Prabodhanm Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

പ്രവാചകന്റെ ജീവിതവും അധ്യാപനങ്ങളും-2

ആനിബസന്റ്

1903-ല്‍ ജുനഗഡില്‍ നടത്തിയ പ്രഭാഷണം-തുടര്‍ച്ച

അനുയായികളേക്കാള്‍ വിശാലഹൃദയനായിരിക്കും പ്രവാചകന്‍. ആ പേരിനോട് സ്വയം ചേര്‍ത്തുപറയുന്നവരേക്കാള്‍ ഉദാരനും. പുനരുത്ഥാനനാളില്‍ ഓരോ മതസ്ഥര്‍ക്കും തങ്ങള്‍ ഭിന്നിച്ച വിഷയങ്ങള്‍ ദൈവം വിശദീകരിച്ചുകൊടുക്കുന്നതിനെയും അനന്തരം അവരെ പരസ്പരം വെറുക്കുകയോ നോവിക്കുകയോ ചെയ്യാന്‍ അനുവദിക്കാതെ സമാധാനത്തോടെ ഒരുമിച്ചു താമസിപ്പിക്കുന്നതിനെയും കുറിച്ച് പ്രവാചകന്‍ നടത്തിയ അതിശയകരമായ പ്രസ്താവന നിങ്ങള്‍ ഓര്‍ക്കണം. ആ പ്രബോധനം മതി ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും യഹൂദര്‍ക്കും പാര്‍സികള്‍ക്കും ക്രൈസ്തവര്‍ക്കും ഇടയിലെ വെറുപ്പും വിദ്വേഷവും അവസാനിക്കാന്‍. 

നഗരവീഥിയിലൂടെ ഒരു ശവഘോഷയാത്ര പോവുമ്പോള്‍ പ്രവാചകന്‍ ആദരപൂര്‍വം എഴുന്നേറ്റുനിന്നു. ഒരാള്‍ പ്രവാചകനോട് പറഞ്ഞു: 'ഒരു ജൂതന്റെ ശവമാണല്ലോ അത്.'' പ്രവാചകന്‍ പറഞ്ഞു: 'മൃതദേഹം ജൂതന്റേതോ ക്രിസ്ത്യാനിയുടേതോ മുസല്‍മാന്റേതോ ആരുടേതുമാവട്ടെ, നിങ്ങള്‍ അതിനെ ബഹുമാനിച്ചു എഴുന്നേറ്റുനില്‍ക്കണം.'' 

പ്രവാചകന്റെ അധ്യാപനങ്ങള്‍ പഠിക്കുമ്പോള്‍ നിങ്ങള്‍ക്ക് അദ്ദേഹത്തോട് അഗാധമായ ബഹുമാനവും ഒരുവേള ആദരവപൂര്‍ണമായ അനുരാഗം തന്നെയും തോന്നാതിരിക്കില്ല. 

വലിയ വിജയമൊന്നും പ്രവാചകന് നേടാന്‍ സാധിച്ചില്ല. മൂന്നു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ മുപ്പത് അനുയായികളെയാണ് അദ്ദേഹത്തിന് ലഭിച്ചത്. നിഷ്ഠുരമായ ദേഹോപദ്രവങ്ങള്‍ മൂലം അനുയായികള്‍ പലായനം ചെയ്തു. ആജീവനാന്തം തന്നോട് വിശ്വസ്തത പുലര്‍ത്തിയ പിതൃവ്യന്‍ ഇങ്ങനെ നിര്‍ദേശിച്ചു: 'നിന്റെ ആദര്‍ശങ്ങള്‍ ഉപേക്ഷിക്കുക. പ്രതീക്ഷിക്കാന്‍ ഇനിയൊന്നുമില്ല.'' പ്രവാചകന്‍ നല്‍കിയ മറുപടി ഇങ്ങനെ: 'ദൈവമാണ, അവര്‍ എന്റെ വലതു കൈയില്‍ സൂര്യനെയും ഇടതു കൈയില്‍ ചന്ദ്രനെയും വെച്ചുതന്നാല്‍ പോലും ഞാന്‍ എന്റെ ദൗത്യം ഉപേക്ഷിക്കുകയില്ല.'' പിതൃവ്യന് നേരിയ അനിഷ്ടം ഉണ്ടെന്നു തോന്നുകയാല്‍ അദ്ദേഹം സങ്കടം മറയ്ക്കാന്‍ ഉത്തരീയം കൊണ്ട് മുഖം മറച്ച് തിരിഞ്ഞു നടക്കാന്‍ തുടങ്ങി. പിതൃവ്യന്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ചു: 'നില്‍ക്കൂ! നില്‍ക്കൂ!  നിനക്ക് ഇഷ്ടമുള്ളത് നീ പ്രബോധനം ചെയ്തുകൊള്ളുക. തിരിഞ്ഞുപോവരുത്.'' 

