Prabodhanm Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

2016- പശ്ചിമേഷ്യ: അശാന്തിയുടെ ഒരു വര്‍ഷം

പി.കെ. നിയാസ്

2016 മാര്‍ച്ചില്‍ ആറാം വര്‍ഷത്തിലേക്ക് കടന്ന സിറിയയിലെ ആഭ്യന്തരയുദ്ധം അഞ്ചു ലക്ഷത്തോളം മനുഷ്യജീവന്‍ അപഹരിച്ച് ഏതാണ്ട് പരിസമാപ്തിയിലേക്ക് കടന്നിരിക്കുന്നു. കൂട്ടക്കൊലകളുടെ പുതിയ ചരിത്രം രചിച്ച് പിതാവ് ഹാഫിസുല്‍ അസദിനെ കടത്തിവെട്ടിയ പുത്രന്‍ ബശ്ശാറുല്‍ അസദ് അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യപ്പെടാനുള്ള സാധ്യത പോലും ഇല്ലാതാക്കി റഷ്യയും ഇറാനും ഹിസ്ബുല്ലയും ഉള്‍പ്പെട്ട മുന്നണി ആ നാട്ടില്‍, വിശിഷ്യാ ചെറുത്തുനില്‍പിന്റെ അവസാന കേന്ദ്രമായ അലപ്പോയില്‍ നടത്തിയ  വംശീയ ശുദ്ധീകരണം ബോസ്‌നിയയിലെ സെബ്രനീസയെ ഓര്‍മപ്പെടുത്തുന്ന ഭീകര സംഭവമായിരുന്നു. 2005 ഡിസംബറില്‍ ഐക്യരാഷ്ട്ര രക്ഷാസമിതി ഏകകണ്ഠമായി അംഗീകരിച്ച സമാധാന നിര്‍ദേശങ്ങളോ അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും ഉച്ചകോടികളോ സിറിയയെ രക്ഷിക്കാന്‍ പര്യാപ്തമായില്ല. ബശ്ശാര്‍ ഭരണകൂടത്തിനെതിരെ സിറിയന്‍ പോരാളികള്‍ മേല്‍ക്കൈ നേടുന്ന ഘട്ടത്തിലാണ് റഷ്യയുടെ സൈനിക ഇടപെടല്‍ പോരാട്ടത്തിന്റെ ഗതി മാറ്റുന്നത്. സിറിയയിലെ തങ്ങളുടെ സൈനിക താവളങ്ങള്‍ കേന്ദ്രമാക്കി റഷ്യന്‍ വ്യോമസേനയും ഇറാന്‍, ഹിസ്ബുല്ല മിലീഷ്യകളും നടത്തിയ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ അമേരിക്കയും തുര്‍ക്കിയും ഗള്‍ഫ് അറബ് രാജ്യങ്ങളും പിന്തുണച്ച റിബലുകള്‍ക്ക് കഴിഞ്ഞില്ല. സിറിയന്‍ വിഷയത്തില്‍ യു.എന്നില്‍ വന്ന ആറു പ്രമേയങ്ങള്‍ വീറ്റോ ചെയ്ത റഷ്യ നയതന്ത്രതലത്തിലും അസദിന് വ്യക്തമായ പിന്തുണ നല്‍കി. സയണിസ്റ്റ് രാഷ്ട്രത്തെ രക്ഷിക്കാന്‍ രംഗത്തുവരാറുള്ള അമേരിക്കയുടെ പാതയാണ് ഇക്കാര്യത്തില്‍ റഷ്യ സ്വീകരിച്ചത്. 

