2016-ല്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഏതാനും പുസ്തകങ്ങളെക്കുറിച്ച്
'ബ്ലാക് പ്രസിഡന്‍സി' എന്തു നേടി?
എട്ടു വര്‍ഷത്തിനു ശേഷം ബറാക് ഒബാമ വൈറ്റ് ഹൗസിന്റെ പടികളിറങ്ങുകയാണ്. മറ്റു അമേരിക്കന്‍ പ്രസിഡന്റുമാരില്‍നിന്ന് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത് ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ് എന്നതുതന്നെയാണ്. ട്രംപിസം ജനപ്രീതിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കറുത്ത വര്‍ഗക്കാരനോ ഇരുനിറക്കാരനോ ആയ ഒരു പ്രസിഡന്റിനെ വൈറ്റ് ഹൗസില്‍ അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കുക വയ്യ. 'ബ്ലാക് പ്രസിഡന്‍സി' എന്നത് ഇനി അമേരിക്കയിലേക്ക് തിരിച്ചെത്തിയില്ലെന്നും വരാം. അതിനാല്‍ ഒബാമ ഭരിച്ച ഈ എട്ടു വര്‍ഷത്തിനു അപൂര്‍വതയുണ്ട്. പക്ഷേ, കറുത്ത വര്‍ഗക്കാരനായ ആ പ്രസിഡന്റില്‍നിന്ന് ലോകം പ്രതീക്ഷിച്ചത് ലഭിച്ചുവോ? വളരെ പ്രസക്തമായ ഒരു അന്വേഷണ വിഷയമാണിത്. ആ അന്വേഷണമാണ് ഏറക്കുറെ തൃപ്തികരമായ രീതിയില്‍ ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായ, കറുത്ത വര്‍ഗക്കാരന്‍ തന്നെയായ മൈക്കല്‍ എറിക് ഡൈസന്‍ നടത്തിയിരിക്കുന്നത്. The Black Presidency: Barack Obama and the Politics of Race in America എന്നാണ് പുസ്തകത്തിന്റെ പേര്. 2016-ല്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായ കൃതികളിലൊന്ന്. ശീര്‍ഷകം സൂചിപ്പിക്കുംപോലെ, ഒബാമാ ഭരണകാലത്തെ വംശീയതയാണ് പ്രതിപാദ്യം. കറുത്ത വര്‍ഗക്കാരന്‍ പ്രസിഡന്റായ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരോടുള്ള വെള്ളക്കാരന്റെ വംശീയ വിവേചനത്തിന് വല്ല കുറവും വന്നോ?
നിരാശപ്പെടുത്തുന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. ഒബാമയുടെ തെരഞ്ഞെടുപ്പു വിജയത്തിനു വേണ്ടി രണ്ടു തവണയും കൈമെയ് മറന്ന് പണിയെടുത്ത കെവിന്‍ ജോണ്‍സണ്‍ പറയുന്നതുപോലെ, 'ഒബാമ എല്ലാവരുടെയും പ്രസിഡന്റായിരുന്നു; കറുത്തവരുടെ പ്രസിഡന്റായിരുന്നില്ല.' 2008-ലെ തെരഞ്ഞെടുപ്പില്‍ കറുത്ത വര്‍ഗക്കാരില്‍ 96 ശതമാനവും 2012-ല്‍ അവരിലെ 93 ശതമാനവും ഒബാമക്കായിരുന്നു വോട്ട് നല്‍കിയത്. പക്ഷേ, തന്റെ ഭരണകൂടത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ കറുത്ത വര്‍ഗക്കാരെ നിയമിക്കാന്‍ ഒബാമ മടിച്ചു. ബില്‍ ക്ലിന്റണ്‍ ഭരണകൂടത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഏഴു കറുത്ത വര്‍ഗക്കാരുണ്ടായിരുന്നു. ജോര്‍ജ് ബുഷ് വരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നാല് കറുത്ത വര്‍ഗക്കാരെ ഇരുത്തി. എന്നാല്‍, ഒബാമയുടെ രണ്ടാം ഊഴത്തില്‍ ഒരൊറ്റ കറുത്ത വര്‍ഗക്കാരന് മാത്രമാണ് ഉയര്‍ന്ന സ്ഥാനം ലഭിച്ചത്. വെള്ള വോട്ടര്‍മാരെ പ്രകോപിപ്പിക്കാതെ ഒപ്പം നിര്‍ത്താനുള്ള അടവ്.
