നു 'ഫെതൊ' (FETO) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ഫത്ഹുല്ല ഗുലന്‍ ടെറര്‍ ഓര്‍ഗനൈസേഷന്‍' എന്നതാണ് കാരണം. അതുകൊണ്ടുതന്നെ അവരുമായുള്ള സാമീപ്യം ആളുകളെ ഭയചകിതരാക്കുന്നു.
മുന്‍കാലങ്ങളില്‍ തുര്‍ക്കിയിലെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് വളരെ ഹൃദ്യമായ സ്വീകരണവും പെരുമാറ്റവുമാണ് ലഭിച്ചിരുന്നത്. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. സകറിയ യൂനിവേഴ്‌സിറ്റിയില്‍ തുര്‍ക്കിഷ് സാഹിത്യത്തില്‍ ബിരുദത്തിന് പഠിക്കുന്ന ഉസ്‌ബെകിസ്താനിയായ സിറാജുദ്ദീന്‍ നോര്‍മയതോവിന്റെ അനുഭവം ഉദാഹരണം. 'മുമ്പ് ആളുകള്‍ ഒരുപാട് സ്‌നേഹം തരുമായിരുന്നു. ഇന്ന് നീയെന്തിനാണ് തുര്‍ക്കിയില്‍ വന്നു പഠിക്കുന്നത്? നിന്റെ നാട്ടില്‍ യൂനിവേഴ്‌സിറ്റികളില്ലേ' എന്നു ചോദിക്കുന്നു. നിലവിലെ മാറ്റത്തില്‍ അവന്‍ വളരെ ഉത്കണ്ഠകുലനാണ്. 'ഞാന്‍ തുര്‍ക്കിയില്‍ ജീവിക്കണം എന്നായിരുന്നു വിചാരിച്ചിരുന്നത്. പഠനം കഴിഞ്ഞാല്‍ തിരിച്ചുപോവാനാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്'-അവന്‍ പറഞ്ഞു. വിദേശങ്ങളില്‍നിന്ന് പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളിലും ടൂറിസ്റ്റുകളിലും മാത്രമല്ല പൊതുജനത്തിനിടയിലും ഈയൊരു ആശങ്കയും അരക്ഷിതത്വവും നിലനില്‍ക്കുന്നുണ്ട്. ഇസ്തംബൂളില്‍ വെച്ച് ഒരു സുഹൃത്തിനെ വിളിക്കാനായി ഒരാളോട് സഹായമഭ്യര്‍ഥിച്ചപ്പോള്‍ അയാളെന്നോട് ചോദിച്ചത് 'ഈ നമ്പറില്‍ വിളിച്ചാല്‍ പൊട്ടിത്തെറിക്കില്ലല്ലോ, അല്ലേ?' എന്നായിരുന്നു.
