Prabodhanm Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

അക് പാര്‍ട്ടി അധികാരത്തിലേക്ക് <br>ഉര്‍ദുഗാന്റെ ജീവിതകഥ - 11

അശ്‌റഫ് കീഴുപറമ്പ്

'അയാള്‍ക്ക് എന്നെ തൂക്കിലേറ്റണം'' പബ്ലിക് പ്രോസിക്യൂട്ടറുടെ മുറിയില്‍നിന്ന് പുറത്തിറങ്ങിയ ഉര്‍ദുഗാന്‍ ആകാംക്ഷാഭരിതരായി പുറത്തുകാത്തുനിന്ന സഹപ്രവര്‍ത്തകരോട് പറഞ്ഞു. നൂഹ്മീത്ത യൂക്‌സല്‍ എന്നൊരാളാണ് പബ്ലിക് പ്രോസിക്യൂട്ടര്‍. ഉര്‍ദുഗാന്‍ 'അക്'പാര്‍ട്ടി രൂപവത്കരിച്ചതു മുതല്‍ തുടങ്ങിയതാണ് പ്രോസിക്യൂട്ടറുടെ വേട്ട. തുര്‍ക്കിയിലെ ഡോഗന്‍ മീഡിയ ഗ്രൂപ്പ് ഉര്‍ദുഗാനുമായി ബന്ധപ്പെട്ട പഴയ രേഖകള്‍ കെട്ടുകണക്കിന് പ്രോസിക്യൂട്ടര്‍ക്ക് എത്തിക്കുന്നുണ്ട്. പക്ഷേ ഉര്‍ദുഗാനെ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് തടയാന്‍ മാത്രം 'ഗുരുതരമായ' പരാമര്‍ശങ്ങളൊന്നും എത്ര ചികഞ്ഞിട്ടും കിട്ടിയില്ല. എന്നാലും പ്രോസിക്യൂട്ടര്‍ വിടാനുള്ള ഭാവമില്ല. ഉര്‍ദുഗാനെ ഓഫീസിലേക്ക് വിളിപ്പിച്ച് ഭരണഘടനയുടെ 146-ാം ഖണ്ഡികയനുസരിച്ച് താന്‍ ഭരണഘടനാ കോടതിയില്‍ കേസ് വാദിക്കാന്‍ പോവുകയാണെന്ന് അറിയിച്ചു. മനഃപൂര്‍വം ഭരണഘടന തകര്‍ക്കാനും കലാപമഴിച്ചുവിടാനും ശ്രമിക്കുന്നവര്‍ക്കുള്ള ശിക്ഷയാണ് ആ വകുപ്പില്‍ പറഞ്ഞിരിക്കുന്നത്; വധശിക്ഷ. 

ജനസമ്മിതിയുള്ള ഒരു നേതാവിനെ കള്ളക്കഥകളുണ്ടാക്കി കുരുക്കാന്‍ ഭരണകൂടവും നീതിന്യായസംവിധാനങ്ങളും ശ്രമിക്കുന്നതിനെതിരെ ശക്തമായ ജനരോഷമുയരുന്നുണ്ടായിരുന്നു. അത് മനസ്സിലാക്കിയതുകൊണ്ടോ എന്തോ ഭരണഘടനാ കോടതി പബ്ലിക് പ്രോസിക്യൂട്ടറുടെ വാദമുഖങ്ങള്‍ തള്ളുകയാണുണ്ടായത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉര്‍ദുഗാന് അനുവാദം കൊടുത്തതുമില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായി തുടരുന്നതും വിലക്കി. 1998-ല്‍ ഉര്‍ദുഗാനെ കോടതി ശിക്ഷിച്ചിട്ടുണ്ടല്ലോ എന്നാണ് ന്യായം പറഞ്ഞത്. അക് പാര്‍ട്ടി ജയിച്ചാലും അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാനാവില്ല. പാര്‍ലമെന്റ് അംഗത്തിനേ പ്രധാനമന്ത്രിയാകാനാവൂ എന്ന നിയമമുണ്ട്. 

