മുഖംമൂടിയില്ലാത്ത വര്‍ഗീയതയും ജാതീയതയും
നോട്ട് അസാധുവാക്കലും പാകിസ്താനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുമൊന്നും യു.പി-പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പുകളിലോ മനോഹര്‍ പരിക്കര്‍ എന്ന പ്രതിരോധ മന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് പോലുമോ ബി.ജെ.പി ഇനിയും മുഖ്യ വിഷയങ്ങളായി ചര്‍ച്ചക്കെടുത്തിട്ടില്ല. 2014-ല്‍ 56 ഇഞ്ച് നെഞ്ചൂക്കുമായി നാടു വികസിപ്പിക്കാന്‍ ഇറങ്ങിയ നേതാവിന്റെ ഭരണം രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ ഭരണനേട്ടങ്ങള്‍ എന്ന വാക്കുമായി ബന്ധപ്പെട്ട എല്ലാതരം ചര്‍ച്ചകളും ഇതുപോലെ പിന്നിലേക്കു പോകുന്നുണ്ട്. പൊതുജനത്തെ ആകര്‍ഷിച്ച ഒറ്റ റാലി പോലും സമീപ ദിവസങ്ങളില്‍ മോദിക്ക് നടത്താനായിട്ടില്ല. പ്രകടന പത്രികയില്‍ മറ്റെന്തൊക്കെ എഴുതി വെച്ചിട്ടുണ്ടെങ്കിലും രാമക്ഷേത്രവും പശുമാതാവും ലൗ ജിഹാദും ഹിന്ദുക്കള്‍ മുസഫര്‍ നഗറില്‍ നേരിടുന്നതായി പറയപ്പെടുന്ന പീഡനവും മറ്റും മറ്റും പ്രധാന വിഷയങ്ങളായി ചര്‍ച്ചകളില്‍ നിറയുന്നതാണ് ഉത്തര്‍ പ്രദേശില്‍ ഇപ്പോഴുള്ള ബി.ജെ.പിയുടെ ചിത്രം. പ്രധാനമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രചാരണ റാലികളിലൊന്നും നോട്ട് അസാധുവാക്കലിനെ കുറിച്ച ഹ്രസ്വമായ ചില പരാമര്‍ശങ്ങളല്ലാതെ പതിവ് ഗീര്‍വാണം കേള്‍ക്കാനുണ്ടായിരുന്നില്ല. സംഗതി പാളിപ്പോയ പരീക്ഷണമാണെന്ന വിലയിരുത്തലിലാണ് ബി.ജെ.പി എത്തിച്ചേര്‍ന്നതെന്നാണ് ഈ അവധാനത വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതികരിക്കുന്നില്ലെങ്കിലും അങ്ങാടിയില്‍ ചര്‍ച്ചക്കു വന്നാല്‍ ഒരുവേള ഈ വിഷയം തിരിച്ചടിയാവുമെന്ന ഭയവും പാര്‍ട്ടിക്കുണ്ട്.
ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ കുറിച്ച നഗ്നസത്യങ്ങളിലൊന്നിലേക്കു കൂടിയാണ് ഇത് വിരല്‍ചൂണ്ടുന്നത്. തത്വങ്ങളേക്കാളേറെ ചില മുഖങ്ങളെയും അവ പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയമോ ജാതിയമോ ആയ വികാരങ്ങളെയും സമവാക്യങ്ങളെയും അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടക്കാറുള്ളതെന്നാണ് വസ്തുത. നോട്ട് അസാധുവാക്കല്‍ വന്‍ നേട്ടം നല്‍കുമെന്ന് ടി.വി ചര്‍ച്ചകളില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം പാര്‍ട്ടിയുടെ മുഖ്യതെരഞ്ഞെടുപ്പു വിഷയം അല്ലേയല്ല. മറുപക്ഷത്ത് പ്രതിപക്ഷ കക്ഷികളില്‍ ആരും ഈ വിഷയം അങ്ങാടിയില്‍ എടുത്തിട്ട് ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിക്കുന്നതും കാണാനാവില്ല. അതിനെ പരസ്യമായി ചോദ്യം ചെയ്യാനൊരുമ്പെട്ടാല്‍ വിഷയത്തെ ദേശീയ വികാരവുമായി കൂട്ടിക്കെട്ടി ചര്‍ച്ച വഴിതിരിച്ചു വിടാന്‍ പ്രധാനമന്ത്രിയുടെ പ്രഭാഷണ ചാതുരി സഹായിക്കുമെന്ന് എതിരാളികള്‍ തിരിച്ചറിയുന്നുണ്ട്. തീരുമാനം എടുക്കുന്നത് പൊതുജനത്തിന് വിട്ടു കൊടുക്കുന്നതാണ് നല്ലതെന്നാണ് ഇരുപക്ഷത്തിന്റെയും നിലപാട്. ഭരണനേട്ടങ്ങളെന്നു പറയാന്‍ എടുത്തു പറയാവുന്ന ഒന്നുംതന്നെ രണ്ടര വര്‍ഷം നീണ്ട മോദിഭരണത്തിന് ഇല്ലാത്തതുകൊണ്ട് എവിടെയാണ് ഊന്നേണ്ടതെന്നറിയാത്ത പ്രചാരണമാണ് ബി.ജെ.പിയുടേത്. വികസനത്തെ കുറിച്ച് 2014-ല്‍ ആദായ വില്‍പന നടത്തിയ പകല്‍ക്കിനാവുകള്‍ തന്നെയാണ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന. ജനത്തിന് തിരിച്ചു ചോദിക്കാന്‍ പലതുമുള്ള ഈ മേഖലയിലും മൗനമാണ് ബി.ജെ.പിയുടെ ഏറ്റവും മികച്ച പ്രചാരണ തന്ത്രമായി മാറുന്നത്.
അങ്ങനെ നോക്കുമ്പോള്‍ ബി.ജെ.പിയുടെ ഇത്തവണത്തെ സൂത്രവാക്യം എന്തെന്ന ചോദ്യം ഏറെ പ്രസക്തമാകുന്നുണ്ട്. ജാതിക്കണക്കെടുക്കുകയാണെങ്കില്‍ താക്കൂര്‍ സമുദായത്തിനാണ് ഏറ്റവും കൂടുതല്‍ ബി.ജെ.പിയുടെ സീറ്റുകള്‍ ലഭിച്ചത്. ബ്രാഹ്മണരാണ് തൊട്ടു പിറകെ പട്ടികയില്‍. കൂറുമാറിയെത്തുന്നവര്‍ക്ക് ഏറ്റവുമധികം സീറ്റുകള്‍ വെച്ചു നീട്ടിയ പാര്‍ട്ടി ബി.ജെ.പി ആണെങ്കിലും അവരുടെ ജാതി സമവാക്യങ്ങളെ സഹായിക്കുന്നവരെയേ ഇങ്ങനെ പരിഗണിച്ചിട്ടുള്ളൂ. സംസ്ഥാനത്തെ ദലിത് ജനസംഖ്യയുടെ 55 ശതമാനം വരുന്ന മായാവതിയുടെ ജാതിക്കാരായ ജാട്ടവുകളില്‍ നിന്നും 21 പേര്‍ക്ക് ബി.ജെ.പി ടിക്കറ്റ് നല്‍കിയപ്പോള്‍ 49 സീറ്റുകളാണ് ശേഷിച്ച ദലിത് സമൂഹങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ചത്. വെറും 11 യാദവര്‍ മാത്രമേ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയിലുള്ളൂ. എം.ബി.സികളെ, അതായത് യാദവര്‍ക്കും താഴെയുള്ള അതിപിന്നാക്ക വിഭാഗങ്ങളെയാണ് അമിത് ഷാ ഇക്കുറി പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കേശവ് പ്രസാദ് മൗര്യ എന്ന പാര്‍ട്ടി അധ്യക്ഷനെ മുന്നില്‍ നിര്‍ത്തി എം.ബി.സി മേഖലയില്‍ നടത്തുന്ന ജാതിപരീക്ഷണങ്ങളാണ് മറ്റെന്തിനേക്കാളും യു.പിയില്‍ ബി.ജെ.പിയുടെ തുരുപ്പുചീട്ട്. ഈ ജാതി സമവാക്യങ്ങളോടൊപ്പം ഹിന്ദുത്വ വര്‍ഗീയത കൂടി ചേരുമ്പോള്‍ ബി.ജെ.പിയുടെ വിജയ മന്ത്രമാകുമെന്നാണ് ഷായുടെ കണക്കു കൂട്ടല്‍. മുസഫര്‍ നഗര്‍ കലാപകേസിലെ പ്രതികളായ സുരേഷ് റാണയും സംഗീത് സോമും അവരുടെ ആചാര്യനായ ആദിത്യനാഥുമൊക്കെ നടത്തി കൊണ്ടിരുന്ന പ്രസംഗങ്ങളും രാമക്ഷേത്രം എന്ന എക്കാലത്തെയും തെരഞ്ഞെടുപ്പു കാല ധ്രുവീകരണ തന്ത്രവും കഴിഞ്ഞ തവണ ഉപയോഗിച്ചു മുനപോയ ലൗ ജിഹാദും പശുമാതാവുമൊക്കെ തന്നെ വീണ്ടും പൊക്കിപ്പിടിക്കുന്നത് ആശയദാരിദ്ര്യം കൊണ്ടുതന്നെയായിരുന്നു.