വൃത്തിയിലും സൗന്ദര്യത്തിലും ലോക പട്ടണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇസ്തംബൂളിനെക്കുറിച്ചുള്ള ഇന്നത്തെ ആലോചനകളില്‍ ആശങ്കയും ഭയവും കൂടികലര്‍ന്നിരിക്കുന്നു. ഞാന്‍ ഇസ്തംബൂളില്‍ എത്തുന്നതിന് നാളുകള്‍ മുമ്പാണ് ഇസ്തംബൂളിലെ ബെഷിക്താഷില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനടുത്ത് ബോംബ് പൊട്ടിത്തെറിച്ച് ഒരുപാട് പേര്‍ കൊല്ലപ്പെടുന്നത്. എസ്‌കിശെഹിറില്‍ (eskisehir) അനദൊലു യുനിവേഴ്‌സിറ്റിയില്‍ (Anadolu University) ഗവേഷണം നടത്തുന്ന സഹോദരനെ സന്ദര്‍ശിച്ച് ഇസ്തംബൂളില്‍ തിരിച്ചെത്തിയ എനിക്ക് കിട്ടിയ അവന്റെ സന്ദേശം ആശ്ചര്യമുളവാക്കുന്നതോടൊപ്പം നിലവിലെ സാമൂഹ്യ സാഹചര്യം സാധാരണജനങ്ങളുടെ ചിന്താഗതിയില്‍ എത്രമാത്രം മാറ്റം സൃഷ്ടിച്ചിട്ടുണ്ടെന്നു മനസ്സിലാക്കിത്തരുന്നതുമായിരുന്നു. 'ഇസ്തംബൂളില്‍ അധികം കറങ്ങണ്ട. ജാഗരൂകനാവുക. ഇത് വാരാന്ത്യമാണ്. നിന്റെ വഴികള്‍ തുറന്നതാവട്ടെ' എന്നതായിരുന്നു അവന്റെ സന്ദേശം. മൂന്നു വര്‍ഷമായി ഇസ്തംബൂളിലെ മീമാര്‍ സിനാന്‍ യുനിവേഴ്‌സിറ്റിയില്‍ (Mimar Sinan Universtiy) ഗവേഷണം നടത്തുന്ന മലയാളിയായ സുഹൃത്തില്‍നിന്നും ഇതേ ആശങ്ക നിറഞ്ഞ പ്രതികരണമാണ് ലഭിച്ചത്. സാമൂഹിക സുരക്ഷയില്ലായ്മയും ഏതു സമയവും കൊല്ലപ്പെടാമെന്ന ഭയവും അവന്‍ പങ്കുവെച്ചു.
ഇസ്തംബൂളിലെ മറ്റൊരു കാഴ്ച സിറിയയില്‍നിന്ന് വന്ന അഭയാര്‍ഥികളാണ്. നല്ല സാമൂഹിക സാഹചര്യത്തില്‍ ജീവിച്ചവരും സമ്പന്നരുമായിരുന്നു അവര്‍. സമ്പന്നരില്‍ സാമര്‍ഥ്യക്കാര്‍ യുറോപ്പിലേക്ക് കടന്നപ്പോള്‍ ഇവര്‍ ഇസ്തംബൂളിലേക്ക് കുടിയേറി. ഇസ്തംബൂളിലെ പ്രസിദ്ധമായ ഫാതിഹ് മോസ്‌കില്‍ ഓടിക്കളിക്കുന്ന സുവര്‍ണ മുടിക്കാരായ ചെറിയ കുട്ടികള്‍ എനിക്കൊരു പുതിയ അനുഭവമായിരുന്നു. അതോടൊപ്പം തന്നെ, വളരെ ദുര്‍ലഭമായി മാത്രം കണ്ടിരുന്ന 'യാചന' ഇന്നൊരു പതിവു കാഴ്ചയായി മാറിയിരിക്കുന്നു. ഫാതിഹ് പള്ളിയിലും മറ്റും സൗമ്യമായാണെങ്കിലും യാചകരായ സിറിയന്‍ കുട്ടികളെ അവിടത്തെ ജീവനക്കാര്‍ പറഞ്ഞുവിടുന്നത് കാണാമായിരുന്നു. യഥാര്‍ഥത്തില്‍ സിറിയന്‍ പ്രശ്‌നവും പട്ടാള അട്ടിമറിശ്രമവും തുടരെത്തുടരെ നടക്കുന്ന സ്‌ഫോടനങ്ങളും തുര്‍ക്കികളുടെ രാഷ്ട്രീയ ജീവിതത്തോടൊപ്പം അവരുടെ ദൈനംദിന ജീവിതത്തിലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. തുര്‍ക്കിയെ ഒരു ഉദ്ദിഷ്ട സ്ഥാനമായി (destination) കണ്ടിരുന്ന പലരും എത്രയും പെട്ടെന്ന് തിരിച്ചുപോവണമെന്ന തീരുമാനത്തിലാണ്.
(ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)
Comments