Prabodhanm Weekly

Pages

Search

2017 ഫെബ്രുവരി 10

2988

1438 ജമാദുല്‍ അവ്വല്‍ 13

വൈജ്ഞാനിക വ്യുല്‍പത്തിയും പ്രമാണ വ്യാഖ്യാനവും

സദ്‌റുദ്ദീന്‍ വാഴക്കാട്

അറിവിന്റെ മികവും അനുഭവങ്ങളുടെ തികവും ഗവേഷണ ചാതുരിയും സ്ഥലകാല ബോധവും സമന്വയിച്ച പണ്ഡിത ശ്രേഷ്ടര്‍ ഗൗരവപൂര്‍വം നിര്‍വഹിക്കേണ്ട ഉത്തരവാദിത്തമാണ് പ്രമാണ വ്യാഖ്യാനം. ഖുര്‍ആനിലും സുന്നത്തിലും ഗവേഷണം നടത്തിയും മുന്‍ഗാമികളുടെ നടപടിക്രമങ്ങള്‍ പരിശോധിച്ചും കാലത്തോട് സംവദിക്കാനും വിഷയങ്ങളെ അഭിമുഖീകരിക്കാനും നേതൃത്വം നല്‍കേണ്ടത് ഇസ്‌ലാമിക വിഷയങ്ങളില്‍ വ്യുല്‍പത്തി നേടിയവരാണ്. സമൂഹത്തിന്റെ മാര്‍ഗ ദര്‍ശകരായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഉണ്ടാകേണ്ട യോഗ്യതയാണ് അത്തഫഖുഹു ഫിദ്ദീന്‍-ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ വ്യുല്‍പത്തി. ഖുര്‍ആനും സുന്നത്തും പഠിപ്പിച്ച പ്രകാരം ഈ യോഗ്യത കൈവരിച്ചവര്‍ മാത്രമേ പ്രമാണ വ്യാഖ്യാനത്തിന് മുതിരാവൂ. ഈ തലത്തില്‍ വിശകലനമര്‍ഹിക്കുന്ന പ്രയോഗമാണ് 'തഫഖുഹ്'. പ്രമാണ പാഠങ്ങള്‍ പരിചിന്തനം ചെയ്ത് അന്തസാരമറിയലും അതില്‍നിന്ന് പുതിയ ആശയലോകം തുറക്കലുമാണ് തഫഖുഹിന്റെ മുഖ്യവശം. ഇസ്‌ലാമിക ശരീഅത്തിന്റെ വികാസക്ഷമത സാക്ഷാല്‍കരിക്കുന്നതില്‍ 'തഫഖുഹിന്' വലിയ പങ്കുവഹിക്കാനുണ്ട്. പ്രമാണങ്ങളോടൊപ്പം കാലത്തെയും വായിക്കുകയും, പഠനത്തോടൊപ്പം മനനവും നടക്കുകയും, ഇവ തമ്മിലുള്ള സംയോജനം സാധ്യമാവുകയും ചെയ്യുമ്പോഴാണ് തഫഖുഹ് അര്‍ഥവത്തായിത്തീരുന്നത്. ഫിഖ്ഹ് എന്ന പദത്തിന്റെ രൂപഭേദങ്ങളുടെ ഭാഷാപരമായ അര്‍ഥതലങ്ങളും ഖുര്‍ആനിലും സുന്നത്തിലുമുള്ള അവയുടെ പ്രയോഗങ്ങളും ഇത് വ്യക്തമാക്കുന്നുണ്ട്. തഫഖുഹിനെ മുന്‍ നിര്‍ത്തി, പ്രമാണങ്ങള്‍ വ്യാഖ്യാനിക്കേണ്ട പണ്ഡിതന്മാരുടെ യോഗ്യതയെ സംബന്ധിച്ച് പരിശോധിക്കുകയാണ് ഈ പഠനം.

