Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 9

കെ.എം അബ്‌ദുല്ല മൗലവി

കെ.എം അബ്‌ദുല്ല മൗലവി -

- മലപ്പുറം ജില്ലയിലെ കുഴിപ്പുറം പ്രാദേശിക ജമാഅത്ത്‌ അംഗം കെ.എം അബ്‌ദുല്ല മൗലവി നിര്യാതനായി. പണ്ഡിതനും കര്‍മകുശലനുമായ അദ്ദേഹം പല വിഷയങ്ങളിലും പ്രസ്ഥാന പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും മുഖ്യ അവലംബമായിരുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ നല്ല പ്രാഗത്ഭ്യമുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീര്‍, ഒതുക്കുങ്ങല്‍ ഇസ്‌ലാമിക കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാന്‍, ഗവ. എച്ച്‌.എസ്‌ പി.ടി.എ പ്രസിഡന്റ്‌, മസ്‌ജിദുല്‍ ഇഹ്‌സാന്‍ ഖത്വീബ്‌ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പള്ളിദര്‍സുകളില്‍ നിന്ന്‌ പഠനം പൂര്‍ത്തിയാക്കിയ മൗലവി മുദര്‍രിസും ഖത്വീബുമായി ഏതാനും വര്‍ഷം സേവനമനുഷ്‌ഠിച്ചു. അതിനിടെ ജമാഅത്ത്‌ സാഹിത്യങ്ങള്‍ വായിച്ച്‌ പ്രസ്ഥാനത്തിലേക്ക്‌ ആകൃഷ്‌ടനായി. പള്ളിയില്‍ നാട്ടു സമ്പ്രദായമനുസരിച്ച്‌ പ്രമാണങ്ങള്‍ക്ക്‌ നിരക്കാത്ത ആചാരങ്ങള്‍ക്ക്‌ കാര്‍മികത്വം വഹിക്കാന്‍ നിര്‍ബന്ധിതനായ സാഹചര്യത്തില്‍ ആ പദവികള്‍ ഉപേക്ഷിച്ചു. പിന്നീട്‌ അറബി അധ്യാപക പരീക്ഷ എഴുതി സ്‌കൂള്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചു. സമൂഹ മധ്യേ എഴുന്നേറ്റ്‌ നിന്ന്‌ കാര്യങ്ങള്‍ ആര്‍ജവത്തോടെ പറയണമെങ്കില്‍ ജനങ്ങളെ ആശ്രയിക്കാത്തവിധമുള്ള ഉപജീവന മാര്‍ഗം കണ്ടെത്തണമെന്ന്‌ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും അദ്ദേഹം ഉപദേശിക്കുമായിരുന്നു. ജമാഅത്തിന്റെ മലപ്പുറം ഘടകവുമായി ബന്ധപ്പെട്ടാണ്‌ അബ്‌ദുല്ല മൗലവി തന്റെ പ്രസ്ഥാന പ്രവര്‍ത്തനം ആരംഭിച്ചത്‌. പിന്നീട്‌ താന്‍ തന്നെ മുന്‍കൈയെടുത്ത്‌ രൂപവത്‌കരിച്ച കോടൂര്‍ ഘടകത്തിലേക്കും ശേഷം ജന്മമനാടായ ഒതുക്കുങ്ങള്‍ പ്രദേശത്ത്‌ തന്റെ നിരന്തര പരിശ്രമ ഫലമായി നിലവില്‍ വന്ന ഘടകത്തിലേക്കും മാറി. അദ്ദേഹത്തിന്റെ ശ്രമഫലമായി ഉയര്‍ന്നുവന്ന സ്ഥാപനങ്ങളില്‍ പ്രമുഖമാണ്‌ കോടൂര്‍ മുസ്‌ലിം സാംസ്‌കാരിക സമിതി (പലിശരഹിത നിധി), ഒതുക്കുങ്ങല്‍ മസ്‌ജിദുല്‍ ഇഹ്‌സാന്‍, അല്‍ ഇഹ്‌സാന്‍ പ്രൈമറി സ്‌കൂള്‍, ഐ.സി.എസ്‌.ഒ ഐ.ടി.സി എന്നിവ. മൗലവിയുടെ വൈജ്ഞാനിക പ ഠനക്ലാസ്സുകള്‍, വിശിഷ്യാ കര്‍മശാസ്‌ത്ര ക്ലാസ്സുകള്‍ വേറിട്ട ഒരനുഭവമാണ്‌. സാധാരണക്കാര്‍ക്ക്‌ സുഗ്രാഹ്യമാകുന്ന മറുപടികള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യോത്തര പരിപാടി മേഖലയിലെ പല പള്ളികളിലെയും റമദാന്‍ ക്ലാസ്സുകളില്‍ ഏറ്റവും മികച്ചതായിരുന്നു. അദ്ദേഹം നേതൃത്വം നല്‍കിയിരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററാണ്‌ ശ്രദ്ധേയമായ മറ്റൊരു പരിപാടി. പഠിതാക്കളുടെ ഭാഷാപരവും ശരീഅത്ത്‌ സംബന്ധവുമായ സംശയങ്ങള്‍ക്ക്‌ കൃത്യവും ആധികാരികവുമായ മറുപടി ലഭിച്ചിരുന്നുവെന്നതാണ്‌ അതിന്റെ സവിശേഷത. അല്ലാഹുവേ, മഗ്‌ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്‌ത്‌ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഇടം നല്‍കി അദ്ദേഹത്തെ അനുഗ്രഹിക്കണേ! -

- ഇ. യാസിര്‍ -

- #### ടി.എ സെയ്‌തു സാഹിബ്‌, പട്ടേപ്പാടം -

- 1961ല്‍ രൂപീകരിച്ച ജ.ഇ പട്ടേപ്പാടം യൂനിറ്റിലെ പഴയകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ടി.എ സെയ്തു സാഹിബ്. പുഞ്ചിരിക്കുന്ന മുഖത്തോടെയല്ലാതെ അദ്ദേഹത്തെ കാണാന്‍ സാധിച്ചിട്ടില്ല. പള്ളിയില്‍ വരുന്ന ഏത് അപരിചിതനെയും അങ്ങോട്ട് ചെന്ന് പരിചയപ്പെടും. മലയാള ഭാഷയുടെ സാഹിത്യഭംഗി ചോരാതെ വാക്കുകള്‍ അടുക്കിവെച്ച ഖുര്‍ആന്‍ ക്ളാസുകളും ഉദ്ബോധനങ്ങളും ആകര്‍ഷകമായിരുന്നു. കുട്ടികളോട് കാരുണ്യത്തോടെ പെരുമാറുന്ന അദ്ദേഹത്തെ കുടുംബങ്ങളിലെ കുട്ടികള്‍ 'മിഠായി മാമ' എന്നാണ് വിളിച്ചിരുന്നത്. മരണത്തിന് ഏതാനും ദിവസം മുന്‍പ് അദ്ദേഹം വിളിച്ചു ചേര്‍ത്ത കുടുംബ സംഗമത്തില്‍ വികാരോജ്വലമായ ഒരു വിടവാങ്ങല്‍ പ്രഭാഷണമാണ് നടത്തിയത്. പ്രദേശത്ത് പ്രസ്ഥാനത്തിന്റെ വ്യാപനത്തില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. -

- കെ.കെ മജീദ് പട്ടേപ്പാടം -

-

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