Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 10

2988

1438 ജമാദുല്‍ അവ്വല്‍ 13

വലതുപക്ഷ വംശീയതക്കെതിരെ ഒറ്റക്കെട്ടായി

ഇറാഖ്, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ ഏഴു മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കും സിറിയന്‍ അഭയാര്‍ഥികള്‍ക്കും അമേരിക്കയില്‍ കടക്കുന്നതിന് മൂന്നു മാസം വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ജനുവരി 27-ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച ഉത്തരവ്, ഈ വംശവെറിയന്‍ ഭരണകൂടത്തിന്റെ വരാനിരിക്കുന്ന നീക്കങ്ങളെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഉയര്‍ത്തിയ അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം പോലുള്ള വിവാദ വിഷയങ്ങളും ട്രംപിന്റെ പരിഗണനയിലുണ്ടെങ്കിലും, മുസ്‌ലിം വിഷയങ്ങളില്‍ തന്നെയാണ് മുഖ്യശ്രദ്ധ. മുസ്‌ലിംകളെ അപരവത്കരിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് തന്നെ അപ്രതീക്ഷിതമായി പ്രസിഡന്റ് പദവിയിലെത്തിച്ചതെന്ന് ട്രംപ് ന്യായമായും വിശ്വസിക്കുന്നുണ്ട്. ഇസ്‌ലാമോഫോബുകളായ ആ വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുന്ന നീക്കങ്ങളാണ് ട്രംപിന്റെ ഭാഗത്തുനിന്ന് കാര്യമായും ഉണ്ടാകുന്നത്. ഇതിനിടയില്‍ ഉത്തരവില്‍ കടന്നുവരുന്ന വൈരുധ്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ക്ക് സമയം കിട്ടുന്നില്ല. ഉദാഹരണത്തിന്, ഏഴു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്, വിസ അനുവദിക്കുന്നതില്‍ വന്ന ശ്രദ്ധക്കുറവാണ് സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിന് കളമൊരുക്കിയത് എന്നാണ്. അതായത്, വേണ്ടത്ര പരിശോധനക്ക് വിധേയമാവാതെ അമേരിക്കയില്‍ കയറിക്കൂടിയ വിദേശികളാണ് ഭീകരാക്രമണം നടത്തിയത് എന്നര്‍ഥം. എന്നാല്‍, അമേരിക്കയുടെ റിപ്പോട്ടനുസരിച്ച് തന്നെ, ഒരു അറബ് രാഷ്ട്രത്തില്‍നിന്നുള്ളവരാണ് ഭീകരാക്രമണത്തില്‍ പങ്കാളികളായ അധികപേരും. എന്നാല്‍ ആ രാഷ്ട്രത്തെ ഈ പട്ടികയില്‍ പെടുത്തിയിട്ടുമില്ല. അമേരിക്കന്‍ താല്‍പര്യങ്ങളെ അത് ഹാനികരമായി ബാധിക്കുമെന്നതാണ് കാരണം. ട്രംപ് ഒപ്പുവെച്ച ഈ ഉത്തരവിലുടനീളം മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരെയുള്ള ഒളിയമ്പുകള്‍ കാണാം. സ്ത്രീകളെ അടിച്ചമര്‍ത്തല്‍, അഭിമാനക്കൊല പോലുള്ള പദപ്രയോഗങ്ങള്‍ ഉദാഹരണം. അതേസമയം ഓരോ മിനിറ്റിലും ഇരുപത് ഗാര്‍ഹിക പീഡനങ്ങള്‍ നടക്കുന്നുണ്ട് അമേരിക്കയില്‍. വെള്ള വംശീയവാദികളുടെ ഇരകളാകുന്ന കറുത്ത വര്‍ഗക്കാരും നിരവധി. കണ്‍മുന്നിലുള്ള ഈ അതിക്രമികളെ തടയുന്ന ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിലും ഈ പ്രസിഡന്റ് ഒപ്പുവെക്കാന്‍ പോകുന്നില്ല. അവരുടെ അതിക്രമങ്ങള്‍ക്ക് വളം വെച്ചുകൊടുക്കുന്ന പലതും ട്രംപ് ടീമില്‍നിന്ന് പ്രതീക്ഷിക്കുകയും ചെയ്യാം.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ ട്രംപ് തന്റെ മുന്‍ പ്രഖ്യാപനങ്ങളില്‍ അയവ് വരുത്തുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍, ഗവണ്‍മെന്റ് രൂപവത്കരിക്കുന്നതിന്റെ മുന്നോടിയായി കടുത്ത വംശീയവാദികളെയും വലതുപക്ഷ തീവ്രവാദികളെയും ഭരണത്തിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നതോടെ ആ പ്രതീക്ഷ അസ്ഥാനത്തായി. ഏതൊരു പ്രസിഡന്റും എത്ര കടുത്ത മത്സരങ്ങളെ അതിജീവിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും, സ്ഥാനാരോഹണച്ചടങ്ങിലെ പ്രസംഗം അനുരഞ്ജനത്തിന്റേതായിരിക്കും. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുകയും മുന്‍ ഗവണ്‍മെന്റിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്യും. ഈ പരമ്പരാഗത മര്യാദകളൊക്കെ കാറ്റില്‍ പറത്തിയായിരുന്നു ട്രംപിന്റെ സ്ഥാനാരോഹണ പ്രസംഗം. തന്റെ മുന്‍ഗാമി ഒബാമയെക്കുറിച്ച് ട്രംപ് ഒരക്ഷരം മിണ്ടിയില്ല. മാത്രവുമല്ല, സ്ഥാനാരോഹണം കഴിഞ്ഞ് ട്രംപ് ഒപ്പിട്ട ആദ്യ ഉത്തരവ് ലക്ഷക്കണക്കിന് പാവപ്പെട്ട അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ ഒബാമ കൊണ്ടുവന്ന ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഒട്ടുമുക്കാല്‍ ഭാഗങ്ങളും റദ്ദാക്കുന്നതായിരുന്നു.