2016-ന്റെ കണക്കെടുപ്പ് ശുഭ സൂചനകളല്ല നല്‍കുന്നത്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യുന്ന ഭരണകൂടങ്ങളും ഏകാധിപതികളും ഭീകര സംഘടനകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവം. എണ്‍പതുകളുടെ തുടക്കം മുതല്‍ യുദ്ധങ്ങളും അധിനിവേശങ്ങളും മധ്യപൗരസ്ത്യദേശത്തിന്റെയും അവിഭാജ്യ ഘടകമായിരിക്കുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) തകര്‍ക്കപ്പെടാത്ത ശക്തിയായി നിലകൊള്ളുന്നു എന്നതാണ് 2016 നല്‍കുന്ന ദുഃഖകരമായ മറ്റൊരു സന്ദേശം. 2014 ജനുവരിയിലാണ് സിറിയയിലെ റഖ ഐ.എസ് പിടിച്ചടക്കിയത്. റഖ ആസ്ഥാനമായുള്ള ഐ.എസ് സാമ്രാജ്യം തകര്‍ക്കുന്നതു പോയിട്ട് കാര്യമായ പരിക്കേല്‍പിക്കാന്‍ പോലും രണ്ടു വര്‍ഷമായിട്ടും കഴിഞ്ഞിട്ടില്ല. അതേവര്‍ഷം ജൂണില്‍ ഇറാഖിലെ മൂസ്വിലും ഐ.എസിന്റെ നിയന്ത്രണത്തിലായി. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ മാത്രമാണ് മൂസ്വിലിനെ മോചിപ്പിക്കാന്‍ വന്‍ സൈനിക നീക്കം ആരംഭിച്ചത്. ഇറാഖി സേനയെ പിന്തുണക്കാന്‍ അമേരിക്കയും കുര്‍ദ് സേനയും ഫ്രാന്‍സും കാനഡയും തുര്‍ക്കിയുമൊക്കെ രംഗത്തുണ്ട്. 2003-ല്‍ സദ്ദാമിനെതിരെ നടത്തിയ സൈനിക നടപടിക്ക് സമാനമായ ഓപറേഷനായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മൂസ്വിലിന്റെ സമീപപ്രദേശങ്ങളില്‍നിന്ന് ഐ.എസിനെ തുരത്തിയെന്ന വാര്‍ത്തകള്‍ തുടക്കത്തില്‍ പുറത്തുവന്നെങ്കിലും ഇപ്പോഴും പ്രവിശ്യയുടെ സമ്പൂര്‍ണ മോചനം സാധ്യമാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. അതിനിടെ, നഷ്ടപ്പെട്ട സിറിയയിലെ പുരാതന നഗരമായ പാമീറ (തദ്മുര്‍) തിരിച്ചുപിടിച്ച് തങ്ങളുടെ ശക്തി ഐ.എസ് പ്രകടിപ്പിക്കുകയും ചെയ്തു. അലപ്പോയില്‍ റഷ്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രൂക്ഷമായ ആക്രമണങ്ങള്‍ നടക്കുന്നതിനിടയിലാണ് അവിടെനിന്ന് 150 കി.മീറ്റര്‍ മാത്രം അകലെയുള്ള പാമീറ വീണ്ടും ഐ.എസ് നിയന്ത്രണത്തിലാകുന്നത്.  

