ക്രൈസ്‌തവതയുടെ വര്‍ത്തമാനവും വര്‍ത്തമാനകാല ക്രൈസ്‌തവതയും
പുസ്‌തകങ്ങളുടെ പുസ്‌തകം എന്നാണ് ബൈബിള്‍ അറിയപ്പെടുന്നത്. ലോകത്തേറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതും ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്നതുമായ പുസ്‌തകം എന്ന ബഹുമതിയും ബൈബിളിനവകാശപ്പെട്ടതാണ്. ബൈബിളിലും ഖുര്‍ആനിലും ഒരേ നിലയില്‍ ആദരവോടെ പരാമര്‍ശിക്കപ്പെടുന്ന ഒരു വ്യക്തി യേശു ആണ്. ഒരേ സ്രോതസ്സില്‍നിന്ന് ഉത്ഭവിച്ച് രണ്ടു കൈവഴികളിലായി ഒഴുകുന്ന രണ്ടു നദി പ്രവാഹങ്ങളാണ് ബൈബിളും ഖുര്‍ആനും. രണ്ടിനെയും താരതമ്യം ചെയ്‌തുകൊണ്ട് മുന്‍വിധികള്‍ ഒഴിവാക്കിയുള്ള പഠനം നമ്മുടെ ഭാഷയില്‍ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. ഇതിനൊരപവാദമാണ് ഇ.എം സക്കീര്‍ ഹുസൈന്റെ ക്രൈസ്‌തവതയുടെ വര്‍ത്തമാനം. അത്ഭുത പ്രവൃത്തികളുടെ യേശു, മഹിമയുടെ കന്യാമറിയം, സുനഹദോസുകളും വിശുദ്ധ ഖുര്‍ആനും, ഏവന്‍ഗലിയോണും നഷ്‌ട സുവിശേഷങ്ങളും, സഹദേന്മാരും ശുഹദാക്കളും, ഗുഹയില്‍ ഉറങ്ങിപ്പോയവര്‍, വേദം നല്‍കപ്പെട്ടവരും മുസ്‌ലിംകളും, യേശുവിന്റെ രണ്ടാംവരവ്, ഏകദൈവവിശ്വാസികളായ ക്രൈസ്‌തവര്‍, ക്രൈസ്‌തവ സഭകള്‍ കേരളത്തില്‍ എന്നിങ്ങനെ പത്ത് അധ്യായങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ പുസ്‌തകം ഒരേസമയം ക്രിസ്‌തുമതത്തെക്കുറിച്ചും ഇസ്‌ലാംമതത്തെക്കുറിച്ചും അടിസ്ഥാനപരമായ വിവരങ്ങള്‍ നല്‍കുന്നു. മതത്തെ ഒരു അക്കാദമിക്ക് വിഷയമായിക്കാണുന്ന വിദ്യാര്‍ഥികള്‍ക്ക് വായനക്കും പഠനത്തിനും പ്രയോജനപ്പെടുന്ന ഒരു മികച്ച പുസ്‌തക രചനയാണ് ഇ.എം സക്കീര്‍ ഹുസൈന്‍ നടത്തിയിരിക്കുന്നത്. പക്ഷേ, ആധികാരികമെന്നു സംശയലേശമന്യെ സമര്‍ഥിക്കാവുന്ന ഈ വക ഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തോട് ക്രൈസ്‌തവ അക്കാദമിക് പാണ്ഡിത്യം മുഖം തിരിഞ്ഞുനില്‍ക്കാനാണ് സാധ്യത. ഞാന്‍ പിടിച്ച മുയലിനു രണ്ടു കൊമ്പ് എന്ന സമീപനമാണ് പലപ്പോഴും ക്രിസ്‌തുമത പാണ്ഡിത്യം പ്രകടിപ്പിച്ചുകാണുന്നത്. ക്രിസ്‌തുമതം ഇന്നകപ്പെട്ട ഇന്‍സ്റ്റിറ്റിയൂഷനലിസം (സ്ഥാപനവത്‌കരണം), ഡോഗ്‌മാറ്റിസം (സൈദ്ധാന്തികവത്‌കരണം), മിസ്റ്റിസിസം (നിഗൂഢവത്‌കരണം) എന്നീ മൂന്ന് അടിസ്ഥാന ദൗര്‍ബല്യങ്ങളാകുന്ന ചെളിക്കുണ്ടില്‍ അമര്‍ന്നുകിടന്നുകൊണ്ട് അതിന് പുതിയ ഗവേഷണ പഠനങ്ങളോടു പ്രതികരിക്കുക സാധ്യമല്ല. തന്നിമിത്തം അക്കാദമിക ലോകത്തുണ്ടാകുന്ന നിഷ്‌പക്ഷ പഠനങ്ങളോട് പ്രതികരിക്കാന്‍ കഴിയാതെ വരുന്നു. യേശുവിന്റെ രണ്ടാം വരവ് പുസ്‌തകത്തിലെ ഏറെ ശ്രദ്ധിക്കപ്പെടുന്ന രണ്ട് അധ്യായങ്ങളാണ് യേശുവിന്റെ രണ്ടാം വരവ്, ഏകദൈവവിശ്വസികളായ ക്രൈസ്‌തവര്‍ എന്നിവ. യേശുവിന്റെ രണ്ടാംവരവില്‍ ക്രിസ്‌ത്യാനികള്‍ മാത്രമല്ല; ഒരുപക്ഷേ, അവരിലും കൂടുതല്‍ മുസ്‌ലിംകളാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. പ്രവാചക പരമ്പരയില്‍ ഒരു കണ്ണി മാത്രമെന്ന് ഖുര്‍ആന്‍ തറപ്പിച്ചുപറയുന്ന യേശു എന്തിന് വീണ്ടും വരണം എന്ന ചോദ്യത്തിനുള്ള ഗ്രന്ഥകാരന്റെ മറുപടി, പ്രവാചകന്മാരുടെ പഠിപ്പിക്കലുകളില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത് യേശുവിന്റെ പഠിപ്പിക്കലുകള്‍ തന്നെയാണെന്നാണ്. അത്തരം തെറ്റിദ്ധാരണകളുടെ പുകമറ മാറ്റാന്‍ യേശു ഒരിക്കല്‍ക്കൂടി വരേണ്ടിയിരിക്കുന്നു എന്നാണ്. ഗ്രന്ഥകാരന്റെ നിഗമനങ്ങള്‍ക്ക് പിന്‍ബലമായി അദ്ദേഹം ആശ്രയിക്കുന്നത് വിശുദ്ധഖുര്‍ആനിലെ പ്രബോധനങ്ങളെയാണ്. തീര്‍ച്ചയായും ക്രൈസ്‌തവര്‍ക്കിത് പുതിയ അറിവുതന്നെയായിരിക്കും. ഡമസ്‌കസിലെ മോസ്‌ക്കില്‍ പ്രഭാത നമസ്‌കാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുസ്‌ലിംകളുടെ മധ്യേ ആയിരിക്കുമത്രെ യേശുവിന്റെ പുനരാഗമനം സംഭവിക്കുക. തെല്‍അവീവിനു ഏതാനും കിലോമീറ്റര്‍ അപ്പുറമുള്ള ലുദ്ദ് (Lydda) എന്ന സ്ഥലത്ത് ഇസ്രയേലിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെന്‍ഗൂറിയന്റെ പേരിലുള്ള വിമാനത്താവളത്തില്‍വെച്ചാണ് വ്യാജ മിശിഹാ(ദജ്ജാല്‍)യുമായുള്ള യേശുവിന്റെ ഏറ്റുമുട്ടല്‍. വാഗ്‌ദത്ത മിശിഹായെ പ്രതീക്ഷിച്ചിരിക്കുന്ന യഹൂദന്മാരുടെ പ്രതീക്ഷകള്‍ക്കു വിപരീതമായി യഹൂദരെ ഒന്നടങ്കം സംഹരിക്കുകയും മുസ്‌ലിംകളെ സംരക്ഷിക്കുകയും ചെയ്യുന്ന നാല്‍പതാണ്ട് വാഴ്‌ചക്ക് ഈസാനബി തുടക്കംകുറിക്കുമെന്നാണ് ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നത്. ഭൂതകാലത്തെക്കുറിച്ചു പഠനവിധേയമാക്കി വര്‍ത്തമാനകാലത്തെ പരിഷ്‌ക്കരിക്കാനല്ലാതെ ഭാവിയെക്കുറിച്ച് ഇത്തരം കൃത്യമായ പ്രഖ്യാപനങ്ങള്‍ നടത്തുക എന്നത് മനുഷ്യന്റെ പരിമിതികള്‍ക്കപ്പുറത്തല്ലേ എന്ന സംശയം ഈ ഭാഗം വായിക്കുമ്പോള്‍ ഏതൊരു വായനക്കാരനും അനുഭവപ്പെട്ടേക്കാം. ഏകദൈവവിശ്വാസികളായ ക്രൈസ്‌തവര്‍ എന്ന അധ്യായം ക്രൈസ്‌തവ സഭാചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകളിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ വിവരണങ്ങളാല്‍ സമ്പന്നമാണ്. ക്രി. 325-ലെ നിഖയ്യാ സുനഹദോസിനു മുമ്പുള്ള ആദിമ ക്രൈസ്‌തവ സഭകളെക്കുറിച്ച് ഭാഗികമായ വിവരങ്ങളേ നമുക്കു ലഭ്യമാകുന്നുള്ളൂ. ആദിമ ക്രിസ്‌ത്യാനികളില്‍ ഭൂരിഭാഗം പേരെയും പാഷണ്ഡികള്‍, വേദവിപരീതികള്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചു പീഡിപ്പിച്ചതിന്റെ തെളിവുകള്‍ ഇന്നു ലഭ്യമാണ്. സഭാചരിത്രസംബന്ധിയായ ചില പ്രമാദങ്ങള്‍ കേരളത്തിലെ ക്രൈസ്‌തവ സഭകള്‍ എന്ന അധ്യായത്തില്‍ പരോക്ഷമായ ചില പ്രമാദങ്ങള്‍ സംഭവിച്ചിട്ടുള്ളത് ഗ്രന്ഥകാരന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നു. ക്രി. 52-ലെ തോമാശ്ലീഹയുടെ വരവ് ഇന്നൊരു ചരിത്രകാരന്മാരും അംഗീകരിക്കുന്നില്ല. ഒരു ജനതയുടെ ഇടയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു മിഥ്യാധാരണയെ തിരുത്താന്‍ ശ്രമിച്ച് അവരെ വൈകാരികമായി മുറിപ്പെടുത്താന്‍ ഇഷ്‌ടപ്പെടാത്തതുകൊണ്ട് പലരും മൗനംപാലിക്കുന്നുവെന്നേയുള്ളൂ. ക്‌നാനായ ക്രിസ്‌ത്യാനികളുടെ നാടോടി സാഹിത്യത്തി(റമ്പാന്‍പാട്ട്, കല്ല്യാണപ്പാട്ട്, മാര്‍ഗംകളി മുതലായവ)ലാണ് തോമാശ്ലീഹാക്കഥ ആദ്യം കടന്നുവരുന്നത്. പല പില്‍ക്കാല സഭാചരിത്രകാരന്മാരെയും കേരള നസ്രാണികളുടെ ചരിത്രം തോമാശ്ലീഹയില്‍നിന്നു തുടങ്ങിക്കളയാം എന്ന സാഹസത്തിനു പ്രേരിപ്പിച്ചത് ഇത്തരം പാട്ടുകളിലെ പരാമര്‍ശമാണ്. തോമാശ്ലീഹയുടെ മരണത്തെക്കുറിച്ചു നിലവിലുള്ള ഐതിഹ്യകഥകള്‍ക്ക് വിശ്വസനീയത തീരെപ്പോരാ. അദ്ദേഹം മൈലാപ്പൂരില്‍വെച്ച് ബ്രാഹ്മണപ്പടയാളികളുടെ കുന്തത്താല്‍ വധിക്കപ്പെട്ടു എന്നാണ് കഥ. ഒന്നാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ ഒരിടത്തും ഇങ്ങനെ ഒരു പരമത അസഹിഷ്‌ണുതയോ പുറത്തുനിന്നു വരുന്ന ആത്മീയ ആചാര്യന്മാരെ അക്രമിച്ചു കൊലപ്പെടുത്തിയ സംഭവമോ രേഖപ്പെടുത്തിയിട്ടില്ല. ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ ആധിപത്യം ഉറപ്പിക്കാന്‍ എത്തിയ പോര്‍ച്ചുഗീസുകാര്‍ ഐതിഹ്യകഥയെ പിന്തുടര്‍ന്നു പടുത്തുയര്‍ത്തിയ തീര്‍ത്ഥാടന കേന്ദ്രം മാത്രമാണ് മദ്രാസ്സിനടുത്ത് ഇന്ന് തോമാശ്ലീഹയുടേതെന്നു പറഞ്ഞ് സ്ഥിതിചെയ്യുന്ന ഖബറിടവും അനുബന്ധമായ ലാറ്റിന്‍ പള്ളിയും. അതുകൊണ്ടുതന്നെ മൈലാപ്പൂര്‍ കേന്ദ്രീകരിച്ചുള്ള പുരാവസ്‌തു ഗവേഷണങ്ങള്‍ക്കും ആ പള്ളിയുടെ കൈവശാവകാശക്കാര്‍ അനുമതി നല്‍കുന്നില്ലെന്നാണ് ഡോ. എം.ജി.എസ്. നാരായണനെപ്പോലുള്ള ചരിത്രഗവേഷകന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തോമാശ്ലീഹയുടെ പേരില്‍ അടുത്തകാലത്ത് വളര്‍ത്തിയെടുത്ത തീര്‍ഥാടനകേന്ദ്രമാണ് മലയാറ്റൂര്‍. അവിടെ ഒരു പാറയില്‍ തോമാശ്ലീഹയുടെ പാദമുദ്ര കാണപ്പെടുന്നുണ്ടെന്നും അവിടെ തപസ്സനുഷ്‌ഠിച്ചിരുന്ന തോമാശ്ലീഹയുടെ മാലയില്‍നിന്ന് വീണുപോയ ഒരു സ്വര്‍ണക്കുരിശ് പച്ചമരുന്ന് ശേഖരിക്കാന്‍ പോയ ഒരു ആദിവാസി മണ്ണില്‍നിന്ന് പൊക്കിയെടുത്തെന്നും അപ്പോള്‍ മണ്ണില്‍ ചോര പൊടിഞ്ഞെന്നും ഒക്കെയുള്ള കഥകള്‍ പ്രചരിപ്പിച്ചിരിക്കുന്നു. ഈ വക കഥകള്‍ക്കൊന്നും ചരിത്രവുമായി വലിയ ബന്ധമില്ല. ഈ അധ്യായത്തില്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ എന്ന ഒരു ശീര്‍ഷകത്തിനു കീഴില്‍ വര്‍ഗീകരിച്ചിരിക്കുന്ന സഭകളുടെ പേരുവിവരണവും മറ്റും വായനക്കാരെ ആശയക്കുഴപ്പത്തിലാക്കാന്‍ ഇടയുണ്ട്. മലങ്കരയില്‍ അന്ത്യോഖ്യന്‍ സുറിയാനി സഭയുമായുള്ള ബന്ധം വഴി ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ എന്ന പദവി നിലനിര്‍ത്താന്‍ അര്‍ഹതയുള്ളത് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ടു വിഘടിത ഗ്രൂപ്പുകളായ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്ക് മാത്രമാണ്. കല്‍ക്കദൂന്‍ കൗണ്‍സില്‍ തീരുമാനങ്ങളോടുള്ള എതിര്‍പ്പാണ് ഈ വിഭാഗം സഭകളുടെ പൊതു സ്വഭാവം. കോപ്‌റ്റിക് അഥവാ ഈജിപ്‌ഷ്യന്‍ സഭകള്‍, അന്ത്യോഖ്യന്‍ സുറിയാനി സഭ, അര്‍മ്മേനിയന്‍ സഭ, എതോപ്യന്‍ സഭ എന്നീ അഞ്ച് സഭാവിഭാഗങ്ങളടങ്ങിയതാണ് ഓറിയെന്റല്‍ അഥവാ പൗരസ്‌ത്യഓര്‍ത്തഡോക്‌സ് സഭകള്‍. ഇന്നും കത്തിനില്‍ക്കുന്ന ബാവാകക്ഷി-മെത്രാന്‍ കക്ഷിപ്പോരിന്റെ മൂലകാരണം പലരും പ്രചരിപ്പിക്കുന്നതുപോലെ ആശയപരമോ ആദര്‍ശപരമോ ആയ പ്രശ്‌നങ്ങളൊന്നുമായിരുന്നില്ല. കേരളീയര്‍ക്ക് സഹജമായ പ്രാദേശിക ചേരിതിരിവ്, ഒരു വടക്കന്‍ മെത്രാനും ഒരു തെക്കന്‍ മെത്രാനും തമ്മില്‍ നടന്ന സമരം മാത്രമായിരുന്നു അത്. ഒന്നുകില്‍ പൗരസ്‌ത്യ എപ്പിസ്‌ക്കോപ്പല്‍ പാരമ്പര്യത്തിനു വഴങ്ങി പാത്രിയാര്‍ക്കീസിന്റെ തീരുമാനത്തെ അംഗീകരിക്കുക. അല്ലെങ്കില്‍ ജനാധിപത്യ മര്യാദകളനുസരിച്ച് ഒരു ജനഹിത പരിശോധന നടത്തി ഭൂരിക്ഷാഭിപ്രായം സ്വീകരിക്കുക. ഇതില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കപ്പെട്ടിരുന്നെങ്കില്‍ നിര്‍ഭാഗ്യകരമായ ബാവാകക്ഷി-മെത്രാന്‍ കക്ഷി വഴക്ക് ഒഴിവാക്കാമായിരുന്നു. പക്ഷേ, അതല്ല സംഭവിച്ചത്, പിശാച് അവന്റെ പണിശാലയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്ത് താണ്ഡവമാടുകയാണ് ചെയ്‌തത്. നമ്മുടേതുപോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ഓരോ മതവിഭാഗങ്ങളും അന്യമതവിഭാഗങ്ങളെക്കൂടി പഠിക്കുന്നതും വിലയിരുത്തുന്നതും, മതങ്ങള്‍ക്ക് നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യസങ്കല്‍പങ്ങളെ വീണ്ടെടുക്കാന്‍ ഏറെ സഹായകമാകും. ഇസ്‌ലാംമത അനുയായികള്‍ക്ക് ക്രിസ്‌തുമതത്തെക്കുറിച്ചുള്ളതിലും ഏറെ തെറ്റിദ്ധാരണകള്‍ ക്രിസ്‌ത്യാനികള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചുണ്ട്. മുന്‍വിധികളെ മാറ്റിനിര്‍ത്തിയുള്ള മതതാരതമ്യപഠനം നമ്മുടെ അക്കാദമിക് വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം. നമ്മുടെ മതേതര സംസ്‌കാരം മതവിരുദ്ധതയിലേക്ക് വഴുതിവീഴാതെ ജാഗ്രത പാലിക്കാന്‍ ഇത് കൂടിയേ കഴിയൂ. ഇതിനെ സഹായിക്കുന്നതാണ് ഇ.എം. സക്കീര്‍ ഹുസൈന്റെ ഈ പുസ്‌തകം. (കെ.സി വര്‍ഗീസ് പുസ്‌തകത്തിന് എഴുതിയ അനുബന്ധത്തില്‍നിന്ന്)
Comments