Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 9

പ്രഫ. ജാനെറ്റ്‌ സ്‌മിത്ത്‌-രിയാദ്‌ അന്താരാഷ്‌ട്ര പുസ്‌തകമേളയിലെ സൗമ്യ സാന്നിധ്യം

അബ്‌ദുല്ല മന്‍ഹാം

രിയാദിലെ അന്താരാഷ്‌ട്ര പുസ്‌തകമേളയില്‍ ഇത്തവണയും ആള്‍ത്തിരക്കിന്‌ കുറവില്ലായിരുന്നു. പതിവിന്‌ വിപരീതമായി ശൈത്യം വിട്ടകലാന്‍ വിമുഖത കാണിച്ച പോലെ. പക്ഷേ, സാംസ്‌കാരിക രംഗം ചൂടുപിടിച്ചുതന്നെ. സാമൂഹിക രാഷ്‌ട്രീയ രംഗത്തും ചൂടനുഭവപ്പെട്ടു. ഇന്ത്യക്ക്‌ `അതിഥി രാഷ്‌ട്രം' എന്ന അപൂര്‍വ ബഹുമതിയും ലഭിച്ചിട്ടുണ്ടായിരുന്നു ഈ വര്‍ഷത്തെ മേളയില്‍. വിദേശകാര്യ മന്ത്രാലയവും രിയാദിലെ ഇന്ത്യന്‍ എംബസിയും സുഊദിയിലെ സാംസ്‌കാരിക വിവരകാര്യ വകുപ്പുമായി സഹകരിച്ച്‌ ഏതാനും പരിപാടികള്‍ സംഘടിപ്പിച്ചു. ചില സെമിനാറുകളിലും ചര്‍ച്ചകളിലും അവ ഒതുങ്ങിയെന്ന്‌ പലര്‍ക്കും പരാതിയുണ്ടെങ്കിലും. ഇന്ത്യയെ വിപുലമായി പരിചയപ്പെടുത്താനും ഇവിടത്തെ സമ്പന്നമായ സാഹിത്യ സാംസ്‌കാരിക പൈതൃകത്തെ അറബികള്‍ക്ക്‌ അടുത്തറിയാനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും കിട്ടിയ അസുലഭാവസരം നന്നായി ഉപയോഗപ്പെടുത്താന്‍ വേണ്ടത്ര ആസൂത്രണങ്ങള്‍ ഇല്ലാതെ പോയി. സന്നദ്ധ സംഘങ്ങളെയും സാഹിത്യ സാംസ്‌കാരിക നായകന്മാരെയും ഉപയോഗപ്പെടുത്തി കാര്യക്ഷമമായ പരിപാടികള്‍ നടത്താന്‍ സന്നദ്ധത കാണിച്ചവര്‍ക്ക്‌ അധികൃതരില്‍ നിന്ന്‌ പ്രോത്സാഹനം കിട്ടിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തുടര്‍ച്ചയായി മൂന്നാം തവണയാണ്‌ ഐ.പി.എച്ചിന്‌ മേളയില്‍ പങ്കെടുക്കാന്‍ സുഊദി മന്ത്രാലയത്തിന്റെ ക്ഷണം കിട്ടിയത്‌. ഈ മൂന്നു വര്‍ഷങ്ങളിലും ഇന്ത്യയുടെ ഏക സാന്നിധ്യമായിരുന്നു ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ഹൗസ്‌ (ഐ.പി.എച്ച്‌) . എല്ലാ വര്‍ഷവും സന്ദര്‍ശകരുടെയും പുസ്‌തക പ്രേമികളുടെയും തിരക്ക്‌ പവലിയനിലുള്ളവര്‍ക്ക്‌ വലിയ ആവേശമാണ്‌. അപ്രതീക്ഷിതമായി ഇടക്ക്‌ ചൊരിഞ്ഞ കനത്ത ആലിപ്പഴ വര്‍ഷമോ ആഞ്ഞടിച്ച പൊടിക്കാറ്റോ സന്ദര്‍ശകരുടെ എണ്ണത്തിന്‌ കുറവ്‌ വരുത്തിയില്ല. ബില്‍ ബുക്കുകള്‍ പതിവിലേറെ വേണ്ടിവന്നു. ഐ.പി.എച്ച്‌ മലയാളത്തില്‍ പ്രസിദ്ധീകരിച്ച പ്രശസ്‌ത ഗ്രന്ഥങ്ങളുടെ അറബി മൂലകൃതികള്‍ അന്വേഷിച്ചുവന്നവര്‍, മുസ്‌ലിം ലോകത്തെ പ്രഗത്ഭരായഎഴുത്തുകാരുടെ പുതിയ കൃതികള്‍ തേടിയെത്തിയവര്‍, ഇന്ത്യയുടെ കുതിപ്പുകളുടെ നേര്‍ ചിത്രങ്ങള്‍ കാണാന്‍ കൊതിച്ചവര്‍, രാജ്യത്തെ മുസ്‌ലിംകളെ കുറിച്ചും വ്യത്യസ്‌ത മേഖലകളില്‍ അവര്‍ നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അറിയാന്‍ ആഗ്രഹിച്ചവര്‍, പാചകം തൊട്ട്‌ ഭാഷാ പഠനം വരെയുള്ള വിഷയങ്ങളില്‍ കൈപുസ്‌തകങ്ങള്‍ അന്വേഷിച്ചവര്‍, ശാസ്‌ത്ര സാങ്കേതിക മേഖലകളിലെ റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍ തേടിയെത്തിയവര്‍, സമഗ്ര ഇസ്‌ലാമിന്റെ ശക്തിസൗന്ദര്യം അനാവരണം ചെയ്യുന്ന കൃതികള്‍ വേണ്ടവര്‍... സന്ദര്‍കരുടെ വൈവിധ്യം ഉള്‍പ്പുളകം ഉണ്ടാക്കുന്നതായിരുന്നു. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ശ്രദ്ധയും വേണ്ടത്ര ലഭിച്ചു. സ്റ്റാളിന്റെ ഇക്കൊല്ലത്തെ സന്ദര്‍ശകരില്‍ പ്രമുഖയാണ്‌ സുഊദിയിലെ അമേരിക്കന്‍ സ്ഥാനപതിയുടെ സഹധര്‍മിണി ഡോ. ജാനറ്റ്‌ ബ്രെസ്‌ലിന്‍ സ്‌മിത്ത്‌. ആരോ ഉപഹാരമായി കൊടുത്ത വിശുദ്ധ ഖുര്‍ആന്റെ ഇംഗ്ലീഷ്‌ പരിഭാഷയുടെ കോപ്പി കൈയില്‍. കുശലാന്വേഷണങ്ങള്‍ക്ക്‌ ശേഷം ഐ.പി.എച്ചിനെയും അത്‌ പ്രസിദ്ധീകരിച്ച ഏതാനും പ്രമുഖ കൃതികളെയും പരിചയപ്പെടുത്തി. മുഹമ്മദ്‌ അസദിന്റെ മക്കയിലേക്കുള്ള പാത താന്‍ വായിച്ചിട്ടുണ്ടെന്നും അതിന്റെ ആഖ്യാന രീതിയും ഉള്ളടക്കവും തന്നെ ഏറെ ആകര്‍ഷിച്ചെന്നും പറയുമ്പോള്‍ അവരുടെ കണ്ണുകളില്‍ എന്തു തിളക്കം! പാശ്ചാത്യ മനസ്സിനെ തൊട്ടറിഞ്ഞുകൊണ്ടുള്ള അവതരണ ചാതുരി ഗ്രന്ഥത്തെ വേറിട്ടുനിര്‍ത്തുന്നെന്ന്‌ അവര്‍ പറഞ്ഞു. ഗ്രന്ഥത്തിന്റെ അറബി പതിപ്പ്‌ തനിക്ക്‌ വേണമെന്നായി ഡോ. ജാനെറ്റ്‌. താന്‍ അറബി പഠിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ; അറബി വായിക്കുന്ന ചില കൂട്ടുകാരികള്‍ക്ക്‌ സമ്മാനിക്കാനാണ്‌ അറബി പരിഭാഷ. അംബാസഡര്‍മാരുടെ പത്‌നിമാരുടെ ഒരു കൂട്ടായ്‌മയുണ്ട്‌. അടുത്ത മീറ്റിംഗില്‍ ഈ പുസ്‌തകത്തെ കുറിച്ച്‌ ഒരു ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ട്‌. അന്ന്‌ ഈ അറബി പതിപ്പ്‌ വലിയ പ്രയോജനമാകും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭാഷണത്തിന്‌ ശേഷം അറബിപ്പതിപ്പ്‌ കിട്ടുന്ന ഏക സ്റ്റാളായ കിംഗ്‌ അബ്‌ദുല്‍ അസീസ്‌ പബ്ലിക്‌ ലൈബ്രറിയില്‍ ചെന്ന്‌ അവര്‍ക്ക്‌ വേണ്ട കോപ്പി വാങ്ങി എത്തിച്ചുകൊടുത്തു. ഉപഹാരമായി സ്വീകരിക്കാന്‍ പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ല. എന്നാല്‍, ഐ.പി.എച്ച്‌ സ്റ്റാളില്‍ ഉണ്ടായിരുന്ന മൗലാനാ മൗദൂദിയുടെ Towards Understanding Islam, ടി.കെ ഇബ്‌റാഹീം സാഹിബിന്റെ Mercy: Prophet Muhammad's Legacy to All Creation എന്നീ കൃതികളുടെ കോപ്പികള്‍ അവര്‍ സസന്തോഷം സ്വീകരിച്ചു. (വായനക്കാരുടെ അന്വേഷണങ്ങളെ തുടര്‍ന്ന്‌ പിന്നീട്‌ മക്കയിലേക്കുള്ള പാതയുടെ അറബി പതിപ്പും ഐ.പി.എച്ച്‌ പവലിയനില്‍ വില്‍പനക്ക്‌ വെച്ചു. കുറേ കോപ്പികള്‍ വില്‍പനയാവുകയും ചെയ്‌തു). ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പുതിയ ഗ്രന്ഥങ്ങള്‍ അനിവാര്യമായിരിക്കുന്നുവെന്ന്‌ അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍ പ്രഫസറായിരുന്ന ഡോ. ജാനെറ്റ്‌ പറഞ്ഞു. അമേരിക്കന്‍ ജനതയില്‍ ഇസ്‌ലാമിനെ വായിക്കുന്നവര്‍ ഏറിവരികയാണ്‌. ഇസ്‌ലാമിക സന്ദേശത്തെയും അതിന്റെ കാലിക പ്രസക്തിയെയും സാമൂഹിക രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളെയും വിശകലനം ചെയ്യുന്ന, പാശ്ചാത്യ മനസ്സിനെ അടുത്തറിയുന്നവര്‍ എഴുതിയ രചനകള്‍ ഏറെ സ്വീകാര്യമാകുന്നുണ്ടെന്നും അവര്‍ വിശദീകരിച്ചു. അമേരിക്കന്‍ പൗരനും ഗ്രന്ഥകാരനും അധ്യാപകനുമായ ഡോ. തമീം അന്‍സാരിയുടെ Destiny Disrupted, മുഹ്‌ജ കഹ്‌ഫിന്റെ The Girl in the Tangerine Scarf എന്നീ കൃതികളില്‍ അനാവരണം ചെയ്യപ്പെട്ട ഇസ്‌ലാമിന്റെ സമഗ്രതയും ദര്‍ശന മഹത്വവും തന്നെപ്പോലെയുള്ള അനേകം വായനക്കാര്‍ക്ക്‌ ഹൃദ്യമായ അനുഭവമായി. തമീം അന്‍സാരിയുടെ കൃതി, ചരിത്രത്തിന്‌ മറ്റൊരു വ്യാഖ്യാനമുണ്ടെന്നും തങ്ങളുടേതല്ലാത്ത ലോകത്തെ ജനങ്ങളുടെ ചിന്തകളെയും മൂല്യങ്ങളെയും അറിയാനും ഉള്‍ക്കൊള്ളാനും അത്‌ അമേരിക്കന്‍ ബുദ്ധിജീവികളെ പ്രേരിപ്പിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടി. സിറിയയില്‍ നിന്ന്‌ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത മുസ്‌ലിം കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങളെ മനോഹരമായി അവതരിപ്പിക്കുന്ന നോവലാണ്‌ The Girl in the Tangerine Scarf. ഇസ്‌ലാമിക പൈതൃകം കണ്ട്‌ വളര്‍ന്ന പെണ്‍കുട്ടി അമേരിക്കയിലെ വിദ്യാഭ്യാസവും ജീവിതവും കാരണം കുറച്ചുകാലം `പരിഷ്‌കൃത' ലോകത്തിന്റെ സ്വാധീനത്തില്‍ വഴിവിട്ടും സഞ്ചരിച്ചു. ഇസ്‌ലാമിനോടും മുസ്‌ലിം സംസ്‌കാരത്തോടും അവള്‍ക്ക്‌ വെറുപ്പായിരുന്നു. നോവലിസ്റ്റ്‌ പിന്നീട്‌ ഇസ്‌ലാമിന്റെ യഥാര്‍ഥ ശക്തിയും സൗന്ദര്യവും കണ്ടെത്തി. തന്റെ കണ്ടെത്തല്‍ തനിമയോടെ, വശ്യസുന്ദരമായ ഭാഷയില്‍ അവര്‍ ഈ നോവലിലൂടെ ആവിഷ്‌കരിച്ചു. ഇത്തരം കലാഭംഗിയുള്ള കൃതികള്‍ യൂറോപ്പിലെയും അമേരിക്കയിലെയും വായനക്കാരെ ആകര്‍ഷിക്കും; ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിം നാഗരികതയെക്കുറിച്ചും അവരുടെ സമീപനത്തില്‍ മാറ്റം വരുത്തും. ആശയ സംവാദങ്ങളും വൈജ്ഞാനിക ചര്‍ച്ചകളും വഴി മുസ്‌ലിം ലോകവും പാശ്ചാത്യ ലോകവും തമ്മില്‍ അടുക്കാനും ബന്ധങ്ങള്‍ നന്നാക്കാനും പുതിയ അധ്യായങ്ങള്‍ രചിക്കാനും സാധ്യമാവും- പ്രഫ. ജാനെറ്റ്‌ പറഞ്ഞുനിര്‍ത്തി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