അറുപതു വര്‍ഷത്തിലേറെ നീണ്ട അധിനിവേശത്തിന്റെ ഇരകളാണ് ഫലസ്ത്വീനികള്‍. നിലവിലുള്ള തുണ്ടു ഭൂമിയില്‍നിന്നുകൂടി അവരെ തുരത്താനുള്ള ഇസ്രയേലിന്റെ നീക്കങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മേഖലയിലെ അറബ് ഭരണകൂടങ്ങള്‍ നിസ്സംഗതയിലാണ്. ഫലസ്ത്വീനികള്‍, വിശിഷ്യാ, ഗസ്സയില്‍ ജീവിക്കുന്നവര്‍ ഇസ്രയേലികളെപ്പോലെ മനുഷ്യരാണെന്ന് അന്താരാഷ്ട്ര സമൂഹത്തോട് പറയാനുള്ള ചങ്കൂറ്റമെങ്കിലും അവര്‍ കാണിക്കണമായിരുന്നു. പരസ്പരം കൊന്നൊടുക്കുകയും ഒരിക്കലും അവസാനിക്കാത്ത ആഭ്യന്തര സംഘര്‍ഷങ്ങളുടെ കെട്ടുപാടുകളില്‍ തളച്ചിടപ്പെടുകയും ചെയ്ത അറബ് രാജ്യങ്ങള്‍ക്ക്, ഇസ്രയേലിന്റെ ബോംബ് വര്‍ഷത്തില്‍ ജീവിക്കേണ്ടിവരുന്ന ഫലസ്ത്വീനിലെ സ്വന്തം സഹോദരങ്ങളുടെ കാര്യത്തില്‍ ചിന്തിക്കാന്‍ പോലും സമയമില്ല എന്നതാണ് ഏറ്റവും വലിയ ദുര്യോഗം. 2016ല്‍ അധിനിവിഷ്ട ഫലസ്ത്വീനെതിരെ ഇസ്രയേലിന്റെ നിഷ്ഠുര യുദ്ധമുണ്ടായില്ലെന്നത് ശരിയാണ്. എന്നാല്‍ മിക്കവാറും ദിവസങ്ങളില്‍ ഇസ്രയേലി പോലീസിന്റെയും സൈന്യത്തിന്റെയും വെടിയേറ്റ് മരിക്കുന്ന ഫലസ്ത്വീനികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സയണിസ്റ്റുകളുടെ അധിനിവേശ ഭീകരതയില്‍ മനംമടുത്ത ഫലസ്ത്വീനി യുവത 2015 ഒക്‌ടോബറില്‍ തുടങ്ങിയതാണ് വ്യക്തിഗത ഇന്‍തിഫാദ. ഇതിനകം 245 പേര്‍ രക്തസാക്ഷികളായി. ഇവരില്‍ ഏറെയും കൗമാരക്കാരാണെന്നതും ഇവരെയൊക്കെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നതും സയണിസ്റ്റ് ഭീകരതയുടെ നടക്കുന്ന ഉദാഹരണങ്ങളാണ്. കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ശത്രുപാളയത്തില്‍ ധീരതയോടെ കടന്നുചെന്ന് വീരമൃത്യു വരിച്ചവരില്‍ നിരവധി പെണ്‍കുട്ടികളുമുണ്ട്.

എന്നാല്‍, രാഷ്ട്രീയതലത്തില്‍ ഫലസ്ത്വീന് മേല്‍ക്കൈ ലഭിച്ചുകൊണ്ടാണ് 2016 വിടവാങ്ങുന്നത്. മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തി അധിനിവിഷ്ട കേന്ദ്രങ്ങളില്‍ കുടിയേറ്റകേന്ദ്രങ്ങള്‍ പണിയുന്ന ഇസ്രയേലിന് താക്കീതായി യു.എന്‍ രക്ഷാസമിതി പ്രമേയം പാസ്സാക്കിയിരിക്കുന്നു. അമേരിക്ക വീറ്റോ ചെയ്യാതിരുന്നതിനാലാണ് പ്രമേയം പാസ്സായത്. എന്നാല്‍ പാലിച്ചില്ലെങ്കില്‍ ബലപ്രയോഗത്തിന് വകുപ്പുള്ള യു.എന്‍ ചാപ്റ്റര്‍ 7 പ്രകാരമുള്ളതല്ല ഈ പ്രമേയമെന്നത് അതിന്റെ ദൗര്‍ബല്യമാണ്. എന്നാല്‍ പ്രമേയം പാസ്സായതിലൂടെ ഒരു കാര്യം വ്യക്തമായി. ഇസ്രയേലിന്റെ നടപടികളില്‍ അന്താരാഷ്ട്ര സമൂഹത്തിന് അതൃപ്തിയുണ്ട്. പതിവു അമേരിക്കന്‍ പ്രസിഡന്റുമാരെപ്പോലെ ഇസ്രയേലിന് അനുകൂലമായ നിലപാടാണ് ഒബാമയും കഴിഞ്ഞ എട്ടു വര്‍ഷത്തെ ഭരണത്തില്‍ സ്വീകരിച്ചിരുന്നതെങ്കിലും നെതന്യാഹുവിന്റെ പല തീരുമാനങ്ങളോടും ശക്തിയായി വിയോജിച്ചിരുന്നുവെന്നത് വസ്തുതയാണ്. കുടിയേറ്റകേന്ദ്രങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ശക്തമായ നിലപാട് ഒബാമ സ്വീകരിച്ചതുകൊണ്ടാണ് ഈ പ്രമേയം വീറ്റോ ചെയ്യാതെ വിട്ടുനില്‍ക്കാനെങ്കിലും അമേരിക്ക തയാറായത്. എന്നാല്‍, ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ എത്തുന്നതോടെ അമേരിക്കയുടെ ഇസ്രയേല്‍ ബാന്ധവം കൂടുതല്‍ ശക്തമാകുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അധിനിവേശം കാരണം  വെസ്റ്റ് ബാങ്കും ഗസ്സയുമായി വിഭജിക്കപ്പെട്ട ഫലസ്ത്വീന്‍ രാഷ്ട്രീയമായും അതേ നിലയില്‍ തുടരുന്നു. ഐക്യ ഗവണ്‍മെന്റ് എന്ന ആശയം ഇതുവരെ ഫലം കണ്ടില്ല. തെരഞ്ഞെടുപ്പ് പോലും നടന്നിട്ട് പതിറ്റാണ്ട് കഴിഞ്ഞു. എണ്‍പതു കഴിഞ്ഞ മഹ്മൂദ് അബ്ബാസ് കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് പദവിയില്‍ തുടരുന്നു. ഫലസ്ത്വീനികളില്‍ മൂന്നില്‍ രണ്ടിനും അനഭിമതനായ അബ്ബാസ് വീണ്ടും ഫത്ഹിന്റെ നേതൃപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മറ്റൊരു ദുരന്തം.

മിഡിലീസ്റ്റ് രാഷ്ട്രീയത്തില്‍ ഇറാന്‍ പതിവുപോലെ നിറഞ്ഞുനിന്ന വര്‍ഷമായിരുന്നു 2016. ആണവായുധ നിര്‍മാണത്തിലേക്ക് നീങ്ങുന്നുവെന്ന ആരോപണമാണ് മുന്‍ വര്‍ഷങ്ങളില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളും അവയുടെ സഖ്യകക്ഷികളും ഇറാനെതിരെ ഉന്നയിച്ചിരുന്നതെങ്കില്‍ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ 2015 ജൂണില്‍ ഇറാനും യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ജര്‍മനിയും യൂറോപ്യന്‍ യൂനിയനും ചേര്‍ന്ന് ഒപ്പുവെച്ച കരാറിലൂടെ വിഷയം കെട്ടടങ്ങിയെന്നാണ് കരുതിയിരുന്നത്. കരാറിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ എണ്ണ കയറ്റുമതി ചെയ്യാന്‍ ഇറാന് അവസരമൊരുങ്ങി. ഉപരോധത്തില്‍ ഞെരുങ്ങിയിരുന്ന വ്യവസായ, ഊര്‍ജ മേഖലകള്‍ സജീവമായി. എന്നാല്‍ ഇക്കഴിഞ്ഞ നവംബര്‍ 15-ന് യു.എസ് ജനപ്രതിനിധി സഭയും ഡിസംബര്‍ ഒന്നിന് സെനറ്റും ഇറാനെതിരായ ഉപരോധം നീട്ടാനുളള ബില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കിയതോടെ ആണവ വിവാദം വീണ്ടും കൊടുമ്പിരി കൊള്ളാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. വാഗ്ദാന ലംഘനം നടത്തിയ അമേരിക്കക്കെതിരെ ഇറാന്‍ യു.എന്‍ പരിഹാര കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്.. തങ്ങളുടെ ഊര്‍ജ, പ്രതിരോധ, ബാങ്കിംഗ് മേഖലയുടെ മേലുള്ള ഉപരോധം പത്തു വര്‍ഷം നീട്ടാനുള്ള യു.എസ് തീരുമാനത്തിന് തിരിച്ചടി നല്‍കുമെന്നും തെഹ്‌റാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ പടിയായി ആണവോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ വികസിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് പ്രസിഡന്റ് ഹസന്‍ റൂഹാനി. അതേസമയം ബില്ലില്‍ ഒപ്പുവെക്കാതെ പ്രസിഡന്റ് ഒബാമ വിഷയം നീട്ടിക്കൊണ്ടുപോകുന്നുണ്ടെങ്കിലും രണ്ടാഴ്ചക്കു ശേഷം ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതൊടെ പ്രശ്‌നം വീണ്ടും കത്തും.

മേഖലയില്‍ രാഷ്ട്രീയ മേധാവിത്വം ഉറപ്പിക്കാനുള്ള ഇറാന്റെ ഗൂഢപദ്ധതികള്‍ മറനീക്കി പുറത്തുവരുന്നതും ലോകം കണ്ടു. സിറിയയിലും യമനിലും സൈനികമായി നടത്തിയ ഇടപെടലുകളിലൂടെ ശീഈസത്തിന്  മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ ഇറാനിയന്‍ ഭരണകൂടം കഠിന പ്രയത്‌നം തന്നെ നടത്തി. ഇറാഖില്‍ തങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്ന ഒരു ഗവണ്‍മെന്റിനെ പ്രതിഷ്ഠിക്കുന്നതില്‍ വിജയിച്ച ഇറാനിയന്‍ ഭരണകൂടത്തിന് സിറിയയില്‍ ബശ്ശാറിന്റെ അതിജീവനം അനിവാര്യമായിരുന്നു. സിറിയയിലെ ജനകീയ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ബശ്ശാറിന് ഇറാന്റെയും അവരുടെ പ്രോക്‌സിയായ ലബനാനിലെ ഹിസ്ബുല്ലയുടെയും സൈനിക- സാമ്പത്തിക സഹായമാണ് തുണയായത്. അലവൈറ്റ് ശീഈ വിഭാഗക്കാരനായ ബശ്ശാറിനെ എന്തുവില കൊടുത്തും നിലനിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്ത തെഹ്‌റാനു വേണ്ടി യുദ്ധം ചെയ്തത് റെവല്യൂഷനറി ഗാര്‍ഡ്‌സിന്റെ ഖുദ്‌സ് ഫോഴ്‌സായിരുന്നു. അതിന്റെ തലവന്‍ ഖാസിം സുലൈമാനി അലപ്പോയിലെ യുദ്ധമേഖലയില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. 

പ്രമുഖ ശീഈ പണ്ഡിതന്‍ നിംറ് അല്‍ നിംറിനെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷമാദ്യം സുഊദി അറേബ്യ വധശിക്ഷക്ക് വിധേയമാക്കിയത് തെഹ്‌റാനും രിയാദും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ വഷളാക്കി. ഇറാനിലെ സുഊദി നയതന്ത്ര കാര്യാലയങ്ങള്‍ പ്രതിഷേധക്കാര്‍ തീയിട്ടതും ഇറാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ സുഊദി അറേബ്യ വിഛേദിച്ചതും പ്രശ്‌നം രൂക്ഷമാക്കി. സുഊദിക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റു ചില രാജ്യങ്ങളും ഇറാനുമായുള്ള ബന്ധം വേര്‍പെടുത്തി. 2015-ലെ ഹജ്ജ് ദുരന്തത്തില്‍ കൊല്ലപ്പെട്ട തീര്‍ഥാടകരില്‍ ഏറെയും ഇറാനില്‍നിന്നുള്ളവരായിരുന്നു. ഇക്കാര്യത്തില്‍ സുഊദിയുമായി വാക്‌പോരിലേര്‍പ്പെട്ടിരുന്ന ഇറാന്‍ ഇത്തവണ ഹജ്ജ് കരാര്‍ ഒപ്പിടുന്നതില്‍ മുന്നോട്ടുവെച്ച ചില നിബന്ധനകള്‍ അംഗീകരിക്കാന്‍ രിയാദ് തയാറായില്ല. ഇതേത്തുടര്‍ന്ന് 2016ലെ ഹജ്ജ് ഇറാന്‍ ബഹിഷ്‌കരിച്ചു. 

മേഖലയിലെ ശക്തമായ ജനാധിപത്യ രാഷ്ട്രങ്ങളിലൊന്നായ തുര്‍ക്കിയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ പോയ വര്‍ഷം സജീവമായിരുന്നു. ജൂലൈ 15-ലെ സൈനിക അട്ടിമറി നീക്കമാണ് അതില്‍ ഏറ്റവും പ്രധാനം. പ്രസിഡന്റ്  റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മുന്‍ മിത്രവും ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയുമായ ഫത്ഹുല്ല ഗുലനാണ് അട്ടിമറി നീക്കത്തിനു പിന്നിലെന്ന് തുര്‍ക്കി ആരോപിക്കുന്നു. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ സ്ഥിരതാമസമാക്കിയ ഗുലനെ വിട്ടുകിട്ടണമെന്ന തുര്‍ക്കിയുടെ ആവശ്യം അംഗീകരിക്കാന്‍ അമേരിക്ക ഇതുവരെ തയാറായിട്ടില്ല. അട്ടിമറിനീക്കം ഉര്‍ദുഗാന്‍ പരാജയപ്പെടുത്തിയെങ്കിലും നിരോധിത പി.കെ.കെ എന്ന കുര്‍ദ് ഭീകര സംഘടനയും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരും തുര്‍ക്കിയില്‍ നിരന്തരം സ്‌ഫോടന പരമ്പരകള്‍ അഴിച്ചുവിടുന്നു. തുര്‍ക്കിയുടെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ഇസ്തംബൂളിനെ ലക്ഷ്യമിട്ടാണ് ചാവേറാക്രമണങ്ങളില്‍ പലതും അരങ്ങേറുന്നത്. ഏറ്റവുമൊടുവില്‍ റഷ്യന്‍ അംബാസഡറുടെ വധത്തില്‍ വരെ കലാശിച്ച സംഭവങ്ങള്‍ ഉര്‍ദുഗാനെ സംബന്ധിച്ചേടത്തോളം വെല്ലുവിളി തന്നെയാണ്.

രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തര അന്തഃഛിദ്രങ്ങളും നിറഞ്ഞാടിയ ലബനാന് രണ്ടു വര്‍ഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം പ്രസിഡന്റിനെ ലഭിച്ചത് ഒക്‌ടോബര്‍ ഒടുവിലാണ്. 2014-ല്‍ മിഷേല്‍ സുലൈമാന്റെ കാലാവധി കഴിഞ്ഞ ശേഷം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ പാര്‍ലമെന്റ് മുപ്പതിലേറെ സെഷനുകള്‍ ചേര്‍ന്നിട്ടും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. മറോണൈറ്റ് വിഭാഗക്കാരന് സംവരണം ചെയ്യപ്പെട്ട ഈ പദവിയില്‍ ഒടുവില്‍ മുന്‍ സൈനിക മേധാവി മിഷല്‍ ഔനിന് നറുക്കുവീണു. ഹിസ്ബുല്ല നേതൃത്വം നല്‍കുന്ന മാര്‍ച്ച് 8 മുന്നണിയുമായി ബന്ധമുള്ള നേതാവാണ് ഔന്‍. സുന്നി വിഭാഗക്കാരനും ഫ്യൂചര്‍ പാര്‍ട്ടിയുടെയും മാര്‍ച്ച് 14 മുന്നണിയുടെയും നേതാവുമായ സഅ്ദ് അല്‍ ഹരീരി ഡിസംബറില്‍ പുതിയ പ്രധാനമന്ത്രിയായും സ്ഥാനമേറ്റു. ഹരീരി ഗവണ്‍മെന്റിലും പതിവുപോലെ ഹിസ്ബുല്ലക്ക് ശക്തമായ സ്വാധീനമുണ്ട്.

