ഇസ്‌ലാം വിരുദ്ധരുടെ ഒളിസങ്കേതം ഇപ്പോള്‍ മുസ്‌ലിംലീഗാണ്
കോഴിക്കോട് ഈയിടെ നടന്ന ഹമീദ് ചേന്ദമംഗല്ലൂരിന്റെ പുതിയ പുസ്‌തകത്തിന്റെ പ്രകാശന വേദി കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ സാംസ്‌കാരിക സഖ്യത്തിന്റെ പ്രകടനമായിരുന്നു. ഗ്രന്ഥകര്‍ത്താവിനു പുറമെ യുക്തി വാദി സംഘത്തിന്റെ സംസ്ഥാന നേതാവ് യു. കലാനാഥന്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.കെ മുനീര്‍ എന്നിവരായിരുന്നു വേദിയിലെ പ്രമുഖര്‍. ഇതൊരു പുതിയ സാംസ്‌കാരിക ഐക്യമുന്നണിയാണ്. ഇതിലെ സഖ്യകക്ഷികള്‍ക്കിടയില്‍ സമ്പര്‍ക്കങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുന്നുണ്ട്. മുഖ്യശത്രുവിനെതിരെ ഒരുമിച്ച് നെഞ്ചുവിരിക്കുന്ന സാംസ്‌കാരിക സൗഹൃദം. ഇത്തരമൊരു സൗഹൃദത്തില്‍ എടുക്കലും കൊടുക്കലുമൊക്കെ നടക്കും. പക്ഷേ, ഇതില്‍ മുസ്‌ലിംലീഗിന് കൊടുക്കാന്‍ ഏറെയൊന്നുമില്ല. മതത്തിന്റെ ധാര്‍മികതയും വിമോചന മൂല്യങ്ങളും പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരാത്ത ഒരു കേവല സാമുദായിക മതേതര പ്രസ്ഥാനം എന്നതാണ് ഈ കൂട്ടായ്‌മയില്‍ പങ്കുചേരാനുള്ള ലീഗിന്റെ പ്രാഥമിക യോഗ്യത. മതത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹികരാഷ്‌ട്രീയ ഉണര്‍വുകളെ തടഞ്ഞു നിര്‍ത്താനുള്ള ഉപകരണമായി പ്രവര്‍ത്തിക്കാന്‍ ലീഗിനു കഴിയും എന്നതാണ് ഈ കൂട്ടായ്‌മയില്‍ ലീഗ് ഉള്‍പ്പെടുന്നതിന്റെ മറ്റൊരു കാരണം. യുക്തിവാദവും മതവിമര്‍ശകരും മുസ്‌ലിം ലീഗും ഒരുമിച്ചിരിക്കുന്ന പ്രത്യക്ഷ ബിന്ദു മതസാമൂഹിക രാഷ്‌ട്രീയ കാഴ്‌ചപ്പാട് ആപല്‍ക്കരമാണെന്നാശയമാണ്. മതവിമര്‍ശകരെയും യുക്തിവാദികളെയും സംബന്ധിച്ചേടത്തോളം കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം ബഹുജന പ്രസ്ഥാനമായ മുസ്‌ലിംലീഗിനെ കൂട്ടുപിടിച്ച് പൂര്‍ണമതവാദത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ദൂരത്തിന്റെ വലിയൊരു കാതം പിന്നിടാന്‍ അവര്‍ക്ക് കഴിയും. മതത്തെ തന്നെ പൂര്‍ണമായി തകര്‍ക്കുക എന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം. മതത്തിന്റെ, പ്രത്യേകിച്ച് ഇസ്‌ലാമിന്റെ ഏറ്റവും ചടുലവും ശ്രദ്ധേയവുമായ ഭാഗത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പണി