Prabodhanm Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

എല്ലാം പ്രവചനാതീതം

ഒരാ് പൂര്‍ത്തിയാകുമ്പോള്‍ അതിന്റെയൊരു കണക്കെടുപ്പ് നടത്തുക പതിവുള്ളതാണ്. യുദ്ധങ്ങള്‍, പ്രമുഖരുടെ വിയോഗങ്ങള്‍, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കുതിപ്പുകള്‍ ഇങ്ങനെ പലതും വിലയിരുത്താനുണ്ടാവും. ഒരു മാമൂല്‍ എന്നതിനപ്പുറം അതിന് പ്രാധാന്യം കൈവരാറില്ല. എന്നാല്‍, നാം പിന്നിട്ട 2016 പതിവു വിശകലനങ്ങള്‍ നടത്തി മറവിയിലേക്ക് തള്ളിവിടേണ്ട വര്‍ഷമല്ല. ബ്രിട്ടീഷ് പത്രമായ ദ ഗാര്‍ഡിയന്റെ അസി. എഡിറ്റര്‍ സൈമണ്‍ ടിസ്ഡല്‍ പറയുന്നത്, ഭാവിചരിത്രകാരന്റെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു വഴിത്തിരിവായിരിക്കും 2016 എന്നാണ്. അത്രയധികം മാറ്റങ്ങള്‍ക്കാണ് ആ വര്‍ഷം ലോകം സാക്ഷ്യം വഹിച്ചത്. ആ ഓരോ മാറ്റത്തിന്റെയും ഫലം എന്തായിരിക്കുമെന്ന് നാം വരുംവര്‍ഷങ്ങളില്‍ കാണാനിരിക്കുന്നതേയുള്ളൂ. അവ സാധാരണ മാറ്റങ്ങളായിരുന്നില്ല. ഇംഗ്ലീഷിലെ 'സര്‍റിയല്‍' എന്ന വിശേഷണമാണ് അതിന് ഏറെ യോജിക്കുക. അയഥാര്‍ഥം, സ്വപ്‌നാത്മകം എന്നൊക്കെയാണിതിന്റെ അര്‍ഥം. സത്യാനന്തരം (Post-truth) എന്ന പ്രയോഗം ആവിര്‍ഭവിച്ചതും കഴിഞ്ഞ വര്‍ഷമാണ്. നാം കടന്നുപോകുന്ന കാലഘട്ടത്തെ നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട് ഈ വാക്ക്. സത്യത്തിനും നീതിക്കും ന്യായത്തിനും എവിടെയും ഒരു വിലയുമില്ല. മാധ്യമങ്ങള്‍ക്ക് പോലും സത്യത്തെ വേണ്ട. സ്വാര്‍ഥ താല്‍പര്യങ്ങളും വൈകാരികതകളുമൊക്കെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഭരണ സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര വേദികളുടെയും മാത്രമല്ല, പൊതുജനങ്ങളുടെയും മനോഭാവം ഈ തരത്തിലാണ് മാറുന്നതെങ്കില്‍ നീതിക്കും ന്യായത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ പരിണതി എന്തായിരിക്കും?

ഈ മനോഭാവത്തിന്റെ പ്രതിഫലനമായിരുന്നു യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനം. ഹിതപരിശോധനയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം പേരും ബ്രിട്ടന്‍ വേറിട്ടുനില്‍ക്കണം എന്ന് അഭിപ്രായപ്പെട്ടു. അങ്ങനെയൊരു തീരുമാനം ഉണ്ടാക്കുന്ന സാമ്പത്തികവും മറ്റുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് നല്ല ബോധമുള്ളവര്‍ തന്നെയായിരുന്നു വിട്ടുപോകലിന് അനുകൂലമായി വോട്ട് ചെയ്തത്. ഈ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ശരിയായ നിലപാടെടുക്കുന്നതില്‍നിന്ന് അവരെ തടഞ്ഞത് തീവ്ര ദേശീയ ചിന്തയായിരുന്നു. അത്തരം തീവ്ര ദേശീയതകള്‍ യൂറോപ്പിലുടനീളം വലിയ കുതിപ്പുകള്‍ നടത്തുന്നതിനാണ് പോയ വര്‍ഷം സാക്ഷിയായത്. ഐ.എസ് ഭീകരവാദികള്‍ പാരീസ്, ബ്രസല്‍സ്, ബര്‍ലിന്‍, നീസ് പോലുള്ള യൂറോപ്യന്‍ നഗരങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ തീവ്ര ദേശീയ വലതുപക്ഷത്തിന് ശക്തിപകരുകയും ചെയ്തു. ഫ്രാന്‍സിലും ജര്‍മനിയിലും പുതു വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുഖ്യധാരാ കക്ഷികള്‍ വിയര്‍ക്കുമെന്ന് ഉറപ്പാണ്. കുടിയേറ്റ പ്രശ്‌നത്തില്‍ അവര്‍ക്ക് നിലപാടുകള്‍ കടുപ്പിക്കേണ്ടിവരും. എങ്കിലേ പിടിച്ചുനില്‍ക്കാനാവൂ എന്ന് വന്നിരിക്കുന്നു. യൂറോപ്പിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന ഈ രണ്ട് സുപ്രധാന രാജ്യങ്ങളില്‍ തീവ്ര വലതുപക്ഷം അധികാരത്തിലെത്തുക കൂടി ചെയ്താല്‍ അവിടത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും മറ്റും ഭാവി പ്രവചനാതീതമായിരിക്കും. അവിടങ്ങളില്‍ ഭരണമാറ്റം നടക്കുമെങ്കില്‍ അതിനുള്ള മുന്നൊരുക്കങ്ങള്‍ കാര്യമായി നടന്നിട്ടുള്ളത് പോയ വര്‍ഷമാണെന്ന് മനസ്സിലാക്കാം.