എണ്ണവരുമാനം മുഖ്യ സ്രോതസ്സായ ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്ഘടന കാര്യമായ വെല്ലുവിളി നേരിടുകയുണ്ടായി പോയ വര്‍ഷം. ബാരലിന് 140 ഡോളറിനു മുകളില്‍ വരെയെത്തിയ എണ്ണവില കുത്തനെ ഇടിഞ്ഞ് 35 ഡോളറിനു താഴേക്കു പോകുന്നതാണ് 2015-ല്‍ കണ്ടത്. കഴിഞ്ഞ വര്‍ഷം തുടക്കത്തിലും കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ലെങ്കിലും എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും അതില്‍ അംഗമല്ലാത്ത റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഉല്‍പാദനം കുറയ്ക്കാന്‍ ധാരണയിലെത്തിയതോടെ വിലയില്‍ ചെറിയ മുന്നേറ്റമുണ്ടായി. ഏറ്റവുമൊടുവില്‍ 55 ഡോളറിനു മുകളിലെത്തിയിരിക്കുന്നു വില. ഈ വര്‍ഷം 75 ഡോളറിനു മുകളിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. എണ്ണയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് സുഊദി അറേബ്യ. ഏപ്രില്‍ 25-ന് ഔദ്യോഗികമായി പുറത്തിറക്കിയ സുഊദി വിഷന്‍ 2030 ഇക്കാര്യം ഊന്നിപ്പറയുന്നു. 2020 ആകുമ്പോഴേക്ക് ഇക്കാര്യത്തില്‍ വലിയ മാറ്റം ഉണ്ടാക്കണമെന്നാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. മന്ത്രിമാരുടെ ശമ്പളവും ജീവനക്കാരുടെ ബോണസുകളും വെട്ടിക്കുറച്ചും പുതിയ നികുതികള്‍ ഏര്‍പ്പെടുത്തിയും വിദേശ തൊഴിലാളികള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയും ശക്തമായ ചില നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. മറ്റു ചില ഗള്‍ഫ് രാജ്യങ്ങളും വിദേശ ജോലിക്കാരെ കുറച്ചുകൊണ്ട് സമാനമായ ചില നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അറബ് വസന്തം മുന്നോട്ടുവെച്ച മാറ്റങ്ങളെ തല്‍പരകക്ഷികള്‍ അട്ടിമറിച്ച് അരാജകത്വം വിതച്ച രാജ്യങ്ങളാണ് ലിബിയയും യമനും ഈജിപ്തും. ജനാധിപത്യ പാതയിലേക്ക് നീങ്ങിയ ഈജിപ്ത്, സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ നേതൃത്വത്തില്‍ വീണ്ടും സ്വേഛാധിപത്യത്തിലേക്ക് നീങ്ങിയതിന്റെ നാലാം വാര്‍ഷികം ആചരിക്കാനൊരുങ്ങുന്നു. ഏകാധിപതിയായ മൂഅമ്മര്‍ ഖദ്ദാഫിയെ നിഷ്‌കാസിതനാക്കിയ ശേഷം ലിബിയ കൂപ്പുകൂത്തിയതും തികഞ്ഞ അരാജകത്വത്തിലേക്ക്. മൊറോക്കോയില്‍ ഒപ്പുവെച്ച ലിബിയന്‍ രാഷ്ട്രീയ കരാറിന് ഒരു വര്‍ഷം പുര്‍ത്തിയാകുമ്പോഴും മൂന്നു ഗവണ്‍മെന്റുകളാണ് ഫലത്തില്‍ ലിബിയയില്‍ ഭരണം കൈയാളുന്നത്. മിസ്‌റാതയില്‍നിന്ന് ഐ.എസ് ഭീകരരെ തുരത്തുന്നതില്‍ മിലീഷ്യകള്‍ വിജയിച്ചതാണ് ലിബിയയില്‍നിന്ന് വരുന്ന ആശ്വാസകരമായ വാര്‍ത്ത. എന്നാല്‍ അവര്‍ പുതിയ തുരുത്തുകള്‍ തേടിയെത്തുമെന്ന ആശങ്ക ബാക്കിയുണ്ട്.

