Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 9

ന്യൂനപക്ഷ പ്രീണനത്തിന്റെ യാഥാര്‍ഥ്യം

കേരളമുള്‍പ്പെടെ നാല്‌ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. മോഹന വാഗ്‌ദാനങ്ങള്‍ വാരിക്കോരി വിളമ്പുന്നതില്‍ മത്സരിക്കുകയാണ്‌ പാര്‍ട്ടികളും മുന്നണികളും. കേരളത്തില്‍ അരി കിലോക്ക്‌ 2 രൂപ നിരക്കില്‍ വിതരണം ചെയ്യാമെന്ന്‌ എല്‍.ഡി.എഫ്‌ പറയുമ്പോള്‍ ഒരു രൂപക്ക്‌ നല്‍കാമെന്നാണ്‌ യു.ഡി.എഫ്‌ വാഗ്‌ദാനം. ഏതു മുന്നണി ജയിച്ചാലും ജനക്ഷേമവും വികസനവും നിറഞ്ഞു കവിഞ്ഞ സല്‍ഭരണം സുനിശ്ചിതം! വോട്ടെടുപ്പ്‌ കഴിയുമ്പോള്‍ വാഗ്‌ദാനങ്ങള്‍ പ്രകടനപത്രികകളിലുറങ്ങുമെന്നും ഭരണം `മുറ' പോലെ നടക്കുമെന്നും ഇതഃപരന്ത്യമുള്ള അനുഭവത്തിലൂടെ ജനങ്ങള്‍ പഠിച്ചുകഴിഞ്ഞിരിക്കുന്നു. നിലവിലുള്ള ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനവും ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ മുന്‍ ഭരണവും തമ്മില്‍ താരതമ്യം ചെയ്‌തു നോക്കുകയാണ്‌, ആരാണ്‌ മെച്ചമെന്ന്‌ മനസ്സിലാക്കാനുള്ള ശരിയായ മാര്‍ഗം. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം മുന്നണികളുടെ പൊതു നയപരിപാടികള്‍ക്ക്‌ പുറമെ പിന്നാക്ക ന്യൂനപക്ഷങ്ങളോടുള്ള സമീപനവും വളരെ പ്രധാനമാകുന്നു. ഇവ്വിഷയകമായി ഏറെ പ്രസക്തമാണ്‌ ന്യൂനപക്ഷകാര്യങ്ങളുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടും മാര്‍ച്ച്‌ 14,15 തീയതികളില്‍ അതിന്മേല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയും. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ്‌ പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട്‌. 2009-2010-ലെ ബജറ്റ്‌ ന്യൂനപക്ഷ ക്ഷേമത്തിന്‌ വകയിരുത്തിയ 987 കോടി തീരെ അപര്യാപ്‌തമായിരുന്നു. ആ തുകയില്‍ തന്നെ 513 കോടി മാത്രമേ ചെലവഴിക്കപ്പെട്ടിട്ടുള്ളൂ. പക്ഷേ, ന്യൂനപക്ഷ കാര്യന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ വിശദീകരിച്ചത്‌ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷ സമുദായത്തിന്റേതിനു തുല്യമായ പുരോഗതി നേടിക്കഴിഞ്ഞതിനാല്‍ ന്യൂനപക്ഷ വകുപ്പിന്റെ ആവശ്യകത തന്നെ ഇനി അവശേഷിക്കുന്നില്ല എന്നത്രെ. പിന്നാക്ക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ യു.പി.എ ഗവണ്‍മെന്റ്‌ നിശ്ചയിച്ച സച്ചാര്‍ കമ്മിറ്റിയുടെയും രംഗനാഥ മിശ്ര കമീഷന്റെയും റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുകയും അവരുടെ ശിപാര്‍ശകള്‍ നടപ്പിലാക്കുമെന്ന്‌ ഗവണ്‍മെന്റ്‌ പ്രഖ്യാപിക്കുകയും ചെയ്‌തിരിക്കെയാണ്‌ മന്ത്രിയുടെ ഈ അവകാശവാദം. സഭയുടെ ഉപാധ്യക്ഷന്‍ റഹ്‌മാന്‍ ഖാനുപോലും മന്ത്രിയോട്‌ യോജിക്കാനായില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച്‌ ഏറെ ക്ഷേമ പദ്ധതികളാവിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം തീരെ മന്ദഗതിയിലാണെന്നു പരാതിപ്പെട്ട അദ്ദേഹം മിശ്ര കമീഷന്റെ ശിപാര്‍ശകള്‍ പ്രയോഗവത്‌കരിക്കാന്‍ സത്വരമായ നടപടിയെടുക്കണമെന്നാവശ്യപ്പെടുകയും ചെയ്‌തു. രാജ്യസഭാ ചര്‍ച്ചയില്‍ എം.പിമാര്‍ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. അന്യാധീനപ്പെട്ട വഖ്‌ഫ്‌ സ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിലുള്ള അലംഭാവം, സച്ചാര്‍-മിശ്ര കമീഷനുകളുടെ ശിപാര്‍ശകളോടുള്ള അവഗണന, 2011-'12-ലെ ബജറ്റില്‍ ന്യൂനപക്ഷ ക്ഷേമത്തിനു നീക്കിവെച്ച തുകയുടെ അപര്യാപ്‌തി, നീക്കി വെച്ച തുക തന്നെ ചെലവഴിക്കാതെയും ചെലവഴിക്കുന്നത്‌ യഥാര്‍ഥ ഗുണഭോക്താക്കളിലെത്താതെയും പാഴാകുന്ന അവസ്ഥ, ഹജ്ജ്‌ സബ്‌സിഡിയിലെ തട്ടിപ്പ്‌, ഭീകരതയുടെ പേരില്‍ നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തുടങ്ങിയവയായിരുന്നു മുഖ്യ വിഷയങ്ങള്‍. കോണ്‍ഗ്രസ്സില്‍ ബി.ജെ.പി ആരോപിക്കുന്ന ന്യൂനപക്ഷ പ്രീണനത്തിന്റെ യാഥാര്‍ഥ്യം അവര്‍തന്നെ വെളിപ്പെടുത്തിയത്‌ ഈ ചര്‍ച്ചയെ ഏറെ കൗതുകകരമാക്കി.യു.പി.എ നടത്തുന്ന ന്യൂനപക്ഷ ക്ഷേമ നടപടികള്‍ സര്‍ക്കാര്‍ രേഖകളിലും കണക്കുകളിലും മാത്രമേയുള്ളൂവെന്നും യാഥാര്‍ഥ്യം നേരെ മറിച്ചാണെന്നും പാര്‍ട്ടി നേതാവ്‌ മുഖ്‌താര്‍ അബ്ബാസ്‌ നഖ്‌വി വസ്‌തുതകള്‍ നിരത്തി ചൂണ്ടിക്കാണിക്കുകയായിരുന്നു. കൊട്ടിഘോഷിക്കപ്പെടുന്ന ഹജ്ജ്‌ സബ്‌സിഡി എയര്‍ ഇന്ത്യയുടെ നഷ്‌ടം നികത്താന്‍ ഹജ്ജിന്റെ മറവില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ചു കൊടുക്കുന്ന പണമാണ്‌. 5596 മൈല്‍ ദൂരമുള്ള ലണ്ടനിലേക്ക്‌ 32000 മുതല്‍ 35000 രൂപ വരെയാണ്‌ വിമാന ചാര്‍ജ്‌. അതിന്റെ പകുതി-2800 മൈല്‍- മാത്രം ദൂരമുള്ള ജിദ്ദയിലേക്ക്‌ ഹജ്ജ്‌ യാത്രികരില്‍നിന്ന്‌ ഈടാക്കുന്നത്‌ 40000 രൂപ. നിരപരാധികളായ മുസ്‌ലിം യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനമാരോപിച്ച്‌ ജയിലലടക്കുകയും മാസങ്ങളോളമോ വര്‍ഷങ്ങളോളമോ ക്രൂരമായി പീഡിപ്പിച്ച ശേഷം കുറ്റക്കാരല്ലെന്ന്‌ കണ്ട്‌ വിട്ടയക്കുകയും ചെയ്യുന്ന കിരാത നടപടിയെയും നഖ്‌വി രൂക്ഷമായി വിമര്‍ശിച്ചു. അത്തരം ഇരകളോട്‌ സര്‍ക്കാര്‍ മാപ്പ്‌ ചോദിക്കുകയും നഷ്‌ടപരിഹാരം നല്‍കുകയും തൊഴില്‍ നല്‍കി പുനരധിവസിപ്പിക്കുകയും ചെയ്യണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. 