Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 9

കവിതകള്‍

മാപ്പ്‌ ശബ്‌ന സുമയ്യ ആലുവ നിനക്ക്‌ നോവുന്നുണ്ടോ? നിന്റെ വിരലുകളിടക്കിടെ അറിയാതെ വിറക്കുന്നത്‌ തലച്ചോറില്‍ കുത്തിയിറങ്ങുന്ന വേദന കൊണ്ടാണോ? നിന്റെ വസ്‌ത്രങ്ങളിപ്പോള്‍ പത്രങ്ങളുടെ പട്ടുവസ്‌ത്രമാണ്‌ നീ കിടന്ന റെയില്‍ പാളവും നീ യാത്ര ചെയ്‌ത കമ്പാര്‍ട്ടുമെന്റും നിന്നെ കെടുത്തിയവന്റെ ഒറ്റക്കയ്യും അവന്‍ ചെയ്‌ത പാപങ്ങളും നിനക്കായ്‌ നിന്റെ ജന്മ- ദാതാക്കളൊഴുക്കിയ ഹൃദയരക്തവും ചുടു കണ്ണുനീരും ചാനലുകളില്‍, പെരുമഴയായി പെയ്യുകയാണ്‌ എന്താണ്‌ നിന്റെയുള്ളില്‍, കരയരുതേയെന്നു കേഴുകയാണോ നിന്നെ കണ്‍കുളിര്‍ക്കെ കാണാന്‍ നാളുകളായ്‌ കൊതിച്ച, നിന്നില്‍ പ്രതീക്ഷയര്‍പ്പിച്ച സ്‌നേഹത്തിന്റെ,സുരക്ഷയുടെ, വാത്സല്യത്തിന്റെ കവചം തീര്‍ത്ത പ്രിയരാം മാതാപിതാക്കളോട്‌, നിനക്കായി പ്രാര്‍ഥനയുടെ ഏറിയ ഭാഗവും കാത്തുവക്കുന്ന നിന്നെ സ്‌നേഹിക്കുന്ന നാട്ടുകാരോട്‌ പ്രാര്‍ഥിക്കയാണോ നീ, ക്രൂരതയുടെ ശ്വാസം നിലക്കാന്‍, രാക്ഷസനെ ഇഞ്ചിഞ്ചായി വേദനിപ്പിച്ചു വധിക്കുവാന്‍, മനമുരുകുകയാണോ നീ, ക്രൂരതയുടെ ലോകത്തേക്ക്‌ ഇനിയും തിരികെ വരാതിരിക്കാന്‍, ജീവശ്വാസം ഇനിയും വലിച്ചു നീട്ടാതിരിക്കുവാന്‍, വേദനയില്ലാതെ പോകുവാന്‍, പരീക്ഷണങ്ങളുടെ തീച്ചൂളകളിലേക്ക്‌ ഇനിയും വലിച്ചിഴക്കാതിരിക്കുവാന്‍? വെറുക്കുകയാണോ നീ? ഞങ്ങളെ, ഈ ലോകത്തെത്തന്നെയും? മാപ്പ്‌ പറയട്ടെയീ ലോകത്തിനു വേണ്ടി, ഒരിറ്റു കണ്ണുനീര്‌ മാത്രം നിനക്കായൊഴുക്കുവാന്‍.... പ്രവാചകന്‍ എം.കെ നജീര്‍, ബഹ്‌റൈന്‍ ചുമരുകളില്ലാതെ ഒരു വീട്‌, കതകില്ലാതെ ഒരു ജാലകം, വെളിച്ചം പരത്തി ഒരു വിളക്ക്‌ ജ്വലിക്കുന്നു. ദൈവം രഹസ്യങ്ങള്‍ ഒളിപ്പിക്കുന്ന ഇടങ്ങളില്‍ വേട്ടപരുന്തു പോലെ പിന്തുടര്‍ന്ന്‌ നിന്റെ കണ്ണുകള്‍! ഇരയും ചിലന്തിയും ഹന്‍ളലത്ത്‌ മാനന്തവാടി ഒരു ചിലന്തിയും ഇരയെ നേരിട്ടെതിര്‍ക്കാറില്ല ചതിയുടെ നൂലിഴയില്‍ ഒട്ടിപ്പോയ ചിറകുകള്‍ കുഴഞ്ഞു തളരുമ്പോള്‍ അത്‌ അടുത്ത്‌ വരും അവസാന പിടച്ചിലും തീരും വരെ ചിലന്തി ഇരയെ തൊടാറില്ല ഓടി മാറിയും ഒളിഞ്ഞു നിന്നും ഒടി വിദ്യയുടെ ചതുരുപായങ്ങള്‍ പുറത്തെടുത്ത്‌ ഇരയെ, വരിഞ്ഞു മുറുക്കും പിടയാനുള്ള ത്രാണിയില്‍ സ്വയം നഷ്‌ടമാകുന്നതറിഞ്ഞു മരണം കൊതിച്ചു പോകുമ്പോള്‍ തന്നെയാണ്‌ അത്‌, ഇരയെ തൊട്ടു നോക്കുന്നത്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