Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 10

2988

1438 ജമാദുല്‍ അവ്വല്‍ 13

ഉമര്‍ ശുഗ്‌രി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്

ദമസ്‌കസ് നഗരത്തില്‍നിന്ന് അബ്ബാസീന്‍ സ്റ്റേഷനിലേക്കുള്ള ബസ് കയറിയ ഉമര്‍ ശുഗ്‌രി സഹയാത്രികരെ അഭിവാദ്യം ചെയ്തു. തിരിച്ച് അഭിവാദ്യം ചെയ്യുന്നതിനു പകരം അവര്‍ ശുഗ്‌രിയെ അമ്പരപ്പോടെ തുറിച്ചുനോക്കി. അവന്റെ തന്നെ വാക്കുകളില്‍ താനപ്പോള്‍ ഒരു 'നീളനുറുമ്പ് പ്രേതം' പോലെ തോന്നിച്ചു. തൂക്കം മൂപ്പത്തിയഞ്ച് കിലോയില്‍ താഴെ. അക്ഷരാര്‍ഥത്തില്‍ എല്ലും തൊലിയും. മുഖമാകെ ഞരമ്പ് പൊട്ടി രക്തം ഒലിച്ചുകൊണ്ടിരിക്കുന്നു. ഇത് ബശ്ശാറുല്‍ അസദ് എന്ന രക്ത ദാഹിയുടെ ജയിലില്‍ മൂന്ന് വര്‍ഷം കഴിച്ചുകൂട്ടിയ ശേഷം അത്ഭുതകരമായി രക്ഷപ്പെട്ട കൗമാരക്കാരനായ ഒരു തടവുപുള്ളിയുടെ കഥ. 'സിറിയന്‍ ബാസ്റ്റീല്‍' എന്ന് കുപ്രസിദ്ധിയാര്‍ജിച്ച സൈദനായ തടവറയില്‍നിന്ന് 2015-ല്‍ പുറത്തുവരുമ്പോള്‍ ശുഗ്‌രി ആ തിക്ത സത്യം കൂടി അറിഞ്ഞു. 2013 മെയ് രണ്ടിന് ബശ്ശാര്‍ സൈന്യം ബൈളാ ഗ്രാമത്തില്‍ നടത്തിയ നരനായാട്ടില്‍ തന്റെ പിതാവും സഹോദരന്മാരായ മുഹമ്മദും ഉസ്മാനും വധിക്കപ്പെട്ടിരിക്കുന്നു. ബാക്കിയുള്ള മക്കളെയും കൂട്ടി തന്റെ ഉമ്മ തുര്‍ക്കിയിലേക്ക് പലായനം ചെയ്തിരിക്കുന്നു. 

ഈ വാര്‍ത്ത ഏറെക്കുറെ നിസ്സംഗതയോടെയാവും ശുഗ്‌രി അഭിമുഖീകരിച്ചിരിക്കുക. കാരണം അത്രക്ക് കരാളമായ ദിനരാത്രങ്ങളിലൂടെയാണ് അവന്‍ കടന്നുപോയത്. ശുഗ്‌രി അറസ്റ്റ് ചെയ്യപ്പെടുന്നത് പതിനേഴാം വയസ്സിലാണ്. അതേ പ്രായത്തിലുള്ള തന്റെ അമ്മായിയുടെ രണ്ട് മക്കളെയും അറസ്റ്റ് ചെയ്തിരുന്നു. ഭീകര മര്‍ദനങ്ങള്‍ താങ്ങാനാവാതെ രണ്ടു പേരും ജയിലില്‍ വെച്ച് അന്ത്യശ്വാസം വലിച്ചു. ഒരാള്‍ തന്റെ കൈകളില്‍ കിടന്ന്. രണ്ടാമത്തെയാള്‍ ഇരുന്ന ഇരുപ്പില്‍ മരിക്കുകയായിരുന്നു. കാരണം നിവര്‍ന്നു കിടക്കാന്‍ പോലും ജയിലില്‍ സ്ഥലമുണ്ടായിരുന്നില്ല. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷവും താന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് സ്വയം ബോധ്യപ്പെടാന്‍ മാസങ്ങള്‍ വേണ്ടിവന്നു. ഭീകരസ്വപ്‌നങ്ങള്‍ ഉറക്കത്തില്‍ അവനെ നിരന്തരം വേട്ടയാടി. 