ഒരു കഥ ഞാന്‍ നിങ്ങള്‍ക്ക് വായിച്ചുകേള്‍പ്പിക്കാം. പ്രവാചകപ്രഭുവിന് നര്‍മബോധം ഉണ്ടായിരുന്നു. ഒരിക്കല്‍ ഈത്തപ്പനയുടെ ചുവട്ടില്‍ ഉറങ്ങുകയായിരുന്നു അദ്ദേഹം. ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ച വാളുമായി ശത്രു. അയാള്‍ ചോദിക്കുന്നു: 'മുഹമ്മദേ, നിന്നെ ആരു രക്ഷിക്കും?'' മുഹമ്മദിന്റെ മറുപടി വേഗം വന്നു: 'ദൈവം.'' ശത്രുവിന്റെ കൈയില്‍നിന്ന് വാള്‍ നിലത്തുവീണു. മുഹമ്മദ് വാളെടുത്തു. ''നിന്നെ ആര്‍ രക്ഷപ്പെടുത്തും?'' മുഹമ്മദ് ചോദിച്ചു. 'ആരുമില്ല'' എന്നായിരുന്നു മറുപടി. വാള്‍ തിരിച്ചുനില്‍കിക്കൊണ്ട് പ്രവാചകന്‍ പറഞ്ഞു: 'എങ്കില്‍ കനിവുള്ളവനായിരിക്കാന്‍ എന്നില്‍നിന്നും പഠിക്കുക.'' സദാ നിര്‍ഭയനായിരുന്നു അദ്ദേഹം. കാരണം താന്‍ തനിച്ചല്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. 

പിന്നീട് മദീനയിലേക്ക് പോയ അദ്ദേഹം അവിടെ തന്റെ ദൗത്യം തുടര്‍ന്നു. അനുചരന്മാര്‍ അദ്ദേഹത്തോട് കാണിച്ച സ്‌നേഹവായ്പിന്റെ ആഴം വ്യക്തമാക്കുന്ന ചാരുതയാര്‍ന്ന ഒരു സന്ദര്‍ഭം ഇവിടെ വായിച്ചുകേള്‍പ്പിക്കുന്നതു നന്നാവുമെന്നു തോന്നുന്നു: ഒരു യുദ്ധം ജയിച്ച സമയം. സമരാര്‍ജിത സമ്പത്ത് വീതം വെക്കുകയാണ്. പ്രവാചകനെ ഏറ്റവുമധികം കാലം പിന്തുടര്‍ന്നവര്‍ സ്വത്ത് വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുകയും തങ്ങള്‍ എമ്പാടും യാതന അനുഭവിച്ചവരാണ് എന്നു പറയുകയും ചെയ്തു. പ്രവാചകന്‍ പറഞ്ഞു: 'നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍തന്നെ പിടിച്ചുവെക്കുന്നതായി ഞാന്‍ കേട്ടു. ഞാന്‍ നിങ്ങളിലേക്കു വന്നപ്പോള്‍ നിങ്ങള്‍ അന്ധകാരത്തിലായിരുന്നു. ദൈവം നിങ്ങള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനം നല്‍കി. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നു. ദൈവം നിങ്ങളുടെ ഹൃദയങ്ങളെ സഹോദരസ്‌നേഹം കൊണ്ട് നിര്‍ഭരമാക്കി. ശരിയല്ലേ? നിങ്ങള്‍ തന്നെ പറയൂ.'' 

അവരുടെ മറുപടി ഇങ്ങനെയായിരുന്നു: 'അതേ. താങ്കള്‍ പറഞ്ഞത് സത്യം. ദൈവത്തില്‍നിന്നും അവന്റെ ദൂതനില്‍നിന്നുമാണ് കാരുണ്യവും ഐശ്വര്യവും.'' 