യൂറോപ്പിലുടനീളം വലതുപക്ഷ തീവ്രവാദത്തിന് ഇന്ധനം പകരുന്നത് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് എന്ന വംശീയവാദി തെരഞ്ഞെടുക്കപ്പെട്ടതാണ്. ട്രംപ് അധികാരമേറ്റെടുക്കുന്നത് ജനുവരി 20-നാണ്. കഴിഞ്ഞ വര്‍ഷം നടന്ന വിധിയെഴുത്തിന്റെ പ്രത്യാഘാതങ്ങള്‍ പുതുവര്‍ഷാരംഭം മുതല്‍ തന്നെ ലോകം അനുഭവിക്കാന്‍ തുടങ്ങുകയാണ്. സകല മുരത്ത വംശീയവാദികളും ട്രംപിന്റെ ഉന്നതാധികാര ഭരണസമിതിയില്‍ കയറിപ്പറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണവേളകളില്‍ പറഞ്ഞതിനപ്പുറവും കാര്യങ്ങള്‍ പോയേക്കും എന്ന സൂചനയാണിത് നല്‍കുന്നത്. അമേരിക്കയെ അമേരിക്കയാക്കിയ സകല തത്ത്വങ്ങളും നിലപാടുകളും ഭീഷണി നേരിടുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പല രംഗങ്ങളില്‍ പ്രാഗത്ഭ്യം നേടിയവര്‍ കൂട്ടത്തോടെ അമേരിക്കയിലേക്ക് കുടിയേറിയതാണ് ആ നാടിനെ ലോകത്തെ വന്‍ശക്തിയാക്കിയത് എന്ന സത്യം വിസ്മരിച്ചുകൊണ്ട്, കുടിയേറ്റം തന്നെ റദ്ദ് ചെയ്യാനാണ് ട്രംപ് ടീമിന്റെ ശ്രമം. വെള്ളക്കാരല്ലാത്ത എല്ലാ മത-വംശീയ ന്യൂനപക്ഷങ്ങളെയും കാത്തിരിക്കുന്നത് പ്രവചനാതീതമായ ഭാവിയാണ്. ട്രംപ് പ്രവചനാതീതനാണ് എന്നതുതന്നെ കാര്യം.

ഒരു വന്‍ശക്തിയെന്ന നിലക്ക് അമേരിക്കന്‍ നിലപാടില്‍ വരുന്ന കാതലായ മാറ്റങ്ങള്‍ എല്ലാ ലോകരാഷ്ട്രങ്ങളെയും ബാധിക്കും. പശ്ചിമേഷ്യയില്‍ ട്രംപിന്റെ നിലപാടുകളെന്തായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നു. റഷ്യന്‍ പ്രസിഡന്റുമായുള്ള ട്രംപിന്റെ ചങ്ങാത്തം കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമാക്കുന്നു. ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അതേ നിലപാട് തന്നെയാണ് ട്രംപിന്റേതും. പോയ വര്‍ഷാവസാനത്തില്‍ യു.എന്‍ രക്ഷാസമിതിയില്‍ ഇസ്രയേലിന്റെ അനധികൃത കുടിയേറ്റത്തിനെതിരെ പ്രമേയം പാസ്സായെങ്കിലും ട്രംപോ നെതന്യാഹുവോ അത് വകവെക്കാന്‍ പോകുന്നില്ല. പ്രതികാര ചിന്തയോടെ  നെതന്യാഹു അധിനിവിഷ്ട ഫലസ്ത്വീന്‍ ഭൂമിയില്‍ ജൂതകുടിയേറ്റക്കാര്‍ക്ക് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കും. ട്രംപ് അതിനെ പിന്തുണക്കുകയും ചെയ്യും. ഇതുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ പ്രവചനാതീതം.

ഇന്ത്യയെ സംബന്ധിച്ചും ഒട്ടും ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. ദലിതര്‍ക്കും ആദിവാസികള്‍ക്കും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള സംഘടിതാക്രമണങ്ങള്‍ വര്‍ധിച്ചു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വ്യാപകമായി. മുസ്‌ലിം വ്യക്തിനിയമങ്ങള്‍ക്കെതിരെയും പടപ്പുറപ്പാടുണ്ടായി. ഭരണകാലത്തിന്റെ പകുതി പിന്നിടുമ്പോഴും നേട്ടങ്ങളായി ഒന്നും ഉയര്‍ത്തിക്കാണിക്കാനില്ലാതിരിക്കെ മോദി ഒരു പൊടിക്കൈ പ്രയോഗം നടത്തി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചു. ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയുടെയും ഗ്രാമീണ മേഖലയുടെയും നട്ടെല്ലൊടിച്ച ആ തീരുമാനത്തിന്റെ കെടുതികളായിരിക്കും പുതുവര്‍ഷത്തില്‍ നമ്മെ സ്വാഗതം ചെയ്യുക. സാധാരണ മനുഷ്യരുടെ ആധികളും ആകുലതകളും പ്രശ്‌നമേയല്ലാത്ത ട്രംപിനെയും മോദിയെയും പോലുള്ള ഭരണകര്‍ത്താക്കള്‍ ലോകത്തെ എവിടെക്കൊണ്ടെത്തിക്കും? അതും പ്രവചനാതീതം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി