ചെന്നിത്തല കോണ്‍ഗ്രസ് കുളത്തിലെ താമര കൃഷി
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് ആര്‍.എസ്.എസ് മുഖമാണെന്ന് അടുത്തിടെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവായ ജയാ ഡാളിയാണ്. കാട്ടാക്കട മണ്ഡലത്തില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ അദ്ദേഹത്തിന്റെ ആര്‍.എസ്.എസ് മനസ്സാണ് പ്രവര്‍ത്തിച്ചതെന്നാണ് ജയാ ഡാളി ആരോപിച്ചത്. സമാനമായ ആരോപണം ചെന്നിത്തലക്കെതിരെ കേരളത്തില്‍ ഉയര്‍ത്തിയത് പി.ഡി.പി നേതാവ് അബ്‌ദുന്നാസിര്‍ മഅ്‌ദനിയായിരുന്നു. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅ്‌ദനി ഒമ്പതാം പ്രതിയായി ചേര്‍ക്കപ്പെട്ടപ്പോള്‍, 9/11 കഴിഞ്ഞാല്‍ ലോകത്ത് നടന്ന ഏറ്റവും ഭീകരമായ തീവ്രവാദി ആക്രമണമാണ് കളമശ്ശേരിയില്‍ നടന്നതെന്ന മട്ടില്‍ ചെന്നിത്തല കേരളത്തിലാകമാനം തീതുപ്പി പ്രസംഗിക്കവെയാണ് മഅ്‌ദനി അങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി സിദ്ധീഖിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസുകാര്‍ `രമേശ് ചെന്നിത്തല ആര്‍.എസ്.എസിലേക്ക് തിരിച്ചു പോവുക' എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റിലെ ആര്‍.എസ്.എസ് ടച്ചിനെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ തന്നെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ നമ്മള്‍ ചില കാര്യങ്ങള്‍ ഗൗരവത്തില്‍ പരിശോധിക്കേണ്ടി വരും. ഏതാണ്ട് ചത്തു കിടന്നിരുന്ന കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിന് ജീവന്‍ വെച്ചത് അഡ്വ. ടി. സിദ്ധീഖ് നേതൃത്വം ഏറ്റെടുത്തതോടെയാണെന്നതില്‍ കോണ്‍ഗ്രസിന് പുറത്തുള്ളവര്‍ക്ക് പോലും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ പൊടുന്നനെ ഒരു ദിവസം സിദ്ധീഖിനെ പ്രസ്‌തുത സ്ഥാനത്ത് നിന്ന് വിശേഷിച്ച് കാരണമൊന്നും പറയാതെ നീക്കിയതാണ് നാം കണ്ടത്. പത്രക്കാര്‍ക്ക് മുമ്പില്‍ വന്ന് തേങ്ങിക്കരയുന്ന സിദ്ധീഖിനെയും അന്ന് നമ്മള്‍ കണ്ടു. യുവമുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയ കോണ്‍ഗ്രസ്സിന്റെ പുതിയ ലിസ്റ്റില്‍ ഇടം പിടിക്കാന്‍ എന്തുകൊണ്ടും അര്‍ഹനായ ആളായിരുന്നു സിദ്ധീഖ്. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ ഈ യുവസംഘാടകന്‍ ക്ലീന്‍ ഔട്ട്. സിദ്ധീഖിന് സീറ്റ് നിഷേധിക്കപ്പെട്ടുവെന്നതല്ല; അതിന് അണിയറയില്‍ പറയപ്പെടുന്ന കാരണമാണ് ഏറെ ഗൗരവതരം. തീവ്രവാദ സംഘടനയെന്ന് ആരോപിക്കപ്പെട്ട സിമിയുമായി സിദ്ധീഖിന് ബന്ധമുണ്ടെന്ന് ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ ചെന്നിത്തല ക്യാമ്പ് ഓവര്‍ടൈം പണിയെടുത്തുവെന്നാണ് കോണ്‍ഗ്രസ് ഉപശാലാ വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സിദ്ധീഖിനെ മാറ്റി ചെന്നിത്തലക്കും എന്‍.