തെരഞ്ഞെടുപ്പിലെ വനിതാ ചാവേറുകള്‍
അവസര സമത്വവും തുല്യ നീതിയും ആണ്‍പെണ്‍ ഭേദമന്യേ ഉറക്കെ പ്രഖ്യാപിക്കുന്ന ഭരണ സംവിധാനമാണ് ഇന്ത്യന്‍ ജനാധിപത്യമെന്ന് പറയാമെങ്കിലും സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതല്‍ ഇന്നുവരെയും ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥ കെട്ടുപിണഞ്ഞു കിടക്കുന്നത് വരേണ്യ മത ജാതി ചിന്തകളിലും അവയുടെ ഉപോല്‍പന്നമായ പുരുഷാധിപത്യത്തിലുമാണ്. സമത്വവും സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും സന്തുലിതമായിരിക്കുമ്പോള്‍ മാത്രമേ രാജ്യ പുരോഗതി സാക്ഷാത്‌കരിക്കപ്പെടുകയുള്ളൂ. പക്ഷേ, പാര്‍ലമെന്ററി പ്രാതിനിധ്യവും സ്വയം നിര്‍ണയാവകാശവും ജനതയുടെ പാതിയായ സ്‌ത്രീവര്‍ഗത്തിന് നിഷേധിക്കപ്പെടുന്നതാണ് നിലവിലെ അവസ്ഥ. സ്‌ത്രീശാക്തീകരണത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും വാചാലമായി സംസാരിക്കുന്നവര്‍, സ്‌ത്രീയെ രാഷ്‌ട്രീയ പക്വതയുള്ളവളാക്കാന്‍ എന്തുചെയ്‌തു എന്നന്വേഷിച്ച് ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കുവടക്ക് പായേണ്ട ആവശ്യമില്ല. എല്ലാറ്റിലും മുമ്പേ എന്ന് വീമ്പിളക്കുന്ന കേരളത്തിലെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ ഗോദയിലിറക്കിയ മുഖങ്ങളിലൂടെ ഒന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി. കേരളത്തിലെ രണ്ടുകോടി വരുന്ന വോട്ടര്‍മാരില്‍ പകുതി സ്‌ത്രീകളാണ്. പക്ഷേ 140 നിയമസഭാ മണ്ഡലങ്ങളില്‍ സ്‌ത്രീ പ്രാതിനിധ്യം വെറും ഏഴു ശതമാനം മാത്രമാണ്. സ്‌ത്രീ സംവരണത്തിനായി മാറത്തടിച്ച് കരഞ്ഞവരൊക്കെയും കണ്ണുചിമ്മി. ഇവിടെയാണ് സ്‌ത്രീ സംവരണം ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് വാദിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ കാപട്യം കാണേണ്ടത്. ആറുപതിറ്റാണ്ട് കാലത്തെ സമ്മര്‍ദങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് സ്‌ത്രീ സംവരണബില്‍ 1996 സെപ്‌റ്റംബര്‍ 12-ന് അന്നത്തെ പ്രധാനമന്ത്രി ദേവഗൗഡ പാര്‍ലമെന്റ് മുമ്പാകെ വെച്ചത്. അന്ന് സമാജ്‌വാദി, ആര്‍.ജെ.ഡി. തുടങ്ങിയ കക്ഷികളുടെ എതിര്‍പ്പിനെതുടര്‍ന്ന് ആവശ്യമായ ഭേദഗതി വരുത്തി പാര്‍ലമെന്റ് മുമ്പാകെ വെക്കാന്‍ ഗീതാ മുഖര്‍ജി ചെയര്‍മാനായി കമ്മിറ്റി രൂപവത്‌കരിച്ചു. പാര്‍ലമെന്റ് പിരിയുന്നതിന് മുമ്പായി അജണ്ടയില്‍ ഉള്‍പ്പെടുത്തി പാസ്സാക്കണമെന്ന കമ്മീഷന്‍ നിര്‍ദേശം ഭരണ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. 