ഈ സന്ദര്‍ഭത്തില്‍ തുര്‍ക്കിയിലെ ഏറ്റവും ജനസ്വീകാര്യതയുളള നേതാവായി ഉര്‍ദുഗാന്‍ മാറിക്കഴിഞ്ഞിരുന്നു. തുര്‍ക്കിയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും അരാജകത്വവും അതിന് കാരണമായിരുന്നു. അര്‍ബകാന്‍ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ശേഷം നിരവധി കൂട്ടുകക്ഷി മന്ത്രിസഭകള്‍ വന്നുപോയെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനായില്ല. ഇടതും വലതും പക്ഷങ്ങള്‍ ഒരുപോലെ കൈമലര്‍ത്തി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന ബുലന്ദ് അജാവീദാണ് പ്രധാനമന്ത്രി. 2001 ഫെബ്രുവരി 21 തുര്‍ക്കി ചരിത്രത്തില്‍ 'കറുത്ത ബുധനാഴ്ച' എന്നാണ് അറിയപ്പെടുന്നത്. ആ ഒരൊറ്റ ദിവസം നിരവധി തൊഴില്‍ കേന്ദ്രങ്ങളാണ് അടച്ചുപൂട്ടിയത്. പതിനായിരങ്ങള്‍ക്ക് തൊഴിലില്ലാതായി. അത്രക്ക് രൂക്ഷമായിരുന്നു സാമ്പത്തിക പ്രതിസന്ധി. ഒരു ഡോളറിന് 689 ലീറ എന്ന വിനിമയമൂല്യം ആ ഒരൊറ്റ ദിവസം 964 ലീറയായി തകര്‍ന്നു. അത് ഡോളറിന് 1400 ലീറ എന്ന നിലവരെ എത്തി. പണപ്പെരുപ്പം 50% കവിഞ്ഞു. ജനരോഷം അണപൊട്ടിയൊഴുകി. ഒന്നും ചെയ്യാനില്ലെന്ന് വന്നപ്പോള്‍ ഭരണകക്ഷി തങ്ങളുടെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം നടപ്പാക്കാന്‍ തീരുമാനിച്ചു-60,000 തടവുകാരെ വിട്ടയക്കുക. അഴിമതി, തട്ടിപ്പ്, മോഷണം തുടങ്ങിയ സാമ്പത്തിക കുറ്റങ്ങള്‍ക്ക് ജയിലിലെത്തിയ ഇവര്‍ മോചിതരായതോടെ കുറ്റകൃത്യങ്ങള്‍ കണ്ടമാനം വര്‍ധിച്ചു. ഈ സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രി ബുലന്ദ് അജാവീദ് ആശുപത്രിയിലാകുന്നത്. രോഗം ഗുരുതരമായിരുന്നു. പെട്ടെന്ന് ആശുപത്രി വിടാന്‍ നിവൃത്തിയില്ല. ഗവണ്‍മെന്റ് സ്തംഭനാവസ്ഥയിലേക്ക് നീങ്ങി. അങ്ങനെയാണ് 2004 വരെ കാലാവധിയുണ്ടായിരുന്ന പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പു ദിവസവും തീരുമാനിച്ചു; 2002 നവംബര്‍ 3.  

'അക്' പാര്‍ട്ടി രൂപവത്കരണത്തിന് മുമ്പുതന്നെ ഉര്‍ദുഗാനും മറ്റു പരിഷ്‌കരണവാദി നേതാക്കളും തുര്‍ക്കിയിലുടനീളം സഞ്ചരിച്ച് ജനങ്ങളുടെ മനസ്സ് വായിച്ചിരുന്നു. ജനങ്ങള്‍ വളരെ നിരാശയിലായിരുന്നു; രോഷത്തിലും. നേതാക്കള്‍ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ പ്രായം ചെന്ന ഒരാള്‍ പറയുകയാണ്: 'മക്കളേ, ഞങ്ങളുടെ ശബ്ദം അങ്കാറയില്‍ എത്തുകയില്ല. നിങ്ങള്‍ അവിടെ ചെന്ന് പറയണം. ഉര്‍ദുഗാനെ തുറുങ്കിലടക്കൂ. അബ്ദുല്ല ഗുലിനെയും തുറുങ്കിലടക്കൂ. ബുലന്ദ് അറിന്‍തിശിനെയും വെറുതെ വിടരുത്. എന്നിട്ട് ഏതെങ്കിലും ചൊറിപിടിച്ച പട്ടിയെ അവര്‍ കൊണ്ടുവരട്ടെ. ഇവര്‍ക്ക് പകരമായി അതിനെ അധികാരക്കസേരയില്‍ ഇരുത്തട്ടെ.'' 

രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ മുമ്പില്‍ വെച്ചായിരുന്നു പാര്‍ട്ടി രൂപവത്കരണ സമ്മേളനത്തില്‍ ഉര്‍ദുഗാന്റെ പ്രസംഗം. അദ്ദേഹം പറഞ്ഞു: 'ഇന്ന് തുര്‍ക്കി രാഷ്ട്രീയത്തില്‍ തീര്‍ത്തും പുതിയൊരു മോഡല്‍ ഉദയം ചെയ്യാന്‍ പോവുകയാണ്. കുറച്ചാളുകള്‍ മാത്രം കാലാകാലം രാഷ്ട്രത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ തലപ്പത്തിരിക്കുന്ന രീതി നാം മാറ്റിമറിക്കുകയാണ്. എല്ലാ കാര്യങ്ങളിലും സുതാര്യതയായിരിക്കും നമ്മുടെ മുഖമുദ്ര. കസേരയെ സ്‌നേഹിക്കുന്നവരല്ല ഈ പാര്‍ട്ടിയുടെ ആളുകള്‍. സമൂഹത്തിന് സേവനം ചെയ്യുകയാണ് അവരുടെ ലക്ഷ്യം... നമ്മള്‍ സമൂഹത്തിന്റെ താഴേതട്ടിലുള്ള ദശലക്ഷക്കണക്കിനാളുകളുമായി സംസാരിച്ചു. അവരാണ് യഥാര്‍ഥ തുര്‍ക്കിയെ നിര്‍മിക്കുന്നത്. നമ്മള്‍ അവരെ കേള്‍ക്കുകയായിരുന്നു. കുറച്ചേ നാം സംസാരിച്ചുള്ളൂ. അവരുടെ ഉപദേശനിര്‍ദേശങ്ങള്‍ നാം ധാരാളമായി സ്വീകരിച്ചു. വളരെക്കുറച്ച് ഉപദേശമേ നാം തിരിച്ചുനല്‍കിയിട്ടുള്ളൂ. ഈ സന്ദര്‍ശനത്തില്‍ 'ആഇശ' എന്ന ദരിദ്രഗ്രാമീണ ബാലികയെ നാം കണ്ടു. 'ഫാത്വിമ' ഉമ്മയുടെ മകനെയോര്‍ത്തുള്ള കരച്ചില്‍ നാം കേട്ടു. 'അഹ്മദ്' എന്ന കച്ചവടക്കാരന്‍ ഉള്ളുരുകി നമ്മോട് സംസാരിച്ചല്ലോ. 'ഉസ്മാന്‍' അമ്മാവന്‍ തന്റെ പേരമക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ഒരു വഴിയും കാണുന്നില്ല. നമ്മള്‍ ഇവര്‍ ഓരോരുത്തരെയായി കേള്‍ക്കുകയായിരുന്നു. അവര്‍ പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്: തുര്‍ക്കി നമ്മുടെ എല്ലാവരുടേതുമാണ്. അവരുടെ വേദനകള്‍ കേള്‍ക്കാനാണ് നാം പോയത്, വോട്ടഭ്യര്‍ഥിക്കാനല്ല.'' 

പ്രവര്‍ത്തക സമിതി അംഗങ്ങളുടെ കണ്ണുനിറച്ച പ്രസംഗമായിരുന്നു ഉര്‍ദുഗാന്റേത്. ജനങ്ങളിലേക്കിറങ്ങുക എന്ന സന്ദേശമായിരുന്നു പ്രസംഗത്തിലുടനീളം. പാര്‍ട്ടിക്ക് എന്തു പേരിടും എന്ന ചര്‍ച്ച വന്നപ്പോള്‍ നാല് പേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. അതില്‍ 'ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ്' ഉര്‍ദുഗാന്റെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു. പുതുമയുള്ള പേര്. പിന്നെ പാര്‍ട്ടി ചിഹ്നമെന്തായിരിക്കും എന്നായി ചര്‍ച്ച. സൂര്യകാന്തിപ്പൂവായാലോ എന്നൊരു നിര്‍ദേശം വന്നു. സൂര്യനു/വെളിച്ചത്തിനു നേരെ സദാ മുഖം തിരിക്കുന്ന പുഷ്പമാണല്ലോ. പ്രതീകാത്മകമായി പല അര്‍ഥങ്ങളും സങ്കല്‍പ്പിക്കാം. ഉര്‍ദുഗാന് ഇഷ്ടമായില്ല. 'വിളക്ക്' ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. അതുവെച്ച് ഒരു ചിഹ്നം രൂപകല്‍പ്പന ചെയ്യാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അങ്ങനെയാണ് 'പ്രകാശിക്കുന്ന ബള്‍ബ്' ചിഹ്നമായി സ്വീകരിച്ചത്. ഏഴ് പ്രകാശകിരണങ്ങള്‍ അതില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. തുര്‍ക്കിയുടെ ഏഴ് മേഖലകളെ പ്രതിനിധീകരിക്കുന്നു അവ. 

