കാലത്തിന്റെ രൂപഭേദങ്ങളറിയുക; ലോകത്തിന്റെ ഗതിമാറ്റങ്ങളും
''സ്വര്‍ഗത്തിനു പകരമായി വിശ്വാസികളില്‍നിന്ന് അവരുടെ ശരീരവും സമ്പത്തും അല്ലാഹു വിലകൊടുത്തു വാങ്ങിയിരിക്കുന്നു'' (അത്തൗബ: 111).
അല്ലാഹുവിന് ശരീരവും സമ്പത്തും വില്‍ക്കുന്നതും അവനു മാത്രമായി വിധേയപ്പെടുന്നതും അവന്റെ മാര്‍ഗത്തില്‍ സൈനികവൃത്തി നടത്തുന്നതും ഏറെ ലാഭകരവും അതിലേറെ ശ്രേഷ്ഠകരവുമായൊരു കച്ചവടമാണ് എന്നറിയാനുദ്ദേശ്യമുണ്ടെങ്കില്‍ ലഘുവായ ഈ ആഖ്യാനമൊന്നു കേള്‍ക്കൂ.
ഒരിക്കല്‍ ഒരു രാജാവ് തന്റെ പ്രജകളില്‍ രണ്ടു പേരെ ഒരു കാര്യം വിശ്വസിച്ചേല്‍പ്പിച്ചു. ഓരോരുത്തര്‍ക്കും അദ്ദേഹം വിശാലമായ ഓരോ കൃഷിയിടം നല്‍കി. കൃഷി ചെയ്യാനാവശ്യമായ സാമഗ്രികളും ആയുധങ്ങളും ഉപകരണങ്ങളുമൊക്കെ വിതരണം ചെയ്തു. പിന്നീട് തന്റെ വിശ്വസ്ത സേവകരിലൊരാളെ രാജാവ് ആ രണ്ടു പ്രജകളുടെയടുത്തേക്ക് ഒരു പ്രത്യേക ദൂതുമായി പറഞ്ഞയച്ചു. സേവകന്‍ വന്ന് രണ്ടു പേരോടുമായി പറഞ്ഞു:
''സുഹൃത്തുക്കളേ, നിങ്ങളുടെ കൈവശമുള്ള സൂക്ഷിപ്പുമുതല്‍ എന്നെയേല്‍പ്പിക്കൂ. ഞാനതു നന്നായി സംരക്ഷിക്കാം. സംഘര്‍ഷഭരിതമായ സന്ദിഗ്ധഘട്ടത്തില്‍ ഒരിക്കലുമത് പാഴാവില്ലെന്ന് ഞാനുറപ്പുതരുന്നു. യുദ്ധമവസാനിക്കുമ്പോള്‍ ഞാനത് നിങ്ങള്‍ രണ്ടുപേര്‍ക്കും മടക്കിത്തരും. മുന്തിയ വിലയും ഞാനതിന് നിങ്ങള്‍ക്ക് തരാം. സൂക്ഷിപ്പുമുതല്‍ നിങ്ങളെ സംബന്ധിച്ചേടത്തോളം ഒരു സാമ്രാജ്യത്തിന് സമാനമാണെന്ന് എനിക്കറിയാം. ഇനിമുതല്‍ നിങ്ങളുടെ നിയന്ത്രണത്തിലുള്ള കൃഷിഭൂമിയും കാര്‍ഷികോപകരണവും എന്റെ പണിശാലയില്‍ എന്റെ നാമധേയത്തില്‍ എന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുകൊള്ളും. ഒന്നില്‍നിന്ന് ആയിരമായി അതിന്റെ വില ഉയരാന്‍ പോകുന്നു. ലാഭം മുഴുവന്‍ നിങ്ങള്‍ക്കാണ് കിട്ടാന്‍ പോകുന്നത്. കൃഷിഭൂമിക്കു വേണ്ട ചെലവുകളും ബാധ്യതകളും ഞാന്‍ നിര്‍വഹിക്കും. അത് താങ്ങാനുള്ള കഴിവും ശേഷിയുമില്ലാത്ത ദുര്‍ബലരും ദരിദ്രരുമാണ് നിങ്ങള്‍. കൃഷിയിടത്തില്‍നിന്ന് കിട്ടാനിരിക്കുന്ന