കേരളത്തിന്റെ മറുപുറ കാഴ്‌ചകള്‍
ഭൂമിശാസ്‌ത്രം, കാലാവസ്ഥ, സംസ്‌കാരം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് കേരളം. സാമ്രാജ്യത്വദാസ്യങ്ങളും അന്ധവിശ്വാസങ്ങളും വര്‍ഗീയതയുടെ തീക്കാറ്റും കേരളത്തില്‍ കടക്കാതിരിക്കാന്‍ പശ്ചിമഘട്ടവും അറബിക്കടലും അതിര്‍ത്തിയില്‍ ഭദ്രമായ കോട്ടകള്‍ പണിതിട്ടുണ്ട്. മലനാടും ഇടനാടും തീരപ്രദേശവും ആധുനികതയുടെയും നവോത്ഥാനമൂല്യങ്ങളുടെയും വ്യാപനത്തിന്റെ വേഗത വര്‍ധിപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം മാലോകര്‍ക്കിടയില്‍ കേരളത്തെ വാഴ്‌ത്തപ്പെട്ടതാക്കുന്നതിന് സഹായകമായി. മഹിതമായ വികസനമാതൃകയും ഭൂപരിഷ്‌ക്കരണവും മലയാളികളുടെ പ്രതികരണശേഷിയുടെ വീരസ്യവും കേരളീയരുടെ ആത്മവിശ്വാസത്തെ വര്‍ധിതമാക്കി. ഏറെ പ്രചാരം സിദ്ധിച്ച ഗുണവിശേഷങ്ങളുടെ ഈ ഉപരിതലത്തില്‍ നിന്നും താഴോട്ടുനോക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും പക്ഷേ, വിശ്വസിക്കാന്‍ കഴിയാത്ത ചില വൈരുധ്യങ്ങള്‍ കണ്ടെടുക്കാനാകും. കേരളത്തെ സംബന്ധിച്ച കുതൂഹലങ്ങളുടെയും മലയാളികളുടെ മഹത്ത്വങ്ങളുടെയും വിശുദ്ധവസ്‌ത്രത്തിന് കളങ്കമേല്‍പ്പിക്കുന്നതാണ് ഈ വൈരുധ്യങ്ങള്‍. കേരളത്തെ സംബന്ധിച്ച് അടുത്തകാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ മലയാളിയുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. സാക്ഷരതയും വിദ്യാഭ്യാസവും മെച്ചപ്പെട്ട കേരളം കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഏറെ മുന്നിലാണ്! 28 പേര്‍ പ്രതിദിനം ഇവിടെ ആത്മഹത്യ ചെയ്യുന്നു. ആഘോഷാവസരങ്ങളില്‍ ലഹരിയുടെ സ്വര്‍ഗരാജ്യമായി കേരളം മാറുന്നു. നാലുകുടുംബങ്ങളിലൊന്നിലെങ്കിലും ഒരു മനോരോഗിയെ കേരളത്തില്‍ കാണാനാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത് (പെണ്‍കുട്ടി ഇഷ്‌ടപ്പെട്ട പുരുഷനോടൊപ്പം ഒളിച്ചോടുമ്പോഴും കുടുംബത്തിലാരെങ്കിലും മനോരോഗത്തിനടിപ്പെടുമ്പോഴും പുറംലോകമറിയാതെ അവ രഹസ്യമാക്കിവെച്ച് കേരളീയര്‍ അഭിമാനം സംരക്ഷിച്ചുപോരുന്നു). ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രബുദ്ധരായ ജനത എന്ന മിഥ്യാഭിമാനബോധത്തിനപ്പുറം കേരളത്തിന്റെ പ്രശ്‌നങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയോ പ്രതിവിധി നിശ്ചയിക്കുകയോ ചെയ്യുന്ന സാമൂഹിക രാഷ്‌ട്രീയപ്രവര്‍ത്തനം കേരളത്തില്‍ സംഭവിക്കുന്നില്ലായെന്നത് അപമാനകരമാണ്. കേരളം ഒരു ഭ്രാന്താലയമാണ് എന്ന സ്വാമി വിവേകാനന്ദന്റെ വിലയിരുത്തലുകള്‍ക്ക് അടിവരയിടുന്നതാണ് കേരളത്തിന്റെ ഈ മറുപുറക്കാഴ്‌ച്ചകള്‍. മഹിതമായ ഒരു വികസനമാതൃക ലോകത്തിന് സമര്‍പ്പിച്ച ഖ്യാതി കേരളത്തിന് സാമ്പത്തിക വിശാരദര്‍ പതിച്ചുനല്‍കിയിട്ടുണ്ട്. പ്രതിശീര്‍ഷവരുമാനം പ്രതികൂലമാകുംവിധം താഴ്‌ന്നതായിട്ടും സാക്ഷരതയിലും ആരോഗ്യരംഗത്തും പൗരബോധത്തിലും, സാമ്പത്തികമായി ഉയര്‍ന്ന വരുമാനമുള്ള പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കാന്‍ നമുക്ക് കഴിഞ്ഞുവെന്നതാണ് വികസനമാതൃകയുടെ പ്രത്യേകത. ഇതു സത്യമാണോ മിഥ്യയാണോ എന്നത് അന്നും ഇന്നും കേരളത്തില്‍ തര്‍ക്കവിഷയമാണ്. പക്ഷേ, എല്ലാവരും സമ്മതിക്കുന്ന ഒരു വസ്‌തുതയുണ്ട്. പൊതുജനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പകരം മൂലധനത്തിന് പ്രാധാന്യമേകുന്ന വികസനസംസ്‌കാരമാണ് കേരളം ഇന്ന് ഉയര്‍ത്തിപ്പിടിക്കുന്നത്. ഇക്കാര്യത്തില്‍ കേരളവികസന മാതൃകയെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, അവയെ കണ്ടില്ലെന്ന് നടിക്കുകയാണ് പത്തുവര്‍ഷക്കാലയളവില്‍ മാറിമാറി ഭരിക്കാന്‍ ഭാഗ്യം സിദ്ധിക്കുന്ന കേരളത്തിലെ ഇടതുവലതു മുന്നണികള്‍. വികസനഭീകരതയുടെ ഇരകളായി ഭരണകൂടത്തിന് മേല്‍ ശാപവാക്കുകള്‍ ചൊരിഞ്ഞ് ജീവിക്കുന്ന ആയിരക്കണക്കിന് ജനങ്ങളെ വിവിധ പ്രദേശങ്ങളില്‍ നമുക്ക് കാണാനാകും. എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ജീവിക്കുന്ന രക്തസാക്ഷികളായ പാവം പേക്കോലങ്ങള്‍ ഈ ഭീകരതയുടെ ഏറ്റവും വലിയ മുദ്രയാണ്. കണ്ണീരൊലിപ്പിച്ചു നിശ്ചലമായി നില്‍ക്കുന്ന ഇതേ മുഖഭാവങ്ങള്‍ തന്നെയാണ് മൂലമ്പിള്ളിയിലും കിനാലൂരിലും ദേശീയപാതയുടെ ഇരുവശങ്ങളിലുമൊക്കെ ഏതൊരാള്‍ക്കും കാണാനാവുന്നത്. വികസനമാതൃകയുടെ ചരിത്രത്തില്‍ അഭിരമിക്കുമ്പോള്‍ തന്നെയാണ് മനുഷ്യവിരുദ്ധ വികസനത്തിന്റെ വികൃതമുഖം വെളിവാക്കുന്ന വര്‍ത്തമാനം നമ്മെ തുറിച്ചുനോക്കുന്നത്. വികസനം വില്‍പനച്ചരക്കാകുന്ന വൈകൃതമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്‌ട്രീയക്കാരും കോര്‍പ്പറേറ്റുകളും ഈ പങ്കുകച്ചവടത്തിന്റെ പറ്റുകാരാണ്. 1894-ല്‍ വെള്ളക്കാരുടെ ഭരണകാലത്തുണ്ടായ ഭൂമി ഏറ്റെടുക്കല്‍ നിയമമാണ് ജനവിരുദ്ധവികസനത്തിന്റെ മൂലധനവും ഇന്ധനവും. ലോകത്ത് ആദ്യമായി ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയത് നമ്മുടെ കേരളത്തിലാണ്. 