അര്‍ഥവൈപുല്യം

ഒരു ആശയം/കാര്യം കണ്ടെത്തലും (ഇദ്‌റാക്) അതുസംബന്ധിച്ച അറിവ് (ഇല്‍മ്) നേടലും അതിനെ ബൗദ്ധിക പ്രവര്‍ത്തനത്തിന് (ഫിത്വ്‌ന) വിധേയമാക്കലുമാണ് ഭാഷാപരമായി ഫിഖ്ഹ്. ലഭ്യമായ അറിവില്‍നിന്ന് ബൗദ്ധികമായ യാത്രയിലൂടെ പുതിയ ജ്ഞാനത്തെ പ്രാപിക്കുകയെന്ന ആശയത്തെ ഫിഖ്ഹ് ഉള്‍ക്കൊള്ളുന്നു. മാനസികവും ബൗദ്ധികവുമായ ഫിഖ്ഹിന്റെ രണ്ടുതലങ്ങളെയാണ് ഇദ്‌റാകും ഫിത്വ്‌നയും അടയാളപ്പെടുത്തുന്നത്. ഇവയ്ക്കിടയിലുള്ള ഘടകമാണ് ഇല്‍മ്-അറിവ്. ഇവ മൂന്നും ചേരുന്നതാണ് 'ഫിഖ്ഹ്' എന്നതില്‍നിന്നുതന്നെ ഇതിന്റെ അര്‍ഥവ്യാപ്തിയും 'ഫഹ്മി'നെ അപേക്ഷിച്ചുള്ള 'ഫിഖ്ഹി'ന്റെ സവിശേഷതയും മനസിലാക്കാം.1 ഫിഖ്ഹിന്റെ വ്യത്യസ്തമായ മൂന്ന് ഭൂതകാല പ്രയോഗങ്ങള്‍ ആശയ സമ്പുഷ്ടങ്ങളാണ്. 'ഫഖഹ' എന്നാല്‍ മനസിലാക്കി (ഫഹിമ). 'ഫഖിഹ' എന്നാല്‍, ഗ്രാഹ്യത്തില്‍ മറ്റുള്ളവരെ മറികടന്നു, മികച്ചുനിന്നു. 'ഫഖുഹ' എന്നാല്‍ വ്യക്തിക്ക് ഗ്രാഹ്യശേഷി കൈവന്നു. ഒന്ന് വ്യക്തിയുടെ നിയത ഗുണമാണ്. മറ്റൊന്ന് ആര്‍ജിതശേഷിയും മികവുമാണ്.  മൂന്നാമത്തേത് സ്വഭാവ പ്രകൃതമാണ്. ഫിഖ്ഹ്/ തഫഖുഫ് എന്നാല്‍ 'സൂക്ഷ്മജ്ഞാനം' (ദിഖത്തുല്‍ഫഹ്മ്) എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.2 അതായത് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഓരോ മിടിപ്പും സൂക്ഷ്മകണവും (ദിഖത്ത്-ദഖാഇഖ്) വേര്‍തിരിച്ചറിയുമ്പോഴേ പ്രമാണങ്ങളില്‍ വ്യുല്‍പത്തി (തഫഖുഹ്) നേടി എന്ന് പറയാനാകൂ. 

ആവര്‍ത്തന പ്രക്രിയയിലൂടെ ആഴത്തിലേക്ക് പോവുകയെന്ന ആശയം തഫഖുഹിനുണ്ട്. താല്‍പര്യത്തോടെയും ശ്രദ്ധയോടെയുമാണത് നിര്‍വഹിക്കേണ്ടത്. ദൃശ്യ-ശ്രാവ്യ-അനുഭവ സൂചകങ്ങളെ ഒരു പ്രതലത്തില്‍ സമഗ്രമായി ഏകീകരിച്ചശേഷം അവയ്ക്ക് ആശയരൂപം നല്‍കുന്നതും ഭാഷാപരമായി ഫിഖ്ഹ് ആണ്. ബൗദ്ധികപ്രവര്‍ത്തനം ചേരുമ്പോഴേ ഫിഖ്ഹ് അര്‍ഥപൂര്‍ണമാകൂ എന്ന് ഭാഷാപടുക്കള്‍ വിശദീകരിച്ചിട്ടുണ്ട്. അഥവാ ചിന്തയെ മാറ്റിനിര്‍ത്തിയാല്‍ ശരിയായ ഫിഖ്ഹ് സാധ്യമാവുകയില്ല. ഇതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ ഉദ്ധരിച്ച ഒരു സംഭവം ശ്രദ്ധേയമാണ്; ഇറാഖില്‍ നബ്ത് വംശജരുടെ അടുത്തെത്തിയ സല്‍മാന്‍, നമസ്‌കരിക്കാനായി വൃത്തിയുള്ള സ്ഥലം അന്വേഷിച്ചു. 'ഹൃദയം ശുദ്ധിയാക്കുക, ശേഷം ഇഷ്ടമുള്ള സ്ഥലത്ത് നമസ്‌കരിച്ചുകൊള്ളുക'-ഇതായിരുന്നു അദ്ദേഹത്തിന് ലഭിച്ച മറുപടി. അതേകുറിച്ച് സല്‍മാന്‍ ഇങ്ങനെ പ്രതികരിച്ചു; ഞാന്‍ ചിന്തിച്ചു (ഫഖിഹ്തു), എനിക്ക് മനസിലായി. ചിന്തിച്ച് ആശയമുള്‍ക്കൊള്ളുക എന്ന അര്‍ഥത്തിലാണ് ഇവിടെ 'ഫഖിഹ' ഉപയോഗിച്ചിട്ടുള്ളത്.3 ഭാഷയില്‍ ഈ പദത്തിന്റെ അടിസ്ഥാനപരവും സ്വാഭാവികവുമായ ആശയങ്ങളിലൊന്നാണ് ചിന്ത എന്നര്‍ഥം. അധ്വാനപരിശ്രമങ്ങളിലൂടെ അവഗാഹം നേടുക, സൂക്ഷ്മമായി അറിയുക എന്നിവ തഫഖുഹിന്റെ ഭാഷാപരമായ അര്‍ഥങ്ങളാണ്.4