ശുഗ്‌രിയെ ബശ്ശാറിന്റെ കാപാലികര്‍ വെറുത വിട്ടയക്കുകയായിരുന്നില്ല. കൈക്കൂലി തന്നാല്‍ വിട്ടയാക്കാമെന്ന് തുര്‍ക്കിയിലുള്ള കുടുംബത്തിന് സന്ദേശം പോയി. അവര്‍ എങ്ങനെയൊക്കെയോ പതിനയ്യായിരം ഡോളര്‍ എത്തിച്ചുകൊടുത്തു. ഒരു സൈനികന്‍ ശുഗ്‌രിയെ ദമസ്‌കസ് നഗരത്തില്‍ കൊണ്ടുവിടുമ്പോഴുള്ള ശാരീരിക നിലയെക്കുറിച്ചാണ് തുടക്കത്തില്‍ സൂചിപ്പിച്ചത്. ഏതാനും ദിനങ്ങള്‍ കൂടി തടവറയില്‍ കഴിഞ്ഞിരുന്നെങ്കില്‍ അവനും ഈ ലോകത്ത് ബാക്കിയുണ്ടാവുമായിരുന്നില്ല. ക്ഷയം അവന്റെ ശരീരത്തെ അത്രയധികം കാര്‍ന്നുകഴിഞ്ഞിരുന്നു. 

മോചിതനായ ശേഷം ശുഗ്‌രി തുര്‍ക്കിയിലെത്തി. ഒരു ശവശരീരം കണക്കെ. മരുന്നുകളൊന്നും ഏല്‍ക്കുന്നുണ്ടായിരുന്നില്ല. അഭയാര്‍ഥികളുടെ തിരക്കുകാരണം വിദഗ്ധ ചികിത്സക്ക് കാലതാമസമെടുക്കുമെന്ന് കണ്ടപ്പോള്‍ ഗ്രീസിലെത്തി; പിന്നെ പല നാടുകളിലൂടെ കടന്ന് ഒടുവില്‍ സ്വീഡനിലും. സ്റ്റോക് ഹോമില്‍ ഒരു കുടുംബത്തിന്റെ പരിചരണത്തില്‍ കഴിയുന്ന അവന്‍ ആരോഗ്യം ഏറെക്കുറെ വീണ്ടെടുത്തുകഴിഞ്ഞു. സിറിയന്‍ തടവറകളിലെ ഭീകരപീഡനങ്ങള്‍ തുറന്നുപറഞ്ഞതിന് ബശ്ശാറിന്റെ കൊലയാളി സംഘം ഏതു നിമിഷവും തന്നെ തേടിയെത്തിയേക്കുമെന്ന് അവന്‍ ഭയക്കുന്നുണ്ട്. എങ്കിലും തന്റെ തടവുകാലത്തെ വളരെ ദാര്‍ശനികമായാണ് ഈ ചെറുപ്പക്കാരന്‍ നോക്കിക്കാണുന്നത്. 'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങളായിരുന്നു അത്. അതാണ് എന്നെ യഥാര്‍ഥ മനുഷ്യനാക്കിയത്. തടവറ ഏറ്റവും മികച്ച സര്‍വകലാശാലയാണ്. കൗമാരത്തില്‍ തടവറയിലെത്തിയ ഞാന്‍ എങ്ങനെ ജീവിക്കണമെന്ന് പഠിച്ചു.' 

