ജീവിതത്തില്‍ പ്രതിബിംബിക്കുന്ന ഈമാന്‍
വിശുദ്ധ ഖുര്‍ആന്‍ സംസാരിക്കുന്നതും കല്‍പിക്കുന്നതും ആഹ്വാനം ചെയ്യുന്നതും ആജ്ഞാപിക്കുന്നതും ഭൂമിയിലുള്ള എല്ലാ വിഭാഗങ്ങളും ഉള്‍പ്പെട്ട മനുഷ്യസമൂഹത്തോടാണ്. മനുഷ്യനല്ലാതെ വേറൊരു ജീവിക്കും പ്രബോധനം ആവശ്യമില്ല. അതുകൊണ്ടാണ് അല്ലാഹു പ്രവാചകന്മാരെ ഭൂമിയിലേക്കയച്ചത്. അവര്‍ ഓരോ പ്രദേശത്തും വരികയും, ആ പ്രദേശത്തുള്ളവരെ സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുകയും മാത്രമല്ല മനുഷ്യഹൃദയങ്ങളില്‍ വിശ്വാസ വൃക്ഷത്തിന്റെ തൈകള്‍ നടുകയും ചെയ്തു. അങ്ങനെ ആ വിശ്വാസ വൃക്ഷത്തൈകള്‍ മനുഷ്യഹൃദയങ്ങളില്‍ ആഴത്തില്‍ വേരോടുക മാത്രമല്ല, വളര്‍ന്നു വലുതാവുകയും നന്മയുടെയും സല്‍കര്‍മങ്ങളുടെയും പൂക്കളും കായ്കളും കാഴ്ചവെക്കുന്ന വളരെ വിശിഷ്ടമായ വൃക്ഷങ്ങളായിത്തീരുകയും ചെയ്തു. ഈ വൃക്ഷമാണ് സത്യവിശ്വാസം അല്ലെങ്കില്‍ ഈമാന്‍. ഫലം കായ്ക്കാത്ത മരങ്ങള്‍കൊണ്ട് നമ്മുടെ ജീവിതത്തിന് യാതൊരു പ്രയോജനവുമില്ല. വിശ്വാസം സല്‍കര്‍മങ്ങളോടുകൂടി ആയെങ്കിലേ ഫലം കിട്ടുകയുള്ളൂ.
ഈമാന്‍ നിലനിര്‍ത്തണമെങ്കില്‍ ഒരു വിശ്വാസി വളരെ കഷ്ടപ്പെടേണ്ടതുണ്ട്. സ്വന്തം ശരീരേഛകളെ നിയന്ത്രിച്ച് ആത്മസംസ്‌കരണം ആര്‍ജിക്കേണ്ടതുമുണ്ട്. അതില്ലാത്തതിനാലാണ് പ്രത്യക്ഷമായോ പരോക്ഷമായോ വരുന്ന പ്രതിസന്ധികളില്‍ അസ്വസ്ഥരാകുന്നത്. നമ്മുടെ മാനസിക പിരിമുറുക്കങ്ങളും അസ്വസ്ഥതകളും ഇല്ലാതാക്കാനുള്ള ഏകവഴി സത്യവിശ്വാസത്തിലേക്ക് ആണ്ടിറങ്ങലാണ്. എന്താണ് സത്യവിശ്വാസം അല്ലെങ്കില്‍ ഈമാന്‍?
നമ്മെ സംബന്ധിച്ചിടത്തോളം വളരെ സുപരിചിതമായ പദമാണ് ഈമാന്‍. എന്നാല്‍ ഈമാനെപ്പറ്റി വായിച്ചും കേട്ടും പരിചയപ്പെടാനിടവന്നിട്ടുള്ളത് അവ്യക്തമായ എന്തോ ചിലത് ആയതുകൊണ്ടോ അല്ലെങ്കില്‍ ഈമാന്‍ എന്താണെന്ന് മനസ്സിലാക്കാന്‍ ആത്മാര്‍ഥ ശ്രമം നടത്താത്തതുകൊണ്ടോ അതിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയാതെ വന്നിട്ടുണ്ട്. ഈ ദുരവസ്ഥ അവരുടെ വിശ്വാസസങ്കല്‍പത്തെ പ്രതിഭിന്നമാക്കുന്നു.
ഒരു മനുഷ്യന്‍ തന്റെ ഹൃദയസ്പന്ദനത്തിന്റെ താളക്രമം അല്ലാഹുവിലുള്ള ദൃഢമായ വിശ്വാസത്തില്‍ (Firm conviction of belief) ക്രമപ്പെടുത്തിയെടുക്കുന്നതിനെ ഈമാന്‍ എന്നു പറയാം. വിശ്വാസികള്‍ക്ക് ഈമാന്‍ ജീവവായു പോലെയാണ്. ഈമാനിനെ മൂന്നു ഘട്ടങ്ങളായി തിരിച്ച് മനസ്സിലാക്കാവുന്നതാണ്.
