പൊന്മുണ്ടം മച്ചിങ്ങല്‍ കോയാമു
തലമുറകളുടെ സ്മൃതിപഥത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ധന്യജീവിതമായിരുന്നു ഈയിടെ അന്തരിച്ച പൊന്മുണ്ടം മച്ചിങ്ങല്‍ കോയാമു സാഹിബിന്റേത്. പാണ്ഡിത്യം കൊണ്ടും സ്വഭാവനൈര്‍മല്യം കൊണ്ടും അനുഗൃഹീതനായിരുന്നു അദ്ദേഹം. എന്നാല്‍ പാണ്ഡിത്യഗര്‍വ് തെല്ലുമില്ല. ഖുര്‍ആന്‍-ഹദീസ് വിജ്ഞാനീയങ്ങളില്‍ നല്ല അവഗാഹം അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ഏതു വിഷയത്തിലും എന്തു സംശയം ആരു ചോദിച്ചാലും ഖുര്‍ആന്‍-ഹദീസ് അടിസ്ഥാനത്തില്‍ വസ്തുനിഷ്ഠ മറുപടി അദ്ദേഹത്തില്‍നിന്ന് ലഭിക്കും. ആധികാരിക ഗ്രന്ഥങ്ങളും ഉദ്ധരിച്ചുകൊണ്ടായിരിക്കും അത്. അസാധാരണമായ ഓര്‍മശക്തി ഇതിനദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നു. അറബിഭാഷയിലുള്ള നൈപുണ്യവും ഏറെ ശ്രദ്ധേയമാണ്. ഒരിക്കല്‍ കുവൈത്തിലെ മതകാര്യവകുപ്പ് അധ്യക്ഷന് ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു കത്തെഴുതി. അതു വായിച്ച് ഒരു മലയാളിക്ക് ഇത്രയും സാഹിത്യസമ്പുഷ്ടവും മനോഹരവുമായി എങ്ങനെ എഴുതാന്‍ കഴിഞ്ഞു എന്നദ്ദേഹം ആശ്ചര്യപ്പെടുകയുണ്ടായി. ഇംഗ്ലീഷ് ഭാഷയിലും അദ്ദേഹം നല്ല കഴിവ് ആര്‍ജിച്ചിരുന്നു. അക്കാദമിക യോഗ്യതകളൊന്നും നേടാതെയാണ് ഈ ഭാഷാനൈപുണ്യവും വിജ്ഞാനവും അദ്ദേഹം നേടിയെടുത്തത്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ഇതര ഡിപ്പാര്‍ട്ട്‌മെന്റുകളുമായി നടത്തിയിരുന്ന കത്തിടപാടുകള്‍ മേലധികാരികളുടെ പ്രശംസ പടിച്ചുപറ്റിയിരുന്നു. അതുകൊണ്ടുതന്നെ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട പല ഉന്നത ചര്‍ച്ചകളിലും അദ്ദേഹത്തെ പ്രത്യേകം പങ്കെടുപ്പിക്കുകയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തിരുന്നു. ഒരു മുജാഹിദ് പണ്ഡിതന്‍, 'ഇബാദത്ത്' എന്ന അറബി പദത്തിന് ഒരു ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകന്‍ ദുരര്‍ഥങ്ങള്‍ കല്‍പ്പിക്കുകയും തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞ് തിരൂര്‍ കോടതിയില്‍ ഫയല്‍ ചെയ്ത ഒരു കേസില്‍ പ്രതിഭാഗം വക്കീലിന് അദ്ദേഹം ഇബാദത്തിന്റെ അര്‍ഥവും വിവക്ഷയും വിശദമാക്കുന്ന സുദീര്‍ഘമായ ഒരു കുറിപ്പു കൊടുത്തു. ഈ കുറിപ്പ് വായിച്ചു പഠിച്ച നിയമജ്ഞന്‍ കോടതിയില്‍ വാദിക്കുകയും കേസ് തള്ളിപ്പോവുകയും ചെയ്തു. ഇപ്പോള്‍ മജിസ്‌ട്രേറ്റായ അന്ന ത്തെ അഭിഭാഷകന്‍ ഇസ്‌ലാമിലെ ഇബാദത്ത് എന്താണെന്ന് തനിക്ക് ആ കുറിപ്പുമൂലം ശരിയായി മനസ്സിലാക്കാന്‍ കഴിഞ്ഞതായി പിന്നീടൊരിക്കല്‍ അനുസ്മരിച്ചു.
തൊള്ളായിരത്തി എണ്‍പതുകളുടെ ആദ്യം തിരൂരില്‍ ഖാദിയാനീ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വിദൂരദേശങ്ങളില്‍നിന്ന് ചിലര്‍ എത്തിയിരുന്നു. അവര്‍ ഈ കുറിപ്പുകാരനുമായി നിരന്തരം സംസാരിക്കുമായിരുന്നു. പൊറുതിമുട്ടി ഒരു ദിവസം അവരെ ഒരു സംവാദത്തിനായി വെല്ലുവിളിച്ചു. വെല്ലുവിളി സ്വീകരിച്ച അവര്‍ അക്കാലത്തെ തിരൂരിലെ അവരുടെ നേതാവിന്റെ വീട്ടില്‍ വേദിയൊരുക്കി. തിരൂര്‍ സ്റ്റേറ്റ് ബാങ്കില്‍ ജീവനക്കാരനായ ഒരാളായിരുന്നു അദ്ദേഹം. എന്റെ വെല്ലുവിളി അവര്‍ സ്വീകരിച്ചപ്പോള്‍ കോയാമു സാഹിബിനോട് ഞാന്‍ വിവരം പറഞ്ഞു. സംവാദദിവസം ഞങ്ങള്‍ രണ്ടുപേരും നേരത്തേ പറഞ്ഞ വീട്ടിലെത്തി. ഖാദിയാനീ പ്രസ്ഥാനത്തിലെ അക്കാലത്തെ ഏറ്റവും വലിയ നാലു പണ്ഡിതന്മാരാണ് അവരുടെ ഭാഗത്ത്. അത്ര വലിയ ഒരുക്കത്തിലൊന്നുമല്ല ഞങ്ങള്‍ പോകുന്നത്. ഏതായാലും അവരുമായി സംവദിക്കാന്‍ തന്നെ ഉറച്ചു. സംവാദത്തിനു മുമ്പ് ചില നിബന്ധനകള്‍ വെച്ചിരുന്നു. സംവാദം ടേപ്പ് റിക്കോര്‍ഡറില്‍ പകര്‍ത്താന്‍ ഇരുകൂട്ടരും ധാരണയായി. കുസൃതിച്ചോദ്യങ്ങളിലുടെയും മറ്റും തുടങ്ങിയ സംവാദം അതിന്റെ മൂര്‍ധന്യത്തിലെത്തിയപ്പോള്‍, കോയാമു സാഹിബിന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പതറി തടിയൂരാനായി ഖാദിയാനീ പണ്ഡിതന്മാരുടെ ശ്രമം. അദ്ദേഹം അണുവിട വിട്ടുകൊടുക്കാതെ ഖുര്‍ആന്‍-ഹദീസ് ഉദ്ധരണികളിലൂടെ കത്തിക്കയറി. രണ്ടു മണിക്കൂറുകളോളം നീണ്ട സംവാദത്തിനൊടുവില്‍ സംഘാടകരായ സുഹൃത്തുക്കളോട് കാസറ്റിന്റെ ഒരു പകര്‍പ്പ് എടുത്തുതരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പക്ഷേ വിവിധ ന്യായങ്ങള്‍ പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. ഒടുവില്‍ കുറച്ചുദിവസം കഴിഞ്ഞു തരാം എന്നു പറഞ്ഞു. അതു സമ്മതിച്ച് ഞങ്ങള്‍ തിരിച്ചുപോന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ഞാന്‍ സുഹൃത്തുക്കളെ നിര്‍ബന്ധിച്ചപ്പോള്‍ കാസറ്റ് ലഭിച്ചു. ഞാന്‍ കാസറ്റ് പ്ലേ ചെയ്തപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. രണ്ടു മണിക്കൂറിലധികം നടന്ന പരിപാടി 20 മിനിറ്റിലൊതുക്കി ബാക്കി മുഴുവന്‍ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ് അതു ലഭിച്ചത്! പിന്നീട് കോയാമു സാഹിബ് അവര്‍ക്ക് നല്ല സുഹൃത്തായി. തിരൂരില്‍നിന്ന് ഒടുവില്‍ അവര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു.
തര്‍ബിയത്ത് രംഗത്ത് ഏറെ മുതല്‍ക്കൂട്ടായിരുന്നു അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ക്ലാസുകള്‍. മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങുന്ന ആ ക്ലാസുകളുടെ മാധുര്യം അനുഭവിച്ചവര്‍ക്ക് വിസ്മരിക്കാനാവില്ല. ഏറെ പ്രാരാബ്ധങ്ങളുണ്ടായിരുന്ന തിരൂര്‍ ഇസ്‌ലാമിക് സെന്ററിന് പുനര്‍ജന്മം നല്‍കിയതില്‍ കോയാമു സാഹിബിന്റെയും എം. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെയും കോട്ടു ബാവ സാഹിബിന്റെയും സംഭാവനകള്‍ മറക്കാനാവില്ല. അവരുടെ സാരഥ്യത്തില്‍ ഇസ്‌ലാമിക സെന്റര്‍ തളിര്‍ത്തു പന്തലിച്ചു. ഹിറാ സമ്മേളനത്തിന്റെ ഇന്‍ഫെര്‍മേഷന്‍ വകുപ്പ് കണ്‍വീനറായിരുന്നു. തിരൂര്‍ മസ്ജിദുസ്സ്വഫാ, വൈലത്തൂര്‍ മസ്ജിദുസ്സലാം, പുത്തനത്താണി മസ്ജിദ്, താനാളൂര്‍ മസ്ജിദ് എന്നിവയുടെ നി
ര്‍മാണത്തിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. തൃശൂര്‍ ഫ്രൈഡേ ക്ലബ്, തിരൂര്‍ ഫ്രൈഡേ ക്ലബ് തുടങ്ങിയ സംരംഭങ്ങളുടെ തലപ്പത്തുമുണ്ടായിരുന്നു. ധിഷണാവൈഭവം കൊണ്ടും ആത്മാര്‍ഥത കൊണ്ടും ദീര്‍ഘകാലം ഇസ്‌ലാമിക പ്രസ്ഥാനത്തിന് കരുത്തുനല്‍കി വിടപറഞ്ഞ ആ മഹദ്‌വ്യക്തിത്വത്തെ അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.
മുഹമ്മദ് കുട്ടി, പൊന്മുണ്ടം
റംലാ ബീവി
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഏരിയയിലെ പേഴുമ്മൂട് വനിതാ കാര്‍കുന്‍ ഹല്‍ഖയിലെ അംഗമായിരുന്നു റംലാ ബീവി. കഴിഞ്ഞ പതിനാറു വര്‍ഷത്തിലേറെയായി ഹല്‍ഖയിലെ സജീവ സാന്നിധ്യമായിരുന്നു അവര്‍. സാമ്പത്തികവും ശാരീരികവുമായി ഏറെ പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്നുവെങ്കിലും തന്റെ പ്രയാസങ്ങള്‍ മറ്റുള്ളവരെ ഒരിക്കലും അറിയിക്കാറില്ല. ഏകദേശം മൂന്ന് കി.മീറ്ററോളം കാല്‍നടയായി സഞ്ചരിച്ച് കൃത്യസമയത്തു തന്നെ ഹല്‍ഖാ യോഗങ്ങളിലും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ക്ലാസുകളിലും പങ്കെടുത്തു. അവസാനം വരെ ഈ കണിശത പുലര്‍ത്തി. ഖുര്‍ആന്‍ സൂറത്തുകള്‍ പഠിക്കുന്നതിലും പ്രസ്ഥാനസാഹിത്യങ്ങള്‍ വായിക്കുന്നതിലും ഔത്സുക്യം കാണിച്ചു. പലവിധ അസുഖങ്ങളുടെ പിടിയിലായിരുന്നെങ്കിലും അതൊന്നും വകവെക്കാതെ പ്രസ്ഥാന പരിപാടികളില്‍ അവര്‍ വൈമനസ്യമില്ലാതെ പങ്കെടുക്കുമായിരുന്നു. മിതഭാഷിയായിരുന്ന അവര്‍ എല്ലാവരോടും സനേഹബന്ധം നിലനിര്‍ത്തിപ്പോന്നു.
ഡയാലിസിസ് യൂനിറ്റില്‍ വെച്ച് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. ഭര്‍ത്താവ്: അബ്ദുസ്സത്താര്‍. മക്കള്‍: ഹസീന, സബീന, റംസീന.
സുമയ്യ തങ്ങള്‍, കൊച്ചുകലുങ്ക്
Comments