2009-ല്‍ യു.പി.എ സര്‍ക്കാറിന്റെ പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ബില്‍ നിയമമാക്കാതെ വെച്ചു താമസിപ്പിച്ചു. 2009-ല്‍ വീണ്ടും യു.പി.എ ഗവണ്‍മെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ പ്രകടനപത്രികയില്‍ സ്‌ത്രീകള്‍ക്കുള്ള വാഗ്‌ദാനമായി സംവരണം ഉള്‍പ്പെടുത്തി. പല ഘട്ടങ്ങളിലൂടെ കടന്നുപോയ ബില്ല് വനിതാദിനത്തിന്റെ ഓര്‍മപെരുന്നാള്‍ ദിനത്തില്‍ രാജസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പെണ്ണിനുവേണ്ടി നിര്‍ത്താതെ കരഞ്ഞവരും സംവരണത്തില്‍ സംവരണമെന്ന് പറഞ്ഞ് ബില്ലിനെ എതിര്‍ത്തവരെ കൂക്കിയിരുത്തിയവരും ഒറ്റക്കെട്ടായി പെണ്ണിനെ തഴഞ്ഞു! 93 അംഗ സി.പി.എം പട്ടികയില്‍ ഒമ്പതും 82 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ എട്ടും വനിതകള്‍ക്ക് വീതം വെച്ച്, തീരെ വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളിലേക്ക് അവരെ ചാവേറുകളായി പ റഞ്ഞയച്ചിരിക്കുകയാണ്. മതത്തിന്റെ പേരില്‍ പുരുഷാധിപത്യം കെട്ടിയെഴുന്നള്ളിച്ച്, എപ്പോള്‍ പുറത്തുപോകണം അകത്തു തിരിച്ചു കയറണം, ആരെ കാണണം, കാണാന്‍ പാടില്ല എന്ന പെണ്ണിന് മാത്രം ബാധകമായ തെരഞ്ഞെടുപ്പ് സദാചാര ചട്ടമുണ്ടാക്കി രംഗത്തുവന്നവര്‍ക്ക് സ്‌ത്രീയേ ഇല്ല! 2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ തട്ടി പാര്‍ലമെന്റ് സ്‌തംഭിച്ചു നിന്ന സമയത്ത് അവിടെ അവതരിപ്പിക്കേണ്ട മൂന്നു ബില്ലുകളിലൊന്ന് സ്‌ത്രീസംവരണബില്ലായിരുന്നു. അടുത്ത് നടക്കാന്‍ പോകുന്ന വിവിധ സംസ്ഥാന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്ലാ രാഷ്‌ട്രീയ പുരുഷന്മാരും കൊട്ടിയടപ്പിച്ചതായിരിക്കുമോ പാര്‍ലമെന്റ് വാതിലുകള്‍? ജാഥയുടെ നീളം കൂട്ടാനും കൊടിത്തോരണങ്ങള്‍ പിടിക്കാനും നേതാക്കന്മാര്‍ക്ക് ചായയുണ്ടാക്കിക്കൊടുക്കാനും ഉള്ള അധികാരം മാത്രമേ നിലവിലെ പാര്‍ട്ടികള്‍ പെണ്ണിന് വകവെച്ചുകൊടുത്തിട്ടുള്ളൂ. സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും പേരില്‍ സ്വന്തം വീട്ടില്‍ കുഞ്ഞിന് ചായയും പാലും ഉണ്ടാക്കിക്കൊടുത്തില്ലെങ്കിലും, പാര്‍ട്ടിയിലെ ആണ്‍പ്രജക്ക് അധികാര വഴിയൊരുക്കാന്‍ അതാകാമെന്ന് പുരുഷാധിപത്യം അവളെ പഠിപ്പിച്ചിട്ടുണ്ട്. അതാണ് മേല്‍ റൂട്ടിലല്ല, ഗ്രാസ്സ് റൂട്ടിലാണ് സംഘടന സ്‌ത്രീയെ വളര്‍ത്തുന്നത് എന്ന് പുരോഗമന പ്രസ്ഥാനങ്ങളിലെ സ്‌ത്രീ നേതാക്കന്മാര്‍ക്ക് പോലും ആശ്വസിക്കേണ്ടിവരുന്നത്. `ജനസേവകരെ' അധികാര