വിളകളുടെയും പ്രയോജനങ്ങളുടെയും ഉടമസ്ഥര്‍ നിങ്ങള്‍ തന്നെയായിരിക്കും. വാഗ്ദത്ത സമയം എത്തിയാല്‍ തുടര്‍ന്നും അനുഭവിക്കാന്‍ പാകത്തില്‍ കൃഷിഭൂമി നിങ്ങള്‍ക്കായി ഞാന്‍ ബാക്കിവെക്കും. ഒറ്റയടിക്ക് അഞ്ച് ലാഭങ്ങള്‍ നിങ്ങളെത്തേടിയെത്താനിരിക്കുന്നു. ഇനി നിങ്ങളത് എന്നെയേല്‍പ്പിക്കുന്നില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് എന്നന്നേക്കുമായി നഷ്ടപ്പെടും. കാരണം നിങ്ങളില്‍ ആര്‍ക്കുമത് പിടിച്ചുവെക്കാന്‍ കഴിയില്ല. കിട്ടേണ്ടിയിരുന്ന മുന്തിയ വിലയും നിങ്ങള്‍ക്ക് നഷ്ടമാകും. അമൂല്യമായ ആ നിധിശേഖരങ്ങളും അപരിമേയമായ ആ സാധനസാമഗ്രികളുമൊക്കെ വൃഥാവിലാകും. ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ സംഭവിക്കുന്ന അനര്‍ഥമാണത്. കൃഷിഭൂമിയുടെ മാനേജ്‌മെന്റും അവിടത്തെ ചെലവുകളും നിങ്ങള്‍ വഹിക്കേണ്ടിവരും. വിശ്വസിച്ചിട്ടു ചതിച്ചാല്‍ അതിന്റെ അനന്തരാഘാതം നിങ്ങള്‍ അനുഭവിക്കും. ഒറ്റയടിക്കായിരിക്കും അഞ്ച് നഷ്ടങ്ങള്‍ വന്നെത്തുക.
''ഇതിനെല്ലാമുപരി മറ്റൊരു കാര്യം കൂടി മനസ്സിലാക്കണം. ഈയൊരു കച്ചവടം വഴി കച്ചവടം നടത്തുന്നയാള്‍ എനിക്കേറ്റവും പ്രിയപ്പെട്ട സ്വതന്ത്രനായൊരു വ്യാപാരിയാകാന്‍ പോകുന്നു. എന്റെ പേരു പറഞ്ഞായിരിക്കും അയാളുടെ ക്രയവിക്രയങ്ങളെല്ലാം. തടവുകാരനോ തട്ടിപ്പുകാരനോ ആയി ഒരിക്കലുമയാള്‍ മാറില്ല.''
രാജദൂതന്റെ വാക്കുകള്‍ പ്രജകള്‍ ഇരുവരും ശ്രദ്ധയോടെ കേട്ടിരുന്നു. അപ്പോള്‍ അവരിലെ ബുദ്ധിമാന്‍ പറഞ്ഞു: 'രാജകല്‍പന ഞാന്‍ ശിരസ്സാ വഹിച്ചിരിക്കുന്നു. തികഞ്ഞ ചാരിതാര്‍ഥ്യത്തോടും അഭിമാനത്തോടും സംതൃപ്തിയോടും കൂടി കച്ചവടത്തിന് ഞാന്‍ സന്നദ്ധനായിരിക്കുന്നു.''
പ്രലോഭിതനും വഞ്ചിതനുമായ അപരന്റെ മനോഭാവം വ്യത്യസ്തമായിരുന്നു. കൃഷിഭൂമി അനശ്വരമാണ് എന്നാണ് അയാള്‍ കരുതിയത്. കാലത്തിന്റെ രൂപഭേദങ്ങളും ലോകത്തിന്റെ ഗതിമാറ്റങ്ങളും അതിനേശുകയില്ലെന്നും അവന്‍ ധരിച്ചു.
'എന്ത് രാജാവ്, ഏത് രാജാവ്? കൃഷിയിടം എന്റെ സാമ്രാജ്യമാണ്. ഞാനത് വിറ്റുതുലക്കില്ല.''