വെള്ള വംശീയ മേധാവിത്വത്തോടുള്ള ഒബാമയുടെ വിധേയത്വം മറനീക്കി പുറത്തുവരുന്നത് ഫെര്‍ഗൂസന്‍ നഗരത്തിലും മറ്റും വെള്ളപ്പോലീസ് കറുത്ത വര്‍ഗക്കാരെ അകാരണമായി വെടിവെച്ചു വീഴ്ത്തിയപ്പോഴാണ്. ഗ്രന്ഥകാരന്റെ വാക്കുകള്‍: ''പോലീസ് വിവേചനത്തിനെതിരെ പ്രതിഷേധിച്ച പ്രകടനക്കാര്‍ക്കു നേരെ ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചുകൊണ്ടിരുന്ന ദൃശ്യങ്ങള്‍ ടി.വിയില്‍ വന്നുകൊണ്ടിരുന്ന സമയം. ഒബാമയില്‍നിന്ന് ചില നീക്കങ്ങളുണ്ടാകുമെന്ന് കറുത്ത വര്‍ഗക്കാര്‍ പ്രതീക്ഷിച്ചു. പക്ഷേ, വൈറ്റ് ഹൗസില്‍ വെച്ച് വളരെ ആഹ്ലാദവാനായി പത്രക്കാരോട് ഈ വിഷയത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന ഒബാമയാണ് പിന്നീട് ടി.വി സ്‌ക്രീനില്‍ തെളിഞ്ഞത്. താന്‍ കറുത്തവരുടെ പ്രസിഡന്‍ല്ല, എല്ലാവരുടെയും പ്രസിഡന്റാണ് എന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്.'' അതിക്രമികള്‍ക്കെതിരെ കടുത്ത ഒരു വാക്കും തന്റെ വായില്‍നിന്ന് വീഴാതിരിക്കാനും ഒബാമ ശ്രദ്ധിച്ചു. എന്നല്ല, ഉത്തരവാദിത്തം പ്രക്ഷോഭം നടത്തുന്ന കറുത്തവരുടെ തലയില്‍ കെട്ടിവെക്കാനും ഒബാമ വ്യംഗ്യമായി ശ്രമിക്കുന്നുണ്ടായിരുന്നു. ''ഒബാമ എപ്പോഴും പ്രശ്‌നത്തില്‍ കറുത്തവരുടെ ഉത്തരവാദിത്തം പെരുപ്പിച്ചുകാട്ടാന്‍ നിര്‍ബന്ധിതനായിരുന്നു. കാരണം അദ്ദേഹത്തിന് വെളുത്തവരുടെ ഉത്തരവാദിത്തം കുറച്ചുകാണിക്കേണ്ടതുണ്ടായിരുന്നു.''
വിവാദങ്ങളെ ഒപ്പം കൊണ്ടുനടക്കുന്ന യൂറോപ്യന്‍ ചിന്തകന്‍ താരിഖ് റമദാന്‍ എഴുതിയ ഘല ഏലിശല ഉല ഹ'കഹെമാ എന്ന ഫ്രഞ്ച് കൃതിയും കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ ഇംഗ്ലീഷ് -അറബി വിര്‍ത്തനങ്ങള്‍ പുറത്തുവന്നിട്ടില്ല. 'ഇസ്‌ലാമിക പ്രതിഭ' എന്ന് ഗ്രന്ഥശീര്‍ഷകത്തെ പരിഭാഷപ്പെടുത്താം. യൂറോപ്യന്‍ മത-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളെ അടക്കിവാഴുന്ന ഇസ്‌ലാമോഫോബിയക്കെതിരെ പ്രതിരോധം തീര്‍ക്കലാണ് ഈ കൃതി. ഭീകരതയുടെ മൊത്തക്കച്ചവടക്കാരായാണ് യൂറോപ്പില്‍ മുസ്‌ലിംകള്‍ ചിത്രീകരിക്കപ്പെടുന്നത്. ഇസ്‌ലാം സ്ത്രീക്ക് മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കുന്നു പോലുള്ള പ്രചാരണങ്ങളും മുറുകുന്നു. ഹിജാബ്, ജിഹാദ്, ഖിസ്വാസ്വ് പോലുള്ള ഇസ്‌ലാമിക സംജ്ഞകളും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. ഇത്തരം തെറ്റിദ്ധാരണകള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുന്ന വിധത്തിലാണ് 304 പേജുള്ള പുസ്തകത്തിന്റെ വിഷയക്രമീകരണം.