പ്രവാചകന്‍ പ്രതിവചിച്ചു: 'എന്നാല്‍ വാസ്തവത്തില്‍ നിങ്ങള്‍ പറയേണ്ടിയിരുന്നത് അങ്ങനെയല്ല. നിങ്ങള്‍ക്ക് ഇങ്ങനെ പറയാമായിരുന്നു: 'താങ്കള്‍ തിരസ്‌കൃതനായി ഞങ്ങളിലേക്കു വന്നപ്പോള്‍ ഞങ്ങള്‍ നിങ്ങളില്‍ വിശ്വസിച്ചു. നിങ്ങള്‍ നിസ്സഹായനായ അഭയാര്‍ഥിയായി വന്നപ്പോള്‍ ഞങ്ങള്‍ താങ്കളെ സഹായിച്ചു. താങ്കള്‍ ദരിദ്രനും പുറംതള്ളപ്പെട്ടവനുമായിരുന്നു. അപ്പോള്‍ ഞങ്ങള്‍ താങ്കള്‍ക്ക് ആഹാരവും അഭയവും നല്‍കി.' നിങ്ങള്‍ ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അതു വാസ്തവമാകുമായിരുന്നു. ഐഹിക ജീവിതത്തിലെ കാര്യങ്ങള്‍ ഓര്‍ത്ത് നിങ്ങള്‍ എന്തിനു വിഷമിക്കുന്നു? ജനങ്ങള്‍ അവരുടെ വീടുകളിലേക്ക് ഒട്ടകങ്ങളെയും ആടുകളെയും കൊണ്ടുപോവുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്ക് ദൈവദൂതനെയും കൊണ്ടുപോവുന്നത് നിങ്ങളെ സന്തോഷിപ്പിക്കുന്നില്ലേ? എന്റെ ജീവന്‍ ആരുടെ കരങ്ങളിലാണോ അവന്‍ സത്യം, നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ഞാനും നിങ്ങളുടെ കൂടെയുണ്ടാവും. ഞാനൊരിക്കലും നിങ്ങളെ വിട്ടുപോവുകയില്ല. ജനങ്ങള്‍ മുഴുവന്‍ ഒരു വഴിക്കും നിങ്ങള്‍ വേറൊരു വഴിക്കും നീങ്ങുകയാണെങ്കില്‍ ഞാനുണ്ടാവുക നിങ്ങളോടൊപ്പമായിരിക്കും. ദൈവം നിങ്ങളെയും നിങ്ങളുടെ മക്കളെയും അവരുടെ മക്കളെയും അനുഗ്രഹിക്കട്ടെ.'' പ്രവാചകന്റെ ഈ സംസാരം അവരുടെ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ പ്രവഹിപ്പിച്ചു. ആ വീരയോദ്ധാക്കളുടെ താടിരോമങ്ങളിലൂടെ അശ്രുകണങ്ങള്‍ ഇറ്റിവീണു. 

ഇതായിരുന്നു ജനങ്ങളില്‍ അദ്ദേഹം ഉണ്ടാക്കിയ സ്വാധീനം. അഗാധമായ സ്‌നേഹം. അതുകൊണ്ടാണ് തന്റെ മതത്തിന്റെ പേരില്‍ ലജ്ജിക്കുന്ന ഒരു മുസ്‌ലിമിനെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്തത്. നിങ്ങള്‍ കാണുന്ന മുസല്‍മാന്‍ പ്രാര്‍ഥനയുടെ സമയമാകുമ്പോള്‍ താനുള്ളത് പ്രവാചകനെ അവഹേളിക്കുന്നവരുടെ കൂടെയാണെങ്കില്‍പോലും പ്രാര്‍ഥിക്കും. അവരെയൊന്നും അവന്‍ കാര്യമാക്കുകയേ ഇല്ല. മറ്റു മതവിശ്വാസികള്‍ക്കിടയില്‍ വളരെ അപൂര്‍വമാണിത്. നൂറ്റാണ്ടുകളായി കൈമാറിവരുന്ന അതിശയകരമായ സ്വാധീനങ്ങളുടെ ഓര്‍മയില്‍നിന്നുണ്ടാവുന്നതാണത്. അദ്ദേഹത്തില്‍നിന്ന് അനുചരന്മാരുടെ ഹൃദയങ്ങളിലേക്ക് ഇപ്പോഴും പ്രസരിക്കുന്ന സ്വാധീനം. പ്രവാചകനും അനുചരനും തമ്മില്‍ അഭേദ്യമായ ഒരു ബന്ധം അതു തീര്‍ക്കുന്നുണ്ട്. സുശക്തമായ ഒരു മാനവികത, മഹത്വത്തിന്റെ ശക്തമായ സ്ഫുരണം മഹാനായ ഈ ഗുരുനാഥനില്‍ ഉള്ളതുകൊണ്ടാണിത്. ഏറ്റവും ശ്രദ്ധേയമായ സംഗതി അദ്ദേഹത്തോടുള്ള അവരുടെ സ്‌നേഹത്തിന് പോറലേല്‍പ്പിക്കാന്‍ യാതൊന്നിനും സാധിച്ചിട്ടില്ല എന്നതാണ്. മഹാനായ പ്രവാചകനായിട്ടല്ലാതെ മറ്റൊരു നിലയിലും അവര്‍ക്ക് അദ്ദേഹത്തെ കാണാനാവുകയില്ല. 