എളുപ്പമാണ്. പ്രത്യേകിച്ച് യുക്തിവാദികള്‍ മതങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉന്നംവെക്കാറുള്ളത് ഇസ്‌ലാമിനെയാണ്. ഇസ്‌ലാമില്‍ അവരെ ഏറ്റവും അസ്വസ്ഥപ്പെടുത്താറുള്ളത് അതിന്റെ സാമൂഹിക രാഷ്‌ട്രീയ ഭാവങ്ങളുടെ പ്രതിനിധാനമാണ്. മതവിശ്വാസികളെ തന്നെ കൂട്ടുപിടിച്ച് മതത്തെ തകര്‍ക്കാന്‍ കഴിയുക എന്നത് വലിയ സൗഭാഗ്യമായി അവര്‍ കണക്കാക്കുന്നുണ്ടാവണം. അറബി ഭാഷയിലുള്ള ബാങ്ക് ഇവിടെ നടപ്പാക്കപ്പെടുന്നത് സാംസ്‌കാരികമായ അറേബ്യന്‍ കോളനിവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് വാദിക്കുന്ന, ഖുര്‍ആനിലെ ജിഹാദിപരാമര്‍ശങ്ങളുള്ള മുഴുവന്‍ ആയത്തുകളും എഡിറ്റ് ചെയ്‌തൊഴിവാക്കണം; എന്നാലേ മുസ്‌ലിം സമൂഹത്തിന് ഭീകരവാദാരോപണത്തില്‍ നിന്നു മുക്തരാവാനാവൂ എന്നുവാദിക്കുന്ന ഹമീദ് ചേന്ദമംഗല്ലൂരിനും, ദൈവംതന്നെ മിഥ്യയാണെന്നും മതം മനുഷ്യന്റെ ശത്രുവാണെന്നും പ്രചരിപ്പിക്കുന്ന യുക്തിവാദികള്‍ക്കും മതത്തെ അതിന്റെ ഏറ്റവും സജീവവും സമ്പൂര്‍ണവുമായ സ്വഭാവത്തില്‍ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഒന്നാമത്തെ ശത്രുവാകുക സ്വാഭാവികമാണ്. കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തെ തെരുവിലും എഴുത്തിലും പ്രൗഢവും ശക്തവുമായ ശൈലിയില്‍ ഏറ്റവുമധികം നേരിട്ടത് ജമാഅത്തെ ഇസ്‌ലാമിയാണ്. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തകര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ശരീഅത്ത് വിവാദകാലത്ത് ഹമീദ് ചേന്ദമംഗല്ലൂര്‍ ഉള്‍പ്പെടെയുള്ള മതവിരുദ്ധ ബുദ്ധി ജീവികളെ അത് ഫലപ്രദമായി പ്രതിരോധിച്ചു. അന്ന് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഈ സാംസ്‌കാരിക സമരത്തില്‍ സഖ്യകക്ഷികളായിരുന്നു. കാല്‍ നൂറ്റാണ്ടിനപ്പുറം കാലവും കഥകളും മാറിയിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മതവിരുദ്ധരും മുസ്‌ലിംലീഗും കൈകോര്‍ക്കുന്നു. മുസ്‌ലിം ലീഗ് മുമ്പും ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചിട്ടുണ്ട്. തിരിച്ചും. പക്ഷേ, ലീഗിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ അടിസ്ഥാനം മതവിരുദ്ധതയായിരുന്നില്ല. അത് മതവിരുദ്ധരെ കൂട്ടുപിടിക്കുമായിരുന്നില്ല. അവര്‍ക്കിടയില്‍ പങ്കുവെക്കാന്‍ ഏറെയൊന്നുമുണ്ടായിരുന്നില്ല. 1969, 70 കാലത്ത് എം.