അധികാരാരോഹണ ചടങ്ങിലെ പ്രസംഗത്തില്‍ ട്രംപ് ഊന്നിപ്പറഞ്ഞത് 'റാഡിക്കല്‍ ഇസ്‌ലാമിക് ടെററിസത്തെ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യും' എന്നാണ്. ട്രംപും പരിവാരങ്ങളും ഈ പ്രയോഗം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വരും കാലങ്ങളിലേ പറയാനാവൂ. 'ഐ.എസും അതുപോലുള്ള മറ്റു ഗ്രൂപ്പുകളും ആണ് 'ഇസ്‌ലാമിക ഭീകരത'യുടെ ആളുകളെന്ന് ട്രംപ് മറ്റൊരിടത്ത് വിശദീകരിച്ചിട്ടുണ്ടെങ്കിലും 'മറ്റു ഗ്രൂപ്പുകളില്‍' ആരൊക്കെ പെടുമെന്ന് വ്യക്തമല്ല. ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും സമാന സംഘടനകളെയും ഭീകര ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താന്‍ ട്രംപിന്റെ ഓഫീസ് ഫയല്‍ നീക്കിത്തുടങ്ങി എന്ന വാര്‍ത്ത ഇതിനോട് ചേര്‍ത്തു വായിക്കണം. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന ഏത് മുസ്‌ലിം രാഷ്ട്രവും കൂട്ടായ്മയും ഈ ഗണത്തിലേക്ക് ചേര്‍ക്കപ്പെടാനാണ് സാധ്യത. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ചേടത്തോളം പരീക്ഷണത്തിന്റെ പുതിയൊരു ഘട്ടമായിരിക്കും ട്രംപിന്റെ ഭരണകാലം. ആദ്യ ലക്ഷണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ജോര്‍ജ് ഡബ്ല്യു ബുഷിനേക്കാള്‍ അപകടകാരിയായിരിക്കും ട്രംപ്. 'ഭീകരതക്കെതിരെ യുദ്ധം' എന്ന ഓമനപ്പേരിട്ടാണ് ബുഷ് അഫ്ഗാനിസ്താനെയും ഇറാഖിനെയും തകര്‍ത്തത്; നിരവധി മുസ്‌ലിം രാഷ്ട്രങ്ങളെ ചുടലക്കളമാക്കിയത്. തന്റേത് 'കുരിശുയുദ്ധ'മാണെന്ന് ബുഷ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇത്തരം മതകീയ, വംശീയ പ്രേരണകള്‍ ട്രംപിലും വളരെക്കൂടുതലായി ദൃശ്യമാവുന്നുണ്ട്. സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കില്ലെങ്കിലും, അവരിലെ ക്രിസ്ത്യാനികളെ സ്വീകരിക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാട് ഉദാഹരണം. യഥാര്‍ഥത്തില്‍, ശൈഖ് യൂസുഫുല്‍ ഖറദാവി ചൂണ്ടിക്കാട്ടിയതുപോലെ, ട്രംപിന്റെ നിലപാടുകള്‍ക്ക് ക്രിസ്തുമതവുമായി യാതൊരു ബന്ധവുമില്ല. കുടിയേറ്റവിരുദ്ധതയും മുസ്‌ലിംവിരുദ്ധതയുമൊക്കെ വംശീയ ജ്വരമല്ലാതെ മറ്റൊന്നുമല്ല. കുടിയേറ്റക്കാര്‍ നിര്‍മിച്ച അമേരിക്കയില്‍ കുടിയേറ്റവിരുദ്ധത വിലപ്പോവില്ലെന്ന് അമേരിക്കയിലുടനീളം അലയടിക്കുന്ന ട്രംപ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍ മുസ്‌ലിംകളെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ ബുഷ് ഭരണകൂടത്തെ നിയന്ത്രിച്ച പ്രമുഖര്‍ വരെ പരസ്യമായി രംഗത്ത് വന്നത് ശുഭ സൂചനയാണ്. ലോകത്ത് ശക്തിപ്പെടുന്ന വലതുപക്ഷ വംശീയതക്കും വര്‍ഗീയതക്കുമെതിരെ നന്മയെ സ്‌നേഹിക്കുന്ന മുഴുവന്‍ മനുഷ്യരും ഒന്നിച്ച് അണിനിരക്കേണ്ട സന്ദര്‍ഭമാണിത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (70-73)
എ.വൈ.ആര്‍

ഹദീസ്‌

പ്രതിസന്ധികളെ മറികടക്കാന്‍
അബ്ദുസ്സമദ് കൂട്ടിലങ്ങാടി