ഗ്രാഹ്യം (ഫഹ്മ്), അറിവ് (ഇല്‍മ്), വ്യുല്‍പത്തി (ഫിഖ്ഹ്) എന്നിവ മൂന്നും പങ്കിടുന്ന പൊതു ആശയങ്ങളുണ്ട്. അതേസമയം, പ്രത്യേകമായി പരിഗണിക്കുമ്പോള്‍ ഈ മൂന്നുപദങ്ങളും മൂന്ന് അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നുമുണ്ട്. ഒരു ദൃശ്യം കാണുകയോ, വിഷയം കേള്‍ക്കുകയോ ചെയ്യുമ്പോഴുള്ള ആശയ ഗ്രാഹ്യവും ബോധവും ഫഹ്മ് ആണെങ്കില്‍ അതിലൂടെ കരഗതമാകുന്ന അറിവാണ് ഇല്‍മ്. വ്യക്തമായ പ്രസ്തുത അറിവില്‍നിന്ന് ഗുപ്തമായിക്കിടക്കുന്ന പുതിയ അറിവിലേക്കും ആശയലോകത്തേക്കും എത്തിച്ചേരലാണ് ഫിഖ്ഹ്. പ്രഥമമാത്രയിലെ മനസിലാക്കല്‍ 'ഫഹ്മ്', ഒരു കാര്യം എങ്ങിനെയാണോ ഉള്ളത് അങ്ങനെത്തന്നെ അറിയലും യാഥാര്‍ത്ഥ്യം മനസിലാക്കലും ഇല്‍മ്, അതിന്റെ ഉള്ളറകളിലേക്ക് കടന്നുചെന്ന് പുതിയ കാര്യങ്ങള്‍ കണ്ടെത്തല്‍ 'ഫിഖ്ഹ്' എന്നിങ്ങനെ മൂന്ന് പദങ്ങളെയും വേര്‍തിരിച്ചു വിശദീകരിക്കാം. അഥവാ, ഫഹ്മിലൂടെ ഇല്‍മിലേക്കും, ഇല്‍മില്‍നിന്ന് ഫിഖ്ഹിലേക്കും എത്തിച്ചേരുന്നുവെന്നര്‍ത്ഥം. 

ഒരു വാചകം മനസിലാക്കുന്നത് 'ഫഹ്മും' അതിനു പിന്നിലെ ഉദ്ദേശ്യം തിരിച്ചറിയല്‍ 'ഫിഖ്ഹും' എന്ന് വിശദീകരിക്കപ്പെട്ടതും കാണാം. ഒരു കാര്യത്തിന്റെ ലക്ഷ്യവും ഫലവും മനസിലാക്കലാണ് 'ഫിഖ്ഹ്' എന്ന് ഇബ്‌നുല്‍ ഖയ്യിമിന്റെ നിരീക്ഷണമുണ്ട്. ആത്മാവിനെ അറിയലാണ് ഫിഖ്ഹ്, അതിനകത്തുള്ളതും അതിനുമേലുള്ള ബാധ്യതയും ബോധ്യപ്പെടലുമാണ് ഫിഖ്‌ഹെന്ന് ഇമാം അബൂഹനീഫ.5 ഇല്‍മുമായി തുലനം ചെയ്യുമ്പോഴാകട്ടെ, 'ഫിഖ്ഹ്' സവിശേഷം (അഖസ്വ്) ആണ്. അടിസ്ഥാനപരമായി അറിവ് രണ്ട് വിധമുണ്ട്; അനിവാര്യമായ അറിവ് (അല്‍ഇല്‍മുദ്ദറൂറി), ആര്‍ജിത അറിവ് (അല്‍ഇല്‍മുല്‍ മുക്തസബ്). പഞ്ചേന്ദ്രിയങ്ങള്‍കൊണ്ടോ, പാരമ്പര്യമായോ (തവാതുര്‍) ലഭിക്കുന്നതാണ് 'അനിവാര്യ അറിവ്'. ചിന്തയും തെളിവുകളും വഴി കരഗതമാകുന്നതാണ് ആര്‍ജിത അറിവ്. 'ഇല്‍മി'ന്റെ ഈ വശം 'ഫിഖ്ഹു'മായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവയെല്ലാം ചേര്‍ത്തുവെച്ച് ചിന്തിച്ചാല്‍ ഫഹ്മ്, ഇല്‍മ്, ഫിഖ്ഹ് എന്നിവ യഥാക്രമം പരസ്പരബന്ധിതമാണെന്ന് മനസിലാക്കാം. അതായത്, സാമാന്യ ജ്ഞാനത്തില്‍നിന്ന് യാത്ര ചെയ്ത്, സൂക്ഷ്മ ജ്ഞാനത്തെ പ്രാപിക്കലാണ് യഥാര്‍ത്ഥത്തില്‍ ഫിഖ്ഹ്. ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ ഈ ആശയം ഉള്‍ക്കൊള്ളുന്നുണ്ട്.6

തുറന്നു (ഫതഹ), വിടര്‍ത്തി (ശഖ്ഖ) എന്നീ പദങ്ങളുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നതാണ് ഫിഖ്ഹിന്റെ ഒരു സവിശേഷത.7 വാതില്‍ തുറന്ന് അകത്തുകയറുകയെന്ന സാമാന്യ പ്രയോഗത്തെ, പ്രമാണ വായനയുമായി ബന്ധപ്പെട്ട ഫിഖ്ഹിലേക്ക് ചേര്‍ത്ത് ചിന്തിക്കുക; പ്രമാണങ്ങളുടെ പുറംതോട് തുറന്ന് അകത്ത് കയറുകയെന്നാണ് അപ്പോള്‍ ഫിഖ്ഹിന് അര്‍ഥം വരിക. പുതിയ വഴിവെട്ടുക, വെളിച്ചം വീഴുക, പ്രഭാതം പൊട്ടിവിടരുക തുടങ്ങിയ അര്‍ഥങ്ങളാണ് 'ശഖ്ഖ'ക്കുള്ളത്. ഫിഖ്ഹിന്റെ/തഫഖുഹിന്റെ ഒരു ആശയ ഘടകമാണ് 'ശഖ്ഖ'യെന്ന് വരുമ്പോള്‍, പ്രമാണ വാക്യങ്ങളില്‍നിന്ന് പുതിയ ആശയ വഴികള്‍ തുറക്കുന്നതും പുതിയ പ്രഭാതങ്ങള്‍ വിരിയിച്ചെടുക്കുന്നതുമൊക്കെ ഫിഖ്ഹ്/തഫഖുഹിന്റെ ആശയ ലോകങ്ങളാണെന്ന് മനസിലാക്കാന്‍ പ്രയാസമില്ല. ഗോചരമായ (ശാഹിദ്) അറിവില്‍നിന്ന് അഗോചരമായ (ഗാഇബ്) ജ്ഞാനത്തിലേക്ക് എത്തിച്ചേരലാണ് 'ഫിഖ്ഹ്' എന്ന റാഗിബ് ഇസ്ഫഹാനിയുടെ വിശദീകരണം8 പ്രമാണ വായനയില്‍ അടിവരയിട്ട് ബോധ്യപ്പെടേണ്ട തത്ത്വമാകുന്നതും ഇതുകൊണ്ടുതന്നെ. കണ്ണുകൊണ്ട് കാണാവുന്ന 'നസ്വി'നെ ചിന്തകളിലേക്ക് ആവാഹിച്ച് അതിന്റെ ആത്മാവ് തൊട്ടറിഞ്ഞ്, ആശയങ്ങളുടെ പുതുപ്രപഞ്ചം തീര്‍ക്കലാണ് 'ഫിഖ്ഹ്'. അതിനുള്ള ജ്ഞാന-മനന-അവതരണ ശേഷിയെ 'തഫഖുഹ്' എന്നുപറയാം. നിമിത്തങ്ങളും വരുത്തങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നവനും ടെക്സ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പര്യാലോചിക്കുന്നവനുമാണ് ഫഖീഹ് എന്ന് ഇബ്‌നുഖയ്യിമുല്‍ ജൗസിയ്യ പറഞ്ഞത് ഇതിനോട് നന്നായി ചേരുന്നു.9 പ്രമാണങ്ങളുടെ കാലികമായ പുനര്‍വായനയിലും അതിലൂടെ സാക്ഷാല്‍കരിക്കേണ്ട ശരീഅത്തിന്റെ വികാസക്ഷമതയിലും ഇതൊരു മൗലിക ഘടകം തന്നെയാണ്.

ഖുര്‍ആനിലെ ഫിഖ്ഹ്

ഖുര്‍ആനില്‍ ഫിഖ്ഹും രൂപഭേദങ്ങളും പ്രയോഗിച്ചിരിക്കുന്നത് ഈ അര്‍ത്ഥതലങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വിധത്തിലാണ്. ഖുര്‍ആന്റെ ഭാഷയില്‍ ഒരു കാര്യത്തെ കുറിച്ച അറിവു മാത്രമല്ല ഫിഖ്ഹ്, അതിനെകുറിച്ച ധൈഷണിക പ്രവര്‍ത്തനം കൂടിയാണ്. വ്യക്തമായതിനോട് തുലനം ചെയ്ത് ഗുപ്തമായത് കണ്ടെത്തുകയെന്ന ആശയവും ഫിഖ്ഹിനുണ്ടെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മൂന്ന് ആശയങ്ങളില്‍ ഖുര്‍ആന്‍ 'ഫിഖ്ഹ്' പ്രയോഗിച്ചതായി കാണാം. ഒന്ന്, സംസാരം മനസിലാക്കുക. രണ്ട്, ഹൃദയംകൊണ്ട് ഉള്‍ക്കൊള്ളുക. മൂന്ന്, ചിന്തയും മനനവും നടത്തുക. ഖുര്‍ആന്‍ പറയുന്നതനുസരിച്ച്, 'ഫഖിഹ'യുടെ പ്രാഥമികമായ ഉദ്ദേശ്യമാണ് ശ്രോദ്ധാവിന് സംസാരം വ്യക്തമായി കേട്ട് മനസിലാക്കാന്‍ സാധിക്കുക എന്നത്. ''മൂസാ ബോധിപ്പിച്ചു....... ജനങ്ങള്‍ക്ക് എന്റെ വാക്ക് മനസിലാക്കാന്‍ വേണ്ടി (യഫ്ഖഹു) എന്റെ നാവിന്റെ കുരുക്കഴിച്ചു തരേണമേ!''10 മറ്റൊരു സൂക്തം: ''അങ്ങനെ അദ്ദേഹം രണ്ട് പര്‍വതങ്ങള്‍ക്കിടയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവയ്ക്കടുത്തായി ഒരു ജനത്തെ കണ്ടുമുട്ടി; പറയുന്നതെന്തെന്ന് ക്ലേശിക്കാതെ ഗ്രഹിക്കാനാകാത്ത ഒരു ജനം.''11 എന്നീ വാക്കുകള്‍ ശ്രദ്ധിക്കുക. അക്ഷര സ്ഫുടതയും വാചക വ്യക്തതയുമാണ് ഇവിടെ ഉദ്ദേശ്യമെന്ന് മനസിലാക്കാം.

ഹൃദയത്തിലേക്ക് ഒരു ആശയം സ്വീകരിക്കുന്നതാണ് ഫഖിഹയുടെ രണ്ടാമത്തെ അര്‍ഥം. ആദ്യ അര്‍ഥത്തിന്റെ തുടര്‍ച്ചയാണിത്. ഖുര്‍ആന്‍ പറയുന്നു; ''അവര്‍ക്ക് ഹൃദയങ്ങളുണ്ട്, അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല''-ലാ യഫ്ഖഹൂന്‍.12 ഹൃദയങ്ങള്‍കൊണ്ട് അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല (ലാ യതഫക്കറൂന്‍), അവന്റെ ഏകത്വത്തിന്റെ തെളിവുകളെകുറിച്ച് അവന്‍ മനനം ചെയ്യുന്നില്ല (ലാ യതദബറൂന്‍), അതില്‍നിന്ന് അവന്‍ പാഠമുള്‍ക്കൊള്ളുന്നില്ല (ലാ യഅ്തബിറൂന്‍)''-ഇതാണ് ഇമാം ഇബ്‌നുജരീറുത്ത്വബ്‌രി 'ലായഫ്ഖഹൂന്‍' എന്നതിന് നല്‍കിയ വിശദീകരണം.13 സമരത്തിന് പോകാതെ ഒഴിഞ്ഞിരിക്കുന്നവരെ കുറ്റപ്പെടുത്തിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു; അവരുടെ ഹൃദയങ്ങള്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ ഇനിയൊന്നും ഗ്രഹിക്കുകയില്ല''-ലായഫ്ഖഹൂന്‍.14 മറ്റൊരു വിഭാഗം ശ്രദ്ധിച്ച് കേള്‍ക്കും പക്ഷേ, അവരില്‍ ചില ആളുകളുണ്ട്, അവര്‍ തങ്ങളുടെ ഭാഷണം ചെവികൊടുത്ത് ശ്രദ്ധിക്കും, എന്നാല്‍ നാം അവരുടെ ഹൃദയങ്ങളില്‍ തിരശ്ശീലയിട്ടിരിക്കുന്നു. തന്നിമിത്തം അവരത് ഗ്രഹിക്കുന്നില്ല. ...''15 ഇതേ ആശയം കുറിക്കാന്‍ സമാന പദങ്ങള്‍ ഉപയോഗിച്ച വേറെയും ആയത്തുകള്‍ ഉണ്ട്.16 ഈ ആയത്തുകളിലെല്ലാം 'ഹൃദയ'വുമായി ബന്ധപ്പെടുത്തിയാണ് 'ഫിഖ്ഹ്' ഉപയോഗിച്ചിരിക്കുന്നത്. 

ബൗദ്ധിക പ്രവര്‍ത്തനമാണ് ഫഖിഹയുടെ മൂന്നാമത്തെ തലം. സന്നിഹിത യാഥാര്‍ഥ്യത്തെ കുറിച്ച ചിന്തയും പഠനവും വഴി അസന്നിഹിത ലോകത്തേക്ക് എത്തിച്ചേരലാണ് ഇവിടെ ഫിഖ്ഹിന്റെ ഉന്നതവും പ്രധാനവുമായ വശം. ഉദാഹരണത്തിന് മനുഷ്യന്‍ തന്റെ മുന്നില്‍ ദൃശ്യമാകുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളെകുറിച്ച ചിന്തയിലൂടെ അവയ്ക്കുപിന്നിലെ അദൃശ്യപരാശക്തിയായ അല്ലാഹുവിലേക്ക് എത്തിച്ചേരുക, അവനില്‍ വിശ്വസിക്കുക. 'ഫഖിഹ'യുടെ രൂപഭേദം ഉപയോഗിച്ച അല്‍അന്‍ആം അധ്യായത്തിലെ രണ്ട് സൂക്തങ്ങളുടെ ഉള്ളടക്കവും സന്ദര്‍ഭവും അവയുടെ മുമ്പും പിമ്പുമുള്ള സൂക്തങ്ങളുമായി ആ പ്രയോഗത്തിനുള്ള ബന്ധവും ഈ ആശയം നന്നായി ബോധ്യപ്പെടുത്തുന്ന ഖുര്‍ആന്‍ സാക്ഷ്യമാണ്. മനുഷ്യന്‍, ധാന്യങ്ങള്‍, ചെടികള്‍ മുതലായവയുടെ സൃഷ്ടിപ്പ്, രാപ്പകലുകള്‍, സൂര്യ-ചന്ദ്ര-നക്ഷത്രാദികള്‍, ജലം, ഫലവൃക്ഷങ്ങള്‍, ഉല്‍പന്നങ്ങള്‍ തുടങ്ങിയവയിലെ അത്യല്‍ഭുതങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ച്, ഏക ദൈവത്വത്തിന്റെ മാഹാത്മ്യം ഘോഷിക്കുന്ന സന്ദര്‍ഭത്തില്‍, പത്തിലേറെ സൂക്തങ്ങള്‍ക്കിടയില്‍ ഇങ്ങനെ ഒരു ആയത്ത് കാണാം. ''ഒരൊറ്റ ജീവനില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചതും അവനാകുന്നു. എന്നിട്ട് ഓരോരുത്തര്‍ക്കും ഓരോ വാസസ്ഥാനവും ഏല്‍പിക്കപ്പെടുന്ന സ്ഥാനവും ഉണ്ട്. ഈ ദൃഷ്ടാന്തങ്ങള്‍ നാം വിവരിച്ചുതന്നിരിക്കുന്നത് ചിന്തിച്ചു ഗ്രഹിക്കുന്ന (യഫ്ഖഹൂന) ജനത്തിനു വേണ്ടിയത്രെ.''17 ഈ അധ്യായത്തിലെ 95 മുതല്‍ 107 വരെയുള്ള ആയത്തുകള്‍ മുമ്പില്‍വെച്ചുവേണം ഇതിലെ 'യഫ്ഖഹൂന'യുടെ ആശയം മനസിലാക്കാന്‍. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിച്ച് അദൃശ്യനായ പ്രപഞ്ചനാഥനിലേക്ക് എത്തിച്ചേരാന്‍ ആഹ്വാനം ചെയ്യുന്ന മറ്റൊരു സൂക്തം ഇതേ സൂറത്തില്‍ വന്നിട്ടുള്ളത് കാണുക; ''എപ്രകാരമാണ് നാം അവരുടെ ദൃഷ്ടാന്തങ്ങള്‍ അവരുടെ മുമ്പില്‍ ആവര്‍ത്തിച്ചവതരിപ്പിച്ചിരിക്കുന്നതെന്നു നോക്കുക. അവര്‍ യാഥാര്‍ഥ്യം മനസിലാക്കിയെങ്കിലോ-യഫ്ഖഹൂന്‍.''18 കണ്‍മുമ്പിലെ വസ്തുതകളെകുറിച്ച മനുഷ്യാനുഭവത്തില്‍നിന്ന്, അദൃശ്യനായ അല്ലാഹുവിലേക്ക് എത്തിച്ചേരലാണ് ഇവിടെ 'ഫിഖ്ഹി'ന്റെ അര്‍ഥം.

'ഫഖിഹ'യുടെ നേരത്തെ സൂചിപ്പിച്ച മൂന്ന് അര്‍ഥങ്ങളും സമഗ്രവും സൗന്ദര്യാത്മകവുമായി ആവിഷ്‌കരിച്ച രണ്ട് ആയത്തുകള്‍ അല്‍ ഇസ്‌റാഅ് അധ്യായത്തില്‍ അടുത്തടുത്തായി വന്നിട്ടുണ്ട്. ''സപ്ത വാനങ്ങളും ഭൂലോകവും അവയിലുള്ളതൊക്കെയും അല്ലാഹുവിന്റെ വിശുദ്ധി പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു. അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധി വാഴ്ത്താത്ത ഒരു വസ്തുവുമില്ല. പക്ഷേ, നിങ്ങള്‍  അവയുടെ പ്രകീര്‍ത്തനം ഗ്രഹിക്കുന്നില്ല-ലായഫ്ഖഹൂന്‍.''19 പ്രപഞ്ചത്തിലെ സൃഷ്ടിചരാചരങ്ങളുടെ ചെറു അനക്കങ്ങള്‍ പോലും നിരീക്ഷിച്ച്, ദൈവിക അടയാളങ്ങള്‍ അറിഞ്ഞ് അല്ലാഹുവിനെ കണ്ടെത്തുക എന്നതാണ് ഇതിലെ ആഹ്വാനം. ഇത് ഫഖിഹയുടെ മൂന്നാമത്തെ ആശയത്തെ കുറിക്കുന്നു. തൊട്ടടുത്ത മറ്റൊരു സൂക്തം ശ്രദ്ധിക്കുക: ''താങ്കള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍, താങ്കള്‍ക്കും പരലോകത്തില്‍ വിശ്വസിക്കാന്‍ കഴിയാത്തവര്‍ക്കുമിടയില്‍ നാം ഗുപ്തമായൊരു മറയിടുന്നു. അത് ഗ്രഹിക്കാനാകാത്തവിധം (അന്‍യഫ്ഖഹൂഹു) അവരുടെ ഹൃദയങ്ങള്‍ മൂടിക്കളയുന്നു. അവരുടെ കാതുകള്‍ക്ക് അടപ്പുകളിടുകയും ചെയ്യുന്നു.''20 കാതുകൊണ്ട് കേട്ട് മനസിലാക്കുക, ഹൃദയംകൊണ്ട് ഉള്‍ക്കൊള്ളുക, ചിന്തിച്ച് പുതിയൊരു ആശയത്തിലേക്ക് എത്തിച്ചേരുക എന്നീ മൂന്ന് ആശയങ്ങളും ഈ സൂക്തത്തില്‍ സമന്വയിക്കുന്നു. 

