ഞാന്‍ പക്ഷി!
രാവിലെ
ഒരു മനസ്സമാധാനവുമില്ലാതെ
കിടക്കപ്പായയില്‍നിന്നും
ഉണരുമ്പോള്‍,
അസ്വാരസ്യങ്ങളുടെ
ഉടുമുണ്ടില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന
തുപ്പല്‍ നനവുകളെ
ദേഹത്തു പറ്റാതെ തൂത്തെടുത്തു
കളയുമ്പോള്‍
ഓര്‍ക്കും,
ഉറക്കമില്ലാതെയെന്നും
ഉണര്‍ന്നു പറക്കുന്ന
സമാധാനത്തിന്റെ ഒരു പക്ഷിയാവണമെന്ന്!
ഉച്ചവെയിലിന്റെ ഉത്തരത്തില്‍
തൊണ്ടവരണ്ടു നില്‍ക്കുമ്പോള്‍
തൊണ്ടയില്‍ പാതിവെച്ച് മുറിഞ്ഞ
പ്രതിഷേധങ്ങള്‍
വായിലെത്താതെ മരിക്കുമ്പോള്‍
ഓര്‍ക്കും,
ഒന്ന് തെളിനീരുകൊണ്ട് മുഖം കഴുകി,
സ്വതന്ത്രമായൊന്ന് ഓരിയിട്ട്,
ഒന്നുറക്കെ പാടി
ആരും കാണാതെ, ആരോടും പറയാതെ
പറന്നുപോകണമെന്ന്
ഒരു പക്ഷിയായി!
രാത്രി ഇരുട്ടില്‍ ഒരു പെണ്ണായി
പേടിച്ച്, പേടിച്ച് നീങ്ങുമ്പോള്‍
നഗ്നത തേടി നീളുന്ന
നീളന്‍ കൈകള്‍ തട്ടിമാറ്റി
ഒന്ന് പറന്നുയരാന്‍
വെറുതെ കൊതിക്കും
ഒരു പക്ഷിയായിരുന്നെങ്കില്‍....!
ആകാശം നഗ്നമാണെന്നും,
ഒരു മറയുമില്ലാത്ത
അതിന്റെ നഗ്നതയിലൂടെ പക്ഷിയായി ഞാന്‍
പാറി നടക്കുമ്പോള്‍
വേട്ടയാടപ്പെടാമെന്നും
ഞാനിപ്പോള്‍ ഭയക്കുന്നു!
ഈ നെറികെട്ട കാലത്ത്
ഒരു പക്ഷിയാവുക എന്നത്,
വേടന്റെ അമ്പിലെ കണ്ണാവുക
എന്ന് തേടും പോലെയാണ്...!
Comments