ഒരാളും, അത് സ്ഥാപകനേതാവായ താനായാല്‍ പോലും ഭരണത്തിലോ പാര്‍ട്ടിയിലോ ഉള്ള ഏതു സ്ഥാനത്തും അധികകാലം തുടരരുത് എന്ന് ഉര്‍ദുഗാന് നിര്‍ബന്ധമുണ്ടായിരുന്നു. ഭരണത്തിലാണെങ്കില്‍ ഒരു പദവിയില്‍ മൂന്ന് തവണ മാത്രമേ തുടരാന്‍ പാടുള്ളൂ.  പാര്‍ട്ടിസ്ഥാനങ്ങളില്‍ അഞ്ച് തവണയും. പാര്‍ട്ടി നേതാവിന്റെ കാര്യത്തിലെങ്കിലും ഒരിളവ് വരുത്തിക്കൂടേ എന്ന ചോദ്യത്തിന് ഉര്‍ദുഗാന്റെ മറുപടി ഇങ്ങനെയായിരുന്നു: 'നേതൃത്വത്തിലുള്ള ആള്‍ പെട്ടെന്ന് മരിച്ചാല്‍ നമ്മള്‍ എന്താണ് ചെയ്യുക? പുതിയൊരാളെ തെരഞ്ഞെടുക്കില്ലേ. അതുപോലെ ഇതും ഒരു 'മരണ'മായി കൂട്ടിയാല്‍ മതി.'' 

ഇതുപോലെ പലതും പാര്‍ട്ടി ഭരണഘടനയില്‍ എഴുതിവെക്കുകയും അതൊക്കെ പ്രയോഗതലത്തില്‍ ലംഘിച്ചുകൊണ്ടിരിക്കുകയും ചെയ്തതാണ് മറ്റു പാര്‍ട്ടികളുടെ വിശ്വാസ്യത തകര്‍ത്തതെന്ന് ഉര്‍ദുഗാന്‍ ഉറച്ചു വിശ്വസിച്ചു. അതിനാല്‍ പാര്‍ട്ടി സംബന്ധമായും ഭരണസംബന്ധമായും എഴുതിവെച്ചതൊക്കെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നേ മതിയാകൂ എന്ന് അദ്ദേഹം ശഠിച്ചു. എങ്കിലേ ഭരണത്തിലും പാര്‍ട്ടിയിലും പുതിയ തലമുറക്ക് പ്രാതിനിധ്യം ലഭിക്കുകയുള്ളൂ. ഉര്‍ദുഗാന്‍ തന്നെ അതിന് മാതൃക കാണിക്കുകയും ചെയ്തു. മൂന്നു തവണ പ്രധാനമന്ത്രിയായതിനു ശേഷം അദ്ദേഹം സ്ഥാനമൊഴിയുകയാണ് ചെയ്തത്. പിന്നെയാണ് തുര്‍ക്കി പ്രസിഡന്റാവുന്നത്. 

പാര്‍ട്ടിയുടെ ഐഡിയോളജിയായി 'യാഥാസ്ഥിതിക ജനാധിപത്യം' (Conservative Democracy) എന്ന ആശയമാണ് മുന്നോട്ടുവെച്ചത്. ഈ ആശയത്തിന് കൃത്യത പോരെന്നും വ്യക്തമായി വിശദീകരിക്കപ്പെട്ടിട്ടില്ലെന്നും നേരത്തേ വിമര്‍ശനമുയര്‍ന്നതാണ്. 'യാഥാസ്ഥിതികം' എന്ന് വിശേഷിപ്പിച്ചത് അതിന്റെ നിഷേധാര്‍ഥത്തിലല്ല. പാരമ്പര്യം, പൈതൃകം എന്നൊക്കെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതല്ലാതെ പഴമയെ അപ്പടി പുല്‍കുക എന്ന അര്‍ഥത്തിലല്ല. ഉര്‍ദുഗാന്റെ വാക്കുകളില്‍: 'ഇതൊരു അമൂര്‍ത്ത ആശയമല്ല. നാം ചര്‍ച്ച ചെയ്ത് ഇനിയും വികസിപ്പിക്കേണ്ട ഒന്നാണ്. തുര്‍ക്കി ജനതയുടെ വലിയൊരു ഭാഗവും പാരമ്പര്യത്തെ നിഷേധിക്കാത്ത ആധുനികത എന്ന കാഴ്ചപ്പാടിനെ പിന്തുണക്കുന്നവരാണ്. ദേശീയ സങ്കല്‍പ്പങ്ങള്‍ക്കും ഇടമുള്ള ഒരു വിശ്വമാനവികത, ആധ്യാത്മികതയെ നിരസിക്കാത്ത യുക്തിചിന്ത, ഫണ്ടമെന്റലിസത്തിലേക്ക് വഴുതാത്ത സാമൂഹിക മാറ്റം. ഇതും അതിന്റെ ഭാഗമാണ്.'' ഇതൊക്കെ എങ്ങനെ സാധ്യമാകും എന്ന വിശദീകരണം ഒട്ടും എളുപ്പമല്ല. എങ്ങനെയും വ്യാഖ്യാനിക്കാവുന്ന തരത്തില്‍ അവ്യക്തമാണ് ഈ വാക്കുകള്‍. ഓരോ രാഷ്ട്രീയ സന്ദര്‍ഭത്തിലും അതിന്റെ അര്‍ഥങ്ങള്‍ മാറിക്കൊണ്ടിരിക്കും. വോട്ട് ചെയ്ത് പാര്‍ട്ടികളെ അധികാരത്തിലേറ്റുകയും ഇറക്കുകയും ചെയ്യുന്ന കേവലം യാന്ത്രികതയായി ജനാധിപത്യം മാറിയിട്ടുണ്ടെന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും മാറ്റം വരുത്തുന്ന ഒന്നായാണ് തങ്ങള്‍ ജനാധിപത്യത്തെ കാണുന്നതെന്നും ഉര്‍ദുഗാന്‍ പിന്നീട് വിശദീകരിക്കുന്നുണ്ട്. 'ഡീപ് ഡെമോക്രസി' എന്നാണ് അദ്ദേഹം അതിന് നല്‍കുന്ന പേര്. 

 

തിളക്കമാര്‍ന്ന വിജയം

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ പ്രചാരണ രംഗം ചൂടുപിടിച്ചു. അഭിപ്രായ സര്‍വേകളും മുറക്ക് വരുന്നുണ്ടായിരുന്നു. അവയില്‍ പങ്കെടുത്ത അറുപത് ശതമാനം പേരും തങ്ങള്‍ക്ക് ജനാധിപത്യ സംവിധാനത്തില്‍തന്നെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് തുറന്നടിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ അത്രയേറെ അവരെ നിരാശപ്പെടുത്തിയിരുന്നു. മധ്യനിലപാട് പുലര്‍ത്തുന്ന കക്ഷികളെയും ഇടതുപക്ഷത്തെയും യോജിപ്പിച്ചുകൊണ്ട് തുര്‍ക്കിക്ക് സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാമെന്ന് വാദിച്ചുകൊണ്ട് രംഗത്തെത്തിയ മുന്‍ ധനകാര്യമന്ത്രി കമാല്‍ ദര്‍വീശിനെപ്പോലുള്ളവരെയും ജനം അവജ്ഞയോടെ പുറന്തള്ളി. തുര്‍ക്കി രാഷ്ട്രീയത്തിലെ നവജാത ശിശുവായ 'അക്' പാര്‍ട്ടി തന്നെയായിരുന്നു മറ്റു പാര്‍ട്ടികളേക്കാള്‍ സര്‍വേയില്‍ ഏറെ മുന്നില്‍-25 ശതമാനം. പക്ഷേ കേവല ഭൂരിപക്ഷത്തിന് ആ വോട്ട് ഷെയര്‍ മതിയാവുകയില്ല. എങ്കിലും ദേശീയതലത്തില്‍ മുഖ്യ ചര്‍ച്ച ഉര്‍ദുഗാന്റെ പാര്‍ട്ടിയായിത്തീര്‍ന്നു. ഉര്‍ദുഗാന്‍ കേസില്‍ കുരുങ്ങിക്കിടക്കുന്നതിനാല്‍ ആരാണ് പാര്‍ട്ടിയെ നയിക്കുക? ജയിച്ചാല്‍ ആരാണ് പ്രധാനമന്ത്രിയാവുക?