ആംനസ്റ്റി ഇന്റര്‍നാഷ്‌നലിന്റെ കണക്കുപ്രകാരം 2011 മാര്‍ച്ചിനും 2015 ഡിസംബറിനുമിടയില്‍ മാത്രം 17,000-ത്തിലധികമാളുകള്‍ ഭീകരമായ പീഡനങ്ങളെ തുടര്‍ന്ന് സിറിയന്‍ ജയിലുകളില്‍ മരിച്ചിട്ടുണ്ട്. ഉമര്‍ ശുഗ്‌രിയെപ്പോലെ ജീവഛവങ്ങളായി കഴിയുന്നവര്‍ ഇതിലുമെത്രയോ വരും. 

 

 

ഹോളിവുഡിന്റെ അരാജകവഴികള്‍ കൈയൊഴിഞ്ഞ് ലിന്‍ഡ്‌സെ ലോഹന്‍ 

 

''എന്റെ കൈയില്‍ ഖുര്‍ആന്റെ ഒരു കോപ്പി കണ്ടത് മുതല്‍ക്ക് ജനം എന്നെ ക്രൂശിച്ചുകൊണ്ടിരിക്കുകയാണ്; പിശാചായി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ നാട്ടില്‍ എനിക്ക് സുരക്ഷിതത്വമില്ലാതായിരിക്കുന്നു. ഞാന്‍ നാടുവിടാന്‍ ആലോചിക്കുകയാണ്''-അമേരിക്കന്‍ ഗായികയും നടിയുമായ ലിന്‍ഡ്‌സെ ലോഹന്റെ വാക്കുകള്‍. സംഭവം നടക്കുന്നത് 2015-ല്‍. ന്യൂയോര്‍ക്ക് തെരുവിലൂടെ ഖുര്‍ആന്റെ ഒരു ഇംഗ്ലീഷ് പരിഭാഷയും കൈയിലേന്തി ലിന്‍ഡ്‌സെ നടന്നുനീങ്ങുന്ന ചിത്രമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഒരു ഗ്ലാമര്‍ നടിയുടെ ആരാധകര്‍ അതൊട്ടും പ്രതീക്ഷിക്കുകയില്ലല്ലോ. പുതുവത്സരത്തിന്റെ തുടക്കത്തില്‍ മുപ്പതുകാരിയായ നടി തന്റെ ട്വിറ്റര്‍-ഇന്‍സ്റ്റഗ്രാം പോസ്റ്റുകളെല്ലാം മായ്ച്ചുകളഞ്ഞ് പകരം അവിടെ 'അലൈക്കുമുസ്സലാം' (നിങ്ങള്‍ക്കും സമാധാനം) എന്ന് കുറിച്ചതോടെ പതിനഞ്ച് മില്യന്‍ വരുന്ന അവരുടെ സോഷ്യല്‍ മീഡിയാ അനുഗാമികള്‍ വീണ്ടും ഞെട്ടി. മുസ്‌ലിം നാടുകളില്‍നിന്ന് അപ്പോഴേക്കും അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു; 'ഇസ്‌ലാമിലേക്ക് വന്ന സഹോദരി'യെ അഭിവാദ്യം ചെയ്തുകൊണ്ട്. 

യഥാര്‍ഥത്തില്‍ ലിന്‍ഡ്‌സെ ഇസ്‌ലാം സ്വീകരിച്ചുവെന്നതിന് യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല. 'താനൊരു ആത്മീയ പരിവര്‍ത്തനത്തിന്റെ പാതിയിലാണ്' എന്ന് മാത്രമാണ് വിവാദത്തെക്കുറിച്ച് നടി പ്രതികരിച്ചിരിക്കുന്നത്. പൊതുവേദികളിലൊന്നും ഈയിടെയായി അവര്‍ പ്രത്യക്ഷപ്പെടുകയോ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയോ ചെയ്യുന്നില്ല. തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച വേളയില്‍ ഹിജാബ് ധരിച്ച് അവര്‍ കാമറക്ക് പോസ് ചെയ്തതാണ് ഇസ്‌ലാം സ്വീകരണത്തിന്റെ ഏക തെളിവ്. അതൊരു കൗതുകത്തിന് വേണ്ടി ചെയ്തതാകാമല്ലോ. 