ശ്രദ്ധേയമായ മറ്റൊരു വസ്തുത കൂടിയുണ്ട്. ഖുര്‍ആന്‍ പഠന-മനനത്തെകുറിച്ച ചര്‍ച്ചക്കിടയിലാണ് ഫഖിഹയുടെ രൂപഭേദങ്ങള്‍ അല്‍ ഇസ്‌റാഅ് അധ്യായത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. മൂന്ന് സൂക്തങ്ങളില്‍, 'ഖുര്‍ആന്‍' എന്ന് മൂന്നുതവണ പ്രയോഗിച്ചുകൊണ്ടുതന്നെയാണ് ഈ വിഷയം വിശദീകരിച്ചിരിക്കുന്നത്. ഖുര്‍ആനും ഫിഖ്ഹും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ വിശകലനം പ്രമാണ വായനയുടെ വിഷയത്തില്‍ പ്രധാനമാണ്. ഖുര്‍ആന്‍ വിവരിക്കുന്ന വിഷയങ്ങള്‍ നന്നായി ചിന്തിച്ച് ഗ്രഹിച്ച്, ജീവിതത്തെ നന്മയുടെ പുതുവഴികളിലേക്ക് പരിവര്‍ത്തനം ചെയ്യലാണ് ഫിഖ്ഹിന്റെ യാഥാര്‍ഥ്യം എന്ന് ഇതില്‍നിന്ന് മനസിലാക്കാം. ഈ ആയത്ത് ശ്രദ്ധിക്കുക: ''ജനങ്ങള്‍ ഉല്‍ബുദ്ധരാവേണ്ടതിന് നാം ഈ ഖുര്‍ആനിലൂടെ പലവിധത്തിലും അവരെ ഗ്രഹിപ്പിച്ചു നോക്കി. പക്ഷേ, അവര്‍ സത്യത്തില്‍നിന്ന് കൂടുതല്‍ കൂടുതല്‍ അകന്നുകൊണ്ടിരിക്കുകയാകുന്നു''21 മറ്റൊരു ആയത്ത്; ''താങ്കള്‍ ഖുര്‍ആനില്‍ ഏകനായ നാഥനെ മാത്രം പ്രസ്താവിക്കുമ്പോള്‍ അവര്‍ നീരസത്തോടെ പിന്തിരിഞ്ഞ് പോകുന്നു''22 നേരത്തെ ഉദ്ധരിച്ച, ''താങ്കള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍....'' എന്ന സൂക്തവും23 ചേര്‍ത്തുവെക്കുക. അടുത്തടുത്തായി ആശയങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് ഇതെല്ലാം വന്നിട്ടുള്ളത്. വല്ലാത്തൊരു ആശയ പ്രപഞ്ചംതന്നെ അപ്പോള്‍ രൂപപ്പെടുന്നുണ്ട്. നന്ദികേട്, ധിക്കാരം (കുഫ്ര്‍), അനര്‍ഹര്‍ക്കുള്ള വഴിപ്പെടല്‍ (ശിര്‍ക്ക്) എന്നിവയില്‍നിന്ന് രക്ഷപ്പെട്ട് വിശുദ്ധവും ന്യായയുക്തവുമായ ദൈവവിശ്വാസത്തിലേക്ക് എത്തിച്ചേരണം. അതിന് ഗ്രാഹ്യം, ചിന്ത, പരിവര്‍ത്തനം എന്നിവ മുന്‍ഗണനാക്രമത്തില്‍ നടക്കണം. സംഭവങ്ങളും കാര്യകാരണങ്ങളും മനസിലാക്കുക, യാഥാര്‍ഥ്യങ്ങള്‍ ശരിയായി അറിഞ്ഞിരിക്കുക, പോകുന്ന വഴികളുടെ പരിണതികളെകുറിച്ച തികഞ്ഞ ബോധ്യമുണ്ടാവുക, ശേഷം പുതിയ പാതയിലൂടെ മുന്നോട്ട് പോവുക-ഇതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഫിഖ്ഹ്. പ്രമാണ വായനയിലെ ഫിഖ്ഹ് എന്താണെന്ന് ഇതിലേറെ വിശദീകരിക്കേണ്ട കാര്യമില്ല. പരിണതികളെകുറിച്ച് പരിചിന്തനം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയെന്നത് ഫിഖ്ഹ് /തഫഖുഹിന്റെ പ്രധാന ഭാഗമാണ്. വരുംവരായ്കകളെകുറിച്ച് ചിന്തിച്ച ശേഷം മാത്രം പ്രവര്‍ത്തിക്കുന്നവനാണ് 'ഫഖീഹ്'എന്ന വിശേഷണത്തിന് അര്‍ഹനാക്കുന്നത്. 

'ഫഹ്മ്' (ഗ്രാഹ്യം) ഇല്ലെന്നല്ല, 'ഫിഖ്ഹ്' (അവഗാഹവും യാഥാര്‍ഥ്യബോധവും) ഇല്ലെന്നതാണ് ഖുര്‍ആന്‍ ഈ സൂക്തങ്ങളിലെല്ലാം പ്രശ്‌നവത്കരിച്ചിരിക്കുന്ന വിഷയം. പരിണതികളെ കുറിച്ച പരിചിന്തനമാണ് ഫിഖ്ഹിന്, ഫഹ്മിനെ അപേക്ഷിച്ചുള്ള സവിശേഷത. വരുംവരായ്കകളെകുറിച്ച് ചിന്തിക്കാതെ സമരത്തില്‍നിന്ന് വിട്ടുനിന്നവരെകുറിച്ച് വിവരിച്ചപ്പോള്‍ അവര്‍ക്ക് 'ഫിഖ്ഹ്' ഇല്ല എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. ''അല്ലാഹുവില്‍ ആത്മാര്‍ഥമായി വിശ്വസിക്കുകയും അവന്റെ ദൂതനോടൊപ്പം സമരം ചെയ്യുകയും ചെയ്യുവീന്‍ എന്ന് ആഹ്വാനം ചെയ്യുന്ന ഒരു അധ്യായം അവതരിപ്പിച്ചാല്‍ അവരില്‍ കഴിവുറ്റവര്‍, സമരത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിടുതല്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു. തങ്ങള്‍ വീട്ടിലിരിക്കുന്നവരോടൊപ്പം കഴിഞ്ഞുകൊള്ളാം എന്നവര്‍ പറയുന്നു. അവര്‍ വീട്ടിലിരിക്കുന്നവരോടൊപ്പം കഴിയാനാണ് ഇഷ്ടപ്പെട്ടത്. അവരുടെ ഹൃദയങ്ങളില്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ ഇനിയൊന്നും ഗ്രഹിക്കുകയില്ല-ലായഫ്ഖഹൂന്‍.''24 മറ്റനവധി ആയത്തുകളിലും ഇതേ ആശയം സൂചിപ്പിച്ചിട്ടുണ്ട്. 

 

 (തുടരും)

 

കുറിപ്പുകള്‍

1. മഖായിസുല്ലുഗ, അന്നിഹായ ലി ഇബ്‌നി ഹിബ്ബാന്‍, അല്‍ ഖാമൂസുല്‍ മുഹീത്വ്

2. ഖാമൂസുല്‍ മുഅ്ജമില്‍ വസീത്വ്

3. താജുല്‍ ഉറൂബ്/ അല്‍ ഫിഖ്ഹ്

4. മുഅ്ജമുല്ലുഗത്തില്‍ അറബി അല്‍ മുആസ്വിറ

5. മിര്‍ആത്തുല്‍ ഉസ്വൂല്‍ 1/44

6. ഹൂദ് 91, അല്‍ വജീസ്, പേജ് 11

7. ലിസാനുല്‍ അറബ്

8. അല്‍മുഫ്‌റദാത്തു ഫീ ഗരീബില്‍ ഖുര്‍ആന്‍ 40

9. സാദുല്‍ മആദ്

10. ത്വാഹാ 28

11. അല്‍ കഹ്ഫ് 93

12. അല്‍ അഅ്‌റാഫ് 179

13. തഫ്‌സീറുത്ത്വബ്്രി-അല്‍ അഅ്‌റാഫ് 179

14. തൗബ 87

15. അല്‍ അന്‍ആം 25

16. അല്‍ അന്‍ആം 25

17. അല്‍ ആന്‍ആം 98

18. അല്‍ അന്‍ആം 65

19. അല്‍ ഇസ്‌റാഅ് 44

20. അല്‍ ഇസ്‌റാഅ് 45,46

21. അല്‍ ഇസ്‌റാഅ് 41

22. അല്‍ ഇസ്‌റാഅ് 46

23. അല് ഇസ്‌റാഅ് 45

24. അത്തൗബ 86,87

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (70-73)
എ.വൈ.ആര്‍

ഹദീസ്‌

പ്രതിസന്ധികളെ മറികടക്കാന്‍
അബ്ദുസ്സമദ് കൂട്ടിലങ്ങാടി