പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രാപ്തിയിലെത്താത്തതെന്തുകൊണ്ട്?
ഓരോ മുസ്ലിമിന്റെയും ദീനീബാധ്യതയാണ് ഇസ്ലാമിക പ്രബോധനം (ദഅ്വത്ത്). എല്ലാ പ്രവാചകന്മാരും ഭാരിച്ച ഈ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവരായിരുന്നു. മുഹമ്മദ് നബി(സ)യോടെ പ്രവാചകത്വസംവിധാനത്തിന് സമാപ്തി കുറിക്കപ്പെട്ടു. അങ്ങനെയാണ് ഓരോ മുസ്ലിമിന്റെയും ബാധ്യതയായി ദഅ്വത്ത് മാറുന്നത്. ഈ ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തുകയോ അതില്‍നിന്ന് മാറിനില്‍ക്കുകയോ അതിന് തടസ്സം നില്‍ക്കുകയോ ചെയ്താല്‍ പരലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ മറുപടി പറയേണ്ടിവരുമെന്ന് ഉറപ്പാണ്.
ഏറ്റവും കൂടുതല്‍ മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. മുസ്ലിം സംഘടനകള്‍ക്ക് ധാരാളം പ്രസിദ്ധീകരണങ്ങളും സ്ഥാപനങ്ങളുമുണ്ട് ഇവിടെ. ഇത്രയേറെ പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും എന്തുകൊണ്ടാണ് കൊലപാതകം, പിടിച്ചുപറി, പീഡനം, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ മുസ്ലിം നാമധാരികളുടെയും പേരുകള്‍ ധാരാളമായി കടന്നുവരുന്നത്? ഇതിനര്‍ഥം, ഇവിടെ നടക്കുന്ന പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ശരിയായ രൂപത്തില്‍ പ്രയോജനപ്പെടുന്നില്ല എന്നല്ലേ?
ഇവിടെ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടനാവത്കരിക്കപ്പെട്ടു എന്നതാണ് അതിലൊന്ന്. ഓരോ പരിപാടിയും സമൂഹ നന്മയേക്കാളുപരി തങ്ങളുടെ പാര്‍ട്ടി വളര്‍ത്തലായി മാറി. ഈയടുത്ത് നടന്ന ചില സംഭവങ്ങള്‍ അതിന് തെളിവാണ്. മുസ്ലിം സമൂഹത്തിന്റെ മേല്‍ ഒന്നടങ്കം തീവ്രവാദം ആരോപിക്കപ്പെട്ടപ്പോള്‍ കൂട്ടായി അതിനെ ചെറുക്കുന്നതിനു പകരം, ഓരോ വിഭാഗവും ഞങ്ങള്‍ തീവ്രവാദികളല്ലെന്നും അവരാണ് തീവ്രവാദികളെന്നും സ്ഥാപിക്കാന്‍ ഓടിനടക്കുകയായിരുന്നു. പ്രവര്‍ത്തനങ്ങളെല്ലാം സംഘടനക്ക് വേണ്ടിയാവുമ്പോള്‍ സംഭവിക്കുന്നതാണിത്.
ഇസ്ലാമിക പ്രബോധനത്തിന്റെ കാതലായ വശവും അതിന്റെ ലക്ഷ്യവും പ്രവര്‍ത്തനങ്ങളില്‍ കാണുന്നില്ല എന്നതാണ് ഒരു പ്രശ്നം. ദഅ്വത്തിന്റെ മര്‍മമായ തസ്കിയത്ത് (ആത്മസംസ്കരണം) പ്രവര്‍ത്തനങ്ങളില്‍നിന്ന് ചോര്‍ന്നുപോയിരിക്കുന്നു. 'തസ്കിയത്ത് ക്ലാസ്' എന്ന ബോര്‍ഡ് ഉണ്ടാകുമെങ്കിലും സംസാരത്തിലോ പ്രഭാഷണത്തിലോ അത് കാണുകയില്ല. പരലോകത്ത് അല്ലാഹു വിചാരണ ചെയ്യുമെന്ന ഭയമാണ് ഏതൊരു ജനതയുടെയും പരിവര്‍ത്തനത്തിന്റെ ആണിക്കല്ല്. അതുകൊണ്ടായിരുന്നു നബി(സ) മക്കയില്‍ പ്രബോധനം തുടങ്ങിയപ്പോള്‍ ഇക്കാര്യത്തിന് ഊന്നല്‍ നല്‍കിയത്. ആ അപരിഷ്കൃത സമൂഹത്തെ പരിവര്‍ത്തിപ്പിച്ചതും പരലോക ചിന്ത തന്നെയായിരുന്നു.