അയാളുടെ പ്രതികരണം അങ്ങനെയായിരുന്നു. ദിവസങ്ങള്‍ കടന്നുപോയി. ജനക്കൂട്ടത്തിന്റെ ആദരവും സ്‌നേഹവായ്പും ഏറ്റുവാങ്ങി ഒന്നാമന്‍ മുന്നോട്ടുപോയി. രാജകൊട്ടാരത്തിന്റെ സുഖസമൃദ്ധിയനുഭവിച്ചും അയാള്‍ ജീവിച്ചു. രണ്ടാമന്റെ ഗതി പരിതാപകരമായിരുന്നു. കടുത്ത വൈഷമ്യങ്ങളില്‍ പരിക്ഷീണിതനായ അയാളെ നോക്കി ജനങ്ങള്‍ സഹതപിച്ചു. അവര്‍ പറഞ്ഞു പോയി:
'അവനത് നന്നായി അനുഭവിക്കണം. ചെയ്ത തെറ്റിന്റെ ദുഷ്ഫലം സ്വയം അനുഭവിക്കുകയാണ് അയാള്‍. ഒരിക്കലും അയാളുടെ സാമ്രാജ്യമോ പൊങ്ങച്ചമോ നിലനില്‍ക്കാന്‍ പോകുന്നില്ല.''
പ്രലോഭിത മനസ്സേ, ഈ ആഖ്യാനത്തിന്റെ കണ്ണാടിക്കിടയിലൂടെ ചടുല യാഥാര്‍ഥ്യത്തിന്റെ മുഖത്തേക്ക് നോക്കുക. അതിലെ രാജാവാണ് അനശ്വരനും രാജാധിരാജനും സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹു. കൃഷിഭൂമിയും അതിനകത്തെ സാധനസാമഗ്രികളും ഉപകരണങ്ങളും ആയുധങ്ങളുമെല്ലാം ഇഹലോകത്ത് നീ സ്വായത്തമാക്കിയ ശരീരവും ആത്മാവും ഹൃദയവും കണ്ണും കാതും ബുദ്ധിയും ഭാവനയും മറ്റു ബാഹ്യ-ആന്തര ഇന്ദ്രിയങ്ങളുമൊക്കെയാണ്. പ്രജകളുടെ അടുത്തെത്തിയ രാജദൂതന്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യാണ്. രാജദൂതന്‍ നല്‍കിയ സന്ദേശം വിശുദ്ധ ഖുര്‍ആനാണ്. സ്വര്‍ഗത്തിനു പകരമായി വിശ്വാസികളില്‍നിന്ന് അവരുടെ ശരീരവും സമ്പത്തും അല്ലാഹു വിലയ്ക്കു വാങ്ങിയിരിക്കുന്നു എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച വിശുദ്ധ ഖുര്‍ആന്‍. സംഘര്‍ഷഭരിതമായ മൈതാനവും വിനാശകാരിയായ യുദ്ധവുമെല്ലാം ഐഹികജീവിതവും അതിലെ പരീക്ഷണങ്ങളുമാണ്. അസ്ഥിരവും ക്ലിഷ്ടവുമായ ഐഹികജീവിതം. സംഭവിക്കാനിരിക്കുന്ന രൂപഭേദങ്ങളം ഗതിമാറ്റങ്ങളും മനുഷ്യനു മുന്നില്‍ ചിന്തോദ്ദീപകമായ ഒരു ചോദ്യമാണ് എറിഞ്ഞിട്ടുള്ളത്:
'നമ്മുടെ കൈവശമുള്ളതൊന്നും സുസ്ഥിരമല്ല. അവയെല്ലാം നശിച്ചു തിരോഭവിക്കും. എന്താണ് അതിനൊരു പരിഹാരം? ഈ വിനാശത്തിന് ഒരു അതിജീവനം സാധ്യമാണോ?'
ചിന്തയിലേക്ക് ആണ്ടുപോകുന്ന മനുഷ്യന്‍ അതാ ദിഗന്തങ്ങളില്‍ മുഴങ്ങുന്ന വിശുദ്ധ ഖുര്‍ആന്റെ വിളംബരം കേള്‍ക്കുന്നു. യുക്തിഭദ്രമായ ദൈവിക വചനങ്ങള്‍ ശ്രദ്ധിക്കുന്നു.
ഉണ്ട്. തീര്‍ച്ചയായും രോഗത്തിനു ചികിത്സയുണ്ട്. പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ട്. വലിയ ലാഭം അന്തര്‍ഭവിച്ചുകിടക്കുന്ന സാന്ത്വന ചികിത്സ.
അപ്പോള്‍ പരിഹാരം?
സൂക്ഷിക്കാനേല്‍പ്പിച്ച സ്വത്ത് യഥാര്‍ഥ ഉടമസ്ഥനെ തിരിച്ചേല്‍പ്പിക്കുക. ഒറ്റയടിക്ക് അഞ്ച് സ്ഥാനലബ്ധികള്‍ക്ക് അര്‍ഹമാക്കുന്ന മഹാ കച്ചവടം.
നശിക്കാനിരിക്കുന്ന സമ്പത്ത് അനശ്വരത നേടുന്നു. തിരോഭവിക്കാനിരിക്കുന്ന ആയുസ്സ് ദൈവമാര്‍ഗത്തില്‍ അര്‍പ്പിതമാവുന്നതോടെ അമരത്വം കരസ്ഥമാക്കുന്നു. അങ്ങനെ ശാശ്വതലോകത്ത് പാകപ്പെട്ട പഴങ്ങളും പ്രശോഭിതമായ സന്തോഷസൂനങ്ങളുമായി ആയുസ്സ് രൂപാന്തരപ്പെടുന്നു. മണ്ണില്‍ വിലയം പ്രാപിക്കുന്ന വിത്തുകളില്‍നിന്ന് പൂക്കളും കതിരുകളും രൂപപ്പെടുന്നതുപോലെ.
സ്വര്‍ഗമാണ് അല്ലാഹു പകരം നല്‍കുന്ന വില.
ശരീരത്തിലെ ഓരോ അവയവത്തിന്റെയും വില ഉയര്‍ന്നുയര്‍ന്ന് ഒന്നില്‍നിന്ന് ആയിരത്തിലേക്ക് വളരുന്നു.
ബുദ്ധി ഒരംശവും ഒരായുധവുമാണ്. ബുദ്ധിയെ അല്ലാഹുവിന് വില്‍ക്കാതിരിക്കുകയും യുക്തമായ മാര്‍ഗത്തില്‍ അത് പ്രയോജനപ്പെടുത്താതിരിക്കുകയും തന്നിഷ്ടത്തിന്റെ വഴിയിലേക്ക് അതിനെ തള്ളിയിടുകയുമാണെങ്കില്‍ ദുര്‍ബലവും നിന്ദ്യവുമായി അത് പരിണമിക്കും. ദുഃഖിപ്പിക്കുന്ന ഗതകാലവേദനകളും പേടിപ്പിക്കുന്ന വരുംകാല വിഹ്വലതകളും നിന്നെ പീഡിപ്പിക്കും. അതോടെ ബുദ്ധി ഉപദ്രവകാരിയായ ഒരു ഉപാധിയായി തരംതാഴും. ബൗദ്ധിക ധര്‍മങ്ങള്‍ വിസ്മരിച്ച് സ്വാര്‍ഥപ്രേരിതനായി വിനോദത്തിലും ലഹരിയിലും മുഴുകി ജീവിതയാഥാര്‍ഥ്യത്തില്‍നിന്ന് ധിക്കാരികള്‍ ഓടിപ്പോകുന്നത് എങ്ങനെയെന്ന് നീ കാണുന്നില്ലേ? അതേസമയം ബുദ്ധിയെ അല്ലാഹുവിനു വില്‍ക്കുകയും അര്‍ഹിക്കുന്ന രീതിയില്‍ പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ അപരിമേയമായ ദൈവകാരുണ്യത്തിന്റെയും ജ്ഞാനസിദ്ധിയുടെയും കുംഭഗോപുരങ്ങള്‍ തുറക്കുന്ന താക്കോലായി അതു മാറും. അത്തരം ബുദ്ധിയുടെ ഉടമസ്ഥര്‍ എവിടേക്ക് നോക്കിയാലും എന്തു ചിന്തിച്ചാലും സമസ്ത വസ്തുക്കളിലും പ്രതിഭാസങ്ങളിലും ദൈവത്തിന്റെ യുക്തിവൈഭവം കണ്ടെത്തും, ദൈവകാരുണ്യത്തിന്റെ ശോഭ ദര്‍ശിക്കും. അങ്ങനെ നിത്യസൗഭാഗ്യം അനുഭവിക്കാന്‍ സജ്ജനായ ഒരു മാര്‍ഗദര്‍ശിയുടെ പദവിയിലേക്ക് ഒടുവില്‍ ബുദ്ധി ഉയര്‍ന്നെത്തും.
ഇതുപോലെ തന്നെയാണ് കണ്ണിന്റെ കാര്യവും. സംഭവലോകത്തേക്ക് ആത്മാവ് ഇറങ്ങിവരുന്നത് കണ്ണിലൂടെയാണ്.
മൊഴിമാറ്റം:
ഡോ. കുഞ്ഞുമഹമ്മദ് പുലവത്ത്
Comments