ഇ.എസ്സി നെതിരെ ലീഗ് ശക്തമായ നിലപാടെടുക്കാനും അത് എം.ഇ.എസ്-ലീഗ് സംഘര്‍ഷങ്ങളിലേക്ക് നയിക്കാനും കാരണമായത് മതവിരുദ്ധതയോട് ബാഫഖിതങ്ങള്‍ സ്വീകരിച്ച ഉറച്ച നിലപാടായിരുന്നു. ഇസ്‌ലാം ആന്റ് മോഡേണ്‍ എയ്‌ജ് സൊസൈറ്റിയെ എം.ഇ.എസ് പിന്തുണച്ചു എന്നതിന്റെ പേരിലായിരുന്നു എം.ഇ.എസ്സിനെതിരെ തങ്ങള്‍ കടുത്ത നിലപാട് സ്വീകരിച്ചത്. മോഡേണ്‍ എയ്‌ജ് സൊസൈറ്റിയും മുഖ്യശത്രുവായി കണ്ടിരുന്നത് ജമാഅത്തെ ഇസ്‌ലാമിയെയായിരുന്നു. സംഘടനയുടെ മുഖപത്രമായിരുന്ന `നിരീക്ഷണം'മാസിക `ജമാഅത്തെ ഇസ്‌ലാമി വിമര്‍ശിക്കപ്പെടുന്നു' എന്ന കവര്‍സ്റ്റോറിയോടെ പ്രത്യേകപതിപ്പ് തന്നെ പുറത്തിറക്കിയിരുന്നു. അക്കാര്യത്തില്‍ അവരോട് യോജിച്ചുകളയാമെന്നല്ല മതഭക്തനായ ബാഫഖിതങ്ങള്‍ തീരുമാനിച്ചത്. മോഡേണ്‍ എയ്‌ജ് സൊസൈറ്റിയുടെ തകര്‍ച്ചക്ക് കാരണമായത് 1970-ല്‍ അവരുടെ തന്നെ സമ്മേളനത്തിലെ ശരീഅത്ത് സംവാദത്തില്‍ ഒ. അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ് നടത്തിയ പ്രഭാഷണമായിരുന്നു. ഹമീദ് ചേന്ദമംഗല്ലൂരിന്റെ എഴുത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന്, ഇസ്‌ലാമിനെ നേര്‍ക്കുനേരെ തുറന്നെതിര്‍ക്കുന്ന ഒന്നാംഘട്ടം. പക്ഷേ പില്‍ക്കാല ഹമീദ് ചേന്ദമംഗല്ലൂര്‍ ശ്രമിച്ചത് ഞാന്‍ ഇസ്‌ലാമിന്റെ അകത്തുതന്നെയാണെന്നുവരുത്തി അതിന്റെ അന്തസത്തയെ തകര്‍ക്കാന്‍ ശ്രമിക്കുക എന്നതാണ്. `ബഹുവാദത്തിന്റെ പുസ്‌തകം വായിക്കണം' എന്ന പേരില്‍ 2008 ല്‍ എഴുതിയ ലേഖനത്തില്‍, ഇസ്‌ലാമിലെ മതവിരുദ്ധസ്വതന്ത്ര ചിന്തയുടെ (സന്‍ദക്ക)ചരിത്രത്തെ ഒരുത്തമ മാതൃകയായി പരിചയപ്പെടുത്തുകയാണ്. ലേഖനം മുന്നോട്ട് വെക്കുന്ന മറ്റൊരു വിശിഷ്‌ട പുസ്‌തകം അബ്‌ദുര്‍റഹ്‌മാന്‍ബദവിയുടെ ഇസ്‌ലാമിലെ നാസ്‌തിക വാദത്തിന്റെ ചരിത്രമാണ്. (ജനാധിപത്യം അസ്‌തമിക്കാതിരിക്കാന്‍ പേജ് 121,122)മേഡോണ്‍ എയ്‌ജുകാര്‍ ചെയ്യാന്‍ ശ്രമിച്ചത് കുറേക്കൂടി സാന്ദ്രതയില്‍ ഏറ്റെടുത്ത് നിര്‍വഹിക്കാനാണ് പില്‍ക്കാല ഹമീദ് ചേന്ദമംഗല്ലൂര്‍ ശ്രമിക്കുന്നത്. മോഡേണ്‍ എയ്‌ജ് സൊസൈറ്റിയേക്കാള്‍ മതവിരുദ്ധനായ ഹമീദ് ചേന്ദമംഗല്ലൂരുമായി ഒന്നിച്ചു ചേരാന്‍ പുതിയ ലീഗ് സെക്രട്ടറിക്ക് ഒരു പ്രയാസവുമില്ല. ഇപ്പോള്‍ ലീഗിനും മതവിരുദ്ധര്‍ക്കുമിടയില്‍ പങ്കുവെക്കാന്‍ പലതുമുണ്ട്. ആഗോളതലത്തില്‍ ശക്തിപ്പെടുന്ന സാമ്രാജ്യത്വ വിരുദ്ധവും ജനാധിപത്യപരവുമായ ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റത്തെ സാധ്യമാവുന്നത്ര തടഞ്ഞു നിര്‍ത്തുക എന്നതാണ് ഇവര്‍ക്കിടയിലെ പൊതു അജണ്ടകളിലൊന്ന്. ഇസ്‌ലാമിക അടിത്തറയിലെ ജനാധിപത്യ മുന്നേറ്റത്തിനെതിരായ കൂട്ടായ്‌മയിലെ പ്രധാന കക്ഷിയാണിപ്പോള്‍ മുസ്‌ലിം ലീഗ്. അറബ് മുസ്‌ലിം നാടുകളില്‍ മുല്ലപ്പൂ വിപ്ലവമുണ്ടായപ്പോള്‍ അതിനെ അനുകൂലിച്ച് ലീഗോ അതിന്റെ ഏതെങ്കിലും പോഷകസംഘടനയോ തെരുവിലിറങ്ങിയില്ല. പാര്‍ട്ടിപത്രം ഈ ജനകീയ സമരത്തിനെതിരെ ലേഖനംവരെ പ്രസിദ്ധീകരിച്ചുകളഞ്ഞു (ചന്ദ്രിക ദിനപത്രം, 23.1.11). ലീഗിത്രയും മുന്നോട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ വളരേണ്ട അടുത്തഘട്ടം, അല്ലെങ്കില്‍ ലീഗിന്റെ ഇപ്പോഴത്തെ ജമാഅത്ത് വിരുദ്ധ പ്രചാരണം യുക്തിഭദ്രവും ഫലപ്രദവുമാവണമെങ്കില്‍ ലീഗ് ചെയ്യേണ്ട കാര്യങ്ങള്‍ അവരുടെ പുതിയ ഗുരു ഹമീദ് ചേന്ദമംഗല്ലൂര്‍ ആര്‍.എസ്.എസിന്റെ മുഖപത്രത്തില്‍ വിശദമാക്കുന്നുണ്ട്. ``ജമാഅത്തെ ഇസ്‌ലാമിയെ താത്ത്വികമായി എതിര്‍ക്കാന്‍ മുസ്‌ലിം ലീഗിന് കഴിയാത്തതാണ് അടിസ്ഥാന പ്രശ്‌നം. ഇസ്‌ലാം സമ്പൂര്‍ണ ജീവിതവ്യവസ്ഥയല്ലെന്ന് പറയാനുള്ള ധീരത ലീഗ് കാണിക്കണം. ഇതിനുപകരം ഹിന്ദുക്കള്‍ ഭൂരിപക്ഷമായതുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് പ്രായോഗികമല്ല എന്നാണ് ലീഗുകാര്‍ കരുതുന്നത്. ഇത് തികച്ചും അപര്യാപ്‌തമാണ്'' (കേസരി വാരിക. 2010 മെയ് 30). മുസ്‌ലിംലീഗിനും ഹമീദ് ചേന്ദമംഗല്ലൂരിനുമിടയിലെ സൗഹാര്‍ദ്ദവും സംവാദവും വികസിക്കുന്നതിങ്ങനെയാണ്. ഹമീദ് പറഞ്ഞ ലീഗിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ അപര്യാപ്‌തത മുനീറും ഷാജിയും ചേര്‍ന്ന് ഇപ്പോള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമിയെ താത്വികമായി എതിര്‍ക്കാനുള്ള ശേഷി ലീഗ് ഹമീദില്‍നിന്ന് പതിയെ പതിയെ ആര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. ഈ സൗഹൃദ കൂട്ടായ്‌മക്ക് മറ്റൊരാശയാടിത്തറ കൂടിയുണ്ട്. മതേതരത്വം എന്ന പേരില്‍ സവര്‍ണ, മൃദു ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്നവരാണിവരെല്ലാം. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സുഹൃത്തുക്കള്‍ സംഘ്‌പരിവാറാണ്. കുപ്രസിദ്ധമായ ലൗജിഹാദ് പ്രചാരണക്കാലത്ത് സംഘ്‌പരിവാറിനെ തോല്‍പ്പിക്കുന്ന വിധത്തില്‍ യുക്തിവാദി സംഘടന മുസ്‌ലിം വിരുദ്ധ പ്രചാരണം നടത്തുകയായിരുന്നു. ഹിന്ദു ഐക്യവേദിയും യുക്തിവാദി സംഘടനയും ചില ക്രിസ്‌ത്യന്‍ സംഘടനകളും ഒരുമിച്ച് ലൗജിഹാദ് പ്രചാരണകാലത്ത് പത്രസമ്മേളനം നടത്തുകയുണ്ടായി. ചിന്‍വാദ്‌പാലം എന്ന പ്രവാചകനിന്ദ പുസ്‌തകത്തിനുവേണ്ടിയും ഇവര്‍ ഒരുമിച്ച് രംഗത്തുവന്നിരുന്നു. യുക്തിവാദികള്‍ക്കും സംഘ്‌പരിവാരത്തിനും വളരെ വേഗത്തില്‍ ഒരുമിക്കാന്‍ കഴിയും. സംഘ്‌പരിവാരത്തിന്റെ ആത്‌മസത്തയില്‍ യഥാര്‍ഥത്തില്‍ ആത്മീയതയോ അലൗകികതയോ നൈതികതയോ ഒന്നുമില്ല. തീര്‍ത്തും ഭൗതികമായ ഒരു സാംസ്‌കാരിക വംശീയ മേല്‍ക്കോയ്‌മാ വാദം മാത്രമാണത്. മതപരമായ ഉള്ളടക്ക ശൂന്യത കാരണം അതിനോട് താദാത്മ്യപ്പെടാന്‍ ലീഗിനും ഏറെ എളുപ്പമാണ്. ആശയപരമായ ഒരടിത്തറയുമില്ലാത്ത ലീഗിന് ഹമീദ് ചേന്ദമംഗല്ലൂരും എം.കെ മുനീറും കെ.എം ഷാജിയും ചേര്‍ന്ന് ആശയാടിത്തറ നിര്‍മിച്ച് നല്‍കുകയാണ്. മൃദുഹിന്ദുത്വത്തിന്റേതായ ആശയാടിത്തറ. സവര്‍ണ സംസ്‌ക്കാര പാദസേവയുടെ ഉദാഹരണമാണ് ഹമീദ് ചേന്ദമംഗല്ലൂരിന്റെ സംവരണ വിരുദ്ധവാദഗതി. വരേണ്യ സംസ്‌കാരം എന്നും സാമൂഹികനീതിയുടെ മുഖം മൂടി ധരിച്ചുതന്നെയാണ് സംവരണത്തെ അക്രമിക്കാറുള്ളത്. ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്രസര്‍വകലാശാലകള്‍ തുടങ്ങി കേന്ദ്രധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27% സംവരണം നല്‍കാനുള്ള കേന്ദ്രനിയമം സുപ്രീം കോടതി ശരിവെച്ചതിനെതിരെ സംവരണമല്ല, അവസരങ്ങളാണ് വേണ്ടതെന്ന് പറഞ്ഞ് ഹമീദ് രംഗത്തുവരികയുണ്ടായി (ജനാധിപത്യം അസ്‌തമിക്കാതിരിക്കാന്‍ പേജ് 89-92). അവസര സമത്വത്തിന് സാമൂഹികനീതിയിലും മര്‍ദിത വിമോചനത്തിലും വിശ്വസിച്ച രാഷ്‌ട്ര ശില്‍പികള്‍ കണ്ട വഴിയായിരുന്നു സംവരണം. സംവരണം മോശമാണെന്ന് സ്ഥാപിക്കുന്നതിലൂടെ മേല്‍ക്കോയ്‌മാ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും. അധഃസ്ഥിത ജനവിഭാഗങ്ങളില്‍ അപകര്‍ഷതാ ബോധം സൃഷ്‌ടിക്കാന്‍ സാധിക്കും. ഐ.ഐ.ടി. ഐ.ഐ.എം മുതലായ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കിയാല്‍ അത് മെറിറ്റിനെയും അതുവഴി സ്ഥാപനത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും എന്നാണ് ഹമീദ് പറയുന്നത്. ഇതിനു പകരം അവസരസമത്വം സൃഷ്‌ടിക്കാന്‍ സംവരണേതര മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നഭിപ്രായപ്പെടുന്നു. സംവരണത്തിനെതിരായ ഏറ്റവും വലിയ പടക്കോപ്പാണ് മെറിറ്റ് വാദം. സംവരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണമേന്മയെ കുറച്ചിട്ടില്ല എന്ന് എത്രയോ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട കാര്യമാണ്. മുസ്‌ലിം പേരില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന വരേണ്യമുഖ്യധാരക്കുവേണ്ടിയുള്ള സാംസ്‌കാരിക പ്രവര്‍ത്തനത്തിന് ഒരു പുതിയ സഖ്യകക്ഷിയെക്കൂടി ലഭിച്ചിരിക്കുന്നു - ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. സാമൂഹികനീതി പറഞ്ഞ് ജനിച്ച പാര്‍ട്ടിക്ക് വരേണ്യ സംസ്‌കാരത്തിന്റെ പുതിയ ഗുരുക്കന്മാര്‍ ജനിക്കുന്നു. ചില പതനങ്ങളുടെ ഒരു അപഹാസ്യത നോക്കണേ! ജമാഅത്ത് വിമര്‍ശനം ഈ കങ്കാണിപ്പണിയുടെ ഒരു മാധ്യമം മാത്രമാണ്. ജമാഅത്തിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ ജമാഅത്തിനെയല്ല വിമര്‍ശിക്കുന്നത്, വരേണ്യതക്കും ഭരണകൂട താല്‍പര്യത്തിനുമെതിരെ ഉയരുന്ന ശബ്‌ദങ്ങളെ വിമര്‍ശിച്ചൊതുക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ മതവിരുദ്ധരുടെ സങ്കേതം കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാനന്തര കാലത്ത് ഇടതുപക്ഷത്തിന് മതത്തിന്റെ കാര്യത്തില്‍ സാരമായ ആശയമാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ചില മതമില്ലാത്ത ജീവനുകളുടെ പഴയ പുളിപ്പ് ഇടക്ക് തികിട്ടിവരാറുണ്ടെങ്കിലും അത് അപവാദം മാത്രമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ഒരു ശരീഅത്ത് വിരുദ്ധ പ്രസ്ഥാനമല്ല. സര്‍ക്കാര്‍ തലത്തില്‍ ശരീഅത്തധിഷ്‌ഠിത ധനകാര്യ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുന്ന പ്രസ്ഥാനമാണ്. ഇസ്‌ലാമിന്റെ ആത്മീയ രാഷട്രീയവുമായി സംവാദാത്മകമായ ബന്ധം സ്ഥാപിക്കാന്‍ അവര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. മതകാഴ്‌ച്ചപ്പാടുകളെക്കൂടി ഉള്‍ക്കൊണ്ടേ പൊതുമണ്ഡലത്തിന് വികസിക്കാനും മുന്നോട്ട് പോവാനും ജനാധിപത്യപരമാവാനും കഴിയൂ എന്ന തിരിച്ചറിവ് ആഗോളതലത്തിലും അതിന്റെ ഭാഗമായി കേരളത്തിലും കമ്യൂണിസ്റ്റുകള്‍ക്ക് ഇന്നുണ്ട്. പ്രമുഖ ഇടതുപക്ഷ ചിന്തകനും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്‌ടറുമായ ഡോ: പി.കെ പോക്കര്‍, ഇന്‍സിറ്റിയൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളി യുടെ മുഖപ്രസംഗത്തില്‍ ജീവിച്ചിരിക്കുന്ന പ്രമുഖ ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് മനീഷിയായ ഹേബര്‍മാസിന്റെ പൊതുമണ്ഡലത്തെക്കുറിച്ച നവീന കാഴ്‌ച്ചപാട് അവതരിപ്പിച്ചു കൊണ്ടെഴുതുന്നു: ``പങ്കാളിത്ത പൗരത്വം(shared citzenship)എന്ന ജനാധിപത്യ വ്യവസ്ഥ അനിവാര്യമാക്കുന്ന ആശയത്തെയാണ് ഹെബര്‍മാസ് മുന്നോട്ടു വെക്കുന്നത്. പഴയ കടുംപിടുത്തപരമായ മതനിരപേക്ഷ നിലപാടില്‍ നോക്കിയാല്‍ ഒരു വിശ്വാസിയുടെ മനോനില(mindset) അംഗീകരിക്കാന്‍ മതേതരവാദികള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരിക്കും. എന്നാല്‍, രണ്ട് കാരണങ്ങള്‍ കൊണ്ട് മതത്തിനും മതവിശ്വാസത്തിനും ജനാധിപത്യ വ്യവസ്ഥയില്‍ തുല്യമായ സ്ഥാനം നല്‍കണമെന്നാണ് ഹെബര്‍മാസ് സിദ്ധാന്തിക്കുന്നത്. ഒന്ന്, ശാസ്‌ത്രീയമായി സാധൂകരണം സാധ്യമല്ലെങ്കിലും മതത്തിനും മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിനും ധാര്‍മികമായ ചോദനകള്‍ സംഭാവന ചെയ്യാന്‍ കഴിയും. രണ്ട്, വിശ്വാസവും അറിവും തമ്മിലുള്ള ബന്ധത്തെ അവരുടെ കാഴ്‌ച്ചപാടില്‍ വ്യാഖ്യാനിച്ചു കൊണ്ട് സ്വയം വിമര്‍ശനാത്മകമായി ഒരുമിച്ച് ജീവിക്കാനും എല്ലാം നല്ല നിലയില്‍ നടക്കാനും (all is to go well)ഇതാവശ്യമാണ്. പശ്ചാത്യരാജ്യങ്ങള്‍ മാത്രമല്ല, പൗരസ്‌ത്യ രാജ്യങ്ങളും തകരാതിരിക്കാന്‍ ഹെബര്‍മാസിന്റെ നിര്‍ദേശം പ്രസക്തമാണ്.'' (വിജ്ഞാനകൈരളി, മാര്‍ച്ച് 2011) കേരളത്തിലെ ഇസ്‌ലാം വിരുദ്ധരുടെ ഒളിസങ്കേതം ഇപ്പോള്‍ മുസ്‌ലിം ലീഗാണ്.
Comments