ഒന്ന്, ഹൃദയംകൊണ്ട് ദൃഢമായി വിശ്വസിക്കല്‍. അതായത്, ഉപരിതല സ്പര്‍ശിയോ പ്രകടനപരത നിറഞ്ഞതോ അല്ലാത്ത വിശ്വാസ ദാര്‍ഢ്യം.
രണ്ട്, ഹൃദയത്തില്‍ ദൃഢപ്പെടുത്തി സ്ഥാപിച്ച വിശ്വാസത്തെ, നാവുകൊണ്ട് മൊഴിഞ്ഞ് അവതരിപ്പിക്കല്‍. അതായത് ഹൃദയത്തില്‍ ആഴത്തില്‍ അവരോധിക്കപ്പെട്ട വിശ്വാസത്തെ ജീവനുള്ള പദങ്ങളുടെ പ്രവാഹമായി നാവിലൂടെ വരുത്തുക.
മൂന്ന്, ഹൃദയത്തില്‍ ദൃഢപ്പെടുത്തുകയും നാവുകൊണ്ട് മൊഴിയുകയും ചെയ്ത ഈമാനിനെ കര്‍മങ്ങളിലൂടെ സുവ്യക്തമാക്കല്‍. അതായത്, ജീവിതത്തിലെ സകല പ്രവൃത്തികളും അല്ലാഹുവില്‍ ദൃഢവിശ്വാസമര്‍പ്പിച്ചും അല്ലാഹുവിന്റെ വിധിവിലക്കുകളുടെ പരിധിക്കുള്ളിലാക്കിയും കര്‍മമണ്ഡലം സജീവമാക്കുക.
ഈ മൂന്നു ഘട്ടങ്ങളിലൂടെ സനാതനമായ ദൃഢവിശ്വാസത്തിലേക്ക് എത്തിപ്പെടാന്‍ അര്‍ഹത നേടണമെങ്കില്‍ സ്വീകരിക്കേണ്ട തയാറെടുപ്പുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാം.
ആദ്യമായി ചെയ്യേണ്ടത്, മനസ്സിനെയും ബോധമണ്ഡലത്തെയും പൊതിഞ്ഞിരിക്കുന്ന അജ്ഞതയുടെ കരിമേഘങ്ങളെ വിജ്ഞാന വര്‍ധനവിലൂടെ തുടച്ചുമാറ്റലാണ്. അടുത്ത പടിയായി, ഈമാനിനെ അവഗാഹപൂര്‍വം ഗ്രഹിച്ചെടുക്കലാണ്. അടുത്തത്, ഗ്രഹിച്ചെടുത്ത ഈമാനിനെ സ്പര്‍ശിച്ച് അറിയലാണ്. ഈമാന്‍ പദാര്‍ഥമല്ലാത്ത സ്ഥിതിക്ക് എങ്ങനെയാണതിനെ സ്പര്‍ശിച്ചറിയുക? ഈമാനിനെ സ്പര്‍ശിച്ചറിയുകയെന്നാല്‍, ഈമാന്‍ ഒരു അനുഭൂതിയാക്കി മാറ്റലാണ്. അനുഭൂതിയാക്കി മാറ്റണമെങ്കില്‍ ആന്തരിക ആത്മീയശേഷിയില്‍ വിള്ളലുകള്‍ വരുത്തുംവിധം മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്ന ഇഛകളുടെ കൂടുവിട്ട്, ദൃഢവിശ്വാസത്തിന്റെ പടവുകളില്‍ എത്തിച്ചേരണം. ദൃഢവിശ്വാസത്തിന്റെ പടവുകളിലേക്ക് എത്തിച്ചേരുന്നതോടെ വിശ്വാസിയുടെ സര്‍വ അവയവങ്ങളും അല്ലാഹുവിന്റെ പരിപൂര്‍ണ സ്മരണയിലായിത്തീരുന്നു. അതോടെ ഹൃദയംകൊണ്ട് ദൃഢമായി വിശ്വസിക്കല്‍ എന്ന ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ വിശ്വാസി അര്‍ഹത നേടുകയായി.
ഈമാന്‍ മനുഷ്യനെ വിശ്വാസപരമായി സംസ്‌കരിച്ചെടുക്കുക മാത്രമല്ല, ജീവിതത്തിലുടനീളം താങ്ങും തണലുമേകി പിന്തുടരുന്നുമുണ്ട്. ഭൗതികതാല്‍പര്യങ്ങളുടെ അസംബന്ധ ഭാരങ്ങള്‍ പേറി നടക്കുന്ന അവിശ്വാസിയുടെയും സ്രഷ്ടാവിന്റെ സ്മരണയില്‍ കര്‍മമണ്ഡലം ശുദ്ധീകരിച്ച് ജീവിതം നയിക്കുന്ന വിശ്വാസിയുടെയും ദൈനംദിന ജീവിതം അപഗ്രഥിച്ചാല്‍ ഇത് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. ഐശ്വര്യജീവിതത്തില്‍ അലയടിച്ചുയരുന്ന ആഹ്ലാദത്തിന്റെ ആരവം നിലക്കുകയും പകരം സങ്കീര്‍ണപ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ അവിശ്വാസികള്‍ പരാജിതരായി നെടുവീര്‍പ്പുകളുടെ മുള്‍പ്പടര്‍പ്പുകളിലേക്ക് വീഴുന്നു. അതേസമയം, എന്തെല്ലാം പരീക്ഷണങ്ങള്‍ രുചിച്ചറിയേണ്ടിവന്നാലും ഈമാന്റെ ഭാഗമായ ക്ഷമ പാലിച്ചു എല്ലാ ഞെരുക്കങ്ങള്‍ക്കും ശേഷം സമാശ്വാസമോ എളുപ്പവഴിയോ വന്നെത്തുമെന്ന് (ഖുര്‍ആന്‍ 94:6) ശുഭാപ്തി വിശ്വാസത്തില്‍ സത്യവിശ്വാസികള്‍ പതറാതെ നിലകൊള്ളുന്നു.
അകക്കാമ്പില്‍ (ഖല്‍ബ്) ദൃഢവിശ്വാസം (ഈമാന്‍) തരിമ്പും ഇല്ലാതെ, വേഷഭൂഷാദികളുടെ അകമ്പടിയോടെ മുഅ്മിന്‍ ആണെന്ന ധാരണ പരത്താന്‍ ശ്രമം നടത്തുന്നതുകൊണ്ട് യാതൊരു ഫലവും സിദ്ധിക്കുന്നതല്ല. കാരണം, അല്ലാഹു ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് മനുഷ്യരുടെ വേഷഭൂഷാദികളിലേക്കോ അംഗചലനങ്ങളിലേക്കോ അല്ല, ഹൃദയത്തില്‍ രൂഢമായിട്ടുള്ള വിശ്വാസത്തിലേക്കും തദനുസൃതമായ പ്രവൃത്തികളിലേക്കുമാണ്.
മനസ്സിലും ഹൃദയത്തിലും ഈമാന്‍ ഇല്ലാത്തവരുടെ കുടുംബജീവിതത്തിലാണ് അപസ്വരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിസ്സാര പ്രശ്‌നങ്ങള്‍ പോലും അവര്‍ക്ക് ഉരുള്‍പൊട്ടലുകളായി അനുഭവപ്പെടുന്നു. ഈമാനില്ലാത്തവരും ഈമാന്‍ നഷ്ടപ്പെടുത്തിയവരുമായ ദമ്പതികള്‍ മനസ്സില്‍ താലോലിച്ചുകൊുനടക്കുന്നത് ഉപഭോഗ സംസ്‌കാര താല്‍പര്യങ്ങളാണ്. അതിനാല്‍ വാസ്തവിക ലോകത്തില്‍നിന്ന് അകന്നുജീവിക്കുന്ന ഇവര്‍, ഭാവനയില്‍ മധുരജീവിതം ചമല്‍ക്കാരപ്പെടുത്തി സ്വപ്‌നജീവികളായി ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു. ഇങ്ങനെയുള്ളവര്‍ സാമൂഹിക സദസ്സുകളില്‍ മാതൃകാ ദമ്പതികളാണെന്ന ഭാവേന പ്രത്യക്ഷപ്പെടുമെങ്കിലും വീട്ടില്‍ തിരിച്ചെത്തിയാല്‍ ഭാര്യയും ഭര്‍ത്താവും അവജ്ഞയോടെ പരസ്പരം പഴിചാരാനാണ് ശ്രമിക്കുക.
എന്നാല്‍ സത്യവിശ്വാസികളുടെ കുടംബങ്ങളില്‍ ഇവ്വിധം മലീമസ അന്തരീക്ഷത്തിന് പ്രവേശനമേയില്ല. കാരണം അവര്‍ അല്ലാഹുവില്‍ ദൃഢവിശ്വാസമര്‍പ്പിച്ച് സ്‌നേഹത്തോടെയും വിട്ടുവീഴ്ചയോടും കൂടി ജീവിതത്തെ പ്രയോജനപ്പെടുത്തുന്നവരാണ്. മാത്രമല്ല, അവര്‍ മനുഷ്യരാശിയുടെ പ്രശ്‌നങ്ങളെ തികഞ്ഞ അവധാനതയോടെ സമീപിക്കുകയും ചെയ്യുന്നു. അതിനാല്‍ അവരുടെ സന്തതികളും നന്മയുടെ വാഹകരായി വളരാനിടവരുന്നു. അതുകൊണ്ട്, ഈമാനിന്റെ പാതയിലേക്ക് നടന്നടുക്കാനുള്ള പരിശീലനം കുടുംബങ്ങളില്‍നിന്ന് തന്നെ ആരംഭിക്കേണ്ടതുണ്ട്.
Comments