എസ്.എസിനും പ്രിയപ്പെട്ട ലിജുവിനെ പ്രസ്‌തുത സ്ഥാനത്ത് അവരോധിക്കുന്നതിനും ഇതേ സിമി നമ്പര്‍ തന്നെയായിരുന്നു ഉപയോഗിക്കപ്പെട്ടത്. എന്തു കൊണ്ടാണ് അഡ്വ. സിദ്ധീഖ് എന്ന കഴിവു തെളിയിച്ച സംഘാടകന്‍ ഇത്ര അപമാനിതനായി മാറിനില്‍ക്കേണ്ടി വന്നത്? വ്യത്യസ്‌ത മേഖലകളില്‍ കഴിവു തെളിയിച്ച മുസ്‌ലിം ചെറുപ്പക്കാരെ തകര്‍ക്കാന്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന തുറുപ്പു ചീട്ടാണ് `സിമി ബന്ധം' എന്നത്. ബാംഗ്ലൂരിലും മുംബൈയിലും ഹൈദരാബാദിലും ഐ.ടി രംഗത്ത് കഴിവു തെളിയിച്ച മുസ്‌ലിം ചെറുപ്പക്കാരെ ഒതുക്കാനാണ് ഈ `ബന്ധം' വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. അങ്ങനെ സിമി ബന്ധം ആരോപിക്കപ്പെട്ട് ജീവിതത്തിന്റെ സോഫ്‌റ്റ് വെയറും ഹാര്‍ഡ്‌വെയറും തകര്‍ക്കപ്പെട്ട മിടുക്കരും ബുദ്ധിശാലികളുമായ ഡസന്‍ കണക്കിന് ചെറുപ്പക്കാര്‍ ആ നഗരങ്ങളില്‍ ജീവിക്കുന്നുണ്ട്. വിദ്യാര്‍ഥി-യുവജന സംഘടനാ രംഗത്ത് കഴിവു തെളിയിച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ മഹാഭൂരിപക്ഷവും. ആ നിലക്ക് കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഭാവി നേതാവായി ഉയര്‍ന്നുവരാന്‍ നല്ല സാധ്യതയുള്ള ഒരാളെ മുളയിലേ നുള്ളുക എന്ന വിശാല പദ്ധതിയാണ് സിദ്ധീഖിന് സീറ്റ് നിഷേധിക്കുന്നതിലൂടെ നടപ്പാക്കപ്പെടുന്നത്. ഇതിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ ആരൊക്കെ എന്നത് അത്ര രഹസ്യമല്ല. ചെന്നിത്തലയില്‍ നിന്ന് പെരുന്നയിലേക്ക് അധികം ദൂരമില്ലല്ലോ. കേരളത്തില്‍ നിയമസഭയില്‍ അക്കൗണ്ട് തുറന്ന് രാഷ്‌ട്രീയ മാന്യത നേടിയെടുക്കാനുള്ള ബി.ജെ.പി-ആര്‍.എസ്.എസ് പദ്ധതിയെ സൂക്ഷ്‌മമായി വിലയിരുത്തി പരാജയപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് ഒരിക്കലും വലിയ താല്‍പര്യം കാണിച്ചിട്ടില്ല. എന്നല്ല, പലപ്പോഴും അതിന് സഹായകമായ നിലപാടുകള്‍ അവര്‍ സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്. 1991-ലെ പ്രമാദമായ കോലീബി സഖ്യം അതിന്റെ മികച്ച ഉദാഹരണമാണ്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ചേര്‍ന്ന് ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനുള്ള പദ്ധതിയില്‍ എങ്ങനെ സഹകരിച്ചുവെന്നതിന്റെ ചരിത്രമാണത്. അന്നത്തെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി മാരാരുടെ ജീവചരിത്രപുസ്‌തകമായ `രാഷ്‌ട്രീയത്തിലെ സ്‌നേഹസാഗര'ത്തില്‍, `പാഴായ പരീക്ഷണം' എന്ന അധ്യായത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ നമുക്ക് കാണാം. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ആര്‍.എസ്.എസ്സിന്റെ നിയമോപദേശകന്‍ അഡ്വ. രത്‌നസിംഗും ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ ആര്‍.എസ്.എസ് സൈദ്ധാന്തിക സംഘടനയായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതാവ് ഡോ. കെ. മാധവന്‍ കുട്ടിയും കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി കക്ഷികളുടെ പൊതുസ്ഥാനാര്‍ഥിയായി രംഗത്ത് വന്നത് അന്നായിരുന്നു. മാരാരുടെ ജീവചരിത്രത്തില്‍ നിന്ന് ആ കാലം ഇങ്ങനെ വായിക്കാം: ``ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുറ തെറ്റാതെ മത്സരിക്കുന്ന ബി.ജെ.പിയെ ജയം എന്ന ഭാഗ്യം കടാക്ഷിച്ചിട്ടേയില്ല. എങ്കിലും തളര്‍ച്ച തീരെ ബാധിക്കാതെ വളരാന്‍ കഴിയുന്നുവെന്നത് അത്ഭുതത്തോടെയാണ് പലരും വീക്ഷിച്ചത്. 1991-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചേ തീരൂ എന്ന ചിന്ത ശക്തിപ്പെട്ടു. ആരുമായി ചേര്‍ന്നും ലക്ഷ്യം നേടണമെന്നായിരുന്നു തീരുമാനം. മാര്‍ക്‌സിസ്റ്റ് ഹുങ്കിനിരയായി ഏറെ കഷ്‌ടനഷ്‌ടങ്ങള്‍ സഹിക്കുന്ന പ്രസ്ഥാനമെന്ന നിലക്ക് ബി.ജെ.പി അവരുമായി അടുക്കുന്നതിന് ഒരു സാധ്യതയുമില്ല. പിന്നെയുള്ളത് ഐക്യമുന്നണിയാണ്. ഐക്യമുന്നണി കക്ഷികളും വിജയപ്രതീക്ഷ തീരെയില്ലെന്ന് കണക്കുകൂട്ടി നില്‍ക്കുകയായിരുന്നു. ബി.ജെ.പിയുമായി ബന്ധപ്പെടുന്നതില്‍ തെറ്റില്ലെന്ന് അവരും അവരുമായി ബന്ധപ്പെട്ടുപോലും ജയിക്കണമെന്ന് ബി.ജെ.പിയും ചിന്തിച്ചു. ഒരു കൂട്ടുകെട്ട് രാഷ്‌ട്രീയത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലും അന്ന് ബി.ജെ.പിക്ക് വശമുണ്ടായിരുന്നില്ല. `പൂച്ചക്കാര് മണികെട്ടും'എന്ന ശങ്കക്ക് അന്ത്യം കുറിച്ച് ഇരുകൂട്ടരും തമ്മിലുള്ള രാഷ്‌ട്രീയ ബാന്ധവത്തിന് കളമൊരുക്കിയത് രണ്ട് പത്രപ്രവര്‍ത്തകരാണ്. കോണ്‍ഗ്രസ് മാത്രമല്ല, മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസും ബി.ജെ.പിയുമായുള്ള ധാരണ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്. ലീഗും ബി.ജെ.പിയും തമ്മിലടുക്കുമോ എന്ന സംശയമായിരുന്നു ആദ്യം ചിലര്‍ക്ക്. എന്നാല്‍ ലീഗ് നേതാക്കളും ബി.ജെ.പി പ്രതിനിധികളും നിരവധി തവണ ചര്‍ച്ച നടത്തി. മറ്റു കക്ഷികളെക്കാള്‍ സഹകരണാത്മക സമീപനം അവരിലുണ്ടായി. കോണ്‍ഗ്രസില്‍ ആന്റണിയും മറ്റും ധാരണ പ്രവാര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന നിലപാടായിരുന്നെങ്കില്‍ ബി.ജെ.പി സഹകരണം ഉറപ്പിക്കുന്നതില്‍ കരുണാകരന്‍ അത്യുത്സാഹം കാണിച്ചു. തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും കൂടിയാലോചനകള്‍ക്ക് വേദിയായി. ഒടുവിലുണ്ടായ ധാരണ പ്രകാരം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബേപ്പൂരില്‍ ഡോ. കെ മാധവന്‍ കുട്ടിയെ നിര്‍ത്താനും വടകര ലോക്‌സഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിംഗിനെ പൊതുസ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു. ധാരണയിലെ പരസ്യമായ ഈ നിലപാടിന് പുറമെ മഞ്ചേശ്വരത്ത് കെ.ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ. രാമന്‍ പിള്ള, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഒ.രാജഗോപാല്‍ എന്നിവര്‍ക്ക് ഐക്യമുന്നണി പിന്തുണ നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. കെ.ജി മാരാര്‍ക്ക് ജയിക്കാനാവശ്യമായ വോട്ട് കോണ്‍ഗ്രസും ലീഗും നല്‍കുമെന്ന് ഉറപ്പുണ്ടായി. അതിനായി ഓരോ മുതിര്‍ന്ന നേതാക്കളെ തന്നെ അവര്‍ ചുമതലപ്പെടുത്തുകയും ചെയ്‌തു'' (കെ.ജി മാരാര്‍: രാഷ്‌ട്രീയത്തിലെ സ്‌നേഹ സാഗരം, പേജ് 155-156, പ്രസാധനം, കുരുക്ഷേത്ര പ്രകാശന്‍). ഈ അവിശുദ്ധ സഖ്യത്തിനെതിരെ ഏറ്റവും ശക്തമായി രംഗത്ത് വന്ന മുസ്‌ലിം സംഘടന ജമാഅത്തെ ഇസ്‌ലാമിയായിരുന്നു. മുസ്‌ലിം ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കുമിടയിലെ രാഷ്‌ട്രീയ സംഘര്‍ഷം ഏറ്റവും രൂക്ഷമായ കാലവും അതു തന്നെയായിരുന്നു. സാക്ഷാല്‍ ശിഹാബ് തങ്ങള്‍ തന്നെ ബേപ്പൂരില്‍ വന്ന് മാധവന്‍കുട്ടിക്ക് വേണ്ടി വോട്ടഭ്യര്‍ഥച്ചു. പക്ഷേ, '91-ല്‍ രാജീവ് ഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസ് മുന്നണി മികച്ച വിജയം നേടിയിട്ട് പോലും കോലീബി സംഖ്യം നിലനിന്ന ഒരിടത്തും അത് വിജയിച്ചില്ല. `പൊതു'സ്ഥാനാര്‍ഥികളായ രത്‌നസിംഗും മാധവന്‍ കുട്ടിയും പരാജയപ്പെട്ടു. കെ.ജി മാരാര്‍, രാമന്‍പിള്ള, ഒ. രാജഗോപാല്‍ ആര്‍ക്കും വിജയിക്കാനായില്ല. ആര്‍.എസ്.എസ് ഗൂഢപദ്ധതിക്കേറ്റ ആ പരാജയത്തില്‍ കേരളത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക ബോധത്തിന് വലിയ പങ്കുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനവും ആ ശ്രമത്തില്‍ സജീവമായി നിലകൊണ്ടു. ഈ ചരിത്രവും ജാള്യത നിറഞ്ഞ തിരിച്ചടികളും ഉണ്ടായിട്ടും വീണ്ടും അത്തരം നിഗൂഢ ബന്ധങ്ങളും നീക്കങ്ങളും നടക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇത്തവണ ബി.