ബി.ജെ.പി ഒഴിച്ചിടാന്‍ നിര്‍ബന്ധിതമാകുന്ന കോളങ്ങളില്‍ അഖിലേഷ് യാദവിന് എന്തോ കുറച്ചെങ്കിലും പൂരിപ്പിക്കാനാവുന്നുണ്ട്. മുസ്‌ലിംകള്‍ക്കൊഴികെ മറ്റൊരു വിഭാഗത്തിനും വലിയ പരാതികള്‍ പറയാനില്ലാതിരുന്ന വാഗ്ദാനങ്ങള്‍ നല്ലൊരളവില്‍ നിറവേറ്റിയ ഭരണമാണ് ഇപ്പോഴത്തേത്. കോണ്‍ഗ്രസും സമാജ്‌വാദിയും ചേര്‍ന്നതോടെ മുസ്‌ലിംകളുടെ ആശയക്കുഴപ്പം നല്ലൊരളവില്‍ കുറയുമെങ്കിലും കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സഖ്യത്തിനെതിരെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ ശിവ്പാല്‍ യാദവ് വിഭാഗത്തിന് മുലായം സമ്മതം കൊടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ ചക്കളത്തിപ്പോര് കനക്കുന്നതോടെ മുസ്‌ലിം വോട്ടര്‍മാര്‍ക്കു മുമ്പില്‍ സഖ്യം ചോദ്യചിഹ്നമായി മാറിയേക്കും. മറുഭാഗത്ത് ബി.എസ്.പി ഗ്രാമഗ്രാമാന്തരം നടത്തുന്ന പ്രചാരണവും മുസ്‌ലിംകളെയാണ് പ്രധാനമായും മുന്നില്‍ കാണുന്നത്. ഉറുദുവില്‍ തയാറാക്കി സംസ്ഥാനത്തുടനീളം വിതരണം ചെയ്യുന്ന ലഘുലേഖയില്‍ സമാജ്‌വാദി സര്‍ക്കാര്‍ മുസ്‌ലിംകളോട് ചെയ്ത അരുതായ്കകളും സ്വന്തം ഭരണകാലത്ത് അവര്‍ക്കു വേണ്ടി നടപ്പാക്കിയ പദ്ധതികളും മായാവതി അക്കമിട്ടു നിരത്തുന്നു. ഏകദേശം ഒരു വര്‍ഷം മുമ്പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു തുടങ്ങിയ ഈ പ്രവര്‍ത്തനങ്ങള്‍ മായാവതിയെ പ്രവചനാതീതമായ തലത്തിലേക്ക് ഉയര്‍ത്തുന്നുമുണ്ട്.
ദലിതരും ബനിയകളുമൊക്കെ അകലുമ്പോഴും ഹിന്ദു വോട്ടുകളെ 2014-ലേതു പോലെ സ്വാധീനിക്കാന്‍ ബി.ജെ.പിയും മുസ്‌ലിം വോട്ടുകളെ ആകര്‍ഷിക്കാന്‍ മതേതരകക്ഷികളും രംഗത്തിറങ്ങുന്ന യു.പിയില്‍ എങ്ങോട്ടും മറിഞ്ഞേക്കാവുന്ന ഒന്നോ രണ്ടോ ശതമാനം വോട്ടുകളാണ് ഇത്തവണ നിര്‍ണായകമാവുക.
Comments