1957-ല്‍ അധികാരമേറ്റ ഇ. എം.എസ് മന്ത്രിസഭ ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭ മാത്രമായിരുന്നില്ല, ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസിതര മന്ത്രിസഭ കൂടിയായിരുന്നു. ആദ്യത്തെ മന്ത്രിസഭയിലെ 11 അംഗങ്ങള്‍ പ്രശസ്‌തരും പ്രതിഭാശാലികളുമായിരുന്നു. അറിവും അഴിമതിരാഹിത്യവുമായിരുന്നു അവരുടെ മുഖമുദ്ര. സി. അച്യുതമേനോന്‍, വി.ആര്‍ കൃഷ്‌ണയ്യര്‍, എ.ആര്‍ മേനോന്‍, പ്രഫ. ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ ഐക്യകേരളത്തിന് നല്‍കിയ സംഭാവനകള്‍ നിസ്‌തുലങ്ങളായിരുന്നു. ധിഷണയും പ്രവര്‍ത്തനക്ഷമതയും ഒത്തിണങ്ങിയ അത്തരമൊരു നിരയും കൂട്ടായ്‌മയും ഐക്യകേരളം പിന്നീടിതുവരേയും അനുഭവിച്ചിട്ടില്ലെന്ന ചരിത്രം വായിക്കുമ്പോള്‍ മലയാളി ഏറെ ഗൃഹാതുരനാവുകയാണ്. കൃഷി ചെയ്യുന്നവന് ഭൂമിയുടെ അവകാശം നല്‍കുന്ന ഭൂപരിഷ്‌കരണവും നടപ്പിലാക്കിയത് ഈ ആദ്യമന്ത്രിസഭയാണ്. സമാനമായ വിപ്ലവമാണ് വിദ്യാഭ്യാസ ബില്‍ നടപ്പിലാക്കിയതിലൂടെയും സംഭവിച്ചത്. കേരളത്തിന്റെ സമഗ്രപുരോഗതിക്ക് ഏറെ സഹായകവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയുമായിരുന്നു ഈ രണ്ടു നിയമനടപടികളും. വിശദാംശങ്ങളില്‍ ഭിന്നഭിപ്രായങ്ങളുണ്ടെങ്കിലും കേരളീയ നവോത്ഥാനത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കുന്നതില്‍ ഇവ വലിയ പങ്ക് വഹിക്കുകയുണ്ടായി. ഭൂമിയും പള്ളിക്കൂടങ്ങളും കൈപ്പിടിയിലൊതുക്കിവെച്ച തമ്പുരാക്കന്മാരുടെ മുഖത്തേറ്റ പ്രഹരമായിരുന്നു ഈ രണ്ടു നിയമങ്ങളും. ന്യൂനതകളില്‍ നിന്ന് പൂര്‍ണമായും മുക്തമായ നിയമനിര്‍മാണമായിരുന്നില്ല ഇവ. കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണനിയമങ്ങള്‍ വിപ്ലവകരമായ ചുവടുവെപ്പുകളായിരുന്നു. ഒന്നാം മന്ത്രിസഭക്ക് തന്നെ അത്തരമൊരു ചിന്തയും സ്വപ്‌നവുമുണ്ടായിയെന്നത് മാതൃകാപരമായിരുന്നു. ഭൂമിയുടെ ഉടമാവാകാശത്തിലുള്ള ഭീകരമായ അന്തരം കുറക്കാനും ആനുപാതിക സമത്വം ഉറപ്പുവരുത്താനും കാര്‍ഷികവികസനം ത്വരിതപ്പെടുത്താനും സഹായകമായ താല്‍പര്യങ്ങള്‍ ഒന്നാം ഭൂപരിഷ്‌കരണനയം പങ്കുവെച്ചിരുന്നു. ഭൂപ്രഭുക്കന്മാരുടെ ജന്മസിദ്ധാവകാശമായ ഭൂമിയുടെ ഉടമാവകാശം അല്‍പമെങ്കിലും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ലഭിച്ചുവെന്നത് ഈ നിയമത്തിന്റെ ഗുണകരമാമയ വശം തന്നെയാണ്. അന്നു തുടങ്ങിവെച്ച നടപടിക്രമങ്ങളുടെ ഭാഗമായി 1957-നും 1993-നും ഇടയില്‍ 2.8 ദശലക്ഷം കര്‍ഷകര്‍ക്ക് ഭൂവുടമാവാകാശം ലഭിക്കുകയും ചെയ്‌തിട്ടുണ്ട്. കേരളത്തിന്റെ ഇത്തരം നടപടിക്രമങ്ങളെ ഏറെ ആദരവോടെയും മതിപ്പോടെയുമാണ് അന്താരാഷ്‌ട്ര സമൂഹം വീക്ഷിച്ചത്. ഈ പരിഷ്‌കരണസംരംഭങ്ങള്‍ക്കും സ്വാഭാവികമായും പരിമിതികളുണ്ടായിരുന്നു. അറുപതു വര്‍ഷങ്ങള്‍ക്കുശേഷം അവയെ വിലയിരുത്തുന്ന ഒരു ഗവേഷകന് ധാരാളം പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കാനുമാകും. ഒരു പ്രബുദ്ധ സമൂഹമെന്ന നിലയില്‍ അവയെല്ലാം കേരളീയര്‍ ഗൗരവപൂര്‍വം കണക്കിലെടുക്കുകയും വേണം. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുന്നവിധത്തില്‍ പ്രായോഗിക നടിപടികളുണ്ടായില്ലായെന്നതാണ് വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടത്. ആദിവാസികള്‍ക്കും ദലിതര്‍ക്കും പ്രതീക്ഷിച്ചത്ര ഗുണം നിയമം മൂലം ലഭിച്ചില്ല. ഭൂവിപ്ലവം അരങ്ങേറി ആറുപതിറ്റാണ്ട് കഴിഞ്ഞിട്ടും കേരളത്തിലെ 33 ശതമാനം ജനങ്ങളും ഒരു തുണ്ടുഭൂമി പോലും സ്വന്തമായി ഇല്ലാത്തവരാണ് എന്ന വസ്‌തുത വിമര്‍ശനത്തിന്റെ മൂര്‍ച്ച വര്‍ധിപ്പിക്കുന്നേയുള്ളൂ. പരിമിതികളെ മറികടക്കാനല്ല, പരിഷ്‌കരണങ്ങളെ പരാജയപ്പെടുത്താനായിരുന്നു സമ്മര്‍ദഗ്രൂപ്പുകള്‍ പ്രയത്‌നിച്ചത് എന്നതാണ് ഖേദകരം. അതിന് അവര്‍ക്ക് പ്രേരകമായത് ഭൂപരിഷ്‌കരണത്തിന്റെ നിറംകെടുത്തിയ, പിന്നീട് ബോധ്യപ്പെട്ട യാഥാര്‍ഥ്യങ്ങളായിരുന്നില്ല. കേരളത്തിലെ ഫ്യൂഡല്‍ മാടമ്പിമാരുടെയും ഉദ്യോഗസ്ഥപ്രഭുക്കന്മാരുടെയും ജാതിമേധാവികളുടെയും സ്വാര്‍ഥതാല്‍പര്യങ്ങളായിരുന്നു എതിര്‍പ്പിന്റെ രാസത്വരകമായി വര്‍ത്തിച്ചത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ അവരുടെ താളത്തിനൊത്ത് തുള്ളുകയും സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുന്നത് വരേയുള്ള കടുത്ത നടപടികള്‍ക്ക് രാജ്യം സാക്ഷിയാവുകയും ചെയ്‌തു. ഭൂമി തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് എന്ന ഭീഷണിക്ക് ഭരണാധികാരികള്‍ വിധേയമാകുന്നതും അന്നു മുതലാണ്. കേരളത്തിലെ ഭൂസമരങ്ങള്‍ വിജയമുഖത്തുവെച്ച് പരാജയപ്പെടുന്ന അത്ഭുതത്തിന് നാം കാഴ്‌ചക്കാരായി മാറുന്നതും പിരിച്ചുവിടല്‍ഭൂതത്തിന്റെ സ്വാധീനംകൊണ്ടുകൂടിയാണ്. ജാഗ്രതയുള്ള പൗരസമൂഹം കേരളത്തിന്റെ എക്കാലത്തെയും സവിശേഷതയായിരുന്നു. വോട്ടുരാഷ്‌ട്രീയത്തിന്റെ വഴിതെറ്റലുകളെ മുഖം നോക്കാതെ വിമര്‍ശിക്കുന്ന സാംസ്‌കാരികനായകരും സമരനേതാക്കളും രാഷ്‌ട്രീയപ്രവര്‍ത്തകരും കേരളത്തിന്റെ അഭിമാനമായിരുന്നു. ആ സവിശേഷതകള്‍ പക്ഷേ, നമ്മുടെ ഉള്ള് കുളിര്‍പ്പിക്കുന്ന ഓര്‍മകള്‍ മാത്രമായിത്തീരുകയാണ് ഇപ്പോള്‍. കേരളത്തിന്റെ സമകാലീന രാഷ്‌ട്രീയ സാഹചര്യം ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ഏറ്റവും പ്രയോഗവല്‍ക്കരിക്കപ്പെടുന്ന നിലയിലാണ്. നിലനില്‍പ്പിനു വേണ്ടിയുള്ള സമരവും അര്‍ഹതയുള്ളവരുടെ അതിജീവനവും എന്ന പരിണാമ തത്ത്വങ്ങള്‍ ഇവിടെ സജീവമാണ്. പക്ഷേ, ഡാര്‍വിന്റെ സിദ്ധാന്തപ്രകാരം പരിണാമത്തിനാവശ്യമായ മിനിമം സമയം പോലും പാര്‍ട്ടി മുന്നണി മാറ്റങ്ങള്‍ക്ക് കേരളത്തിലാവശ്യമില്ല. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട കണക്കെയുള്ള നേതാക്കള്‍ യാതൊരുളുപ്പുമില്ലാതെയാണ് യു.ഡി.എഫ് ക്യാമ്പില്‍ അഭയം പ്രാപിക്കുന്നത്. ആഗോളവല്‍ക്കരണത്തിനെതിരെ തൂലികയും നാവും ആവശ്യത്തിലധികം ചലിപ്പിച്ചവരും അള്‍ഷിമേഴ്‌സ് ബാധിച്ചതുപോലെ ഇപ്പോള്‍ പറഞ്ഞതു മാറ്റിപ്പറയാന്‍ മത്സരിക്കുന്നു. മലയാളികളെകുറിച്ച് തിങ്ക് ഗ്ലോബലീ, ആകട് ലോക്കലീ എന്നു മറ്റുള്ളവര്‍ വിമര്‍ശിക്കാറുണ്ട്. പക്ഷേ, അത് രാഷ്‌ട്രീയക്കാരിലെത്തുമ്പോള്‍ സ്‌പീക്ക് റോങ്‌ലീ എന്നു കൂടി പറയേണ്ടിവരും. മന്ത്രിയാകാതിരിക്കുക, എം.എല്‍.എ പട്ടം ലഭിക്കാതിരിക്കുക, സ്ഥാനാര്‍ഥി പട്ടികയിലുള്‍പ്പെടാതിരിക്കുക തുടങ്ങിയ `ആദര്‍ശപരമായ കാരണങ്ങളാലാണ്' നേതാക്കന്മാര്‍ പാര്‍ട്ടിയും മുന്നണിയുമൊക്കെ മാറുന്നത്. പണം, പാനീയം, പെണ്ണ് എന്നീ അച്ചുതണ്ടുകളില്‍ ചുറ്റിത്തിരിയുകയാണ് കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളും അവര്‍ക്ക് ഒശാന പാടുന്ന അനുയായിവര്‍ഗവും. ഇവയോട് പ്രതിഷേധമുള്ളവര്‍ പാര്‍ട്ടികളില്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും അവര്‍ നിശ്ശബ്‌ദരാവുകയാണ് പതിവ്. കേരളത്തിന്റെ പൊതുബോധം രാഷ്‌ട്രീയത്തില്‍ നിന്ന് മതം മാറിനില്‍ക്കണമെന്നുള്ളതാണ്. മാധ്യമങ്ങള്‍ ഈ ബോധത്തിന്റെ കുഴലൂത്തുകാരാണ്. മതം രാഷ്‌ട്രീയത്തില്‍ ഇടപെട്ടുകളയുന്നുവെന്ന പരാതി രാഷ്‌ട്രീയക്കാര്‍ക്ക് വേണ്ടി പകര്‍ത്തിപ്പറയുന്ന പുരോഹിതവേഷങ്ങള്‍ വരെ തഴച്ചുവളരുന്ന നാടാണ് കേരളം. തല്‍ഫലമായി ക്രിമിനലിസം