ജെ.പി ഉന്നം വെക്കുന്ന `എ ക്ലാസ്' മണ്ഡലങ്ങളാണ് നേമം, കാട്ടാക്കട, തിരുവനന്തപുരം, കയ്‌പമംഗലം, പാലക്കാട്, കാസര്‍കോഡ്, മഞ്ചേശ്വരം എന്നിവ. ഇതില്‍ ഒ. രാജഗോപാല്‍ മത്സരിക്കുന്ന നേമം സീറ്റിന് ബി.ജെ.പി സവിശേഷ പ്രാധാന്യം നല്‍കുന്നു. കെ.ജി മാരാരുടെ ജീവചരിത്രകാരന്‍ പറഞ്ഞതുപോലെ `എന്തുവിലകൊടുത്തും' ജയിക്കേണ്ട മണ്ഡലം. ഒറ്റക്ക് ജയിക്കാന്‍ കഴിയുമെന്ന് ഏറ്റവും ആത്മവിശ്വാസമുള്ള ബി.ജെ.പിക്കാരന്‍ പോലും വിചാരിക്കുന്നില്ല. അപ്പോഴാണ് '91-ന്റെ ആവര്‍ത്തനം കടന്നുവരുന്നത്. '91-ല്‍ കെ. കരുണാകരനും എ.കെ ആന്റണിക്കുമിടയിലെ ഉള്‍പ്പാര്‍ട്ടി മത്സരം കൂടി തെരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നു. കോണ്‍ഗ്രസ് ജയിച്ചുവന്നാല്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ തനിക്ക് ആന്റണിയെക്കാള്‍ മികച്ച മേല്‍ക്കൈ വേണമെന്ന കരുണാകരന്റെ നിര്‍ബന്ധമാണ് ബി.ജെ.പി ബന്ധത്തിന്റെ ഒരു ഘടകം. ബി.ജെ.പിയുടെ വോട്ട് കരുണാകരന്‍ ആവശ്യപ്പെട്ടത് തന്റെ ഗ്രൂപ്പുകാര്‍ മത്സരിക്കുന്ന സീറ്റുകളിലായിരുന്നു. '91-ലെ അതേ അവസ്ഥ തന്നെയാണ് ഇന്ന് കോണ്‍ഗ്രസിലുള്ളത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള മത്സരമാണ് കോണ്‍ഗ്രസ് രാഷ്‌ട്രീയ ഉപശാലയിലെ ഏറ്റവും ത്രസിപ്പിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍. വിജയ സാധ്യതയുള്ള സീറ്റുകള്‍ തന്റെ ഗ്രൂപ്പുകാര്‍ക്ക് വീതിച്ചു കൊടുക്കുന്നതില്‍ ചെന്നിത്തല വിജയിച്ചിരിക്കുന്നു. ചാണ്ടിയെക്കാള്‍ ദല്‍ഹിയില്‍ തനിക്കുള്ള ബന്ധങ്ങള്‍ അതിന് വേണ്ടി ഉപയോഗിക്കുകയും ചെയ്‌തു. ബി.ജെ.പി വോട്ട് വാങ്ങി തന്റെ ഗ്രൂപ്പുകാരെ വിജയിപ്പിക്കുകയും നിയമസഭാ കക്ഷി നേതാവായി വരികയും ചെയ്യുക എന്നതാണ് ചെന്നിത്തലയുടെ പദ്ധതി. ബി.ജെ.പിക്കും എന്‍.എസ്.എസിനും ചെന്നിത്തലയോളം സ്വീകാര്യനായൊരു രാഷ്‌ട്രീയക്കാരന്‍ ഈ ഭൂമികേരളത്തിലില്ല താനും. ഒ. രാജഗോപാല്‍ മത്സരിക്കുന്ന നേമം സീറ്റ് ദുര്‍ബല ഘടക കക്ഷിയായ സോഷ്യലിസ്റ്റ് ജനതയുടെ തലയില്‍ വീണത് അങ്ങനെയാണ്. സി.എം.പിയോടും ജെ.എസ്.എസിനോടും ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് അവര്‍ വഴങ്ങാതായപ്പോള്‍ വീരന്‍ ദളിന്റെ തലയിലിടുകയായിരുന്നു. ചാരുപാറ രവി എന്നൊരു പൂമാനെ വീരന്‍ അവിടെ നിര്‍ത്തി. ചെന്നിത്തല കോണ്‍ഗ്രസുകാര്‍ക്ക് മനഃപ്രയാസമില്ലാതെ താമരയില്‍ വോട്ട് കുത്താനുള്ള വഴി അങ്ങനെ തെളിഞ്ഞു. കെ.എസ്.