തന്നില്‍നിന്ന് സംഭവിക്കാന്‍ സാധ്യതയുള്ള ഒരു വീഴ്ചയും മറച്ചുവെക്കാന്‍ പ്രവാചകന്‍ ശ്രമിച്ചില്ല. ഒരു കഥ ഓര്‍മ വരുന്നു: പാവപ്പെട്ട ഒരന്ധന്‍* പ്രവാചകനെ സമീപിച്ച് ഉപദേശം തേടി. നാട്ടിലെ പ്രമാണിമാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍ പ്രവാചകന്‍. അതിനാല്‍ അദ്ദേഹം ആ പാവം മനുഷ്യന്‍ പറയുന്നത് ശ്രദ്ധിച്ചില്ല. മൂന്നു തവണ അയാള്‍ പ്രവാചകനോട് ഉപദേശം തേടി. മൂന്നു തവണയും അവഗണന തുടര്‍ന്നു. പിറ്റേന്ന് പ്രഭാതത്തില്‍ പ്രവാചകന്‍ പാവപ്പെട്ട ആ അന്ധനെ ക്ഷണിച്ചുവരുത്തി തലേന്നു രാത്രി തനിക്കുണ്ടായ വെളിപാട് കേള്‍പ്പിച്ചു. 'അന്ധന്‍ തന്നെ വന്നുകണ്ടപ്പോള്‍ അദ്ദേഹം മുഖം ചുളിച്ചു' എന്ന വചനമായിരുന്നു അത്. ഖുര്‍ആനില്‍ ഇപ്പോഴും അതുണ്ട്. പ്രവാചകപ്രഭു അന്ധനെ തന്നോട് ചേര്‍ത്തുനിര്‍ത്തുകയും ആദരണീയമായ സ്ഥാനം നല്‍കുകയും ഭവ്യതയോടെ പെരുമാറുകയും ചെയ്തു. 'ഈ മനുഷ്യന്‍ ഹേതുവായാണ് എന്റെ നാഥന്‍ എന്നെ ശാസിച്ചത്' എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. സ്വന്തം തെറ്റ് സമ്മതിക്കാനുള്ള വിനയം, തിരുത്താനുള്ള സന്നദ്ധത, അബദ്ധം ഏറ്റുപറയല്‍ എന്നിവ ലോകഗുരുക്കളില്‍ അത്ര സാധാരണമല്ല. എന്നാല്‍ പ്രവാചകനില്‍ നിങ്ങള്‍ക്കത് വീണ്ടും വീണ്ടും കാണാം. 

മുസ്‌ലിം ജനപദങ്ങളുടെ വ്യക്തിത്വരൂപവത്കരണത്തെ സ്വാധീനിച്ച ഇങ്ങനെയുള്ള ഒട്ടേറെ കാര്യങ്ങള്‍ പ്രവാചകന്റെ അധ്യാപനങ്ങളിലുണ്ട്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള അസാമാന്യമായ തന്റേടം, ആരോടും വിധേയത്വമില്ലായ്മ, പരിധി പാലിച്ചുകൊണ്ടുള്ള സ്വാഭിമാനം എന്നിവ ആ അധ്യാപനങ്ങളില്‍പെടുന്നു. ആത്മാഭിമാനത്തിന് കൈവരിക്കാവുന്ന ഏറ്റവും നല്ല രൂപങ്ങളില്‍ ഒന്നാണിത്. അതിനാല്‍ നിങ്ങള്‍ക്കവരെ സ്വതന്ത്രരും അതിഥി സല്‍ക്കാരപ്രിയരുമായി കാണാം. കുട്ടിക്കാലം മുതലേ അവരിലുള്ളതാണ് ഈ ശീലം. തങ്ങളുടെ ഗുരുനാഥന്റെ ധര്‍മപ്രബോധനങ്ങളുടെ ഫലം. 

പ്രവാചകന്റെ ചില അധ്യാപനങ്ങള്‍ നിങ്ങളെ വായിച്ചുകേള്‍പ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ ഹൃദയഹാരിയായ വാക്കുകളില്‍ നിങ്ങളതു കേള്‍ക്കണം. അദ്ദേഹം പറഞ്ഞു: 'പണ്ഡിതന്റെ തൂലികയിലെ മഷിക്ക് രക്തസാക്ഷിയുടെ രക്തത്തേക്കാള്‍ വിലയുണ്ട്.'' പ്രവാചകന്റെ മകളുടെ ഭര്‍ത്താവ് അലിയെ വലിയൊരു ശിഷ്യഗണത്തെ സ്വീകരിച്ച് പഠനഗവേഷണങ്ങള്‍ക്ക് ആരംഭം കുറിക്കാന്‍ പ്രേരിപ്പിച്ചത് ഈ മൊഴിയാണ്. ബഗ്ദാദിലെ മഹത്തുക്കളായ അറബി പണ്ഡിതന്മാര്‍ക്ക് അത് മാതൃകയായി ഭവിച്ചു. എട്ടാം നൂറ്റാണ്ടില്‍ സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്താല്‍ പ്രവാചകന്റെ അനുയായികള്‍ നടത്തിയ കണ്ടുപിടിത്തങ്ങളില്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നുകയില്ല. അനേകം ശാസ്ത്രശാഖകള്‍ അവര്‍ വികസിപ്പിച്ചു. മഹത്തായ ഇന്ത്യന്‍ ഗോളശാസ്ത്രഗ്രന്ഥങ്ങള്‍ അവര്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തി. അവയുടെ അടിസ്ഥാനത്തില്‍ പുതിയ കണ്ടെത്തലുകളിലേക്ക് മുന്നേറി. ഒടുക്കം യൂറോപ്പിനു കൈമാറി. അറബികള്‍ ഗണിതശാസ്ത്രം അഭ്യസിക്കുകയും ആ വിജ്ഞാനീയത്തെ ഏറെ സമ്പുഷ്ടമാക്കുകയും ചെയ്തത് നിങ്ങള്‍ക്ക് കാണാം. അമ്പരപ്പിക്കുന്നതായിരുന്നു വാസ്തു വിദ്യയിലെ അവരുടെ വൈഭവം. ഇന്ത്യയിലെ അതിമനോഹരങ്ങളായ സൗധങ്ങളില്‍ ചിലതു പണിതത് മുസ്‌ലിം ചക്രവര്‍ത്തിമാരാണ്. അവര്‍ ബാക്കിവെച്ച വിജ്ഞാനത്തിന്റെ ചില സമുജ്ജ്വല രേഖകളും നിങ്ങള്‍ക്കു കാണാം. 

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ എന്നു വിളിക്കപ്പെടാന്‍ മാത്രം ഇന്നത്തെ മുസല്‍മാന്മാരില്‍ അറിവില്ലാത്തവരുടെ എണ്ണം കൂടാന്‍ എന്താവാം കാരണം? മഹാന്മാരായ ചക്രവര്‍ത്തിമാര്‍ക്കു ശേഷം വിദ്യാഭ്യാസം ശോഷിച്ചു എന്നു ഞാന്‍ വിചാരിക്കുന്നു. അക്ബറും അദ്ദേഹത്തിന്റെ പുത്രനും പൗത്രനും കാലഗതി പ്രാപിച്ചു. എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള വിദ്വാന്മാരുടെ അഭയസ്ഥാനമായിരുന്നു ചക്രവര്‍ത്തിമാരുടെ ദര്‍ബാറുകള്‍. പള്ളികളോടനുബന്ധിച്ചാണ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ആരാധന മുടങ്ങിയപ്പോള്‍ ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള പള്ളിക്കൂടങ്ങള്‍ക്ക് തകര്‍ച്ച സംഭവിച്ചതുപോലെ വിദേശഭരണത്തിനു കീഴില്‍ മുസ്‌ലിം വിദ്യാലയങ്ങള്‍ക്കും തകര്‍ച്ച സംഭവിച്ചു. ഭരണത്തിലിരിക്കുന്നവരുടേതല്ലാത്ത മതക്കാരുടെ വിശ്വാസങ്ങളെയും അതുവഴി അവരുടെ വിദ്യാഭ്യാസത്തെയും തടയാനുള്ള പ്രവണത പൊതുവെ കണ്ടുവരുന്നുണ്ട്. എന്നിരുന്നാലും പല പള്ളികളോടനുബന്ധിച്ചും പ്രാഥമിക പാഠശാലകള്‍ പ്രവര്‍ത്തിക്കുന്നതു കാണാം. പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന് സാഹിത്യവും മറ്റു വിഷയങ്ങളും പഠിക്കാന്‍ പോവുന്നതിനു മുമ്പായി ഇവിടെ വെച്ച് മുസ്‌ലിം കുട്ടികള്‍ തങ്ങളുടെ വേദവും പ്രാര്‍ഥനകളും പഠിക്കുന്നു. 

അതിനാല്‍ എട്ടു മുതല്‍ പതിനാലു വരെയുള്ള നൂറ്റാണ്ടുകളിലെ മുസ്‌ലിം പണ്ഡിതന്മാരുടെ രചനകള്‍ പഠിക്കണമെന്ന് ഞാന്‍ നിങ്ങളോട്-വിശേഷിച്ചും കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം പഠിക്കാന്‍ സമയവും സൗകര്യവുമുള്ളവരോട്-ആവശ്യപ്പെടുന്നു. ഇതു പഠിക്കണമെന്നു ഞാന്‍ പറയാനുള്ള കാരണം രണ്ടു മതങ്ങള്‍ക്കിടയിലുള്ള യഥാര്‍ഥ പാലം അതാകുന്നു എന്നതിനാലാണ്. സംസ്‌കൃതത്തിലെ അദൈ്വത വേദാന്തം അറബി പണ്ഡിതന്മാര്‍ അറബിയില്‍ ആവിഷ്‌കരിച്ച അതിഭൗതിക ദര്‍ശനവുമായി സാമ്യതയുള്ളതാണെന്നും നിങ്ങള്‍ക്കു കാണാം. സദസ്സിലെ മുസ്‌ലിം ശ്രോതാക്കളോട് എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത് ഇന്നാട്ടിലെ പൗരാണിക വിശ്വാസങ്ങളും മുസ്‌ലിംകളുടെ വിശ്വാസപ്രമാണങ്ങളും തമ്മില്‍ പൊരുത്തമുണ്ട് എന്നുള്ളതാണ്. ഈ പൊരുത്തം പുറമേക്ക് മാത്രമുള്ളതല്ല. അന്തസ്സത്തയിലും ചൈതന്യത്തിലും പൊരുത്തമുണ്ട്. ഭിന്നമതവിശ്വാസങ്ങള്‍ക്കിടിയിലെ സ്പര്‍ധ തടയുന്നതിന് ഈ ഗ്രന്ഥങ്ങള്‍ ആധുനിക ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യേണ്ടത് അനിവാര്യമത്രെ. അതിഭൗതിക ശാസ്ത്രത്തിന്റെ അതിശയിപ്പിക്കുന്ന ചില സൂക്ഷ്മവശങ്ങള്‍ ഇന്ത്യന്‍ ഗ്രന്ഥങ്ങളിലെന്ന പോലെ അറബി മനീഷികളുടെ രചനകളിലും കാണാന്‍ കഴിയും. വ്യത്യസ്തമായിരിക്കുന്ന പ്രത്യക്ഷത്തിലല്ല; ഒന്നായ ആന്തരിക സത്തയിലാണ് ഐക്യത്തിന്റെ പാലം ഞാന്‍ ദര്‍ശിച്ചത്. ഏകദൈവത്വത്തെ അഥവാ പരംപൊരുളിന്റെ പ്രകൃതത്തെ സംബന്ധിക്കുന്ന മൗലികദര്‍ശനം ഭിന്നവഴികളെ കൂട്ടിയോജിപ്പിക്കുന്നുണ്ട്. ഫലത്തില്‍ രണ്ടിനുമിടയില്‍ അന്തരമില്ല. 

ഐക്യപ്പെടലിന്റെ മറ്റൊരു ബിന്ദു കൂടി ധര്‍മശാസ്ത്രത്തില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതാണ്. അത്യുല്‍കൃഷ്ടങ്ങളായ സനാതന ധാര്‍മികാധ്യാപനങ്ങളിലാണ് അതുള്ളത്. പ്രവാചകപ്രഭുവിന്റെ ധര്‍മശാസ്ത്രം ഫലവത്തായി ആവിഷ്‌കരിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. വിശ്വാസികളല്ലാത്ത ആളുകളാണ് അവ പരിഭാഷപ്പെടുത്തിയിട്ടുള്ളത് എന്നതിനാല്‍ ഖുര്‍ആന്റെ യഥാര്‍ഥ ആത്മാവിലേക്ക് എത്തിച്ചേരുക പലപ്പോഴും ദുഷ്‌കരമാണ്. മുസ്‌ലിംകള്‍ തന്നെ അത് മൊഴിമാറ്റം ചെയ്തിരുന്നെങ്കില്‍ ആവിഷ്‌കാരത്തിലും ആശയ ഗാംഭീര്യത്തിലും വലിയ വ്യത്യാസം ഉണ്ടാകുമായിരുന്നു. മുഹമ്മദിന്റെ ധര്‍മതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലഘുപുസ്തകം പ്രകാശിതമായിട്ടുണ്ട്. ഇസ്‌ലാം സ്ത്രീകളോട് അനീതി കാണിക്കുന്നുവെന്ന് വല്ലവരും പറയുന്നത് കേട്ടാല്‍ പ്രവാചകന്റെ ഈ കൊച്ചുവാക്യം നിങ്ങള്‍ മറക്കാതിരിക്കുക: ''മാതാക്കളുടെ പാദങ്ങള്‍ക്കടിയിലാണ് സ്വര്‍ഗം.'' മാതാപിതാക്കളോട് എത്രമാത്രം ബഹുമാനാദരങ്ങള്‍ കാണിക്കണമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത് എന്ന് വായിച്ചുനോക്കുക. അവരോട് ദയയുള്ളവരായിരിക്കാനും ചെറുപ്പത്തില്‍ തങ്ങളെ അവര്‍ പോറ്റിവളര്‍ത്തിയതുപോലെ അവരെ കാക്കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാനും മുസ്‌ലിംകള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. 

ഇപ്രകാരം ഒരു വശത്ത്, അതിഭൗതിക ശാസ്ത്രത്തിന്റെ തലത്തില്‍നിന്നും മറുവശത്ത് ധാര്‍മികാധ്യാപനങ്ങളുടെ പക്ഷത്തുനിന്നും നോക്കുമ്പോള്‍ രണ്ടു വിശ്വാസങ്ങള്‍ക്കുമിടയില്‍ പൊതുവായ ഒട്ടേറെ സംഗതികള്‍ നാം കാണുന്നു. ഒരു വിശ്വാസം സ്വീകരിച്ച ആള്‍ മറ്റൊന്നിനെ അവിശ്വസിക്കുകയോ വെറുക്കുകയോ വേണ്ടതില്ല. പലരും എതിര്‍ക്കാന്‍ ഉദ്യമിച്ചേക്കാം. പക്ഷേ രണ്ടു പക്ഷത്തുമുള്ള നല്ല മനുഷ്യര്‍ കൈകോര്‍ക്കുകയും സഹോദരനിര്‍വിശേഷം ആശ്ലേഷിക്കുകയും ചെയ്യും. ആര്‍ക്കുമാവില്ല അവരെ വേര്‍പ്പെടുത്താന്‍. രാജ്യത്തിന്റെ ഭാവി മഹത്വം കുടികൊള്ളുന്നത് അവരിലാണ്. 

മഹത്തായ മതങ്ങള്‍ക്കെല്ലാം സ്വന്തം വീടാണ് ഭാരതം. ആകാവുന്നത്ര പിറകോട്ട് സഞ്ചരിക്കുക. നിങ്ങള്‍ക്കിവിടെ ഹിന്ദുമതത്തെ കാണാം. അല്‍പം മുന്നോട്ടുവന്നാല്‍ മനോഹരമായ ധര്‍മങ്ങളില്‍ പുലരുന്ന ബുദ്ധമതം. ഇനിയും മുന്നോട്ടുവന്നാല്‍ ബുദ്ധമതത്തോടൊപ്പം ജൈനമതത്തെ കാണാം. ക്രിസ്തു വര്‍ഷം ഒന്നാം ശതകത്തില്‍ പടിഞ്ഞാറന്‍ തീരത്ത് നിങ്ങള്‍ ക്രൈസ്തവ മതത്തെ കാണും. ഇന്ത്യന്‍ മതങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു അത്. അതായത് അതൊരു വിദേശ മതമല്ലാതായി കഴിഞ്ഞിട്ടുണ്ട്. കുറച്ചുകൂടി കഴിയുമ്പോള്‍ നിങ്ങള്‍ അറബ് ദേശത്തുനിന്നുള്ള മഹാനായ പ്രവാചകന്റെ അടുക്കലെത്തുന്നു. അദ്ദേഹത്തിന്റെ അനുചരന്മാരോടൊപ്പം പേര്‍ഷ്യയില്‍നിന്നുള്ള പ്രവാസികളായ പാര്‍സികളുമുണ്ട്. ഇന്ത്യ അവരുടെയെല്ലാം പൊതുമാതൃദേശമാണ്. ഓരോരുത്തരെപ്പറ്റിയും ഇങ്ങനെ പഠിക്കുക വഴി ഒട്ടേറെ നേട്ടങ്ങള്‍ നമുക്ക് കൈവരിക്കാന്‍ കഴിയും. 

ഹിന്ദുയോഗികളുടെ ഏതുതരം ഹര്‍ഷോന്മാദത്തോടും കിടപിടിക്കുന്ന സമുജ്ജ്വല സൗന്ദര്യത്തിന്റെ പ്രവാഹം പേര്‍ഷ്യനില്‍ കാണാം. ഹൈന്ദവമെന്നോ സൂഫിയെന്നോ വേര്‍തിരിക്കാനാവാത്ത തീവ്രമായ ഈശ്വരാനുരാഗം നിങ്ങള്‍ക്കവിടെ ദര്‍ശിക്കാനാവും. ഭാഷ മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. അവക്കുള്ളില്‍ അടക്കം ചെയ്തിരിക്കുന്ന വികാരങ്ങള്‍ ഒന്നാണ്. പിന്നെ എന്തുകൊണ്ട് സര്‍വമതങ്ങളുടെയും നാടായ ഈ രാജ്യം ദൈവിക സത്യങ്ങളുടെ ഭൂലോക ക്ഷേത്രമായിക്കൂടാ? എല്ലാ മതങ്ങളും സോദരത്വേന വാഴുകയും സല്‍ക്കര്‍മങ്ങളില്‍ മാത്രം എല്ലാവരും മത്സരിക്കുകയും ചെയ്യുന്ന ഒരിടം? 

മതങ്ങള്‍ എന്താണെന്ന് നിങ്ങള്‍ക്കറിവുള്ളതാണ്. സൂര്യന്റെ ധവളപ്രകാശത്തിന്റെ അപഭംഗം ചെയ്യപ്പെട്ട രശ്മികളെപ്പോലെയാണത്. ബുദ്ധിയുടെ പ്രിസം വഴി അപഭംഗം ചെയ്യപ്പെട്ട് കടന്നുവരുന്ന സത്യം. ചൈതന്യത്തിന്റെ ഏകത്വം എന്ന മഹാസത്യത്തിലേക്ക് എത്തിച്ചേരാന്‍ ധവളപ്രകാശത്തിന്റെ ഏതെങ്കിലും ഒരു കിരണത്തിനു മാത്രമായി സാധിക്കുകയില്ല. നിങ്ങള്‍ ഏതെങ്കിലും ഒരു കത്തീഡ്രലിന്റെ അകത്താണെങ്കില്‍ വിവിധ വര്‍ണങ്ങളിലുള്ള ജനവാതിലുകള്‍ നിങ്ങള്‍ക്കു കാണാം. ചിലതു പച്ച, ചിലതു നീല, ചിലതു മഞ്ഞ. സൂര്യന്റെ ധവളപ്രകാശം പൂക്കളില്‍ ചിതറി പ്രതിഫലിക്കുമ്പോള്‍ നിങ്ങള്‍ക്കു ചുറ്റും വ്യത്യസ്ത വര്‍ണങ്ങള്‍ നിങ്ങള്‍ കാണുന്നു. സൂര്യന്റെ ധവളപ്രകാശത്തിനുള്ളില്‍ മറഞ്ഞു സ്ഥിതിചെയ്യുന്ന വിവിധ വര്‍ണങ്ങളുള്ള രശ്മികളുടെ പ്രതിഫലനമാണ് നിങ്ങള്‍ കാണുന്നത്. മതക്ഷേത്രങ്ങളില്‍നിന്ന് പുറത്തുകടക്കുമ്പോഴേ അവയുടെ വ്യത്യാസങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുകയുള്ളൂ. അകത്തായിരിക്കുമ്പോള്‍ മതത്തിന്റെ വര്‍ണച്ചില്ലിലൂടെ ദര്‍ശനീയമാവുന്ന  സത്യമാണ് നിങ്ങള്‍ കാണുന്നത്. കാലങ്ങള്‍ക്കും ജനങ്ങള്‍ക്കും കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കും അനുഗുണമായിരിക്കും അത്. പ്രവാചകന്‍ തന്റെ പ്രബോധനങ്ങള്‍ ലോകത്തിന് നല്‍കിയിരിക്കുന്നു. എല്ലാറ്റില്‍നിന്നും പുറത്തുനില്‍ക്കുന്നതിനു പകരം എല്ലാറ്റിന്റെയും അകത്തു കടക്കുക. എല്ലാവരോടുമൊപ്പം പരമേശ്വരനെ പ്രാര്‍ഥിക്കുക. അപ്പോള്‍ നിങ്ങള്‍ക്കാ ധവളപ്രകാശം കാണാന്‍ സാധിക്കും. അവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ദീപങ്ങള്‍ പ്രസരിപ്പിക്കുന്ന ധവളപ്രകാശം. ജനല്‍ച്ചില്ലുകളാണതിനു നിറം നല്‍കുന്നത്. അല്ലാതെ വെളിച്ചത്തിനു മാറ്റം സംഭവിക്കുന്നതുകൊണ്ടല്ല. എല്ലാ മതങ്ങളിലും പ്രവേശിക്കുക. അവയെ സ്‌നേഹിക്കുക. പഠിക്കുക. ബഹുമാനിക്കുക. അവയുടെ ആത്മീയ ഏകത്വം ഉള്‍ക്കൊള്ളുക. അപ്പോള്‍ ഇന്ത്യാ മഹാരാജ്യത്തിന് സര്‍വവിശ്വാസങ്ങളുടെയും സൗന്ദര്യം വിളങ്ങിച്ചേര്‍ന്ന ഒരു മതം സ്വന്തമാകും. അന്തംവിട്ടുനില്‍ക്കുന്ന ലോകത്തിന് ദൈവത്തിന്റെ സംശുദ്ധമായ ധവളപ്രകാശം പ്രദാനം ചെയ്യാന്‍ അങ്ങനെ ഇന്ത്യക്ക് സാധ്യമാവും.  (അവസാനിച്ചു)

വിവ: എ.കെ അബ്ദുല്‍മജീദ്

 

കുറിപ്പുകള്‍ 

* അബ്ദുല്ലാഹിബ്‌നി ഉമ്മിമക്തൂം എന്ന പ്രവാചക ശിഷ്യനാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ള അന്ധന്‍. ഖുര്‍ആന്‍ എണ്‍പതാം അധ്യായത്തിലെ പ്രഥമവാക്യം ഇദ്ദേഹത്തെക്കുറിച്ചാണ്. 

 

(http:www.theosophique.caadayar pamphlets എന്ന സൈറ്റില്‍ പ്രഭാഷണത്തിന്റെ മൂലരൂപം ലഭ്യമാണ്)  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി