Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 9

`ഞമ്മന്റെ' കാര്യത്തില്‍ ലീക്കുകാരന്‍ പറയുന്നത്‌ നുണ!

ഇഹ്‌സാന്‍

ബി.ജെ.പിയെ സംബന്ധിച്ചേടത്തോളം `ഹിന്ദുത്വ ദേശീയത' അവസരവാദപരമായ തത്വശാസ്‌ത്രമാണെന്ന്‌ (അതായത്‌ വെറും വയറ്റുപിഴപ്പിനുള്ള തട്ടിപ്പാണെന്ന്‌) അമേരിക്കന്‍ എംബസിയിലെ ഏതോ ഉദ്യോഗസ്ഥനുമായി സംസാരിക്കവെ അരുണ്‍ ജയ്‌റ്റ്‌ലി നടത്തിയ ഏറ്റുപറച്ചിലും കൂടി പുറത്തുവന്നതോടെ വിക്കിലീക്ക്‌സ്‌ വെളിച്ചപ്പെടലുകള്‍ കൊടുമ്പിരിയിലെത്തുകയായി. പാര്‍ട്ടിയുടെ രാജ്യസഭാ നേതാവാണ്‌ അരുണ്‍ ജയ്‌റ്റ്‌ലി. ബി.ജെ.പിയെ സംബന്ധിച്ചേടത്തോളം ഈ ഒടുവിലത്തെ വെളിപ്പെടുത്തല്‍ അത്ര വലിയ നാണക്കേടൊന്നും ഉണ്ടാക്കാനിടയില്ല. വി.എച്ച്‌.പി എന്നോ പറഞ്ഞു തുടങ്ങിയ കാര്യമാണിത്‌. രാമന്റെ പേരില്‍ രഥയാത്ര നടത്തി ലഭിച്ച വെള്ളി വിഗ്രഹങ്ങള്‍ ഉരുക്കി തീന്‍മേശയില്‍ കത്തിയും മുള്ളും ഉണ്ടാക്കി 90കളില്‍ `ഹിന്ദുത്വം' അത്‌ തെളിയിച്ചതുമാണ്‌. യഥാര്‍ഥത്തില്‍ ആരാണ്‌ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്‌ എന്നത്‌ ആശങ്കയുളവാക്കുന്ന ചോദ്യമാവുകയാണ്‌. ദേശീയ പാര്‍ട്ടിയായ ബി.ജെ.പി പോലും ആരെയാണ്‌ വഞ്ചിക്കാത്തത്‌? അദ്വാനിയും ശേഷാദ്രി ചാരിയും ആണവ കരാറിനെ കുറിച്ച്‌ പറഞ്ഞതും ജയ്‌റ്റ്‌ലി പറഞ്ഞതും തമ്മില്‍ ഫലത്തില്‍ ഒരു വ്യത്യാസവുമില്ല. ഒന്ന്‌ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ വഞ്ചിക്കുന്ന കാര്യമാണെങ്കില്‍ രണ്ടാമത്തേത്‌ രാമഭക്തരുടെ ശ്രീകോവിലുകളെ വഞ്ചിക്കുന്നതാണെന്ന വ്യത്യാസമേയുള്ളൂ. ആണവ ബില്ലിന്റെ കാര്യത്തിലെ വിക്കി ലീക്കുകളെ കുറിച്ച്‌ പൊതുജനത്തിന്‌ മനസ്സിലാകുന്ന ഭാഷയില്‍ മറുത്തു പറയാതിരുന്ന പാര്‍ട്ടി പക്ഷെ, ഹിന്ദുത്വത്തിന്റെ കാര്യം വന്നപ്പോള്‍ തലചതഞ്ഞ്‌ ചാകാന്‍ കിടക്കുന്ന പാമ്പിന്റെ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ചതു പോലെ ഒന്നു ഞളിപിരി കൊണ്ടു. ജയ്‌റ്റ്‌ലി അങ്ങനെയൊന്നും ആരോടും പറഞ്ഞിട്ടില്ലെന്ന്‌ സാക്ഷാല്‍ നിധിന്‍ ഗഡ്‌കരിയാണ്‌ നിഷേധക്കുറിപ്പ്‌ പുറത്തിറക്കിയത്‌. ഈ വിക്കിലീക്ക്‌സ്‌ കോണ്‍ഗ്രസിനെ കുറിച്ചു പറയുന്നത്‌ മാത്രമാണ്‌ സത്യം! അതിനെ ചൊല്ലി ഒന്നോ രണ്ടോ ആഴ്‌ച പാര്‍ലമെന്റ്‌ സ്‌തംഭിപ്പിച്ചാലും തരക്കേടൊന്നുമില്ല. പക്ഷേ, `ഞമ്മന്റെ' കാര്യത്തില്‍ അതേ ലീക്കുകാരന്‍ പറയുന്നത്‌ നുണ.... ഈ മേഖലയിലെ രാഷ്‌ട്രീയ നാടകങ്ങളെ ആരുടെയോ കണ്ണട ഉപയാഗിച്ചാണ്‌ നാം നോക്കിക്കാണുന്നത്‌. ഈ രണ്ടു രാജ്യങ്ങളിലെയും രാഷ്‌ട്രീയ നേതാക്കള്‍ എങ്ങനെയാണ്‌ അമേരിക്കയുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നത്‌ എന്ന്‌ അവരുടെ ഓരോ നീക്കങ്ങളിലുമുണ്ട്‌. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്‌ണ കഴിഞ്ഞ വര്‍ഷം പാകിസ്‌താന്‍ സന്ദര്‍ശിച്ചത്‌ ഉദാഹരണം. അഫ്‌ഗാനിസ്‌താനിലെ അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ ഏതാണ്ട്‌ പൂര്‍ണമായ പരാജയം അഭിമുഖീകരിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ കാബൂളില്‍ നിന്ന്‌ പാകിസ്‌താനിലേക്ക്‌ ഒരു സുരക്ഷിത റോഡുമാര്‍ഗം വെട്ടിത്തുറക്കുകയും എന്നിട്ട്‌ അമേരിക്കന്‍ സൈന്യത്തെ പാകിസ്‌താനികള്‍ ആളയച്ച്‌ സഹായിക്കണമെന്നുമാണ്‌ കൃഷ്‌ണയുടെ യാത്രക്ക്‌ വഴിയൊരുക്കിയ `അന്താരാഷ്‌ട്ര താല്‍പര്യം'. അഫ്‌ഗാനിസ്‌താനില്‍ ഒരു ഡസനിലേറെ നയതന്ത്ര കാര്യാലയങ്ങള്‍ ഇന്ത്യ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും അത്‌ തങ്ങളുടെ സുരക്ഷിതത്വത്തിന്‌ ഭീഷണിയാണെന്നുമാണ്‌ പാകിസ്‌താന്റെ വാദമെന്നിരിക്കെ ഈ റോഡ്‌ യാഥാര്‍ഥ്യമാവണമെങ്കില്‍ ഇന്ത്യയും പാകിസ്‌താനും തമ്മില്‍ യോജിപ്പിലെത്തിയേ തീരുമായിരുന്നുള്ളൂ. ഹിലരിയും ഹോള്‍ബ്രൂക്കും ചേര്‍ന്ന്‌ കൃഷ്‌ണയെയും ഖസൂരിയെയും അനുനയിപ്പിക്കുകയാണ്‌ ചെയ്‌തതെന്ന ആരോപണം ഇന്നും ബാക്കിയുണ്ട്‌. ഏതോ പ്രസ്‌താവനയിലുടക്കി യോഗം പിരിഞ്ഞുവെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തതെങ്കിലും. അമേരിക്ക ഇടക്കിടെ കണ്ണുരുട്ടുന്നതിനിടയിലാണ്‌ ക്രിക്കറ്റ്‌ വന്നത്‌. കായിക വിനോദത്തിന്റെ പേരില്‍ നടക്കുന്ന ഈ അന്താരാഷ്‌ട്ര കച്ചവടമേളയെ രണ്ടു പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന്‌ വീണ്ടും ഇന്ത്യാ പാക്‌ ചര്‍ച്ചകളുമായി കൂട്ടിക്കെട്ടിയത്‌ സ്വാഭാവികം. കഴിഞ്ഞ കുറെ ദിവസമായി ജനത്തിന്‌ ഈ `പ്രാന്തു' മാത്രമേ ഉള്ളൂ. ടൈംസ്‌ ഓഫ്‌ ഇന്ത്യയിലും ഹിന്ദുസ്‌ഥാന്‍ ടൈംസിലും പോയവാരം ഇതല്ലാത്ത ഒരു പ്രധാന തലക്കെട്ടും ഉണ്ടായിരുന്നില്ല. മൊഹാലിയില്‍ പാക്‌ പ്രധാനമന്ത്രി വരാമെന്ന്‌ സമ്മതിച്ചത്‌ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കൊണ്ടു മാത്രം ആയിരിക്കണമെന്നില്ലെന്നാണ്‌ ആ കളിയെ സൂക്ഷ്‌മമായി വിലയിരുത്തുന്നവര്‍ പറയുന്നത്‌. പാകിസ്‌താനുമായുള്ള ക്രിക്കറ്റിനെ ഭീകരതയുമായി കൂട്ടിക്കെട്ടിയ രാജ്യത്തേക്കാണ്‌ അദ്ദേഹം വന്നത്‌. ഒന്നുകില്‍ ആത്മാഭിമാനമില്ലായ്‌മ. അല്ലെങ്കില്‍ നിര്‍ബന്ധിതാവസ്ഥ. ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ്‌ ലീഗില്‍ നിന്ന്‌ പാകിസ്‌താന്‍ താരങ്ങള്‍ പുറത്താവാനുണ്ടായ കാരണം എന്തായിരുന്നുവെന്ന്‌ ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? പാക്‌ വിരോധത്തില്‍ കൃഷിയിറക്കുന്ന ഇവിടത്തെ രാഷ്‌ട്രീയജീവികള്‍ക്ക്‌ പാക്‌ കളിക്കാര്‍ ഇന്ത്യന്‍ നഗരങ്ങള്‍ക്ക്‌ പ്രിയങ്കരരായി മാറുന്ന സാഹചര്യം ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നതു കൊണ്ടല്ലേ ക്രിക്കറ്റിന്‌ നിരക്കാത്ത രാഷ്‌ട്രീയ യുക്തിയുപയോഗിച്ച്‌ അന്നവര്‍ വിലക്ക്‌ പ്രഖ്യാപിച്ചത്‌? എന്നിട്ട്‌ ഇപ്പോളെവിടുന്ന്‌ പൊട്ടിമുളച്ചു ഈ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റും സമാധാനവുമൊക്കെ? വിക്കിലീക്ക്‌സിനെ മാത്രമല്ല ഇന്ന്‌ അമേരിക്കക്കും അവരുടെ ഒത്താശക്കാര്‍ക്കും ഭയപ്പെടാനുള്ളത്‌. അസിമാനന്ദക്ക്‌ ശേഷമുള്ള കാലത്ത്‌ ഇന്ത്യാ-പാക്‌ ബന്ധങ്ങളില്‍ അസാധാരണമായ മാറ്റങ്ങളാണ്‌ കാത്തിരിക്കുന്നത്‌. അമേരിക്ക ഇരു രാജ്യങ്ങളിലും ഒരു വില്ലനായി പ്രത്യക്ഷപ്പെടുന്ന മറ്റു ചില സാഹചര്യങ്ങളും രൂപം കൊള്ളുന്നുണ്ട്‌. ഇന്ത്യക്ക്‌ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി എന്തായിരുന്നോ അതുപോലൊരാള്‍ പാകിസ്‌താനിലും രംഗത്തെത്തിയിട്ടുണ്ട്‌. രണ്ട്‌ പാകിസ്‌താനികളെ വെടിവെച്ചു കൊന്ന കുറ്റത്തിന്‌ പിടിയിലാവുകയും പിന്നീട്‌ വിട്ടയക്കപ്പെടുകയും ചെയ്‌ത റെയ്‌മണ്ട്‌ ഡേവിസ്‌ സി.ഐ.എയുടെ പാകിസ്‌താനിലെ ആക്‌ടിംഗ്‌ തലവനാണെന്നും അദ്ദേഹം കൊലപ്പെടുത്തിയ പാകിസ്‌താനികള്‍ അമേരിക്കയുടെ ഞെട്ടിക്കുന്ന ഏതോ രഹസ്യത്തിന്റെ സൂക്ഷിപ്പുകാരായിരുന്നുവെന്നും ഇതിനകം ആവശ്യത്തിലേറെ സൂചനകള്‍ പുറത്തുവന്നു കഴിഞ്ഞു. പക്ഷേ, ആ രഹസ്യം അന്തിമമായി ഇപ്പോഴും വെളിപ്പെട്ടിട്ടുമില്ല. ഹെഡ്‌ലിയുടെ കാര്യത്തില്‍ കുനിയാന്‍ പറയുന്നതിന്‌ മുമ്പെയാണ്‌ ഇന്ത്യ കമിഴ്‌ന്നടിച്ചു വീണതെങ്കില്‍ ഏറെ നാള്‍ പിടിച്ചു നിന്നതിനു ശേഷമാണ്‌ പാകിസ്‌താനികള്‍ കീഴടങ്ങിയത്‌ എന്ന വ്യത്യാസമേയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