ഇസ്ലാമിക സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ ഗുണകാംക്ഷ നഷ്ടപ്പെടുന്നു എന്നതാണ് മറ്റൊരു പോരായ്മ. ഗുണകാംക്ഷയെ -നസ്വീഹത്ത്- കുറിച്ച് ധാരാളം പ്രഭാഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ആ മനോഭാവമുള്ളവര്‍ ചുരുക്കം. 'റബ്ബിശ്റഹ്ലീ സ്വദ്രീ' (എന്റെ ഹൃദയം വിശാലമാക്കിത്തരേണമേ, നാഥാ) എന്ന് ചൊല്ലി പ്രസംഗം തുടങ്ങുന്നയാള്‍ക്കും ആ ഹൃദയവിശാലത ഉണ്ടോ? ഒരു പ്രബോധകന്റെ മനസ്സാണ് ആ പ്രാര്‍ഥനയുടെ കാതല്‍. അതായത്, തന്റെ പ്രതിയോഗികളെയും എതിരാളികളെയും വരെ ഉള്‍ക്കൊള്ളാനുള്ള മാനസിക വിശാലതയും പക്വതയും ആര്‍ജിക്കണം. എന്നാല്‍, മറ്റുള്ളവരെ പറഞ്ഞ് തോല്പിക്കുക മാത്രമാണ് പല പ്രസംഗകരുടെയും യഥാര്‍ഥ ലക്ഷ്യം. അവസാനം പ്രവര്‍ത്തകര്‍ക്കൊപ്പം 'വിജയം' ആഘോഷിക്കുകയും ചെയ്യും.
ക്ഷണിക്കുന്ന കാര്യം സത്യമാണെന്നതുകൊണ്ടു മാത്രം എല്ലാവരുമത് സ്വീകരിക്കണമെന്നില്ല. പറയുന്ന ആളുകളുടെ ശൈലി പ്രധാനം തന്നെയാണ്. മൂസാ നബി(അ)യെ ഫിര്‍ഔനിന്റെ അടുക്കലേക്ക് അയക്കുമ്പോള്‍ അല്ലാഹു നല്കിയ നിര്‍ദേശം 'നീ അവനോട് സൗമ്യമായി സംസാരിക്കണം' എന്നാണല്ലോ. പറയുന്ന ആശയം മയപ്പെടുത്തണമെന്നല്ല ഇവിടെ സൂചിപ്പിക്കുന്നത്. മറിച്ച്, ക്ഷണിക്കുമ്പോള്‍ ദീക്ഷിക്കേണ്ട ശൈലി മാന്യവും സൗമ്യവുമായിരിക്കണമെന്നാണ്.
ഇന്ന് നടക്കുന്ന പല പ്രബോധന-സംസ്കരണ സദസ്സുകളിലും ഇതൊന്നും കാണാനേ കഴിയില്ല. ആളുകളില്‍ പലതരം പോരായ്മകള്‍ ഉണ്ടാകും. അവ തിരുത്തലാണ് ഉദ്ദേശ്യമെങ്കില്‍, പരസ്യമായി അതൊക്കെ ആളുകളുടെ മുമ്പില്‍ എടുത്തു പറഞ്ഞുകൊണ്ടാവരുത്. മനസ്സില്‍ തട്ടുന്ന രൂപത്തിലായിരിക്കണം കാര്യങ്ങള്‍ പറയേണ്ടത് എന്ന് നബി(സ)യെ അല്ലാഹു പ്രത്യേകം ഉണര്‍ത്തുന്നുണ്ടല്ലോ. ഇന്ന് ഖുത്വ്ബകള്‍ക്ക് പോലും ഈ സൗമ്യത ഇല്ലാതാകുന്നു എന്നത് വേദനാജനകമാണ്.