ഒന്നാം അധ്യായത്തില്‍ പ്രവാചകന്റെ ജീവിതമാണ് വിവരിക്കുന്നത്. യൂറോപ്പില്‍ ഇസ്‌ലാമോഫോബിയ കത്തിച്ചുവിടാനുള്ള പ്രധാന ഇന്ധനം പ്രവാചകന്റെ അത്യന്തം വികലമാക്കപ്പെട്ട ജീവചരിത്രമാണല്ലോ. തിരുത്തലും ശരിപ്പെടുത്തലും അവിടെനിന്ന് തുടങ്ങണം. രണ്ടാം അധ്യായത്തില്‍ ഖുര്‍ആനും അതിന്റെ വ്യാഖ്യാനമായ പ്രവാചകചര്യയും ചേര്‍ന്ന് എങ്ങനെ ഒരു സാമൂഹിക-രാഷ്ട്രീയ വിപ്ലവം സാധിച്ചു എന്നു വ്യക്തമാക്കുന്നു. പുസ്തകം അവസാനിക്കുമ്പോള്‍ ഇസ്‌ലാമിക ചരിത്രം, മൗലികാധ്യാപനങ്ങള്‍, ധാര്‍മികവ്യവസ്ഥ, സ്വഭാവ ചര്യകള്‍ എല്ലാം സംക്ഷിപ്തമായെങ്കിലും പരാമര്‍ശിച്ചുപോകാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയുള്ള അപവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാലത്തിന്റെ ഭാഷയിലുള്ള മറുപടി എന്ന് പുസ്തകത്തെ വിശേഷിപ്പിക്കാമെന്ന് അതിനെക്കുറിച്ച് അല്‍ജസീറ ഡോട്ട് നെറ്റില്‍ നിരൂപണമെഴുതിയ യൂനുസ് ബല്‍ഫലാഹ്.
'തെമ്മാടി നീതി' (Rogue Justice) എന്നാണ് കരന്‍ ഗ്രീന്‍ ബര്‍ഗിന്റെ പുസ്തകത്തിന്റെ പേര്. 'ഒരു സുരക്ഷാ രാഷ്ട്രത്തിന്റെ നിര്‍മിതി' (The Making of the Security State) എന്നത് അതിന്റെ ഉപശീര്‍ഷകം. 2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം ആ സംഭവത്തിന്റെ മറപിടിച്ച് ബുഷ് ഭരണകൂടം എങ്ങനെയൊക്കെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ കവര്‍ന്നെടുത്തു എന്ന് അന്വേഷിക്കുന്ന കൃതി. അമേരിക്കന്‍ ചരിത്രത്തിലെ സുപ്രധാന മനുഷ്യാവകാശ പ്രഖ്യാപന(Bill of Rights)ത്തിന്റെ നിഷേധത്തോളം അത് ചെന്നെത്തുന്നുണ്ടെന്ന് ഗ്രന്ഥകാരി നിരീക്ഷിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വഴിവിട്ട രീതിയില്‍ പൗരാവകാശങ്ങള്‍ക്കു മേല്‍ കൈയേറ്റങ്ങള്‍ നടത്തി. ഇത് നിയമവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. അമേരിക്ക നിലകൊള്ളുന്ന അടിസ്ഥാന മൂല്യങ്ങളെ അത് ദുര്‍ബലപ്പെടുത്തുകയും ചെയ്തു. 'ഭീകരതക്കെതിരിലുള്ള യുദ്ധം' എന്ന മറവിലാണ് ഈ അവകാശക്കൈയേറ്റങ്ങളൊക്കെയും നടന്നതെന്ന് ഗ്വാണ്ടനാമോ ഉള്‍പ്പെടെയുള്ള പീഡനകേന്ദ്രങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ഗ്രന്ഥകാരി സമര്‍ഥിക്കുന്നു. ഒബാമ അധികാരത്തിലേറിയപ്പോള്‍ ബുഷ് ഭരണകൂടത്തിന്റെ നിലപാടുകള്‍ തിരുത്തുമെന്ന് പ്രതീക്ഷ ജനിപ്പിച്ചെങ്കിലും ആളില്ലാ വിമാനാക്രമണങ്ങളും മറ്റും വിപുലമാക്കി പൗരസ്വാതന്ത്ര്യത്തിനെതിരെ പുതിയ വെല്ലുവിളികള്‍ കൂടി ഉയര്‍ത്തിക്കൊണ്ടാണ് അദ്ദേഹം വൈറ്റ് ഹൗസ് വിടുന്നത്. പുതിയ പ്രസിഡന്റ് പൗരസ്വാതന്ത്ര്യങ്ങള്‍ ചവിട്ടിയരക്കുന്നതില്‍ ഒട്ടും പിറകിലായിരിക്കില്ലെന്നും ഉറപ്പാണ്. പുസ്തകത്തിലെ വാദമുഖങ്ങള്‍ ട്രംപ് പ്രസിഡന്‍സിയില്‍ കൂടുതല്‍ പ്രസക്തമാകുമെന്നര്‍ഥം.