രാഷ്‌ട്രീയത്തിലും സാമൂഹികജീവിതത്തിലും പുകപടലങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. മന്ത്രിമാര്‍ അഴികളെണ്ണുന്നതും പാര്‍ട്ടിനേതാക്കള്‍ വെളിപ്പടുത്തല്‍ സൂനാമിക്ക് വിധേയരാകുന്നതും പതിവ് കാഴ്‌ചയാകുന്നു. എന്നിട്ടും അവര്‍ക്ക് വേണ്ടി കമാനങ്ങളുയര്‍ത്തിയും കട്ടൗട്ടുകള്‍ സ്ഥാപിച്ചും ജാഥ നടത്തിയും തിന്മകളെ വെള്ളപൂശാനുള്ള ശ്രമങ്ങളും ശക്തമാണ്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്ന് യേശു പറഞ്ഞതുപ്രകാരം കല്ലെറിയാനാകാതെ തരിച്ചുനില്‍ക്കുകയാണ് യൗവനവും കൗമാരവും. കല്ലെറിയാനുള്ള ഉന്നം ലഭിക്കാതിരിക്കുന്നവിധം കാലുകള്‍ ചുവടുറക്കാത്തവരാണ് അവരിലധികവും. രാഷ്‌ട്രീയപ്രകടനങ്ങളുടെ മുഖ്യ ഇന്ധനം ഇന്ന് മദ്യമാണ്. ഭരണത്തെ കോര്‍പ്പറേറ്റുകളും മധ്യവര്‍ത്തികളും റാഞ്ചിയെടുത്ത അനുഭവമാണ് കേരളത്തിലുള്ളത്. സെക്രട്ടറിയേറ്റാണ് ഭരണസിരാകേന്ദ്രമെങ്കിലും തലസ്ഥാനനഗരിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് ഭരണത്തിന്റെ ഊടുംപാവും നിശ്ചയിക്കപ്പെടുന്നത്. ഇടനിലക്കാര്‍ക്ക് കേരളം ആരു ഭരിച്ചാലും പ്രശ്‌നമല്ല. ഏതുകാലത്തും അവരുടെ ആജ്ഞാനുവര്‍ത്തികള്‍ മന്ത്രിസഭയിലുണ്ടാകുമെന്നുറപ്പാണ്. ആ അര്‍ഥത്തില്‍ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ചൂരും ചൂടും കണ്ട് അവര്‍ ഉള്ളില്‍ ചിരിക്കുന്നുണ്ടാകണം. കേരള നവേത്ഥാനത്തിലെ ആത്മീയപരിസരത്തെ പൊതുജീവിതത്തില്‍ വീണ്ടുക്കാതെ നമുക്ക് നിര്‍വാഹമില്ല. മതം സ്വകാര്യജീവിതത്തിലും കാപട്യം സാമൂഹികജീവിതത്തിലുമെന്ന വിരുദ്ധ ദ്വന്ദത്തോട് വിട പറയുമ്പോഴേ പുരോഗതിയുടെ പടവുകള്‍ നമുക്ക് ചവിട്ടിക്കയറാനാകൂ. പൗരസമൂഹത്തിന്റെ പ്രതിരോധായുധത്തിന് മൂര്‍ച്ച കൂട്ടാന്‍ തെരഞ്ഞെടുപ്പിന്റെ സവിശേഷസാഹചര്യം ഉപയോഗപ്പെടുത്തണം. യുവജനസമൂഹവും സാംസ്‌കാരികനായകന്മാരും സമരസംഘടനകളും, ഒറ്റപ്പെട്ടു മാറിനില്‍ക്കുന്ന നന്മേഛുക്കളായ വ്യക്തിത്വങ്ങളും നിര്‍ണായകമായ വിപ്ലവസംരംഭത്തിന് നേതൃത്വം നല്‍കണം. തെരഞ്ഞെടുപ്പ് എന്നത് വിരല്‍വ്യായാമം മാത്രമല്ല, തലച്ചോറിന്റേയും ആത്മാവിന്റേയും കൂടി അനന്തസാധ്യതകളെ ഉപയോഗിക്കാന്‍ ശേഷിയുള്ള വിലയേറിയ അവസരമാണെന്ന തിരച്ചറിവ് വീണ്ടെടുക്കാന്‍ ഈ സന്ദര്‍ഭത്തില്‍ നമുക്ക് കഴിഞ്ഞാല്‍ കേരളത്തിന്റെ മറുപുറകാഴ്‌ചകളെ വിസ്‌മയാവഹമാക്കാന്‍ സാധിക്കുമെന്നുറപ്പാണ്.
Comments