അതേ സമയം, താന്‍ ഖുര്‍ആന്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു തുര്‍ക്കി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലിന്‍ഡ്‌സെ സമ്മതിക്കുകയുണ്ടായി. ''ആത്മീയാനുഭൂതിയുടെ വാതിലുകളാണ് ഖുര്‍ആന്‍ എനിക്ക് മുമ്പില്‍ തുറന്നിടുന്നത്. ജീവിതത്തിന്റെ ഒരു യഥാര്‍ഥ പൊരുള്‍. ഞാന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് ഇസ്‌ലാം. അതാകട്ടെ, ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതുമാണ്.'' ഇസ്‌ലാം സ്വീകരിച്ചാലും ഇല്ലെങ്കിലും ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ ഈ യുവതി ഹോളിവുഡിന്റെ അരാജകവഴികളില്‍നിന്ന് ഇപ്പോള്‍ മാറിനില്‍ക്കുകയാണ്. അഭയാര്‍ഥികള്‍ക്ക് വേണ്ടിയും മറ്റും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് അവര്‍ക്ക് താല്‍പര്യം. യു.എ.ഇയിലേക്ക് താമസം മാറ്റാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

 

 

അബൂതരീകയും സീസിയുടെ ഭീകര പട്ടികയില്‍ 

 

ഈജിപ്ഷ്യന്‍ ഏകാധിപതി അബ്ദുല്‍ ഫത്താഹ് സീസി 'ഭീകരവാദികളുടെ പട്ടിക' അനന്തമായി നീട്ടിയെഴുതിക്കൊണ്ടിരിക്കുകയാണ്. ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഒരു വിധം പേരെല്ലാം അതില്‍ പെട്ടുകഴിഞ്ഞു. അതില്‍ ഒടുവിലത്തെ ആളായിരിക്കില്ല അബൂതരീക. ഇന്ത്യയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലെ സുപരിചമാണ് ഈ നാമം ഈജിപ്തില്‍. നൈലിന്റെ നാട് ജന്മം കൊടുത്ത പ്രതിഭാശാലികളായ കാല്‍പന്തുകളിക്കാരിലൊരാള്‍. ഈജിപ്തിലെ അല്‍ജീസഃ പ്രവിശ്യയില്‍ 1978-ല്‍ ജനനം. തിര്‍സാന ക്ലബ്ബില്‍ കളിച്ചു വളര്‍ന്ന അബൂതരീകിനെ ഈജിപ്ഷ്യന്‍ ക്ലബുകളില്‍ മുന്‍നിരയിലുള്ള അഹ്‌ലിയും പിന്നീട് സമാലികും വന്‍ വിലക്ക് സ്വന്തമാക്കി. 22-ാം നമ്പര്‍ ജഴ്‌സിയണിഞ്ഞ ഈ കളിക്കാരന്‍ വൈകാതെ ദേശീയ ടീമിലും ഇടം കണ്ടെത്തി. 