കസേരയിലെത്തിക്കാന്‍ പാടുപെടുന്നത് ഏറെയും സ്‌ത്രീകളാണ്. പക്ഷേ, ആരോഗ്യ വിദ്യാഭ്യാസ തൊഴില്‍ സാമൂഹിക മേഖലകളില്‍ ഭരണകൂടത്തില്‍ നിന്ന് കിട്ടേണ്ട അവകാശങ്ങളും ജീവിതോപാധിയും അറിയാനും അനുഭവിക്കാനും വിധിയില്ലാതെ അഞ്ചാണ്ട് തികയുമ്പോള്‍ വരിയൊപ്പിച്ച് ചൂണ്ടാണിവിരല്‍ നീട്ടി നിന്നുകൊടുക്കാനാണ് പെണ്ണിന്റെ വിധി. അധികാരം മാത്രമല്ല സ്‌ത്രീ ക്ഷേമത്തിനായി നടപ്പിലാക്കി എന്ന് പറയുന്ന കാര്യങ്ങള്‍ തന്നെ അവളിലേക്ക് എത്തിയിട്ടില്ല. സ്‌ത്രീയെ നിത്യദുരിതത്തിലാക്കുന്ന കാര്യങ്ങള്‍ ഏറെയാണ്. മദ്യത്തിന്റെ സുലഭ്യതയിലാണ് നമ്മുടെ നാട്. ഭക്ഷ്യധാന്യം ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിക്കുമ്പോഴും ന്യായവിലയ്‌ക്കും നാടുനീളെയും വിതരണം ചെയ്യുന്നത് മദ്യമാണ്. സ്‌കൂള്‍-കോളേജ് പരിസരം പോലും മദ്യകോള ലഹരിയിലാണ്. സ്‌ത്രീപീഡനത്തിനും കൊലപാതകത്തിനും മുഖ്യകാരണമായി പറയുന്ന മദ്യമാഫിയാ സംഘത്തിന്റെ സ്ഥിരം പറ്റുകാരാണ് നാം തെരഞ്ഞെടുത്തയച്ചവരില്‍ പലരും. താലിച്ചരടു വിറ്റും കുഞ്ഞിന് കഞ്ഞിവാങ്ങേണ്ട തുട്ട് വരെ അബ്‌ക്കാരി മുതലാളിക്ക് ഊറ്റിക്കൊടുത്തുമാണ് നമ്മുടെ സംസ്ഥാനത്തെ അവര്‍ പോറ്റുന്നത്. സ്‌ത്രീധനം, സ്‌ത്രീധന മരണം, ഗാര്‍ഹിക പീഡനം, പെണ്ണിന്റെ അഭിമാനത്തിനും നാണത്തിനും വിലയിട്ടുകൊണ്ട് ചുമരിലും മതിലിലും ചാഞ്ഞും ചെരിഞ്ഞുമുള്ള അവളുടെ നഗ്നഫോട്ടോ, വര്‍ധിച്ചുവരുന്ന ഭ്രൂണഹത്യ- നാം നേടിയെന്ന് കരുതിയ എല്ലാറ്റിനെയും നശിപ്പിക്കുന്ന തരത്തില്‍ സാമൂഹിക തിന്മകള്‍ സ്‌ത്രീക്കെതിരെ പെരുകിക്കൊണ്ടിരിക്കുകയാണ്. ഭരണകൂട അരുതായ്‌മകളെ എതിര്‍ക്കുന്ന സ്‌ത്രീകളെ തീവ്രവാദികളാക്കി ഒതുക്കാന്‍ ശ്രമിക്കുന്നു. വികസനമെന്നത് വിശാലമായ റോഡും പണക്കാരനെ കയറ്റിപ്പോകുന്ന സ്വകാര്യ വാഹനവുമാണെന്ന് വിശ്വസിക്കുന്ന നമ്മുടെ ജനനായകരാല്‍ പുറംപോക്കില്‍ തള്ളപ്പെട്ടവരില്‍ ഏറെയും സ്‌ത്രീകളാണ്. ചുട്ടുപൊള്ളുന്ന സൂര്യനു താഴെയും കുത്തിയൊലിക്കുന്ന മഴവെള്ളത്തിലും അടുപ്പുകല്ലുകള്‍ കൂട്ടിവെച്ച് തീപുകച്ച് കുടുംബത്തെ ഊട്ടിയുറക്കാന്‍ വഴിവക്കില്‍ പടവെട്ടുന്നത് അവളാണ്. അവിടെ നാണം മറക്കാനും തുണി മാറ്റിയുടുക്കാനും ഒരു മറയന്വേഷിച്ചവള്‍ അലയുകയാണ്. പുറംജോലി തേടിപ്പോകുന്ന പെണ്ണിന് മാത്രമല്ല ഈ കൂരയിലിരിക്കുന്ന പെണ്ണിനും സ്വസ്ഥമായി പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ രാത്രിയാവണം. കിണര്‍ വെള്ളത്തെക്കാള്‍ പഥ്യം കുപ്പിവെള്ളമാണെന്ന് പറഞ്ഞ് കുത്തകകള്‍ക്ക് പരവതാനി വിരിക്കുമ്പോള്‍ അടഞ്ഞ പൈപ്പിന് മുമ്പില്‍ ഒഴിഞ്ഞ കലവും ഒട്ടിയ വയറുമായി ക്യൂ നില്‍ക്കേണ്ടി വരുന്നത് സ്‌ത്രീകളും പെണ്‍കുട്ടികളുമാണ്. ആണ്‍കുഞ്ഞിനെ പള്ളിക്കൂടത്തിലേക്കയക്കുമ്പോള്‍ പെണ്‍കുട്ടിയെ തന്റെ ദാരിദ്ര്യത്തിന്റെ പാതിഭാരം ചുമക്കാന്‍ കൂടെ കൂട്ടേണ്ട അവസ്ഥയാണ്. അവളെ വീട്ടില്‍ തനിച്ചാക്കാന്‍, അയല്‍വീട്ടില്‍ ഏല്‍പ്പിക്കാന്‍ ഒരു മാതൃഹൃദയത്തിനും ധൈര്യമില്ല. ചുറ്റും ഗോവിന്ദച്ചാമിമാരാണ്. കിളിരൂരും സൂര്യനെല്ലിയും വിതുരയും കവിയൂരും കേരളാ ഭൂപടത്തില്‍ സ്ഥാനംപിടിച്ചത് പുരോഗതിയുടെയും വികസനത്തിന്റെയും പേരിലല്ല. ശാരിയുടെയും സൗമ്യയുടെയും പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് മാറ്റേണ്ടിവന്നത് പെണ്ണിന് വേണ്ടി നിലവിളിച്ചവര്‍ക്ക് അവളുടെ ജീവനും മാനവും രക്ഷിക്കാന്‍ കഴിയാതെ വന്നപ്പോഴാണ്. തന്റെ അഛന്‍ ഏത് വി.ഐ.പിയാണെന്ന് ശാരിയുടെ മകളോടൊപ്പം കേരളീയ പൊതു സമൂഹവും ചോദിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അധികാരി വര്‍ഗവും പ്രതിപക്ഷവും രണ്ടുമല്ലാത്തവരും ഈ വി.ഐ.പികളെ കാത്തു സംരക്ഷിക്കുന്നു. നാം തെരഞ്ഞെടുത്തയച്ചവരില്‍ എത്രയോ ഗോവിന്ദ ചാമിമാരുണ്ട്. അയാള്‍ക്ക് മുമ്പില്‍ അധികാരത്തിന്റെ നിറമുള്ള കൊടിയും കസേരയും ഇല്ലാതെ പോയതിനാലാണ് ഇരുമ്പഴികള്‍ വേഗത്തില്‍ തുറന്നതും നിയമത്തിന്റെ ഏടുപുസ്‌തകത്തിലെ വകുപ്പുകള്‍ പെട്ടെന്ന് വായിച്ചു കേള്‍ക്കേണ്ടി വന്നതും. ആലപ്പുഴയിലെ കായല്‍ പരപ്പിലും അറബിക്കടലിന്റെ ഓരത്തും തഴുകിത്തലോടുന്ന തിരകള്‍ക്കൊപ്പം അമരുന്ന പെണ്‍വിലാപങ്ങള്‍ ഏറെയാണ്. ടൂറിസത്തിന്റെ മറവില്‍ വിദേശിയുടെ കൈക്കരുത്തില്‍ ഇളം മേനികളെ അമര്‍ത്തിക്കൊടുത്താണ് നാം വിദേശ നാണ്യം നേടുന്നത്. പെണ്ണിനെ കൂട്ടിക്കൊടുത്ത പണംകൊണ്ടാണ് നേതാക്കള്‍ നാട് ഭരിക്കുന്നത്. കള്ളും കഞ്ചാവും നല്‍കി ഒരു കുഞ്ഞിനേയും സമ്മാനിച്ച് മലയിറങ്ങി വരുന്ന മാന്യമാര്‍ ഏറെയാണ്. സ്‌ത്രീ ഉന്നമനത്തിനായി നിലവിലുള്ള കമീഷനുകള്‍ പോലും യഥാര്‍ഥത്തില്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് വേണ്ടി കരയാന്‍ ഞങ്ങളുണ്ട് എന്ന് പറഞ്ഞ് ഇരകളെ ഇരുത്തികളയുകയാണ്. എത്ര നിയമങ്ങള്‍ സ്‌ത്രീക്ക് വേണ്ടി ഉണ്ടാക്കി എന്നല്ല, എത്ര നിയമങ്ങളാല്‍ അവള്‍ രക്ഷിക്കപ്പെട്ടു എന്നിടത്താണ് ഭരണകൂടത്തിന്റെ വിജയം. അതിന് അധികാരവും വിഭവങ്ങളും ഇരകളിലും അര്‍ഹതപ്പെട്ടവരിലും എത്തണം. അത്തരമൊരു ഭരണസംവിധാനമാണ് സ്‌ത്രീക്കാവശ്യം.
Comments