'അര്‍മീനിയന്‍ കൂട്ടക്കൊല'യെക്കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ വലിയ കോലാഹലങ്ങളുണ്ടാക്കിയിരുന്നു 2015-ല്‍. സംഭവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ തുര്‍ക്കി മാപ്പു പറയണമെന്ന് അവര്‍ മുറവിളികൂട്ടി. ഒന്നാം ലോക യുദ്ധം നടന്നുകൊണ്ടിരിക്കെ 1915-ല്‍ പതിനഞ്ച് ലക്ഷം അര്‍മീനിയന്‍ ക്രിസ്ത്യാനികളെ തുര്‍ക്കിയിലെ ഉസ്മാനീ ഭരണകൂടം കൂട്ടക്കൊല ചെയ്തു എന്നാണ് അവര്‍ ആരോപിച്ചത്. തുര്‍ക്കി അതിന് വിശദീകരണവുമായി രംഗത്തുവന്നു. ഒന്നര മില്യന്‍ പേര്‍ വധിക്കപ്പെട്ടു എന്നത് പെരുപ്പിച്ച കണക്കാണ്. ഉസ്മാനീ ഭരണത്തിനു കീഴില്‍ കഴിയുന്ന ഇസ്തംബൂളിലെ അര്‍മീനിയന്‍ ക്രൈസ്തവ സമൂഹം റഷ്യന്‍ ഭരണകൂടത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് തുര്‍ക്കിയുടെ വിശദീകരണം. ഇസ്തംബൂളില്‍നിന്ന് അവരെ മറ്റൊരു ഭാഗത്തേക്ക് കുടിയൊഴിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ നിരവധി പേര്‍ വഴിയില്‍ മരിച്ചുവീണു. കലാപത്തില്‍ കൊല്ലപ്പെട്ടവരുമുണ്ട്. എല്ലാം കൂടി ചേര്‍ത്തുവെച്ചാലും കൊല്ലപ്പെട്ടവര്‍ മൂന്ന് ലക്ഷത്തില്‍ അധികമില്ല. യൂറോപ്യന്‍ പ്രൊപഗണ്ടയുടെ മുനയൊടിക്കുന്ന വസ്തുനിഷ്ഠ പഠനങ്ങളും പിന്നീട് പുറത്തുവന്നു.
ഇതിനൊരു മറുവശമുണ്ട്. ഒന്നാം ലോക യുദ്ധകാലത്ത് ഉസ്മാനീ ഖിലാഫത്ത് അങ്ങേയറ്റം ദുര്‍ബലമാവുകയും റഷ്യയും മറ്റു യൂറോപ്യന്‍ ശക്തികളും പല ഉസ്മാനീ പ്രദേശങ്ങളും കൈയടക്കുകയും ചെയ്തപ്പോള്‍ അവിടങ്ങളിലെ തുര്‍ക്കി വംശജരായ മുസ്‌ലിംകള്‍ നേരിട്ട കൂട്ടക്കുരുതി. പല ഗ്രാമങ്ങളും ഒന്നും അവശേഷിപ്പിക്കാതെ നശിപ്പിച്ചു. എന്തു സംഭവിച്ചു എന്ന് വിളിച്ചു പറയാന്‍ ആ ഗ്രാമങ്ങളില്‍ ഒരൊറ്റ തുര്‍ക്കി പൗരന്‍ പോലും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല. അര്‍മീനിയന്‍ വംശജരാണ് ഈ കൂട്ടക്കൊലകള്‍ നടത്തിയത്. യൂറോപ്യന്മാര്‍ മറച്ചുപിടിക്കുന്ന ഈ കൂട്ടക്കുരുതികളെ ഉസ്മാനീ-റഷ്യന്‍-അമേരിക്കന്‍ ചരിത്രരേഖകളുടെ പിന്‍ബലത്തില്‍ പുറത്തുകൊണ്ടുവരുന്ന കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പുസ്തകമാണ് ഡോ. അഹ്മദ് അബ്ദുല്‍ വഹാബ് ശര്‍ഖാനിയുടെ 'തുര്‍ക്കികള്‍ക്കെതിരെ അര്‍മേനിയക്കാരുടെ കൂട്ടക്കൊലകള്‍' (മദാബിഹുല്‍ അര്‍മന്‍ ളിദ്ദല്‍ അത്‌റാക്) എന്ന അറബി പുസ്തകം. കയ്‌റോയിലെ ദാറുല്‍ ബശീര്‍ ആണ് പ്രസാധകര്‍. 1914-1921 കാലങ്ങളില്‍ അര്‍മീനിയന്‍ വംശീയവാദികള്‍ കൊന്നൊടുക്കിയ തുര്‍ക്കി വംശജരുടെ എണ്ണം അഞ്ച് ലക്ഷമാണ്. കൃത്യമായിപ്പറഞ്ഞാല്‍ 5,18,105.