2006-ല്‍ കെയ്‌റോയില്‍ വെച്ചും 2008-ല്‍ ഗാനയില്‍ വെച്ചും ഈജിപ്ഷ്യന്‍ ദേശീയ ടീം ആഫ്രിക്കന്‍ കപ്പ് സ്വന്തമാക്കുമ്പോള്‍ ആ വിജയങ്ങളില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു അബൂതരീക എന്ന സ്‌ട്രൈക്കര്‍ക്ക്. ഈജിപ്തിന്റെ ഇന്നുവരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പതിനഞ്ച് ഗോളുകള്‍ നേടി ദേശീയ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കാനും അദ്ദേഹത്തിന് സാധിച്ചു. ബ്യൂറോക്രസിയുടെ അഴിയാക്കുരുക്കുകള്‍ കാരണം ക്ഷണമുണ്ടായിട്ടും അദ്ദേഹത്തിന് യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബുകളിലേക്ക് ചേക്കേറാന്‍ കഴിഞ്ഞില്ല. അങ്ങനെ തന്റെ സ്‌കോറിംഗ് മികവും സിദാനെ അനുസ്മരിപ്പിക്കുന്ന ഡ്രിബ്‌ളിംഗ് പാടവവും പുറംലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കാനാവാതെ അദ്ദേഹം ബൂട്ടഴിക്കുകയും ചെയ്തു. 

കളിക്കളത്തില്‍ വൃത്തിയുള്ള കളിക്ക് പേരു കേട്ടിരുന്നു അബൂതരീക. ആ വൃത്തിയും സുതാര്യതയും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളിലും പ്രതിഫലിച്ചു. അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ കളിക്കളത്തിലെ ചിട്ടവട്ടങ്ങളൊന്നും അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. ഗസ്സക്കെതിരെ ഇസ്രയേലിന്റെ ഭീകരതാണ്ഡവം നടക്കുമ്പോള്‍ നേടിയ ഒരു ഗോള്‍ ആഘോഷിക്കാന്‍, 'ഗസ്സയോട് ഐക്യദാര്‍ഢ്യം' എന്നെഴുതിയ ബനിയന്‍ കാണുംവിധം ജഴ്‌സി മുഖത്തേക്ക് വലിച്ചിട്ട് ഓടുന്ന അബൂതരീകയുടെ വീഡിയോ ക്ലിപ്പ് വൈറലായിരുന്നു. 

ഈ രാഷ്ട്രീയ നിലപാടുതന്നെയാണ് സീസിയുടെ കണ്ണില്‍ അദ്ദേഹത്തെ ഭീകരവാദിയാക്കിയതും. 'അസ്വ്ഹാബ് ടൂര്‍സ്' എന്ന ഒരു ടൂര്‍ കമ്പനിയില്‍ അബൂതരീകക്ക് ഷെയര്‍ ഉണ്ടെന്നും ആ സ്ഥാപനം ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന സംഘടനയെ സഹായിച്ചിട്ടുണ്ടെന്നുമാണ് സീസി പ്രഭൃതികളുടെ ആരോപണം. തെളിവുകള്‍ ഹാജരാക്കാതെ നടത്തിയ ആരോപണം അബൂതരീക നിഷേധിച്ചുവെങ്കിലും പ്രതികാരനടപടികളുമായി മുന്നോട്ടു പോവുകയാണ് സീസി. 'ഭീകരവാദികളുടെ ലിസ്റ്റി'ല്‍ ഉള്‍പ്പെടുത്തപ്പെട്ടാല്‍ ആദ്യം മുഴുവന്‍ സ്വത്തും പിന്നെ പാസ്‌പോര്‍ട്ടും കണ്ടുകെട്ടും. ബാക്കിയുള്ള നടപടികള്‍ പിറകെ വരും. വാഷിംഗ്ടണിലെ ട്രംപും കൈറോവിലെ സീസിയും ഒരേ തൂവല്‍ പക്ഷികളായതുകൊണ്ട് ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും അവരുടെ രാഷ്ട്രീയ അനുഭാവികളെയും കാത്തിരിക്കുന്നത് കൂടുതല്‍ തീക്ഷ്ണമായ പരീക്ഷണത്തിന്റെ ദിനങ്ങള്‍. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (70-73)
എ.വൈ.ആര്‍

ഹദീസ്‌

പ്രതിസന്ധികളെ മറികടക്കാന്‍
അബ്ദുസ്സമദ് കൂട്ടിലങ്ങാടി