മറ്റൊരു കാര്യം, പ്രബോധിത സമൂഹം പ്രബോധകന്മാരെ വിലയിരുത്തിക്കൊണ്ടിരിക്കും എന്നതാണ്. ഉപദേശിക്കാന്‍ പ്രബോധകര്‍ക്കും ഖത്വീബുമാര്‍ക്കുമൊക്കെ യോഗ്യതയും അര്‍ഹതയുമുണ്ടോ എന്ന് പ്രബോധിതര്‍ പരിശോധിക്കും. സ്വാലിഹ് നബി(അ)യോട് അദ്ദേഹത്തിന്റെ ജനത പറയുന്നുണ്ട്, 'സ്വാലിഹേ, ഇതിനു മുമ്പ് നീ ഞങ്ങളില്‍ സ്വീകാര്യനായ ആളായിരുന്നല്ലോ.' അതായത് സ്വാലിഹ് നബി(അ) തന്റെ വ്യക്തിത്വം കൊണ്ട് ആ ജനതയില്‍ സ്വീകാര്യനായിരുന്നു. പ്രബോധകര്‍ ശ്രദ്ധിക്കേണ്ട കാര്യമാണിത്. തങ്ങള്‍ പറയുന്ന ആദര്‍ശത്തോട് നീതിപുലര്‍ത്തുന്നതാണോ ജീവിതം? 'ആളെ നോക്കണ്ട, തെളിവ് നോക്കിയാല്‍ മതി' പോലുള്ള വാദങ്ങളൊന്നും വിലപ്പോവുകയില്ല. പറയുന്ന വ്യക്തി യോഗ്യനാണെങ്കില്‍ മാത്രമേ അയാള്‍ പറയുന്ന സന്ദേശം സ്വീകരിക്കാന്‍ ജനം തയാറാവുകയുള്ളൂ.
സമൂഹത്തില്‍നിന്ന് പലതരം പ്രതികരണങ്ങളുണ്ടാകും. അതൊക്കെ ക്ഷമിക്കാനും സഹിക്കാനുമുള്ള കരുത്തും സന്നദ്ധതയും പ്രബോധകര്‍ക്ക് ഉണ്ടാവണം. പ്രബോധിതര്‍ പല നിലക്കായിരിക്കും കാര്യങ്ങള്‍ നോക്കിക്കാണുക. ഉരുളക്കുപ്പേരി പോലെ ഉടന്‍ മറുപടി പറയുകയല്ല വേണ്ടത്. അവധാനതയും ക്ഷമയും ഈ രംഗത്തുള്ളവര്‍ക്ക് അനിവാര്യം. മുന്‍ധാരണയോടെ ആരെയും സമീപിക്കരുത്, ആരെയും വിലയിരുത്തരുത്. എത്ര പറഞ്ഞിട്ടും കാര്യമില്ല, ഇവര്‍ നന്നാകില്ല എന്ന നിലപാട് ഒരു ഉത്തമ പ്രബോധകന് പാടില്ല. പ്രതീക്ഷയോടെയായിരിക്കണം ദഅ്വത്ത് നടത്തുന്നത്. കേള്‍ക്കുന്നവരൊക്കെ അവരുടെ വാക്ക് ഉള്ക്കൊള്ളണമന്നില്ല. ഒരാളെങ്കിലും നന്നായെങ്കില്‍ എന്ന ചിന്തയാണ് വേണ്ടത്.
നൂഹ് നബി(അ)യുടെ ചരിത്രം പലതും പറഞ്ഞുതരുന്നുണ്ടല്ലോ. ആളുകള്‍ കൂടുന്നുണ്ടോ ഇല്ലയോ എന്നതല്ല, സത്യസന്ധമായും ആത്മാര്‍ഥമായും ഈ സന്ദേശം എത്തിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.
ഇസ്ലാമിന്റെ വെളിച്ചത്തില്‍ കുടുംബപ്രശ്നങ്ങള്‍ക്ക് പരിഹാരം പറയുന്നു ജാസിമുല്‍ മുത്വവ്വ
ശാഫി മൊയ്തു, കണ്ണൂര്‍
പ്രബോധനം ലക്കം 2981-ല്‍ അബ്ദുല്ലത്വീഫ് അബൂദബി എഴുതിയ 'ജാസിമുല്‍ മുത്വവ്വയുടേത് തത്ത്വപ്രസംഗം' എന്ന കുറിപ്പിനോട് ശക്തമായി വിയോജിക്കുന്നു. മനുഷ്യോല്പത്തി മുതല്‍ ലോകാന്ത്യം വരെയുള്ള മനുഷ്യന്റെ പ്രകൃതിപരമായ ഘടനയും നൈതികതയും ഒന്നാണ്. അറേബ്യന്‍ പശ്ചാത്തലത്തിലായാലും കേരളത്തിലെ ഒരു കുഗ്രാമത്തിലായാലും കാമക്രോധമോഹങ്ങളുടെ ലെവല്‍ ഒന്നുതന്നെ. ഒന്ന്, ഹൈടെക് കുക്കിംഗ് ഓവനെ ചൊല്ലിയാണെങ്കില്‍ മറ്റേത് വീട്ടിലെ കറിച്ചട്ടി പൊട്ടിയതിനെക്കുറിച്ചായിരിക്കും! കുടുംബബന്ധങ്ങളിലെ വിള്ളലുകള്‍ സമൂഹത്തിനും കുടുംബത്തിനും പോറലേല്ക്കാത്ത രൂപത്തില്‍ എങ്ങനെ മനശ്ശാസ്ത്രപരമായി പരിഹരിക്കാം എന്നതാണ് പ്രശ്നം. വിശ്വാസിസമൂഹത്തിന്റെ ~ഒരു മനശ്ശാസ്ത്ര കൗണ്‍സലര്‍ എന്ന നിലയില്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ തത്ത്വപ്രസംഗങ്ങള്‍ അനിവാര്യമായി വന്നുചേരും. ജാസിമുല്‍ മുത്വവ്വയുടെ മനശ്ശാസ്ത്ര കൗണ്‍സലിംഗ് കുറിപ്പുകളുടെ പ്രത്യേകത അതാണ്.
ലോകം ഒരു ഗ്രാമമായി ചുരുങ്ങിയ ഉത്തരാധുനിക ചുറ്റുപാടില്‍ ആഫ്രിക്കക്കാരനും യൂറോപ്യനും അനുഭവിക്കുന്നത് ഒരേ രീതിയിലുള്ള പ്രശ്നങ്ങള്‍ തന്നെയാണ്. ജീവിക്കാനുള്ള ഓട്ടത്തിലെ ധൃതിയാണ് എല്ലാ മൂല്യച്യുതികളുടെയും അടിസ്ഥാന ഹേതു. മൂല്യങ്ങളെക്കുറിച്ച തിരിച്ചറിവ് ലഭിക്കുമ്പോഴേ മനുഷ്യര്‍ക്കിടയിലെ പരസ്പരബന്ധങ്ങളില്‍ രൂപപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണാനാകൂ. ഇവിടെയാണ് ജാസിമുല്‍ മുത്വവ്വയുടെ ഇസ്ലാമിക മൂല്യസങ്കല്പങ്ങളിലൂന്നിയുള്ള കൗണ്‍സലിംഗ് രീതി വ്യതിരിക്തമാകുന്നത്. ആധുനിക മനശ്ശാസ്ത്ര ഗവേഷണ ഫലങ്ങളെ പഠനവിധേയമാക്കി, ഒരു ഉത്കൃഷ്ട സമൂഹത്തെ പ്രായോഗികമായി സൃഷ്ടിച്ച പ്രവാചകാധ്യാപനങ്ങള്‍ കോര്‍ത്തിണക്കി ബന്ധങ്ങളുടെ ഊഷ്മളത എങ്ങനെ വിളക്കിച്ചേര്‍ക്കാം എന്ന് പ്രശ്നങ്ങളുമായി തന്നെ സമീപിക്കുന്നവരെ തെര്യപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതാകട്ടെ, വേദവും ശാസ്ത്രവും സമന്വയിപ്പിച്ച് പഠിച്ചവര്‍ക്ക് മാത്രം കഴിയുന്ന ഉന്നതമായ ഒരു മനശ്ശാസ്ത്ര രീതിയാണ്. അത് മലയാളിക്ക് കൂടി ഗുണകരമായി പുനഃപ്രസിദ്ധീകരിക്കാന്‍ പ്രബോധനം കാണിക്കുന്ന താല്പര്യത്തെ അഭിനന്ദിക്കുന്നു.
ടെക്നോളജിയുടെ വ്യാപനത്തോടൊപ്പം പാശ്ചാത്യ സാംസ്കാരിക അധിനിവേശം മുസ്ലിം കുടുംബങ്ങളെയും വന്‍തോതില്‍ വേട്ടയാടുന്നതും, ഗൃഹനാഥന് പ്രവാസിയാകുമ്പോള്‍ ഒറ്റപ്പെടലനുഭവിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വയോധികരുടെയും വ്യഥകളും പഠനവിധേയമാക്കേണ്ടതും പരിഹാരം തേടേണ്ടതും അത്യന്താപേക്ഷിതമാണ്. ഏതാനും കൗണ്‍സലിംഗ് വിദഗ്ധര്‍ക്ക് പരിഹരിക്കാവുന്നതിലുമപ്പുറമാണ് ഇന്ന് മലയാളി കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍. ഏതു രംഗത്തുമെന്നപോലെ, ചൂഷണം കൊടിനാട്ടിയ വ്യവസായമായി മാറിയിരിക്കുന്നു ഇന്ന് കുടുംബ കൗണ്‍സിലിംഗ് മേഖലയും. യോഗ്യരും അയോഗ്യരും ഒരുപോലെ വിഹരിക്കുന്ന കേളീരംഗമാണ് ഇപ്പോള്‍ കൗണ്‍സലിംഗ് ലോകം. ഓരോ സിറ്റിംഗിനും ആയിരവും രണ്ടായിരവും ഫീസ്! മനശ്ശാസ്ത്ര രംഗത്തെ വ്യാജന്മാരെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാള മനോരമ ഒരു ലേഖനപരമ്പര തന്നെ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ എന്തെങ്കിലും നടപടി ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി അറിവില്ല. ചര്‍വിതചര്‍വണങ്ങളായ, വര മനശ്ശാസ്ത്ര ക്ലാസുകള്‍ കേട്ട് ഒരു പ്രശ്നവുമില്ലാത്തവന്നും തനിക്കും ചില 'കുഴപ്പങ്ങളു'ണ്ടോ എന്ന് സംശയിക്കുന്ന പരുവത്തിലാണ് ചിലരുടെ അവതരണങ്ങള്‍!
മനശ്ശാസ്ത്ര വിഷയത്തില്‍ പഠന-നിരീക്ഷണങ്ങള്‍ നടത്തുകയും വിശുദ്ധ ഖുര്‍ആന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ പരിഹാരം നിര്‍ദേശിക്കുകയും ചെയ്യാനുള്ള പ്രാപ്തി നമ്മുടെ മഹല്ല് ഇമാമുമാര്‍ക്കും മത നേതൃത്വത്തിനും അല്പം മനസ്സുവെച്ചാല്‍ ആര്‍ജിക്കാവുന്നതേയുള്ളൂ. ജീവിതത്തിലെ ചില സന്ദിഗ്ധ നിമിഷങ്ങളില്‍ നമ്മില്‍ പലരും ഇത്തരം കൗണ്സലിംഗുകള് അടുത്തിടപഴകുന്നവര്‍ക്ക്, അത് ഒരു കൗണ്സലിംഗാണെന്നറിയാതെ നടത്തിപ്പോകാറുണ്ട്. അപ്പോള്‍ സമൂഹം ബഹുമാനിക്കുന്ന വ്യക്തികള്‍ ശാസ്ത്രീയ കൗണ്‍സലിംഗ് രീതികള്‍ മനസ്സിലാക്കി പ്രയോഗിക്കുകയാണെങ്കില്‍ ഈ രംഗത്തെ ചൂഷണം ഫലപ്രദമായി തടയാനാകും. ഇമാമുമാര്‍ക്കും ഖത്വീബുമാര്‍ക്കും മറ്റും ട്രെയ്നിംഗ് വര്‍ക്ഷോപ്പുകളും മറ്റും സിജി പോലുള്ള കേന്ദ്രങ്ങള്‍ക്ക് നല്‍കാനാകും. ക്രൈസ്തവ സഭകള്‍ ഈ രംഗത്ത് നല്ല മാതൃകയാണ്. ഡോ. ജാസിമുല്‍ മുത്വവ്വയുടെ നിരീക്ഷണങ്ങള്‍ ഇതിനൊരു മുതല്‍ക്കൂട്ടായി തുടരട്ടെ.
ആ പരാമര്‍ശം ശരിയോ?
സാജിദ് മുഹമ്മദ്, കോഴിക്കോട്
''കേരളത്തിലെ ആദ്യത്തെ പൊതുധാരയിലുള്ള മുസ്ലിം വനിതാ സംഘടന എം.ജി.എമ്മാണ്. മുജാഹിദ് വനിതാ സംഘടനയായ എം.ജി.എമ്മിന് കാല്നൂറ്റാിന്റെ പാരമ്പര്യം അവകാശപ്പെടാനു്'' ('മുജാഹിദ് പ്രസ്ഥാനം സ്വയം പരിഷ്കരിക്കുന്ന കാലം' - ടി. റിയാസ് മോന്, 2016 ഡിസംബര്‍ 23, പേജ് 18). ഈ പരാമര്‍ശം ശരിയാണോ? കേരളത്തിലെ ആദ്യത്തെ മുസ്ലിം വിദ്യാര്‍ഥിനി സംഘടന ജമാഅത്തെ ഇസ്ലാമിയുടെ പോഷക വിഭാഗമായ ജി.ഐ.ഒ ആണ്. 1984-ലാണ് ജി.ഐ.ഒ (ഗേള്‍സ് ഇസ്ലാമിക് ഓര്ഗനൈസേഷന്) രൂപവത്കരിക്കുന്നത്. അതിനു നാലു വര്‍ഷത്തിനു ശേഷം 1988-ലാണ് മുജാഹിദ് ഗേള്‍സ് മൂവ്മെന്റ് (എം.ജി.എം) രൂപീകരിക്കപ്പെടുന്നത്.
Comments