തങ്ങളുടെ കണ്‍മുന്നില്‍ നടന്ന ഈ കൂട്ടക്കൊലകളെക്കുറിച്ച് യൂറോപ്യന്‍ ചരിത്രകാരന്മാര്‍ മനഃപൂര്‍വം നിശ്ശബ്ദത പാലിക്കുകയും, അര്‍മേനിയന്‍ കൂട്ടക്കൊലയെക്കുറിച്ച് ഒച്ചവെച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. യൂറോപ്പില്‍ ഇസ്‌ലാംഭീതി പരത്തുന്നതിന് വലിയൊരളവില്‍ ഇത് കാരണമായിട്ടുണ്ട്. ഉസ്മാനീ മുസ്‌ലിംകളെ വംശീയ ശുദ്ധീകരണം നടത്തിയതിനെപ്പറ്റി പ്രമുഖ അമേരിക്കന്‍ ചരിത്രകാരന്‍ ജസ്റ്റിന്‍ മക്കാര്‍ത്തിയുടെ ഒരു കൃതിയുണ്ട് (Death and Exile: the Ethnic Cleansing of Ottoman Muslims, 1821-1922). അതില്‍ അദ്ദേഹം എഴുതുന്നു: ''അര്‍മേനിയക്കാര്‍ മുസ്‌ലിംകളെ ആക്രമിച്ചതിനെക്കുറിച്ച് അപൂര്‍വം ചില പരാമര്‍ശങ്ങളേ കാണാനുള്ളൂ. പൊലിപ്പിച്ചു പറയുന്നത് മുസ്‌ലിംകള്‍ അര്‍മേനിയക്കാര്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് മാത്രമാണ്. ഇതുവഴി മുസ്‌ലിംകളെ കാടന്മാരും പ്രാകൃതരുമായി ചിത്രീകരിക്കല്‍ എളുപ്പമാകുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് അര്‍മേനിയക്കാര്‍ മുസ്‌ലിംകളെ ആക്രമിച്ചിരുന്നതെന്ന വസ്തുതയും ഇതിനിടയില്‍ വിസ്മരിക്കപ്പെടുന്നു.'' ഒരു നൂറ്റാണ്ട് മുമ്പ് നടന്ന ഒരു സംഭവത്തെപ്പോലും എത്ര വികലമായും ഏകപക്ഷീയമായും മുന്‍വിധിയോടെയുമാണ് യൂറോപ്യന്‍ ചരിത്രകാരന്മാര്‍ സമീപിക്കുന്നത് എന്നതിനുള്ള സാക്ഷ്യപത്രങ്ങളാണ് ഈ രണ്ട് പുസ്തകങ്ങളും.