സിറിയയെപ്പോലെ മറ്റൊരു ദുരന്തമാണ് യമന്‍. അബ്ദുല്‍ഹാദി മന്‍സൂറിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് പ്രക്ഷോഭം നടത്തിയ ശീഈ ഹൂതികള്‍ 2014 സെപ്റ്റംബറില്‍ തലസ്ഥാനമായ സ്വന്‍ആ പിടിച്ചടക്കിയതോടെ ആരംഭിച്ചതാണ് യമനിലെ സംഘര്‍ഷങ്ങള്‍. സുഊദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് സഖ്യ സേനയും അമേരിക്കയും കിണഞ്ഞു ശ്രമിച്ചിട്ടും സ്വന്‍ആയില്‍നിന്ന് ഹുതികളെ തുരത്താന്‍ സഖ്യസേനക്ക് കഴിഞ്ഞില്ല. ഏദന്‍ ആസ്ഥാനമായി ഹാദിയുടെ സര്‍ക്കാര്‍ ഭരിക്കുന്നു. സൈനികാക്രമണങ്ങള്‍ക്ക് ഒട്ടുമുക്കാലും ഇരയായത് സാധാരണ ജനങ്ങള്‍. ഏഴായിരത്തിലേറെ പേര്‍ ഇതിനകം കൊല്ലപ്പെട്ടു. സമാധാനശ്രമങ്ങള്‍ പലതും നടക്കുന്നുെങ്കിലും ഫലം കാണുന്നില്ലെന്നു മാത്രം.

2016-ല്‍ മിഡിലീസ്റ്റിനെ രൂപപ്പെടുത്തുന്ന ഒമ്പതു വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ന്യൂസ് വീക്ക് വാരികയില്‍ ജാക് മൂര്‍ എഴുതിയ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളില്‍ മിക്കതും അതേപടി നിലനില്‍ക്കുന്നു. അധികാരലഹരിയാണ് ഭരണകൂടങ്ങളെ മനുഷ്യത്വരഹിതമായ ചെയ്തികളിലേക്ക് നയിക്കുന്നത്. കൂടിയാലോചനകളും വിട്ടുവീഴ്ചകളും ടാങ്കുകള്‍ക്കും മിസൈലുകള്‍ക്കും വഴിമാറിക്കൊടുക്കുന്ന കാഴ്ച. മേഖലയെ  ഇനിയും വെട്ടിമുറിച്ച് പുതിയ രാജ്യങ്ങള്‍ ഉണ്ടാക്കാനുള്ള ചര്‍ച്ചകള്‍ പോലും നടന്നുകൊണ്ടിരിക്കുന്നു. പതിവുപോലെ പുതുവര്‍ഷത്തിലും പ്രതീക്ഷകളും പ്രാര്‍ഥനകളും മാത്രം. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി