Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 10

2988

1438 ജമാദുല്‍ അവ്വല്‍ 13

ആള്‍ക്കൂട്ടത്തില്‍ തനിയെ

ഡോ. ജാസിം അല്‍ മുത്വവ്വ

അവര്‍ പറഞ്ഞുതുടങ്ങി: ഞാന്‍ വിവാഹിതയാണ്. പക്ഷേ എനിക്ക് ഏകാന്തത അനുഭവപ്പെടുന്നു. രണ്ടു കുഞ്ഞുങ്ങളുണ്ടെനിക്ക്. എന്നിട്ടും ഏകാന്തത. എനിക്കാണെങ്കില്‍ ജോലിയുണ്ട്. സാമൂഹിക ബന്ധങ്ങളുണ്ട്, സ്‌നേഹിതകളുണ്ട്. എന്നിട്ടും ഏകാന്തത തന്നെ. എന്തുകൊണ്ടാണിത്? 

ഞാന്‍: മനുഷ്യന് ഏകാന്തത പല കാരണങ്ങളാല്‍ അനുഭവപ്പെടാം. ദാമ്പത്യജീവിതത്തിലെ അസ്വസ്ഥതകളാവാം കാരണം. ഭര്‍ത്താവിന്റെ അസാന്നിധ്യമാവാം, മക്കളെ പോറ്റിവളര്‍ത്തുന്ന കര്‍ത്തവ്യഭാരത്താലാവാം. ഏതെങ്കിലും സ്‌നേഹിതയുടെ വേര്‍പാടിനാലാവാം. താന്‍ മറ്റുള്ളവരാല്‍ വെറുക്കപ്പെടുന്നു എന്ന തോന്നലാവാം. മറ്റുള്ളവര്‍ തന്നെ മനസ്സിലാക്കുന്നില്ലല്ലോ എന്ന ചിന്തയാലാവാം. പല തിരക്കുകളും ഉണ്ടായിട്ടും വിചാരങ്ങള്‍ പങ്കുവെക്കാന്‍ ആരുമില്ലല്ലോ എന്ന ആലോചനയാലാവാം-ഇങ്ങനെ ഏകാന്തത അനുഭവപ്പെടുന്നതിന് പല കാരണങ്ങളുമുണ്ട്. 

അവര്‍: ശരിയാണ് താങ്കള്‍ പറഞ്ഞത്. എന്റെ സ്ഥിതി താങ്കള്‍ വിവരിച്ചതൊക്കെത്തന്നെയാണ്. നിന്നുതിരിയാന്‍ നേരമില്ലാത്ത ജോലിയുണ്ടായിട്ടും എനിക്ക് ഏകാന്തത അനുഭവപ്പെടുകയാണ്. എന്നെ കൊല്ലുന്ന ഈ തോന്നലില്‍നിന്ന് രക്ഷപ്പെടണമെന്നുണ്ട്. 

ഞാന്‍: ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന തോന്നല്‍ മനസ്സിലെ ആന്തരിക ഭാവമാണ്. കുഞ്ഞ് തനിയെയാണ് പിറന്നുവീഴുന്നതെങ്കിലും അതിന്ന് ഏകാന്തത അനുഭവപ്പെടണമെന്നില്ല. പത്ത് സഹോദരി സഹോദരങ്ങള്‍ ചുറ്റിലുമുള്ള കുഞ്ഞിനും ചിലപ്പോള്‍ ഏകാന്തത അനുഭവപ്പെട്ടെന്ന് വരും. വിവാഹമോ സുഹൃദ് സാന്നിധ്യമോ ഏകാന്തത അകറ്റിക്കൊള്ളമെന്നില്ല. അവ ഏകാന്തതാബോധത്തെ ലഘൂകരിക്കുമെന്ന് മാത്രം. പ്രായം ഏറുന്തോറും ഏകാന്തതയും വര്‍ധിച്ചുകൊണ്ടിരിക്കും. തനിയെ തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുവോളം ഈ നില തുടരും. 

ഏകാന്തത അനുഭവപ്പെടുന്നത് എപ്പോഴും ദോഷകരമാവണമെന്നില്ല. മനുഷ്യന് പലപ്പോഴും ഒറ്റക്ക് ജീവിക്കേണ്ടിവരും. എന്നല്ല ചില സന്ദര്‍ഭങ്ങളില്‍ അത് ഒരു ആവശ്യവുമായിരിക്കും. കുട്ടികളും കുടുംബവും പ്രാരാബ്ധങ്ങളുമൊക്കെയാവുമ്പോള്‍ ഏകാന്തത അനുഗ്രഹമായി ഭവിക്കും. ഒറ്റക്കിരുന്ന് അവരുടെ ഭാവിയെക്കുറിച്ചെല്ലാം ആസൂത്രണം നടത്താമല്ലോ. ഇതാണ് ഇന്ന് വിനഷ്ടമായിട്ടുള്ളത്. ജീവിതത്തെ സംബന്ധിച്ച മര്‍മപ്രധാനമായ പല തീരുമാനങ്ങളും മനുഷ്യന്‍ കൈക്കൊള്ളുന്നത് ഏകാന്തതയില്‍ ആവുമ്പോഴാണ്. നമ്മുടെ പ്രിയപ്പെട്ട നബി (സ) ഏകാന്തത ഇഷ്ടപ്പെടുകയും റമദാനില്‍ ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞിരുന്നു ഇഅ്തികാഫ് അനുഷ്ഠിക്കുകയും ചെയ്യുമായിരുന്നു. സവിശേഷമായ സര്‍ഗസിദ്ധികളാല്‍ അനുഗൃഹീതയാണ് നിങ്ങളെങ്കില്‍ ഏകാന്തത അനുഭവപ്പെടുകയെന്നത് തീര്‍ത്തും സ്വാഭാവികം. സമൂഹത്തില്‍ ഇടപെടുകയും കര്‍മങ്ങളാല്‍ തന്റെ സാന്നിധ്യം അടയാളപ്പെടുത്തുകയും ചെയ്യുന്ന സ്വഭാവക്കാരിയാണ് നിങ്ങളെങ്കില്‍ ഒറ്റക്കാണ് താനെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാവും. ഈ അവസ്ഥ നബി (സ) വിവരിച്ചത് ഇങ്ങനെ: താങ്ങും തണലും ഇല്ലാത്ത അപരിചാതാവസ്ഥയിലാകുന്നു ഇസ്‌ലാമിന്റെ തുടക്കം. തുടങ്ങിയേടത്തേക്കുതന്നെ അത് തിരിച്ചുനടക്കും. ആള്‍ക്കൂട്ടത്തില്‍ തനിയെ കഴിയുന്ന ആ സര്‍ഗാത്മക ന്യൂനപക്ഷത്തിന് അഭിവാദ്യങ്ങള്‍. അവര്‍ ആരാണെന്ന അനുചരന്മാരുടെ അന്വേഷണത്തിന് നബി(സ)യുടെ മറുപടി: ജനങ്ങള്‍ ദുഷിക്കുമ്പോള്‍ നന്മ വളര്‍ത്താന്‍ യത്‌നിക്കുന്നവര്‍. 

മിക്ക പ്രവാചകന്മാരും ഏകാന്തതയുടെ തീരങ്ങളിലൂടെ കടന്നുവന്നവരാണെന്ന് മനസ്സിലാക്കാം. മത്സ്യത്തിന്റെ ഉദരത്തില്‍ ഏകാന്തനായി കഴിയേണ്ടിവന്നു യൂനുസ് നബിക്ക്. യൂസുഫ് (അ) കിണറ്റില്‍ ഏകാന്തനായി കഴിച്ചുകൂട്ടി. രാജാവിന്റെ കൊട്ടാരത്തിലും തനിച്ചായിരുന്നു. പ്രവാചകന്‍ മൂസ (അ) പ്രവാസിയായി, ഏകാകിയായി വര്‍ഷങ്ങളോളം ജീവിച്ചു. മുഹമ്മദ് നബി (സ) ദുഃഖവര്‍ഷത്തില്‍ ഏകാന്തത വല്ലാതെ അനുഭവിച്ചു. അങ്ങനെ നിരവധി സംഭവങ്ങള്‍. ഏകാന്തത മനുഷ്യന്റെ സ്വാഭാവികവും ജൈവികവുമായ അനുഭവമാകുന്നു. അതിനാല്‍ അതോര്‍ത്ത് നിങ്ങള്‍ ദുഃഖിക്കേണ്ടതില്ല. 

അത് അന്തര്‍മുഖത്വവും സമൂഹത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും ആളുകളെ അഭിമുഖീകരിക്കാനുള്ള ഭയവും  ആകുമ്പോള്‍ ചികിത്സിക്കേണ്ട രോഗമാണ്. വൈകാരികമായ ഒറ്റപ്പെടലാണ് ഏറ്റവും ഭീതിതമായ ഏകാന്തത. എന്നുവെച്ചാല്‍ നിങ്ങള്‍ക്ക് ആരെയും സ്‌നേഹിക്കാന്‍ കഴിയാതിരിക്കുക. നിങ്ങളെ ആരും സ്‌നേഹിക്കാതിരിക്കുക. നിങ്ങളിപ്പോള്‍ ആവലാതിപ്പെടുന്ന ശാരീരികമായ ഏകാന്തതയെക്കാള്‍ കഠിനമാണ് അത്തരം ഒരു അവസ്ഥ. 

അവര്‍: നിങ്ങളുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് ആശ്വാസം തോന്നുന്നു. ഏകാന്തത ഞാന്‍ കടന്നുപോകുന്ന ഒരു വിഷമസന്ധിയായാണ് കരുതിപ്പോന്നത്. ഉല്‍ക്കര്‍ഷേഛുവും സര്‍ഗധനയുമായ എനിക്ക് ഏകാന്തത അനുഭവപ്പെടുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. 

ഞാന്‍: ശരിയാണ്. പൂര്‍വിക പണ്ഡിതന്മാര്‍ തനിച്ചിരുന്ന് അഗാധമായ ചിന്തകളില്‍ മുഴുകിയിരുന്നു. അവരുടെ ചിന്താഫലങ്ങള്‍ നാമെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. മറ്റുള്ളവരോടുള്ള കടമകളും ബാധ്യതകളും മറന്നുകൊണ്ടാവരുത് ഏകാന്തത തേടിപ്പോകുന്നത്. ഏകാന്തതയില്‍ മനസ്സിനെ മെരുക്കിയ തേജസ്വിയായിരുന്നു ഇമാം അഹ്മദുബ്‌നു ഹമ്പല്‍ (റ). അദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുല്ല ഒാര്‍ക്കുന്നു: 'ഒന്നുകില്‍ പള്ളിയില്‍ അല്ലെങ്കില്‍ രോഗികളെ സന്ദര്‍ശിക്കല്‍, ജനാസയെ അനുഗമിക്കല്‍-ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാതെ പിതാവിനെ പുറത്തുകാണില്ല. തെരുവില്‍ കറങ്ങിനടക്കുന്നത് ഇഷ്ടമായിരുന്നില്ല.' നബി (സ) ജനങ്ങളുമായി ഇടപഴകുന്നത് പ്രോത്സാഹിപ്പിച്ചു: ജനങ്ങളുമായി ഇടപഴകി അവരുടെ ദ്രോഹങ്ങള്‍ ഏറ്റുവാങ്ങുകയും ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസിയാണ്, ജനങ്ങളുമായി ഇടപഴകുകയോ അവരില്‍നിന്നുണ്ടാവുന്ന ഉപദ്രവങ്ങള്‍ ക്ഷമിക്കുകയോ ചെയ്യാത്ത വിശ്വാസിയേക്കാള്‍ അല്ലാഹുവിന്ന് പ്രിയങ്കരന്‍. 

അവര്‍: ഇപ്പോള്‍ കാര്യങ്ങളെല്ലാം എനിക്ക് വ്യക്തമായി. ഏകാന്തതയെക്കുറിച്ചും ഒറ്റപ്പെടലിനെക്കുറിച്ചും തിരിച്ചറിവുണ്ടായി. ഇപ്പോള്‍ എനിക്ക് ഒരു അപകര്‍ഷബോധവും ഇല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെയാണെന്ന തോന്നലുമില്ല.  

വിവ: പി.കെ ജമാല്‍ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (70-73)
എ.വൈ.ആര്‍

ഹദീസ്‌

പ്രതിസന്ധികളെ മറികടക്കാന്‍
അബ്ദുസ്സമദ് കൂട്ടിലങ്ങാടി