ക്രൈസ്തവ-ജൂത മൂല്യങ്ങളാണ് യൂറോപ്പിനെ നിര്‍മിച്ചത് എന്ന മറ്റൊരു വലതുപക്ഷ പ്രൊപഗണ്ടയെ ചോദ്യം ചെയ്യുന്ന കൃതിയും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി. പ്രഫ. ഫരീദ് മൊഹീഷ് ആണ് ഗ്രന്ഥകര്‍ത്താവ്. ഖത്തറിലെ അല്‍ജസീറ സെന്ററാണ് പ്രസാധകര്‍. ''ഇസ്‌ലാം, ക്രൈസ്തവ, ജൂത മതങ്ങളുടെയെല്ലാം അടിവേരുകള്‍ ഏഷ്യയിലാണ്. ഇവ മൂന്നും യൂറോപ്പിലേക്ക് എത്തിച്ചേരുകയായിരുന്നു. അതിനാല്‍ തങ്ങളാണ് യൂറോപ്പിനെ നിര്‍മിച്ചത് എന്ന് കുത്തകയവകാശപ്പെടാന്‍ ഈ മൂന്നിലൊരു മതത്തിനും സാധ്യമല്ല. യൂറോപ്പ് അതിന്റെ ചരിത്രത്തിലൊരിക്കലും ഏക സംസ്‌കാരം പിന്തുടര്‍ന്നിരുന്നുമില്ല. എങ്കില്‍ പിന്നെ ആ ഭൂഖണ്ഡത്തെ 'ക്രിസ്ത്യന്‍ യൂറോപ്പ്' എന്ന് പറയാമോ?'' ഇതാണ് 'യൂറോപ്പിന്റെ സ്വത്വനിര്‍മിതിയില്‍ ഇസ്‌ലാമിക മൂല്യങ്ങളുടെ പങ്കാളിത്തം' (അല്‍മുകവ്വനാതുല്‍ ഇസ്‌ലാമിയ്യ ലിഹുവിയ്യത്തി ഔറൂബാ) എന്ന കൃതിയുടെ മുഖ്യപ്രമേയം. ഇസ്‌ലാം യൂറോപ്പിലേക്ക് കടന്നുചെല്ലുമ്പോള്‍ സ്‌കാന്റിനേവിയ, ഉത്തര-മധ്യ-പൗരസ്ത്യ യൂറോപ്പ്, റഷ്യ, ഉക്രെയിന്‍ തുടങ്ങിയ യൂറോപ്പിന്റെ ഒട്ടു മേഖലകളും പലതരം ബഹുദൈവത്വ സംസ്‌കാരങ്ങളുടെ പിടിയിലായിരുന്നു. ക്രി. 711-ല്‍ ആദ്യത്തെ മുസ്‌ലിം ഭരണം യൂറോപ്പില്‍ സ്ഥാപിതമാവുമ്പോള്‍ ലക്ഷണമൊത്ത ഒരൊറ്റ ക്രിസ്ത്യന്‍ രാജ്യവും യൂറോപ്പില്‍ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് ഒരു മതത്തിനും സംസ്‌കാരത്തിനും മാത്രമായി യൂറോപ്പിനെ അവകാശപ്പെടാനാവുക? ഇസ്‌ലാമികസംസ്‌കാരത്തിനും അതിലൊരു നിര്‍ണായക പങ്കുണ്ട്. ആ അന്വേഷണമാണ് ഈ പുസ്തകത്തില്‍.
ബഹുരാഷ്ട്ര മൂലധന ശക്തികളുടെ കൈകളിലേക്ക് ലോകനേതൃത്വം മാറുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുന്ന നോം ചോംസ്‌കിയുടെ Who Rules the World?, യൂറോപ്പിലെത്തുന്ന അഭയാര്‍ഥികളുടെ ദുരിതകഥ പറയുന്ന ഷാര്‍ലട്ട് മക്‌ഡൊണാള്‍ഡിന്റെ ഇമേെ അംമ്യ, തന്റെ അനുഭവങ്ങള്‍ മുന്നില്‍ വെച്ച് അഫ്ഗാന്‍-ഇറാഖ് അധിനിവേശങ്ങള്‍ അമേരിക്കക്ക് ഏല്‍പിച്ച ബഹുമുഖ ആഘാതങ്ങളെ വിശകലനം ചെയ്യുന്ന ജെ. കയേല്‍ വെസ്റ്റേണിന്റെ The Mirror Test, ആധുനികതക്കു മുമ്പുള്ള ഇസ്‌ലാമിക ചരിത്രത്തിന്റെ ഒമ്പത് നൂറ്റാണ്ടുകളില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ മുപ്പതു പേരെക്കുറിച്ച് ചെയ്‌സ് റോബിന്‍സന്‍ എഴുതിയ Islamic Civilization in Thirty LIves പ്രവാചക ചരിത്രത്തെ സമകാലികമായി വായിക്കുന്ന മഹന്നാ ഹബീലിന്റെ അറബി പുസ്തകം 'ഫിക്‌റുസ്സീറ' തുടങ്ങിയ ഒട്ടേറെ കൃതികളുണ്ട് പോയ വര്‍ഷത്തിന്റെ സംഭാവനകളായി.
Comments