യു നേതാവായ ഷാഫി പറമ്പിലാണ് പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബി.ജെ.പിയുടെ ഉദയഭാസ്‌കര്‍ സാരിയും പണവുമെറിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് അവിടെയാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഒരു മുസ്‌ലിം വരുന്നതോടെ അത് ഉദയഭാസ്‌കറിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് മനസ്സിലാക്കാന്‍ വല്ലാത്ത കുശാഗ്ര ബുദ്ധിയൊന്നും വേണ്ട. ഒരു വെടിക്ക് പല പക്ഷികളെ വീഴ്‌ത്താനാണ് ഷാഫിക്ക് പാലക്കാട് സീറ്റ് കൊടുത്തത്. ബഹളം വെക്കുന്ന കെ.എസ്.യുക്കാരെ ഒതുക്കി നിര്‍ത്താം. സിദ്ധീഖിന് സീറ്റ് നിഷേധിച്ചത് വഴിയുണ്ടാവുന്ന `മുസ്‌ലിം വിരുദ്ധത' ഒഴിവാക്കാം. സര്‍വോപരി, പൂജനീയ ഉദയ ഭാസ്‌കര്‍ജിക്ക് ചെന്നിത്തല കോണ്‍ഗ്രസുകാരുടെ വോട്ട് കണ്ണടച്ചുറപ്പിക്കാം. കാസര്‍കോഡ്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളായി മുസ്‌ലിം ലീഗുകാരാണ് മത്സരിക്കുന്നത് എന്നതിനാല്‍ ചെന്നിത്തലയുടെ കോണ്‍ഗ്രസുകാര്‍ക്ക് ബി.ജെ.പിക്ക് വോട്ട് കുത്താന്‍ ഒട്ടും പ്രയാസം കാണില്ല. പോരാത്തതിന് തൊട്ടുകിടക്കുന്ന ഉദുമയില്‍ ദുര്‍ബലയായ ഒരു വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തി കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബി.ജെ.പിയും സന്നദ്ധമായിട്ടുണ്ട്. അങ്ങനെ കേരളത്തിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തും താമരക്കൃഷിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. '91-ല്‍ മതേതര കേരളം കാണിച്ച ജാഗ്രത അതിനെക്കാള്‍ സൂക്ഷ്‌മതയോടെ കാണിച്ചില്ലങ്കില്‍ കേരളം അതിന്റെ വലിയൊരു പാരമ്പര്യമായിരിക്കും നഷ്‌ടപ്പെടുത്തുന്നത്. '91-ലെ അവിശുദ്ധ ബന്ധത്തില്‍ `മറ്റു കക്ഷികളെക്കാള്‍ സഹകരണാത്മക സമീപനം' കാണിച്ച മുസ്‌ലിം ലീഗുകാര്‍ക്ക് ആര്‍.എസ്.എസ് നിയമസഭയില്‍ അക്കൗണ്ട് തുറക്കുന്നതില്‍ വലിയ വിഷമമൊന്നും കാണില്ല. ആര്‍.എസു.എസുകാര്‍ ഉത്തരേന്ത്യന്‍ നഗരങ്ങളിലാകമാനം ബോംബുകള്‍ വര്‍ഷിച്ച് കിരാത നൃത്തമാടുമ്പോള്‍ അതെല്ലാം മൗദൂദിയുടെ പുസ്‌തകം വായിക്കുന്ന കുട്ടികള്‍ പൊട്ടിക്കുന്ന ബോംബുകളാണെന്ന് പറഞ്ഞ് കേരളത്തില്‍ കാമ്പയിന്‍ നടത്തിയവരാണ് അവര്‍. അതിനാല്‍ യു.ഡി.എഫിലെ പ്രമുഖമായ രണ്ട് കക്ഷികളില്‍ നിന്നും കണിശതയുള്ള ഫാഷിസ്റ്റ് വിരുദ്ധ സമീപനം നാം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഫാഷിസ്റ്റ് കക്ഷികള്‍ക്കെതിരെയുള്ള ജനകീയ പ്രചാരണം ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴി.
Comments