20 കോടി വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന്‌ 2011-'12ലെ ബജറ്റ്‌ വകയിരുത്തിയ 2850 കോടി വീതിച്ചാല്‍ 40 രൂപ പോലും ഒരാള്‍ക്ക്‌ ലഭിക്കുകയില്ല. വഖ്‌ഫ്‌ സ്വത്തുക്കളുടെ സംരക്ഷണം ശോചനീയമാണ്‌. അന്യാധീനപ്പെട്ട വഖ്‌ഫ്‌ സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ദല്‍ഹി ഹൈക്കോടതി ഈയിടെ ഗവണ്‍മെന്റിന്‌ നിര്‍ദേശം നല്‍കിയിട്ടും യാതൊരു നീക്കവും ഉണ്ടായിട്ടില്ല. ചുരുക്കത്തില്‍, കോണ്‍ഗ്രസ്‌ ന്യൂനപക്ഷങ്ങളെ-പ്രത്യേകിച്ച്‌ മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണം സത്യമല്ലെന്ന്‌ അവര്‍ തന്നെ പാര്‍ലമെന്റില്‍ തെളിയിക്കുകയായിരുന്നു. കോണ്‍ഗ്രസ്‌ മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കുന്നതിരിക്കട്ടെ, സാമാന്യമായ നീതി കാണിക്കുകയെങ്കിലും ചെയ്‌തിരുന്നുവെങ്കില്‍ സ്വതന്ത്ര ഭാരതത്തില്‍ അവരുടെ അവസ്ഥ സച്ചാര്‍ കമ്മിറ്റിയും മിശ്ര കമീഷനും റിപ്പോര്‍ട്ട്‌ ചെയ്‌തതാകുമായിരുന്നില്ല. ന്യൂനപക്ഷ ക്ഷേമത്തിന്റെയും പ്രശ്‌നപരിഹാരത്തിന്റെയും പേരില്‍ നടക്കുന്നതധികവും വെറും നാട്യങ്ങളാണ്‌. പ്രഖ്യാപിക്കപ്പെടുന്ന ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനാവശ്യമായ പണം അനുവദിക്കുന്നില്ല. അനുവദിക്കുന്ന പണം വിനിയോഗിക്കുന്നുമില്ല. ഇത്‌ കേവലമായ ആരോപണമല്ല. പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുള്ളതാണ്‌. ഈ വിമര്‍ശനം കേന്ദ്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല സത്യമാകുന്നത്‌. സംസ്ഥാന ഗവണ്‍മെന്റുകളുടെയും സ്ഥിതി ഇതുതന്നെയാണ്‌. പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം പ്രഖ്യാപിക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സംവിധാനമില്ല. ഉള്ളവ ഉപയോഗപ്പെടുത്തുന്നുമില്ല. മുസ്‌ലിം സമുദായത്തിന്റെ മതപരവും ലൗകികവുമായ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകളനുസരിച്ച്‌ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ പരിപാടികളാവിഷ്‌കരിക്കാനുമുള്ള കേന്ദ്ര നിര്‍ദേശവും അലീഗഢ്‌ യൂനിവേഴ്‌സിറ്റി നാല്‌ സംസ്ഥാനങ്ങള്‍ക്ക്‌ അനുവദിച്ച ഓഫ്‌ കാമ്പസിന്റെ കാര്യവും ഉദാഹരണങ്ങളാണ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