സൈന്യത്തിലും മീഡിയയിലും മറ്റെല്ലാ രംഗങ്ങളിലും ഉര്‍ദുഗാന് വേണ്ടതിലധികം ശത്രുക്കളുള്ളതിനാല്‍ അവര്‍ ഉര്‍ദുഗാന്റെ ഭൂതകാലം വീണ്ടും ഭൂതക്കണ്ണാടിവെച്ച് പരതാന്‍ തുടങ്ങി. 1992-ല്‍ ഉര്‍ദുഗാന്‍ സൈന്യത്തെ വിമര്‍ശിച്ചിട്ടുണ്ടെന്നും ശരീഅത്തിനെ പ്രശംസിച്ചിട്ടുണ്ടെന്നും അവര്‍ കണ്ടുപിടിച്ചു. അതിന്റെ ശബ്ദരേഖകളും പുറത്തുവിട്ടു. കമാലിസം കത്തിനില്‍ക്കുന്ന ഈ രാജ്യത്ത് ഒരാളെ രാഷ്ട്രീയമായി യമപുരിയിലേക്കയക്കാന്‍ ഇതൊക്കെ ധാരാളം. ഉര്‍ദുഗാന്‍ ആരോപണങ്ങളെ നിഷേധിക്കാനൊന്നും പോയില്ല. യൗവനകാലത്ത് താന്‍ ചില തീവ്ര ആശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ''അത് അന്നത്തെ അഭിപ്രായമാണ്; ഇന്ന് അഭിപ്രായം മാറി. ഞങ്ങള്‍ യൂറോപ്യന്‍ വിരുദ്ധരായിരുന്നു. ഇന്ന് യൂറോപ്യന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നു. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുന്നു എന്നാണ് ആരോപണമെങ്കില്‍, ഇസ്‌ലാം ഒരു മതമാണ്, ജനാധിപത്യം ഒരു ഭരണരീതിയും. രണ്ടിനെയും താരതമ്യം ചെയ്യേണ്ട കാര്യമില്ല. ജനക്ഷേമം ഉറപ്പുവരുത്തുക എന്നതിനാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്.'' ഇസ്തംബൂള്‍ മേയറായിരിക്കെ കോണ്‍ട്രാക്റ്റുകള്‍ അനുവദിച്ചതിലും മറ്റും ഉര്‍ദുഗാന്‍ അഴിമതി നടത്തിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ ആരോപിച്ചെങ്കിലും, അതൊക്കെയും ബ്ലാക്‌മെയില്‍ ചെയ്ത് ഭരണത്തിലേറുന്നതില്‍നിന്ന് അദ്ദേഹത്തെ തടയാനാണെന്ന് ജനത്തിന് ഉറപ്പായിരുന്നു.

ഇലക്ഷന്‍ കമീഷന്‍ ഇടക്കിടെ യോഗം ചേര്‍ന്ന് ഉര്‍ദുഗാനു മേല്‍ ഓരോരോ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നുകൊണ്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന ഒരാളെ ഭരണസംവിധാനങ്ങള്‍ പ്രതികാരചിന്തയോടെ വേട്ടയാടുകയാണെന്ന് ഏതൊരു സാധാരണ വോട്ടര്‍ക്കും ബോധ്യമാവുകയായിരുന്നു. സര്‍വേകളില്‍ അക് പാര്‍ട്ടിക്കുള്ള പിന്തുണ 30 ശതമാനമായി ഉയര്‍ന്നപ്പോള്‍ തൊട്ടടുത്ത എതിര്‍ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ഇരുപത് ശതമാനം പിന്തുണച്ചു. ഒരു 'ഫണ്ടമെന്റലിസ്റ്റ്' അധികാരത്തിലെത്തിയാലുണ്ടാവുന്ന 'ദേശീയ ദുരന്തങ്ങള്‍' ആയിരുന്നു അവരുടെ മുഖ്യ പ്രചാരണായുധം. താനൊരു ഫണ്ടമെന്റലിസ്റ്റോ ഇസ്‌ലാമിസ്റ്റോ അല്ലെന്ന് ഉര്‍ദുഗാന്‍ പ്രതികരിച്ചു. ഇത് പരമ്പരാഗത ഇസ്‌ലാമിസ്റ്റ് വോട്ടുകള്‍ കുറച്ചെങ്കിലും അദ്ദേഹത്തിന് നഷ്ടപ്പെടുത്തിയിട്ടുണ്ടാവാമെങ്കിലും, പരമ്പരാഗത വൃത്തത്തിനു പുറത്തുള്ള വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ ഇതുവഴി അദ്ദേഹത്തിന് സാധിച്ചു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 34 ശതമാനം വോട്ട് നേടി അക് പാര്‍ട്ടി ഒന്നാമതെത്തി. 550 അംഗ പാര്‍ലമെന്റില്‍ 363 സീറ്റും അവര്‍ സ്വന്തമാക്കി. ഒരു പതിറ്റാണ്ടിനു ശേഷം ഇതാദ്യമായാണ് ഒരു കക്ഷിക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 19 ശതമാനം വോട്ട് ലഭിച്ചു. നജ്മുദ്ദീന്‍ അര്‍ബകാന്റെ സആദ പാര്‍ട്ടിക്ക് രണ്ട് ശതമാനം വോട്ടേ ലഭിച്ചുള്ളൂ. പ്രധാനമന്ത്രി ബുലന്ദ് അജാവീദിന്റെ പാര്‍ട്ടിക്കാകട്ടെ അത്രപോലും ലഭിച്ചില്ല. മത്സരിച്ച മറ്റു പതിനാറ് പാര്‍ട്ടികളുടെയും സ്ഥിതി ഏറക്കുറെ ഇങ്ങനെത്തന്നെ. പത്തു ശതമാനം വോട്ട് ഷെയര്‍ ഇല്ലാത്തതിനാല്‍ അവക്കൊന്നും പാര്‍ലമെന്റില്‍ സീറ്റുകള്‍ നേടാനായില്ല. സീറ്റുകളെല്ലാം ആദ്യത്തെ രണ്ട് കക്ഷികള്‍ വീതംവെച്ചെടുത്തു. ഒരു തലമുറമാറ്റവും ഇവിടെ നടക്കുന്നുണ്ട്. താന്‍സു സില്ലര്‍ ട്രൂ പാത്ത് പാര്‍ട്ടിയുടെയും മസൂദ് 

യില്‍മാസ് മദര്‍ലാന്റ് പാര്‍ട്ടിയുടെയും നേതൃപദവി ഒഴിഞ്ഞു.  പാര്‍ലമെന്റില്‍ ഒട്ടേറെ പുതുമുഖങ്ങള്‍. 26 സ്ത്രീകളും പാര്‍ലമെന്റിലെത്തി. അവരില്‍ 14 പേര്‍ അക് പാര്‍ട്ടി ബാനറില്‍. തകര്‍ന്നുകൊണ്ടിരുന്ന സമ്പദ്ഘടനയില്‍ വലിയ ആത്മവിശ്വാസമാണ് അക് പാര്‍ട്ടി വിജയം സൃഷ്ടിച്ചത്. ലീറയുടെ മൂല്യം ഒറ്റയടിക്ക് 4 ശതമാനം വര്‍ധിച്ചു. ദിവസങ്ങള്‍ക്കകം സ്റ്റോക്ക് മാര്‍ക്കറ്റ് 35 ശതമാനം കുതിപ്പ് രേഖപ്പെടുത്തി. ഒപ്പം തന്നെ ഉര്‍ദുഗാന്റെ പ്രഖ്യാപനവുമെത്തി. കടങ്ങള്‍ നല്‍കിയും നികുതി കുറച്ചും വെള്ളം, ഇലക്ട്രിസിറ്റി എന്നിവയുടെ കരം ഇളവ് ചെയ്തും ചെറുകിട വ്യവസായികളെ സഹായിക്കുമെന്നായിരുന്നു പ്രഖ്യാപനം.

തെരഞ്ഞെടുപ്പു കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പ്രധാനമന്ത്രി ആരാണെന്ന് തീരുമാനമായിട്ടില്ല. 70 ശതമാനം ജനങ്ങളും ഉര്‍ദുഗാന്‍ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ, തല്‍പരകക്ഷികള്‍ ഉണ്ടാക്കിവെച്ച നിയമക്കുരുക്കുകള്‍ തടസ്സമായി നില്‍ക്കുന്നു. ഉര്‍ദുഗാന് ന്യായമായും അവകാശപ്പെട്ട സ്ഥാനമാണ് തട്ടിത്തെറിപ്പിക്കുന്നത്. പകരമൊരാള്‍ വന്നാല്‍ തന്നെ ഉര്‍ദുഗാന്‍ തന്നെയായിരിക്കും ഫലത്തില്‍ ആ ഭരണത്തെ നയിക്കുക. ഒരു പ്രധാനമന്ത്രിയെപ്പോലെ തന്നെയാണ് ഉര്‍ദുഗാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതും. എല്ലാ ദേശീയ നേതാക്കളുമായും അദ്ദേഹം ബന്ധപ്പെട്ടുകൊണ്ടിരുന്നു. യൂറോപ്പിലേക്ക് ഒരു യാത്രയും അദ്ദേഹം നടത്തി. സൈപ്രസ് പ്രശ്‌നം ചര്‍ച്ച ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്റെ പകരക്കാരനെ പ്രഖ്യാപിച്ചു-തന്റെ വലംകൈയായ അബ്ദുല്ല ഗുല്‍. പക്ഷേ, പാര്‍ട്ടിയെയും ഭരണത്തെയും മുന്നില്‍ നിന്ന് നയിച്ചത് ഉര്‍ദുഗാന്‍ തന്നെയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സദ്ദാമിനെ പുറത്താക്കാന്‍ ഇറാഖ് അധിനിവേശത്തിനൊരുങ്ങുന്ന സമയമാണ്. അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നിറക്കാനും പറന്നുയരാനും തുര്‍ക്കിയിലെ മിലിട്ടറി എയര്‍പോര്‍ട്ടുകള്‍ കൂടിയേ തീരൂ. ഉര്‍ദുഗാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യമാണ് കൂടുതല്‍ ചര്‍ച്ചയായത്. പകരമായി വന്‍ സാമ്പത്തിക സഹായവും അമേരിക്ക ഓഫര്‍ ചെയ്തിരുന്നു. അതേസമയം അമേരിക്കക്ക് തുര്‍ക്കി മണ്ണില്‍ താവളം അനുവദിച്ചാല്‍ ഉണ്ടാകാന്‍ പോവുന്ന വന്‍ ജനകീയ പ്രക്ഷോഭത്തെക്കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. അമേരിക്കയെ പിണക്കാതെയും എന്നാല്‍ താവളം നല്‍കാമെന്ന് വാക്കു കൊടുക്കാതെയും ഉര്‍ദുഗാന്‍ അവിടെനിന്ന് രക്ഷപ്പെട്ടു. പിന്നെയും അമേരിക്ക പല രീതിയില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും പലതരം വൈകിപ്പിക്കല്‍ തന്ത്രങ്ങളിലൂടെ ഒരുവിധം അദ്ദേഹം പിടിച്ചുനിന്നു.

