Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 9

`ഖദ്ദാഫി നിലം പതിക്കും, ഭാവി ലിബിയന്‍ ജനതക്ക്‌ '

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ

ലിബിയന്‍ വിപ്ലവ നേതാവ്‌ അലി അസ്സല്ലാബിയുമായി മുഖാമുഖം എന്താണ്‌ ലിബിയന്‍ വിപ്ലവത്തിന്റെ സ്വഭാവം? തുനീഷ്യയിലും ഈജിപ്‌തിലും വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അയല്‍പക്ക രാജ്യമായ ലിബിയയിലേക്ക്‌ അത്‌ പടര്‍ന്നു പിടിച്ചു. അവിടങ്ങളിലെ ജനത അനുഭവിച്ച പരാധീനതകള്‍ ലിബിയയിലും നിലവിലുണ്ടായിരുന്നു. നാല്‍പതു വര്‍ഷം നീണ്ടുനിന്ന അനീതിക്കും അക്രമത്തിനും സ്വേഛാധിപത്യത്തിനുമെതിരായി ലിബിയന്‍ ജനതയും ഉയിര്‍ത്തെഴുന്നേറ്റു. വളരെ സമാധാനപരവും നിയമാനുസൃതവുമായ പ്രകടനങ്ങള്‍ മാത്രമായിരുന്നു തുടക്കം. പക്ഷേ, ഖദ്ദാഫി ശക്തിയുപയോഗിച്ചാണ്‌ അതിനെ നേരിട്ടത്‌. ധാരാളം പേര്‍ രക്തസാക്ഷികളായി. ഈ ദൃശ്യം പട്ടാളത്തിലെ നല്ലൊരു വിഭാഗത്തെ അഗാധമായി സ്വാധീനിച്ചു. അവരും വിപ്ലവകാരികളോട്‌ ചേര്‍ന്നു. ഖദ്ദാഫിയുടെ കൂലിപ്പട്ടാളം അഴിച്ചുവിട്ട ആക്രമണങ്ങളെയും കൂട്ടക്കൊലകളെയും നേരിടാന്‍ അവര്‍ രംഗത്തിറങ്ങി. ഏറ്റുമുട്ടലുകളില്‍ ഇതേവരെയും 8000 പേര്‍ രക്തസാക്ഷിത്വം വരിക്കുകയും 20,000 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. അധികാരം വിട്ടൊഴിയാന്‍ തയാറില്ലെന്നും നാട്‌ തരിപ്പണമാക്കുമെന്നും പെട്രോള്‍ പാടങ്ങള്‍ കത്തിക്കുമെന്നും ഖദ്ദാഫി ഭീഷണി മുഴക്കി. ``ഞാനാണ്‌ ഈ രാഷ്‌ട്രത്തെ പണിതത്‌, ഞാന്‍ തന്നെ അതിനെ ഭരിക്കും.'' പക്ഷേ, ലിബിയന്‍ ജനത തങ്ങളുടെ അവകാശങ്ങള്‍ നേടാനും ഒരു സ്വതന്ത്ര ആധുനിക രാഷ്‌ട്രം സ്ഥാപിക്കാനുമുള്ള സമരത്തില്‍ ഒന്നായി അണിനിരന്നിരിക്കുന്നു.. ഖദ്ദാഫി അപ്രത്യക്ഷനാവും, ജനം വിജയിക്കും, തീര്‍ച്ച. ലിബിയന്‍ വിപ്ലവം സാക്ഷാലര്‍ഥത്തില്‍ ജനകീയമാണോ? മുഴുവന്‍ വിഭാഗങ്ങളും അതില്‍ പങ്കാളികളാണോ? വിപ്ലവം ജനകീയവും സമാധാനപരവുമാണ്‌. മുഴു വിഭാഗങ്ങളും അതില്‍ പങ്കെടുക്കുന്നു, തീവ്രാവേശത്തോടെ. ആരാണ്‌ വിപ്ലവത്തിന്റെ ഗതി നിര്‍ണയിക്കുന്നത്‌? വ്യത്യസ്‌ത നേതൃത്വങ്ങളാണോ? ഒറ്റ നേതൃത്വമുണ്ടോ? കൃത്യമായി ആരെന്ന്‌ പറയാന്‍ പ്രയാസമുണ്ട്‌. ഒരു പ്രത്യേക വിഭാഗമല്ല. എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്നുണ്ട്‌. പണ്ഡിതന്മാര്‍, ജഡ്‌ജിമാര്‍, അഭ്യസ്‌തവിദ്യര്‍, ചിന്തകന്മാര്‍, പട്ടാള ഓഫീസര്‍മാര്‍ തുടങ്ങി എല്ലാവരും പങ്കാളികളാണ്‌. അഫ്‌ഗാനിസ്‌താനില്‍ സംഭവിച്ചപോലെ ഒരു ആഭ്യന്തര യുദ്ധമായി കലാശിക്കുമെന്നാശങ്കക്ക്‌ വകയുണ്ടോ? വിശിഷ്യാ ലിബിയ ഗോത്ര വര്‍ഗങ്ങളുടെ സമുച്ചയമായതിനാല്‍? ഇല്ല. ആ ആശങ്കക്കവകാശമില്ല. കാരണം, എല്ലാ ഗോത്രങ്ങളും ഈ വിപ്ലവത്തില്‍ പങ്കെടുക്കുന്നുണ്ട്‌. ഗോത്രങ്ങളെ തമ്മിലടിപ്പിച്ച്‌ കലങ്ങിയ വെള്ളത്തില്‍ നിന്ന്‌ മീന്‍ പിടിക്കുന്ന കുത്സിത തന്ത്രത്തില്‍ ഖദ്ദാഫി വിജയിച്ചിട്ടില്ല. യുവാക്കളാണ്‌ വിപ്ലവത്തിന്റെ മുന്നണിപ്പോരാളികള്‍. അവര്‍ എല്ലാ ഗോത്രങ്ങളിലും പെട്ടവരാണ്‌. പ്രത്യേകമായി വല്ല പ്ലാനിംഗുമുണ്ടായിരുന്നോ വിപ്ലവത്തിന്‌? ഇല്ല. ഇത്‌ കേവലം ദൈവനിശ്ചിത വിപ്ലവമാണ്‌. യാതനയനുഭവിക്കുന്ന ജനതകളുടെ ഹൃദയങ്ങളില്‍ അവകാശങ്ങള്‍ക്ക്‌ പോരാടാനുള്ള ബോധവും ആവേശവും അല്ലാഹു അങ്കുരിപ്പിച്ചു. ഞാനാണത്‌ പ്ലാന്‍ ചെയ്‌തതെന്ന്‌ വാദിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. ഇപ്പോഴും ചില യുവാക്കള്‍ ഖദ്ദാഫിയെ പുകഴ്‌ത്തുന്നുണ്ട്‌, അദ്ദേഹത്തിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാടിന്റെ പേരില്‍. എന്തു പറയുന്നു? ആളുകളെ കബളിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മാത്രം. ഖദ്ദാഫി ഇസ്‌ലാമിന്‌ വേണ്ടി ഒന്നും ചെയ്‌തില്ല. രാഷ്‌ട്രം നിര്‍മിച്ചതുമില്ല. ലിബിയയുടെ സമ്പത്ത്‌ തനിക്കും കുടുംബത്തിനും വേണ്ടി സ്വന്തമാക്കുക മാത്രമാണ്‌ ചെയ്‌തത്‌. ജനതയെ മുഴുവന്‍ അടിമകളെപ്പോലെ തന്റെ ദാസന്മാരാക്കി മാറ്റി. കിരാതമായ പീഡനമുറകളിലൂടെ. ജനങ്ങളുടെ സമ്പത്ത്‌ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും കുത്തക കമ്പനികള്‍ക്ക്‌ വീതിച്ചുകൊടുത്തു. വിപ്ലവകാരികള്‍ക്കധീനപ്പെടുന്ന നഗരങ്ങളുടെ അവസ്ഥയെന്ത്‌? അവിടെ അരാജകത്വം നടമാടുകയാണോ? അല്ല. വിപ്ലവകാരികളുടെ അധീനതയില്‍ വരുന്ന നഗരങ്ങളിലെല്ലാം വളരെ നല്ല രീതിയിലുള്ള ഭരണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സിറ്റി കൗണ്‍സിലുകള്‍ സ്ഥാപിതമായിട്ടുണ്ട്‌. അവയൊക്കെ പുതുതായി സ്ഥാപിതമായതാണ്‌. ജഡ്‌ജിമാര്‍, അഭിഭാഷകര്‍,സുരക്ഷാ സൈനികര്‍ തുടങ്ങിയവരാണ്‌ ഈ കൗണ്‍സിലുകളെ നിയന്ത്രിക്കുന്നത്‌. ഇവിടെ അരാജകത്വത്തിന്റെ പ്രശ്‌നമേ ഉത്ഭവിക്കുന്നില്ല. വിപ്ലവം സെക്യുലരിസ്റ്റുകളുടെയും മതവിരുദ്ധരുടെയും കൈകളിലേക്ക്‌ വഴുതിപ്പോയേക്കുമെന്ന ആശങ്ക ശരിയാണോ? ഇല്ല. ലിബിയന്‍ സമൂഹം മൊത്തത്തില്‍ മതഭക്തരാണ്‌. ഇരുപത്‌ ശതമാനം ലിബിയക്കാരും ഖുര്‍ആന്‍ മനഃപാഠമുള്ളവരാണ്‌. മതം ലിബിയന്‍ സാമൂഹിക ജീവിതത്തിന്റെ അടിത്തറയാണ്‌. അതിനാല്‍ മതവിരുദ്ധ ശക്തികള്‍ അധികാരത്തിലേറുന്ന പ്രശ്‌നമുത്ഭവിക്കുന്നില്ല, വിശിഷ്യാ വിപ്ലവം ജനകീയമായതുകൊണ്ട്‌. വിദേശ ഇടപെടലിനെക്കുറിച്ചെന്ത്‌ പറയുന്നു? വ്യക്തിപരമായി ഞാന്‍ അന്താരാഷ്‌ട്ര സമൂഹത്തെ ലിബിയയിലിടപെടാന്‍ ക്ഷണിക്കുകയില്ല. പക്ഷേ, ഇപ്പോഴത്തെ അവസ്ഥ ഒന്ന്‌ പ്രത്യേകമാണ്‌. അറബ്‌ രാഷ്‌ട്രങ്ങളും ഗള്‍ഫ്‌ നാടുകളും ഖദ്ദാഫിക്കെതിരായി നിലകൊണ്ടു. വ്യോമ ഉപരോധമേര്‍പ്പെടുത്തുന്നതില്‍ അവര്‍ മുന്നോട്ടുവന്നു. നാറ്റോയും യൂറോപ്യന്‍ യൂനിയനും അമേരിക്കയുമൊക്കെ ഖദ്ദാഫിക്കെതിരാണ്‌. ആ നിലക്ക്‌ വേണം ഇടപെടലിനെ കാണാന്‍. പക്ഷേ ഒന്നുണ്ട്‌. വിദേശ ശക്തികള്‍ക്ക്‌ പ്രധാനം ലിബിയന്‍ ജനതയുടെ സ്വാതന്ത്ര്യത്തേക്കാള്‍ അവിടത്തെ പെട്രോളും ഗ്യാസുമാണ്‌. വിപ്ലവകാരികളുടെ ചെറുത്തുനില്‍പ്‌ അത്ഭുതകരം തന്നെ. ഖദ്ദാഫിയുടെ ടാങ്കുകള്‍ക്കും പീരങ്കികള്‍ക്കുമെതിരെ അവരെങ്ങനെ ഉറച്ചുനിന്നു? അവര്‍ ഒറ്റക്കല്ല. ഖദ്ദാഫിയുടെ രക്തം ചിന്തല്‍ കണ്ട്‌ മനംമാറിയ പട്ടാള ജനറല്‍മാര്‍ അവരുടെ കൂടെയുണ്ട്‌. അവരാണിപ്പോള്‍ സമരത്തെ നയിക്കുന്നത്‌. ഖദ്ദാഫി നിലംപതിക്കും. ഭാവി ലിബിയന്‍ ജനതക്ക്‌, തീര്‍ച്ച. [email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം
എ.വൈ.ആര്‍