ഉര്‍ദുഗാന്‍ തുര്‍ക്കിയില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു നിയമഭേദഗതി കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു പാര്‍ലമെന്റ്. 'ആശയപരവും അരാജകത്വപരവുമായ പ്രവൃത്തി'കളില്‍ ഏര്‍പ്പെടുന്നവരെ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതില്‍നിന്ന് തടയുന്ന നിയമമാണ് ഭേദഗതി ചെയ്യുന്നത്. പാര്‍ലമെന്റ് ഭേദഗതി പാസാക്കിയെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി നിയമം ഭേദഗതി ചെയ്യാനാവില്ലെന്നു പറഞ്ഞ് തുര്‍ക്കി പ്രസിഡന്റ് അഹ്മദ് സെസര്‍ അത് തിരിച്ചയച്ചു. വീണ്ടും ഭേദഗതി പാര്‍ലമെന്റില്‍ തന്നെ എത്തി. നേരത്തേ എതിര്‍ത്തിരുന്ന പ്രതിപക്ഷം പോലും ഭേദഗതിയെ അനുകൂലിച്ചു. ന്യായമായും ലഭിക്കേണ്ട പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് ഇനിയും ഉര്‍ദുഗാനെ തടയുന്നത് ശരിയല്ലെന്ന് അവര്‍ക്ക് തോന്നിക്കാണണം. പാര്‍ലമെന്റ് രണ്ടാമതും പാസാക്കിയ ബില്‍ തിരിച്ചയക്കാന്‍ പ്രസിഡന്റിന് അധികാരമില്ല. അങ്ങനെ 2002 ഡിസംബര്‍ അവസാനത്തില്‍ ഭേദഗതി പ്രാബല്യത്തില്‍ വന്നു. ഉര്‍ദുഗാന് പാര്‍ലമെന്റില്‍ എത്താനുള്ള വഴിയൊരുങ്ങി. ഉര്‍ദുഗാന്റെ ഭാര്യ അമീനയുടെ ജന്മസ്ഥലമായ സീര്‍ത്ത് പ്രവിശ്യയില്‍ കൃത്രിമങ്ങള്‍ പിടിക്കപ്പെട്ടതിനാല്‍ തെരഞ്ഞെടുപ്പ് അസാധുവാക്കിയിരുന്നു. 2003 മാര്‍ച്ച് ഒമ്പതിന് അവിടെ തെരഞ്ഞെടുപ്പ് നടന്നു. മൂന്ന് സ്വതന്ത്ര സീറ്റുകളാണ് ഉണ്ടായിരുന്നത്. 85 ശതമാനം വോട്ടുകള്‍ നേടി മൂന്ന് സീറ്റുകളും അക് പാര്‍ട്ടി സ്വന്തമാക്കി. അങ്ങനെ 49-ാം വയസ്സില്‍ ഉര്‍ദുഗാന്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രിയായി. പുനഃസംഘടിപ്പിക്കപ്പെട്ട മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായി അബ്ദുല്ല ഗുലും സ്ഥാനം പിടിച്ചു. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി